മാറ്റമില്ലാതെ കോൺഗ്രസ് എങ്ങോട്ടുപോകും?; നേതാക്കൾ ഉത്തരവാദിത്തം ഏറ്റെടുക്കണം

HIGHLIGHTS
  • ഡി.സി.സി പുനഃസംഘടനയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി ഇതുവരെ അടങ്ങിയിട്ടില്ല
  • സത്യത്തില്‍ ഡി.സി.സി പട്ടികയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരിക്കലും അവസാനിക്കാത്ത ഒരു പട്ടികയുണ്ടാക്കാം.
Parayathe-Vayya-Congress
SHARE

അച്ചടക്കത്തില്‍ അടങ്ങുമോ കോണ്‍ഗ്രസ്? ഡി.സി.സി പുനഃസംഘടനയെത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയെയും അതൃപ്തിയെയും കെ.പി.സി.സി നേതൃത്വം ന്യായീകരിക്കുന്നത് അച്ചടക്കമുണ്ടാക്കാനുള്ള ശ്രമമെന്നാണ്. അതിജീവനത്തിനായി പാടു പെടുന്ന പാര്‍ട്ടിക്ക് ആദ്യം വേണ്ടത് അച്ചടക്കം തന്നെയാണോ? അച്ചടക്കലംഘനത്തിന്റെ മഹനീയ മാതൃകകള്‍ തന്നെ നേരത്തെ അവതരിപ്പിച്ചിട്ടുള്ള നിലവിലുള്ള നേതൃത്വത്തിന് പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ പിടിച്ചു കെട്ടാനാകുമോ? കോണ്‍ഗ്രസിന്റെ പ്രസക്തി തിരിച്ചുപിടിക്കുകയെന്ന ചരിത്രദൗത്യം യാഥാര്‍ഥ്യമാക്കാന്‍ പുതിയ നേതൃത്വത്തിനു സാധിക്കുമോ? 

ഡി.സി.സി പുനഃസംഘടനയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി ഇതുവരെ അടങ്ങിയിട്ടില്ല. ആര്‍ക്ക് ഇടപെട്ട് പരിഹരിക്കാനാകുമെന്നും ഒരു ശുഭസൂചനയും  എവിടെയും കാണുന്നില്ല. 

ഏറ്റവുമൊടുവില്‍ നേതൃത്വം നിലപാട് മയപ്പെടുത്തുകയും ആഹ്വാനത്തിന്റെയും അഭ്യര്‍ഥനയുടെയും ഭാഷയിലേക്കു മാറുകയും ചെയ്തിട്ടുണ്ട്. 

സത്യത്തില്‍ ഡി.സി.സി പട്ടികയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരിക്കലും അവസാനിക്കാത്ത ഒരു പട്ടികയുണ്ടാക്കാം. വിമര്‍ശിക്കാന്‍ അത്രയേറെ കാരണങ്ങള്‍ മുന്നിലുണ്ട്.  ഗ്രൂപ്പുകള്‍ക്കു ഞെട്ടലുണ്ടാക്കിയെങ്കിലും പൊതുസമൂഹത്തെ ഞെട്ടിക്കുന്ന ഒരു വിപ്ലവകരമായ മാറ്റവും പുതിയ പട്ടികയിലില്ല. പക്ഷേ കേരളത്തിന്റെ ശ്രദ്ധയാവശ്യപ്പെടുന്ന ഒരു ശ്രമം ഈ കലാപത്തിനിടയിലും കേള്‍ക്കാം. നന്നാകാതെ വയ്യ എന്ന് കേരളത്തിലെ കോണ്‍ഗ്രസ് തിരിച്ചറിയുന്ന ആത്മാര്‍ഥതയുടെ ശബ്ദം. അത് എവിടെ നിന്നായാലും അവഗണിക്കാന്‍ പാടില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. 

സുപ്രധാന ഗ്രൂപ്പുകളെ പരിഗണിച്ചില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ രണ്ടു പതിറ്റാണ്ടായി മുന്നോട്ടു കൊണ്ടു പോയ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പൂര്‍ണമായും അവഗണിച്ചു. കോണ്‍ഗ്രസില്‍ പതിവുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയില്ല. വനിതകള്‍ക്കും ദളിത് പ്രതിനിധികളെയും പരിഗണിച്ചതേയില്ല.  പതിവുജാതിമതസാമുദായിക പരിഗണനകള്‍ കൃത്യമായി പാലിച്ചില്ല. ഗ്രൂപ്പുകള്‍ക്കു കൊടുക്കില്ലെന്ന പേരില്‍  ഇഷ്ടക്കാരെ കൊണ്ടു വന്നു പുതിയ ഗ്രൂപ്പ് തന്നെയുണ്ടാക്കുന്നു. പട്ടികയില്‍ പുതുമുഖങ്ങള്‍ക്കു പകരം അണികള്‍ക്കു വിയോജിപ്പുള്ളവരേറെ. കേന്ദ്രനേതൃത്വത്തിന്റെ താല്‍പര്യങ്ങള്‍ ജനാധിപത്യവിരുദ്ധമായി കുത്തിത്തിരുകി. ഈ നേതാക്കള്‍ക്ക് അതതു ജില്ലയില്‍ പോലും ചലനമുണ്ടാക്കാന്‍ കഴിയില്ല. ഈ പുനഃസംഘടന പാര്‍ട്ടിയെ കൂടുതല്‍ ഭിന്നതിയിലും പ്രതിസന്ധിയിലുമാക്കും.... തുടങ്ങി എണ്ണിയാല്‍ തീരാത്ത വിമര്‍ശനങ്ങള്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും പറയാനാകും. ഗ്രൂപ്പിന്റെയും നേതാക്കളുടെയും പരാതികള്‍ വേറെ. 

  • പാര്‍ട്ടിയിലെ പെട്ടെന്നുള്ള മാറ്റത്തില്‍ പരസ്യമായി പ്രതിഷേധിച്ചവരെ ഒറ്റയടിക്ക് സസ്പെന്‍ഡ് ചെയ്തതും കടുത്ത വിമര്‍ശനം നേരിട്ടു. 
  • പക്ഷേ ഇതിനു മുന്‍പ് കോണ്‍ഗ്രസ് കണ്ടിട്ടില്ലാത്ത അച്ചടക്കനടപടി കൊണ്ടു ഫലമുണ്ടായി. 
  • അച്ചടക്കത്തിന്റെ വാള്‍ തൊടാന്‍ ധൈര്യപ്പെടില്ലെന്നുറപ്പുള്ള മുന്‍നിരനേതാക്കളില്‍ ഒതുങ്ങി പിന്നീടുള്ള പ്രതികരണങ്ങള്‍.  
K-Sudhakaran.jpg
4
Show All

അച്ചടക്കം കൊണ്ട് നേരിടാവുന്നതല്ല കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നു തുടങ്ങുന്നതുമല്ല അടിസ്ഥാനപ്രശ്നം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധികളുടെ തുടര്‍ ചലനങ്ങളിലൂടെ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസും കടന്നുപോകുന്നത്. ആശയദാരിദ്ര്യം, നേതൃശേഷിയും ലക്ഷ്യബോധവും ഇല്ലായ്മ, ജനാധിപത്യവിരുദ്ധത തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ ഇന്നെന്തെല്ലാം ആവശ്യമുണ്ടോ, അതൊന്നും തിരിച്ചറിയാതിരിക്കുക എന്ന സവിശേഷമായ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. എന്തെങ്കിലുമൊരു മാറ്റം എവിടെയെങ്കിലുമുണ്ടായില്ലെങ്കില്‍ മുന്നോട്ടു പോകാനാകില്ലെന്ന് അണികളെങ്കിലും തിരിച്ചറിയുന്നുവെന്നതാണ് പ്രതികരണങ്ങളില്‍ പ്രകടമാകുന്നത്. 

സമീപകാലത്തായി കോണ്‍ഗ്രസ് നേരിടുന്ന ആദ്യത്തെ വെല്ലുവിളി പാര്‍ട്ടിക്കു പുറത്തുനിന്നല്ല, അകത്തു നിന്നുതന്നെയാണ്. കോൺഗ്രസ് കോൺഗ്രസുകാർക്കു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയായി ചുരുങ്ങിയിരിക്കുന്നു. ഏറെക്കാലമായി കോൺഗ്രസ് പോരാടുന്നത് കോൺഗ്രസിനോടു തന്നെയാണ്. കോൺഗ്രസുകാർ മൽസരിക്കുന്നത് കോൺഗ്രസുകാരോടു തന്നെയാണ്. പാര്‍ട്ടിക്കു  പുറത്തു നിൽക്കുന്നത് സി.പി. എമ്മും ബി.ജെ.പിയുമാണ്.  ഒരേ അച്ചില്‍ താരതമ്യപ്പെടുത്താനാകില്ലെങ്കിലും  നയസമീപനങ്ങളാണോ അച്ചടക്കവും സംഘടനയുമാണോ ഇന്ന് ഈ രണ്ടു പാർട്ടികളുടെയും ഏറ്റവും വലിയ ശക്തി? 

സി.പി.എമ്മിന്റെ കാര്യത്തില്‍ സംഘടനയ്ക്കകത്ത് കാര്യമായി പ്രശ്നങ്ങളില്ല എന്നതു തന്നെയാണ് ഇന്ന് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്ത്. ഉള്ളിൽ പോരാടേണ്ടി വരുന്നില്ല. ശരിയാണെങ്കിലും തെറ്റാണെങ്കിലും തീരുമാനങ്ങൾ നടപ്പാക്കപ്പെടും. പാർട്ടിയും മുന്നണിയും സർക്കാരും ഒറ്റ കൈപ്പിടിയിലായി എന്നതാണ്   രണ്ടാം പിണറായി സര്‍ക്കാരിന് വഴിയൊരുക്കിക്കൊടുത്ത ഏറ്റവും ആദ്യത്തെ ഘടകം.  

ഈ പറഞ്ഞ ദിവസം തന്നെയാണ് പാര്‍ട്ടിയില്‍ സ്ത്രീവിരുദ്ധസമീപനത്തിന്റെ പേരില്‍ നടപടി നേരിട്ട പി.കെ.ശശി എം.എല്‍.എ സ്ഥാനം ഒഴിഞ്ഞതിനു തൊട്ടുപിന്നാലെ കെ.ടി.ഡി.സി. ചെയര്‍മാനായി നിയോഗിക്കപ്പെട്ടത്. ഭരണപരിചയം പോലുമില്ലാത്ത പുതുമുഖ എം.എല്‍.എമാരെ വരെ സുപ്രധാനവകുപ്പുകളില്‍ മന്ത്രിമാരായി അവരോധിച്ചതും ചോദ്യം ചെയ്യപ്പെടുന്നതു പോയിട്ട് ഒരലോസരം പോലും സി.പി.എമ്മിലുണ്ടാക്കിയിട്ടില്ല. പാര്‍ട്ടിയില്‍ അധികാരകേന്ദ്രീകരണം നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാകുമ്പോഴും അച്ചടക്കമുള്ള സംഘടനയായി ഒറ്റക്കെട്ടായി സി.പി.എം മുന്നോട്ടു പോകുന്നു.  സംഘടനയെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകുന്നുമില്ല. കുറ്റ്യാടിയില്‍ ജയിച്ച എം.എല്‍.എ പോലും അച്ചടക്കനടപടി നേരിടുന്നു. ചരിത്രവിജയത്തിനിടയിലും തിരിച്ചടി നേരിട്ട മണ്ഡലങ്ങളുടെ കാര്യത്തില്‍ കര്‍ക്കശമായ പരിശോധനകള്‍ നടക്കുന്നു. ആലപ്പുഴയില്‍ അതികായനായ ജി.സുധാകരനും ദേവികുളത്ത് പാര്‍ട്ടിയുടെ കടിഞ്ഞാണേന്തിയ എസ്.രാജേന്ദ്രനും പാര്‍ട്ടിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിനില്‍ക്കുന്നു. ജനാധിപത്യത്തിന്റെ മാതൃകയൊന്നുമല്ല, പക്ഷേ മോദിയും അമിത് ഷായും നയിക്കുന്ന ഇന്ത്യയില്‍ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ കെട്ടുറപ്പുള്ള ഒരു സംഘടനയ്ക്കും ഒറ്റ ലക്ഷ്യബോധത്തില്‍ നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കും മാത്രമേ മുന്നോട്ടു വഴിയുള്ളൂ.  

കോൺഗ്രസ് മാറിയേ പറ്റൂ എന്ന കാര്യത്തിൽ വിയോജിക്കുന്നവർ ആരെങ്കിലുമുണ്ടോ? ഇപ്പോള്‍ ഇ‍ടഞ്ഞു നില്‍ക്കുന്ന നേതാക്കള്‍ക്കു പോലും എതിരഭിപ്രായമുണ്ടാകാനിടയില്ല. മാറ്റം എങ്ങനെ വേണം എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാം. മാറ്റത്തിനു വേണ്ടിയുള്ള മാറ്റം കൂടുതല്‍ അപായമാകുമെന്ന ആശങ്കകളും തള്ളിക്കളയാവുന്നതൊന്നുമല്ല. പക്ഷേ വിജയിച്ചു നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തെയല്ല പരീക്ഷണത്തിനു വിട്ടു കൊടുക്കുന്നത്. നിലവിലെ നേതൃത്വം കുറ്റമറ്റതാണെന്നോ പ്രത്യാശകള്‍ മാത്രമാണ് കാണുന്നതെന്നോ പറയാനേ കഴിയില്ല. പക്ഷേ കെ.സുധാകരനോടും വി.ഡി.സതീശനോടും പരാതിപ്പെടുന്നതിനു പകരം കൃത്യമായി ഉത്തരവാദിത്തം ആവശ്യപ്പെടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യേണ്ടത്. പാര്‍ട്ടിയുടെ ഇന്നത്തെ തകര്‍ച്ചയില്‍ നിന്നു തിരിച്ചുകൊണ്ടുവരാനാകുമെന്ന ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്ന് പുതിയ നേതൃത്വത്തെ കൃത്യമായി ഓര്‍മിപ്പിക്കുക. ഈ നടപടികളുടെ ഫലപ്രാപ്തി കൃത്യമായി വിലയിരുത്തപ്പെടുമെന്ന് മുന്നറിയിപ്പു നല്‍കുക.  കേരളത്തില്‍ ശക്തമായ പ്രതിപക്ഷമുണ്ടാകണം. ജനാധിപത്യത്തിന് കരുത്തോടെ മുന്നോട്ടു പോകണം. 

കോണ്‍ഗ്രസില്‍ എന്നും പദവികള്‍ക്കു വേണ്ടിയേ മല്‍സരമുണ്ടായിട്ടുള്ളൂ. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമുണ്ടായിട്ടില്ല. മുകളിൽ നിന്നു തീരുമാനമെടുക്കുന്ന എല്ലാ  സംവിധാനത്തിനും ഈ പ്രശ്നമുണ്ടാകും. തീരുമാനമെടുക്കാൻ അവകാശമില്ലാത്തവർക്ക് പ്രവർത്തനത്തിലും ഉത്തരവാദിത്തമുണ്ടാവില്ല. ഹൈക്കമാന്‍റ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഹൈക്കമാന്റ് തന്നെ ഉത്തരവാദി. ചോദ്യവും ഉത്തരവുമില്ല. പരസ്പരം പഴിചാരല്‍ മാത്രം. ഈ രീതി ആദ്യം മാറണം. ഓരോ നേതാവിനും  ഉത്തരവാദിത്തമുണ്ടാകണം. ഓരോ കമ്മിറ്റിക്കും ഉത്തരവാദിത്തമുണ്ടാകണം. രാഷ്ട്രീയപ്രവര്‍ത്തനത്തിലും തിര‍ഞ്ഞെടുപ്പ് ഫലത്തിലും മറുപടി പറയാനുള്ള ബാധ്യത  KPCC പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മാത്രമാകരുത്. അങ്ങനെ വരുമ്പോൾ വാര്‍ഡിലെ പ്രവര്‍ത്തനം തീരുമാനിക്കുന്നതു മുതല്‍ പഞ്ചായത്ത് സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവകാശവും അതത് കമ്മിറ്റികൾക്കു വേണം. അതിനാദ്യം കെട്ടുറപ്പുള്ള കമ്മിറ്റികള്‍ വേണം. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും വേണം. അതിനാവശ്യമായ സമൂലമായ മാറ്റം കേരളത്തില്‍ കൊണ്ടുവരാന്‍ നിലവിലെ നേതൃത്വത്തിനു കഴിയുമോ എന്നതാണ് ചോദ്യം. കെ.സുധാകരനും വി.ഡി.സതീശനും അത്രമേല്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന നേതാക്കളാണോ എന്നു സന്ദേഹപ്പെടുന്നവരുമുണ്ട്. സാമൂഹ്യവിഷയങ്ങളില്‍ പിന്തിരിപ്പന്‍ നിലപാടിന്റെ പേരില്‍ നിരന്തരം പ്രതിക്കൂട്ടില്‍ കയറുന്ന ചരിത്രമുള്ളയാളാണ് കെ.സുധാകരന്‍. പക്വതയോടെ മുന്നണി സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാനുള്ള തന്‍മയത്വം പ്രതിപക്ഷനേതാവിനുണ്ടോ എന്നതും കാലം നല്‍കേണ്ട ഉത്തരമാണ്. എന്തായാലും പിന്നോട്ടൊരു വഴി കേരളത്തിലെ കോണ്‍ഗ്രസിനു മുന്നിലില്ല. കൃത്യമായ രാഷ്ട്രീയ പരിപാടികളോടെ പുരോഗമാനശയങ്ങള്‍ മുന്നോട്ടു വച്ച് പ്രവര്‍ത്തനം നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ഇടതുമുന്നണിക്കു മുന്നില്‍ പ്രതിപക്ഷത്തിനുള്ള സാധ്യതകള്‍ എല്ലാം വെല്ലുവിളികളാണ്.

സംഘടനയില്‍ നിന്നു തുടങ്ങി സംസ്ഥാനത്ത് പിടിച്ചു നില്‍ക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ് കോണ്‍ഗ്രസ് നേതൃത്വം ഈ പൊട്ടിത്തെറിക്കൊടുവില്‍ ഏറ്റെടുക്കേണ്ടത്. കോണ്‍ഗ്രസ് ശക്തിയോടെ പിടിച്ചു നില്‍ക്കേണ്ടത് ജനാധിപത്യരാഷ്ട്രീയത്തിന്റെ ആവശ്യമാണ്. തിരുത്തലില്ലാതെ പിടിച്ചടക്കലും പോര്‍വിളിയും തുടര്‍ന്നാല്‍ ഈ പോരാട്ടത്തിന്റെ ഒടുക്കം എവിടെ ചെന്നു നില്‍ക്കുമെന്ന് ഇപ്പഴേ പ്രവചിക്കാന്‍ കേരളത്തിനാകും. അതിനപ്പുറത്തേക്കെത്തുമോ ഈ പ്രയത്നമെന്നു കാണാന്‍ കേരളവും കാത്തിരിക്കുന്നു. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...