ജനതയെ പേടിക്കുന്ന ഭരണാധികാരി; ഭരണത്തെ പേടിക്കുന്ന ജനത: ഇന്ത്യയുടെ വിധി

modi-pegasus
SHARE

ഒരു ഭരണകൂടം സ്വന്തം ജനതയെ പേടിക്കുന്നുവെങ്കില്‍ ഭരണാധികാരിക്ക് ആത്മവിശ്വാസമില്ലെന്നാണ് അര്‍ഥം. ജനത ഭരണകൂടത്തെ പേടിക്കുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് ആ ഭരണത്തില്‍ വിശ്വാസമില്ലെന്നാണ് അര്‍ഥം. ഭരണകൂടം ജനത്തെയും ജനം ഭരണകൂടത്തെയും പേടിക്കേണ്ടതില്ലാത്ത അവസ്ഥയാണ് ജനാധിപത്യം. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ജനങ്ങള്‍ക്കു വേണ്ടി ഭരണം നടത്തുന്ന ഉത്തമസാഹചര്യം. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ അവര്‍ക്കു വേണ്ടിയല്ല ഭരിക്കുന്നതെങ്കില്‍ ഉറപ്പായും ജനങ്ങളെ പേടിക്കണം. നിരീക്ഷിക്കണം. ജനാധിപത്യവിരുദ്ധമായ ഏതു മാര്‍ഗത്തിലൂടെയും അധികാരത്തിന് തുടര്‍ച്ച കണ്ടെത്തുകയും ചെയ്യും. ഇന്ത്യയില്‍ നടന്നതെന്താണ്? നടക്കുന്നതെന്താണ്? 

ഭരണകൂടം നിങ്ങളെ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടോ. ഒളിച്ചുവയ്ക്കാനൊന്നുമില്ലാത്തവര്‍ക്ക് എന്തു പ്രശ്നം എന്നല്ലേ? വളരെ നല്ലൊരു ന്യായമാണ്. രഹസ്യങ്ങള്‍ മാത്രമാണ് സ്വകാര്യതയെന്നു കരുതുന്നവരോട് ജനാധിപത്യവിരുദ്ധതയെന്നു പറഞ്ഞാല്‍ മനസിലാകുമോ? ആരുമറിയാത്ത വ്യക്തിപരമായ രഹസ്യങ്ങള്‍ കണ്ടെത്താനല്ല, ഭരണകൂടം പൗരന്‍മാരെ നിരീക്ഷിക്കുന്നത്. എന്തിനുമേതിനും ന്യായീകരിക്കാന്‍ അണികളെ കണ്ടെത്തുന്നതെങ്ങനെയാണ്? പെട്രോള്‍ വില നൂറുകടന്നാലും അച്ഛാദിന്‍ എന്നു ന്യായീകരിക്കാന്‍ തക്ക അടിമത്ത മാനസികാവസ്ഥ സൃഷ്ടിക്കുന്നതെങ്ങനെയാണ്. എല്ലാത്തിനും സൂക്ഷ്മ നിരീക്ഷണം പ്രയോജനപ്പെടുന്നുണ്ട്. ജനങ്ങള്‍ എങ്ങനെ ചിന്തിക്കണം, എങ്ങനെ പെരുമാറണം എങ്ങനെ ജീവിക്കണം എന്ന് ഒരു ഭരണകൂടത്തിന് തീരുമാനിക്കാന്‍ കഴിയുന്നുവെങ്കില്‍ അതിനുള്ള അടിത്തറയൊരുക്കലാണ് സൂക്ഷ്മനിരീക്ഷണത്തിന്റെ ദൗത്യം. നമ്മുടെ രാജ്യത്ത് മുന്‍പൊരിക്കലുമില്ലാത്ത അപരവിദ്വേഷത്തിന്റെ വിത്തുകള്‍  പാകി മുളപ്പിച്ചതും ഇത്തരം അനധികൃതനിരീക്ഷണങ്ങളില്‍ കൂടി തന്നെയാണ്. ഭരണകൂടം കൈ ചലിപ്പിക്കുന്നതിനൊപ്പം ചാടുന്ന പാവകളായി ജനങ്ങളെ മാറ്റിയെടുക്കുന്നതിനു തന്നെയാണ് ജനങ്ങള്‍ നിരീക്ഷിക്കപ്പെടുന്നത്. അവിശ്വാസത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്. 

പക്ഷേ കാര്യം ഇതൊക്കെയാണെങ്കിലും രാഹുല്‍ഗാന്ധിയടക്കം മൂന്നൂറോളം ഇന്ത്യക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് മോദി സര്‍ക്കാരാണെന്ന് ഉറപ്പിച്ചു പറയാനാകുമോ?അല്ലെന്ന് മോദി സര്‍ക്കാരും പറയുന്നില്ല എന്നതാണ് പ്രശ്നം. നിരീക്ഷിക്കപ്പെട്ടവരുടെ പട്ടിക ഒന്നാമത്തെ സംശയം. കേന്ദ്രസര്‍ക്കാരിന്റെ നിസംഗമായ പ്രതികരണം രണ്ടാമത്തെ സംശയം. പെഗസസ് ഞങ്ങള്‍ സര്‍ക്കാരുകള്‍ക്കു മാത്രമേ നല്‍കാറുള്ളൂ എന്ന കമ്പനിയുടെ അവകാശവാദം സംശയങ്ങള്‍ അവസാനിപ്പിക്കുന്ന ചോദ്യചിഹ്നം. 

ആരുടെയൊക്കെ ഫോണ്‍ വിദേശസോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചു ചോര്‍ത്തിയിരിക്കാം എന്നാണ് മാധ്യമക്കൂട്ടായ്മയുടെ അന്വേഷണത്തിലൂടെ പുറത്തു വരുന്നത്?  രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്രസര്‍ക്കാരിനോടു നിരന്തരം ഏറ്റുമുട്ടുന്ന മമതാബാനര്‍ജിക്കു വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കേ പ്രശാന്ത് കിഷോര്‍, മമതയുടെ അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജി. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ‍്ജി. പൊതുതിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയ മുന്‍തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ. പട്ടികയങ്ങനേ നീണ്ടുകിടക്കുന്നു. 

മോദിസര്‍ക്കാരിനെതിരെ അന്വേഷണാത്മക മാധ്യമറിപ്പോര്‍ട്ടുകള്‍ക്കു തുനിഞ്ഞ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, പൗരാവകാശപ്രവര്‍ത്തകര്‍, മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ, കശ്മീര്‍ നേതാക്കള്‍ തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്. കര്‍ണാടകയിലെ ദള്‍–കോണ്‍ഗ്രസ് സര്‍ക്കാരിനെ  അട്ടിമറിക്കാന്‍ വരെ പെഗസസ് നിരീക്ഷണം ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിദേശ ഉദ്യോഗസ്ഥരും വ്യവസായി അനില്‍ അംബാനിയും പെഗസസ് പട്ടികയിലുണ്ട്. 

 കൗതുകം അതൊന്നുമല്ല, കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന രണ്ടു കേന്ദ്രമന്ത്രിമാരുടെ പേരുകളും പെഗസസ് നിരീക്ഷണത്തിനായി തയാറാക്കിയ പട്ടികയിലുണ്ട്. ഐ.ടി.മന്ത്രി അശ്വിനി വൈഷ്ണവും പ്രഹ്ളാദ് പട്ടേലുമാണ് പട്ടികയിലെ കേന്ദ്രമന്ത്രിമാര്‍. ഇതേ മന്ത്രി അശ്വനി വൈഷ്ണവിനാണ് പാര്‍ലമെന്റില്‍ ആരോപണം തള്ളിക്കളഞ്ഞ് പ്രസ്താവന നടത്തേണ്ടി വന്നതെന്നതാണ് വൈരുധ്യം. 

പ്രമുഖ ഇന്ത്യക്കാരുടെ ഫോണ്‍ വിദേശസോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചു ചോര്‍ത്തിയെന്ന ആരോപണം ഗൂഢാലോചനയാണെന്നാണ് നമ്മുടെ കേന്ദ്രആഭ്യന്തരമന്ത്രിയുടെ വാദം. 40 രാജ്യങ്ങളിലാകെ പരന്നു കിടക്കുന്ന പെഗസസ് പട്ടിക, ലോകരാജ്യങ്ങളെ പോലും കുലുക്കിമറിക്കുമ്പോഴാണ് ഇത് ഇന്ത്യയ്ക്കെതിരായ ഗൂഢാലോചനയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. 

മോദി സര്‍ക്കാര്‍ ഇത്രയും വ്യാപകമായ ഫോണ്‍ ചോര്‍ത്തല്‍ നടത്താന്‍ മാത്രം ദുര്‍ബലരല്ല എന്ന വാദം വിശ്വസിക്കാന്‍ ശ്രമിക്കാം. അപ്പോള്‍ പെഗസസ് ഉപയോഗിച്ച് ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്തുന്ന സര്‍ക്കാര്‍ ഏതാണ്? സ്വന്തം പൗരന്‍മാര്‍ക്കു നേരെ ഭീകരാക്രമണമായി തന്നെ കണക്കാക്കേണ്ട അതിക്രമം നടന്നിട്ടും മോദി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല? സര്‍ക്കാരുകള്‍ക്കു മാത്രമേ പെഗസസ് സേവനം ലഭ്യമാക്കിയിട്ടുള്ളൂ എന്ന എന്‍.എസ്.ഒയുടെ വാദം ശരിയാണെങ്കില്‍ ഇന്ത്യക്കാര്‍ നേരിടേണ്ടി വന്ന ചാരനിരീക്ഷണം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതെന്താണ്? പെഗസസിന്റെ സേവനം ഉപയോഗിച്ചിട്ടില്ല എന്നു കൃത്യമായി ഉറപ്പു നല്‍കാന്‍ മോദി സര്‍ക്കാര്‍ തയാറാകാത്തതെന്തുകൊണ്ടാണ്? തങ്ങളല്ല ചെയ്തതെങ്കില്‍ ആരു ചെയ്തുവെന്നു കണ്ടുപിടിക്കുമെന്ന് രാജ്യത്തിനുറപ്പു നല്‍കാന്‍ കഴിയാത്തതെന്താണ്? 

പെഗസസ് വിവാദത്തില്‍ കേന്ദ്ര സർക്കാരിൻറെ ഒളിച്ചുകളിയെക്കുറിച്ച് മുൻ ആഭ്യന്തരമന്ത്രി പി ചിദംബരം കഴിഞ്ഞദിവസം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. ഇപ്പോൾ പെഗസസ് പട്ടികയുമായി ബന്ധപ്പെട്ട  പ്രധാനപ്പെട്ട മൂന്നു ജനാധിപത്യ രാജ്യങ്ങളുടെ പ്രതികരണം ശ്രദ്ധിക്കുക. ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചു :രാജ്യത്തെ ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു. പെഗസസിന്റെ ഉപജ്ഞാതാക്കളായ എന്‍.എസ്.ഒ കമ്പനി നിലനില്‍ക്കുന്ന  ഇസ്രയേൽ പോലും  അതീവ ഗൗരവതരമായ വിഷയമായി ഇപ്പോൾ ഉയർന്നു വന്ന വെളിപ്പെടുത്തലുകളെ കണക്കാക്കി . അന്വേഷണത്തിന് പ്രത്യേക  കമ്മീഷനെ പ്രഖ്യാപിച്ചു. എന്നാൽ നമ്മുടെ രാജ്യം ആകട്ടെ ഇത്തരത്തിലൊരു  അനധികൃത നിരീക്ഷണം ഉണ്ടായിട്ടേയില്ലെന്നും അതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യം പോലും ഇല്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എന്തുകൊണ്ടാണത്. കേന്ദ്രമന്ത്രിമാരുടേതടക്കമുള്ള ഫോണ്‍നമ്പറുകള്‍ ചോര്‍ത്തപ്പെടുന്നുവെങ്കില്‍ അതിനു പിന്നിലാരാണെന്നറിയാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ലാത്തതെന്തുകൊണ്ടാണ്? നിയമവിരുദ്ധമായ ചാരനിരീക്ഷണം സ്വന്തം രാജ്യാതിര്‍ത്തിക്കുള്ളില്‍ നടന്നുവെന്ന ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തു വന്നിട്ടും രാജ്യസ്നേഹത്തിന്റെ വക്താക്കളായ ബി.ജെ.പിക്ക് ഒരല്‍പം പോലും ദേശീയതാവികാരം തോന്നാത്തത് എന്തുകൊണ്ടാണ്..?

പല രാജ്യങ്ങളിലായി അന്‍പതിനായിരത്തോളം ഫോണ്‍ നമ്പറുകള്‍ ചാരനിരീക്ഷണത്തിലാണ് എന്നാണ് ഫോര്‍ബിഡന്‍ സ്റ്റോറീസ് എന്ന സ്വതന്ത്ര മാധ്യമസ്ഥാപനത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ 16 മാധ്യമങ്ങള്‍ ചേര്‍ന്ന കൂട്ടായ്മയുടെ സഹായത്തോടെ ഫോണ്‍നമ്പരുകള്‍ ആരുടേതൊക്കെ എന്നു കണ്ടെത്തുകയായിരുന്നു. എല്ലാ ഫോണുകളിലും പെഗസസ് സ്ഥാപിച്ച് നിരീക്ഷണം നടന്നോയെന്നറിയാനുള്ള ശാസ്ത്രീയപരിശോധനകള്‍ തുടരുകയാണ്.  

പെഗസസ് പട്ടികയിലുണ്ടെങ്കിലും ഫോണ്‍ ചോര്‍ത്തല്‍ നടന്നോയെന്നറിയാന്‍ ശാസ്ത്രീയസ്ഥിരീകരണത്തിനേ കഴിയൂ.സ്വതന്ത്രമാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ടെക്നോലാബിലാണ്  സ്ഥിരീകരണത്തിനുള്ള ആദ്യഘട്ടപരിശോധന നടത്തിയത്. സംശയിക്കപ്പെടുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നവരോട് ഫോണിന്റെ സിസ്റ്റം ഇമേജ്  അയച്ചു കൊടുക്കാനാണ് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ സ്വന്തം ഫോണിന്റെ പരിശോധന നടത്താന്‍ സഹകരിച്ചവരുടെ ഫോണിലാണ് പെഗസസ് സാന്നിധ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കാനഡയിലെ സിറ്റിസന്‍ ലാബിലും പരിശോധന നടത്തിയാണ് പെഗസസ് വിവരച്ചോര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിക്കുന്നത്. പെഗസസ് വിവാദത്തില്‍ കുടുങ്ങിയ ഭരണകൂടങ്ങളെല്ലാം ചാരനിരീക്ഷണം നിഷേധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പട്ടികയില്‍ പേരുള്ളവരെല്ലാം ഈ പരിശോധനയ്ക്ക് തയാറാകണമെന്നാണ് അന്വേഷണം നടത്തിയ കൂട്ടായ്മ ആവശ്യപ്പെടുന്നത്. അതു മാത്രമല്ല, ഇത്തരത്തില്‍ ചാരസോഫ്റ്റ്‍വെയറുകളുടെ കടന്നുകയറ്റം കണ്ടെത്താന്‍ നിരന്തരം സാങ്കേതികപരിശോധനകള്‍ നടക്കുന്ന ശൈലിയുണ്ടാകണമെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ചൂണ്ടിക്കാണിക്കുന്നു.  

ഞങ്ങള്‍ക്ക് ഒന്നും ഒളിച്ചു വയ്ക്കാനില്ല. ഇനിയും ഞങ്ങളെ നിരീക്ഷിച്ചോളൂ എന്നു വിളിച്ചുപറയുന്നവരെ കാണുന്നുണ്ടോ കൂട്ടത്തില്‍? ഞങ്ങള്‍ ഇനിയുമിനിയും സുതാര്യരാവാം. പക്ഷേ ഭരണകൂടം ഒരു സുതാര്യതയും പ്രകടിപ്പിക്കേണ്ടതില്ലെന്നു വിളിച്ചു കൂവുന്ന അടിമത്ത മനോഭാവം സ്വാഭാവികമായി അങ്ങു വന്നുചേരുന്നതല്ല. സൂക്ഷ്മമായി തന്നെ നിര്‍മിക്കപ്പെടുന്നതാണ്. സ്വകാര്യതയെന്തിന് എന്ന നിഷ്കളങ്കമായ  ചോദ്യം വരെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു ഭരണകൂടത്തിന്റെ ആരാധകര്‍. രഹസ്യങ്ങളാണ് സ്വകാര്യത എന്ന  അബദ്ധധാരണയുമായാണ് അവരുടെ വരവ്. അന്തസോടെ ജീവിക്കാനുള്ള അവകാശം കൂടിയാണ് സ്വകാര്യത. പൊതുജീവിതത്തെ ബാധിക്കാത്തതെല്ലാം സ്വകാര്യമായി സൂക്ഷിക്കാന്‍ പൗരനുള്ള അവകാശം ഭരണഘടനയില്‍ തന്നെ ഉറപ്പു തരുന്ന രാജ്യത്തിരുന്നാണ് ഈ ചോദ്യം. അപ്പോഴും ശ്രദ്ധിക്കേണ്ടത് ഒരു കാര്യമാണ്. മോദി സര്‍ക്കാര്‍ ഇത്രയും അന്തസില്ലാത്ത ഒരു നീക്കം നടത്തില്ലെന്ന് കടുത്ത മോദി ആരാധകര്‍ പോലും കരുതുന്നില്ല.  അഥവാ നിരീക്ഷിച്ചാലും എന്താണ് പ്രശ്നം എന്നാണ് ചോദ്യം. സ്വകാര്യതയുടെ മാത്രമല്ല, അന്തസിന്റെയും വ്യക്തിത്വത്തിന്റെയും മൂല്യം മനസിലാകാത്തവര്‍ക്കു മാത്രമേ ഈ ചെയ്തികള്‍ ന്യായീകരിക്കാനാകൂ.  

ഒരു വ്യക്തിക്ക് പരസ്യപ്പെടുത്താന്‍ താല്‍പര്യമില്ലാത്തതെന്തും അയാളുടെ സ്വകാര്യതയാണ്. സമൂഹത്തെ ബാധിക്കുന്ന വിവരങ്ങളൊഴികെ സ്വകാര്യവിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെടാന്‍ ഇന്ത്യയിലെ ഒരു ഭരണകൂടത്തിനും കഴിയില്ല. അത് ഭരണഘടനാവിരുദ്ധവും നിയമലംഘനവുമാണ്. സുപ്രീംകോടതി തന്നെ 2017ല്‍ ഒമ്പതംഗബഞ്ചിന്റെ വിധിയിലൂടെ സ്വകാര്യത എന്ന മൗലികാവകാശം അടിവരയിട്ടു പറ‍ഞ്ഞതുമാണ്.  അതിനുമപ്പുറം വ്യക്തികളെ ഒളിഞ്ഞു നിരീക്ഷിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അന്തസില്ലായ്മയുമാണ്. വ്യക്തികളുടെ അന്തസ് ഒരിക്കലും ഏകാധിപത്യസ്വഭാവമുള്ള ഭരണാധികാരികള്‍ക്ക് പ്രശ്നമേ ആയിരിക്കില്ല. അധികാരം നിലനിര്‍ത്തിക്കൊണ്ടേയിരിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ ഭരണാധികാരികള്‍ക്ക് ആഗ്രഹമുണ്ടാകും. അത്തരത്തില്‍ ഹീനമായ മാര്‍ഗങ്ങളിലൂടെ എങ്ങനെയെങ്കിലും തുടര്‍ഭരണം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളുണ്ടാകുമെന്നു മുന്‍കൂട്ടിക്കണ്ടു തന്നെയാണ് നമ്മുടെ ഭരണഘടന പൂര്‍വികര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന, സുപ്രീംകോടതി വിധിന്യായങ്ങള്‍ ഉറപ്പു നല്‍കുന്ന സ്വകാര്യതയെന്ന അവകാശം ഓരോ പൗരനും ഉറപ്പു കിട്ടണം. അതിനേക്കാളേറെ ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയഎതിരാളികളെയും വിയോജിക്കുന്നവരെയും എങ്ങനെയും നേരിട്ടുകളയും എന്ന ഈ ഒളിയുദ്ധം അവസാനിക്കണം. പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായ സാങ്കേതികപരിശോധനകളിലൂടെ സ്വതന്ത്രമായ അന്വേഷണം നടക്കണം. 2019ല്‍ വാട്സാപ്പ് തന്നെ പെഗസസ് സാന്നിധ്യത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ നിഷേധാത്മക മനോഭാവം സ്വീകരിച്ചു രക്ഷപ്പെട്ടു പോയ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഇന്ത്യയുടെയും ലോകത്തിന്റെയും ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തിയേ പറ്റൂ.  

അതായത് ഇതാദ്യമായി ഭരണകൂടത്തിന് പ്രശ്നമില്ലാത്ത ഈ ഭീകരാക്രമണത്തിനു പിന്നിലാരാണെന്ന് രാജ്യമറിയണം. ജനങ്ങളെ പേടിക്കുന്നവര്‍ക്കേ അവരെ ഒളിഞ്ഞു നിരീക്ഷിക്കേണ്ടതുള്ളൂ. സുതാര്യതയുടെയും പരസ്പരവിശ്വാസത്തിന്റെയും ആത്മവിശ്വാസമുള്ള ഒരു രാഷ്ട്രീയത്തിനും സ്വന്തം ജനങ്ങളെ പേടിക്കേണ്ടി വരില്ല. ചാരസോഫ്‍റ്റ്‍വെയര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന്റെ അന്തസാണ് പരസ്യമായി അപകീര്‍ത്തിപ്പെടുന്നതെന്ന് ഇന്ത്യന്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...