ക്ഷമ പരീക്ഷിക്കുന്ന സര്‍ക്കാര്‍; ജനങ്ങളോടോ കോവിഡിനോടോ പോരാട്ടം?

Parayathe-Vayya-CM-n
SHARE

രണ്ടാമതും തിരഞ്ഞെടുത്ത കേരളത്തിലെ ജനങ്ങളോട് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്യുന്നതെന്താണ്? എന്തായാലും കേരളം കോവിഡ് പ്രതിരോധത്തിലെ ആശയക്കുഴപ്പത്തിലും ഒന്നാം സ്ഥാനം ഉറപ്പിച്ചു. ആരും തട്ടിയെടുക്കാന്‍ സാധ്യതയില്ലാത്ത ഒരു റെക്കോര്‍ഡ് തന്നെ കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സൃഷ്ടിച്ചേക്കും. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ ലക്ഷ്യബോധം എന്താണ്? എന്താണ് കേരളം ഉന്നം വയ്ക്കുന്നത്? ജനങ്ങളുടെ ക്ഷമയും സഹനവും പരീക്ഷിക്കുകയല്ലാതെ ഫലപ്രദമായ കോവിഡ് പ്രതിരോധം ഉറപ്പാക്കാന്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്? പ്രതിപക്ഷം ആരോപിക്കുന്നതുപോലെ കേരളത്തെ ഒരു പിഴ സംസ്ഥാനമാക്കി മാറ്റാനാണോ സര്‍ക്കാര്‍ അത്യധ്വാനം ചെയ്യുന്നത്?   

മൂന്നു മാസത്തെ ലോക്ക്ഡൗണിനൊടുവില്‍, ഒന്നരമാസത്തിനിടെ സാമ്പത്തികപ്രതിസന്ധി നേരിടാനാകാതെ ഇരുപതു പേര്‍ ജീവനൊടുക്കിയതിനൊടുവില്‍, നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിച്ച നിലപാടാണിത്.  

കോവിഡ‍് പ്രതിരോധത്തില്‍ സര്‍വത്ര ആശയക്കുഴപ്പമാണ് സഭയ്ക്കകത്തും പുറത്തും കാണുന്നത്. മൂന്നു മാസം നീണ്ട ലോക്ഡൗണിനൊടുവില്‍ സ്വന്തം നിലയില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുകയും വിമര്‍ശനം രൂക്ഷമാകുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ കടകള്‍ തുറക്കാമെന്ന് നിലപാട് പ്രഖ്യാപിച്ചത്. ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കുകയും കടകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കുകയും ചെയ്തു. നിലവിലുണ്ടായിരുന്ന നിബന്ധനകള്‍ ആള്‍ത്തിരക്കുണ്ടാക്കുകയാണെന്ന് വ്യക്തമായിട്ടും ഒരു മാസത്തോളം ഒരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഒടുവില്‍ പ്രതിദിനരോഗികളുടെ എണ്ണം ഇരുപത്തിരണ്ടായിരം കവിയുന്ന അവസ്ഥയെത്തി. ആരോഗ്യവിദഗ്ധര്‍ പരസ്യമായി  രംഗത്തെത്തിയതോടെയാണ് നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടത്. ഒടുവില്‍ പിന്‍വലിച്ചപ്പോഴോ കടയില്‍ പോകാന്‍ പോലും വാക്സീന്‍ എടുക്കുകയോ  RTPCR ടെസ്റ്റ് നെഗറ്റീവാകുകയോ വേണമെന്ന വിചിത്രമായ വ്യവസ്ഥയും. 

സര്‍ക്കാര്‍ ഉത്തരവ് സാമൂഹ്യ അനീതിയുമാണ്. കേരളത്തില്‍ വാക്സീന്‍ എടുക്കാത്തതല്ല, കിട്ടാത്തതാണ് എന്ന് സര്‍ക്കാരിന് അറിയാത്തതല്ല. എല്ലാവര്‍ക്കും വാക്സീന്‍ വിതരണം ചെയ്യാന്‍ സാധിക്കാത്ത സര്‍ക്കാര്‍ തന്നെ എങ്ങനെയാണ് വാക്സീന്‍ ഒരു മാനദണ്ഡമാക്കി ഇങ്ങനെ ഒരുത്തരവ് ഇറക്കിയത്? വാക്സീനു വേണ്ടി ഇപ്പോഴും നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്ക് വാക്സീന്‍ എത്തിക്കാനാകാത്ത ഒരു സര്‍ക്കാര്‍ എങ്ങനെയാണ് വാക്സീന്‍ എടുത്തവര്‍ പുറത്തിറങ്ങിയാല്‍ മതി എന്നു പറയാന്‍ പോലും തയാറാകുന്നത്? ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളെ പൊലീസിന് വിട്ടുകൊടുക്കുന്നത്? എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ മാതിരി തീരുമാനങ്ങള്‍ കൈക്കൊള്ളത്?  

സര്‍ക്കാര്‍ ഇപ്പോഴും സല്‍പേരിലും ദുഷ്പേരിലും കുരുങ്ങിക്കിടക്കുകയാണ്. മനുഷ്യരിവിടെ സാമ്പത്തികപ്രതിസന്ധി നേരിടാനാകാതെ ജീവിതം ഉപേക്ഷിച്ചു കളയുന്നു. കോവിഡിന്റെ പേരില്‍ കേരളം അനുഭവിക്കുന്നതെന്താണെന്ന് നേരിയ ധാരണ പോലും സര്‍ക്കാരിനില്ലെന്നു വ്യക്തമാക്കുന്ന സമീപനമാണ് സഭയ്ക്കകത്തും പുറത്തും കാണുന്നത്. എത്ര കാലം അടച്ചിടുമെന്ന ചോദ്യത്തിന് ഒരു വ്യക്തയുമില്ലാതെയാണ്.  

നിയന്ത്രണങ്ങള്‍  പാടില്ലെന്ന്  പ്രതിപക്ഷമോ ജനങ്ങളോ ആവശ്യപ്പെട്ടത് നമ്മള്‍ കേട്ടിട്ടില്ല. പ്രായോഗികവും ശാസ്ത്രീയവുമായ നിയന്ത്രണങ്ങളാകണമെന്ന് പ്രതിപക്ഷം മാത്രമല്ല , ആരോഗ്യവിദഗ്ധരും ആവശ്യപ്പെടുന്നതുമാണ്.  

നിയന്ത്രണങ്ങള്‍ പാടില്ലെന്ന് ആരോ ആവശ്യപ്പെട്ടു കളഞ്ഞുവെന്നാണ് സര്‍ക്കാര്‍ വരുത്തിത്തീര്‍ക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെ കൂട്ടം ചേരാന്‍ അവസരമൊരുക്കാതെ തന്നെ ജീവനോപാധികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സര്‍ക്കാരിനോടാവശ്യപ്പെട്ടത്. അത് കൃത്യവും വ്യക്തവുമാണ്. 

കര്‍ശന ഉത്തരവിറക്കിയെങ്കിലും കര്‍ശനമായി നടപ്പാക്കാതിരുന്നാല്‍ പോരെ എന്നാണ് സര്‍ക്കാരിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരുടെ ചോദ്യം. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണോ? കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണോ? ജനങ്ങളെയും കോടതിയെയും കബളിപ്പിച്ചാലും കോവിഡിനെ കബളിപ്പിക്കാന്‍ സാധിക്കുമോ? എന്താണ് സാഹചര്യമെന്ന് ജനങ്ങളോടു തുറന്നു പറയുകയാണ് വേണ്ടത്. പുറത്തിറങ്ങുന്നത് അപകടമാണെന്ന് നിശ്ചയമായും സര്‍ക്കാര്‍ ഭയക്കുന്ന സാഹചര്യമാണ് കേരളത്തിലെങ്കില്‍  അതു തുറന്നു പറയണം. അങ്ങനെ പറയേണ്ടി വന്നാല്‍ കോവിഡ് പ്രതിരോധം പരാജയമായിരുന്നുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കേണ്ടി വരും. കോവിഡ് പ്രതിരോധത്തില്‍ ലോകമാതൃകയെന്നവകാശപ്പെട്ട കേരളം ഇന്നെത്തിനില്‍ക്കുന്ന സങ്കീര്‍ണസാഹചര്യം ദയനീയമാണ്.  

കോവിഡ് ആഗോളപ്രതിസന്ധി സൃഷ്ടിച്ച വൈറസാണ്. കോവിഡ് വ്യാപനം ഒരു ഭരണകൂടത്തിന്റെയും കുറ്റമോ പരാജയമോ ആണെന്ന് പറയാനാകില്ല. പക്ഷേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് അവകാശപ്പെട്ട സര്‍ക്കാരുകള്‍ അതിനു സാധിക്കാതെ വരുമ്പോള്‍ പരാജയപ്പെടുന്നുവെന്നും സ്വയം സമ്മതിക്കേണ്ടി വരും. കേരളം ഏതു മാനദണ്ഡം വച്ചു നോക്കിയാലും മികച്ച ആരോഗ്യസംവിധാനങ്ങളോടെ കോവിഡിനെ ചെറുത്തുനിന്ന സംസ്ഥാനമാണ്. പക്ഷേ രണ്ടാം തരംഗത്തിന്റെ ഈ ഘട്ടത്തില്‍  രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനു സാധിക്കുന്നില്ലെന്നു വ്യക്തമാണ്. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ മാത്രമല്ല, ജനങ്ങള്‍ നേരിടേണ്ടി വരുന്ന ദുരിതം ലഘൂകരിക്കുന്നതിലും സര്‍ക്കാര്‍ ദയനീയ പരാജയമാണ്. രണ്ടാമതും തിരഞ്ഞെടുത്ത ജനങ്ങളോടു ശത്രുത തീര്‍ക്കുന്ന മട്ടിലാണ് ഓരോ കോവിഡ് നിയന്ത്രണങ്ങളും ജനത അനുഭവിക്കേണ്ടി വരുന്നത്.

രോഗവ്യാപനം നിയന്ത്രിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഒരു ലക്ഷ്യബോധവും പ്രകടമല്ല. എന്തു ചെയ്യണമെന്നന്തിച്ചു നില്‍ക്കുന്ന ആശയക്കുഴപ്പമാണ് സര്‍ക്കാരിന്റെ സമീപനത്തില്‍ സര്‍വത്ര ദൃശ്യമാകുന്നത്. 

ജനങ്ങളെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും പൊലീസിനെ ഉപയോഗിച്ചും നേരിടാന്‍ കഴിയുന്ന ഒന്നല്ല കോവിഡ് വ്യാപനം. പുറത്തിറങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നു വാശി പിടിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ബവറിജസ് കോര്‍പറേഷന്റെ പ്രവര്‍ത്തനസമയം ഇനിയും എത്ര വേണമെങ്കിലും ദീര്‍ഘിപ്പിച്ചു നല്‍കാമെന്ന് ഉദാരമനസ്കരാകുന്നത്. എല്ലാ മനുഷ്യര്‍ക്കും ഒരേ അന്തസും അവകാശങ്ങളുമുണ്ട്. പൊലീസിനു തോന്നുന്നതുപോലെ കൈകാര്യം ചെയ്യാന്‍ പൗരന്‍മാരെ വിട്ടുകൊടുക്കുന്നത് ഒരു പ്രതിസന്ധിയുടെ പേരിലും ന്യായീകരിക്കാവുന്നതല്ല.  

ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കേരളത്തിലാണ് എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് അഭിമാനം കൊള്ളുന്നത് പല തവണ നമ്മള്‍ കേട്ടതാണ്. 

ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ലോക്ഡൗണ്‍ പിന്‍വലിച്ച നേട്ടം കൂടി കേരളത്തിനു തന്നെ കിട്ടുമെന്നുറപ്പായിരിക്കുന്നു.  മൂന്ന് മാസം അടച്ചിട്ടിട്ടും കേരളത്തില്‍ രോഗവ്യാപനം കുറയുകയല്ല കൂടുകയാണ് ചെയ്്തത്. കാരണം ചോദിച്ചാല്‍ ഐ.സി.എം.ആര്‍. സിറോ സര്‍വേയാണ് ഇപ്പോള്‍ കേരളസര്‍ക്കാരിന്റെ ഒരേയൊരുത്തരം. യഥാര്‍ഥ സാഹചര്യം വിലയിരുത്താന്‍ സര്‍വേ ഫലം ഉപയോഗിക്കരുതെന്നും സംസ്ഥാനങ്ങള്‍ വിശദമായി സ്വന്തം നിലയില്‍ തന്നെ സര്‍വേ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന് കുലുക്കമില്ല.

കോവിഡ് മരണക്കണക്ക് സുതാര്യമായി പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും കാര്യം നടന്നിട്ടില്ല. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന സുതാര്യത കൂടി ഉറപ്പാക്കിയാണ് ഇതുപോലൊരു പ്രതിസന്ധി കാലത്ത് സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്. അരി വാങ്ങാന്‍ പോകുന്നവന് അയല്‍സംസ്ഥാനത്തേക്കു പോകാന്‍ വേണ്ട രേഖകള്‍ വേണമെന്ന് വാശി പിടിക്കുന്ന ഒരു സര്‍ക്കാര്‍ ജനങ്ങളോടു ശത്രുത തീര്‍ക്കുകയാണെന്നേ കരുതാനാകൂ. ഇത്തരത്തിലുള്ള അപ്രായോഗികവും അശാസ്ത്രീയവുമായ നിര്‍ദേശങ്ങള്‍ ആവര്‍ത്തിക്കുന്നത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും ഗൗരവവും നഷ്ടപ്പെടുത്തും. ഇപ്പോള്‍ തന്നെ പലയിടത്തും ജനങ്ങളും പൊലീസും ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നു കഴിഞ്ഞു.

രാജ്യത്താദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ അന്നു മുതല്‍ പൊലീസിനെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിനു മുന്നില്‍ നിര്‍ത്തുന്നത്. ആദ്യഘട്ടത്തില്‍ ഏറെക്കുറെ പരുക്കുകളില്ലാതെ പ്രതിരോധം ഏകോപിപ്പിക്കാന്‍ സര്‍ക്കാരിനും കഴിഞ്ഞു. പക്ഷേ രണ്ടാം ഘട്ടമായപ്പോഴേക്കും ആരു പറയുന്നുവെന്ന് ആര്‍ക്കും അറിയാത്ത കുറേ നിര്‍ദേശങ്ങള്‍ വിദഗ്ധസമിതിയുടേതെന്ന പേരില്‍ പ്രഖ്യാപിക്കപ്പെടുന്നു. സാമാന്യയുക്തിക്ക് അംഗീകരിക്കാവുന്നതല്ലെങ്കില്‍ പോലും സര്‍ക്കാര്‍ പ്രഖ്യാപിക്കും, പൊലീസ് നടപ്പാക്കും,  ജനങ്ങള്‍ അനുസരിക്കും ഇതാണ് നടന്നു പോരുന്നത്. നിയന്ത്രണങ്ങളുടെ ശാസ്ത്രീയയുക്തി ചോദ്യം ചെയ്തപ്പോഴൊക്കെ മുഖ്യമന്ത്രി മൗനത്തിലൂടെയോ കാര്‍ക്കശ്യത്തിലൂടെയോ ഒഴിഞ്ഞു മാറുകയാണ് ചെയ്ത്.

മുഖ്യമന്ത്രിക്കും വിശദീകരിക്കാനാകാത്ത, ഒട്ടും യുക്തിസഹമല്ലാത്ത ഒട്ടേറെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി. കോവിഡ് പ്രതിരോധത്തിനാണല്ലോ എന്ന സഹനത്തിലൂടെ ജനങ്ങള്‍ അനുസരിച്ചു. പക്ഷേ ഏറ്റവും അനിവാര്യമായ ബോധവല്‍ക്കരണവും പരസ്പരവിശ്വാസവും സര്‍ക്കാര്‍ ഗൗനിക്കുന്നതേയില്ല. രോഗത്തെ നേരിടുന്നതിനൊപ്പം പ്രധാനമാണ് ജീവനോപാധികള്‍. അക്കാര്യവും പൂര്‍ണമായും അവഗണിച്ചു. പകുതി പേര്‍ക്കും കോവിഡ് വന്നിട്ടില്ലെന്നതാണ് പ്രശ്നമെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ വാക്സീന്‍ പ്രതിരോധമാണ് ഒരേയൊരു പോംവഴിയെന്ന മറുവശം വേണ്ടത്ര ഗൗരവത്തില്‍ ഇപ്പോഴും ക്രമീകരിക്കപ്പെടുന്നില്ല.

കിട്ടുന്ന വാക്സീനെത്ര, അത് ആര്‍ക്ക് കൊടുക്കണം എന്നകാര്യത്തില്‍ പലപ്പോഴും വ്യക്തതയില്ല.  സ്്പോട്ട് രജിസ്ട്രേഷന്‍ , ഓണ്‍ ലൈന്‍ റജിസ്ട്രേഷനിലെല്ലാം പാളിച്ചവന്നു. വാക്സീന്‍ കിട്ടുകയെന്നാല്‍  ലോട്ടറിയടിക്കുകയെന്നതു പോലെയാണ് ഇപ്പോഴും കേരളത്തിലെ അവസ്ഥ. എന്നിട്ടാണ് വാക്സീന്‍ എടുത്തവര്‍ പുറത്തിറങ്ങിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.  

ഏറ്റവും സങ്കടകരമായ കാര്യം കേരളസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഒട്ടും ജനാധിപത്യപരവും സുതാര്യവുമല്ല എന്നതാണ്.  ഇനിയെങ്കിലും സര്‍ക്കാര്‍ പ്രതികരണം നിര്‍ത്തി ശരിയായ പ്രതിരോധത്തിലേക്കു തിരിച്ചു  വരണം. കോവിഡ് ഒന്നരവര്‍ഷമായി നമുക്കിടയിലുണ്ട്. ഇനിയും കുറച്ചു കാലം കൂടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുകയും വേണം. കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യക്തവും സുതാര്യവുമായ കാഴ്ചപ്പാട് സര്‍ക്കാരിനുണ്ടാകണം. അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും കൂടെ നിര്‍ത്തുകയും വേണം. കോവിഡിനെ ഒരുമിച്ചേ നേരിടാനാകൂ. പൊലീസിനെക്കൊണ്ട് തല്ലിയോടിക്കാനും പിഴയൊടുപ്പിച്ച് നേരിടാനും കഴിയുന്ന ഒന്നല്ല കോവിഡ് വൈറസ്. ഇതിനിടയില്‍ ശ്രദ്ധേയമായ ഒരു മാറ്റം കേരളം വിട്ടുപോകരുത്. നേരത്തെ ആരോഗ്യകാര്യങ്ങളെക്കുറിച്ചു പോലും സംസാരിക്കാന്‍ മുന്‍ ആരോഗ്യമന്ത്രിക്ക് അവസരം നല്‍കാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വരെ പ്രഖ്യാപിക്കാന്‍ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തി മാറിനില്‍ക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തില്‍ നേട്ടങ്ങള്‍ അവകാശപ്പെട്ടു കൊണ്ടേയിരുന്ന വാര്‍ത്താസമ്മേളനങ്ങള്‍ക്കും വലിയ ഇടവേളയുണ്ടായി. 

ക്യാപ്റ്റന്‍ എവിടെയെന്ന് അണികളും അന്വേഷിക്കുന്നില്ല. ഒന്നാമതെത്തുമ്പോള്‍ മാത്രം മുന്നില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെയല്ല കേരളം രണ്ടാമതും തിരഞ്ഞെടുത്തത്. ജനങ്ങള്‍ കോവി‍ഡിനെയും സാമ്പത്തികപ്രതിസന്ധിയെയും നേരിടാന്‍ പാടുപെടുമ്പോള്‍ അവരുടെ ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുക്കാന്‍ മുഖ്യമന്ത്രി മുന്നിലുണ്ടാകാത്തതെന്ത് എന്നത് വലിയ ചോദ്യമാണ്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...