ഞങ്ങള്‍ക്ക് ഞങ്ങള്‍ തന്നെ മാതൃക എന്ന പിടിവാശിയോ?; കേരളം തിരുത്താത്തതെന്ത്?

Parayathe-Vayya
SHARE

കോവിഡ് പ്രതിരോധത്തില്‍ ഒരിക്കലും തെറ്റു പറ്റാത്ത കേരളസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശരിയാണോ? തിരുത്താന്‍ ശ്രമിക്കുന്നത് ശരിയാണോ? കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളുന്നുണ്ടോ എന്നു ചിന്തിക്കുന്നതു പോലും ശരിയാണോ? കോവിഡ് പ്രതിരോധത്തില്‍ ജയിച്ചോ തോറ്റോ എന്നത് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും മാത്രം ചോദ്യമാണ്. ജീവിതം ജയിക്കുകയാണോ തോല്‍ക്കുകയാണോ എന്നതാണ് ജനങ്ങളുടെ പ്രശ്നം. കോവിഡിനെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നുണ്ടോ എന്നതാണ് ജനങ്ങളുടെ പ്രശ്നം. കോവിഡ് വ്യാപനം കൂടുന്നതിനെക്കുറിച്ച് ആശങ്ക പടര്‍ത്തരുതെന്ന് ഇടതുസര്‍ക്കാരും അനുയായികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവി‍ഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതില്‍ ആശങ്കപ്പെടാമോ? ശരിയല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളെങ്കിലും തിരുത്തുന്നതില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നത്?  

കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ ഉയര്‍ന്നുകൊണ്ടേയിരുന്നിട്ടും ഒരു മാസത്തിലേറെയായി വാര്‍ത്താസമ്മേളനം വേണ്ടെന്നു വച്ചുവെന്ന പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനത്തിനു ശേഷമാണ് മുഖ്യമന്ത്രി ജനങ്ങള്‍ക്കു മുന്നിലെത്തിയത്. കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ കേരളം എവിടെയെല്ലാമാണ് മുന്നില്‍ എന്നു സംസ്ഥാനസര്‍ക്കാര്‍ പാടു പെട്ട് കണ്ടെത്തുന്ന കണക്കുകള്‍ മാത്രമല്ല ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. രോഗവ്യാപനത്തിന്റെ ഏതു തോത് നോക്കിയാലും ഈ ദിവസങ്ങളില്‍ കേരളം ഒന്നാമതാണ്. രോഗസ്ഥിരീകരണ നിരക്കില്‍, പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍, ആകെ ചികില്‍സയിലുള്ള രോഗികളുടെ എണ്ണത്തില്‍, ഓരോ ദിവസവും മരിക്കുന്ന രോഗികളുടെ എണ്ണത്തില്‍... അങ്ങനെ ഏതു സൂചികയെടുത്താലും കേരളമാണ് മുന്നില്‍. എന്നാല്‍ ഈ കണക്കുകളില്‍ ആശയറ്റ് ആശങ്ക നിറയ്ക്കേണ്ട സാഹചര്യവുമായിട്ടില്ല. ഓണാഘോഷങ്ങള്‍ക്കു ശേഷം ഈ സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്‍കൂട്ടി വിലയിരുത്തിയതുമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓണത്തിനു ശേഷം ഒക്ടോബര്‍ പകുതി വരെ രോഗവ്യാപനം കുത്തനെ ഉയര്‍ന്നുനിന്നിരുന്നു. പിന്നീട് ക്രമാനുഗതമായി രോഗവ്യാപനം കുറഞ്ഞു.  ഇപ്പോഴും കേരളത്തിലെ ആരോഗ്യസംവിധാനങ്ങള്‍ക്കു താങ്ങാനാവുന്ന തലത്തില്‍ തന്നെയാണ് രോഗവ്യാപനത്തിന്റെ ഗ്രാഫ്. പക്ഷേ ഇനിയും ഉയര്‍ന്നാല്‍ സാഹചര്യം കൈവിട്ടു പോകും. അതുമാത്രമല്ല, ഓരോ ദിവസവും ശരാശരി 150 കോവിഡ് മരണമെങ്കിലും കേരളത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. കോവിഡ് ബാധിതരാകുന്നവരിലുണ്ടാകുന്ന ആരോഗ്യ–മാനസികാഘാതങ്ങള്‍ അതിലേറെയും. 

രോഗവ്യാപനം നിയന്ത്രിക്കാനാകുന്നില്ല എന്ന് വ്യക്തം. മുഖ്യമന്ത്രി ഏതു കണക്കെടുത്തു പ്രതിരോധിച്ചാലും  ൊരോ ദിവസവും മരണത്തിനു വിട്ടുകൊടുക്കേണ്ടി വരുന്ന നൂറിലേറെ ജീവനുകള്‍ നമ്മുടെ പരാജയമാണ്. ഓരോ ദിവസവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്ന പതിനായിരങ്ങള്‍ കേരളത്തിന്റെ ഉത്തരവാദിത്തമാണ്. യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് എന്നു പ്രതിരോധിക്കുന്ന മുഖ്യമന്ത്രി ഒരു കാര്യം വ്യക്തമാക്കണം.  പാളിച്ചകള്‍ തിരുത്തണം എന്നാവശ്യപ്പെടുന്നവരോട് എന്നാല്‍ പൂര്‍ണമായും വിജയിച്ച ഒരു മാതൃക കൊണ്ടു വരൂ എന്നു വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി ഒരു ചോദ്യത്തിനു മറുപടി നല്‍കണം.  ഇപ്പോള്‍ കേരളം പിന്തുടരുന്നത് ഏതു മാതൃകയാണ്? ആദ്യഘട്ടത്തില്‍ ഏറെക്കുറെ ഫലം കണ്ട  സ്വന്തം മാതൃക പോലും ഇപ്പോള്‍ കേരളം പിന്തുടരുന്നുണ്ടോ? അടിസ്ഥാനപാഠങ്ങള്‍ മറന്ന് അടച്ചിടലില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുന്ന നിലവിലെ പരാജയമാതൃക ആരുടെ തീരുമാനമാണ്? 

ജൂലൈ 19 മുതല്‍ കേരളത്തില്‍ രോഗവ്യാപനം ഉയരുകയാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം തന്നെയാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതായത് ഈ രോഗവ്യാപനത്തിന്റെ മുഴുവന്‍ കുറ്റവും ഓണാഘോഷത്തിന്റെ തലയിലേക്കു വയ്ക്കാനാകില്ല. ജൂലൈ പകുതി മുതല്‍ കേരളത്തില്‍ കോവിഡ് വ്യാപനം കൈവിട്ട് കുതിക്കുകയാണ്. ആഗസ്റ്റ് അവസാനമായിരുന്നു ഓണം. രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാനായി എന്നു കേരളം തന്നെ വിലയിരുത്തുന്ന ആദ്യഘട്ടത്തിലേതു പോലെയാണോ ഇപ്പോള്‍ അടിസ്ഥാനതലത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ടെസ്റ്റ്, ട്രേസ്, ട്രീറ്റ്മെന്റ് എന്ന ആപ്തവാക്യം അതേ പടി ഇപ്പോള്‍ കേരളം പിന്തുടരുന്നുണ്ടോ? പരിസരം നിരീക്ഷിച്ചാല്‍ പാളിച്ചകള്‍ വ്യക്തമാണ്. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ടാക്റ്റ് ട്രേസിങ് നടക്കുന്നില്ല. ഒരാള്‍ക്ക് രോഗബാധയുണ്ടായാല്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കുകയോ പരിശോധനയ്ക്കു വിധേയമാക്കുകയോ ചെയ്യുന്നില്ല.  

ടെസ്റ്റിങിലും കേരളം കുറ്റമറ്റ സംവിധാനം ഉറപ്പാക്കാന്‍ ശ്രമിക്കുന്നില്ല. കോവിഡിനെ രണ്ടാം തരംഗത്തില്‍ ഫലപ്രദമായി നേരിട്ട മറ്റു സംസ്ഥാനങ്ങള്‍ പരിശോധനയ്ക്കായി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളെ മാത്രമാണ് ആശ്രയിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുമ്പോഴും ഭൂരിഭാഗം റാപ്പിഡ്– ആന്റിജന്‍ പരിശോധനകളുമായി കേരളം മുന്നോട്ടു പോകുന്നു. ഡല്‍ഹിയില്‍ വെറും 46 രോഗികള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത വെള്ളിയാഴ്ച  ആകെ നടന്ന 74,649 പരിശോധനകളില്‍ 51000 ഉം ആര്‍.ടി.പി.സി.ആര്‍ ആണ്. ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത .06 ശതമാനം മാത്രം ടി.പി.ആര്‍. നിരക്കുള്ള ദിവസത്തെ കണക്കാണിതെന്ന് ഓര്‍ക്കണം. പ്രതിദിനം ആയിരത്തി അഞ്ഞൂറില്‍ താഴെ രോഗികള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും തമിഴ്നാട് ഒന്നരലക്ഷത്തിലേറെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നു. തമിഴ്നാടക്കമുള്ള ഒട്ടേറെ സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളെ മാത്രമാണ് ആശ്രയിക്കുന്നത്. 

പി.സി.ആര്‍ ടെസ്റ്റുകള്‍ ഫലപ്രാപ്തിയില്‍ കൂടുതല്‍ കൃത്യത ഉറപ്പുവരുത്തുമെന്നും രോഗവ്യാപനം ചെറുക്കാന്‍ സഹായിക്കുമെന്നും കേരളത്തിനു മുന്നില്‍ നിര്‍ദേശിക്കാത്തവരില്ല. പക്ഷേ പി.സി.ആര്‍ പരിശോധനകള്‍ പരമാവധി ഉറപ്പിക്കാന്‍   കേരളം തയാറായിട്ടില്ല. ദ്രുതപരിശോധനകള്‍ക്ക് ആന്റിജന്‍ ടെസ്റ്റുകളെ ആശ്രയിക്കാവുന്നതാണെങ്കിലും പി.സി.ആര്‍ ടെസ്റ്റിനുള്ള ശേഷി പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് ICMR ഗൈഡ്‍ലൈന്‍  പറയുന്നത്.  

അടുത്തത് ഹോം ക്വാറന്റീന്‍ പരാജയപ്പെടുന്നോ എന്ന ചോദ്യമാണ്? കേരളത്തില്‍ നിലവില്‍ 35 ശതമാനം രോഗവ്യാപനവും നടക്കുന്നത് വീടുകളിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് ശക്തമായ വിമര്‍ശിക്കപ്പെടുകയുണ്ടായി. പക്ഷേ ആ അറിയിപ്പ് വിമര്‍ശിക്കപ്പെടേണ്ടതല്ല. പകരം ഈ തിരിച്ചറിവില്‍ നിന്ന് സംസ്ഥാനം സമീപനത്തില്‍ എന്തു മാറ്റം വരുത്തി എന്ന ചോദ്യമാണ് ഉയരേണ്ടത്. ഡെല്‍റ്റ വകഭേദത്തിനു മുന്നില്‍ എത്ര സൂക്ഷ്മത പുലര്‍ത്തിയാലും ഹോം ക്വാറന്റീന്‍ ഫലപ്രദമാകുമോ? രോഗബാധ ഇത്തരത്തില്‍ വ്യാപിച്ചുകൊണ്ടേയിരിക്കുമ്പോള്‍ ഹോം ക്വാറന്റീന്‍ ഫലപ്രാപ്തി വിലയിരുത്തപ്പെടേണ്ടതല്ലേ? അത് നടക്കുന്നുണ്ടോ? അതുറപ്പിക്കേണ്ടത് ആരുടെ ചുമതലയാണ്?

ഹോം ക്വാറന്റീന്‍ ആദ്യഘട്ടത്തില്‍ ഫലപ്രദമായെങ്കിലും ഡെല്‍റ്റ വകഭേദത്തിന്റെ അതിവ്യാപന ശേഷിക്കുമുന്നില്‍ പരാജയപ്പെടുന്നുവെന്നു വ്യക്തമാണ്. ചിക്കന്‍ പോക്സ് വൈറസിനേക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ശാസ്ത്രം നിരീക്ഷിക്കുന്ന ഡെല്‍റ്റ വൈറസ് ബാധിതനായ ഒരു വ്യക്തി വീട്ടിനകത്തു പ്രവേശിക്കുമ്പോള്‍ മുതല്‍ മറ്റ് കുടുംബാഗങ്ങള്‍ രോഗവ്യാപനത്തിന്റെ ഭീഷണിയിലാകുകയാണ്. കുടുംബം പൂര്‍ണമായും രോഗബാധിതരാകുന്ന അവസ്ഥ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളാല്‍ പരിഹരിക്കാവുന്നതു തന്നെയാണോ? 

എന്തായാലും കേരളത്തിലെ സാധാരണ മനുഷ്യരൊന്നും മുഖ്യമന്ത്രിയുടെ മാതൃക ഇക്കാര്യത്തില്‍ പിന്തുടരില്ല എന്നുറപ്പാണ്. രോഗബാധിതനായപ്പോള്‍ രോഗമില്ലാത്ത ജീവിതപങ്കാളിയുമായി ഒരേ വാഹനത്തില്‍ യാത്ര ചെയ്ത് കുടുംബബന്ധത്തിന്റെ ദൃഢത തെളിയിക്കാന്‍ കേരളത്തിലെ സാമാന്യബോധമുള്ള മനുഷ്യരാരും തയാറാകില്ല. കാരണം മറ്റൊരു മനുഷ്യന്റെ ശരീരത്തില്‍ കോവിഡ് എങ്ങനെ പ്രതികരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയാനാകില്ല എന്ന അപായസൂചന സാധാരണക്കാര്‍ക്കു മനസിലാകും. 

എന്തായാലും ഹോം ക്വാറന്റീന്‍ എന്നത് ഡെല്‍റ്റ വകഭേദത്തിനു മുന്നില്‍ പരാജയപ്പെടുന്ന ആശയമാണോ എന്നത് അതിവേഗം പരിശോധിക്കുകയും തിരുത്തുകയും ചെയ്യേണ്ടതാണ്. സര്‍ക്കാര്‍ ക്വാറന്റീന്‍ സംവിധാനങ്ങളും കോവിഡ് ചികില്‍സാസംവിധാനങ്ങളും ഇപ്പോഴും ലഭ്യമാണെന്ന് വളരെ ദുര്‍ബലമായ ശബ്ദത്തിലാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത്. മറിച്ച് സാനിറ്റൈസറി ഇന്‍സ്പെക്റ്റര്‍മാര്‍ പരിശോധിച്ച് സൗകര്യം ഉറപ്പുവരുത്തിയാല്‍ മാത്രം കോവിഡ് രോഗികള്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കുന്ന സംവിധാനം പിന്തുടരുന്ന സംസ്ഥാനങ്ങള്‍ ഇപ്പോഴുമുണ്ട്. കേരളത്തിലെ എത്ര വീടുകളില്‍ സുരക്ഷിതമായ ഹോം ക്വാറന്റീന്‍ സാധ്യമാണ് എന്നതു വിലയിരുത്തി തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയം പുനഃപരിശോധിക്കണം.  

കോവിഡ് വാക്സിനേഷനില്‍ മാത്രമാണ് കേരളം ഇപ്പോള്‍ കാര്യമായ പാളിച്ചകളില്ലാതെ മുന്നോട്ടു പോകുന്നത്. പക്ഷേ വാക്സീന്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തിന്റെ അതിജീവന സാധ്യതയെന്നിരിക്കേ പരമാവധി വേഗത്തിലും ശേഷിയിലുെമത്തിക്കാന്‍ ഇനിയും സാധ്യതകള്‍ മുന്നിലില്ലേ? അത് പരിഗണിക്കപ്പെടുന്നുണ്ടോ? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം സമ്പൂര്‍ണവാക്സീനേഷനിലാണ് പ്രതീക്ഷയെന്നാവര്‍ത്തിക്കുമ്പോഴും സ്വകാര്യമേഖലയെക്കൂടി ഒപ്പം ചേര്‍ത്ത് മുന്നോട്ടു പോകാനുള്ള തടസമെന്താണ്? ‌സര്‍ക്കാരിന്റെ സൗജന്യവാക്സീന്‍ കിട്ടാതെ ആയിരങ്ങള്‍ ഇപ്പോഴും നെട്ടോട്ടമോടുമ്പോള്‍ സ്വകാര്യമേഖലയില്‍ സുഗമമായി വാക്സീന്‍ ലഭ്യമായിട്ടും സര്‍ക്കാര്‍ ആ വഴി ചിന്തിക്കാത്തതെന്താണ്?

വാക്സീന്‍ വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക എന്നതാണ് കേരളത്തിനു മുന്നില്‍ ഇപ്പോഴുള്ള ഏറ്റവും പ്രധാന പ്രതീക്ഷ. അതിന് സാധ്യമായ എല്ലാ വഴികളും സംസ്ഥാനസര്‍ക്കാര്‍ ഉറപ്പാക്കേണ്ടതാണ്. ഒരു ദിവസം അഞ്ചു ലക്ഷം പേര്‍ക്ക് വാക്സീന്‍ വിതരണം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് കേരളം തെളിയിച്ചു കഴിഞ്ഞതാണ്. വാക്സീന്‍  കേരളത്തിന്റെ ഏറ്റവും വലിയ ആശ്രയവും സാധ്യതയുമാണ്. രോഗവ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വാക്സീന്‍ സ്വീകരിക്കാന്‍ ആളുകള്‍ തിക്കിത്തിരിക്കുന്ന സാഹചര്യമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ വാക്സീന്‍ ലഭ്യത കൂടുതലും സ്വീകരിക്കാന്‍ ആളുകളുടെ വിമുഖത കൂടുതലുമാണ്. കേരളത്തില്‍ ആളുകള്‍ വാക്സീന്‍ സ്വീകരിക്കാന്‍ അവസരം കാത്തിരിക്കുന്നു. സര്‍ക്കാര്‍ പൂര്‍ണമായും സൗജന്യമായി വിതരണം ചെയ്യുന്ന വാക്സീനു വേണ്ടി ഇപ്പോഴും വന്‍ ക്യൂ തുടരുകയാണ്. അതേസമയം സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കിയെടുക്കാവുന്ന വാക്സീന്‍ പലയിടത്തും സുലഭമാണ് എന്നതാണ് സ്ഥിതി. ഇവിടെയാണ് സ്വകാര്യമേഖലയിലൂടെയും സൗജന്യവാക്സീന്‍ ലഭ്യമാക്കാവുന്ന സാധ്യത സര്‍ക്കാര്‍ പ്രയോജനപ്പെടുത്താത്തതെന്ത് എന്ന ചോദ്യം ഉയരുന്നത്.

വാക്സീന്‍ വിതരണം ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ ഉദ്ദേശലക്ഷ്യം കൈവരിക്കുകയാണ് കേരളത്തിന്റെ ഉന്നമെന്ന് ആവര്‍ത്തിക്കുന്നവരാരും ഈ ചോദ്യത്തിന് മറുപടി നല്‍കുന്നില്ല. തൊട്ടടുത്ത തമിഴ്നാട്ടില്‍ രോഗവ്യാപനം കുറഞ്ഞതിനാല്‍ തന്നെ വാക്സീന്‍ കുത്തിവയ്പിനു വേണ്ടി കേരളത്തിലേതു പോലെ ജനങ്ങള്‍ തിരക്കു കൂട്ടുന്നില്ല. എന്നിട്ടും വന്‍കിടസ്വകാര്യകമ്പനികളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് പ്രധാന സ്വകാര്യ ആശുപത്രികളിലും സാധാരണക്കാര്‍ക്ക് സൗജന്യവാക്സീന്‍ നല്‍കാന്‍ പദ്ധതികളുണ്ട്. ഇതു കൂടാതെ എല്ലാ മെഡിക്കല്‍ കോളജുകളിലും 24 മണിക്കൂര്‍ വാക്സീനേഷന്‍ ലഭ്യമാണ്. എവിടെയും കേരളത്തിലേതു പോലെ തിക്കും തിരക്കിന്റെയും സാഹചര്യമില്ല. കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിന് വാക്സീന്‍ ലഭ്യമല്ലാതെ വന്നാല്‍ മണിക്കൂറുകള്‍ പോലും കാത്തിരിക്കാതെ കടുത്ത രാഷ്ട്രീയസമ്മര്‍ദമുയര്‍ത്തി ജനപ്രതിനിധികളും ജാഗ്രത പുലര്‍ത്തുന്നു. വാക്സീനു വേണ്ടി ജനങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ തമിഴ്നാട്ടില്‍ ഇല്ല. വാക്സീന്‍ വിതരണത്തില്‍ തമിഴ്നാടും കേരളവും തമ്മില്‍ എങ്ങനെ താരതമ്യപ്പെടുത്തും എന്നാണ് ചോദ്യമെങ്കില്‍ മറുപടി ലളിതമാണ്. കേരളത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും വാക്സീന്‍ ഊഴത്തിനായി കാത്തിരിക്കുന്നു. തമിഴ്നാട്ടില്‍ ഒരാള്‍ക്കു പോലും അങ്ങനെ ഊഴം കാത്തിരിക്കേണ്ട അവസ്ഥയില്ല. കേരളത്തിലെ ജനങ്ങള്‍ വാക്സീനായി ധൃതി കൂട്ടുകയും തമിഴ്നാട്ടില്‍ അത്ര മികച്ച പ്രതികരണം ഉണ്ടാവുന്നില്ലെന്നതുമാണ് വാക്സിനേഷന്‍ നിരക്കിലെ വ്യത്യാസമെങ്കില്‍ 

കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന രോഗവ്യാപനം തന്നെയാണ് അതിന്റെ കാരണവും. ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ രണ്ടു കോടി പേര്‍ക്ക് ആദ്യഡോസ് വാക്സീന്‍ നല്‍കിക്കഴിഞ്ഞു. ഇനിയും പ്രായപൂര്‍ത്തിയായ 75 ലക്ഷം പേര്‍ക്കെങ്കിലും ആദ്യഡോസ് ലഭിക്കാനുണ്ട്. നിലവിലെ വേഗത്തില്‍ പോയാല്‍ എപ്പോഴാണ് ഇവര്‍ക്ക് ആദ്യഡോസും വീണ്ടും രണ്ടു കോടി 78 ലക്ഷം പേര്‍ക്ക് രണ്ടു ഡോസും ഉറപ്പാക്കാന്‍ കഴിയുക? വാക്സീന്‍ വിതരണം പൂര്‍ത്തിയാക്കുകയാണ് ഈ സമയത്ത് ഏറ്റവും പ്രധാന ദൗത്യമെങ്കില്‍ അതിന് സാധ്യമായ എല്ലാ വഴികളും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കണം. ഒരു മാസത്തിനിടെ കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായിരത്തിനു മുകളിലാണ്. വാക്സീന്‍ രോഗം ഗുരുതരമാകുന്നത് തടയുമെന്നത് വ്യക്തമായിരിക്കേ പൂര്‍ണ വാക്സിനേഷന്‍ വൈകാതിരിക്കാന്‍ എല്ലാ സാധ്യതയും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം. 

കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. സര്‍ക്കാര്‍ തിരുത്തി പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ച കണക്കു കൂടിയാകുമ്പോള്‍ മരണസംഖ്യ മുപ്പതിനായിരത്തിനു മുകളിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നാലായിരത്തിലേറെ പേര്‍ കോവിഡ് കാരണം  മരണപ്പെട്ടു. ആകെ മുപ്പത്തെട്ടു ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചതുകൊണ്ടു മാത്രമാണ് ഇരുപതിനായിരം മരണം കുറ​​ഞ്ഞ നിരക്കാണെന്ന് സര്‍ക്കാരിന്  അവകാശപ്പെടാനാകുന്നത്. ഇരുപതിനായിരം പേര്‍ മരിച്ചുവെന്നതാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാര്‍ ഗുരുതരമായി കാണേണ്ട കണക്ക്. അല്ലാതെ മുപ്പത്തിയേഴ് ലക്ഷത്തില്‍ 0.5 ശതമാനം പേര്‍ മാത്രം എന്നു കുറച്ചു കാണിക്കാന്‍ ശ്രമിക്കരുത്. നഷ്ടപ്പെട്ട ഈ ഇരുപതിനായിരം ജീവനുകളാണ് നമുക്ക് പാഠമാകേണ്ടത്. രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും തടയാന്‍ വാക്സീനു കഴിയും എന്ന ശാസ്ത്രീയ വസ്തുതയെ ആധാരമാക്കുമ്പോള്‍ പരമാവധി വേഗത്തില്‍ വാക്സീനേഷന്‍ ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. രോഗവ്യാപനം ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു സംസ്ഥാനത്ത് വാക്സീന്് ജീവന്റെ വില തന്നെയാണുള്ളത്. 

കേരളത്തില്‍ പുറത്തിറങ്ങാന്‍ ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചിരിക്കണമെന്ന മാനദണ്ഡം ഇപ്പോഴും നിയമപരമായി നിലനില്‍ക്കുന്നുണ്ട്. അതായത് രോഗപ്രതിരോധത്തിലെ ദൗത്യം മാത്രമല്ല, വാക്സീന്‍ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടത് സര്‍ക്കാരിന്റെ സാമൂഹ്യഉത്തരവാദിത്തം കൂടിയാണിപ്പോള്‍. വാക്സീന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ നിലവിലുള്ള ശ്രമങ്ങള്‍ക്കൊപ്പം പുതിയ സാധ്യതകള്‍ കൂടി പരിഗണിക്കുക തന്നെ വേണം. അതൊടൊപ്പം പുതിയ ഒരു വെല്ലുവിളിയും  കേരളത്തിനു മുന്നിലുണ്ട്. രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചവരിലുമുണ്ടാകുന്ന രോഗബാധയും മരണവും. ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്റെ പശ്ചാത്തലവും കാരണങ്ങളും സര്‍ക്കാര്‍ പ്രത്യേക പഠനം നടത്തി സുതാര്യമായി വസ്തുതകള്‍ കേരളത്തിനു മുന്നില്‍ കൊണ്ടു വരാന്‍ വൈകരുത്. 

രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവരിലും രോഗബാധയുണ്ടാകുന്നതിനെയാണ് ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നു വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ച ശേഷവും 95 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഒരു ഡോസ് സ്വീകരിച്ചതിനു ശേഷം 345 പേരും മരിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തില്‍ എന്നും വിശദമായ പശ്ചാത്തലമെന്തായിരുന്നു എന്നും സര്‍ക്കാര്‍ എത്രയും വേഗം സുതാര്യമായി വിവരങ്ങള്‍ പുറത്തു വിടണം.  ഇത്തരം ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ അസാധാരണമല്ലെന്ന് ഇസ്രയേയില്‍ നിന്നുള്ള വാര്‍ത്തകള്‍ ലോകത്തിനു മുന്നിലുണ്ട്. രോഗം വന്നു പോകുമ്പോഴുണ്ടാകുന്ന പ്രതിരോധത്തിന്റത്രയും വാക്സീന്  ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ കഴിയുന്നില്ലെന്ന ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടും ഇസ്രയേലില്‍ നിന്നു തന്നെയുണ്ട്. പക്ഷേ അപ്പോഴും വാക്സീന്‍ തന്നെയാണ് മനുഷ്യന് ഉറപ്പിക്കാന്‍ കഴിയുന്ന നല്ല പ്രതിരോധം. സ്വാഭാവികമായി രോഗം വന്നുപോകട്ടെ എന്നു കരുതുന്നത് തീര്‍ത്തും അശാസ്ത്രീയവും അപായവുമാണെന്നും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  ജൂലൈയില്‍ ICMR സ്വന്തമായി നടത്താന്‍ കേരളത്തോടു നിര്‍ദ്ദേശിച്ച സിറോ പ്രിവാലന്‍സ് സര്‍വേ ഇത്രയും വൈകിയതു പോലും ഒഴിവാക്കേണ്ടതായിരുന്നു. 

അപ്പോഴും സര്‍ക്കാരില്‍ മാത്രമാണ് കോവിഡ് പ്രതിരോധത്തിന്റെ ഉത്തരവാദിത്തമെന്ന ധാരണയില്‍ ആരും മാറിയിരിക്കുന്നതും ശരിയല്ല. വീഴ്ചകള്‍ തിരുത്താനാവശ്യപ്പെടുമ്പോഴും ജനങ്ങളുടെ പൂര്‍ണസഹകരണമില്ലാതെ നമുക്ക് ഈ പ്രതിസന്ധി മറികടക്കാനാകില്ല. വാക്സീന്‍ കിട്ടിയവരും കിട്ടാത്തവരുമെല്ലാം ഇനിയും കര്‍ശനമായ ജാഗ്രത പുലര്‍ത്തിയാലേ നമുക്ക് പുറത്തു കടക്കാനാകൂ. ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ പോലുള്ള യുക്തിയില്ലാത്ത തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സ്വാഭാവികമായും ചോദ്യങ്ങളുയരും. പക്ഷേ അപ്പോഴും സ്വയം സുരക്ഷിതരായിരിക്കുക എന്ന ഉത്തരവാദിത്തം നമ്മള്‍ മറക്കരുത്. 

കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ രാഷ്ട്രീയഅവകാശവാദം ഉന്നയിച്ചവര്‍ക്കു നേരെ സ്വാഭാവികമായും വീഴ്ചകളില്‍ നിശിതമായ ചോദ്യങ്ങളുമുയരും. മനഃപൂര്‍വമല്ലാതെ പോലും വീഴ്ചകളുണ്ടായപ്പോള്‍ രാഷ്ട്രീയഎതിരാളികളെ മരണത്തിന്റെ വ്യാപാരികളായും രോഗത്തിന്റെ വിതരണക്കാരായും വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ ഇരവാദം ഉന്നയിക്കുന്നത് ദയനീയമാണ്. പരമാവധി സുതാര്യമായും ശാസ്ത്രീയമായും പ്രതിരോധനടപടികള്‍ കര്‍ക്കശമാക്കാനാണ് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ശ്രമിക്കേണ്ടത്. 

മുഖ്യമന്ത്രി ചോദിക്കുന്നത് കേരളമല്ല മാതൃകയെങ്കില്‍ പിന്നേതാണ് മാതൃകയെന്നാണ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സുസ്ഥിരവിജയം നേടിയ ഒരു മാതൃകയും ലോകത്തിനു മുന്നിലില്ല മുഖ്യമന്ത്രി. കോവിഡ് രൂപം മാറുന്നതനുസരിച്ച് മികച്ച പ്രതിരോധസംവിധാനങ്ങളും രൂപം മാറുന്നു. ഏതൊക്കെ പ്രദേശങ്ങളില്‍ വിജയിക്കുന്ന രീതികളുണ്ടോ അത് സ്വന്തം നിലയില്‍ പരീക്ഷിച്ച് സ്വന്തം മാതൃകകളുണ്ടാക്കി ലോകരാജ്യങ്ങളും മറ്റു സംസ്ഥാനങ്ങളും മുന്നോട്ടു പോകുന്നു. അതു കൊണ്ട് തമിഴ്നാട്ടില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹായിച്ച നല്ല നടപടികളില്‍ കേരളത്തിന് ചേരുന്നത് ചിലത് മാതൃകയായെടുക്കാം. കര്‍ണാടകത്തിലുണ്ടെങ്കില്‍, ഡല്‍ഹിയിലുണ്ടെങ്കില്‍ അവിടെയെല്ലാം എങ്ങനെ രോഗവ്യാപനം നിയന്ത്രിച്ചുവെന്നത് കേരളത്തിനു ശ്രദ്ധിക്കാം. പിന്തുടരാം. അതല്ലാതെ കുറ്റമറ്റ മാതൃക വേറെവിടെയും കാണുന്നില്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങള്‍ തന്നെ മാതൃക എന്ന നയം ശരിയല്ല. കേരളത്തിന് അനിയന്ത്രിതമായ രോഗവ്യാപനവുമായി മുന്നോട്ടു പോകാനാകില്ല. മരിക്കുമ്പോള്‍ മാത്രമല്ല മനുഷ്യരുടെ ജീവിതം നിശ്ചലമാകുന്നത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...