ചോദ്യങ്ങള്‍ ഉയരാത്ത വീതംവയ്പ്; പുതുമുഖങ്ങളുടെ മാനദണ്ഡ‍ം നീതിയോ?

pva-22
SHARE

കേരളം പുതിയൊരു രാഷ്ട്രീയസംസ്കാരത്തിനു തുടക്കമിടുകയാണോ? ഭരണപക്ഷവും പ്രതിപക്ഷവും അടിമുടി മാറുന്നു. മികവും കാര്യക്ഷമതയും മാത്രം മാനദണ്ഡമാകുന്ന സ്വപ്നസമാന രാഷ്ട്രീയാന്തരീക്ഷം ദൃശ്യമാകുന്നു. വികസനവും അടിസ്ഥാനവര്‍ഗക്ഷേമവും മുന്‍ഗണനയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുതുമുഖമന്ത്രിസഭയുമായി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. പുതുനേതൃത്വവുമായി പ്രതിപക്ഷവും പ്രത്യാശ പകരുന്നു. തീര്‍ത്തും ക്രിയാത്മകമായ ഒരു രാഷ്ട്രീയപ്രവര്‍ത്തന ശൈലിയാണ് കാണാനിരിക്കുന്നതെന്ന പ്രത്യാശ പകരുന്ന തീരുമാനങ്ങളാണ് കേരളത്തിലുണ്ടായിരിക്കുന്നത്.  

അപ്രതീക്ഷിതവും അപൂര്‍വവുമായ പല തീരുമാനങ്ങള്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനരാഷ്ട്രീയം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചരിത്രവിജയവുമായി ഭരണത്തുടര്‍ച്ച നേടിയ ഇടതുമുന്നണി മന്ത്രിസഭയിലെ മാറ്റങ്ങള്‍ കൊണ്ട് ചര്‍ച്ചയായി. പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാവരും പുതുമുഖങ്ങള്‍ എന്ന അത്യപൂര്‍വമായ തീരുമാനം സി.പി.എം ഒരു എതിര്‍ശബ്ദവുമില്ലാതെ നടപ്പാക്കി.  

ഭരണത്തുടര്‍ച്ചയിലേക്കു നിര്‍ണായകപങ്കു വഹിച്ച കെ.കെ.ശൈലജയ്ക്കു പോലും ഇളവു നല്‍കാതെയാണ് മുഖ്യമന്ത്രി ഭരണമാറ്റം തന്നെ സാധ്യമാക്കിയത്. ആ തീരുമാനത്തിലെ ന്യായാന്യായങ്ങള്‍ വിശദമായ ചര്‍ച്ച അര്‍ഹിക്കുന്നു. പക്ഷേ ഭരണപക്ഷത്തിന് പുതുമുഖം എന്ന തീരുമാനത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായത് പ്രതിപക്ഷമാണ്. കുത്തകനേതൃത്വം എന്ന ശൈലിയില്‍ മാറ്റം  വരുത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. നിയമസഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസിനെ ഊര്‍ജസ്വലനായി പ്രതിനിധീകരിച്ച വി.ഡി.സതീശനെ പ്രതിപക്ഷനേതാവാക്കിയത് ഭരണപക്ഷം  ഉയര്‍ത്തിയ വെല്ലുവിളി കൂടിയാണ്. 

പ്രതിപക്ഷനേതാവ് മാറിയതുകൊണ്ടു മാത്രം പ്രതിപക്ഷം രക്ഷപ്പെടണമെന്നില്ല. പക്ഷേ പ്രതിപക്ഷനേതാവ് ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. ക്രിയാത്മക രാഷ്ട്രീയശൈലിയുടെ വക്താവാണ്. വന്‍ഭൂരിപക്ഷമുള്ള ഒരു ഭരണപക്ഷത്തെ ശരിയായി നേരിടാന്‍ ശേഷിയുള്ള ഒരു പ്രതിപക്ഷത്തെ വാര്‍ത്തെടുക്കാന്‍ വി.ഡി.സതീശന് കഴിയുമെന്ന്  ജനാധിപത്യവിശ്വാസികള്‍ക്കു പ്രതീക്ഷിക്കാം. അതേസമയം തന്നെ ഭരണപക്ഷത്തു നിന്നുണ്ടായ ആദ്യ പ്രഖ്യാപനങ്ങളും ക്ഷേമ–വികസനഭരണസമീപനം തുടരുമെന്ന നല്ല സൂചനകളാണ്. കരുത്തുറ്റ ഭരണപക്ഷത്തെ നേരിടാന്‍ ക്രിയാത്മകപ്രതിപക്ഷം  എന്ന ശുഭസൂചനയാണ് നിലവില്‍ നമ്മുടെ മുന്നിലുള്ളത്.   

സംസ്ഥാനത്തെ അതിദാരിദ്ര്യം 5 വര്‍ഷം കൊണ്ടു പൂര്‍ണമായി ഇല്ലാതാക്കുമെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യപ്രഖ്യാപനങ്ങളിലൊന്ന്. അടിസ്ഥാനസൗകര്യവികസനവും സ്ത്രീകളുടെ ഉന്നമനവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് ആശാവഹമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നയസമീപനങ്ങള്‍ തുടരാന്‍ തന്നെയാണ് വര്‍ധിച്ച ഭൂരിപക്ഷത്തില്‍ കേരളം വീണ്ടും ഇടതുമുന്നണിയെ തിരഞ്ഞെടുത്തതും.  

ചരിത്രവിജയവും പുതുമയ്ക്കായുള്ള അന്വേഷണവും പ്രത്യാശാജനകമാണ് എന്നു പറയുമ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യങ്ങള്‍ക്കതീതനായി മാറുമോ? രണ്ടാം മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തതില്‍ മുഖ്യമന്ത്രി സ്വീകരിച്ച മാനദണ്ഡമെന്താണ്? മറ്റെല്ലാവര്‍ക്കും ബാധകമായ മാനദണ്ഡങ്ങള്‍ സ്വയം ബാധകമല്ല എന്ന് മുഖ്യമന്ത്രി തീരുമാനിച്ചതെങ്ങനെയാണ്? ന്യൂനപക്ഷക്ഷേമവകുപ്പ് ഏറ്റെടുക്കുമ്പോള്‍ മുസ്‍ലിംലീഗിനാണോ സമുദായത്തിനാണോ അദ്ദേഹം മറുപടി നല്‍കുന്നത്?  

പുതിയ മന്ത്രിസഭയില്‍ നിന്നു കെ.കെ.ശൈലജയെ ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. വ്യക്തിപരമായ നീതിനിഷേധം എന്ന നിലയിലാണ് ആ തീരുമാനം വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഒരാള്‍ക്കു മാത്രമായി ഇളവു നല്‍കാനാകില്ല എന്ന നിലപാടാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.  

പാര്‍ട്ടി ബോധപൂര്‍വം കൈക്കൊണ്ട തീരുമാനം തന്നെയെന്ന് മുഖ്യമന്ത്രി.  അപ്പോള്‍ മുഖ്യമന്ത്രി പുതുമുഖമാകണ്ടേ. അതിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. അതും മനസിലാക്കാം. പക്ഷേ കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും ശക്തമായ വിമര്‍ശനം നേരിട്ട വകുപ്പ് ഏതാണ്? പാര്‍ട്ടിക്കു തന്നെ പല തവണ ഇടപെട്ടു തിരുത്തേണ്ടി വന്ന ഭരണം ഏതു വകുപ്പിലാണ് നടന്നത്. ആഭ്യന്തരവകുപ്പെന്ന ഉത്തരത്തിലേക്ക് ഏറെ ചികഞ്ഞു പോകേണ്ട കാര്യമൊന്നുമില്ല. പക്ഷേ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ ഭരണത്തില്‍ തുടരും. മികവ് തെളിയിക്കാത്ത ഒരേയൊരു വകുപ്പിന്റെ ഭരണത്തില്‍ മറ്റാരെയെങ്കിലും നിയോഗിക്കാത്തതെന്ത് എന്ന ചോദ്യം പോലും ഇന്നത്തെ സി.പി.എമ്മില്‍ ഉയരില്ല. അതു മാത്രമല്ല. പുതിയ മന്ത്രിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും വകുപ്പുകളുടെ വിഭജനത്തിലും മുഖ്യമന്ത്രി മാനദണ്ഡമാക്കിയതെന്താണ്? 

അതായത് അവസരം നല്‍കുക എന്നതു മാത്രമായിരുന്നു മാനദണ്ഡം. അവസരം എന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാകുമ്പോള്‍ അതൊരു പ്രിവിലേജാണ്. ആര്‍ക്കൊക്കെ ഏതൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവെന്നത് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് എന്ന പ്രിവിലേജാണ്. ആരും മോശക്കാരാകില്ലെന്നുറപ്പ്. കാരണം സുസംഘടിതമായ സംഘടനാസംവിധാനത്തിന്റെ ഇടപെടലും നിരീക്ഷണവുമുള്ളപ്പോള്‍ ഒരു മന്ത്രിക്കും ഈ സര്‍ക്കാരില്‍ പിന്നോട്ടു പോകാനാകില്ല. പക്ഷേ അവസരം വിതരണം ചെയ്തിരിക്കുന്നത് ഒരു രാഷ്ട്രീയനീതിയുടെയും അടിസ്ഥാനത്തിലല്ല. തീര്‍ത്തും വ്യക്തിപരമായ തിരഞ്ഞെടുപ്പാണത്. അവിടെയാണ് കെ.രാധാകൃഷ്ണന്‍ എന്ന കേന്ദ്ര കമ്മിറ്റി അംഗത്തെ ദേവസ്വം ചുമതലയിലേക്കു ചുരുക്കുന്നതും ആഘോഷിക്കാന്‍ ആരാധകര്‍ നിര്‍ബന്ധിതരാകുന്നത്.  

അനുഭവപരിചയമോ പ്രവര്‍ത്തനമികവോ ഒരു പ്രശ്നമല്ല എന്ന ആത്മവിശ്വാസം പാര്‍ട്ടി എന്ന  സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ കൂടി ബലത്തിലുണ്ടാകുന്നതാണ്. പക്ഷേ അവസരങ്ങളുടെ വിതരണത്തില്‍ ഒരു സാമൂഹ്യനീതിയും പാലിക്കപ്പെട്ടിട്ടില്ല. സാമുദായികപ്രാതിനിധ്യം പാലിക്കപ്പെട്ടിട്ടില്ല. ഇടതുമന്ത്രിസഭയില്‍ എന്തിന് സമുദായമെണ്ണണം എന്നാണ് ചോദ്യമെങ്കില്‍ എണ്ണാതിരിക്കുന്നതിന്റെ ഗുണം സ്വാഭാവികമായി വന്നു ചേരുന്ന വിഭാഗങ്ങളേത് എന്ന വസ്തുതതയാണ് മറുപടി. അതു ചോദ്യം ചെയ്യാന്‍ നിവൃത്തിയില്ലാത്ത ആരാധകര്‍ പകരം ആഘോഷത്തിനായി കണ്ടെത്തിയ ബിംബമാണ് ദേവസ്വം വകുപ്പിലെ ദലിത് മന്ത്രി. കെ.രാധാകൃഷ്ണന്‍ എന്ന പരിണിതപ്രജ്ഞനായ കേന്ദ്ര കമ്മിറ്റി അംഗത്തെ  ഏല്‍പിക്കാന്‍ കണ്ടെത്തിയ വകുപ്പുകള്‍ ദേവസ്വവും പിന്നാക്കക്ഷേമവും മാത്രമാകുന്നതെങ്ങനെ എന്ന ചോദ്യമുന്നയിക്കാന്‍ സി.പി.എമ്മില്‍ ആരുമുണ്ടാകില്ല. പകരം ദേവസ്വംവകുപ്പിലേക്കു കയറിയിരിക്കാന്‍  ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവെന്ന അശ്ലീലമായ ഔദാര്യപ്രകടനത്തിന് ഇടതുപക്ഷമെന്നവകാശപ്പെടുന്നവര്‍ മടിക്കുന്നു പോലുമില്ല.  അതേ മട്ടില്‍ തന്നെ അനീതികള്‍ ആവര്‍ത്തിക്കുന്നു. അബ്ദുറഹ്മാന്‍ എന്ന മന്ത്രിക്ക് ന്യൂനപക്ഷക്ഷേമം എന്ന് പാര്‍ട്ടി മുഖപത്രം പോലും വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. വിശദീകരണം മുസ്‍ലിംലീഗിനുള്ളതാണ്.  

ഒരു സാമുദായിക വിഭാഗത്തില്‍ നിന്നൊരാള്‍ വകുപ്പ് കൈകാര്യം ചെയ്താല്‍ അനീതി ഉണ്ടാകുമെന്ന ഭീതി അംഗീകരിച്ചാണ് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതെങ്കില്‍ അബ്ദുറഹ്മാന്‍ എന്ന ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എ ഈ മന്ത്രിസഭയില്‍ പോലും തുടരുന്നത് മര്യാദയല്ല.  വകുപ്പിന്റെ പേരില്‍ ക്രമക്കേടോ അനീതിയോ നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് സുതാര്യമായി വിവരങ്ങള് ‍പ്രസിദ്ധീകരിക്കുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇനിയാരു കൈകാര്യം ചെയ്താലും അത്തരത്തിലുള്ള പാകപ്പിഴ ഉണ്ടാകാതെ നോക്കുകയായിരുന്നു സി.പി.എം ചെയ്യേണ്ടിയിരുന്നത്. പകരം അബ്ദുറഹ്മാന്‍ എന്ന പേരുകാരന് പകരം പിണറായി വിജയന്‍ എന്ന പേരു വരുന്നതോടെ തീരുന്ന പ്രശ്നമാണ് എന്ന സമീപനം കടുത്ത അനീതിയാണ്.  

ഇത്രയും വിജയത്തിലെത്തിക്കാനറിയാമെങ്കില്‍ ഇനി ഭരിക്കാനും മുഖ്യമന്ത്രിക്കറിയാം. കൂടുതല്‍ ചോദ്യമൊന്നും വേണ്ട എന്നൊരു പുതിയ മുദ്രാവാക്യം അന്തരീക്ഷത്തിലുണ്ട്. കേരളം ഇപ്പോഴും ജനാധിപത്യസംവിധാനത്തിലാണെന്ന ഒറ്റ വാചകം തന്നെയാണ് മറുപടി. വിജയിക്കുന്നവര്‍ ചോദ്യങ്ങള്‍ക്കതീതരാണെന്ന് ഇടതുപക്ഷതത്വശാസ്ത്രങ്ങളിലൊന്നുമില്ല. പാര്‍ട്ടി ചോദിക്കാന്‍ മറന്നു പോകുന്ന ചോദ്യങ്ങള്‍ പ്രതിപക്ഷവും ജനങ്ങളും ഓര്‍മിപ്പിക്കേണ്ടതുണ്ടെന്ന് ആദ്യഭരണകാലാവധിയില്‍ പല തവണ മുഖ്യമന്ത്രി തെളിയിച്ചിട്ടുമുണ്ട്.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...