വാക്സീന്‍ സ്വീകരിക്കില്ല എന്നു പറയാന്‍ നമുക്ക് അവകാശമുണ്ടോ? അറിയേണ്ടത്

Parayathe-Vayya-Vaccin
SHARE

കോവിഡ് വാക്സീന്‍ സ്വീകരിക്കില്ല എന്ന് നിലപാടെടുക്കാന്‍ നമുക്ക് അവകാശമുണ്ടോ? വാക്സീനോടു മുഖം തിരിക്കാമോ? കോവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുമോ? വാക്സീന്‍ സ്വീകരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ അവകാശമായിരിക്കുമ്പോള്‍ തന്നെ നിലവിലെ ലോകസാഹചര്യത്തില്‍ വാക്സീന്‍ സ്വീകരിക്കില്ല എന്ന് പറയാന്‍ നമുക്ക് അവകാശമുണ്ടോ? നിയമം പറയുന്നതാണോ മനഃസാക്ഷി പറയുന്നതാണോ ഇക്കാര്യത്തില്‍ നമ്മള്‍ പിന്തുടരേണ്ടത്?  

കോവിഡ് ഇതാ ഇപ്പോള്‍ പോകുമെന്ന് നമ്മള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷത്തിലേറെയായി. ഇപ്പോഴും കടന്നു പോയി എന്നു നെടുവീര്‍പ്പിടുമ്പോഴേക്കും വീണ്ടും ലോകം കറങ്ങി മടങ്ങി വരുന്നു കോവിഡ്. കോവിഡ് ഒന്നടങ്ങുന്നുവെന്നു കരുതുന്ന ലോകരാജ്യങ്ങളില്‍ നിന്നു പോലും നല്ല വാര്‍ത്തകളല്ല വീണ്ടും വരുന്നത്. മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുങ്ങുന്നു ലോകം. രണ്ടാം തരംഗം അവസാനിക്കാന്‍ കാത്തിരിക്കുന്നു രാജ്യവും കേരളവും. ഇതിനിടയിലും കൊവിഡിനോടുള്ള പോരാട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ മനുഷ്യരാശിക്കു ശാസ്ത്രം നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് വാക്സീന്‍. പരിമിതികള്‍ക്കിടയിലും വാക്സീന്‍  കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനു മുന്നില്‍ പോലും വളരെ ഫലപ്രദമാണെന്നു ലോകത്താകെയുള്ള പഠനങ്ങള്‍ അടിവരയിടുന്നു. രോഗം ഗുരുതരമാകുന്നതു തടയാനും മരണനിരക്ക് പിടിച്ചു നിര്‍ത്താനും വാക്സീന്‍ വളരെയധികം ഫലപ്രദമാണെന്ന് അനുഭവം തെളിയിക്കുന്നു. ഓരോ വാക്സീനും കോവിഡ് വകഭേദത്തോടുള്ള പ്രതിരോധശേഷിയില്‍ ഏറ്റക്കുറച്ചിലുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോവിഡിനെ തടുക്കാന്‍ മനുഷ്യനു മുന്നിലുള്ള ഏറ്റവും വലിയ സാധ്യത വാക്സീന്‍ തന്നെയാണ്. വാക്സീന്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചവരുണ്ട്. വളരെ ചെറിയൊരു ശതമാനം പേര്‍ മരണത്തിനു പോലും കീഴടങ്ങിയിട്ടുണ്ട്. പക്ഷേ ഇത്തരം ഒറ്റപ്പെട്ട കേസുകളേക്കാള്‍ വിശാലമായ സംരക്ഷണം കോവിഡില്‍ നിന്ന് വാക്സീന്‍ ഉറപ്പു നല്‍കുന്നുണ്ടെന്ന് ലോകത്തിന്റെ അനുഭവസാക്ഷ്യം. 

കോവിഡ് സ്വയമേവ പിന്‍വാങ്ങില്ലെന്ന് ഏറെക്കുറെ നമ്മള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. അപ്പോള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങാന്‍ ലോകത്തിനു പ്രത്യാശ നല്‍കുന്ന മാര്‍ഗം വാക്സീനാണ്. ഇന്ത്യയില്‍ വാക്സീന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. പക്ഷേ എല്ലാവരും വാക്സീന്‍ സ്വീകരിക്കണമെന്നാണ് ഭരണകൂടത്തിന്റെ അഭ്യര്‍ഥന. വാക്സിനേഷനില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ പോലും ലക്ഷക്കണക്കിനാളുകള്‍ വാക്സീന്‍ സ്വീകരിക്കാന്‍ തയാറല്ലെന്ന് നിലപാടെടുക്കുന്നുണ്ട്. ഇത് ശരിയാണോ? വാക്സീന്‍ സ്വീകരിക്കില്ലെന്ന് നിലപാടെടുക്കാന്‍ നമുക്ക് അവകാശമുണ്ടോ? 

വാക്സീന്‍ സ്വീകരിച്ചിരിക്കണമെന്ന് കര്‍ശനമായി നിഷ്കര്‍ഷിച്ചിരിക്കുന്ന രാജ്യങ്ങളുണ്ട്. എന്നുവച്ചാല്‍ ബലമായി വാക്സീന്‍ നല്‍കുകയല്ല, പകരം വാക്സീന്‍ സ്വീകരിച്ചവര്‍ക്കു മാത്രമേ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാനാകൂ എന്ന നിബന്ധന സ്വീകരിക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ വാക്സീന്‍ എടുത്തവര‍്ക്കു മാത്രമായി പരിമിതപ്പെടുത്തുക,  പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ മാര്‍ഗങ്ങളാണ് പൊതുവില്‍ രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഇറ്റലി, ഇംഗ്ലണ്ട്,  ഫ്രാന്‍സ് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും വാക്സീന്‍ സ്വീകരിച്ചിരിക്കണമെന്ന് നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൗദിഅറേബ്യയില്‍ എല്ലാവര്‍ക്കും വാക്സീന്‍ നിര്‍ബന്ധമാണ്. നമ്മുടെ രാജ്യത്ത് വാക്സീന്‍ നിര്‍ബന്ധമാക്കുകയല്ല, എല്ലാവരും വാക്സീന്‍ സ്വീകരിക്കണമെന്നഭ്യര്‍ഥിക്കുകകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ചില സംസ്ഥാനങ്ങള്‍ പൊതുസ്ഥലത്ത് ഇടപെടാനും ജോലി ചെയ്യാനും വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ വാക്സീന്‍ എടുക്കാന്‍ തയാറാവുന്നവര്‍ക്കു പോലും 

വാക്സീന്‍ ലഭ്യത ഉറപ്പുവരുത്താനാകാത്ത സാഹചര്യത്തില്‍ വാക്സീന്‍ മാനദണ്ഡമാക്കുന്നത് ശരിയല്ല. എന്നാല്‍ വാക്സീന്‍ സ്വീകരിക്കാവുന്ന അവസ്ഥയുണ്ടായിട്ടും തയാറാകാത്ത ലക്ഷക്കണക്കിനാളുകള്‍ കേരളത്തില്‍ പോലുമുണ്ട് എന്നാണ് മുഖ്യമന്ത്രി കഴി‍ഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.  

വാക്സീന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധിക്കാനാകുമോ എന്ന ചോദ്യം പരിഗണനയില്‍ വന്ന കോടതികളില്‍ നിന്നു പോലും ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിട്ടില്ല. മേഘാലയയിലെയും തമിഴ്നാട്ടിലെയും ഹൈക്കോടതികള്‍ ഈ ആവശ്യമുന്നയിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പോലും പരസ്പരവിരുദ്ധമായ നിലപാടാണെടുത്തത്.  ഭരണഘടന വളരെ സുവ്യക്തമായ അവകാശങ്ങള്‍ ഉറപ്പു വരുത്തിയിരിക്കുന്ന രാജ്യത്ത് വാക്സീന്‍ അടിച്ചേല്‍പിക്കാനാകില്ലെന്ന് മേഘാലയ കോടതി നിലപാടെടുത്തപ്പോള്‍ സാമൂഹികാരോഗ്യത്തെയും കുറച്ചു കാണാനാകില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവില്‍ കോവിഡ് വാക്സീന്‍ സ്വീകരിക്കണോ എന്നത് പൗരന്റെ സ്വാതന്ത്ര്യമാണ്. പക്ഷേ കോവിഡിന്റെ കാര്യത്തില്‍ നിയമത്തിന്റെ സാധ്യതകള്‍  ചികയുന്നതിനേക്കാള്‍ ഉത്തരവാദിത്തം അവനവനോടും സമൂഹത്തോടും ഒരോ മനുഷ്യനുമുണ്ട്.  

മനുഷ്യനായി നിലനില്‍ക്കാനും ആരാലും ഉപദ്രവിക്കപ്പെടാതിരിക്കാനുമുള്ള ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെയാണ് പൊതുവില്‍ മനുഷ്യാവകാശം എന്നു വിശേഷിപ്പിക്കുന്നത്.  രാജ്യത്തെ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ് പൗരാവകാശം. വാക്സീന്‍ സ്വീകരിക്കുകയെന്നത് സത്യത്തില്‍ ഇതു രണ്ടുമായും കൂട്ടിച്ചേര്‍ത്തല്ല വായിക്കപ്പെടേണ്ടത്. കൂടുതല്‍ വിശാലമായ സാമൂഹ്യഉത്തരവാദിത്തമാണത്. നിയമം നിര്‍ബന്ധിക്കുന്നില്ലല്ലോ എന്നു ന്യായീകരിക്കുന്നതിനേക്കാള്‍ മഹത്തരമാണ് സമൂഹത്തിന്റെ സുരക്ഷയില്‍ പങ്കാളിയാകും എന്ന സാമൂഹ്യബോധം. കോവിഡിന്റെ കാര്യത്തില്‍ നമ്മളേറ്റുവാങ്ങുന്ന ഓരോ സൂചിക്കുത്തും സഹജീവികളോടുള്ള കരുതല്‍ കൂടിയാണ്.  

അപ്പോള്‍ ലോകമാകെ ചാക്രികവ്യാപനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കുകയെന്നതാണ് മനുഷ്യാവകാശം. വാക്സീന്‍ നല്‍കി അതുറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തവുമാണ്. അതേസമയം ഒരാള്‍ വാക്സീന്‍ സ്വീകരിക്കാതിരിക്കുന്നത് അയാള്‍ ഇടപെടുന്ന മറ്റുള്ളവരെയെല്ലാം അപായത്തിലാക്കുന്നതാണ്. ആ ആള്‍ക്കു ചുറ്റുമുള്ള മനുഷ്യരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ഒരാളുടെ തീരുമാനം മറ്റുള്ളവരുടെ ആരോഗ്യത്തെയോ ജീവനെയോ ബാധിക്കുന്നുവെങ്കില്‍ അത് ആ വ്യക്തിയുടെ മനുഷ്യാവകാശമായി ചുരുക്കാനാകില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അലര്‍ജി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കോ മറ്റു ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കോ വാക്സീന്‍ സ്വീകരിക്കുന്നതില്‍ പരിമിതികള്‍ ഉണ്ടായേക്കാം. പക്ഷേ അത്തരം കേസുകളില്‍ പോലും അലര്‍ജി എന്ന പ്രശ്നത്തിന്റെ പേരില്‍ മാത്രം വാക്സീനുകളില്‍ നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ വാക്സീനിലെ രാസമിശ്രിതവും വ്യക്തിക്ക് അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങളും വിലയിരുത്തി കൂടുതല്‍ സുരക്ഷിതമായത് തെരഞ്ഞെടുക്കാന്‍ വിദഗ്ധസഹായം തേടാം. ഒപ്പം അടിയന്തരവിദഗ്ധ സഹായം ഉറപ്പാക്കാവുന്ന നല്ല ആശുപത്രികളില്‍ വച്ച് വാക്സീന്‍ സ്വീകരിക്കാം. പ്രതിപ്രവര്‍ത്തനസാധ്യതയെക്കുറിച്ച് ഡോക്ടറോട് നേരത്തെ സംസാരിച്ച് സാന്നിധ്യവും സഹായവും ഉറപ്പു വരുത്തിയും വാക്സീന്‍ സ്വീകരിക്കാനുള്ള സാധ്യത തേടാം. വാക്സീന്‍ സ്വീകരിക്കാനാകാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരോട് വിവേചനം കാണിക്കുന്നതു മനുഷ്യാവകാശലംഘനമാണ്. പക്ഷേ അത്തരം വിഭാഗക്കാര്‍ക്ക് കൂടുതല്‍ മുന്‍കരുതലുകള്‍ കര്‍ശനമാക്കാം. അപ്പോഴും വിശ്വാസപരമായ കാരണങ്ങളാല്‍ വാക്സീന്‍ സ്വീകരിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല.  

ഒന്നോര്‍ക്കണം, കോവിഡ് വ്യാപനം ലോകത്തെ നിശ്ചലമാക്കിയപ്പോള്‍ മനുഷ്യനെ സഹായിക്കാന്‍ ഒരു മതത്തിനും വിശ്വാസത്തിനും കഴിഞ്ഞില്ല. പ്രതിരോധിക്കാനെത്തിയത് ശാസ്ത്രം മാത്രമാണ്. വിശ്വാസത്തെ ആത്മാവിനു സമര്‍പ്പിക്കുക, ജീവനെ ശാസ്ത്രത്തെ ഏല്‍പിക്കുക. വാക്സീന്‍ കൊവിഡിനെ ചെറുക്കാന്‍ മനുഷ്യനുള്ള സാധ്യതയാണ്. സ്വന്തം മനുഷ്യാവകാശം പോലെ തന്നെ പ്രിയപ്പെട്ടവരുടെയും ചുറ്റുമുള്ളവരുടെയും ജീവിക്കാനുള്ള അവകാശത്തിനു കൂടി വില കല്‍പിക്കുക. വാക്സീന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ സ്വന്തം കാര്യം ഞാന്‍ നോക്കിക്കൊള്ളാം എന്നു കരുതുന്നവരോടാണ്. നിങ്ങള്‍ക്കു സാധിക്കുമായിരിക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വാക്സീന്റെ സഹായമില്ലാതെ കോവിഡിനെ ചെറുക്കാനാകുമെന്ന് എന്താണുറപ്പ്? ലഭ്യമാകുന്ന ആദ്യത്തെ അവസരത്തില്‍ വാക്സീന്‍ സ്വീകരിക്കുക. വാക്സീന്‍ സ്വീകരിക്കുന്നത്  കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ ഓരോരുത്തരുടെയും കയ്യൊപ്പു കൂടിയാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...