ജനങ്ങള്‍‌ക്കൊപ്പം നേതാക്കളും മാതൃക കാട്ടൂ; ഇനിയൊരു ലോക്ഡൗണ്‍ അരുത്

parayathe-vayya
SHARE

കോവിഡ് നിയന്ത്രണങ്ങള്‍ കേരളത്തില്‍ രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുന്നുണ്ടോ? സാധാരണക്കാര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും വെവ്വേറെ പ്രോട്ടോക്കോള്‍ നിലവിലുണ്ടോ? കോവിഡ് വ്യാപനത്തില്‍ നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പങ്ക് ഒരിക്കല്‍ പോലും ഗൗരവത്തോടെ വിലയിരുത്തപ്പെട്ടിട്ടില്ല. പക്ഷേ ഇനിയൊരു വ്യാപനത്തിന് കേരളത്തിലെ ഭരണരാഷ്ട്രീയനേതൃത്വം ഇടവരുത്തുന്നില്ലെന്ന് ജനങ്ങള്‍ ഉറപ്പിക്കേണ്ട അവസ്ഥ നിലവിലുണ്ട്. കേരളത്തില്‍ രാഷ്ട്രീയനേതാക്കളും സാധാരണക്കാരും ഒരേ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചേ പറ്റൂ.  

ഈ ആഴ്ചയുടെ തുടക്കത്തില്‍  സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുണ്ടായിരുന്ന ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ച ദൃശ്യങ്ങളാണിത്. ശാരീരിക അകലമില്ല. ആള്‍ക്കൂട്ടം പാടില്ലെന്ന കര്‍ശനനിബന്ധനകള്‍ കാറ്റില്‍ പറത്തി, കേരളത്തിലെ മന്ത്രിമാരും പ്രതിപക്ഷനേതാക്കളുമെല്ലാം പങ്കെടുത്ത പരിപാടികള്‍. മരണത്തിനു പോലും 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഉത്തരവ് നിലവിലുണ്ടായിരുന്ന അതേ സമയത്ത് കേരളത്തിലെ രാഷ്ട്രീയനേതൃത്വം പെരുമാറുന്നതെങ്ങനെയെന്നു കാണുക.  

ഇതില്‍ എല്ലാ ചടങ്ങും കൂടിച്ചേരലുകളും  ലോക്ഡൗണ്‍ പിന്‍വലിച്ച ഇന്നത്തെ സാഹചര്യത്തില്‍ പോലും നിയമവിരുദ്ധമാണ്. ഇപ്പോഴും കേരളത്തില്‍ പൊതുചടങ്ങുകള്‍ക്ക് അനുമതിയില്ല. വിവാഹത്തിനും മരണത്തിനും പരമാവധി 20 പേര്‍ക്കു മാത്രമാണ് അനുമതി. ആരാധനാലയങ്ങള്‍ തുറന്നിട്ടില്ല. ഒരു ചെറിയ ആള്‍ക്കൂട്ടത്തെപ്പോലും അനുവദിക്കാവുന്ന സാഹചര്യമായിട്ടില്ലെന്നതാണ് വാസ്തവം. 

കോവിഡിന്റെ ആദ്യതരംഗത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസത്തിലേക്കു താഴ്ന്നിട്ടില്ല ഇതുവരെയും പ്രതിദിനരോഗബാധിതരുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പത്തില്‍ താഴെയെത്തിയിട്ടില്ല. ഇനിയും അടച്ചിടാന്‍ പറ്റില്ലെന്നു വ്യക്തമായ സാമൂഹ്യസാഹചര്യത്തിലാണ് കേരളം ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത്.  

എന്നു വച്ചാല്‍ കേരളത്തിന്റെ കോവിഡ് വ്യാപനസാഹചര്യം ഇപ്പോഴും ഗുരുതരമാണ്. ജീവിക്കാന്‍ വേണ്ടി മാത്രം ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവു വരുത്തിയെന്നു മാത്രം. ഇനിയും കൃത്യമായ മുന്‍കരുതലുമായി ജീവിച്ചാല്‍ മാത്രമേ നമുക്ക് കോവിഡിനെ പ്രതിരോധിക്കാനാകൂ. ശാരീരിക അകലത്തിലും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും പാടില്ല. കുടുംബത്തിനകത്തു പോലും പാലിക്കേണ്ട അകലത്തെക്കുറിച്ച് എന്നും ഓര്‍മപ്പെടുത്തുന്ന മുഖ്യമന്ത്രിയും രാഷ്ട്രീയനേതൃത്വവും പക്ഷേ പെരുമാറുന്നതെങ്ങനെയാണ്? അതില്‍ വീഴ്ച വരുമ്പോള്‍ സാധാരണക്കാര്‍ക്കു ശിക്ഷ വിധിക്കുന്ന നിയമങ്ങളൊന്നും നേതാക്കളെ തൊടാത്തതെന്തുകൊണ്ടാണ്? 

ട്രിപ്പില്‍ ലോക്ഡൗണ്‍ നിലനിന്നിരുന്ന സമയത്താണ് തിരുവനന്തപുരത്ത് എ.കെ.ജി.സെന്ററില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൂട്ടം ചേര്‍ന്ന് കേക്കു മുറിച്ചത്. 12 പേര്‍ ഒന്നിച്ച് നിന്ന് ഒരു കേക്ക് മുറിക്കുന്നതില്‍ എന്തു പ്രശ്നമെന്നായിരുന്നു വിമര്‍ശനങ്ങളോട് ഇടതുപക്ഷത്തിന്റെ മറുചോദ്യം. മറുപടി മുഖ്യമന്ത്രിയാണ് കേരളത്തോടു പറഞ്ഞുകൊണ്ടേയിരിക്കുന്നത്. 

മുഖ്യമന്ത്രി കോവിഡ് ബാധിതനായപ്പോഴും അദ്ദേഹം തന്നെ പറഞ്ഞുകൊണ്ടിരുന്ന പ്രോട്ടോക്കോള്‍  ഒന്നും കണ്ടില്ല.   കോവിഡ് ബാധിതനായ വ്യക്തിയും കോവിഡ് ഇല്ലാത്ത ഭാര്യയും ഒരുമിച്ച് ഒരേ വാഹനത്തില്‍ യാത്ര ചെയ്ത് ആശുപത്രിയിലെത്തി. മുഖ്യമന്ത്രി കോവിഡ് മുക്തി നേടി മ‍ടങ്ങുമ്പോള്‍ കോവിഡ് പോസിറ്റീവ് ആയ ഭാര്യയും അതേ വാഹനത്തില്‍ പി.പി.ഇ കിറ്റ് പോലുമില്ലാത്ത മടങ്ങി. ഇത് ശരിയായ മാതൃകയാണോ എന്ന ചോദ്യത്തിനും അന്ന് മുഖ്യമന്ത്രിക്കു മറുപടി ഉണ്ടായിരുന്നു.  

എല്ലാ കുടുംബങ്ങള്‍ക്കും കേരളത്തില്‍ ഒരേ കോവിഡ് പ്രോട്ടോക്കോള്‍ അല്ല എന്ന് അന്നു കേരളത്തിനു ബോധ്യപ്പെട്ടതാണ്.  എല്ലാ രാഷ്ട്രീയനേതാക്കള്‍ക്കും ഈ പ്രത്യേക അവകാശങ്ങളൊക്കെയുണ്ടെന്ന് ഈയടുത്ത ദിവസങ്ങളില്‍ കേരളം കണ്ടു. ലോക്ക്ഡൗണിനിടെ മന്ത്രിമാര്‍ നടത്തിയ പരിപാടികള്‍ക്കെല്ലാം ആള്‍ക്കൂട്ടമുണ്ടായി. കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങില്‍ ഒരു പ്രോട്ടോക്കോളും പാലിക്കപ്പെട്ടില്ല. 

അതും കൃത്യമായ അകലം ഉറപ്പിച്ച് നടത്തിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പോലും കോവിഡ് നിയന്ത്രണം ചൂണ്ടിക്കാട്ടി പങ്കെടുക്കാതെ മാറിനിന്ന പ്രതിപക്ഷമാണ് ഇത്തരത്തില്‍ സ്വന്തം ചടങ്ങില്‍ പെരുമാറിയിത്.  

ന്യായമായ ആവശ്യങ്ങളുടെ പേരിലാണെങ്കില്‍ പോലും ഇതേ ദിവസങ്ങളില്‍ നടന്ന സമരങ്ങളിലും എവിടെയും ഒരു പ്രോട്ടോക്കോളുമുണ്ടായില്ല.  

കോവിഡ് വ്യാപനത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പാളിച്ചകള്‍ കൃത്യമായി ഓര്‍മിപ്പിക്കാനും കുറ്റപ്പെടുത്താനും മുന്നറിയിപ്പു നല്‍കാനും നമുക്ക് ഭരണ രാഷ്ട്രീയനേതൃത്വമുണ്ട്. നടപടിയെടുക്കാനും പിഴയടപ്പിക്കാനും പൊലീസും.  പക്ഷേ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമ്പോള്‍ അത് വളരെ സ്വാഭാവികവും ഒഴിവാക്കാനാകാത്തതുമായ നടപടിയാകുന്നതെങ്ങനെ? ഇവിടെ ഇരട്ടത്താപ്പ് മാത്രമല്ല, ഗുരുതരമായ അനീതിയും സംഭവിക്കുന്നുണ്ട്. സാമ്പത്തികമായി പരവശരായിരിക്കുന്ന മനുഷ്യരോട് ഒരു കരുണയുമില്ലാതെ വന്‍തുക പിഴ ഈടാക്കുന്ന അതേ സംവിധാനങ്ങളാണ് നേതാക്കളുടെ നിയമലംഘനത്തിന് കാവല്‍ നില്‍ക്കുന്നതും.  

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഈ ജനുവരി മുതല്‍ ഈ മാസം 8 വരെ കേരളപൊലീസ് പിഴ ചുമത്തിയത് 35 കോടി രൂപയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 82000–ത്തിലേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കേരളാപകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരം 500 മുതല്‍ അയ്യായിരം രൂപ വരെയാണ് പിഴ. അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപയാണ് പിഴയീടാക്കിയത്. മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയടപ്പിച്ചിട്ടുണ്ട്. ഈ ലോക്ഡൗണ്‍ കാലത്താണ് ഏറ്റവുമധികം പിഴ ചുമത്തിയതെന്നും കണക്കുകള്‍ കാണിക്കുന്നു. നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍, ആളെണ്ണം പാലിക്കാത്ത വിവാഹങ്ങള്‍, മറ്റു ചടങ്ങുകള്‍ എന്നിവയ്ക്കാണ് 5000 രൂപ പിഴ ചുമത്തിയത്. ഇപ്പോഴും പിഴ ഈടാക്കല്‍ തുടരുകയാണ്. അത്യാവശ്യക്കാരെ സഹായിക്കാനിറങ്ങിയ ഓട്ടോക്കാര്‍ക്കെതിരെയാണ് കൂടുതല്‍ നടപടിയുണ്ടായതെന്ന് ഓട്ടോറിക്ഷാതൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. ആവശ്യം ന്യായമാണോ അല്ലയോ എന്ന് പൊലീസിനു തീരുമാനിക്കാം എന്നതായിരുന്നു സ്ഥിതി.  

ഒരു സാധാരണക്കാരന്റെ ജീവിതം ഇപ്പോള്‍ എങ്ങനെയാണ്? കോവിഡ് സാമൂഹ്യഉത്തരവാദിത്തവുമായി ഒന്നരമാസത്തോളം വീടിനകത്ത് അടച്ചിരുന്നു. ഇപ്പോള്‍ കര്‍ശനനിയന്ത്രണങ്ങളോടെ ഇളവുകള്‍ തുടങ്ങിയിരിക്കുന്നു. വരുമാനമില്ലാത്ത ഒന്നരമാസത്തിനു ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് വന്‍വിലക്കയറ്റമാണ്. ലീറ്ററിന് നൂറുരൂപ തൊടാനാരുങ്ങി പെട്രോളും ഡീസലും ഭീഷണി തീര്‍ക്കുന്നു. എവിടെ നിന്നു തുടങ്ങുമെന്നും എങ്ങനെ മുന്നോട്ടു പോകുമെന്നുമറിയാതെ പകച്ചു നില്‍ക്കുന്ന മനുഷ്യരെല്ലാം അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന കോവിഡ് പ്രോട്ടോക്കോള്‍ വീഴ്ചകളില്‍ പിഴയടച്ചു നടപടി നേരിടുന്നുണ്ട്. പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഒരു ഐ.ഡി.കാര്‍ഡ് കാണിക്കാനില്ലാത്ത അടിസ്ഥാനവിഭാഗങ്ങളാണ് നടപടിക്കു വിധേയരാകുന്നതെന്നും കാണാതെ പോകരുത്. റേഷന്‍ വാങ്ങിക്കുമ്പോള്‍ സത്യവാങ്മൂലം മറന്നതിന്, മരുന്നു വാങ്ങാന്‍ പോകുമ്പോള്‍ ചോദ്യം ചെയ്യലിനു വിധേയരായ അപമാനവുമായി നൂറു കണക്കിന് മനുഷ്യര്‍ കോവിഡ് പ്രതിരോധമെന്ന് സമാധാനിച്ച് ജീവിക്കുന്നുണ്ട്.  

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് നിയമനടപടി നേരിട്ട  ഈ പതിനായിരങ്ങളില്‍ എത്ര രാഷ്ട്രീയനേതാക്കളുണ്ട്? കോവിഡ് വ്യാപനം ചെറുക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രമാണ് നമ്മള്‍ പൊരുതുന്നതെങ്കില്‍ രാഷ്ട്രീയനേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും വേവ്വേറെ പ്രോട്ടോക്കോള്‍ എങ്ങനെ ശരിയാകും? സാമൂഹ്യനീതിയില്‍ മാത്രമല്ല, ആരോഗ്യഭീഷണിയെന്ന തലത്തില്‍ നോക്കിയാലും കൂടുതല്‍ വലിയ കൃത്യവിലോപമാണ് രാഷ്ട്രീയനേതൃത്വം കാണിച്ചു കൊണ്ടേയിരിക്കുന്നത്. മൂന്നാം തരംഗം തൊട്ടടുത്തുണ്ടെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ ഇനിയൊരു അലംഭാവത്തിനും കേരളം ഇടം കൊടുക്കരുത്.  

പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്ത പരിപാടികളില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അങ്കമാലിയില്‍ kpcc പ്രസിഡന്റ് പങ്കെടുത്ത ചടങ്ങിലും തിരുവനന്തപുരത്തെ ചുമതലയേല്‍ക്കല്‍ ചടങ്ങിലും  കേസുണ്ട്. മുഖ്യമന്ത്രിക്കെതിരെയോ മന്ത്രിമാര്‍ക്കെതിരെയോ കേസുകളില്ല. പിഴയടയ്ക്കേണ്ടി വന്ന രാഷ്ട്രീയനേതാക്കളുമില്ല. 

രാഷ്ട്രീയനേതാക്കളുടെ നിയമലംഘനങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നിശബ്ദപിന്തുണയുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ പരാതിപ്പെടില്ല. ആരും ചോദ്യമുന്നയിക്കില്ല. നിങ്ങള് ‍പറഞ്ഞാല്‍ മാത്രം ഞങ്ങളും പറയും. ഇല്ലെങ്കില്‍ പ്രത്യേക നിയമപരിരക്ഷയുള്ള വിഭാഗത്തെപ്പോലെയാണ് രാഷ്ട്രീയനേതൃത്വത്തിന്റെ പെരുമാറ്റം. ഇത് രാഷ്ട്രീയനേതൃത്വത്തില്‍ നിന്നു മാത്രമാണുണ്ടാകുന്നതെന്നും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഉത്തരവാദിത്തത്തോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഇതിനിടയിലുമുണ്ട്. പൊതിച്ചോര്‍ വിതരണവും സന്നദ്ധ പ്രവര്‍ത്തനവുമായി രാപകലില്ലാതെ കോവിഡിനെ ചെറുക്കാന്‍ നേരിട്ടു പോരാടുന്ന സാധാരണ  രാഷ്ട്രീയപ്രവര്‍ത്തകരാരും കോവിഡ് പ്രോട്ടോക്കോളില്‍ ഒരു ലംഘനവും വരുത്തുന്നില്ല.  

കോവിഡ് മൂന്നാംതരംഗം ഏതുവഴി വരുമെന്ന് ആശങ്കപ്പെട്ടു നില്‍ക്കുന്ന കേരളത്തിനു മുന്നിലേക്ക് രാഷ്ട്രീയനേതൃത്വം ഉയര്‍ത്തുന്ന പ്രതിരോധന്യായങ്ങളാണ് വിചിത്രം. ഞങ്ങള്‍ സ്വീകരണച്ചടങ്ങുകള്‍ ഒഴിവാക്കിയില്ലേ,ജനസമ്പര്‍ക്കപരിപാടികള്‍ ഒഴിവാക്കിയില്ലേ, പരമാവധി ശ്രദ്ധിക്കുന്നില്ലേ തുടങ്ങിയ വാദങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ആരുടെയെങ്കിലും ഔദാര്യമാണോ? 

സാധാരണക്കാര്‍ക്ക് ഇതേ ന്യായങ്ങള്‍ ബാധകമാണോ? മാസ്ക് മുഖത്തു നിന്നു താഴ്ന്നു പോയാല്‍ പിഴയടപ്പിക്കുന്ന നിയമം നിലവിലുള്ള നാട്ടില്‍ രാഷ്ട്രീയനേതാക്കള്‍ക്കു മുന്നില്‍ മാത്രമെങ്ങനെയാണ് നിയമം ഇത്തരം ഔദാര്യത്തിനു മുന്നില്‍ പഞ്ചപുച്ഛമടക്കുന്നത്? ഇതേ നിലയും പെരുമാറ്റവുമാണ് തുടരുന്നതെങ്കില്‍ അടുത്ത ഘട്ടം കോവിഡ് വ്യാപനത്തില്‍ ആരെയാണ് കേരളം പേടിക്കേണ്ടത്? 

മൂന്നാം തരംഗത്തെക്കുറിച്ച് അനാവശ്യഭീതി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പക്ഷേ ശാസ്ത്രലോകം ആവര്‍ത്തിച്ചാവശ്യപ്പെടുന്നത് അതിജാഗ്രത വേണമെന്നു തന്നെയാണ്. രണ്ടു വട്ടം കടന്നു പോയ അതേ ദുരിതങ്ങളിലൂടെ വീണ്ടുമൊരിക്കല്‍ കൂടി എത്തിച്ചേരാതിരിക്കാന്‍ പൂര്‍ണമായി സഹകരിക്കുന്ന ജനതയാണ് മുന്നില്‍. മൂന്നാം തരംഗം ഒഴിവാക്കാനാകില്ലെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ ഈ ദിവസങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  ഡെല്‍റ്റാപ്ലസ് വാരിയന്റ് വൈറസിനെ സൂക്ഷ്മമായി കരുതിയിരിക്കണമെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം ആവര്‍ത്തിക്കുന്നത്. ജനതയില്‍ പകുതിക്കു പോലും വാക്സീന്‍ ലഭ്യമാക്കാനാകാത്ത സാഹചര്യത്തില്‍ പെരുമാറ്റരീതികളിലെ കര്‍ശനകരുതലലിലൂടെ മാത്രമേ മൂന്നാം തരംഗത്തെ അതിജീവിക്കാനാകൂവെന്ന് നമ്മളോര്‍ക്കണം.  ഇനി ഒരു സാഹസിക പരീക്ഷണത്തിനും സാധിക്കാത്ത വിധം കോവിഡ് തളര്‍ത്തിയ ജനങ്ങളെ നേതാക്കള്‍ പരിഹസിക്കരുത്. ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഈ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഞങ്ങള് ‍കാരണം ഉണ്ടാകില്ലെന്ന് നേതൃത്വം കേരളത്തിനുറപ്പ് നല്‍കുമോ?  

അതായത് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ജീവിതരീതിയിലേക്ക് നിര്‍ബന്ധമായും ഓരോരുത്തരും മാറുകയെന്നതു മാത്രമാണ് നമുക്കു മുന്നില്‍ ഇപ്പോഴുള്ള ശരിയായ പ്രതിരോധമാര്‍ഗം.  സാധാരണക്കാര്‍ക്ക് ആ മാറ്റം സാധ്യമാകുന്നുണ്ട്. വലിയ വ്യക്തിഗതനഷ്ടങ്ങള്‍ സഹിച്ചും ജനത കോവിഡ് പ്രതിരോധ ജീവിതരീതി പാലിക്കുന്നു. അവിടെ ജനങ്ങളെ നയിക്കേണ്ടവര്‍ പരാജയപ്പെടുന്നത് അംഗീകരിക്കാനാകില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന ജനങ്ങളും പാലിക്കാത്ത നേതാക്കളും ഒരു ദയനീയ സാഹചര്യമാണ്.കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് നിയമത്തെയോ പൊലീസിനെയോ ഭയന്നല്ല. ഒരാള്‍ തെറ്റിച്ചാല്‍ സമൂഹത്തെ അപകടത്തിലാക്കുമെന്ന ബോധ്യമാണ് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഒരു പൗരനെ പ്രേരിപ്പിക്കേണ്ടത്. 

വാക്സീന്‍ പ്രതിരോധനടപടികളില്‍ രാജ്യത്തെ സാഹചര്യം മനസിലാക്കിയുള്ള ജാഗ്രത  ഓരോ പൗരനും കാണിക്കേണ്ടതുണ്ട്. വാക്സീന്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നു. ശാസ്ത്രമല്ല, വാക്സീന്റെ ലഭ്യതയില്ലായ്മയാണ് രണ്ടാം ഡോസിനു മുന്‍പുള്ള ഇടവേള തീരുമാനിക്കുന്നതെന്ന് ശക്തമായ വിമര്‍ശനമുയരുന്നു. നിലവില്‍ കോവിഡിനെതിരെ ഏറെക്കുറെ ഫലപ്രദമായ ചികില്‍സാരീതികള്‍ പോലും ഡെല്‍റ്റാ പ്ലസ് വാരിയന്റിനെതിരെ ഫലിക്കുമോയെന്ന് വിദഗ്ധര്‍ക്ക് ഉല്‍ക്കണ്ഠയുണ്ട്. ആദ്യരണ്ടു തരംഗങ്ങള്‍ക്കിടയില്‍ ലഭിച്ച ഇടവേള മൂന്നാം തരംഗത്തിനു മുന്‍പ് ലഭിക്കില്ലെന്നാണ് എയിംസ് മേധാവി ചൂണ്ടിക്കാണിക്കുന്നത്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കിടയില്‍ തന്നെ കോവിഡിന്റെ മൂന്നാംവ്യാപനം പ്രതീക്ഷിക്കാം.  മൂന്നാം തരംഗമുണ്ടായെന്ന് തിരിച്ചറിയും മുന്‍പേ തന്നെ അത് സംഭവിച്ചേക്കാം. രണ്ടാം വ്യാപനത്തിലും അതുണ്ടായി. രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടും രണ്ടാം വ്യാപനം തിരിച്ചറിയുന്നതില്‍ വീഴ്ചയുണ്ടായി. രാജ്യത്താകെ ഇതുവരെ അഞ്ചു ശതമാനം പേര്‍ക്കു മാത്രമാണ് രണ്ടു ഡോസും നല്‍കി വാക്സീനേഷന്‍ നടത്താന്‍ കഴിഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ വാക്സീനെ മാത്രം ആശ്രയിച്ച് നമുക്ക് മൂന്നാം തരംഗത്തെ നേരിടാനാകില്ല.  

ഈ കുറഞ്ഞ സമയത്തിനിടെ ദേശീയതലത്തിലെന്ന പോലെ തന്നെ സംസ്ഥാനത്തും അതിദ്രുതം പ്രതിരോധപരിപാടി തയാറാകേണ്ടതുണ്ട്.  ഒന്നാം ഘട്ടത്തില്‍ കേരളമാതൃക ഉയര്‍ത്തിക്കാട്ടിയതു പോലെ രണ്ടാം ഘട്ടത്തില്‍ കേരളത്തിനു മാത്രമായി പ്രത്യേകിച്ചൊരു മാതൃകയും ഉയര്‍ത്തിക്കാണിക്കാനുണ്ടായിരുന്നില്ല. മൂന്നാം തരംഗത്തെ നേരിടാന്‍ ഓരോ മണിക്കൂറിലും ജനങ്ങളെ പര്യാപ്തരാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് ഇപ്പോള്‍ നേതൃത്വം ഏറ്റെടുക്കേണ്ടത്. ജീവിതത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തുക മാത്രമാണ് ഇപ്പോള്‍ ഏറ്റവും പ്രായോഗികമായ സാധ്യത.  

ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനൊപ്പം കോവിഡ് മൂന്നാംതരംഗത്തെ നേരിടാനും തയാറെടുക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള അതിജീവന സാധ്യത. സമൂഹത്തില്‍ ഇടപെടുന്നതിലും പെരുമാറുന്നതിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുക. അതിനിടെ നേതാക്കള്‍ സ്വന്തം പ്രവൃത്തി കൊണ്ട് മാതൃക കാണിക്കേണ്ടതാണ്. ഇനി മാതൃക കാണിച്ചില്ലെങ്കിലും തെറ്റായ സന്ദേശം ജനങ്ങള്‍ക്കു പകര്‍ന്നു കൊടുക്കരുത്. ഇനിയൊരു ലോക്ക്ഡൗണ്‍ കൂടി അതിജീവിക്കാനാകാത്ത ഒട്ടേറെ ജനവിഭാഗങ്ങള്‍ നമുക്കിടയിലുണ്ട്. കോവിഡിനിടം കൊടുക്കാതെ മുന്നോട്ടു പോകാനുള്ള ശ്രമങ്ങളില്‍ ഓരോ മനുഷ്യനും തുല്യ ഉത്തരവാദിത്തമുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...