ഇന്ത്യ സ്വന്തം ഭരണകൂടത്തെ തിരയുന്നു; അനാസ്ഥയുടെ ഇരകളായി ജീവനുകള്‍

Parayathe-Vayya1
SHARE

ഒരു വോട്ടിന്റെ വിലയെന്താണ്? ഓരോ ഇന്ത്യക്കാരനും ഇപ്പോള്‍ ആ ചോദ്യം സ്വയം ചോദിക്കുന്നുണ്ടാകണം. ശാസ്ത്രബോധവും പുരോഗമന ചിന്താഗതിയും കാര്യനിർവ്വഹണ ശേഷിയുo സർവോപരി മനുഷ്യത്വവുമുള്ള നേതൃത്വം ഉണ്ടാവുക എന്നത് ഒരു പ്രതിസന്ധി കാലത്ത് എത്ര പ്രധാനമാണെന്ന് ഇന്ത്യൻ ജനത അനുഭവിച്ചു തിരിച്ചറിയുകയാണ്. രാജ്യം ഭരിക്കേണ്ടതാര് എന്നു തിരഞ്ഞെടുക്കുമ്പോള്‍ മുന്നോട്ടു നയിക്കുന്നവര്‍ എന്ന ആപ്തവാക്യം ഇന്ത്യ ഉറപ്പിക്കുന്നുണ്ടാകണം. കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍, ജീവവായു ഉറപ്പിക്കാന്‍, 

ജനതയ്ക്ക് പ്രതിരോധ വാക്സീന്‍ ഉറപ്പാക്കാന്‍  ഇന്ത്യ സ്വന്തം ഭരണകൂടത്തെ തിരയുകയാണ്.  

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു തമാശയുണ്ട്. മോദി സര്‍ക്കാരിനോട് ജനങ്ങള്‍ ചോദിക്കുന്നു, നിങ്ങള്‍ ഇന്നേവരെ സ്വീകരിച്ച ഏതെങ്കിലുമൊരു നയം ശരിയായി വന്നിട്ടുണ്ടോ? രാജ്യത്തിനു ഗുണം ചെയ്ത ഏതെങ്കിലുമൊരു നയം പറയാനുണ്ടോ എന്ന്. ഏറ്റവുമൊടുവില്‍ വാക്സീന്‍ നയത്തിലെ പാളിച്ചകളുടെ പേരില്‍ നിശിത വിമര്‍ശനം മുന്‍നിര്‍ത്തിയുണ്ടായ  തമാശ പക്ഷേ ആസ്വദിക്കാവുന്ന അവസ്ഥയിലല്ല നമ്മുടെ രാജ്യം. ദീര്‍ഘവീക്ഷണമില്ലാത്ത, ശാസ്ത്രീയ സമീപനമില്ലാത്ത ഭരണനേതൃത്വത്തിന്റെ സൃഷ്ടി കൂടിയാണ് രണ്ടാം തരംഗമുണ്ടാക്കുന്ന ദുരന്തമെന്ന് ഉൾക്കിടിലത്തോടെ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നു നമ്മൾ.  

രാജ്യം ജീവശ്വാസം വലിക്കുമ്പോഴും വാഗ്ദാനങ്ങള്‍ക്ക് ഒരു കുറവുമില്ല. പക്ഷേ രാജ്യത്തിന് ഇന്ന് ഈ ജീവൻ മരണ പോരാട്ടത്തിൽ ജയിച്ചേ പറ്റൂ. ജനതയ്ക്കുവേണ്ടി ക്രിയാത്മകവും വും ആത്മാർത്ഥവുമായ ശാസ്ത്രീയ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം ഇല്ലെങ്കിലും പരാജയപ്പെട്ടു പോയാൽ ഇവിടുത്തെ മനുഷ്യർക്ക് മറ്റൊരു സാധ്യതയില്ല. ഇക്കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് ശുഭകരമായ ഒരു പ്രസ്താവന ലോകം കേട്ടു. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവര്‍ ഇനി മാസ്ക് ഉപയോഗത്തില്‍ കണിശത പുലര്‍ത്തിയില്ലെങ്കിലും കുഴപ്പമില്ല. ലോകാരോഗ്യസംഘടന ഈ നിലപാടും ശാസ്ത്രീയമല്ലെന്നു തിരുത്തിയെങ്കിലും വാക്സീനേഷനില്‍ ജാഗ്രത പുലര്‍ത്തിയ രാജ്യങ്ങള്‍ ഓരോന്നായി ആശ്വാസനിശ്വാസത്തിലേക്കെത്തുന്നത് പ്രത്യാശയുടെ സൂചകങ്ങളാണ്. വികസിത രാജ്യങ്ങളാണെറെയും. ഇന്ത്യയുമായി താരതമ്യം ചെയ്യാനാകാത്ത ഒട്ടേറെ ഘടകങ്ങളുണ്ട്. ശരിയാണ്.  

പക്ഷേ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് നമ്മുടെ പ്രധാനമന്ത്രി അവകാശപ്പെടുന്നത് ശരിയാണോ? പരിമിതികള്‍ക്കുള്ളില്‍ നിന്നു ചെയ്യാവുന്നതെല്ലാം ഇന്ത്യന്‍ ഭരണകൂടം കോവിഡിനെതിരായി ചെയ്തുവോ? അവകാശവാദങ്ങളും യാഥാര്‍ഥ്യവും തമ്മില്‍ എത്ര ദൂരമുണ്ട്? പറ്റിയ പാകപ്പിഴകള്‍ തിരുത്താന്‍ തന്നെ ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടോ? പാളിച്ച പറ്റിയതെവിടെയെന്ന് ശാസ്ത്രീയമായി വിലയിരുത്തുകയെങ്കിലും ചെയ്യുന്നുണ്ടോ? മൂന്നാം തരംഗം പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും പ്രതിരോധനടപടികള്‍ മതിയായ വേഗമാര്‍ജിക്കുന്നുണ്ടോ? 

രണ്ടാം തരംഗത്തെ നേരിടുന്നതില്‍ രണ്ടു ഗുരുതരമായ പാളിച്ചകളാണ് കേന്ദ്രസര്‍ക്കാരിനുണ്ടായതെന്ന് ആരോഗ്യവിദഗ്ധരും സാമൂഹ്യനിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.  ഒന്ന് രണ്ടാം തരംഗം വ്യാപിക്കുന്നുവെന്ന മുന്നറിയിപ്പ് പാടേ അവഗണിച്ചു. പശ്ചിമബംഗാള്‍ പിടിച്ചെടുക്കുന്നതാണ് രണ്ടാം തരംഗത്തെ നേരിടുന്നതിനേക്കാള്‍ വലുതെന്ന് കേന്ദ്രം നിലപാടെടുത്തു. രണ്ട്. വാക്സീന്‍ നയത്തില്‍ യാഥാര്‍ഥ്യബോധമില്ലാതെ നിലപാടുകള്‍ സ്വീകരിച്ചു. സ്വന്തം ജനതയുടെ ആവശ്യവും അവസ്ഥയും ശരിയായി മനസിലാക്കാതെ മെയ്ഡ് ഇന്‍ ഇന്ത്യ മിഥ്യാബോധത്തില്‍ അഭിരമിച്ചു. രണ്ടു പാളിച്ചകളുടെയും വിലയാണ് ഇന്ന് ഓരോ ദിവസവും രാജ്യം കേള്‍ക്കുന്ന മരണക്കണക്കുകള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന, ടെസ്റ്റ് ചെയ്യാന്‍ പോലും അവസരം കിട്ടാത്ത ഹതഭാഗ്യരുടെ മരണം ഇതിനും പുറത്താണ്. ഒരൊറ്റ ഇന്ത്യ, ഒരേയൊരു ഭരണകൂടം എന്നാവര്‍ത്തിച്ചു കൊണ്ടിരുന്ന ആരാധകരെല്ലാം ഇപ്പോള്‍ കോവിഡ് പ്രതിരോധം സംസ്ഥാനസര്‍ക്കാരുകളുടെ ചുമതലയാണെന്നു പറഞ്ഞൊഴിയുന്നു. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വിദേശകമ്പനികളില്‍ നിന്ന് വാക്സീന്‍ വാങ്ങുന്നു. എന്നു വാക്സീനേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്നു കോടതികള്‍ ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ വസ്തുതാപരമായ ഉത്തരമില്ലാതെ കേന്ദ്രസര്‍ക്കാര്‍ പാടുപെടുന്നു. ഏറ്റവുമൊടുവില്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും എന്നു പ്രതീക്ഷ മാത്രമാണ് കോടതിയിലെത്തുന്ന മറുപടി. അതു തന്നെ സാധ്യമാകണമെങ്കില്‍ ഒരു ദിവസം ഇന്ത്യയിലാകെ 90 ലക്ഷം പേര്‍ക്കെങ്കിലും വാക്സീന്‍ നല്‍കാന്‍ കഴിയണം. ഈ ജനുവരി 15നാണ് രാജ്യത്ത് കോവിഡ് വാക്സീന്‍ കുത്തിവയ്പാരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്  ഇന്നലെ വരെ നാലു മാസം കൊണ്ട് കുത്തിവച്ചത് 18 കോടി ഡോസ് വാക്സീനാണ്. അതായത് ഒരു ദിവസം ശരാശരി 15 ലക്ഷം ഡോസ് വാക്സീന്‍. ഇന്ത്യയില്‍ 18 വയസിനു മുകളില്‍ പ്രായമുള്ള 94 കോടി ജനങ്ങളുണ്ടെന്നാണ് സെന്‍സസ് കണക്ക്. എന്നുവച്ചാല്‍ ഡിസംബര്‍ വരെ ഇനി ശേഷിക്കുന്ന 231 ദിവസത്തിനുള്ളില്‍ 170 കോടി ഡോസ് വാക്സീന്‍ കൂടി വിതരണം ചെയ്താലേ പറഞ്ഞ ലക്ഷ്യം നടപ്പാകൂ.  

അടുത്ത മാസം മുതല്‍ വാക്സീന്‍ ലഭ്യത കൂട്ടുമെന്നും പരമാവധി വേഗത്തില്‍ വാക്സീനേഷന്‍ പൂര്‍ത്തിയാക്കുമെന്നാണ് കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ മറുപടി. അസാധ്യ വേഗത്തില്‍ മുന്നോട്ടു പോയാല്‍ മാത്രമേ ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിനെങ്കിലും വാക്സീന്‍ നല്‍കി കോവിഡ് പ്രതിരോധം സാധ്യമാകൂ. വാക്സീന്‍ കൊടുക്കാനില്ലാതെ എന്തിനാണ് ഫോണെടുക്കുമ്പോള്‍ ഉപദേശം കേള്‍പ്പിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചത്.  

കോവിഡ് കരുണ തോന്നി സ്വയം രാജ്യം വിട്ടു പോയാല്‍ രക്ഷപ്പെട്ടു എന്നതാണ് നമ്മുടെ രാജ്യത്തിന്റെ നിലവിലെ അവസ്ഥ. ഡല്‍ഹിയില്‍ ഒരു മാസത്തിനു ശേഷം പ്രതിദിനരോഗബാധിതരുടെ എണ്ണം പതിനായിരത്തിനു താഴേക്കു വന്നുവെന്നതാണ് നേരിയ ശുഭസൂചന. രാജ്യത്താകെയും പ്രതിദിനരോഗബാധയില്‍ ശനിയാഴ്ച നേരിയ കുറവുണ്ടായി.  

ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നു പറയുന്ന പ്രധാനമന്ത്രി ഇനിയും കാര്യങ്ങളുടെ ഗൗരവം ശരിയായി മനസിലാക്കിയതായി ബോധ്യപ്പെടുന്നില്ല. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്കൊപ്പമുണ്ടാകേണ്ടത് ശാസ്ത്രീയനടപടികളായും യുദ്ധകാലപ്രാബല്യത്തോടെ വാക്സീന്‍ വിതരണവുമായാണ്. 

ഈ പ്രതിസന്ധി നമ്മള്‍ ഇച്ഛാശക്തികൊണ്ടും അര്‍പ്പണബോധം കൊണ്ടും മറികടക്കും എന്നു പറയാന്‍ പോലും പ്രധാനമന്ത്രിയെ കണ്ടു കിട്ടിയത് വലിയൊരു ഇടവേളയ്ക്കു ശേഷമാണ്. അപ്പോഴും കോവിഡ് തകര്‍ത്ത പാവങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തില്‍ പ്രതികരണമില്ല. വീണ്ടും വീണ്ടും ലോക്ക്ഡൗണ്‍ നീട്ടിക്കോളൂ എന്ന നിര്‍ദേശമല്ലാതെ കേന്ദ്രത്തില്‍ നിന്ന് ഈ ഒറ്റക്കെട്ടായ പ്രതിരോധമാതൃകയുമില്ല.  

പാളിച്ചകള്‍ ബോധപൂര്‍വമല്ലെങ്കില്‍ ഇനിയും ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വഴികളുണ്ട്. രാജ്യം അതിജീവിക്കുമെന്നുറപ്പാണ്. പക്ഷേ അതിനിടയില്‍ പൊലിഞ്ഞു പോകുന്ന ജനലക്ഷങ്ങള്‍ അനാസ്ഥയുടെ കൂടി രക്തസാക്ഷികളാണ് എന്നത് മറച്ചു വയ്ക്കാതെയുള്ള തിരുത്തല്‍ നടപടികളാണുണ്ടാകേണ്ടത്.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...