കേരളത്തിന് ഇപ്പോള്‍ വേണോ കെ റെയില്‍; ധൃതിയുടെ പിന്നിലെന്ത്?

Parayathe-Vayya
SHARE

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ വികസനമുഖഛായ തന്നെ മാറ്റിയെഴുതുമോ, അതോ ദുരന്തത്തിന്റെ തലവിധി കുറിക്കുമോ? വിവാദം ചോദ്യങ്ങളിലും ഉത്തരങ്ങളിലും വ്യക്തത ഇല്ലാതെയാണോ മുന്നോട്ടു പോകേണ്ടത്? കേരളത്തിന് ഒരു വേഗറെയില്‍ ആവശ്യമാണോ അല്ലയോ എന്ന ചോദ്യത്തിന് നമുക്ക് ആത്മാര്‍ഥമായ, സത്യസന്ധമായ ഒരു മറുപടിയുണ്ടോ? ആ പദ്ധതി കേരളത്തില്‍ എത്ര പേര്‍ക്ക് പ്രയോജനപ്രദമാകും? 50 വര്‍ഷം കഴി‍ഞ്ഞുള്ള കേരളത്തില്‍ ഈ പദ്ധതിയുടെ സാധ്യതയും പ്രസക്തിയും എന്തായിരിക്കും?  

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ പ്രതിഷേധിക്കുന്നവരില്‍ നാട്ടുകാരും കേരളത്തിന്റെ മുഖ്യമന്ത്രിയുമുണ്ടെന്നതാണ് കൗതുകകരം. നാട്ടുകാര്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നു. മുഖ്യമന്ത്രി പദ്ധതിയോട് വേണ്ടത്ര  സ്നേഹം കാണിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു. പദ്ധതി പരിസ്ഥിതി പ്രശ്നമുണ്ടാക്കുമോ എന്നു ചോദിക്കുന്നവരോട് പാര്‍ട്ടി സെക്രട്ടറി പ്രതിഷേധിക്കുന്നു.  

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. എന്നുവച്ചാല്‍ ഇതിനേക്കാള്‍ വലിയൊരു നിര്‍മാണപദ്ധതി കേരളത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. ഇപ്പോള്‍ പോലും പരിഗണനയിലുമില്ല. കേരളത്തിലെ ജനജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കാന്‍ പോന്ന പദ്ധതിയെന്നാണ് ഇടതുസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അത്രയും ചരിത്രനിര്‍മാണപദ്ധതിയെങ്കില്‍ അതിന്റെ ഗുണഭോക്താക്കളാകേണ്ട ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന‍് സര്‍ക്കാരിന് പ്രയാസമുണ്ടാകുമോ?  

532 കിലോമീറ്റര്‍ നീളമുള്ള വേഗറെയില്‍പാതയാണ് സില്‍വര്‍ ലൈന്‍.  അര്‍ധ അതിവേഗ റെയില്‍പാതയെന്നാണ് സര്‍ക്കാര്‍ വിശേഷണം. 

തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ നിന്നു തുടങ്ങി കാസര്‍കോട് അവസാനിക്കും. 11 ജില്ലകളിലൂടെ കടന്നു പോകും. കേരളത്തിനു വേണ്ടി മാത്രമുള്ള പദ്ധതി. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധിപ്പിക്കില്ല. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഇങ്ങനെ. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാന്‍ 16 മണിക്കൂര്‍ വരെ എടുക്കുന്ന അവസ്ഥയാണുള്ളത്. ഇത് മാറേണ്ടതുണ്ട്. അതിനുള്ള ഏറ്റവും വലിയ പരിഹാരമാര്‍ഗ്ഗമാണ് അര്‍ദ്ധ അതിവേഗ റെയില്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെ 4 മണിക്കൂറില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഒരു പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ നമ്മുടെ സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക എന്നതില്‍ ഒരു തര്‍ക്കവുമില്ല.   

രാവിലെ മുതല്‍ വൈകിട്ടു വരെ ഓരോ ഇരുപതു മിനിറ്റിലും ഓരോ ട്രെയിന്‍ ഉണ്ടാകുമെന്നാണ് കെ.റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. 37 ട്രെയിനുകള്‍ അങ്ങോട്ടും 37 ട്രെയിനുകള്‍ ഇങ്ങോട്ടും. കിലോമീറ്ററിന് രണ്ടേമുക്കാല്‍ രൂപയാണ് ഇപ്പോള്‍ കണക്കാക്കുന്ന ടിക്കറ്റ് നിരക്ക്.  

200 കിലോമീറ്റര്‍ വേഗവുമായി വരുന്ന സില്‍വര്‍ ലൈന്‍ കൊച്ചു കേരളത്തിനുള്ളിലെ യാത്രാസമയം നാലിലൊന്നായി ചുരുക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അത് നിസാരമായി അവഗണിക്കാന്‍ കഴിയുന്ന ഒരു കാര്യമാണോ? അതിനു വേണ്ടി കേരളം നഷ്ടപ്പെടുത്തേണ്ടി വരുന്നതെന്തൊക്കെയാണ്? അതിനു വേണ്ടി കൊടുക്കേണ്ടി വരുന്ന വിലയെത്രയാണ്? നഷ്ടവും ലാഭവും തമ്മില്‍  എത്രമാത്രം പൊരുത്തമുണ്ട്?

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുയര്‍ന്നിരിക്കുന്ന ഏറ്റവും വലിയ ആശങ്ക അത് കേരളത്തിന്റെ പരിസ്ഥിതിയില്‍ എന്ത് ആഘാതമുണ്ടാക്കും എന്നതാണ്.   ഒരു പ്രശ്നവുണ്ടാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം തന്നെ അതിന്റെ വിശ്വാസ്യതയെ സംശയത്തിലാക്കുന്നു. കാരണം ഇതുവരെ സില്‍വര്‍ലൈന്‍ പദ്ധതിയുണ്ടാക്കാനിടയുള്ള പാരിസ്ഥിതികാഘാതം സമഗ്രമായി വിലയിരുത്തപ്പെട്ടട്ടില്ല. കഴി​ഞ്ഞ വര്‍ഷം,  വെറും മൂന്നുമാസത്തിനുള്ളില്‍ നടത്തപ്പെട്ട ദ്രുതപാരിസ്ഥിതികാഘാതപഠനം മാത്രമാണ് ഇക്കാര്യത്തില്‍ ആകെയുള്ളത്. അത് നടത്തിയതാകട്ടെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത സി.ഇ.ഡ‍ി എന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള സ്ഥാപനമാണ്. റെയില്‍വേ പ്രോജക്റ്റ് ആയതിനാല്‍ പാരിസ്ഥികാഘാതപഠനം തന്നെ നടത്തേണ്ട ആവശ്യമില്ലെങ്കിലും കെ.റെയില്‍ പ്രതിബദ്ധതയുടെ പേരില്‍ സ്വകാര്യ കണ്‍സോര്‍ഷ്യത്തെ വിശദമായ പഠനത്തിന് നിയോഗിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. പക്ഷേ വിശദമായ പഠനം നടക്കും മുന്‍പും തന്നെ ഇതുകൊണ്ട് ഒരു പരിസ്ഥിതി പ്രശ്നവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും പ്രഖ്യാപനം തുടങ്ങിക്കഴിഞ്ഞു.  

വന്‍പദ്ധതി നടപ്പാക്കുമ്പോള്‍ അടിസ്ഥാനചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തി കേരളത്തിനു മുന്നില്‍ അവതരിപ്പിച്ചു മുന്നോട്ടു പോകുന്നതിനു പകരം മുഖ്യമന്ത്രി കാണിക്കുന്ന ധൃതിയാണ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ന്യായം. സാമൂഹികാഘാതപഠനം നടന്നിട്ടില്ല, നടത്തുമെന്ന് 

പ്രഖ്യാപിച്ചിരിക്കുന്നതു തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖേനയാണ് തുടങ്ങിയ വൈരുധ്യങ്ങളും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ പ്രതിപക്ഷത്തും പ്രതിഷേധപക്ഷത്തും ഉയരുന്ന ചോദ്യങ്ങളിലും വ്യക്തതക്കുറവ് വ്യക്തമാണ്. 

സില്‍വര്‍ലൈന്‍ പദ്ധതിയോട് നേരത്തെ അനുകൂലസമീപനം സ്വീകരിച്ചിരുന്ന കേന്ദ്രം ഇപ്പോള്‍ പെട്ടെന്ന് രാഷ്ട്രീയകാരണങ്ങള്‍ നിലപാട് മാറ്റിയിരിക്കുന്നുവെന്നാണ് കേരളത്തിന്റെ ആരോപണം.  എന്നാല്‍ സാമ്പത്തികബാധ്യത ഏറ്റെടുക്കാനാവില്ലെന്നാണ് കേന്ദ്രം ഒടുവില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. രാജ്യാന്തര ഏജന്‍സികളുടെ വായ്പാബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താനും നിര്‍ദേശിച്ചു. 33,700 കോടിയുടെ വിദേശവായ്പ കേന്ദ്രസര്‍ക്കാര്‍ മുഖേന കണ്ടെത്താനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. സംസ്ഥാനത്തിന് സ്വയം ബാധ്യത ഏറ്റെടുത്തു മുന്നോട്ടു പോകാനാകുമോയെന്ന് പരിശോധിക്കാമെന്നാണ് അന്ന് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടും. പദ്ധതിയുടെ ആകെചെലവ് ഈ കാണിച്ചിരിക്കുന്നതില്‍ നിന്നും ഇരട്ടിയാകുമെന്ന് നിതി ആയോഗ് വിലയിരുത്തിയിട്ടുണ്ട്. പക്ഷേ ആരും പദ്ധതി വേണ്ടെന്നും അനാവശ്യമാണെന്നും തീര്‍ത്തു പറയുന്നില്ല. സ്വീകരിക്കേണ്ട കൃത്യമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കാനും നിര്‍ദേശിക്കുന്നില്ല. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുന്നു. പശ്ചാത്തലസൗകര്യവികസനത്തിനായി വായ്പയെടുക്കാത്ത സംസ്ഥാനങ്ങളില്ല. പശ്ചാത്തലസൗകര്യ വികസനം സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതൊടൊപ്പം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്. സംസ്ഥാനത്തിനുള്ളിലെ യാത്രാസമയം നാലില്‍ ഒന്നായി ചുരുങ്ങുന്നത്, ബിസിനസ്സ്, സാങ്കേതിക- ടൂറിസം മേഖലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമസ്ത മേഖലകളെയും പരിപോഷിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. പരിസ്ഥിതി പഠനം ആവശ്യമില്ലെങ്കിലും നടത്തിക്കഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. അതു പോരായെന്നറിയാവുന്നതുകൊണ്ടാണോ വീണ്ടും വിശദമായ പഠനം നടത്താന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കുന്നുമില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായിക്കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധത്തിലും മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. പക്ഷേ ആ ഉത്തരങ്ങളൊന്നും പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താനോ കേരളത്തിനു മുന്നില്‍ വിശദീകരിക്കാനോ സര്‍ക്കാര്‍ മിനക്കെടുന്നില്ല. പദ്ധതി കടന്നു പോകുന്ന മണ്ഡലങ്ങളിലെ എം.എല്‍.എമാരോട് വിശദീകരിച്ചിട്ടുണ്ടെന്ന് പറ‍ഞ്ഞൊഴിയാനാകില്ല. പരിസ്ഥിതി , സാമൂഹാഘാതം, സാമ്പത്തിക ബാധ്യത, പ്രയോജനസാധ്യത ഇക്കാര്യങ്ങളിലെല്ലാം വിശദമായ സംവാദവും സംശയദൂരീകരണവുമുണ്ടാകണം.  

കേരളത്തിന് അതിവേഗറെയില്‍പാത വേണോ, വേണ്ടേ? കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. പക്ഷേ കേരളത്തിന് അതിവേഗറെയില്‍പാത വേണ്ടെന്ന് അവര്‍ പറയുന്നുമില്ല. മാത്രമല്ല, അതിവേഗറെയില്‍ യു.ഡി.എഫും നടത്താന്‍ ശ്രമിച്ച പദ്ധതിയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രതിപക്ഷം കാണുന്ന പ്രശ്നം നടത്തിപ്പിലെ സുതാര്യയില്ലായ്മയാണ്. കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും പരിസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. മറിച്ച് പദ്ധതിയുടെ സാമ്പത്തികബാധ്യതയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രശ്നം. സംസ്ഥാന ബി.ജെ.പിയുടെ പ്രശ്നം മുഖ്യമന്ത്രിക്ക് നിക്ഷിപ്തതാല്‍പര്യമുണ്ടെന്ന സംശയവും. അപ്പോള്‍ സര്‍ക്കാരിനൊപ്പം തന്നെ പ്രതിപക്ഷവും കേന്ദ്രവും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തിന് സില്‍വര്‍ലൈന്‍ പദ്ധതി ആവശ്യമാണോ? 

കേരളത്തിന് അതിവേഗത്തിലുള്ള ഒരു റെയില്‍ പദ്ധതി വേണോ? വേണ്ട എന്നു നേരിട്ടു പറയാനാരുമില്ല എന്നതാണ് സത്യം. പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം തീര്‍ച്ചയായും പ്രധാന പ്രശ്നമാണ്. അതിന് സര്‍ക്കാരിന്റെ വിശദീകരണം ഒട്ടും തൃപ്തികരവുമല്ല. മുഖ്യമന്ത്രി പറയുന്നതിങ്ങനെ.  റെയില്‍വേ പാതയ്ക്ക് സമാന്തരമായി പാത നിര്‍മ്മിക്കാന്‍ കഴിയുന്ന തിരൂര്‍ -കാസര്‍ഗോഡ് റൂട്ടില്‍ പരമാവധി അതിനു സമാന്തരമായാണ് പുതിയ അലൈന്‍മെന്റ് രൂപകല്പന ചെയ്തിട്ടുള്ളത്. ഇത് ജനങ്ങള്‍ക്കുള്ള അസൗകര്യവും പരിസ്ഥിതി ആഘാതവും ഗണ്യമായി കുറയാന്‍ ഇടയാക്കും. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള അലൈന്‍മെന്റില്‍ നെല്‍വയല്‍ - തണ്ണീര്‍ത്തട പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കി എലിവേറ്റഡ് പാതയാണ് ഉദ്ദേശിക്കുന്നത് 115 കി.മി. പാടശേഖരങ്ങളില്‍ 88 കി.മി. ആകാശപാതയിലൂടെയാണ് കടന്നുപോകുന്നത്. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ പാലങ്ങളും കല്‍വെര്‍ട്ടുകളും ഇതിനായി നിര്‍മ്മിക്കുന്നതാണ്. അതായത് 2018 മുതല്‍ ആറു മാസവും പ്രളയഭീഷണിയില്‍ പേടിച്ചു നില്‍ക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു നിര്‍മാണം നടക്കുമ്പോള്‍ കാണേണ്ട ഗൗരവത്തില്‍ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം വിലയിരുത്തിയിട്ടില്ല. ഇനി അത് പഠനത്തിലൂടെ കണ്ടെത്തിയ ശേഷം സ്ഥലമെടുപ്പാകാമെന്ന് സര്‍ക്കാര്‍ കാത്തുനില്‍ക്കുന്നുമില്ല. അതായത് ഉത്തരം ഉറപ്പിച്ച ശേഷം നടക്കുന്ന പഠനമാണ് പരിസ്ഥിതിയുടെ കാര്യത്തില്‍ നടക്കാന്‍ പോകുന്നത്.  

എന്നാല്‍ യു.ഡി.എഫിന്റെ നിലപാട് സ്പീഡ് റെയില്‍ പദ്ധതി വേണ്ടെന്നാണോ. ഒരിക്കലുമല്ല. കേരളത്തിലെ വാഹനസാന്ദ്രതയും റോഡ് വികസനത്തിന്റെ പരിമിതികളും യു.ഡി.എഫിനും ബി.ജെ.പിക്കും നല്ല ബോധ്യമുണ്ട്. വി.എസ്.സര്‍ക്കാരിന്റെ കാലത്ത് ആലോചന തുടങ്ങിയ ഹൈസ്പീഡ് റെയില്‍ പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചതുമാണ്. ആ ഹൈസ്പീഡാണ് പ്രായോഗികമല്ലെന്നു കണ്ട് ഇപ്പോള്‍ സെമി ഹൈസ്പീഡായി പിണറായി സര്‍ക്കാര്‍ കല്ലിട്ടു തുടങ്ങിയിരിക്കുന്നത്.  ഒരു പഠനവും ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രം ലക്ഷ്യമിട്ടാണ് സില്‍വര്‍ ലൈന്‍ കൊണ്ടുവരുന്നതെന്നാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ ആക്ഷേപം. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാനസര്‍ക്കാര്‍ ലക്ഷക്കണക്കിന് കോടികള്‍ വിദേശസഹായം വാങ്ങുന്നതെങ്ങനെയെന്നും ബി.ജെ.പി ആശങ്കപ്പെടുന്നു. കേന്ദ്രം അനുമതി കൊടുക്കരുതെന്നും ആവശ്യമുണ്ട്.   

പക്ഷേ കേന്ദ്രസര്‍ക്കാരിന് പദ്ധതിയോട് പൂര്‍ണമായും വിയോജിപ്പുള്ളതായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചുരുക്കത്തില്‍ പറ‍ഞ്ഞാല്‍ എതിര്‍ക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട് എന്നതാണ് സില്‍വര്‍ ലൈന്റെ കാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷപാര്‍ട്ടികളുടെ നിലപാട്. എന്നാല്‍ കേരളത്തിന്റെ പൊതുവായ ചോദ്യങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. രാഷ്ട്രീയപ്രസംഗങ്ങളും ഏകപക്ഷീയ പ്രഖ്യാപനങ്ങളുമല്ലാതെ തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാവേണ്ട ചോദ്യങ്ങള്‍ ഇനിയുമുണ്ട്. സര്‍ക്കാര്‍ നാടിന്റെ നന്‍മയ്ക്കല്ലാതെ എന്തെങ്കിലും വികസനപദ്ധതികള്‍ കൊണ്ടുവരുമോ എന്ന നിഷ്കളങ്കത അങ്ങനെയേങ്ങ് ദഹിക്കില്ല. കാരണം വീണ്ടുവിചാരമില്ലാതെയുണ്ടാക്കിയ മേല്‍പ്പാലങ്ങള്‍ മുകളിലൂടെയും ഗതാഗതക്കുരുക്കില്‍ വലയുന്ന ജനങ്ങള്‍ താഴെയുമായി വലയുന്ന ചിത്രം കേരളത്തിലെ വികസനചരിത്രത്തില്‍ ധാരാളമുണ്ട്.  

ഇനി പറയുന്ന ചോദ്യങ്ങളില്‍ തുടങ്ങുന്ന വിശാലമായ സംവാദത്തിന് സര്‍ക്കാര്‍ തയാറാകണം.  സില്‍വര്‍ ലൈന്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീളുന്ന ഏറ്റവും വലിയ നിര്‍മാണപദ്ധതിയാണ്. ഈ പദ്ധതി ചെലവഴിക്കുന്ന ഊര്‍ജത്തിനും പണത്തിനും സമയത്തിനും ആനുപാതികമായി പ്രയോജനക്ഷമമാണോ? ഇത് ഭാവിയുടെ പദ്ധതിയായി എങ്ങനെ കണക്കാക്കും?  

സില്‍വര്‍ ലൈന്‍ ഇലക്ട്രിക് ലൈനാണ് എന്നതു കൊണ്ട് പരിസ്ഥിതി സൗഹൃദമാണ് എന്ന് സര്‍ക്കാര്‍ വാദിക്കുന്നു. സില്‍വര്‍ ലൈന്‍ വരുന്നതോടു കൂടി നിരത്തുകളില്‍ നിന്നു പിന്‍വാങ്ങുന്ന വാഹനങ്ങള്‍, അതുകൊണ്ട് കാര്‍ബര്‍ ബഹിര്‍ഗമനത്തിലും ഇന്ധനഉപഭോഗത്തിലുമുണ്ടാകുന്ന കുറവുകള്‍ ഇതെല്ലാം  ശാസ്ത്രീയമായി കണക്കാക്കാവുന്നതും വ്യക്തതയോടെ ഗുണദോഷങ്ങള്‍ വിലയിരുത്താവുന്നതുമാണോ?

നേരിട്ട് ഇരയാകുന്നവരുടെ മാത്രമല്ല,  ആ പ്രദേശത്തെ ആകെ സാമൂഹ്യമായി എങ്ങനെ ബാധിക്കും? പദ്ധതിയുടെ വിശദമായ പദ്ധതി രേഖ പുറത്തുവിടാത്തത് എന്തുകൊണ്ടാണ്? സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പദ്ധതി മുന്നോട്ടു പോകണോ എന്നു തീരുമാനിക്കേണ്ടത് സുതാര്യമായ പദ്ധതി രേഖ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലല്ലേ? കേരളത്തിലെ പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും അതില്‍ പങ്കാളിത്തമുണ്ടാകേണ്ടേ? ഏറ്റവും സുപ്രധാനപദ്ധതിയുടെ പദ്ധതിരേഖ പുറത്തു വിടാതിരിക്കാന്‍ എന്തു ന്യായമാണ് നിലനില്‍ക്കുക?

പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ റെയില്‍വേ ബോര്‍ഡിന്റെ സാങ്കേതിക അനുമതി‌യോ  ലഭിക്കും മുന്‍പ് ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയിരിക്കുന്നതിന്റെ കാരണമെന്താണ്? പ്രതിഷേധിക്കുന്ന ജനങ്ങളെ എങ്ങനെ കുറ്റപ്പെടുത്തും? സാമ്പത്തികച്ചെലവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന കണക്ക് വിശ്വസനീയമാണോ? മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് 63,941 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി എന്നാണ്. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം ചെലവായേക്കുമെന്ന് നിതി ആയോഗ് തന്നെ വിലയിരുത്തിയതാണ്. കെ.റെയില്‍ അവകാശപ്പെടുന്നതു പോലെ 5 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ വിദൂരസാധ്യത പോലുമില്ലെന്നും അതിനനുസരിച്ച് പദ്ധതിച്ചെലവ് ഇരട്ടിക്കുമെന്നും ഇ.ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നതിന് വസ്തുതാപരമായ മറുപടി എന്താണ്? അനുബന്ധ പദ്ധതികളുടെയും നിര്‍മാണങ്ങളുടെയും ചെലവിന്റെ കാര്യത്തില്‍ വ്യക്തതയില്ലാത്തതെന്താണ്?

പ്രാദേശികമായ പ്രതിരോധങ്ങളിലൂടെയേ കാലാവസ്ഥാദുരന്തങ്ങളെ ചെറുക്കാനാകൂ എന്ന് ശാസ്ത്രം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുമ്പോള്‍ പ്രളയഭീഷണിയിലേക്ക് വീണിരിക്കുന്ന കേരളത്തിന് എല്ലാ ആശങ്കകളും മാറ്റിവച്ചു മുന്നോട്ടു പോകാന്‍ മാത്രം മേന്‍മ ഈ പദ്ധതിക്കുണ്ടോ? ഈ പദ്ധതിക്കു വേണ്ടി കേരളത്തിന്റെ പരിസ്ഥിതിയും സമൂഹവും മനുഷ്യരും സഹിക്കേണ്ടി വരുന്ന നഷ്ടങ്ങളേക്കാള്‍ ഗുണം ഈ പദ്ധതിയില്‍ നിന്നു കേരളത്തിനു ലഭിക്കുമോ?

അര്‍ധഅതിവേഗപാതയേ കേരളത്തിനു പറ്റൂ, അതിവേഗപാത സാധ്യമല്ല എന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതേ നിര്‍മാണവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഹൈസ്പീഡ് റെയില്‍ തന്നെ പരിഗണിക്കാവുന്നതാണ് എന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ?  ഈ ചോദ്യങ്ങളെല്ലാം വസ്തുതാപരമായ ഉത്തരങ്ങള്‍ അര്‍ഹിക്കുന്നു. കേരളത്തിന്റെ യാത്രകള്‍ക്ക് വേഗം കൂടണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  വേഗം ത്രസിപ്പിക്കും, പക്ഷേ അത് മരണത്തിലെത്തിക്കും എന്ന മുന്നറിയിപ്പ് വെറുതെയല്ലല്ലോ. കാല്‍പനികമെന്നോ തീവ്രപരിസ്ഥിതിവാദമെന്നോ വികസനവിരുദ്ധതരുടെ എതിര്‍പ്പെന്നോ തള്ളിക്കളയാവുന്ന ചോദ്യങ്ങളല്ല, വസ്തുതാപരമായ വിശദീകരണത്തില്‍ മാത്രമേ ആ ചോദ്യങ്ങള്‍ക്ക് അവസാനമുണ്ടാകൂ. പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന വേഗം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം സുതാര്യമായി അവതരിപ്പിക്കുന്നതിലും കാണിച്ചേ പറ്റൂ. 

MORE IN PARAYATHE VAYYA
SHOW MORE