കോവിഡ് പിടിവിടാത്ത കേരളം; ഇങ്ങനെ മുന്നോട്ടുപോകില്ല: വേണം പുനരാലോചന

Parayathe-Vayya-covid
SHARE

കോവിഡ് നിയന്ത്രണങ്ങളില്‍ ശ്വാസം മുട്ടുകയും അതേസമയം തന്നെ മൂന്നാം തരംഗത്തെ ഭയപ്പെടുകയും ചെയ്യേണ്ട അവസ്ഥയിലാണ് നമ്മള്‍. ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്ന് വ്യാപാരികളും തൊഴിലാളികളും ഒരേ പോലെ നിവൃത്തികേട് പ്രകടിപ്പിക്കുന്നു. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെടുന്നു. ശാസ്ത്രീയമായ നിയന്ത്രണങ്ങളല്ല നടപ്പാക്കുന്നതെന്ന് ആരോഗ്യവിദഗ്ധരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു. കോവിഡിനൊപ്പമുള്ള ജീവിതത്തില്‍ നമ്മളെ കാത്തിരിക്കുന്നതെന്താണ്?

കോവിഡ് രണ്ടാം തരംഗത്തില്‍ മെയ് 8നാണ് കേരളത്തില്‍ ലോക്ഡൗണ്‍ നിലവില്‍ വന്നത്. മെയ് കഴിഞ്ഞ് ജൂണും കഴിഞ്ഞ് ജൂലൈ തീരാറാകുമ്പോഴും കേരളത്തില്‍ ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങളിലെ രോഗസ്ഥിരീകരണനിരക്കനുസരിച്ച് ട്രിപ്പിള്‍ ലോക്ഡൗണും ലോക്ഡൗണും ഭാഗികനിയന്ത്രണങ്ങളുമായി കേരളം കോവിഡ് പ്രതിരോധത്തില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. കര്‍ശനനടപടികള്‍ പ്രഖ്യാപിച്ചിട്ടും ആഴ്ചകളായി ശരാശരി 10 ശതമാനത്തില്‍ തന്നെ തുടരുകയാണ് ടി.പി.ആര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 

പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുമുണ്ടാകുന്നു. അതേസമയം രാജ്യത്താകെ ടി.പി.ആര്‍. രണ്ടു ശതമാനത്തില്‍ താഴെയാണ്. 

ശനിയാഴ്ച ടി.പി.ആര്‍ 1.91 . 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 38,079 പേര്‍ക്കാണ്. അതില്‍ 13, 750 പേരും കേരളത്തിലാണ് എന്നതാണ് ഗുരുതരം. രാജ്യത്താകെ 4,24,025 പേരാണ് നിലവില്‍ രോഗബാധിതരെങ്കില്‍ അതില്‍ 1,21,944 പേരും കേരളത്തിലാണ്. ഈ കണക്കിലും കേരളം മഹാരാഷ്ട്രയെ മറികടന്നു. കര്‍ണാടകയിലും തമിഴ്നാട്ടിലും 35000–ല്‍ താഴെയാണ് ചികില്‍സയിലുള്ളവരുടെ എണ്ണം. 

മരണനിരക്ക് കുറയ്ക്കാനായി എന്ന കണക്കില്‍ മാത്രം ആശ്വസിച്ചു പിടിച്ചുനില്‍ക്കുകയാണ് കേരളം. പക്ഷേ അപ്പോഴും രാജ്യത്ത് ഒരു ദിവസം ശരാശരി 600 പേര്‍ മരിക്കുന്നുവെങ്കില്‍ അതില്‍ നൂറിലേറെയും കേരളത്തിലാണ്.

ഒരു മാസം കൊണ്ട് ടി.പി.ആര്‍  ഒരു ശതമാനം പോലും കുറയ്ക്കാന്‍ കേരളത്തിനു കഴിയാത്തതെന്താണ് എന്ന ചോദ്യം ഉന്നയിക്കുന്നവരില്‍ ആരോഗ്യവിദഗ്ധരുമുണ്ട്.  രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിനരോഗബാധിതരുള്ളതും കേരളത്തിലാണ്. നിലവിലുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല എന്നു വ്യക്തം. നിയന്ത്രണങ്ങള്‍ ശാസ്ത്രീയവുമല്ലെന്ന് ചൂണ്ടിക്കാട്ടുന്നത് ആരോഗ്യവിദഗ്ധരുടെ സംഘടന കൂടിയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാനാകാത്തത് എന്തുകൊണ്ടാണ് എന്ന് സര്‍ക്കാര്‍ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്. പക്ഷേ അതുമാത്രമല്ല, മൂന്നാം തരംഗവും വാതില്‍പ്പുറത്തെത്തി എന്ന് സര്‍ക്കാര്‍ തന്നെ മുന്നറിയിപ്പ് നല്‍കുമ്പോള്‍ എന്താണ് നമ്മുടെ ഭാവി സമീപനം എന്നും സര്‍ക്കാര്‍ ജനങ്ങളോടു പറയണം

ജീവിക്കാന്‍ വഴിയില്ലെന്ന വ്യാപാരികളുടെ സമരപ്രഖ്യാപനത്തോടു പോലും മുഖ്യമന്ത്രി ആദ്യം ഏറ്റുമുട്ടലിന്റെ ഭാഷയിലാണ് പ്രതികരിച്ചത്. എന്നാല്‍ കടതുറക്കല്‍ സമരത്തിന് പിന്തുണ ശക്തമായതോടെ നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിക്കപ്പെട്ടു. ‌

തല്‍ക്കാലം ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നത് അപകടകരമാണെന്ന് ഭരണമുന്നണി മുന്നറിയിപ്പു നല്‍കുന്നുണ്ട്. 

ശരിയാണ്, രോഗവ്യാപനം കുറയ്ക്കാനും മൂന്നാം തരംഗത്തെ ചെറുക്കാനുമുള്ള സമ്മര്‍ദം സര്‍ക്കാരിനു മേലുണ്ട്. പക്ഷേ അതിജീവനവും അതുപോലെ തന്നെ പ്രധാനമായ അവസ്ഥയിലേക്ക് കേരളം എത്തിപ്പെട്ടിരിക്കുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായിട്ടില്ലെന്ന് സര്‍ക്കാര്‍ സ്വയം പരിശോധിച്ചു തന്നെ ബോധ്യപ്പെടണം. അടുത്ത ഘട്ടത്തില്‍ എന്താണ് കാത്തിരിക്കുന്നതെന്നും എങ്ങനെയാണ് അതിജീവനം സാധ്യമാകുകയെന്നും അടിസ്ഥാനവിഭാഗങ്ങളെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തുകയും വേണം. 

രോഗവ്യാപനം ഒറ്റയടിക്ക് ഉച്ചസ്ഥായിയിലെത്തുന്നതിനേക്കാള്‍ കുറച്ചു നാള്‍ ഒരേ നിലയില്‍ തുടരുന്നതാണ് ഭേദമെന്ന് വിലയിരുത്തുന്ന വിദഗ്ധരുണ്ട്. എല്ലാവര്‍ക്കും ചികില്‍സയും ആവശ്യമായ പരിചരണവും ഉറപ്പാക്കാനാകും. അതും ശാസ്ത്രീയമായ ചിന്താഗതിയാണ്. പക്ഷേ രോഗവ്യാപനത്തില്‍ മാറ്റമില്ലാതെ തുടരുന്നത് സമൂഹമെന്ന നിലയില്‍ കേരളത്തെ ക്ഷീണിപ്പിച്ചു തുടങ്ങിയിരിക്കുന്നു. വാടക, ബാങ്ക് ലോണ്‍, വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ ഇതൊക്കെ കൈകാര്യം ചെയ്യാനാകാതെ പകച്ചു നില്‍ക്കുന്ന വിഭാഗങ്ങളുടെ എണ്ണം കൂടുന്നു. അതു മാത്രമല്ല, കോവിഡില്‍ മരണനിരക്ക് കുറവാണ് എന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ മേനി നടിക്കുന്നതും ക്രൂരതയാണ്. രോഗബാധയേല്‍ക്കുന്നവര്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടു പൊരുതുക തന്നെയാണ്. പോസ്റ്റ് കോവിഡ് ആരോഗ്യാവസ്ഥകളുമായി ഒരു പാടു മനുഷ്യര്‍ ഓരോ ദിവസവും പുതിയ പ്രതിസന്ധികളിലേക്കെത്തുന്നുവെന്ന് സര്‍ക്കാര്‍ മറക്കരുത്. 

ഒന്നാം തരംഗത്തില്‍ ജനങ്ങളുടെ പലവിധ പ്രയാസങ്ങളില്‍ ഇടപെടാന്‍ തയാറായ സര‍്ക്കാര്‍ ഇപ്പോള്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. കിറ്റു കൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത പ്രതിസന്ധികള്‍ ഓരോ വിഭാഗത്തിനുമുണ്ട്. 

അതുകൊണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നാണോ അര്‍ഥം? അല്ല, നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കണം. അതിനു ഫലമുണ്ടാകണം. കഴിയും വേഗം കോവിഡിന്റെ പിടിയില്‍ നിന്ന് കേരളത്തിനു പുറത്തു കടക്കാന്‍ കഴിയണം. ആള്‍ക്കൂട്ടമൊഴിവാക്കുകയെന്നതാണ് ഏറ്റവും കര്‍ശനമായി പാലിക്കപ്പെടേണ്ട നിയന്ത്രണം. കേരളത്തില്‍ എവിടെയാണ് ഇപ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത്? രാഷ്ട്രീയപരിപാടികളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കപ്പെടുകയോ നടപടിയെടുക്കപ്പെടുകയോ ചെയ്യുന്നുണ്ടോ? കൂട്ടം ചേരുന്നതിനോടു വിട്ടുവീഴ്ച ചെയ്യാതെ ജീവിതമാര്‍ഗങ്ങള്‍ തുറന്നു കൊടുത്തല്ലാതെ നമ്മള്‍ എങ്ങനെ മുന്നോട്ടു പോകും? എത്ര കാലം മുന്നോട്ടു പോകാനുണ്ട് മുന്നില്‍?

കേരളത്തില്‍ ഇപ്പോഴും നിയന്ത്രണമില്ലാതെ കൂട്ടം ചേരുന്നത് രാഷ്ട്രീയപരിപാടികളിലാണ്. ഒരു നടപടിയുമുണ്ടാകുന്നില്ല. കോവിഡ് പ്രതിരോധം ബാധകമേയല്ലെന്ന മട്ടില്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ മുന്നോട്ടു പോകുന്നു. എവിടെയും ആളുകള്‍ കൂട്ടം ചേരുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഘട്ടമാണിത്. മൂന്നാം തരംഗം മുന്നില്‍ നില്‍ക്കുമ്പോഴും ഇന്ത്യയിലെ ജനസംഖ്യയില്‍ ആറു ശതമാനത്തിനു പോലും രണ്ടു ഡോസ് വാക്സീന്‍ ലഭിച്ചിട്ടില്ല. എട്ടു കോടി ഇന്ത്യക്കാര്‍ക്കു മാത്രമാണ് രണ്ടു ഡോസ് വാക്സീനും ലഭിച്ചത്. കേരളത്തിലും കേന്ദ്രത്തിന്റെ വാക്സീന്‍ നയം വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. അതു മാത്രമല്ല ലഭിക്കുന്ന വാക്സീന്‍ നീതിയുക്തമായി തിരക്കിലാതെ വിതരണം ചെയ്യാന‍് ഇപ്പോഴും സംസ്ഥാനസര്‍ക്കാരിനു സാധിച്ചിട്ടുമില്ല. മൂന്നാം തരംഗം തൊട്ടടുത്താണെന്ന് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സൂചനകള്‍ പ്രകടമായിരിക്കേ വാക്സീനെ മാത്രം വിശ്വസിച്ച് പ്രതിരോധിക്കാനാകാത്ത അവസ്ഥയിലാണ് നമ്മള്‍. കൂട്ടം ചേരാതെ ആളുകളെ നിയന്ത്രിക്കുകയേ സാധ്യതയുള്ളൂ. വാരാന്ത്യ ലോക്ഡൗണ്‍ പോലും തൊട്ടടുത്ത ദിവസങ്ങളില്‍ വന്‍തോതില്‍ ആള്‍ക്കൂട്ടത്തിന് പ്രേരകമാകുന്നുവെന്നത് സര്‍ക്കാര്‍ നിഷേധിച്ചിട്ടു കാര്യമില്ല. 

അതുകൊണ്ട് കോവിഡ് നിയന്ത്രണങ്ങളില്‍ ശാസ്ത്രീയമായ പുനരാലോചന ഉണ്ടാകണം. അതിജീവനം ഉറപ്പാക്കിത്തന്നെ മൂന്നാം തരംഗത്തെ നേരിടാന്‍  കേരളവും സജ്ജമാകണം. കോവിഡ് വ്യാപനം കുറ‍ഞ്ഞിട്ടു തുറന്നു തരാം എന്നു ഒരു മേഖലയോടും നമുക്ക് പറയാനാകില്ല. കാരണം കോവിഡ് ഭീഷണി എന്ന് അവസാനിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ക്കു പോലും ഒരുറപ്പും മുന്നിലില്ല. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...