ആരോപണം ഗൗരവമുള്ളത്; വെളിപ്പെടുത്തല്‍ പോര, വസ്തുതകള്‍ പുറത്തുവരട്ടെ

parayathe-vaya
SHARE

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോളര്‍ കടത്തിയെന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ മൊഴി കേരളത്തെ ഞെട്ടിച്ചോ? വേണ്ടതുപോലെ ഞെട്ടിയില്ല എന്നൊരു തോന്നല്‍ പ്രതിപക്ഷത്തിനും ബി.ജെ.പിക്കുമുണ്ട്. കാരണം പലതാണ്. ഒരു ആരോപണത്തിന്റെ വിശ്വാസ്യത തീരുമാനിക്കപ്പെടുന്നത് ആര് ആരെക്കുറിച്ചു പറഞ്ഞു എന്നതു മാത്രമല്ല. ഏത് സാഹചര്യത്തില്‍, ഏതു ലക്ഷ്യത്തില്‍, ഏതു രീതിയില്‍ പറഞ്ഞു എന്നതു കൂടിയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സോളര്‍ കേസുമായി വരുമ്പോള്‍ നമുക്കെന്തു തോന്നുന്നോ അതു തന്നെയാണ് മുഖ്യമന്ത്രിക്കെതിരെ ഡോളര്‍ കടത്തുമായി കസ്റ്റംസ് വരുമ്പോഴും സംഭവിക്കുന്നത്. പക്ഷേ ലൈഫ് മിഷന്‍ കൈക്കൂലിയായ ഐഫോണ്‍ സി.പി.എം നേതാവിന്റെ ഭാര്യയുടെ പക്കല്‍ എത്തിയതെങ്ങനെയെന്ന ചോദ്യം നിസാരമല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ വെളിപ്പെടുത്തല്‍ കോടതിയില്‍ രേഖപ്പെടുത്തിയ രഹസ്യമൊഴിയിലാണ് എന്നതും തള്ളിക്കളയാവുന്നതല്ല. 

മുഖ്യമന്ത്രി ഡോളര്‍ കടത്താന്‍ പ്രേരിപ്പിച്ചുവെന്ന് സ്വപ്ന പറഞ്ഞുവെന്ന് രഹസ്യമൊഴിയിലുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ മറ്റൊരു കേസില്‍  നല്‍കിയ വിശദീകരണപത്രികയില്‍ വെളിപ്പെടുത്തിയതു കേട്ടിട്ടും കേരളം ശക്തമായി ഞെട്ടാത്തതിന് പല കാരണങ്ങളുണ്ട്. പിണറായി വിജയന്‍ എന്ന വ്യക്തിക്ക്  നല്ലൊരു വിഭാഗം ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത ഒന്നാമത്തെ കാരണം. ഡോളര്‍ കടത്താന്‍ പ്രേരിപ്പിച്ചുവെന്നതാണ് മൊഴിയെന്നത് രണ്ടാമത്തെ കാരണം. സ്വപ്നയുടെ മൊഴിയിലുണ്ടെന്നല്ലാതെ കസ്റ്റംസ് അന്വേഷിച്ച ്എന്തു കണ്ടെത്തിയെന്ന് പറയുന്നില്ലെന്നത് മൂന്നാമത്തെ കാരണം. മൊഴിയെടുത്ത് 100 ദിവസമായിട്ടും എന്തുകൊണ്ട് കസ്റ്റംസ് ഇക്കാര്യം അന്വേഷിച്ച് ഉത്തരം കണ്ടെത്തിയില്ലെന്നത് അടുത്ത കാരണം.  എല്ലാത്തിനുമൊടുവില്‍ സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇതുവരെയുള്ള പോക്ക് പ്രധാന കാരണം. 

അതുകൊണ്ട് വിശ്വസിക്കാവുന്ന എന്തെങ്കിലുമൊരു തെളിവു കൊണ്ടുവരാതെ മുഖ്യമന്ത്രിയെ ഡോളര്‍കടത്തു കേസുമായൊക്കെ ബന്ധപ്പെടുത്തിയാല്‍ കേരളം തമാശയായി തള്ളിക്കളയുമെന്ന് കസ്റ്റംസിനും അറിയാത്തതാവില്ല. എന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ പരാമര്‍ശങ്ങളും മൊഴികളുമായി വീണ്ടും സ്ഫോടനം സൃഷ്ടിക്കാന്‍ മാത്രം ശ്രമിക്കുകയാണോ? ആരോപണം ഗൗരവമുള്ളതാണ്. പക്ഷേ ഒരു ജനാധിപത്യസര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയെക്കുറിച്ചൊരു പരാമര്‍ശം മുന്നില്‍ വന്നാല്‍ തന്നെ ഒരന്വേഷണവും നടത്താതെ, സ്വന്തമായി ഒരു സ്ഥിരീകരണവും നടത്താതെ ചര്‍ച്ചയ്ക്കു വിട്ടുകൊടുക്കുന്നത് കേന്ദ്ര ഏജന്‍സികളുടെ അവശേഷിക്കുന്ന വിശ്വാസ്യത കൂടി ചോദ്യം ചെയ്യുന്ന നടപടിയാണ്. 

സ്വപ്നസുരേഷിന്റെ മൊഴി സത്യമാണോ കള്ളമാണോ എന്നറിയാന്‍ പൊതുസമൂഹത്തിനു മുന്നില്‍ വഴികളൊന്നുമില്ല. പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിന്റെ രാഷ്ട്രീയപ്രവര്‍ത്തന ചരിത്രം അറിയാമെന്നതു വച്ച് അനുമാനങ്ങളിലെത്താനേ സമൂഹത്തിനു കഴിയൂ. മുഖ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം അദ്ദേഹം സംസ്ഥാനത്തെ നയിച്ചതെങ്ങനെ എന്നു വിലയിരുത്തുന്ന സുപ്രധാന തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് കേരളം. അതിനിടയിലേക്ക് സ്വപ്നസുരേഷിന്റെ മൊഴിയില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് മറ്റൊരു കേസില്‍ കോടതിയില്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്ന കസ്റ്റംസ് ആ  മൊഴിയെക്കുറിച്ച് അന്വേഷിച്ച് സത്യം കണ്ടെത്താന്‍ ബാധ്യതപ്പെട്ട ഏജന്‍സിയാണ്. 

രാഷ്ട്രീയനേതാക്കള്‍ക്ക് ആരോപണം ഉന്നയിക്കാം. ഏറ്റുപറയാം. പക്ഷേ അന്വേഷണഏജന്‍സികളുടെ ജോലി ആരോപണം ഏറ്റുപറയുകയല്ല. അതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുകയാണ്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രേരണയിലാണ് ഡോളര്‍കടത്ത് നടത്തിയതെന്ന് സ്വപ്നസുരേഷ് മൊഴി നല്‍കിയിട്ടുണ്ട് എന്നു കോടതിയില്‍ അറിയിക്കുമ്പോള്‍ എന്നിട്ട് എന്താണ് അന്വേഷണത്തില്‍ കണ്ടെത്തിയത് എന്നു കൂടി പറയാനുളള നിയമപരമായ ഉത്തരവാദിത്തം കസ്റ്റംസിനുണ്ട്. പകരം മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ മൊഴി എന്ന സ്ഫോടനാത്കമായ തലക്കെട്ടിന് വഴിമരുന്നിട്ടു പിന്‍മാറുന്ന കേന്ദ്ര ഏജന്‍സികള്‍ സ്വന്തം വിശ്വാസ്യതയാണ് ബലി കഴിക്കുന്നത്. 

എന്നുവച്ചാല്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണം നിസാരമാണെന്നോ മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരായ ആരോപണം തള്ളിക്കളയാവുന്നതാണെന്നോ അര്‍ഥമേയില്ല. പക്ഷേ ചോദ്യങ്ങള്‍ മാത്രം മുന്നോട്ടു വച്ച് കേന്ദ്ര അന്വേഷണഏജന്‍സികള്‍ പിന്‍വാങ്ങുന്നത് ചോദ്യം ചെയ്തേ പറ്റൂ. അതേസമയം തന്നെ ചോദ്യങ്ങള്‍ക്കുള്ള സാഹചര്യങ്ങളുണ്ടായതെങ്ങനെയെന്ന് രാഷ്ട്രീയമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്കും മറ്റു നേതാക്കള്‍ക്കും ബാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയമുതലെടുപ്പ് എന്നു പറഞ്ഞൊഴിഞ്ഞുമാറാവുന്നതിലേറെ ചോദ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ഉയരുന്നുണ്ട്. അതു മാത്രമല്ല, തിരഞ്ഞെടുപ്പ് ദിവസം സോളര്‍ കേസില്‍ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് എന്തായാലും കസ്റ്റംസ് തിരഞ്ഞെടുത്ത സമയത്തെക്കുറിച്ച്  പരാതിയുമുണ്ടാകാനിടയില്ല.

മുഖ്യമന്ത്രി ഇങ്ങനെ ചോദിച്ച് ഓര്‍മിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിനെതിരെ മൊഴിയുണ്ടെന്ന സത്യവാങ്മൂലം കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനു മുന്‍പും മുഖ്യമന്ത്രിയെ അടുത്തറിയാമായിരുന്നു, ഐ.ടി.വകുപ്പിന്റെ കരാര്‍ തസ്തികയില്‍ നിയമിച്ചത് മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് എം.ശിവശങ്കര്‍ പറഞ്ഞിരുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ സ്വപ്ന സുരേഷ് നടത്തിയിട്ടുണ്ട്. അതെല്ലാം കോടതിയിലെത്തിയ രേഖകളിലുമുണ്ട്. പക്ഷേ സ്വന്തം നിലയില്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ചെന്നോ എന്തു കണ്ടെത്തിയെന്നോ ഒരു കേന്ദ്ര ഏജന്‍സിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത്തവണ കസ്റ്റംസ്  ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഗുരുതരമാണ്. എന്നാല്‍ മൂന്നു മന്ത്രിമാരുടെ സാമ്പത്തിക ഇടപാടുകള്‍ അറിയാം എന്നല്ലാതെ അവരുടെ പേരുകള്‍ കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. വിവിധ ഇടപാടുകളിലായി ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. ഇക്കാര്യങ്ങളുടെ സത്യം എന്താണെന്നറിയാന്‍ കേരളത്തിന് അവകാശമുണ്ട്. 

കസ്റ്റംസിനെതിരെ പ്രതിഷേധിക്കാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം അന്വേഷണത്തില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ കാണുന്നുവെന്ന് ശക്തമായി വിമര്‍ശിക്കാം. പക്ഷേ കോടതിയില്‍ രേഖപ്പെടുത്തിയ  നിയമപരമായി  തെളിവുമൂല്യമുള്ള മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ സത്യം അറിയാന്‍ കേരളത്തിന് അവകാശമുണ്ട്. കോടതിയില്‍ നല്‍കിയ 164 സ്റ്റേറ്റ്മെന്റില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെങ്കില്‍ അതിനെ രാഷ്ട്രീയപ്രേരിതമായ ആരോപണം എന്നു മാത്രം പ്രതിരോധിക്കാനാകില്ല. ഇതിനു മുന്‍പ് മന്ത്രി കെ.ടി.ജലീലിനെനെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതു പോലെയല്ല. ഗുരുതരമായ ആരോപണങ്ങള്‍ കോടതിക്കുമുന്‍പാകെ രേഖയായി എത്തിയിരിക്കുന്നു. അതില്‍ സത്യമെന്താണെന്ന അന്വേഷണം നടക്കണം.  മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ക്കെതിരായ ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു വരണം.  ലൈഫ് മിഷന്‍ കോഴക്കേസില്‍ കോഴയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ച ഐഫോണ്‍ അദ്ദേഹത്തിന്റെ ഭാര്യ ഉപയോഗിച്ചുവെന്ന കസ്റ്റംസ് കണ്ടെത്തലിലും സത്യമെന്താണെന്ന് കേരളമറിയണം. 

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ പ്രതികള്‍ നല്‍കുന്ന മൊഴികള്‍ക്കു പോലും തെളിവു മൂല്യമുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തുന്ന രഹസ്യമൊഴി പിന്നീടു നിഷേധിച്ചാല്‍ മൊഴി നല്‍കിയ ആള്‍ക്കെതിരെ കോടതിക്കു കേസെടുക്കാം. മൊഴി മാറ്റിയാല്‍ ഏതു മൊഴിയാണ് വിശ്വാസത്തിലെടുക്കേണ്ടതെന്നും കോടതിക്കു തീരുമാനിക്കാം.  ഡോളര്‍ കടത്തു കേസില്‍ 164  സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തണമെന്ന് സ്വപ്ന സുരേഷ് തന്നെയാണ് നവംബര്‍ 30ന് കോടതിയോട് അഭ്യര്‍ഥിച്ചത്. സാമ്പത്തികകുറ്റവിചാരണക്കോടതി നിര്‍ദേശിച്ചതനുസരിച്ച് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് ഡിസംബര്‍ ആദ്യം രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഇനി വേണമെങ്കിലും സ്വപ്നസുരേഷിന് ഈ മൊഴി നിഷേധിക്കാം. വിചാരണയില്‍ ആവര്‍ത്തിക്കാതിരിക്കാം. പക്ഷേ അവര്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരിക്കും. 

മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തുമായി ബന്ധമുണ്ടെന്ന ആരോപണം കോടതിയെ അറിയിച്ച സത്യവാങ്മൂലത്തില്‍ തന്നെ കസ്റ്റംസ് ഇങ്ങനെയും വ്യക്തമാക്കുന്നു. വെളിപ്പെടുത്തിയ ഭൂരിഭാഗം വസ്തുതകളും സ്വപ്നയുടെ മാത്രം അറിവിലുള്ളതും സ്വപ്നയ്ക്കു മാത്രം തെളിവു നല്‍കാനാകുന്നതുമാണ്. അവിടെയാണ് പ്രശ്നം. മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം നിലനില്ക്കുന്ന, അന്വേഷണ ഏജന്‍സിക്കു പോലും ബോധ്യമായിട്ടില്ലാത്ത ഒരു ആരോപണം കസ്റ്റംസ് തന്നെ സത്യവാങ്മൂലത്തില്‍ ആവര്‍ത്തിക്കുന്നത് രാഷ്ട്രീയമുതലെടുപ്പിനുള്ള സാധ്യതയ്ക്കു മാത്രമാണ് എന്ന് സി.പി.എം ആരോപിക്കുന്നു. പക്ഷേ വിനോദിനി ബാലകൃഷ്ണനെതിരെ ഇപ്പോള്‍ കസ്റ്റംസ് നല്‍കിയിരിക്കുന്ന നോട്ടീസ് അങ്ങനെയല്ല. ലൈഫ് മിഷന്‍ കോഴക്കേസില്‍  സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി വാങ്ങിനല്‍കിയ 5 ഐഫോണുകളുടെ രാഷ്ട്രീയപ്രാധാന്യം കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേരത്തെ കേരളത്തെ ബോധ്യപ്പെടുത്തിയതാണ്. 

വിനോദിനി ബാലകൃഷ്ണന് ലൈഫ് മിഷന്‍ കൈക്കൂലിയായി വാങ്ങിയെടുത്ത ഐ ഫോണ്‍ കിട്ടിയതെങ്ങനെയെന്ന ചോദ്യം കസ്റ്റംസ് കണ്ടെത്തിയതാണ്. ആ ചോദ്യം നിര്‍ണായകമാണ്. രാഷ്ട്രീയവിശദീകരണം നല്‍കാന്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗത്തിനും ഉത്തരവാദിത്തമുണ്ട്. ഡോളര്‍കടത്തില്‍ വീണ്ടും രാഷ്ട്രീയവിവാദങ്ങള്‍ സജീവമാകുന്നത് കേരളം രാഷ്ട്രീയമായ സൂക്ഷ്മതയോടെ വിലയിരുത്തേണ്ടതാണ്. വെളിപ്പെടുത്തലുകള്‍ വസ്തുതകളായി മാറുമ്പോഴേ അത് കേരളത്തിന്റെ പ്രശ്നമാകേണ്ടതുള്ളൂ. മാത്രമല്ല,  തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചയുടന്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും സജീവമായതും ശ്രദ്ധയോടെ തന്നെ വീക്ഷിക്കേണ്ടതാണ്.  കിഫ്ബിക്കെതിരെ കേസെടുത്തു മുന്നോട്ടു പോകാനുള്ള ഇ.ഡി. നീക്കത്തെ വികസനകാഴ്ചപ്പാടില്‍ നിന്നു തന്നെ കേരളം വിലയിരുത്തേണ്ടതുണ്ട്. 

രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിടാനുള്ള ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തികനിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നുറപ്പു വരുത്തുക, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കുക, ഇത്തരം കുറ്റങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ് ശക്തിപ്പെടുത്തുക എന്നിവയാണ് ഇ.ഡിയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴില്‍ റവന്യൂ വകുപ്പിന്റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണ ഇടപാടുകളും വിദേശനാണയവിനിമയ ചട്ടലംഘനങ്ങളുമാണ് ഇ.ഡിയുടെ പ്രധാന പ്രവര്‍ത്തന മേഖല. 1957ല്‍ എന്‍ഫോഴ്മെന്റ് യൂണിറ്റായി തുടങ്ങിയ ഏജന്‍സിയാണ് പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റായി വിപുലപ്പെടുത്തിയത്.   ഇതേ ഇ.ഡി. അതതു കാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകളുടെ ചട്ടുകമായി എന്ന് പലതവണ ആരോപണം നേരിട്ടിട്ടുണ്ടെങ്കിലും ഒരു മറയുമില്ലാതെ ബി.ജെ.പിയുടെ പോഷകസംഘടനയായി എന്ന വിമര്‍ശനം നേരിടുന്നത് മോദി സര്‍ക്കാരിന്റെ കാലത്താണ്. രാഷ്ട്രീയഎതിരാളികളെ വരുതിയില്‍ കൊണ്ടുവരാന്‍ രാജ്യത്തങ്ങോളമിങ്ങോളം സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി ഉപയോഗിക്കപ്പെടുന്നത് രാജ്യം കണ്ടു. എതിരാളികള്‍ മാത്രമല്ല വിമര്‍ശകരെപ്പോലും ഇ.ഡി.യെക്കൊണ്ടു പേടിപ്പിക്കാന്‍ കേന്ദ്രഭരണകൂടം മടിച്ചിട്ടില്ല. സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സജീവമായ ഇ.ഡി. ഇപ്പോള്‍ വീണ്ടും ശക്തമായ ഇടപെടലുമായെത്തിയിരിക്കുന്നത് കിഫ്ബിക്കെതിരെ കേസുമായാണ്. 

‌ആ അധികാരം തന്നെയാണ് പ്രശ്നം. എവിടെയും കയറി ഇടപെടാന്‍ അധികാരമുള്ള ഏജന്‍സി ആ അധികാരത്തിന്റെ ബലത്തില്‍ മാത്രം രാജ്യത്ത് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.  ഭയക്കാനൊന്നുമില്ലെങ്കില്‍ പിന്നെന്തിന് തടസം പറയണം എന്ന ചോദ്യം ആദ്യതവണ വളരെ നിഷ്ക്കളങ്കമായി കേള്‍ക്കാം. പക്ഷേ നിരന്തരം കേന്ദ്ര അന്വേഷണഏജന്‍സികള്‍ കുറ്റം കണ്ടെത്തും മുന്നേ ഉന്നതഉദ്യോഗസ്ഥരെ ചോദ്യമുനയില്‍ നിര്‍ത്തുന്ന രീതി, സമയം ഒക്കെ പ്രശ്നമാണ്. ഇത് സര്‍ക്കാരിന്റെ മാത്രം പ്രശ്നമായി കാണുന്നത് ശരിയുമല്ല. കിഫ്ബി കേരളത്തിന്റെ പദ്ധതിയാണ്. കേരളത്തിന്റെ വികസനചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന സംവിധാനമാണ്. ഏതു പാര്‍ട്ടി ഭരിച്ചാലും ഏതു മുന്നണി ഭരിച്ചാലും ഇത്തരം നീക്കങ്ങളെ അങ്ങനെ തന്നെ കാണേണ്ടതുണ്ട്. 

മുഖ്യമന്ത്രിയും കിഫ്ബിയും ചോദ്യമുനയിലാകുമ്പോഴും പ്രതിപക്ഷത്തിനു സന്തോഷിക്കാനാകാത്തത് കേരളം ഇതിനു പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടി പരിഗണിക്കും എന്നറിയാവുന്നതുകൊണ്ടു തന്നെയാണ്. കിഫ്ബിയെക്കുറിച്ചുള്ള ഏതു ചര്‍ച്ചയും കേരളത്തില്‍ നടക്കുന്ന വികസനപദ്ധതികളില്‍ ചെന്നവസാനിക്കുമെന്ന് പ്രതിപക്ഷത്തിനു നന്നായറിയാം. പക്ഷേ രാഷ്ട്രീയമായ വേട്ടയാടല്‍ എന്നാവര്‍ത്തിക്കുമ്പോള്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പും കേരളം മറന്നുപോകരുത്.  തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സോളര്‍ കേസില്‍ നടപടികള്‍ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചല്ലെന്ന് നമുക്കറിയാമല്ലോ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അധികാരം ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയനീക്കങ്ങള്‍ ധാര്‍മികതയില്ലാത്തതാണെന്ന് ഇടതുപക്ഷത്തിനു നല്ല വ്യക്തതയുണ്ട്. 

സോളര്‍ അന്വേഷണറിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുത്തത് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന മണിക്കൂറുകളാണ്. വര്‍ഷങ്ങള്‍ സ്വന്തം പൊലീസ് അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാന്‍ കഴിയാതെ സോളര്‍ ലൈംഗികാതിക്രമക്കേസുകള്‍ മുഖ്യമന്ത്രി സി.ബി.ഐയ്ക്കു വിട്ടത് ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തതിനു തൊട്ടടുത്ത ദിവസമാണ്. അതും ഇന്നും എന്നും രാഷ്ട്രീയമുതലെടുപ്പ് നടത്തുമെന്ന് സി.പി.എമ്മിന് സംശയമില്ലാത്ത കേന്ദ്രഏജന്‍സിക്കു തന്നെ കൈമാറിയത്. ഉമ്മന്‍ചാണ്ടി ലാവലിന്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് 2006ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്...

അതുകൊണ്ട് സി.പി.എമ്മിനും കോണ്‍ഗ്രസിനും  തിരഞ്ഞെടുപ്പില്‍ കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയമുതലെടുപ്പിനെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയുണ്ടോ എന്നൊരു സംശയം ന്യായമായും നമുക്കുണ്ടായേക്കാം. പക്ഷേ അനീതിയും അധര്‍മവും കൂട്ടുപിടിച്ചവരാണെങ്കില്‍ പോലും  തിരിച്ചടിക്കുമ്പോള്‍ അവര്‍ നീതി അര്‍ഹിക്കുന്നുണ്ടെന്ന് പറയാന്‍ നീതിബോധമുള്ളവര്‍ മടിക്കരുത്. നമ്മള്‍ നിലപാടെടുക്കേണ്ടത് ജനാധിപത്യത്തിനു വേണ്ടിയാണ്, കേന്ദ്ര ഏജന്‍സികളുടെ സഹായമില്ലാതെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവകാശമുള്ള ജനാധിപത്യവിശ്വാസികള്‍ക്കു വേണ്ടിയാണ്. വെളിപ്പെടുത്തലുകള്‍ പോര,   വസ്തുതകള്‍ പുറത്തു വരട്ടെ.                      

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...