രാജ്യദ്രോഹക്കുറ്റമെന്ന ആയുധത്തിന് കടി‍ഞ്ഞാണ്‍; ചില ആശകള്‍; പ്രതീക്ഷകള്‍

Parayathe-Vayya-modi
SHARE

രാജ്യത്തോട് പൗരന് സ്നേഹം ഉണ്ടോ എന്ന് തീരുമാനിക്കാൻ  ഭരണകൂടത്തിന് കഴിയുന്നതെങ്ങനെ? ജനത കാവൽ ഏൽപ്പിച്ച സർക്കാർ ജനങ്ങൾക്കെതിരെ രാജ്യദ്രോഹം എന്ന ഭീഷണി സൂക്ഷിക്കുന്നത് എന്തിനായിരിക്കും? കോടതി പോലും രാജ്യദ്രോഹം കാലഹരണപ്പെട്ടു എന്ന് പറയുമ്പോഴും ഭരണകൂടങ്ങൾക്ക് ഇപ്പോഴും രാജ്യദ്രോഹക്കുറ്റം എന്ന ആയുധത്തോട് ഇത്രമേൽ ആസക്തി തോന്നുന്നതും എന്തുകൊണ്ടാവാം? 

ഭരണകൂടം സ്വന്തം പൗരൻമാർക്ക് എതിരെ പ്രയോഗിക്കാൻ കാത്തുവച്ചിരിക്കുന്ന ഏറ്റവും ഹീനമായ ഒരു ആയുധമായാണ് രാജ്യദ്രോഹം സമീപകാലത്ത് നമ്മുടെ രാജ്യം കാണുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റു വകുപ്പുകൾ ഒന്നും ചുമത്താൻ ആകാത്ത രാഷ്ട്രീയവിയോജിപ്പുകൾക്കെതിരെയാണ് പലപ്പോഴും രാജ്യദ്രോഹം പ്രയോഗിക്കുന്നത്. ഏറ്റവുമൊടുവിൽ ലക്ഷദ്വീപ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസ് തന്നെ ഏറ്റവും സജീവമായ ഉദാഹരണം. കോവിഡ് പ്രതിരോധത്തില്‍ മനപ്പൂർവ്വം അലംഭാവം വരുത്തി,  ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ജനങ്ങൾക്കെതിരെ ജൈവായുധം ആയി പ്രയോഗിച്ചു എന്നായിരുന്നു  ഒരു ചർച്ചയ്ക്കിടെ ഐഷാ സുൽത്താന നടത്തിയ പരാമർശം. അതൊരു പ്രസ്താവനയാണ്. ആർക്കുവേണമെങ്കിലും യോജിക്കാനും വിയോജിക്കാനും അപലപിക്കാനും തള്ളിക്കളയാനും സാധ്യത നൽകുന്ന ഒരു അഭിപ്രായപ്രകടനം .  പ്രസ്താവന കുറ്റകൃത്യമാക്കാനാകുന്ന ഏറ്റവും ലളിതവും അതേസമയം ഗുരുതരവുമായ വകുപ്പാണ് 124 A അഥവാ രാജ്യദ്രോഹക്കുറ്റം..അതുകൊണ്ടുതന്നെ സുപ്രീംകോടതി ഇടപെടൽ കോടതിയുടെ നേരിട്ടുള്ള ആഴമേറിയ ചോദ്യങ്ങൾ വളരെ പ്രധാനമാണ്. 

ഭരണകൂടത്തിന്റെ നയങ്ങളെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ എങ്ങനെ രാജ്യദ്രോഹികളാകുമെന്ന് അടുത്ത കാലത്തു തന്നെ പല തവണ കോടതികള്‍ ചോദിച്ചിട്ടുണ്ട്. പൗരനെ നിശബ്ദമാക്കാനുള്ള ഭീഷണിയുടെ ആയുധമാണ് രാജ്യദ്രോഹക്കുറ്റമെന്ന് കോടതി ഇത്ര വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത് ഇതാദ്യമായാണ്. ഭിന്നസ്വരം വേണ്ടെന്നു തോന്നിയാല്‍ സര്‍ക്കാരിന് ഈ വകുപ്പ് എടുത്തു പ്രയോഗിക്കാമെന്നാണ് അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റത്തിന്റെ ഏറ്റവും ഗുരുതരമായ ദുരുപയോഗത്തിന് രാജ്യം സാക്ഷ്യം വഹിച്ച ദശകമാണ്  കടന്നു പോകുന്നത്. ഭരണകൂടങ്ങള്‍ രാജ്യദ്രോഹക്കുറ്റം കൈവിടില്ലെങ്കില്‍ കോടതിയെങ്കിലും അതിന് വഴിയൊരുക്കുമോ എന്നാണ് സമൂഹം ഉറ്റു നോക്കുന്നത്.  

ജീവിതം മുഴുവന്‍ രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുതയെ ചോദ്യം ചെയ്തു കോടതിയിലെത്തിയിരിക്കുന്നതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിക്കുന്നു. രാജ്യദ്രോഹക്കുറ്റത്തെ ചോദ്യം ചെയ്യാന്‍  രാജ്യസ്നേഹം തെളിയിച്ച യോഗ്യതയുണ്ടെന്ന് സുപ്രീംകോടതിക്ക് ഓര്‍മിപ്പിക്കേണ്ടി വരുന്നതു പോലും രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തിയാകണം. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് റിട്ട.മേജര്‍ ജനറല്‍ എസ്.ജി.വൊംബത്കരെ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു നോട്ടീസയച്ചിരിക്കുകയാണ് സുപ്രീംകോടതി.  

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതാണ് വകുപ്പെന്ന് ഹര്‍ജി പരാതിപ്പെടുന്നു. 

ചൂതാട്ടക്കാരെയടക്കം  ആരെയും കേസില്‍ പെടുത്തണമെന്നു തോന്നിയാല്‍ രാജ്യദ്രോഹം ചുമത്താവുന്ന തരത്തില്‍ അവ്യക്തവും വിശാലവുമാണ് 124 എ വകുപ്പില്‍ നല്‍കിയിരിക്കുന്ന വ്യാഖ്യാനമെന്നു കോടതിയും വിലയിരുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടിഷുകാര്‍ കൊണ്ടു വന്ന രാജ്യദ്രോഹനിയമത്തിന് ഇപ്പോള്‍ എന്തു പ്രസക്തിയെന്ന്  കോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിക്കുകയും ചെയ്തു. ഗാന്ധിജിയെയും തിലകനെയുമുള്‍പ്പെടെ നിശബ്ദരാക്കാന്‍ ബ്രിട്ടിഷുകാര്‍ ഉപയോഗിച്ച നിയമം സ്വാതന്ത്ര്യം കിട്ടി 73 വര്‍ഷം കഴിഞ്ഞിട്ടും അനിവാര്യമാണോയെന്നാണ് കോടതിയുടെ മറ്റൊരു ചോദ്യം.

എന്നാല്‍ പ്രതീക്ഷിക്കാവുന്നതുപോലെ തന്നെ കേന്ദ്രസര്‍ക്കാരിന്റെ ആദ്യപ്രതികരണം രാജ്യദ്രോഹക്കുറ്റം ഒഴിവാക്കേണ്ടെന്നു തന്നെയാണ്. പകരം വ്യക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വകുപ്പ് പരിഷ്കരിക്കാം എന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ മുന്നോട്ടു വച്ച നിര്‍ദേശം. എന്തുകൊണ്ടാണ് ഭരണകൂടത്തിന് സ്വന്തം പൗരന്‍മാര്‍ക്കെതിരെ ഇങ്ങനെയൊരു ഭീഷണിക്കുറ്റം നിലനിര്‍ത്തിയേ പറ്റൂ എന്നു തോന്നുന്നത്? കാരണം ലളിതമാണ്. കുറ്റം ചെയ്യാത്തവരെയും പിടിച്ചു ജയിലിലിടാന്‍ ഏറ്റവും എളുപ്പം സാധ്യതയൊരുക്കുന്ന ഒരു വകുപ്പാണ് രാജ്യദ്രോഹം. ഭരണകൂടത്തിന് അസൗകര്യമുണ്ടാക്കുന്നവരെ, അതാരായാലും രാജ്യദ്രോഹക്കേസില്‍ പെടുത്തി തടവിലിടാന്‍ എളുപ്പമാണ്. 

ഈ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ തന്നെ ചൂണ്ടിക്കാണിക്കുന്ന വസ്തുത പ്രധാനമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നവരില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരു മരം മുറിക്കാന്‍ കൊടുത്ത വാളുകൊണ്ട് വനം മുഴുവന്‍ മുറിക്കുന്നതു പോലെയാണ് രാജ്യദ്രോഹവകുപ്പ് ദുരുപയോഗം ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സാധാരണഗതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കുറ്റം ചെയ്തെന്നു തെളിയിച്ചാലെ ശിക്ഷിക്കാനാകൂ. രാഷ്ട്രീയവിയോജിപ്പുന്നയിക്കുന്നതാകട്ടെ ഇന്ത്യയില്‍ ഒരു കുറ്റവുമല്ല. അപ്പോള്‍ സര്‍ക്കാരിനെതിരായ വിമര്‍ശകരെ എങ്ങനെ നേരിടും? കുറ്റകൃത്യം ചെയ്യാത്തവരെയും പിടിച്ച് അകത്തിടാന്‍ നിലവിലും സാധ്യത നല്‍കുന്ന വകുപ്പാണ് രാജ്യദ്രോഹക്കുറ്റം.  ഉദാഹരണങ്ങള്‍ അനവധി.  ഏറ്റവുമൊടുവില്‍ വിവാദകര്‍ഷകനിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത ഹരിയാനയിലെ നൂറോളം കര്‍ഷകര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. കര്‍ഷകസമരത്തിനിടെ ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം കേടുവരുത്തിയെന്ന ആരോപണത്തിലാണ് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയതിന് അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 സാംസ്കാരികപ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ ആവശ്യപ്പെട്ടത് യു.പിയിലെ കോടതിയാണ്. ജെ.എന്‍.യുവില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ വരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചരിത്രം രാജ്യത്തെ പൊലീസിനുണ്ട്. ഒടുവില്‍ ലക്ഷദ്വീപ് സമരത്തില്‍ ഭരണകൂടത്തിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരിലാണ് സംവിധായിക അയിഷ സുല്‍ത്താനയ്ക്കെതിരെ ദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. 

അത്രമേല്‍ പരസ്യമായാണ് രാജ്യദ്രോഹക്കുറ്റം നിലവില്‍ നമ്മുടെ രാജ്യത്ത് ദുരുപയോഗിക്കപ്പെടുന്നത്. രാജ്യത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് രാജ്യദ്രോഹക്കുറ്റമെന്നാണ് വിവക്ഷയെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെയാണ് വ്യാപകമായി ഈ വകുപ്പ് പ്രയോഗിക്കപ്പെടുന്നത്. സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിനു വേണ്ടി വാദിച്ചിരുന്നവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ഏറ്റവുമധികം പ്രയോഗിക്കപ്പെട്ടത് എന്നതാണ് ഇന്നത്തെ ഇന്ത്യയില്‍ നിന്നു കാണുമ്പോഴുള്ള  വൈരുധ്യം.

ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന രാജ്യദ്രോഹക്കുറ്റം ചുമത്തി ആദ്യം ശിക്ഷിക്കെപ്പട്ടത് ബാലഗംഗാധര തിലകന്‍ ആണെന്നു ചരിത്രം. പ്ലേഗ് രോഗബാധ നിയന്ത്രിക്കാന്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ കാരണമാകുന്ന ലേഖനം കേസരിയില്‍ പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ചായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തുടര്‍ന്ന് 1897ല്‍ ബോംബെ ഹൈക്കോടതി തിലകനെ 124 A വകുപ്പ് പ്രകാരം ശിക്ഷിച്ചു. 18 മാസം ജയില്‍ തടവായിരുന്നു ശിക്ഷ. പിന്നീട് ഈ കേസിന്റെ പശ്ചാത്തിലടക്കം വിലയിരുത്തല്‍ നടത്തിയ അന്നത്തെ ഫെഡറല്‍ കോടതി പോലും 1937ല്‍ പറഞ്ഞത് സര്‍ക്കാരിനെതിരെ ശത്രുത വളര്‍ത്തുന്നത് രാജ്യദ്രോഹമായി കണക്കാക്കാം എന്നാണ്. ഒരു കുറ്റകൃത്യം നടന്നില്ലെങ്കില്‍ പോലും ഭരണകൂടത്തിനെതിരെ ശത്രുത വളര്‍ത്തുന്നത് രാജ്യത്തിനെതിരായ ദ്രോഹമായി കണക്കാക്കാം എന്ന ആ വ്യാഖ്യാന സാധ്യതയാണ് പിന്നീട് ഗാന്ധിജിക്കെതിരെ പോലും പ്രയോഗിക്കപ്പെട്ടത്. ഇന്നും ഭരണകൂടങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യദ്രോഹം ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. കരട് ഭരണഘടനയില്‍ രാജ്യദ്രോഹം കുറ്റമായി കണ്ടിരുന്നുവെന്നും കെ.എം.മുന്‍ഷി നടത്തിയ നിയമപോരാട്ടമാണ് അന്തിമരൂപത്തില്‍ നിന്ന് രാജ്യദ്രോഹം ഒഴിവാക്കാന്‍ പ്രേരണയായതെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്ന് രാജ്യദ്രോഹം ഒഴിവാക്കപ്പെട്ടില്ല. 1951ല്‍ ജവഹര്‍ലാല്‍ നെഹ്റു കൊണ്ടു വന്ന ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിനു മേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന വ്യവസ്ഥ വന്നു. പിന്നീട് ഇന്ദിരാഗാന്ധി ഭരണകൂടമാണ് 124 A കുറ്റകരമായ വകുപ്പായി തുലനം ചാര്‍ത്തി രാജ്യദ്രോഹഭീഷണി വീണ്ടും പൊക്കിയെടുത്തത്. 1974ല്‍ നിലവില്‍ വന്ന ക്രിമിനല്‍ നടപടി ചട്ടഭേദഗതി പ്രകാരം പൊലീസിന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്ന ഗുരുതരകുറ്റകൃത്യമായി മാറി രാജ്യദ്രോഹം. 

എന്നുവച്ചാല്‍ രാജ്യദ്രോഹക്കുറ്റത്തെ ഭരണകൂടത്തിന്റെ ഏറ്റവും വലിയ ആയുധമായി മാറ്റിയതിലും നിലനിര്‍ത്തിയതിലും രാജ്യം ഭരിച്ച എല്ലാ ഭരണകൂടങ്ങള്‍ക്കും പങ്കുണ്ട്. എന്നുമാത്രമല്ല, ഇനിയും രാജ്യദ്രോഹക്കുറ്റമെന്തിന് എന്നു ചോദിക്കുന്ന സുപ്രീംകോടതിക്കും ഈ വകുപ്പിന് ആധികാരികത നല്‍കിയതില്‍ നിര്‍ണായകമായ പങ്കുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്ന സുപ്രീംകോടതി സാക്ഷ്യം കൂടിയാണ് മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്കും ബലമായത്. എന്നാല്‍ അതേ സുപ്രീംകോടതിക്കു തന്നെ ഇനിയെന്തിന് എന്നു ചോദിക്കേണ്ടി വരുന്ന സാഹചര്യമാണ് അടുത്ത കാലത്ത് ഈയൊരൊറ്റ വകുപ്പ് കൊണ്ട് സര്‍ക്കാരുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

2019ല്‍ മാത്രം രാജ്യദ്രോഹക്കേസുകളില്‍ 25 ശതമാനം വര്‍ധനയുണ്ടായെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. ഒരൊറ്റ വര്‍ഷം മാത്രം 93 രാജ്യദ്രോഹക്കേസുകള്‍ ചുമത്തി. അറസ്റ്റിലും 41 ശതമാനം വര്‍ധനയുണ്ടായി. 2018ല്‍ 70 രാജ്യദ്രോഹക്കേസുകളാണ് രാജ്യത്തുണ്ടായിരുന്നത്. 2015 മുതല്‍ നാലു വര്‍ഷം കൊണ്ട് 283 രാജ്യദ്രോഹക്കേസുകള്‍ ചുമത്തുകയുണ്ടായി. 

 എന്നാല്‍ 2019ല്‍ 96 പേരെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ രണ്ടു പേര്‍ക്കെതിരെ മാത്രമാണ് നിയമം ശിക്ഷ വിധിച്ചത്. 29 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. ഒരു ഭരണകൂടവും രാജ്യദ്രോഹക്കുറ്റം വേണ്ടെന്നു വയ്ക്കാന്‍ തയാറല്ല. 2012ല്‍ യു.പി.എ സര്‍ക്കാരും പാര്‍ലമെന്റില്‍ പറഞ്ഞത് നിയമം കാലഹരണപ്പെട്ടിട്ടില്ല എന്നാണ്.  നേരത്തെ ലോ കമ്മിഷന്‍ ശുപാര്‍ശ ചെയ്തപ്പോഴും രാജ്യദ്രോഹക്കുറ്റത്തിന് കൂടുതല്‍ വ്യക്തത കൊണ്ടു വരികയെന്നായിരുന്നു നിര്‍ദേശം. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ആദ്യപ്രതികരണവും അതു തന്നെയാണ്. രാജ്യദ്രോഹം വേണ്ടെന്നു വയ്ക്കരുത്. പകരം വ്യക്തതയുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. വിശദമായ മറുപടി രാജ്യം ഉറ്റുനോക്കുകയാണ്.

ദുരുപയോഗം തടയാനുള്ള മാര്‍ഗരേഖകളോടെ രാജ്യദ്രോഹക്കുര്റം തുടരണമെന്നാണ് കേന്ദ്രം ഇപ്പോഴും കോടതിയില്‍ നിലപാടെടുത്തിരിക്കുന്നത്. അപ്പോഴും സുപ്രീംകോടതിയുടെ കൃത്യതയുള്ള ചോദ്യങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. രാഷ്ട്രീയവിമര്‍ശനങ്ങള്‍ നേരിടാന്‍ ഭരണകൂടം രാജ്യദ്രോഹക്കുറ്റമെടുത്ത് പ്രയോഗിക്കുന്നത് അവസാനിപ്പിക്കണം. വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഭരണകൂടമാണ് നേരിടേണ്ടത്. അതിന് ദേശീയതയെന്ന വികാരത്തെ പരിചയായി പ്രയോഗിക്കുന്നത് ഒരു ആധുനികസമൂഹത്തിനും ചേര്‍ന്നതല്ല. വിമര്‍ശനങ്ങളില്ലാത്ത സാമൂഹ്യസാഹചര്യമാണ് രാജ്യദ്രോഹം. ഭരണകൂടം പൗരന്റെ രാജ്യസ്നേഹം വിലയിരുത്തി സാക്ഷ്യപ്പെടുത്തുന്നത് അനാരോഗ്യകരമായ ജനാധിപത്യവിരുദ്ധ അവസ്ഥയാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...