കരുതലോടെ ഓണം ആഘോഷിക്കാം; വീണുപോകാതെ പിടിച്ചുനിൽക്കാം

parayathe-vayya-onam
SHARE

കേരളം ഇത്തവണ ഒരു ഓണം ചല‍ഞ്ചിലാണ്. ഓണത്തിന്റെ ഓളം അനുഭവിക്കുകയും വേണം, കോവിഡിന്റെ മേളത്തിന് പിടികൊടുക്കാതിരിക്കുകയും വേണം. വൈറസിന് പിടികൊടുക്കില്ല എന്നുറപ്പിച്ച് ഓണം ആഘോഷിക്കുകയാണ് ഒരേയൊരു പോംവഴി.  കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ കേരളത്തിലെത്തുന്ന സാഹചര്യത്തിലാണ് ഓണവുമെത്തുന്നതെന്ന് മറന്നു പോകരുത്. 

മാസങ്ങളായി തുടരുന്ന കോവിഡ് സ്തംഭനാവസ്ഥയ്ക്കിടെയാണ് കേരളം ഓണാഘോഷത്തിലേക്കു കടന്നിരിക്കുന്നത്. സ്വാഭാവികമായും ഏറെ നാളുകളായി അടച്ചു പൂട്ടിയിരിക്കുന്നവരെല്ലാം ഒരല്‍പം ആശ്വാസം തേടും. ഇത്തവണ വിപണിക്കും അതിജീവിക്കാന്‍ കേരളം ആഘോഷിച്ചേ പറ്റൂ. അപ്പോഴും കോവിഡ് മാനദണ്ഡങ്ങള്‍ മറക്കാതെ സ്വയം സുരക്ഷിതരായിരിക്കുക എന്നത് അതിപ്രധാനമാണ്. കാരണം കേരളത്തില്‍ രൂക്ഷമായി തന്നെ തുടരുകയാണ് കോവിഡ് വ്യാപനം. ഇപ്പോഴും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികം കേരളത്തില്‍ നിന്നു തന്നെയാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ചികില്‍സയിലുള്ളതും കേരളത്തിലാണ്. ടെസ്റ്റുകള്‍ പലപ്പോഴും ഒന്നരലക്ഷത്തിലും കുറച്ചാണ് നടക്കുന്നതെങ്കിലും ടി.പി.ആര്‍. 14നു മുകളിലെത്തിയിരിക്കുന്നു. കേരളത്തില്‍ ഇതു വരെ രോഗബാധിതരായവരുടെ എണ്ണം 36 ലക്ഷത്തിനടുത്താണ്.മരണവും 18000 കടന്നു കഴിഞ്ഞു.  അതിനേക്കാള്‍ ഗൗരവത്തോടെ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായതാണ്. 

അതു മാത്രമല്ല, കഴിഞ്ഞ ഓണക്കാലം ഇത്തവണ കേരളത്തിനു പാഠമാവുകയും വേണം. ഓണാഘോഷത്തിനു ശേഷം അന്ന് കോവിഡ് വ്യാപനം കുത്തനെ ഉയര്‍ന്നിരുന്നു. സൂക്ഷ്മശ്രദ്ധ പുലര്‍ത്തിയാല്‍ അപായമില്ലാതെ ഓണക്കാലം മറികടക്കാന്‍ നമുക്കാവും. കോവിഡിനൊപ്പം ജീവിച്ചു നേടിയ പരിചയം ഏറ്റവും നന്നായി വിനിയോഗിക്കേണ്ട കാലമാണ് ഈ ഓണക്കാലം. സ്വയം സുരക്ഷിതരാകുക. കാരണം കോവിഡ് വ്യാപനം തടയാന്‍ ഇനിയേതു വഴിയെന്നറിയാതെ കേരളസര്‍ക്കാര്‍ പകച്ചു നില്‍ക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓണം കഴിഞ്ഞതോടെയാണ് കേരളത്തില്‍ കോവിഡ് വ്യാപനം ആദ്യഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കു കുതിച്ചത്.  പ്രതിദിനം രണ്ടായിരത്തിനു താഴെയായിരുന്ന കേസുകള്‍ ഓണം കഴി‍ഞ്ഞപ്പോഴേക്കും നാലിരട്ടി കൂടി എണ്ണായിരത്തില്‍ വരെയെത്തി.  അപ്പോഴും പ്രതിദിനരോഗബാധിതരുടെ എണ്ണം പതിനായിരം പോലും കടന്നത് ഒറ്റപ്പെട്ട ദിവസങ്ങളിലായിരുന്നു എന്നോര്‍ക്കണം. ഇതിപ്പോള്‍ ആഴ്ചകളായി ഇരുപതിനായിരത്തിനു മുകളിലാണ് കേരളത്തിലെ പ്രതിദിന രോഗബാധിതര്‍. ശരാശരി ഇരുപതിനായിരത്തിലേറെ പേര്‍ ഓരോ ദിവസവും രോഗബാധിതരാകുന്നു. രാജ്യത്താകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പതിനായിരത്തിനു മുകളില്‍ പ്രതിദിനരോഗബാധിതര്‍ റിപ്പോര്‍ട്ടും ചെയ്യപ്പെടുന്ന ഒരൊറ്റ സംസ്ഥാനവുമില്ല. രണ്ടാമതു നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ പോലും ഏഴായിരത്തില്‍ താഴെ രോഗികളാണ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അപ്പോഴാണ് ഓണം കടക്കുമ്പോഴേക്കും കോവിഡ് കണക്കുകള്‍ എവിടെ വരെയെത്തുമെന്ന ആശങ്ക വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നത്.

കണ്ടെയ്ന്‍ മെന്റ് സോണില്‍ കോവിഡില്ലാത്ത എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കാനാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധതീരുമാനം. സോണിലെ മുഴുവന്‍ പേരെയും പരിശോധന നടത്തി നെഗറ്റീവ് റിസല്‍റ്റുള്ള എല്ലാവര്‍ക്കും മുന്‍ഗണന നല്‍കി വാക്സിനേറ്റ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അടുത്ത തിങ്കളാഴ്ച വരെ കേരളത്തില്‍ വാക്സീന്‍ ഡ്രൈവും നടക്കുകയാണ്. പക്ഷേ വാക്സീന്‍ യജ്ഞത്തിന് വേഗം കൂട്ടാന്‍ ശ്രമിക്കുമ്പോഴാണ് വാക്സീന്‍ സ്വീകരിച്ചു കഴിഞ്ഞവരിലും വര്‍ധിച്ചു വരുന്ന രോഗവ്യാപനം തലവേദനയാകുന്നത്. കേരളത്തില്‍ നാല്‍പതിനായിരം പേരാണ് വാക്സീന്‍ സ്വീകരിച്ച ശേഷവും രോഗബാധിതരായത്. ഇതില്‍ 5042 പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ് രാജ്യത്താകെ നോക്കുമ്പോള്‍ ഈ കണക്ക് ആശങ്കപ്പെടാന്‍ മാത്രമില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വാക്സീനെടുത്തവരില്‍ 0.04 % പേര്‍ക്കു മാത്രമാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 53 കോടി ഡോസ് വാക്സീന്‍ നല്‍കിയതില്‍ രണ്ടു ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 87,000 പേര്‍ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരാണ്. കേരളത്തില്‍ ഇത്രയധികം വാക്സീന്‍ സ്വീകര്‍ത്താക്കള്‍ക്ക് രോഗബാധയുണ്ടായത് എന്തുകൊണ്ടെന്ന് പ്രത്യേക പഠനം നടത്തണമെന്നാണ് വിദഗ്ധനിര്‍ദേശം. അപ്പോഴും വാക്സീനിലൂടെ പരമാവധി പേര്‍ക്ക് രോഗപ്രതിരോധശേഷി നല്‍കുകയെന്നതാണ് അതിജീവനത്തിനുള്ള പോംവഴി. ലഭിക്കുന്ന വാക്സീന്‍ വിതരണം ചെയ്യുന്ന വേഗത്തില്‍ കേരളം വളരെ മികവോടെ മുന്നോട്ടുപോകുന്നുണ്ട്. ഈ വെള്ളിയാഴ്ച മാത്രം 5.35 ലക്ഷം പേര്‍ക്കാണ് കോവിഡ് പ്രതിരോധകുത്തിവയ്പ് നടത്തി കേരളം റെക്കോര്‍ഡിട്ടത്.പക്ഷേ  ഓണക്കാലം കേരളത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയേക്കുമെന്നു മുന്നറിയിപ്പു നല്‍കുന്ന പല പഠനങ്ങളുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ നാലു ലക്ഷം കേസുകള്‍ കൂടുമെന്ന മുന്നറിയിപ്പുകള്‍ വരെ കൂട്ടത്തിലുണ്ട്. 

 വാക്സീന്‍ തന്നെ പൂര്‍ണസുരക്ഷ ഉറപ്പുതരാനാകാത്ത സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍ സാധ്യമായ എല്ലാ വഴിയിലും കോവിഡില്‍ നിന്ന് ഒഴിഞ്ഞു മാറുകയെന്നതാണ് നമ്മുടെ മുന്നിലുള്ള വഴി. കേരളം ഒന്നാമത്  എന്ന അവകാശവാദങ്ങളില്ലാത്തതിനാല്‍ ഓരോ ദിവസവും വീട്ടിനകത്തു പോലും എങ്ങനെ പെരുമാറണം എന്നു പറ‍ഞ്ഞു തരാന്‍ മുഖ്യമന്ത്രി മുന്നില്‍ വരുന്നില്ല. സ്വയം സൂക്ഷിച്ചേ പറ്റൂ. വൈറസിനെ ചെറുക്കേണ്ടതെങ്ങനെയെന്ന അടിസ്ഥാനപാഠങ്ങളില്‍ മാറ്റമില്ല.  വിട്ടുവീഴ്ചയില്ലാതെ ഓണം ആഘോഷിച്ചാല്‍ വീണു പോകാതെ പിടിച്ചു നില്‍ക്കാം. മറക്കരുത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...