ബലിയാടായി തീരേണ്ടതല്ല അനന്യമാര്‍; നീതി അര്‍ഹിക്കുന്ന ട്രാന്‍സ് ജീവിതങ്ങള്‍

parayathe-ananya
SHARE

നമ്മളില്‍ പെടാത്ത മനുഷ്യരുണ്ടോ നമുക്കിടയില്‍? ആ ചോദ്യം നമ്മളോരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ടെന്നോര്‍മിപ്പിക്കുന്നു രണ്ടു മരണങ്ങള്‍. ട്രാന്‍സ്ജന്‍ഡര്‍ അനന്യകുമാരി അലക്സിന്റെ ജീവഹത്യ സമൂഹത്തോടുള്ള ചോദ്യചിഹ്നമാണ്. ഇനിയുമെത്ര കാലം, എത്ര ജീവനുകള്‍ ഇല്ലാതായാലാണ് സമൂഹത്തിന്റെ നിസംഗത അവസാനിക്കുക? അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഓരോ മനുഷ്യനും ഒരു പോലെയാണെന്ന് എപ്പോഴാണ് പ്രബുദ്ധ കേരളത്തിനെങ്കിലും ഉറച്ചു പറയാനാകുക? തുല്യമായ മനുഷ്യാവകാശങ്ങള്‍  ആരുടെയും ഔദാര്യമല്ല, അവകാശമാണ്.  

ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിലെ മനുഷ്യര്‍ ആത്മഹത്യ ചെയ്യുകയല്ല, കൊല്ലപ്പെടുകയാണ് എന്ന് ആദ്യം അംഗീകരിക്കേണ്ടതുണ്ട്. അവകാശനിഷേധവും അധിക്ഷേപവും ആക്രമണവും അനീതിയും താങ്ങാനാകാതെ ട്രാന്‍സ് വ്യക്തികള്‍ ജീവനൊടുക്കുമ്പോഴെല്ലാം സമൂഹമാണ് കൊലയാളിയുടെ പ്രതിക്കൂട്ടില്‍ തലകുനിച്ചു നില്‍ക്കേണ്ടത്. എണ്ണിയാലൊടുങ്ങാത്ത മനുഷ്യാവകാശപ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടാണ് ഓരോ ദിവസവും ഒരു ട്രാന്‍സ് വ്യക്തിയുടെ ജീവിതം കടന്നുപോകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വയം ജീവന്‍ അവസാനിപ്പിക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത ട്രാന്‍സ് വ്യക്തികളുടെ എണ്ണം പോലും നമ്മളെ ഞെട്ടിക്കുന്നില്ലെങ്കില്‍ സമൂഹത്തിനാണ് പ്രശ്നം. കൊല്ലപ്പെടുന്നവര്‍ക്കല്ല.  

ട്രാന്‍സ് സമൂഹത്തില്‍ നിന്ന് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തം പേരില്‍ നേടിയെടുത്ത അനന്യകുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഈയാഴ്ചയാണ്. ആത്മഹത്യയെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.  സ്വയം നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികള്‍ അനന്യ തന്നെ സമൂഹത്തോടു പറഞ്ഞിരുന്നു.  

അനന്യയുടെ സംസ്കാരച്ചടങ്ങ് കഴിഞ്ഞയുടന്‍ അവരുടെ പങ്കാളി ജിജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മരണങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നും ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വന്ന പാളിച്ചകള്‍ അനന്യയെ കടുത്ത പ്രയാസത്തിലാക്കിയിരുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ശക്തമായി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.  

പക്ഷേ അനന്യയുടെ മരണം ഒരു വ്യക്തിപരമായ കേസ് മാത്രമായി കാണാനാകില്ല എന്നതാണ് പ്രശ്നം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ ട്രാന്‍സ് വ്യക്തികളുടെ മരണവാര്‍ത്ത നമ്മളറിഞ്ഞു. പലതും കേട്ടതായി ഭാവിക്കാതിരിക്കുകയോ തീര്‍ത്തും അവഗണിക്കുകയോ ചെയ്തു. ട്രാന്‍സ് പോളിസി പ്രഖ്യാപിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് എങ്ങനെയാണ് ഒരു വിഭാഗം മനുഷ്യര്‍ക്കു ജീവിക്കാനാകാത്ത അവസ്ഥ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്? ട്രാന്‍സ് വിഭാഗത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ലിംഗമാറ്റശസ്ത്രക്രിയയെ എത്ര ഗൗരവത്തോടെയാണ് സര്‍ക്കാരെങ്കിലും കാണുന്നത്? 

ശരീരവും ലൈംഗികവ്യക്തിത്വവും എപ്പോഴും ഒന്നായിരിക്കുമെന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ട്രാന്‍സ് വ്യക്തികളോടുള്ള മനോഭാവം തന്നെ രൂപപ്പെടുന്നത്. വ്യക്തിത്വമാണ് വ്യക്തിയെ നിര്‍ണയിക്കുന്നതെങ്കിലും നമ്മള്‍ സമ്മതിക്കുമല്ലോ. ആ വ്യക്തിത്വം എല്ലാവര്‍ക്കും ശരീരവുമായി പൊരുത്തപ്പെടുന്നതാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അതിന് തീര്‍ത്തും ജൈവശാസ്ത്രപരമായ കാരണങ്ങള്‍ തന്നെയാണുള്ളത്. അല്ലാതെ മനസിന്റെ ആഗ്രഹങ്ങളൊന്നുമല്ല ഒരു വ്യക്തിയെയും ട്രാന്‍സ് എന്ന സ്വയംതിരിച്ചറിയലില്‍ എത്തിക്കുന്നത്. ഉള്‍ക്കൊള്ളാനാകാത്ത ശരീരവുമായി ജീവിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസമായി ശാസ്ത്രം തന്നെ ലിംഗമാറ്റശസ്ത്രക്രിയയിലേക്കു വികാസം പ്രാപിച്ചതും ജൈവശാസ്ത്രം അടിസ്ഥാനമായി നില്‍ക്കുന്നതുകൊണ്ടു തന്നെയാണ്. അതുകൊണ്ട് അത്തരം സങ്കീര്‍ണമായ തീരുമാനങ്ങളിലെത്തേണ്ടിവരുന്ന മനുഷ്യരോട് ദയവായി ദൈവം തന്നത് മാറ്റാന്‍ ശ്രമിച്ചിട്ടല്ലേ എന്ന് വിവരക്കേട് പറയാന്‍ ചെല്ലരുത്. ഹോര്‍മോണ്‍ തെറപ്പിയും ശസ്ത്രക്രിയയും ട്രാന്‍സ് വ്യക്തികളുടെ മനുഷ്യാവകാശങ്ങളുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്. അതിന്റെ പ്രാധാന്യം മനസിലാക്കിത്തന്നെയാണ് കേരളസര്‍ക്കാര്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതും.  

അതുമാത്രമല്ല എല്ലാ ട്രാന്‍സ് വ്യക്തികളും ലിംഗമാറ്റശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരല്ല എന്നുകൂടി  മനസിലാക്കണം. വ്യക്തിത്വത്തിന്റെ പൂര്‍ണതയ്ക്ക് ലിംഗമാറ്റം ആവശ്യമാണെന്നു സ്വയം ബോധ്യപ്പെടുന്നവര്‍ മാത്രമാണ് ഈ വെല്ലുവിളിക്ക് വിധേയരാകുന്നത്.  വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതും ദീര്‍ഘകാലതയാറെടുപ്പ് ആവശ്യവുമുള്ള ഒന്നാണ് ലിംഗമാറ്റശസ്ത്രക്രിയ. മാനസികമായ മുന്നൊരുക്കം മുതല്‍ ശാസ്ത്രീയമായ നടപടികള്‍ ഉറപ്പു വരുത്തി മാത്രം കടന്നു പോകേണ്ട ഒരു പ്രകിയയാണത്. സത്യത്തില്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും വലിയ പിന്തുണ ആവശ്യമുള്ള ഒരു ഘട്ടത്തെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ നേരിടുന്നത്.  

എന്നാല്‍ ഇപ്പോഴും ലിംഗമാറ്റശസ്ത്രക്രിയകള്‍ക്ക് നിയതമായ സര്‍ക്കാര്‍ മാനദണ്ഡങ്ങളില്ല. ഗുണനിലവാരവും വിജയസാധ്യതയും വിലയിരുത്തുന്ന മേല്‍നോട്ടമില്ല. സാമ്പത്തികമായി വന്‍വെല്ലുവിളി നേരിടുന്ന ട്രാന്‍സ് വ്യക്തികള്‍ താങ്ങാനാകാത്ത സാമ്പത്തികചെലവുമായി ശസ്ത്രക്രിയയ്ക്ക് ചെല്ലുമ്പോഴും ഏകീകൃതചികില്‍സാനിരക്ക് പോലുമില്ല. രാജ്യാന്തരതലത്തില്‍ രൂപപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ ഇനിയും ഇന്ത്യയില്‍ നിയമമായിട്ടില്ല. പക്ഷേ രാജ്യാന്തര മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എത്രയും വേഗം ഒരു ഏകോപിത സംവിധാനമുണ്ടാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.  

ട്രാന്‍സ് സമൂഹത്തിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ ആരോഗ്യസേവനങ്ങള്‍ എന്നിവയെക്കുറിച്ച് വിദഗ്ധസമിതി പഠിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാരിന്റെ അറിയിപ്പ്. അനന്യകുമാരിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. നിലവില്‍ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളാണ് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ഏകീകൃതചികില്‍സാമാനദണ്ഡങ്ങളോ നിരക്കോ നിലവിലില്ല. പലപ്പോഴും കടുത്ത സാമ്പത്തികചൂഷണവും ട്രാന്‍സ് സമൂഹം നേരിടുന്നു. ലിംഗമാറ്റശസ്ത്രക്രിയ തന്നെ സങ്കീര്‍ണവും വളരെയേറെ ചെലവേറിയതുമാണ്.  

സര്‍ക്കാര്‍ മേഖലയില്‍ ലിംഗമാറ്റശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ട്രാന്‍സ് ജസ്റ്റിസ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പ്രാവീണ്യമുള്ള സര്‍ജന്‍മാര്‍ക്ക് പ്രത്യേകപരിശീലനം നല്‍ക്കുന്നത് പരിശോധിക്കും. ട്രാന്‍സ് സമൂഹത്തിനായി പ്രത്യേക ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതും സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ മുന്‍ഗണനാവിഭാഗമായി ഉള്‍പ്പെടുത്തുന്നതും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പരിശോധിക്കും. ഒപ്പം പാഠ്യപദ്ധതികളില്‍ തന്നെ പ്രത്യേക വിഷയമായി അവബോധപാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതും പൊതു–ഉന്നതവിദ്യാഭ്യാസവകുപ്പുകള്‍ പരിശോധിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതുമാത്രമല്ല, ട്രാന്‍സ് വ്യക്തികള്‍ക്ക് അന്തസായി ജീവിക്കാനുള്ള തൊഴില്‍ സാഹചര്യവും സര്‍ക്കാര്‍ ഉറപ്പു വരുത്തണം. ഇടയ്ക്കു മാത്രം കൊട്ടിഘോഷിക്കുന്ന പദ്ധതികളിലെ നാമമാത്ര പ്രാതിനിധ്യം പോര. ജനസംഖ്യാനുപാതികമായ അവകാശങ്ങള്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് കിട്ടണം. ഏറ്റവും വലിയ വൈരുധ്യം, 2019ലെ ദേശീയ ട്രാന്‍സ്ജന്‍ഡര്‍ ആക്റ്റില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായ അവകാശങ്ങളായി എഴുതിവച്ചിട്ടുണ്ട് എന്നതാണ്. പ്രായോഗികതലത്തില്‍ പക്ഷേ ട്രാന്‍സ് സമൂഹത്തിലേക്ക് ഈ അവകാശങ്ങളൊന്നും എത്തിച്ചേരുന്നില്ല. പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ എവിടെ വരെയെത്തി നില്‍ക്കുന്നുവെന്ന് ലൈംഗികന്യൂനപക്ഷങ്ങള്‍ മുഖ്യധാരയില്‍ സജീവമാകും വരെ സര്‍ക്കാരുകള്‍ തന്നെ വിലയിരുത്തിക്കൊണ്ടേയിരിക്കണം. ആവശ്യമായ തിരുത്തലുകള്‍ വരുത്തണം.  

സമൂഹത്തിന്റെ അറിവില്ലായ്മയുടെയും അവകാശനിഷേധത്തിന്റെയും ബലിയാടായി അവസാനിക്കേണ്ടതല്ല ഒരു ട്രാന്‍സ് വ്യക്തിയുടെയും ജീവിതം. നീതി കിട്ടേണ്ടത് അനന്യയ്ക്കു മാത്രമല്ല. അപരിചിതത്വത്തിന്റെ കണ്‍മുനകള്‍ കൊണ്ട് ഓരോ നിമിഷവും സമൂഹം അനീതി കാണിച്ചുകൊണ്ടേയിരിക്കുന്ന ഓരോ ട്രാന്‍സ് വ്യക്തിയും നീതി അര്‍ഹിക്കുന്നു. തുല്യമായ അവകാശങ്ങളും നിയമപരിരക്ഷയും  ഉറപ്പിക്കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഔദാര്യമേയല്ല. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...