പ്രതികാരത്തിനും ചികിൽസയുണ്ട്; ജീവനെടുക്കുന്നത് പ്രണയമല്ല

prayathenew
SHARE

ഒരു പെണ്‍കുട്ടിയുടെ കൂടി ജീവന്‍ കേരളത്തിനു മുന്നില്‍ പകയില്‍ പൊലിഞ്ഞു. കൊലപാതകിയാണെങ്കിലും മറ്റൊരു ജീവനും അവസാനിച്ചു. വ്യക്തിത്വപ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കേരളത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു മാനസയുടെ ജീവന്‍. പ്രണയപ്രതികാരകൊലപാതങ്ങള്‍ എന്നു വിധിയെഴുതി പിരിഞ്ഞു പോകാന്‍ ഇനിയും നമുക്ക് കഴിയില്ല എന്നു വ്യക്തമായ ചൂണ്ടുപലകയാണ് സമീപകാലത്ത് ആവര്‍ത്തിക്കുന്ന ഇത്തരം ദുരന്തങ്ങള്‍

 എത്ര പരിചയമുണ്ടായിരുന്നു, എന്തായിരുന്നു പ്രശ്നം, എന്തിനു പിണങ്ങി എന്നതൊന്നും പ്രസക്തമേയല്ല. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ കൊലപ്പെടുത്തി എന്നതാണ് പരിഗണിക്കപ്പെടേണ്ട പ്രധാന വസ്തുത. പ്രണയനൈരാശ്യം മൂലം എന്ന ഒരു വാചകം പോലും ആ ഹീനകൃത്യത്തിന് സാധൂകരണം ചമയ്ക്കലായിപ്പോകും. കൊന്നു കളയാന്‍ തീരുമാനിക്കുന്നതൊന്നും പ്രണയമല്ല. സ്നേഹവുമല്ല. പ്രണയമെന്നാല്‍ സ്വന്തമാക്കലും അല്ലെങ്കില്‍ പ്രതികാരം തീര്‍ക്കലുമാണ് എന്ന മനോഗതി ഒരു വിഭാഗത്തിലെങ്കിലും വേരുറപ്പിക്കുന്നതെങ്ങനെയെന്ന് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഒരു ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നതുവരെ തിരിച്ചറിയപ്പെടാതെ പോകുന്ന വ്യക്തിത്വവൈകല്യങ്ങളുണ്ട്. കുട്ടികളിലെ പഠനമികവ് സമൂഹം കൃത്യമായി പരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. ജോലി ചെയ്യാനുള്ള മികവ്, സാമ്പത്തികശേഷി ഇതെല്ലാം വിലയിരുത്തുന്നതിന് സമൂഹം പല മാര്‍ഗങ്ങളും മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ വ്യക്തിത്വവികാസം വിലയിരുത്തുന്നതിനോ വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനോ ഒരു പ്രാധാന്യവും ഇന്നും നമ്മുടെ സമൂഹത്തിലില്ല. ദുരന്തത്തില്‍ കലാശിക്കുന്നതുവരെ, പെണ്‍കുട്ടികളുടെ ജീവനെടുക്കുന്നതുവരെ ശാന്തരായും സൗമ്യരായും വേട്ടക്കാരായി മാറുന്നവര്‍ നമുക്കിടയില്‍ തുടരുകയാണ്. അവരെ കണ്ടെത്തേണ്ടതും ചികില്‍സിക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇനിയും ഇത്തരക്കാരുടെ തോക്കിന്‍തുമ്പിലോ കത്തിമുനയിലോ ഒരു ജീവനും ജീവിതവും വിട്ടുകൊടുക്കേണ്ടി വരരുത്

കുട്ടിയായിരിക്കുമ്പോഴുള്ള ജീവിതാനുഭവങ്ങളാണ് ഒരു വ്യക്തിയെ നിര്‍ണയിക്കുന്നത്. വ്യക്തിത്വം തീരുമാനിക്കുന്നത്. വ്യക്തിത്വവൈകല്യങ്ങള്‍ സാമൂഹ്യബന്ധങ്ങളില്‍ ഗുരുതരമായ സ്വാധീനം ചെലുത്തും. പലപ്പോഴും ഉദാത്ത പ്രണയമായി സിനിമകളിലും കഥകളിലും ചിത്രീകരിക്കപ്പെടുന്നത് വ്യക്തിത്വവൈകല്യങ്ങളാല്‍ പ്രകടമാകുന്ന സ്വഭാവസവിശേഷതകളായിരിക്കും. അത്തരം രീതികളാണ് സ്വാഭാവികപ്രണയമെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവര്‍ നമുക്കിടയില്‍ ഏറെയുണ്ട്. ആണായാലും പെണ്ണായാലും. 

ഇപ്പോഴും ഭ്രാന്തമായ പ്രണയം എന്ന പ്രയോഗം വാഴ്ത്തപ്പെടുന്നുണ്ട്. സത്യത്തില്‍ ആരോഗ്യകരമായ, സ്വാഭാവികമായ, സമാധാനപരമായ മനുഷ്യബന്ധങ്ങളാണ് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്. അസാധാരണമായി പെരുമാറുന്നതും പ്രതികരിക്കുന്നതും മറ്റുള്ളവരെ ദോഷകരമായി ബാധിക്കുമ്പോഴെങ്കിലും തിരുത്തപ്പെടേണ്ട, ചികില്‍സിക്കപ്പെടേണ്ട സ്വഭാവരീതികളാണ്. മാനസികാരോഗ്യവും വ്യക്തിത്വവികാസവും വേണ്ട പ്രാധാന്യത്തില്‍ പരിഗണിക്കപ്പെട്ടാല്‍ സമൂഹത്തില്‍ ഓരോ മനുഷ്യന്റെയും ജീവിതം കൂടുതല്‍ സന്തോഷകരവും സമാധാനപരവുമായിത്തീരും

മനുഷ്യര്‍ ഒരുപോലെയല്ല. ഒരച്ചില്‍ രൂപപ്പെടുത്തുന്ന വാര്‍പ്പുമാതൃകകളല്ല. അതു തന്നെയാണ് മനുഷ്യനായിരിക്കുന്നതിന്റെ മനോഹരമായ അനുഭവവും. പക്ഷേ സമൂഹജീവിയെന്ന നിലയില്‍ പരസ്പരം പാലിക്കേണ്ട മര്യാദകളുണ്ട്. മറ്റൊരാള്‍ക്കു മേല്‍ എത്ര വരെ അവകാശവും നിയന്ത്രണവുമാകാം എന്നുമനസിലാക്കേണ്ടത് ഒരു അടിസ്ഥാനസാമൂഹ്യജീവിതയോഗ്യതയാണ്. മറ്റൊരാള്‍ക്ക് ഏതു കാര്യത്തിനും നോ എന്നു പറയാനുള്ള അവകാശം മാനിക്കാന്‍ കുട്ടികള്‍ പഠിക്കണം. മുതിര്‍ന്നവര്‍ പഠിച്ചില്ലെങ്കില്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളണം.

ഏതു ബന്ധത്തിലും ജനാധിപത്യബോധമുണ്ടാകുകയെന്നതു പ്രധാനമാണ്. തിരിച്ചറിവുണ്ടാകുകയെന്നതു പ്രധാനമാണ്. ഒരു ബന്ധത്തിലേക്കെത്തുന്നതുവരെ സ്വയം പോലും വ്യക്തിത്വത്തിലെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നുണ്ടാകില്ല. അപക്വമായ പെരുമാറ്റരീതിയും സങ്കീര്‍ണമായ വ്യക്തിത്വവൈകല്യങ്ങളും ഒന്നല്ല. 

നമ്മള്‍ ഇത്രയും കാലം പെണ്‍കുട്ടികളെ മാത്രമാണ് ഉപദേശിക്കുന്നത്. ഒഴിഞ്ഞു മാറാനും ഇരയാകാതിരിക്കാനും സൂക്ഷ്മത പുലര്‍ത്തൂ എന്നാണ് നമ്മള്‍ പെണ്‍കുട്ടികളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. പക്ഷേ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കണമെങ്കില്‍ വേട്ടക്കാരായി മാറുന്ന ആണ്‍കുട്ടികളിലാണ് ശ്രദ്ധ വേണ്ടത്. അവരുടെ മാനസികാരോഗ്യത്തിലും വ്യക്തിത്വവികാസത്തിലും മാറ്റങ്ങളുണ്ടാകണം. സമൂഹത്തിന് സ്ത്രീ–പുരുഷബന്ധങ്ങളോടുള്ള മനോഭാവം മാറണം. 

പക്ഷേ പെണ്‍കുട്ടികള്‍ മാത്രമല്ല സൂക്ഷിക്കേണ്ടതും സൂക്ഷ്മത പുലര്‍ത്തേണ്ടതും. അസാധാരണമായ, പരിധി വിടുന്ന പെരുമാറ്റരീതികളില്‍ അപായസൂചന കാണണം. സൂക്ഷ്മതയോടെ പ്രതികരിക്കുകയും വിദഗ്ധസഹായം തേടുകയും വേണം. പക്ഷേ സ്നേഹിച്ചുവെന്ന അവകാശവാദത്തില്‍ ഒരു ജീവനെടുക്കുകയും സ്വയം ജീവനൊടുക്കുകയും ചെയ്യുന്ന ആണ്‍കുട്ടികളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. 

ഒരു ബന്ധത്തിന്റെയും അവസാനം ജീവിതത്തിന് അവസാനമാകുന്നില്ല. ഹൃദയം ഭേദിക്കുന്ന ഏതു വേദനയും വേദന തന്നെയാണ്. അനുഭവിക്കുന്നവര്‍ക്ക് അത് നിസാരമാകില്ല. പക്ഷേ മറ്റൊരാളുടെ അംഗീകാരമോ സ്വീകാര്യതയോ അല്ല ആത്യന്തികമായി നമ്മുടെ മൂല്യം തീരുമാനിക്കേണ്ടത്. കഠിനമായ നിരാശകളും മനസിനുതാങ്ങാന്‍ കഴിയാത്ത അവസ്ഥകളും ഉണ്ടാകുമ്പോള്‍ കൃത്യമായ സഹായം നല്‍കാന്‍ മനഃശാസ്ത്രത്തിനു കഴിയുമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. മുതിര്‍ന്നവരും തിരിച്ചറിയേണ്ടതുണ്ട്. 

ആരെയും കൊല്ലാതിരിക്കാന്‍ മാത്രമല്ല, ജീവനൊടുക്കാതിരിക്കാനും നിരാശകളെ മറികടക്കേണ്ടതെങ്ങനെയെന്ന് മനഃശാസ്ത്രം സഹായിക്കും. ശരീരത്തിന് ഒരസുഖം വന്നാല്‍ വൈദ്യസഹായം തേടുന്നതുപോലെ തന്നെ മാനസികാരോഗ്യത്തിനും വ്യക്തിത്വവൈകല്യങ്ങള്‍ക്കും ശാസ്ത്രീയചികില്‍സ തേടുന്ന സംസ്കാരം കേരളത്തില്‍ ഉണ്ടായേ പറ്റൂ. 

ഒരു ബന്ധത്തിന്റെയും അവസാനം ജീവിതത്തിന്റെ അവസാനമല്ല. 

നമ്മള്‍ എപ്പോഴും മറ്റുള്ളവരുടെ സ്നേഹത്തിനായാണ് കാത്തിരിക്കുന്നത്. ഉറ്റുനോക്കുന്നത്. സ്വയം സ്നേഹിക്കാനും വിലമതിക്കാനും പരുക്കേല്‍ക്കാതെ പരിപാലിക്കാനും നമ്മള്‍ ശീലിക്കുന്നില്ല. ആത്മവിശ്വാസവും സമാധാനവും നേടേണ്ടതെങ്ങനെയെന്ന്  ഒരു പാഠ്യപദ്ധതിയും നമ്മളെ പഠിപ്പിക്കുന്നില്ല. സ്വയം മതിപ്പോടെ, ബഹുമാനത്തോടെ കാണാനാകുന്ന ഒരു വ്യക്തിയും മറ്റൊരാളുടെ 

അംഗീകാരത്തിലോ നിരസിക്കലിലോ നില വിട്ടു പോകില്ല. സ്വന്തം മൂല്യം തിരിച്ചറിയാനും ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാനുമാണ് കുട്ടികള്‍ക്കു പരിശീലനം ലഭിക്കേണ്ടത്. നമ്മള്‍ ഇനിയും സ്വയം പരിശീലിക്കേണ്ടതും അതു തന്നെയാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...