പ്രിയപ്പെട്ട പെണ്ണുങ്ങളേ, നിങ്ങ‌ളെ വിലമതിക്കാത്തവർക്കായി ജീവിതം ഹോമിക്കരുത്

parayathe-vayya-845
SHARE

ഇക്കാലത്തും കേരളത്തില്‍ സ്ത്രീധനമരണങ്ങളോ?  നമ്മള്‍ വല്ലാതെ ഞെട്ടി. ശരിക്കും? സ്ത്രീധനം എന്ന സാമൂഹ്യവിപത്ത് ഇവിടെയുണ്ടായിരുന്നുവെന്ന് നമ്മളറിഞ്ഞതേയില്ലേ? ഗാര്‍ഹികപീഡനം നേരിടുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇവിടെ മരിച്ചു ജീവിക്കുന്നുവെന്ന് നമ്മളറിഞ്ഞതേയില്ല? അത്രയും സ്വയം കബളിപ്പിക്കണോ? നമുക്കറിയാമായിരുന്നു. സ്ത്രീധനം കുടുംബങ്ങളുടെ ആധിയും വ്യാധിയുമായി ഇവിടെ അരങ്ങുതകര്‍ക്കുന്നുണ്ടെന്ന് നമുക്കറിയാമായിരുന്നു.  അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്ന് നമുക്കറിയാമായിരുന്നു. വീട്ടകങ്ങളില്‍ സ്ത്രീകള്‍ കടുത്ത അനീതിയും അക്രമവും നേരിടുന്നുണ്ടെന്നു നമുക്കറിയാമായിരുന്നു. ഗാര്‍ഹികാതിക്രമത്തിന്റെ പേരില്‍ സ്ത്രീകള്‍ ജീവനൊടുക്കുന്നുണ്ടെന്നും നമുക്കറിയാമായിരുന്നു. ഇനിയും ഇതൊക്കെ തുടരുമെന്നും നമുക്കറിയാം.  അറിയുമ്പോള്‍ ഞെട്ടാതിരിക്കുകയും കൊല്ലപ്പെടുമ്പോള്‍ ഞെട്ടുകയും ചെയ്യുന്ന ഈ സവിശേഷ ഇരട്ടത്താപ്പിന്റെ കൂടി ഇരകളാണ് പൊലിഞ്ഞു വീഴുന്ന സ്ത്രീജീവിതങ്ങള്‍. പക്ഷേ സ്ത്രീകള്‍ക്ക്  അങ്ങനെ തോറ്റുകൊടുക്കാനാകുമോ? സമൂഹവും സംവിധാനങ്ങളും മാറുന്നതു വരെ കാത്തിരിക്കണോ സ്ത്രീകള്‍?

നിരന്തരം നടന്നു പോരുന്നുവെന്നു നമുക്കറിയുന്ന ചില ദുരന്തങ്ങളില്‍ ചിലതു മാത്രം പെട്ടെന്ന് നമ്മുടെ തലയ്ക്കടിക്കും. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ജീവനൊടുങ്ങിയപ്പോള്‍ മാത്രം ഇപ്പോള്‍ കേരളമനഃസാക്ഷി ഒന്നുണര്‍ന്നിരിക്കുന്നു. സമൂഹവും സര്‍ക്കാരുമെല്ലാം നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. 

സ്ത്രീധനപീഡനിരോധനനിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന പരിഹാരം. അതില്‍ ആശ്വാസവും സന്തോഷവും തേടുന്നതിനു മുന്‍പ് ഇപ്പോള്‍ ഈ സര്‍ക്കാരിന്റെ പക്കല്‍ എത്ര സ്ത്രീധനപീഡനപരാതികളും ഗാര്‍ഹികാതിക്രമപരാതിയുമുണ്ടെന്ന് ഒന്നന്വേഷിക്കണം. അതില്‍ എന്തു നടപടിയെടുത്തുവെന്നു മുഖ്യമന്ത്രി പറയുന്നതു കേള്‍ക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് ആഗ്രഹമുണ്ട്. കണക്കുകള്‍ പറയുന്നത് ഇങ്ങനെയാണ്. പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ്സ് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നത്  66 സ്ത്രീധനപീഡന മരണങ്ങളാണ്. ഇതേ കാലയളവില്‍  റജിസ്ററര്‍ ചെയ്യപ്പെട്ട സ്്തീധന പീഡനക്കേസുകള്‍ പതിനയ്യായിരത്തിലേറെയാണ്. സംസ്ഥാന വനിതാകമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്ത്രീധനം സംബന്ധിച്ച കേസുകളില്‍ പകുതിയിലേറെയും തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 169 സ്ത്രീധന കേസുകളില്‍ 83 എണ്ണത്തില്‍ മാത്രമാണ് തുടര്‍നടപടി ഉണ്ടായത്. കൊല്ലം ജില്ലയില്‍ 57 ല്‍ 17 എണ്ണത്തില്‍മാത്രമാണ് കമ്മിഷന് നടപടി എടുക്കാനായത്. 2017 മുതല്‍ 2021 വരെയുള്ള  കേസുകളുടെ വിശദാംശങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമായത്.  2020ല്‍ മാത്രം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ 12,659 കേസുകള്‍  റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് കേരളത്തില്‍. ഈ വര്‍ഷം മേയ് വരെ മാത്രം 5500 കേസുകളായി. ഇതില്‍ ഗാര്‍ഹികാതിക്രമക്കേസുകള്‍ മാത്രമുണ്ട് 1100. എത്രയെണ്ണത്തില്‍ നടപടിയായെന്ന് കേരളത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞാല്‍ നമുക്കീ വാക്ക് വിശ്വസിക്കാം. 

അപ്പോള്‍ നമ്മുടെ ഈ കണ്ണീരിന്റെ ആത്മാര്‍ഥത അത്രയ്ക്കേയുള്ളൂവെന്ന് നമ്മള്‍ ആദ്യം സ്വയം സമ്മതിക്കണം. അങ്ങനെയല്ലായിരുന്നുവെങ്കില്‍ സാമൂഹ്യസമ്പദ്ഘടനയില്‍ ഇത്രയും ആഘാതമേല്‍പിച്ചുകൊണ്ട് സ്ത്രീധനം പല പല ഓമനപ്പേരുകളില്‍ ഇവിടെ ഇങ്ങനെ തുടരില്ലായിരുന്നു. വ്യക്തിത്വവൈകല്യമുള്ള പുരുഷന്‍മാരുടെ ഇരകളായി ഭാര്യമാര്‍ മര്‍ദനമേറ്റു ചതയില്ലായിരുന്നു. എല്ലാം നിയമത്തിനു പരിഹരിക്കാനാകുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ത്താം. പക്ഷേ നിയമം ചെയ്യേണ്ടത് നിയമവും സമൂഹം ചെയ്യേണ്ടതു സമൂഹവും ചെയ്തിരിക്കണം. സ്ത്രീകളുടെ കാര്യത്തില്‍ ഇതൊന്നും സംഭവിക്കുന്നില്ലെന്നതാണ് ഖേദകരം. 

ഓരോ വീട്ടിലും ഓരോ കുടുംബത്തിലും സ്ത്രീകള്‍ ഏതെങ്കിലും വിധത്തിലുള്ള അനീതികള്‍ സഹിച്ചുതന്നെയാണ് ജീവിക്കുന്നതെന്ന് നമുക്കറിയാം. വസ്തുതയാണത്. പുരുഷാധിപത്യസമൂഹം, ശീലിച്ചു പോയ ചിന്താഗതി, മാറാന്‍ മടിക്കുന്ന മനോഭാവം എന്നിങ്ങനെ നമുക്ക് അലോസരമുണ്ടാക്കാത്ത കുറേ വാക്കുകളെ നമ്മള്‍ സ്ഥിരമായി പ്രതിക്കൂട്ടില്‍  കയറ്റിനിര്‍ത്തിയിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന അനീതി പുരുഷന്‍മാര്‍ അനുഭവിക്കുന്ന അധികസൗകര്യമാണ്.  സ്വയം മാറാന്‍ ആരൊക്കെ തയാറാണെന്നു ചോദ്യം വന്നാല്‍ കൂട്ട ഒളിച്ചോട്ടം നേരിട്ടു കാണാം. അകത്തും പുറത്തും. പക്ഷേ അതു പോലെയൊന്നുമല്ല സ്ത്രീധനപീഡനവും ഗാര്‍ഹികാതിക്രമവും. സ്ത്രീധനം ക്രിമിനല്‍ കുറ്റമാണ്. സ്ത്രീധനം വാങ്ങുന്നതും അതിനു പ്രേരിപ്പിക്കുന്നതും കുറഞ്ഞത് അഞ്ചു വര്‍ഷം തടവും പിഴയും അനുഭവിക്കേണ്ട കുറ്റമാണ്. 

സ്ത്രീധനം കൊടുക്കുന്നതും കുറ്റകരമാണ്.  സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറു മാസം മുതല്‍ രണ്ടു വര‍്ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. ഒരു ക്രിമിനല്‍ കുറ്റം നടന്നു കഴിഞ്ഞാല്‍ സ്റ്റേറ്റാണ് പരാതിക്കാരാകേണ്ടത്. എവിടെയെങ്കിലും സ്ത്രീധനം ആവശ്യപ്പെടുകയോ കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്താല്‍ അതന്വേഷിച്ചറിഞ്ഞ് നിയമനടപടി സ്വീകരിക്കാന്‍ ബാധ്യതയുണ്ട് സ്റ്റേറ്റിന്. നിലവിലെ സാമൂഹ്യസാഹചര്യത്തില്‍ സ്ത്രീകളെല്ലാം ശാക്തീകരിക്കപ്പെടും വരെ സ്റ്റേറ്റ് നോക്കിനില്‍ക്കുന്നുവെന്ന ന്യായം സാമൂഹ്യഅനീതിയാണ്. 

പരിഹരിക്കപ്പെടാതെ കിടക്കുന്ന ഏത് സാമൂഹ്യ പ്രശ്നത്തിന് പിന്നിലും സമൂഹത്തിൻറെ കുറ്റകരമായ നിസ്സംഗത ഉറപ്പായും കാണാനാകും . സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനോട് മാത്രമല്ല സ്ത്രീകൾ നേരിടുന്ന ഏത് പ്രശ്നത്തിലും കുറ്റകരമായ നിസ്സംഗതയോ ന്യായീകരണം നമ്മുടെ സമൂഹം ഇപ്പോഴും വച്ചുപുലർത്തുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഏറ്റവും ഒടുവിൽ വനിതാ കമ്മീഷൻ അക്ഷയുടെ രാജിയിൽ കലാശിച്ച വിവാദം. സ്ത്രീകള്‍ നേരിടുന്ന കടുത്ത അനീതികളില്‍ സ്ത്രീകള്‍ പോലും എത്ര നിരുത്തരവാദപരമായാണ് ഇടപെടുന്നതെന്നാണ് നമ്മള്‍ കണ്ടത്. 

കേരളത്തിലെ സ്ത്രീകളുടെ പ്രശ്നത്തിൽ സമൂഹം ഏതെല്ലാം വിരുദ്ധ ചിന്താഗതികൾ പുലർത്തിയാലും ഏറ്റവും അനുഭാവത്തോടെ അനുതാപത്തോടെ ആ പ്രശ്നങ്ങൾ കാണാൻ ചുമതലപ്പെട്ട വനിതാ കമ്മിഷൻ അധ്യക്ഷ ഒരു പരാതി കാരിയോട് ഇങ്ങനെ പെരുമാറുന്നത് കേരളം കണ്ടു. അതാദ്യം ആയിരുന്നില്ല താനും. എംസി ജോസഫൈന്റെ വ്യക്തിപരമായ പ്രശ്നം എന്നതിലുപരി വനിതകളുടെ പ്രശ്നത്തെയും വനിതാകമ്മീഷൻ എന്ന സ്ഥാപനത്തെയും ഇടതുപക്ഷ സർക്കാർ പോലും എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്ന ഒരു രാഷ്ട്രീയ പ്രശ്നം കൂടി ഇവിടെയുണ്ട് . എംസി ജോസഫൈന്റെ രാജി മുഖം രക്ഷിക്കുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ടാകാം.  പക്ഷേ വനിതകളുടെ നീറുന്ന പ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുന്നുവെന്ന് വിസ്മയ യുടെയും അർച്ചനയുടെ മറ്റൊരുപാട് പേരുടെയും ജീവൻ  തെളിവായി നമ്മുടെ മുന്നിലുണ്ട്. പൊലീസ് കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തിടത്താണ് വനിതാകമ്മിഷന്റെ ജോലിഭാരം പല ഇരട്ടിയാകുന്നത്. വനിതാകമ്മിഷന്റെ മുന്നിലെത്തുന്ന പരാതികള്‍ തീര‍്പ്പാക്കാന്‍ പോലും കഴിയാത്തതെന്താണെന്ന വസ്തുനിഷ്ഠമായ വിശകലനം വേണം. 

നിയമം ചെയ്യേണ്ടത് നിയമം തന്നെ ചെയ്യണം. കുറ്റകൃത്യത്തെ കുറ്റമായും ആവശ്യമായ പ്രതിരോധത്തിന് ബോധവല്‍ക്കരണവുമാണ് നടക്കേണ്ടത്. അതല്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്ന, ജീവിതം തുലാസിലാക്കുന്ന സ്ത്രീധനത്തിനെതിരെ ഇനിയും ബോധവല്‍ക്കരണം നടത്താം എന്നു പറഞ്ഞു പറഞ്ഞ് സ്ത്രീകളെയും കുടുംബങ്ങളെയും വഞ്ചിക്കരുത് . സ്ത്രീധനം മാത്രവുമല്ല പ്രശ്നം.  ശാരീരികാക്രമണം കൂടുതല്‍  ഗുരുതരമായ കുറ്റമാണ്. സ്ത്രീധനം ഒരു പ്രകോപനമാകാമെങ്കിലും ഇങ്ങനെ കുറ്റവാസനയുള്ള, വ്യക്തിത്വവൈകല്യമുള്ള മനുഷ്യരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ഒപ്പം, ഇറങ്ങിവന്നുകൂടേ എന്നു വീണ്ടും രക്ഷകര്‍ത്താക്കള്‍ ചമയുന്നവരോട്, നമ്മള്‍ കണ്ണടച്ചാല്‍ ഇരുട്ടാകുന്ന ലോകത്തല്ല, ലക്ഷക്കണക്കിന് സ്ത്രീകള്‍ കുടുങ്ങിക്കിടക്കുന്നത്. ലളിതമായ രക്ഷാമുദ്രാവാക്യങ്ങള്‍ വിളിച്ചു പറഞ്ഞ് അവര്‍ അര്‍ഹിക്കാത്ത കുറ്റബോധത്തിലേക്ക് അവരെ തള്ളിവിടരുത്.

ഭാര്യയെ എന്നല്ല, മറ്റൊരു മനുഷ്യനെ മര്‍ദിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന മനുഷ്യരുടെ മാനസികാരോഗ്യം പരിശോധിക്കപ്പെടേണ്ടതാണ്. അത്തരം മനുഷ്യരുമായുള്ള ബന്ധങ്ങളെ മനോരോഗവിദഗ്ധര്‍ ടോക്സിക് ബന്ധങ്ങള്‍ എന്ന് തന്നെ കൃത്യമായി വേര്‍തിരിക്കുന്നു.  ശാരീരികമായി മാത്രമല്ല മാനസികമായും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ബന്ധങ്ങളാണിത്. അത്തരം മനുഷ്യര്‍ക്ക് ആദ്യം വേണ്ടത് വൈദ്യസഹായവും ചികില്‍സയുമാണ്. വിവാഹം ഒരു മരുന്നല്ല. ഒരു പെണ്‍കുട്ടിയുടെയും ജീവിതം ഒരു പുനരധിവാസപദ്ധതിയുമല്ല. പ്രശ്നം പക്ഷേ പലപ്പോഴും വിവാഹം വരെ വളരെ മാന്യമായ മുഖംമൂടിക്കുള്ളില്‍ ഇത്തരം മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍ സുരക്ഷിതരായിരിക്കും. താരതമ്യേന ദുര്‍ബലരായ ഇരകളായി ഭാര്യമാരെ കിട്ടുന്നതോടെയാകും പ്രശ്നങ്ങള്‍ പുറത്തു വരുന്നത്. വൈകിയാലും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രശ്നങ്ങള് ‍പൊലീസിനു മുന്നിലെത്തിയാല്‍ മാനസികാരോഗ്യപ്രശ്നങ്ങളുള്ളയാളുകള്‍ക്ക് ചികില്‍സ ഉറപ്പിക്കാനെങ്കിലും പൊലീസ് തയാറാകണം. ഇത്തരം കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടണം. ചികില്‍സയ്ക്കു തയാറാകാത്ത പങ്കാളിക്കൊപ്പം സ്ത്രീയെ വീണ്ടും നിര്‍ബന്ധിച്ചു പറഞ്ഞയയ്ക്കരുത്. ചികില‍്സ കൊണ്ടം ഫലമില്ലാത്തവരുണ്ടാകും. അത്തരം കേസുകളിലും സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. ഇറങ്ങിവന്നുകൂടേ എന്നു ചോദിക്കാന്‍ എളുപ്പമാണ്. ഇപ്പോഴും കേരളത്തില്‍ മിക്കയിടങ്ങളിലും സ്ത്രീക്ക് വാടകയ്ക്കൊരു വീടു കിട്ടില്ല. ഒറ്റയ്ക്കൊരു വീടു വാങ്ങാന്‍ സാമ്പത്തികസ്ഥിതിയും എത്തിയിട്ടുണ്ടാകില്ല. അത്തരം സാഹചര്യങ്ങളില്‍ സ്ത്രീക്കം കുട്ടികള്‍ക്കും പിന്തുണ നല്‍കാന്‍ സര്‍ക്കാരിനും വനിതാകമ്മിഷനു കൃത്യമായ പദ്ധതികളുണ്ടാകണം. 

വിവാഹം സമൂഹത്തിന്റെ സമ്മര്‍ദത്തിലൂടെ ഉണ്ടാകുന്ന ഒരു ഉടമ്പടിയാണ്.  അതുകൊണ്ടു തന്നെ വിവാഹത്തിന് ഇരയാകുന്നവര്‍ക്ക് ആശ്വാസവും അഭയവും ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എല്ലാവര്‍ക്കും ഇറങ്ങിപ്പോരാന്‍ മനസില്ലാത്തതല്ല പ്രശ്നം. ഇറങ്ങിവരാന്‍ ഒരിടമില്ല എന്നതാണ് പ്രശ്നം. കേരളത്തിലാകെ ഒരു കണക്കെടുക്കുക. എത്ര സ്ത്രീകള്‍ക്ക് സ്വകാര്യസ്വത്തുണ്ട്? എത്ര ശതമാനം സ്ത്രീകള്‍ക്ക് സ്വന്തം പേരില്‍ വീടോ വസ്തുവോ ഉണ്ടാകും? സ്വകാര്യസ്വത്തവകാശത്തിലടക്കം നിലനില്‍ക്കുന്ന കടുത്ത അസമത്വവും അനീതിയും ചര്‍ച്ചയാണം. മാറ്റങ്ങള്‍ കൊണ്ടു വരണം. വിവാഹസമയത്ത് സമ്മാനങ്ങള്‍ കൊടുത്തുപേക്ഷിച്ചു കളയേണ്ടതല്ല സ്ത്രീയുടെ അവകാശം. പാരമ്പര്യസ്വത്തില്‍ തുല്യാവകാശവും സ്വന്തം പേരില്‍ തന്നെ കുടുംബസ്വത്ത് കൈമാറാനും നിയമങ്ങള്‍ കൊണ്ടുവരണം , സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വനിതാ കമ്മീഷനില്‍ ഏതെല്ലാം മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നു എന്നതാണ് കേരളത്തിന് അറിയേണ്ടത്. പാഠപുസ്തകങ്ങളിൽ തിരുത്തുമെന്നും വനിതകളുടെ പ്രശ്നങ്ങളിൽ വളരെ ഗൗരവത്തോടെ ഇടപെടുമെന്നും പ്രഖ്യാപനങ്ങൾ നടത്താൻ എളുപ്പമാണ്. പക്ഷേ ഇതിനു മുൻപ് ഉണ്ടായ കേസുകളിലും ഇത്തരം പ്രഖ്യാപനങ്ങൾ കേട്ട് പ്രതീക്ഷയോടെ നിന്ന് പലരും ഇപ്പോൾ പരലോകത്തിരുന്ന് പ്രഖ്യാപനങ്ങൾ കേട്ടു മന്ദഹസിക്കുന്നുണ്ടാകണം : വനിതാ കമ്മീഷന് പുതിയ അധ്യക്ഷ മാത്രമല്ല പുതിയ കാഴ്ചപ്പാടും പ്രശ്ന പരിഹാരങ്ങൾക്ക് ആവശ്യമായ അധികാരവും നിയമപരമായ പിൻബലവും വർധിപ്പിക്കണം. വനിതകളുടെ പ്രശ്നങ്ങളെല്ലാം സർക്കാർതന്നെ പരിഹരിച്ച് തരാം എന്ന് പറയരുത്. 

പരമപ്രധാനമായി പറയാനുള്ളത് പെണ്‍കുട്ടികളോടാണ്. ബന്ധനമാകുന്നതെന്തും പൊട്ടിച്ചെറിഞ്ഞ് സ്വത്വബോധത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ കേള്‍ക്കണം. ഒരു മാതൃകയും മറ്റൊരാള്‍ക്ക് പാകമാകില്ല. പക്ഷേ അടിസ്ഥാനപാഠങ്ങള്‍ ഒന്നു തന്നെയാണ്. അവളവളോട് ഉത്തരവാദിത്തം കാണിക്കേണ്ടത് നമ്മള്‍ തന്നെയാണ്. നമ്മുടെ വ്യക്തിത്വവും ജീവിതവും മറ്റാരുടെയും സംരക്ഷണത്തില്‍ ഏല്‍പിക്കരുത്. അങ്ങനെ ചെയ്താല്‍ സ്വയം നഷ്ടപ്പെടുമ്പോള്‍ ജീവിതം തിരിച്ചുപിടിക്കാനാകാതെ വരും. പകരം, എന്റെ ജീവിതം എന്റെ ഉത്തരവാദിത്തമാണ് എന്ന ഉറച്ച ബോധ്യത്തോടെ സ്വന്തം ജീവിതത്തിന് അടിത്തറ പാകണം. പഠനകാലം മുതല്‍ ആ ഉറച്ച ലക്ഷ്യബോധം മനസിലുണ്ടാകണം. കുടുംബത്തിന്റെയോ രക്ഷിതാക്കളുടെയോ പിന്തുണ പ്രയോജനപ്പെടുത്താം. പക്ഷേ അതിനെയും ആശ്രയിക്കുകയേ ചെയ്യരുത്.  എന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം എനിക്കു തന്നെയാണെന്നു തീര്‍ച്ചപ്പെടുത്തണം.  ജീവിതം ഏതുവഴിക്കു എങ്ങനെ പോകണമെന്നു ഞാന്‍ തീരുമാനിക്കുമെന്നു തീര്‍ച്ചപ്പെടുത്തണം. അതിനാവശ്യമായ സാമ്പത്തികസ്വാതന്ത്ര്യം നേടിയെടുക്കണം. 

ഉന്നതവിദ്യാഭ്യാസവും നല്ല വരുമാനമുള്ള ജോലിയും അത്യാവശ്യമാകുന്നത് അവിടെയാണ്. എല്ലാവര്‍ക്കും പഠിക്കാനുള്ള സാഹചര്യമില്ലല്ലോ, എനിക്കാവുന്നതുപോലെ ശ്രമിച്ചു എന്നു പാതിവഴിയില്‍ നിര്‍ത്തിക്കളയേണ്ട സാഹചര്യമേ ഇന്നു കേരളത്തിലില്ല. വ്യക്തിപരമായി എത്ര പ്രതിസന്ധിയുണ്ടായാലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയായാലും ആവശ്യമായ വിദ്യാഭ്യാസമോ പരിശീലനമോ നേടിയെടുക്കണം. ഇപ്പോഴും വേണ്ടത്ര പ്രയോജനപ്പെടുത്താത്ത നിരവധി സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുണ്ട്. സാമ്പത്തികമായി സ്വയംപര്യാപ്തരാകുക എന്നതിനര്‍ഥം ആഗ്രഹിക്കുന്നതുപോലെ ജീവിക്കാന്‍ കഴിയുക എന്നു കൂടിയാണ്. അങ്ങനെ ആത്മാഭിമാനത്തോടെ സ്വന്തം ജീവിതം ഒരു ദിശയിലെത്തിയെന്നുറപ്പായ ശേഷം മാത്രം ചിന്തിക്കേണ്ട ഒന്നാണ് പ്രണയവും വിവാഹവും കുടുംബവും. വിവാഹവും കുടുംബവും ഒരിക്കലും ജീവിതലക്ഷ്യമാകരുത്. അത് ജീവിതയാത്രയില്‍ സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. ജീവിതത്തിന്റെ ലക്ഷ്യമല്ല, ഭാഗം മാത്രമാണ് വിവാഹവും കുടുംബവും. സ്ത്രീകളുടെ ജീവിതസ്വപ്നങ്ങള്‍ വിവാഹത്തില്‍ അവസാനിക്കരുത്. സ്നേഹവും കുടുംബവും കുഞ്ഞുങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗം മാത്രമാണ്. ലക്ഷ്യമല്ല. വലിയ സ്വപ്നങ്ങള്‍ കാണാനും അത് സാക്ഷാത്കരിക്കാനും എല്ലാ പുരുഷന്‍മാര്‍ക്കുമുള്ള അതേ അവകാശം സ്ത്രീകള്‍ക്കുമുണ്ട്. അതു മാത്രമല്ല, എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും കുടുംബത്തിനു ചുറ്റുമായി പടുത്തുയര്‍ത്തുമ്പോഴാണ് ചെറിയ പ്രശ്നങ്ങളില്‍ പോലും മനസുലഞ്ഞു പോകുന്നതും കടുത്ത തിരിച്ചടികളില്‍ പതറിപ്പോകുന്നതും. പണം കൊടുത്തു വാങ്ങുന്നതൊന്നും സ്നേഹമല്ല. സദാസേവനസന്നദ്ധയായി ത്യാഗം സഹിച്ച് നേടിയെടുക്കാന്‍ ശ്രമിക്കുന്നതുപോലും സ്നേഹമല്ല, മറ്റെന്തോ ആണ്. സ്നേഹമെന്നത് സ്വതന്ത്രമായി സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. 

ആശ്രയിച്ചു ജീവിക്കാനും സേവനതല്‍പരരായി സ്വയം ത്യജിക്കാനുമാണ് പുരുഷാധിപത്യസമൂഹം സ്ത്രീകളെ ശീലിപ്പിച്ചിട്ടുള്ളത്.  സ്ത്രീയുടെ മുന്‍ഗണനാപ്പട്ടികയില്‍ പോലും സ്വയം അവരോധിക്കാന്‍ സ്ത്രീ മടിക്കും. അത് അക്ഷന്തവ്യമായ അപരാധമാണെന്നു അധീശത്വസ്വഭാവമുള്ള ലോകം കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്ന പേടി ഓരോ സ്ത്രീയിലും കുത്തിവയ്ക്കാന്‍ നിരന്തരശ്രമം നടക്കുന്നുണ്ട്. അതിനെ മറികടന്നേ പറ്റൂ. മറ്റാരും രക്ഷിക്കാന്‍ വരുമെന്നു കാത്തിരിക്കേണ്ട. മറ്റാരെങ്കിലും തുണയാകുമെന്ന് ദുര്‍ബലയുമാകണ്ട. മറ്റാരുടെയെങ്കിലും കനിവിന് കാത്തിരിക്കണ്ട. പിന്നെ എത്ര ശ്രദ്ധിച്ചാലും വിവാഹമെന്ന തീരുമാനത്തില്‍ തെറ്റുകള്‍ പറ്റാം. തെറ്റു പറ്റിയാല്‍ നമ്മളെല്ലാം എന്താണു ചെയ്യുന്നത്? അതു തന്നെ. തെറ്റു പറ്റിയെന്നുറപ്പായാല്‍ ഒട്ടും വൈകാതെ അതു തിരുത്താനും മടിക്കരുത്. അവിടെയും ആരുടെയും കാരുണ്യത്തിനു കാത്തുനില്‍ക്കേണ്ടി വരരുത് എന്നു മാത്രം. 

രണ്ടു വ്യക്തികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി സമൂഹമുണ്ടാക്കിയ സംവിധാനമാണ് വിവാഹം. എങ്ങനെ സൂക്ഷ്മത പുലര്‍ത്തി ജീവിതപങ്കാളിയെ തിരഞ്ഞെടുത്താലും ചിലപ്പോള്‍ തെറ്റു പറ്റാം. നിസാരമായ പൊരുത്തക്കേടുകള്‍ മുതല്‍ ഗുരുതരമായ മാനസിക–ശാരീരിക ആക്രമണം  വരെ കടന്നു വന്നേക്കാം. ഈ വിവാഹം  തെറ്റായിരുന്നു എന്ന് എങ്ങനെയാണ് ഒരു സ്ത്രീയോ പുരുഷനോ തിരിച്ചറിയേണ്ടത്.? ബഹുമാനവും സ്നേഹവും ആദരവും ലഭിക്കുന്നതേയില്ലെന്ന് ആത്മാര്‍ഥമായ തിരുത്തല്‍ ശ്രമങ്ങള്‍ക്കു ശേഷവും ബോധ്യമാകുന്നുണ്ടെങ്കില്‍ ആ തെറ്റ് തിരുത്തേണ്ടതാണ് എന്ന് പങ്കാളികള്‍ക്കു തന്നെ മനസിലാകും. പരസ്പരമര്യാദയോടെ പറ‍‍ഞ്ഞു പിരിയുകയെന്നതാണ് ഏറ്റവും നല്ല വഴി. പക്ഷേ ഭാര്യ വിവാഹമോചനത്തിനു മുന്‍കൈയെടുക്കുന്നത് പുരുഷാധിപത്യസമൂഹത്തില്‍ വലിയ അപമാനമായി കണ്ടു ശീലിച്ച പങ്കാളികളാണെങ്കില്‍ നിയമസഹായം തന്നെ തേടേണ്ടി വരും. ഒരു കാരണവശാലും ശാരീരികമായ ഉപദ്രവം സഹിച്ചു കൊണ്ട് ഒരു ബന്ധത്തിലും തുടരരുത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ഒരല്‍പം പോലും ബഹുമാനമില്ലാത്തപ്പോഴാണ് ശാരീരികമായ അതിക്രമത്തിന് മുതിരുന്നത്. അത് കുറ്റകരമാണ്. ഗാര്‍ഹികാതിക്രമ നിരോധന നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. പൊലീസില്‍ പരാതിപ്പെടണം. സുരക്ഷ ഉറപ്പുവരുത്തണം. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ എത്തിച്ചേര്‍ന്നുവെന്നത് നമ്മുടെ കുറ്റമാണ് എന്നു സ്വയം തോന്നാനേ പാടില്ല. അത് പ്രണയ വിവാഹമായാലും  വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായാലും തെറ്റിയെന്നു മനസിലായാല്‍ തിരുത്താന്‍ ഒരു കുറ്റബോധവുമുണ്ടാകേണ്ടതില്ല. വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നത് ഒരു സമൂുഹത്തെ ആശങ്കപ്പെടുത്തേണ്ട കാര്യമല്ല. സത്യത്തില്‍ വിവാഹമോചനങ്ങളുടെ എണ്ണം തെറ്റു തിരുത്തലുകളുടെ കൂടി എണ്ണമായി കാണാന്‍ സമൂഹമാണ് പക്വത നേടേണ്ടത്. ചേരാത്തത് ചേരുന്നില്ലെന്നു മനസിലാക്കി തിരുത്താന്‍ ധൈര്യം കാണിച്ച മനുഷ്യരുടെ എണ്ണം കൂടിയാണ് വിവാഹമോചനങ്ങളില്‍ പ്രതിഫലിക്കുന്നത്. 

പ്രിയപ്പെട്ട പെണ്ണുങ്ങളേ... നിങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങളെ മറ്റാരു സ്നേഹിക്കുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? നമുക്ക് നമ്മള്‍ തുണയായില്ലെങ്കില്‍ മറ്റാരോടാണ് നമുക്കത് ആവശ്യപ്പെടാനാകുക? സ്വയം മാറിയേ പറ്റൂ. നമ്മളെ ബഹുമാനിക്കാത്ത, നമ്മളെ വില മതിക്കാത്ത ഒരു മനുഷ്യനും ഒരു കുടുംബത്തിനും വേണ്ടി ജീവിതം ഹോമിക്കരുത്. സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുക. സ്നേഹവും ബഹുമാനവും പരസ്പരമര്യാദയും അനുഭവപ്പെടുന്ന ബന്ധങ്ങളില്‍ മാത്രം ജീവിതം നിക്ഷേപിക്കുക. അത് വിവാഹമായാലും പ്രണയമായാലും മറ്റേതു ബന്ധമായാലും. വ്യാജമായ ഒന്നിനും  ജീവിതത്തിന്റെ യഥാര്‍ഥ സന്തോഷം ലഭ്യമാക്കാനാവില്ല. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...