പ്രതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടതിലെ ശുഭസൂചനകള്‍; വരട്ടെ തിരുത്തലുകള്‍

Parayathe-Vayya-vismaya-n
SHARE

കേരളത്തിന്റെ സാമൂഹ്യഘടനയില്‍ സ്ത്രീകള്‍  നേരിടുന്ന കുടുംബാധികാരത്തിന്റെ സമ്മര്‍ദത്തില്‍ ശുഭകരമായ രണ്ടു നീക്കങ്ങള്‍ ഈ ദിവസങ്ങളിലുണ്ടായി. സ്ത്രീധനപീഡനക്കേസില്‍ ഇതാദ്യമായി ഒരു സര്‍ക്കാര്‍ ജീവനക്കാരനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. വിവാഹവും വിവാഹമോചനവും മതേതരനിയമത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന് ‍ ഹൈക്കോടതി പറഞ്ഞു. നല്ല കീഴ്‍വഴക്കങ്ങള്‍ക്കുള്ള തുടക്കമിടുകയാണെങ്കില്‍ രണ്ടും സ്ത്രീജീവിതങ്ങളില്‍ നിര്‍ണായകസ്വാധീനമുണ്ടാക്കാന്‍ പോന്ന ഇടപെടലുകളാണ്.  

സ്ത്രീധനപീഡനമെന്ന് ആരോപണമുയര്‍ന്ന വിസ്മയയുടെ ആത്മഹത്യാക്കേസിലാണ് സംസ്ഥാനത്ത് ആദ്യം എന്നു വിശേഷിപ്പിക്കാവുന്ന നടപടിയുണ്ടായത്.  വിസ്മയയുടെ ഭര്‍ത്താവായിരുന്ന മോട്ടോര്‍വാഹനവകുപ്പ് കൊല്ലം റീജനല്‍ ഓഫിസിലെ എ.എം.വി.ഐ എസ്.കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. സമൂഹത്തിനുള്ള സന്ദേശമാണ് നടപടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചു.  

സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ നടപടിയിലൂടെ വകുപ്പിനും സര്‍ക്കാരിനും കളങ്കം വരുത്തിയതിനാണ് നടപടി. 1960ലെ കേരളസിവില്‍ സര്‍വീസ് ചട്ടത്തിലെ വകുപ്പ് പ്രകാരമാണ് പിരിച്ചുവിട്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്ന പൊതുപെരുമാറ്റച്ചട്ടവും ലംഘിക്കപ്പെട്ടുവെന്ന് വകുപ്പു തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് സര്‍ക്കാര്‍ ജീവനക്കാരനെ പിരിച്ചുവിട്ടിരിക്കുന്നത്. കിരണ്‍കുമാറിന് കുറ്റാരോപണ മെമ്മോ നല്‍കി, നേരിട്ടും സാക്ഷികളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്താണ് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കിയത്. കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞുവെന്നാണ് അന്വേഷണറിപ്പോര്‍ട്ട്.  

സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്ന ചട്ടപ്രകാരം നടപടിയുണ്ടായി എന്നതാണ് ഏറ്റവും പ്രധാനം. സമൂഹം മാറട്ടെ എന്ന ഒഴിഞ്ഞു മാറലിനു നില്‍ക്കാതെ സര്‍ക്കാരില്‍ നിന്നു തന്നെ അനിവാര്യമായ നടപടിയുണ്ടായത് നല്ല സന്ദേശമാണ്. സ്ത്രീധനം എന്ന സാമൂഹ്യവിപത്തിനെ നേരിടാന്‍ മുന്നില്‍ നില്‍ക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. ആത്മാര്‍ഥ നടപടികള്‍ തുടര്‍ന്നാല്‍ സ്ത്രീധനത്തെ ചെറുക്കുകയെന്നത് അസാധ്യമാകില്ല. പക്ഷേ നിലപാടും നടപടിയും ഒരു കേസിലൊതുക്കി മേനി നടിച്ച് പിന്‍മാറരുത് സര്‍ക്കാര്‍. വിവാഹനിയമം ഉടച്ചു വാര്‍ക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രത്യാശ പകരുന്നതാണ്.  

വിവാഹവുമായി ബന്ധപ്പെട്ട് പൊതുമതേതരനിയമം ആവശ്യമാണെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. വിവാഹത്തിനും വിവാഹമോചനത്തിനും എല്ലാ സമുദായവിഭാഗങ്ങള്‍ക്കും ബാധകമായ മതേതരനിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാണിക്കുന്നു. 

വ്യക്തിനിയമമനുസരിച്ച് വിവാഹിതരാകാമെങ്കിലും പൊതുമതേതരനിയമമുണ്ടായാല്‍ അത് എല്ലാവര്‍ക്കും ബാധകമായിരിക്കും, ഒഴിഞ്ഞു മാറാന്‍ കഴിയില്ല. നിലവിലെ സ്ഥിതി ഒട്ടും ആധുനികവും വ്യക്തിതാല്‍പര്യങ്ങള്‍ക്കും പ്രാധാന്യം കിട്ടുന്നതുമല്ല. വളരെ വ്യത്യസ്തമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വിവാഹത്തിലും വിവാഹമോചനത്തിലും വ്യക്തിതാല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുകയാണ്.  

വ്യക്തികള്‍ തമ്മിലുള്ള കരാറാണ് വിവാഹമെന്ന പരമപ്രധാന വസ്തുത പരിഗണിക്കാതെയാണ് ഇപ്പോഴുള്ള നിയമനടപടികളെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയുടെ സ്വതന്ത്ര മനസ് തിരിച്ചറിയുന്നതല്ല  നിലവിലെ നീതിനിര്‍വഹണസംവിധാനം. വ്യക്തികളുടെ തീരുമാനത്തിനു മേല്‍  കോടതികളുടെ അധികാരം പ്രയോഗിക്കുകയല്ല, സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള സഹായമാണ് നിയമം നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  

ഭാര്യക്ക് വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. ഹര്‍ജിക്കാരന്‍ എതിര്‍കക്ഷിയെ ലൈംഗികവൈകൃതത്തിനു നിര്‍ബന്ധിക്കുകയും പണത്തിനു വേണ്ടി പീഡിപ്പിക്കുകയും ചെയ്തുവെന്ന് വ്യക്തമാണ്. പങ്കാളിയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ബലാല്‍സംഘമാണെന്നും ഇത് ഇന്ത്യന്‍ ശിക്ഷാനിയമം കുറ്റമായി കാണുന്നില്ലെങ്കിലും വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്. ദുരിതം തുടരാനാകാതെ പങ്കാളികളില്‍ ഒരാള്‍ വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ കണക്കാക്കാനാകാത്ത  നഷ്ടങ്ങളുണ്ടായേക്കാം.  വിവാഹവും വിവാഹമോചനവും മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാനാണ് നിയമം സഹായിക്കേണ്ടത്. ഇത് വ്യക്തമായി കൈകാര്യം ചെയ്യാന്‍ ശക്തമായ നിയമം വേണം. 

മനുഷ്യന്റെ പ്രശ്നങ്ങള്‍ മാനവികതയിലൂടെ തന്നെ പരിഹരിക്കാന്‍ കഴിയുന്ന നിയമങ്ങള്‍ വേണമെന്നാണ് കോടതി മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദേശം. നിയമനിര്‍മാണസഭയാണ് ഈ നിര്‍ദേശങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കേള്‍ക്കേണ്ടത്. കാലം മാറിയിട്ടും സ്ത്രീധനത്തിലും സങ്കീര്‍ണമായ വിവാഹമോചനനിയമങ്ങളിലും കുരുങ്ങി ജീവിക്കേണ്ടവരാകരുത് ഇവിടത്തെ മനുഷ്യര്‍. തിരുത്തല്‍ ആവശ്യമാണ്. നിയമത്തിലും സമൂഹത്തിലും.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...