ജീവവായുവിന് വേണ്ടി നിലവിളിക്കുന്ന രാജ്യം; നിസംഗതയില്‍ ഭരണകൂടം

Parayathe-Vayya-New_24_04
SHARE

നമ്മുടെ രാജ്യം ജീവവായുവിനു വേണ്ടി  നിലവിളിക്കുന്ന മണിക്കൂറുകളിലൂടെയാണ് നമ്മള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. 

എത്ര വലിയ വെല്ലുവിളിയാണെങ്കിലും ജീവിതമോ മരണമോ എന്നൊരു ചോദ്യത്തിനു മുന്നില്‍ നമ്മള്‍ പതറുമോ? ഇല്ല, അതിജീവിക്കുക തന്നെ ചെയ്യും. രണ്ടാം കോവിഡ് തരംഗത്തിലും ഇച്ഛാശക്തിയോടെ, ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. പക്ഷേ അതിന് മുന്‍പത്തേക്കാള്‍ വലിയ കരുതലുണ്ടാകണം. മുന്നേറാനുള്ള നമ്മുടെ ഇച്ഛയ്ക്കൊപ്പം , വൈറസും കരുത്താര്‍ജിച്ചുവെന്നറിഞ്ഞു തന്നെയ നമുക്കീ ഘട്ടം മറികടക്കാനാകൂ. 

വൈറസ് വ്യാപനം എങ്ങനെ കുതിച്ചുയര്‍ന്നാലും നമുക്ക് തോറ്റു കൊടുക്കാനാകുമോ? പറ്റില്ല. നമ്മള്‍ ഇതിനെയും നേരിടും. 

ഈ വൈറസ് വ്യാപനത്തെ നമ്മള്‍ ചെറുത്തുതോല്‍പിക്കുക തന്നെ ചെയ്യും. വാക്സീനേഷനും മികച്ച ചികില്‍സയുമാണ് നമ്മുടെ പ്രതീക്ഷ. ഒപ്പം ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ പാലിക്കുന്ന പെരുമാറ്റ–ജീവിതരീതികളും. ഈ സന്നിഗ്ധ ഘട്ടത്തിലും രാജ്യത്തിന്റെ ഭരണകൂടം പിന്തിരിഞ്ഞുനില്‍ക്കുന്നത് നമ്മളെ ഞെട്ടിക്കുന്നുണ്ട്. പക്ഷേ ഭരണാധികാരിയുടെ നിസംഗതയുടെ  പേരിലും നമുക്കു പരാജയപ്പെടാനാകില്ല. കൊവിഡിനോടുള്ള പോരാട്ടത്തില്‍ തോല്‍വി എന്നാല്‍ ഇപ്പോള്‍ ജീവന്റെ തോല്‍വിയാണ്. 

ഈ പ്രതിസന്ധിയിലും അവിശ്വസനീയമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയവും നിലപാടും. 

ജീവവായു കിട്ടാതെ പ്രിയപ്പെട്ടവരുടെ ജീവനായി കേണപേക്ഷിക്കുന്ന മനുഷ്യരുടെ കണ്ണീരിനു മുന്നില്‍ ഉരുകിത്തീരുകയാണ് ഇന്ന് നമ്മുടെ രാജ്യം. ആദ്യതരംഗത്തില്‍ നിന്നുള്‍ക്കൊള്ളേണ്ട ഒരു പാഠവും ഉള്‍ക്കൊണ്ടില്ല. രണ്ടാംതരംഗത്തിനു സജ്ജമായില്ല.  ഓക്സിജന്‍ ലഭ്യതയും വെന്റിലേറ്റര്‍ സൗകര്യവും പരമാവധി ഒരുക്കി തയാറാകണമെന്ന ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. ലഭ്യമായ വാക്സീന്‍ പോലും രാജ്യത്തെ ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ കരുതിവച്ചില്ല. ഒടുവില്‍ ഒരേയൊരു പ്രതീക്ഷയായ  വാക്സീന്‍ പോലും സാമ്പത്തികലാഭത്തിന്റെ കണക്കുക്കു വിട്ടു  കൊടുത്ത് മനുഷ്യത്വമില്ലാത്ത നിസംഗത പുലര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരു സര്‍ക്കാരിന് ഇതുപോലെ ഒരവസ്ഥയില്‍ സ്വന്തം ജനങ്ങള്‍ക്കു നേരെ ഇങ്ങനെ മുഖം തിരിക്കാന്‍ കഴിയുമോ? ഇതാണോ പ്രധാനമന്ത്രിയും ബി.ജെ.പിയും നാഴികയ്ക്കു നാല്‍പതു വട്ടം പാടിക്കൊണ്ടിരുന്ന ദേശീയത?

ഇത്തരം അടിയന്തരസാഹചര്യമൊന്നുമില്ലാതിരുന്നപ്പോള്‍ പോലും  ജനതയ്ക്ക് സൗജന്യമായി വാക്സീന്‍ നല്‍കിക്കൊണ്ടിരുന്ന രാജ്യമാണ്  

സ്വതന്ത്ര ഇന്ത്യ. എന്നാല്‍ ഈ ഗതിയില്ലാത്ത അവസ്ഥയില്‍ ഒരേയൊരു പ്രതീക്ഷയായ വാക്സീന് വില തീരുമാനിച്ച് സംസ്ഥാനങ്ങളോടു വേണമെങ്കില്‍ വാങ്ങിക്കോളൂയെന്നു പറയാന്‍ മോദി സര്‍ക്കാരിനു മാത്രമേ സാധിക്കൂ. ഇതിനേക്കാള്‍ ക്രൂരമായി ഒരു സര്‍ക്കാരിനും സ്വന്തം ജനതയെ ഉപേക്ഷിക്കാനാകില്ല. ഈ നയം തിരുത്തിയേ പറ്റൂ. ഓരോ ഇന്ത്യക്കാരനും കൃത്യമായി വാക്സീന്‍ ലഭ്യമാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവസാനത്തെ പൗരനെയും വാക്സീന്‍ കവചത്തിലെത്തിക്കുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണ്.

കേരളത്തിലും കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ആയിരങ്ങള്‍ കൂടുമ്പോള്‍ നമ്മള്‍ പേടിക്കണോ? ഒരല്‍പം

 ആശ്വാസത്തോടെ പറയാം. കേരളത്തില്‍ ജീവിക്കുന്ന നമ്മള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇപ്പോഴില്ല. പക്ഷേ ചെറിയൊരു പേടി വേണം താനും.  ഒരു വ്യാപനം നേരിടാനുള്ള ശേഷി നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് ഇപ്പോഴുമുണ്ട്. പക്ഷേ ഒന്നോര്‍ക്കുക, അത് തകര്‍ന്നു പോകാനും നമ്മുടെ അശ്രദ്ധ മാത്രം മതി. അതിസൂക്ഷ്മമായ കരുതലോടെ, നമ്മള്‍ ഓരോരുത്തരും മുന്നോട്ടു പോയാല്‍ കേരളത്തിന് ഈ ഘട്ടം അപായമില്ലാതെ അതിജീവിക്കാനാകും. പക്ഷേ വീണ്ടും വീണ്ടും ഓര്‍ക്കുക, ജാഗ്രതയുടെ ഈ ശൃംഖലയില്‍ നമ്മളില്‍ ഒരാള്‍ വീഴ്ച വരുത്തിയാല്‍ പോലും ഫലം അപായമാകും. കരുതിയിരിക്കുക. തീവ്രവ്യാപനത്തിന് ഞാന്‍ കാരണക്കാരനാകില്ലെന്ന് ഓരോരുത്തരും സ്വയം ഉറപ്പിക്കുക.

അതുകൊണ്ട് കേരളത്തില്‍ ഇപ്പോഴും നമ്മള്‍ പരിഭ്രാന്തിയില്‍ വിവശരാകേണ്ട സാഹചര്യമായിട്ടില്ല. എങ്കിലും പേടി

വേണം താനും.  വളരെ സന്തുലിതമായി നിലകൊള്ളുന്ന കേരളത്തിലെ ആരോഗ്യസംവിധാനത്തിനു താങ്ങാന്‍കഴിയുന്നതിലുമേറെ രോഗികള്‍ ഉണ്ടായാല്‍ ഈ സ്ഥിതി മാറാന്‍ ഒരൊറ്റ ദിവസം മതി. സ്വയം രോഗത്തിനു പിടികൊടുക്കാതിരിക്കുകയെന്നത് ഈ ഘട്ടത്തില്‍ വലിയൊരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്. 

പക്ഷേ ഇതെല്ലാം ഈയൊരു ബാലന്‍സില്‍ പോകുമ്പോള്‍ മാത്രം ആശ്വസിക്കാവുന്ന കണക്കാണെന്നുമോര്‍ക്കുക. ഈ കണക്കുകള്‍ തന്നെ മറ്റൊരു തലത്തില്‍ നിന്നു വായിച്ചാലോ? നാലു ലക്ഷം രോഗികളെ ഉള്‍ക്കൊള്ളാന്‍ കേരളത്തിന്റെ ആരോഗ്യസംവിധാനത്തിനു കഴിയുമോ? കേരളത്തില്‍ ആകെ പതിനായിരത്തില്‍ താഴെ ഐ.സി.യു ചികില്‍സയ്ക്കേ സൗകര്യമുള്ളൂ. ആകെ നാലായിരത്തില്‍ താഴെ വെന്റിലേറ്ററേയുള്ളൂ. അത്യാസന്ന നിലയിലുള്ള രോഗികളുടെ എണ്ണം അതിനും മുകളിലേക്ക് ഉയരില്ല എന്നുറപ്പിക്കാന്‍ ഇനി സാധിക്കുക നമുക്കാണ്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ ജനത എന്ന നിലയില്‍ നമുക്കു സാധിച്ചാല്‍ പേടിക്കണ്ട. ചുരുക്കിപ്പറഞ്ഞാല്‍ കോവിഡ് വ്യാപനം കേരളത്തില്‍ പ്രതിസന്ധിയാകാതെ നോക്കാനുള്ള ഉത്തരവാദിത്തം നമുക്കു കൂടിയുള്ളതാണ്. 

കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യവാക്സീന്‍ ലഭ്യമാക്കും എന്ന പ്രഖ്യാപനം തീര്‍ച്ചയായും മാതൃകാപരമാണ്. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തവുമാണ്. സര്‍ക്കാര്‍ സൗജന്യമായി വാക്സീന്‍ നല്‍കുമ്പോള്‍ സാധിക്കുന്നവര്‍ പണം സര്‍ക്കാരിനു സംഭാവനയായി നല്‍കുകയെന്നൊരു മാതൃക ചിലര്‍ തിരിച്ചും കാണിക്കുന്നുണ്ട്. കഴിയുന്നവര്‍ നല്‍കുക. കഴിയാത്തവരെ ആരും നിര്‍ബന്ധിക്കാനും പാടില്ല. പക്ഷേ നല്‍കാന്‍ ഉദ്ദേശമില്ലാത്തവര്‍ ഈ നല്ല കാര്യത്തില്‍ പങ്കാളികളാകാന്‍ തയാറാകുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് സാമൂഹ്യവിരുദ്ധമനോഭാവമാണ്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളും മുഖ്യമന്ത്രിയും മന്ത്രിമാരും കാണിച്ച ഉത്തരവാദിത്തമില്ലായ്മ നമുക്കോര്‍മയുണ്ട്. അത് മറക്കാനും പാടില്ല. ആ ചൂണ്ടുവിരല്‍ ഉയര്‍ത്തിത്തന്നെ ഈ ഘട്ടം മറികടക്കാന്‍ നമ്മള്‍ സര്‍ക്കാരിനൊപ്പം നിന്നേ മതിയാകൂ. സര്‍വകക്ഷികളെക്കൊണ്ടും ശരിയായ തീരുമാനങ്ങള്‍ എടുപ്പിച്ചേ മതിയാകൂ. ആ തീരുമാനങ്ങള്‍ ഒറ്റക്കെട്ടായി നമ്മള്‍ പാലിച്ചേ മതിയാകൂ. അതീവശ്രദ്ധയോടെ, വൈറസിനു പിടികൊടുക്കാതെ ഈ പോരാട്ടം നമ്മള്‍ മുന്നോട്ടു കൊണ്ടുപോകും. കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളേക്കാള്‍ ഉത്തരവാദിത്തം സാധാരണ ജനങ്ങള്‍ക്കുണ്ടെന്നും നമ്മള്‍ തെളിയിക്കും. നമ്മള്‍ അതീജിവിക്കും. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...