വൻ മരംകൊള്ളയ്ക്ക് വഴിയൊരുക്കി ഉത്തരവ്; ഉത്തരം പറയണം മന്ത്രിസഭ

pva-tree
SHARE

ഈ കാലത്ത്  നടക്കുമെന്നു വിശ്വസിക്കാനാകാത്ത ഒരു പകല്‍ക്കൊള്ള കേരളത്തില്‍ നടന്നു. അതിനു വഴിയൊരുക്കിക്കൊടുത്തതാകട്ടെ സര്‍ക്കാരിന്റെ തന്നെ ഒരു ഉത്തരവ്. സര്‍ക്കാരിന്റെ ഉത്തരവ് വഴി സാധ്യമായത്രയും പ്രകൃതിസമ്പത്ത് മരംകൊള്ളക്കാര്‍ മുറിച്ചു കടത്തി. പതിറ്റാണ്ടുകള്‍ കൊണ്ടു പോലും നികത്താനാകാത്ത നഷ്ടം വരുത്തിവച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പക്ഷേ അതിനു വഴിയൊരുക്കിയ ഉത്തരവിന് ആരുത്തരം പറയും? സര്‍ക്കാരിന്റെ ഉത്തരവ് മുതലെടുത്തു നടത്തിയ പകല്‍ക്കൊള്ളയ്ക്ക് താഴേത്തട്ടിലെ ഉദ്യോഗസ്ഥരാണോ മറുപടി പറയേണ്ടത്?

ഒരു ഈട്ടിമരം വളര്‍ന്നു വലുതായി മൂപ്പെത്താന്‍ 120 വര്‍ഷമെടുക്കുമെന്നാണ് കണക്ക്. എന്നുവച്ചാല്‍ ഒരു മനുഷ്യനും സ്വന്തം ആയുസില്‍ ഒരു ഈട്ടിമരം പൂര്‍ണവളര്‍ച്ചയെത്തുന്നതു കാണാനാവില്ല. അത്രയും അപൂര്‍വ ജൈവസ്വഭാവമുള്ളതുകൊണ്ടാണ് ഈട്ടിയടക്കം  വൃക്ഷങ്ങളെ സംരക്ഷിത പട്ടികയില്‍ പെടുത്തി സംരക്ഷിക്കുന്നതും. പക്ഷേ അടുത്തിടെ കേരളത്തില്‍ നൂറുകണക്കിന് ഈട്ടിമരങ്ങള്‍ക്ക് കോടാലി വീണു. തരത്തില്‍ കിട്ടിയ ഒരു ഉത്തരവ് മറയാക്കി മരംകൊള്ളക്കാര്‍ ഈട്ടിയടക്കമുള്ള സംരക്ഷിതമരങ്ങള്‍ മുറിച്ചു നീക്കി കോടികളുടെ കച്ചവടം നടത്തി. വയനാട്ടിലെ മുട്ടില്‍ നിന്നു തുടങ്ങിയ മരംമുറി വിവാദം കേരളത്തിലെ പല വനമേഖലകളെയും സര്‍ക്കാരിനെയും പിടിച്ചു കുലുക്കുകയാണ്.

കര്‍ഷകരെ സഹായിക്കാനായി റവന്യൂവകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ മറവിലാണ് കോടികളുടെ മരംകൊള്ള നടന്നത്. പട്ടയഭൂമികളില്‍  സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ റിസര്‍വ് മരങ്ങളാണ് വ്യാപകമായി വെട്ടിയെടുക്കപ്പെട്ടത്.  വയനാട് മുട്ടിലില്‍ മാത്രം 15 കോടിയുടെ മരം വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കേരളത്തിലാകെ 100 കോടിയിലേറെ മരങ്ങള്‍ വെട്ടിയിട്ടുണ്ടെന്ന് ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. മ​ഞ്ഞുമലയുടെ അറ്റം മാത്രമെന്നു സര്‍ക്കാര്‍ തന്നെ കോടതിയിലും സമ്മതിച്ചു. 

കര്‍ഷകരെ സഹായിക്കാന്‍ വേണ്ടി വ്യാപകമായ ആവശ്യത്തെത്തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയതെന്ന് മുഖ്യമന്ത്രിയും സമ്മതിക്കുന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. കര്‍ഷകര്‍ക്കു വേണ്ടി പാര്‍ട്ടിയിലടക്കം ചര്‍ച്ച ചെയ്താണ് ഉത്തരവ് ഇറക്കാന്‍ തീരുമാനിച്ചതെന്ന് അന്നത്തെ റവന്യൂ മന്ത്രി സ്ഥിരീകരിച്ചിട്ടുമുണ്ട്. 

അപ്പോള്‍ ഉത്തരവിറക്കാന്‍ തീരുമാനമെടുത്തതില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും എല്ലാം പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ഈ ഒരു ഉത്തരവാണ് കേരളത്തില്‍ വ്യാപകമായ മരംകൊള്ളയ്ക്കിടയാക്കിയതെന്ന് കേരളം കണ്ടറിയുകയും ചെയ്യുന്നു. പക്ഷേ ഉത്തരവിനു മാത്രം ആര്‍ക്കും ഉത്തരവാദിത്തമില്ല. കുറ്റം താഴേത്തട്ടിലെ ഉദ്യോഗസ്ഥര്‍ക്കും മരംകൊള്ളക്കാര്‍ക്കും മാത്രമാണ്. മരംകൊള്ളയ്ക്ക് വഴി തുറന്നു കൊടുത്ത ഉത്തരവില്‍ ഉത്തരമേയില്ല. ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന, സംശയകരമായ താക്കീത് അടക്കം ഉള്‍പ്പെടുന്ന റവന്യൂ വകുപ്പിന്റെ ഉത്തരവാണ് മരംകൊള്ളയ്ക്ക് അവസരം തുറന്നു കൊടുത്തത്. അതില്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ലെന്നാണ് ഭരണ–രാഷ്ട്രീയനേതൃത്വം പറയുന്നതെങ്കില്‍ ഗുരുതരമായ ഭരണപരാജയമാണ് നിങ്ങള്‍ തുറന്നു സമ്മതിക്കുന്നത്. അതല്ല സംഭവിച്ചതെങ്കില്‍ അതിനേക്കാള്‍ ഗൗരവമായ ക്രിമിനല്‍ ഗൂഢാലോചന ഇതിനു പിന്നില്‍ നടന്നിട്ടുണ്ട്. 

കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ ഉള്‍പ്പെടെ പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള  മരങ്ങള്‍ മുറിക്കാമെന്ന വിവാദ ഉത്തരവ് പുറത്തിറങ്ങിയത് കഴിഞ്ഞ ഒക്ടോബര്‍ 24നാണ്. ഈ  ഉത്തരവ് നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നൊരു വിചിത്രമായ വ്യവസ്ഥയും  ഉത്തരവിലുണ്ടായിരുന്നു. ചന്ദനം, തേക്ക്, ഈട്ടി, എബണി തുടങ്ങിയ മരങ്ങളാണ് ഇപ്പോള്‍ ഷെഡ്യൂള്‍ പട്ടികയിലുള്ളത്. കര്‍ഷകര്‍ക്കു ഭൂമി പതിച്ചുനല്‍കുമ്പോഴും 1964ലെ കേരള ഭൂപതിവ് ചട്ടപ്രകാരം ഭൂമിയിലെ ഷെഡ്യൂള്‍ മരങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. കര്‍ഷകര്‍ക്ക് ഈ മരങ്ങള്‍ മുറിച്ചെടുക്കാനോ വില്‍ക്കാനോ കഴിയില്ല. കാലങ്ങളായി ഈ നിയമത്തില്‍ ഇളവ് വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും ഈ ആവശ്യത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. 2020 മാര്‍ച്ചില്‍ ആദ്യം ഒരു സര്‍ക്കുലറായി മരംവെട്ടാന്‍ അനുമതി നല്‍കുന്ന സാഹചര്യമൊരുങ്ങി. അതേ വര്‍ഷം ഒക്ടോബറിലാണ് ഇത് ഉത്തരവായി വിവാദരൂപത്തില്‍ ഇറങ്ങുന്നത്. 

ഉത്തരവ് ഒറ്റനോട്ടത്തില്‍ തന്നെ പ്രശ്നമായിരുന്നു. അതു തിരിച്ചറിഞ്ഞ നിരവധി ഉദ്യോഗസ്ഥര്‍ ഇതു ചൂണ്ടിക്കാട്ടുകയും അപകടം തിരിച്ചറിയാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വയനാട് കലക്ടര്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പിലേക്ക് കത്തയച്ചു. അതും ഉത്തരവിറങ്ങി ഒന്നരമാസത്തിനുള്ളില്‍. ഉത്തരവ് പ്രകാരം ഷെഡ്യൂള്‍ മരങ്ങള്‍ വെട്ടാന്‍ സാഹചര്യമൊരുങ്ങുമെന്നും വ്യക്തത വരുത്തണമെന്നും കലക്ടര്‍ വ്യക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റവന്യൂ വകുപ്പില്‍ നിന്ന് ഒരു മറുപടി പോലും ജില്ലാ കലക്ടര്‍ക്കു ലഭിച്ചില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു ആശയവിനിമയം വകുപ്പ് പരിഗണിക്കുക പോലും ചെയ്യാതിരുന്നത്  എന്താണെന്നത് തീര്‍ത്തും ദുരൂഹമാണ്. 

അതായത് സംരക്ഷിത മരങ്ങള്‍ കൊള്ള ചെയ്യാന്‍ അവസരമൊരുങ്ങിയെന്ന്  ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടും റവന്യൂ അധികൃതര്‍ അനങ്ങിയില്ല. പകരം മരംകൊള്ള നടത്തിയവരുടെ പരാതിയില്‍ കലക്ടറോട് വിശദീകരണം ചോദിച്ചിട്ടുമുണ്ട്. ചുരുക്കത്തില്‍ കേരളത്തിന്റെ പൊതുസ്വത്ത് കൊള്ള ചെയ്യാനുള്ള പദ്ധതി നടപ്പാക്കുന്നതുവരെ സര്‍ക്കാര്‍ കണ്ണടച്ചു. ഒടുവില്‍ കോടതിയില്‍ ഉത്തരം മുട്ടുമെന്നു ബോധ്യമായപ്പോഴാണ് ഫെബ്രുവരി രണ്ടിന് ഉത്തരവ് റദ്ദാക്കിയത്. ഈ മൂന്നുമാസവും കേരളത്തില്‍ ഉദ്യോഗസ്ഥഭരണമായിരുന്നില്ല. അന്നും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അന്നും കേരളത്തില്‍ റവന്യൂ മന്ത്രിയുണ്ടായിരുന്നു. വനം മന്ത്രിയുമുണ്ടായിരുന്നു. പക്ഷേ മരംകൊള്ളയ്ക്കു കൂട്ടുനില്‍ക്കുന്ന നിലപാട് സെക്രട്ടറിയേറ്റിലുണ്ടായി. സത്യത്തില്‍ മാഫിയയെ അന്വേഷിക്കേണ്ടത് വനത്തിലാണോ സെക്രട്ടേറിയറ്റിലാണോ എന്നതില്‍ ആശയക്കുഴപ്പത്തിലാണ് കേരളം. 

ഉത്തരവ് സദുദ്ദേശപരമാണെന്നതില്‍ സംശയമില്ലെന്ന് വനംമന്ത്രി ആവര്‍ത്തിക്കുന്നു. താഴേത്തട്ടിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. തടസപ്പെടുത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നെഴുതിവച്ചിരിക്കുന്ന അസാധാരണ ഉത്തരവിനെയാണ് താഴേത്തട്ടിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യണമായിരുന്നുവെന്ന് മന്ത്രി വിശദീകരിക്കുന്നത്. മന്ത്രിമാരും മുന്‍മന്ത്രിമാരും ഒഴിഞ്ഞു മാറുന്നതു കണ്ടാല്‍കേരളത്തില്‍ ഉദ്യോഗസ്ഥഭരണമാണ് കേരളത്തില്‍ നിലനിന്നിരുന്നതെന്നു തോന്നും. ഡിസംബര്‍ മാസത്തില്‍ തന്നെ ജില്ലാകലക്ടര‍് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് ഈ ഉത്തരവിന്റെ അപകടം ചൂണ്ടിക്കാണിച്ച് കത്തയച്ചിരുന്നു. പക്ഷേ സര്‍ക്കാരില്‍ നിന്ന് മറുപടിയുമുണ്ടായില്ല. നടപടിയുമുണ്ടായില്ല. ഡിസംബര്‍ രണ്ടാം വാരത്തില്‍ ഈ കത്ത് പരിഗണിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഈ മരംകൊള്ള നടക്കുമായിരുന്നില്ല. വീണ്ടും രണ്ടുമാസം  കൂടി സര്‍ക്കാര്‍ കണ്ണടച്ചുകൊടുത്തു. മരങ്ങള്‍ മുഴുവന്‍ വെട്ടാന്‍ തീരുമാനിച്ചവര്‍ വെട്ടിവെളുപ്പിക്കുന്നതുവരെ സര്‍ക്കാര്‍ കാവല്‍ നിന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമെല്ലാം സര്‍ക്കാരിലേക്കയച്ച ആശങ്കകള്‍ക്ക് സെക്രട്ടേറിയറ്റില്‍ നിന്ന് മറുപടി പോലുമുണ്ടായില്ല. 

എന്നിട്ടാണിപ്പോള്‍ മരംമുറിക്കിടയാക്കിയ കുറ്റക്കാരെ കണ്ടെത്താന്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മരംകൊള്ളയ്ക്കിടയാക്കിയ ഉത്തരവ് ഇറങ്ങിയത് സെക്രട്ടേറിയറ്റില്‍ നിന്നാണ്. ദുരൂഹമായ ഉദാസീനതയുമായി  ആ ഉത്തരവ് ഇറങ്ങിയില്ലായിരുന്നെങ്കില്‍ ഈ മരംകൊള്ളയ്ക്ക് അവസരമുണ്ടാകില്ലായിരുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ എണ്ണിവാങ്ങിയ പണത്തിന്റെ കണക്ക് മരംകൊള്ള കേസിലെ പ്രതി വിളിച്ചു പറഞ്ഞത് കേരളം കേട്ടതാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കാനും പരസ്യമായി ഭീഷണിപ്പെടുത്താനും പ്രതികള്‍ ഇപ്പോഴും മടിക്കുന്നില്ലെങ്കില്‍ പിന്‍ബലം എവിടെ നിന്നാണ് എന്ന ചോദ്യമാണ് ഉയരേണ്ടത്.

കര്‍ഷകര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ സൂക്ഷ്മമായും തടസമില്ലാതെയും അവര്‍ക്കു ലഭിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നു. പകരം ഇത്തരത്തില്‍ ഒരുത്തരവ് ഇറക്കിയത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നുവെന്ന് കേരളത്തിന് ഉത്തരം കിട്ടണം. ആരുടെയെല്ലാം താല്‍പര്യങ്ങള്‍ ആ ഉത്തരവിനു പിന്നിലുണ്ടായിരുന്നുവെന്ന് ജനങ്ങള്‍ അറിയണം. സ്വന്തം പറമ്പില്‍ നിന്ന് ഒരു മരം മുറിച്ചു കിട്ടാന്‍ ലോകത്തില്ലാത്ത തടസങ്ങള്‍ മുഴുവന്‍ നേരിടുന്ന കര്‍ഷകരുള്ള നാട്ടില്‍ നൂറുകണക്കിന് സംരക്ഷിതമരങ്ങള്‍ ഒരു തടസവുമില്ലാതെ മുറിച്ചു മാറ്റി പല ജില്ലകള്‍ കടത്തി കോടികളുടെ കച്ചവടം നടത്താന്‍ മരംകൊള്ളക്കാര്‍ക്കു മുന്നില്‍ ആരൊക്കെ കണ്ണടച്ചുവെന്ന് കേരളമറിയണം. സത്യസന്ധനെന്നു പേരു കേട്ട ഉദ്യോഗസ്ഥനെതിരെ പരസ്യ ആരോപണം ഉയര്‍ത്താന്‍ കേസിലെ പ്രതികള്‍ക്കു പിന്‍ബലമായത് ആരെന്നും അന്വേഷിക്കണം. അത്തരക്കാരുടെ ഒരൊറ്റ വാക്കിന്റെ പേരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആ ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തില്‍ നിന്നു മാറ്റിയതിനു പിന്നില്‍ സര്‍ക്കാരില്‍ ആരാണ് ചരടുകള്‍ വലിക്കുന്നതെന്ന് പുറത്തു വരണം. 

അതിന് ആദ്യം ഭരണം നടത്തുന്നത് ഉദ്യോഗസ്ഥരല്ല , തങ്ങളാണ് എന്ന ബോധ്യം മന്ത്രിമാര്‍ക്കുണ്ടാകണം. ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമായിരുന്നുവെന്നു ജനങ്ങളോടു പറയുമ്പോള്‍ തങ്ങളുടെ ശ്രദ്ധ എവിടെപ്പോയെന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും കേരളത്തോടു തുറന്നു പറയണം. തിരിച്ചുകിട്ടാത്ത വൃക്ഷസമ്പത്താണ് മണ്ണില്‍ മുറിച്ചു വീഴ്ത്തിയത്. ഉന്നത തല അന്വേഷണങ്ങള്‍ക്ക് തിരികെ പിടിക്കാനാകാത്ത ഒന്നാണ് പ്രകൃതിസമ്പത്തെന്ന ബോധ്യം ഭരണത്തിലിരിക്കുന്നവര്‍ക്കുണ്ടാകണം. അങ്ങനെ ആരോ ഉത്തരവിറക്കി, ആരോ വ്യാഖ്യാനിച്ചു,  ആരോ മുറിച്ചു കൊണ്ടുപോയി എന്നാണെങ്കില്‍ ഭരണത്തിലിരിക്കുന്നവര്‍ പരാജയപ്പെട്ടുവെന്നാണ് സ്വയം വിളിച്ചുപറയുന്നതെന്ന ബോധ്യമെങ്കിലുമുണ്ടാകണം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...