ഓണ്‍ലൈനില്‍ പൊലിയുന്ന ജീവന്‍; കരുതണം രക്ഷിതാക്കള്‍; വേണം മാസ്റ്റര്‍പ്ലാന്‍

Parayathe-Vayya-online-game
SHARE

ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട് കുട്ടികളുടെ ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഗൗരവമായി കണ്ടേ തീരൂവെന്ന് ഓര്‍മിപ്പിക്കുന്ന രണ്ടു ദാരുണസംഭവങ്ങള്‍ കൂടി കേരളത്തിനു മുന്നിലെത്തിയിരിക്കുന്നു. ഈ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു കുരുന്നുകളുടെ കൂടി ജീവന്‍ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനില്‍ നഷ്ടപ്പെട്ടു. ഗൗരവമായി കാണുന്നുവെന്നു സര്‍ക്കാര്‍ പറയുമ്പോഴും കൂടുതല്‍ ബോധവല്‍ക്കരണവും പ്രതിരോധവും ആവശ്യമാണെന്ന് വ്യക്തമാണ്. കുട്ടികള്‍ എങ്ങനെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാകുന്നത്? അങ്ങനെ സംഭവിച്ചുപോയാല്‍ എങ്ങനെ അവരെ രക്ഷപ്പെടുത്താം? മുതിര്‍ന്നവരില്‍ പോലും ഗെയിം അഡിക്ഷന്‍ ആയാല്‍ എന്താണ് പ്രതിരോധം? 

ശാസ്ത്രീയനിര്‍ദേശങ്ങള്‍ സഹായകരമായേക്കാം. ഓണ്‍ലൈന്‍ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൂടി ഈയാഴ്ച ജീവനൊടുക്കി. ഓണ്‍ലൈന്‍ ഗെയിം കളിച്ചു കളിച്ച് കൂടുതല്‍ പണം നഷ്ടപ്പെട്ട മാനസികസമ്മര്‍ദം താങ്ങാനാകാതെ വന്നതോടെയാണ്  ഈ വിദ്യാര്‍ഥികള്‍ ജീവിതം തന്നെ ഉപേക്ഷിച്ചു കള‍ഞ്ഞത്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് വിശദമായ ചിത്രം കേരളത്തിനു മുന്നിലുണ്ട്. ഗൗരവമായി എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചെങ്കിലും ബോധവല്‍ക്കരണം പോലും അനിവാര്യമായ രീതിയിലേക്കെത്തിയിട്ടില്ല.  ഇരകളാകുന്ന കുട്ടികളേക്കാള്‍ രക്ഷിതാക്കളാണ് ബോധവല്‍ക്കരിക്കപ്പെടേണ്ടത് എന്നതാണ് വസ്തുത. അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്താല്‍ മാത്രമേ കുട്ടികളെ മാനസിക അടിമത്തത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിക്കാനാകൂ. 

‌‌‌2021ലെ ദേശീയ വിദ്യാഭ്യാസ സര്‍വെ അനുസരിച്ച് കേരളത്തില്‍ ഗ്രാമീണ മേഖലയിലെ 91 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഒാണ്‍ലൈന്‍വിദ്യാഭ്യാസം നല്‍കാനായെന്നാണ് ഏറ്റവുമൊടുവില്‍പുറത്തു വന്നിരിക്കുന്ന കണക്ക്. രാജ്യത്ത് 24.2 ശതമാനം കുട്ടികള്‍ക്കെ  ഒാണ്‍ലൈന്‍പഠനം സാധ്യമായുള്ളൂ. സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് കേരളത്തിന് മികച്ച നേട്ടം കൈവരിക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  തന്നെയാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതിനര്‍ഥം കേരളത്തില്‍ 90 ശതമാനത്തിലേറെ കുട്ടികള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാണ് എന്നുകൂടിയാണ്. അതൊരു യാഥാര്‍ഥ്യമാണ്. വളരെ ചുരുക്കം ചില കേസുകളില്‍ ദുരുപയോഗം നടന്നതുകൊണ്ട് ഈ ഓണ്‍ലൈന്‍ യുഗത്തില്‍ നിന്ന് ഒരു പിന്നോട്ടു പോക്ക് സാധ്യമല്ല എന്ന് നമുക്കെല്ലാമറിയാം. വിശാലമായ ഓണ്‍ലൈന്‍ ലോകത്ത് കുട്ടികള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ എന്താണ് വഴി? കുട്ടികളിലെ ഗെയിം അഡ‍ിക്ഷന്‍ എങ്ങനെ തിരിച്ചറിയാം? രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ട കാര്യങ്ങള്‍ എന്താണ്?

ഗെയിം അഡിക്ഷന്‍ ജീവനെടുക്കുന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ഗെയിം സപ്പോര്‍ട്ട് ചെയ്യുന്നവരുടെ ഭാഗത്തു നിന്ന് സംഘടിതമായ പ്രതിഷേധമുണ്ടായി. എല്ലാ തരം ഗെയിമുകളും അപകടകരമാണെന്ന് ആരെങ്കിലും പറയുന്നുണ്ടോ?എന്നാല്‍ അപകടരമായ ഗെയിമിങ് വേര്‍തിരിച്ചറിയാന്‍ എന്തെങ്കിലും പ്രായോഗികസാധ്യത മുന്നിലുണ്ടോ?  

എല്ലാത്തരം കളികളെയും പോലെ ഓണ്‍ലൈന്‍ ഗെയിമുകളും കുട്ടികളില്‍ ഗുണപരമായ സ്വാധീനവുമുണ്ടാക്കും. ബുദ്ധിവികാസം, നേതൃശേഷി, വ്യക്തിത്വവികസനം, ഭാഷാസ്വാധീനം തുടങ്ങി പല ഗുണങ്ങളും ആരോഗ്യകരമായ ഗെയിമിങില്‍ നിന്നുണ്ടാകുന്നുണ്ട്. പക്ഷേ മാനസികമായ അടിമതത്തിലെത്തിക്കുന്ന ഗെയിമുകളും നിരവധിയാണ്. ഇത് കുട്ടികളുടെ ശരിയായ വ്യക്തിത്വവികാസതത്തെ തന്നെ തകരാറിലാക്കും. സര്‍വൈവല്‍ ഗെയിമുകളാണ് കുട്ടികളില്‍ മാനസിക വ്യതിയാനമുണ്ടാക്കി അടിമപ്പെടുത്തത്. ഉദാഹരണം പബ്ജി, ഫ്രീ ഫയര്‍ പോലെയുള്ള ഗെയിമുകള്‍.  ഫ്രീ ഫയര്‍ നോക്കുക. ഒരു ദ്വീപിലേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നവര്‍.  യുദ്ധഭൂമിലേക്ക് ഇറങ്ങുന്ന ഇവര്‍ ആയുധങ്ങള്‍ തേടുന്നു. പിന്നീട് ഈ ആയുധങ്ങളുമായി പരസ്പരം പോരാടുന്നു. 2019 ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഈ ഗെയിമിനുള്ളത്. പബ്ജിയുടെ നിരോധനത്തോടെ കളം പിടിച്ച ഫ്രീ ഫയറാണ് ഇപ്പോള്‍ അരങ്ങ് വാഴുന്നത്.

എന്നാല്‍ നേരംപോക്ക് എന്നതിനപ്പുറത്തേക്ക് മുഴുവന്‍ സമയവും ഗെയിമിലാകുന്നതോടെയാണ് അപായം തുടങ്ങുന്നത്. കുട്ടികള്‍ പക്ഷേ ഇത് അപകടമായി സ്വയം തിരിച്ചറിയുന്നില്ല. അഡിക്ഷനില്‍ പെട്ടിരിക്കുന്നിടത്തോളം കുട്ടികള്‍ക്ക് സ്വയം സഹായം തേടേണ്ട ആവശ്യകത മനസിലാവുകയുമില്ല. പലപ്പോഴും അപകടത്തിലെത്തും വരെ രക്ഷിതാക്കള്‍ ഇക്കാര്യം അറിയുന്നതേയില്ല. 

ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഗെയിമിങിന് അടിമപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അഡിക്ഷന്‍ തിരിച്ചറിയേണ്ടത് കുടുംബത്തില്‍ തന്നെയാണ്. തിരിച്ചറിഞ്ഞാല്‍ ശാസ്ത്രീയമായ പരിഹാരം തേടാന്‍ മടിക്കുകയുമരുത്. 

പൊലീസിന്റെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡീ അഡ‍ിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. റെയ്ഞ്ച് തലത്തില്‍ തുടങ്ങി ജില്ലാതലത്തിലേക്കു വ്യാപിപ്പിക്കാനാണ് ആലോചന. പക്ഷേ മാസങ്ങള്‍ക്കു മുന്നേയും സമാനമായ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. അനിവാര്യമായ വേഗമാര്‍ജിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്കു കഴിയുന്നില്ലെന്നൊരു പ്രശ്നമുണ്ട്. കുട്ടികള്‍ക്ക് പുതിയ കാലത്തിന്റെ വേഗമുണ്ട്. അവര്‍ ചെന്നുപെടുന്ന ചതിക്കുഴികള്‍ക്കും അതേ വേഗമുണ്ട്. അതുകൊണ്ട് പ്രതിരോധത്തിനും അതിവേഗം ആര്‍ജിക്കാനാകണം. 

സ്കൂള്‍ കൗണ്‍സലിങ്ങുകളില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നതും ആലോചിക്കേണ്ടതാണ്. സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ വിദ്യാര്‍ഥികളുടെ മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനായി ചിരി എന്ന പേരില്‍ ഒരു ഹെല്‍പ്‍ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടു പോകുന്ന വിദ്യാര്‍ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും 9497900200 എന്ന നമ്പരിലേക്ക് വിളിക്കാം. ഏതു പ്രശ്നവും തുറന്നു പറയാം. അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ പറയാം. കുട്ടികള്‍ക്കു മാത്രമല്ല രക്ഷിതാക്കള്‍ക്കും വിളിക്കാം. ശാസ്ത്രീയപരിശീലനം ലഭിച്ചവര്‍ ഫോണിലൂടെ തന്നെ പരിഹാരനിര്‍ദേശങ്ങള്‍ തിരികെ നല്‍കും. ഒപ്പം കൂടുതല്‍ പിന്തുണയോ ചികില്‍സയോ ആവശ്യമാണെങ്കില്‍ അതിനുള്ള മാര്‍ഗവും ഈ ടീം തന്നെ അന്വേഷിച്ചു കണ്ടെത്തും. 

ഡിജിറ്റല്‍ അഡിക്ഷന് അടിപ്പെടും വരെ ഇത് എനിക്കോ എന്റെ വീട്ടിലോ സംഭവിക്കില്ല എന്നാണ് നമ്മളോരോരുത്തരും കരുതുന്നത്. കുട്ടികളിലേക്ക് തന്നെ ചൂണ്ടുവിരല്‍ ഉയര്‍ത്തേണ്ട. സ്വയം ശാസ്ത്രീയമായി ഒന്നു വിലയിരുത്തിയാല്‍ നമ്മള്‍ ഓരോരുത്തരും ഇതേ അഡിക്ഷന്‍ ഉള്ളവരാണോ എന്നറിയാം. കുട്ടികള്‍ക്ക് സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞേക്കില്ല എന്നിടത്താണ് മുതിര്‍ന്നവരുടെ സഹായം ആവശ്യമാകുന്നത്. പൂട്ടിയിട്ട് നിരീക്ഷിക്കണമെന്നല്ല, മാനസികാരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളിലേക്കു പോകാതെ കുട്ടികളെ പിന്തുണയ്ക്കുകയാണ് വേണ്ടത്. 

പാരന്റല്‍ കണ്‍ട്രോള്‍ ആപ്പുകള്‍ ഒട്ടേറെ ഇപ്പോള്‍ ഫലപ്രദമായ രൂപത്തില്‍ ലഭ്യമാണ്. അതുപയോഗിച്ചും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാം. 

ഒപ്പം നല്ല ഇന്റര്‍നെറ്റ് സംസ്കാരം എന്താണെന്നാണ് കുട്ടികളോടു പറഞ്ഞു കൊടുക്കാനാകുക? എങ്ങനെ പരിശീലിപ്പിക്കാം? നമുക്ക് എങ്ങനെ സ്വയം പരിശീലിക്കാം?

ഏറ്റവും വേഗത്തില്‍ കാലത്തോടും ലോകത്തോടും പൊരുത്തപ്പെടുന്നവരാണ് കുഞ്ഞുങ്ങള്‍. അതേ വേഗമെത്തിയില്ലെങ്കിലും സ്വയം അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കാന്‍ രക്ഷിതാക്കളും നിര്‍ബന്ധിക്കപ്പെടുന്ന ഒരു സമ്മര്‍ദം  ഈ കാലം നല്‍കുന്നുണ്ട്. കുട്ടികളുടെ ജീവനും വ്യക്തിത്വത്തിനും ഭീഷണിയാകുന്നതൊന്നും അവരെ കീഴ്പ്പെടുത്താതിരിക്കാന്‍ ശാസ്ത്രീയമായ അവബോധവും രക്ഷിതാക്കള്‍ ആര്‍ജിക്കണം. ഓണ്‍ലൈന്‍ ഫലപ്രദമായും ക്രിയാത്മകമായും ഉപയോഗിപ്പെടുത്താന്‍ പരിശീലിക്കുകയും വേണം. ഇതിനെല്ലാമപ്പുറം കോവിഡ് ഓണ്‍ലൈനിലേക്കു ചുരുക്കിയ ജീവിതത്തെ ഓഫ്‍ലൈനിലേക്കു തിരിച്ചുകൊണ്ടുവരികയെന്നതും പ്രധാനമാണ്. ഓണ്‍ലൈനിലായാലും ഓഫലൈനായാലും ജീവിതത്തില്‍ സമഗ്രമായ സന്തോഷം കണ്ടെത്താന്‍ കുട്ടികളും പഠിക്കട്ടെ. 

MORE IN PARAYATHE VAYYA
SHOW MORE