ഈ തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് കേരളം; ആത്മവിശ്വാസം എവിടെ വരെ?

pva1
SHARE

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും. ദേശീയരാഷ്ട്രീയത്തില്‍ സ്ഫോടനാത്കമായ മാറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കേ കേരളത്തിന്റെ വിധിയെഴുത്ത് തിരഞ്ഞെടുപ്പു നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളിലേതു പോലെ തന്നെ പ്രധാനമാണ്. മുന്നോട്ടെങ്ങനെ എന്ന് ഇത്തവണ എടുക്കാന്‍ പോകുന്ന തീരുമാനം മറ്റാരേക്കാളും ഓരോ കേരളീയനും അതിപ്രധാനമാണ്.  

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഓരോ മുന്നണിയെയും മാറി മാറി പരീക്ഷിക്കുകയെന്ന ഉദാസീനമായ തിരഞ്ഞെടുപ്പാവില്ല ഇത്തവണ കേരളത്തിന്റേത്. പരിഗണിക്കാനും പ്രവര്‍ത്തനം വിലയിരുത്താനും മുന്നിലുള്ള സമവാക്യങ്ങള്‍ സങ്കീര്‍ണമാണ്. അതുകൊണ്ടു തന്നെ ഈ തിരഞ്ഞെടുപ്പ് ഇതിനു മുന്‍പ് നടന്ന 14 നിയമസഭാതിരഞ്ഞെടുപ്പുകളേക്കാളും കഠിനമാകും, കര്‍ക്കശമാകും. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളില്‍ സ്വന്തം സര്‍ക്കാരിനെ തിര‍ഞ്ഞെടുക്കുകയെന്ന ലളിതമായ ഉത്തരവാദിത്തം മാത്രമാണ് കേരളത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയകാലാവസ്ഥയില്‍ കേരളത്തിന്റെ നിലപാട് പ്രഖ്യാപിക്കുക എന്ന ഭാരിച്ച ബാധ്യത ഓരോ വോട്ടര്‍ക്കുമുണ്ട്. രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു ചുവട് സംഭാവനയാണ് കേരളത്തിന്റെ നിയമസഭാതിരഞ്ഞെടുപ്പിലുണ്ടാകേണ്ടത്.  

ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോഴും കേരളം ശക്തമായ രാഷ്ട്രീയപ്രതിരോധം തീര്‍ക്കുന്ന ഒരു ഒറ്റത്തുരുത്താണ്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് തകരാത്തതെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. കോണ്‍ഗ്രസിന്റെ അടിത്തറ ഭദ്രമായി തുടരുന്നത് കേരളീയരുടെ രാഷ്ട്രീയപ്രബുദ്ധതകൊണ്ടാണെന്ന് ഐക്യജനാധിപത്യമുന്നണിയും പറയുന്നു. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമേകേണ്ട തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നതെന്നും മുന്നണി ജനങ്ങളോട് പറയാന്‍ ശ്രമിക്കുന്നു. ബി.ജെ.പിയും ഇതിനു മുന്‍പെന്നത്തേക്കാളും പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിന്റെ തട്ടിലേക്കിറങ്ങുന്നത്. 

കേരളത്തിലെ രണ്ടു കോടി അറുപത്തിയേഴു ലക്ഷം വോട്ടര്‍മാരാണ് ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി നല്‍കുക. ചരിത്രം തിരുത്തി തുടര്‍ഭരണം ഉറപ്പാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം തിരഞ്ഞെടുപ്പിനെ േനരിടുന്നത്. എന്നാല്‍ കേരളത്തിന്റെ ജനാധിപത്യസ്വഭാവം ഉറപ്പാക്കി ഭരണത്തില്‍ തിരിച്ചുവരുമെന്നു പ്രതിപക്ഷവും അവകാശപ്പെടുന്നു. ബി.ജെ.പി കരുത്തു തെളിയിക്കുകയെന്ന പതിവുലക്ഷ്യത്തിനുമപ്പുറം കൃത്യമായ കണക്കുകൂട്ടലുമായി കേരളത്തിനു മുന്നിലെത്തുന്നു. ഭരണത്തുടര്‍ച്ചയെന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമെന്താണ്? കേരളം പതിവു തെറ്റിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കരുതുന്നത് യാഥാര്‍ഥ്യബോധത്തോടെയാണോ?

സമഗ്രമായ ഭരണനിര്‍വഹണം സാധിച്ചുവെന്നതാണ് മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും ആത്മവിശ്വാസം. സമീപകാല സര്‍ക്കാരുകള്‍ക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത വന്‍പ്രതിസന്ധികള്‍ പിണറായി സര്‍ക്കാരിനു മറികടക്കേണ്ടി വന്നു. രണ്ടു വര്‍ഷം തുടര്‍ച്ചയായ പ്രളയം. വര്‍ഷം കഴിഞ്ഞും നീളുന്ന കോവിഡ് പ്രതിസന്ധി. ഈ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ എങ്ങനെ നയിച്ചുവെന്നു വിലയിരുത്താനാണ് മുന്നണി ജനങ്ങളോട് ആവശ്യപ്പെടുന്നത്.  ഈ പ്രതിസന്ധികള്‍ക്കിടയിലും കേരളം അടിസ്ഥാനസൗകര്യവികസനത്തില്‍ എത്രദൂരം മുന്നോട്ടു പോയി എന്നതും കണക്കെടുത്തു തന്നെ പരിശോധിക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നു. ഒപ്പം പൊതുവിദ്യാഭ്യാസം, പൊതു ആരോഗ്യസംവിധാനങ്ങളിലുണ്ടായ മാറ്റവും പൊതുമേഖലാസ്ഥാപനങ്ങളുടെ അവസ്ഥയും ഇടതുമുന്നണിക്ക് ആത്മവിശ്വാസമാകും. ഗെയ്‍ല്‍ പൈപ്പ് ലൈന്‍ അടക്കം കേരളത്തില്‍ ഒരിക്കലും നടക്കില്ലെന്നു കരുതിയ പദ്ധതികള്‍ നടപ്പായതു തന്നെയാണ് മുഖ്യമന്ത്രി എടുത്തു പറയുന്നത്.  

എന്നാല്‍ ഭരണത്തിന്റെ അവസാനവര്‍ഷം അപ്രതീക്ഷിതമായ ആഘാതങ്ങള്‍ പിണറായി സര്‍ക്കാരിനു നേരിടേണ്ടി വന്നു. ഏറ്റവും വിശ്വാസമര്‍പ്പിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ബന്ധം പുലര്‍ത്തിയതും സ്വപ്ന സുരേഷിന് സര്‍ക്കാരില്‍ കരാര്‍ നിയമനം തരപ്പെടുത്തിയതുമെല്ലാം സര്‍ക്കാരിനു കടുത്ത പ്രതിസന്ധി ഉയര്‍ത്തി. ലൈഫ് മിഷന്‍ കേസില്‍ ഇപ്പോഴും അന്വേഷണം തുടരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സ്വര്‍ണക്കടത്ത് കേസിന്റെ ക്ഷീണം മറികടക്കാന്‍ സര്‍ക്കാരിനെ സഹായിച്ചുവെന്ന് ഇടതുമുന്നണി ആശ്വസിക്കുന്നു. എന്നാല്‍ പിന്‍വാതില്‍ നിയമനങ്ങളുടെ പേരിലുയര്‍ന്ന പ്രതിഷേധം സര്‍ക്കാരിന് അപ്രതീക്ഷിതപ്രഹരമായി. കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാരിന് നിര്‍ത്തിവയ്ക്കേണ്ടി വന്നു.  

ഭരണനേട്ടങ്ങള്‍ക്കൊപ്പം തന്നെ പ്രതിപക്ഷത്തിന്റെ ഇടപെടല്‍ മൂലം പിന്‍വാങ്ങേണ്ടി വന്ന തീരുമാനങ്ങളുടെ പട്ടികയും വലുതാണ് എല്‍.ഡി.എഫിന്. ബ്രൂവറി അനുവദിച്ചതു മുതല്‍ സ്പ്രിന്‍ക്ളര്‍, പൊലീസ് നിയമഭേദഗതി,  ഏറ്റവുമൊടുവില്‍ ആഴക്കടല്‍ മല്‍സ്യബന്ധന പദ്ധതി വരെ സര്‍ക്കാരിനു കൈ പൊള്ളിയ പട്ടികയില്‍ നില്‍ക്കുന്നു. പക്ഷേ തീരുമാനങ്ങള്‍ നടപ്പാക്കാതെ പിന്‍വാങ്ങിയെന്നത് ജനങ്ങള്‍ പോസിറ്റീവായി പരിഗണിക്കുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നു.  കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാത്രം തിരുത്തിയതെന്ന വാദത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. പതിവില്ലാതെ കോണ്‍ഗ്രസും ഘടകകക്ഷികളും ഒറ്റക്കെട്ടായി അരങ്ങത്തെത്തുന്നു എന്നതും ഈ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഈ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനും ജീവന്‍മരണപോരാട്ടമാണ്.  

ഈ ഐക്യം തന്നെയാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ പ്രതീക്ഷയും അതേസമയം തന്നെ വെല്ലുവിളിയും. മുഖ്യമന്ത്രി പിണറായി വിജയന് ഒറ്റ നേതാവിന്റെ മറുപടിയില്ല. പക്ഷേ തദ്ദേശത്തിലെ തിരിച്ചടിയില്‍ നിന്നും ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം വന്‍തിരിച്ചുവരവ് നടത്തിയിരിക്കുന്നുവെന്ന് നിസംശയം പറയാം. തിരഞ്ഞെടുപ്പു സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയുടെ വരവ് അണികളിലും ഊര്‍ജമാകുന്നു. വയനാട് എം.പി.കൂടിയായ രാഹുല്‍ഗാന്ധി സജീവപ്രചാരണത്തിനു കൂടി ഇറങ്ങിയാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന് പ്രതിപക്ഷം പ്രതീക്ഷിക്കുന്നു.  

പ്രതിപക്ഷം എന്ന നിലയില്‍ കൃത്യമായ ഇടവേളകളില്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും തിരുത്തിക്കാനുമൊക്കെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ആഴക്കടല്‍ മല്‍സ്യബന്ധനപദ്ധതിയുടെ പേരില്‍ ആദ്യം കൈയൊഴിഞ്ഞ സര്‍ക്കാരിന് എല്ലാം തിരുത്തേണ്ട അവസ്ഥയുണ്ടായി. അറിയില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അറിഞ്ഞിട്ടുണ്ടാകാം എന്ന് സമ്മതിക്കേണ്ടി വന്നു. 

സ്പ്രിന്‍ക്ളര്‍ കരാറിലും പൊലീസ് നിയമഭേദഗതി വിവാദത്തിലും ഇ.എം.സി.സി. കരാറിലുമെല്ലാം ഉദ്യോഗസ്ഥര്‍ കുഴപ്പത്തില്‍ ചാടിച്ചു എന്നു ന്യായീകരിക്കേണ്ട അവസ്ഥയുണ്ടായി സര്‍ക്കാരിന്. ഉദ്യോഗസ്ഥഭരണമാണ് കേരളത്തിലെന്ന ശക്തമായ പ്രതിപക്ഷവിമര്‍ശത്തിന് ഒട്ടേറെ അവസരങ്ങളുണ്ടായി. ദുരുദ്ദേശമുണ്ടായിരുന്നില്ല എന്ന ന്യായീകരണം സര്‍ക്കാരിന് പിടിവള്ളിയാകില്ലെന്ന് പ്രതിപക്ഷം കരുതുന്നു.  

അവസാനവര്‍ഷം അപായം തിരിച്ചറിഞ്ഞുവെന്നതിലാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രതീക്ഷ. ഒന്നിച്ചു നിന്നില്ലെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അനുഭവം വെറും ഓര്‍മയാകുമെന്ന് തദ്ദേശം പഠിപ്പിച്ചു. ജനങ്ങള്‍ യു.ഡി.എഫിനോട് പറയാനുള്ളതെല്ലാം തദ്ദേശതിരഞ്ഞെടുപ്പില്‍ വൃത്തിയായി പറഞ്ഞിട്ടുണ്ട്. അത് എങ്ങനെ കേട്ടുവെന്നതിന്റെ കൂടി ഫലമാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ കാണേണ്ടത്. വിജയത്തിലേക്കും അധികാരത്തിലേക്കും കുറുക്കുവഴികളില്ലെന്ന് പ്രതിപക്ഷം ഉള്‍ക്കൊണ്ടിരിക്കുന്നു . മാറ്റം വോട്ടില്‍ തെളിയുമോ എന്ന് കോണ്‍ഗ്രസ് കാത്തിരിക്കുന്നു. 

20 ലോക്സഭാമണ്ഡലങ്ങളില്‍ പത്തൊന്‍പതിലും മിന്നുന്ന വിജയം നല്കിയാണ് കേരളം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട് രാഷ്ട്രീയം പറഞ്ഞത്. പക്ഷേ അതിലേറെ കനമുള്ള രാഷ്ട്രീയം തദ്ദേശതിരഞ്ഞെടുപ്പിലും പറഞ്ഞുകളഞ്ഞുവെന്നു മാത്രം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ഒരു ധാരണയുടെ പേരില്‍ യു.ഡി.എഫിനെ മതനിരപേക്ഷകേരളം മുള്‍മുനയില്‍ നിര്‍ത്തി.  

സ്വാഭാവികഭരണമാറ്റം എന്നൊരു സാധ്യത ഇത്തവണ കേരളത്തില്‍ പ്രതീക്ഷിക്കേണ്ടെന്നു തിരിച്ചറിഞ്ഞു തന്നെ പ്രതിപക്ഷം പണിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാകുമ്പോഴും ഇപ്പോള്‍ പ്രകടമായ ഐക്യം നിലനില്‍ക്കണേ എന്നാണ് അണികള്‍ പ്രാഥമികമായി ആഗ്രഹിക്കുന്നത്. മറുവശത്ത് ഇടതുമുന്നണിയില്‍ ചിട്ടയായ സംഘടനാപ്രവര്‍ത്തനങ്ങളും സുഗമമായ സ്ഥാനാര്‍ഥി നിര്‍ണയവും ഉറപ്പായിരിക്കേ ആ ഘട്ടം പ്രതിപക്ഷം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് നിര്‍ണായകമാകും. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കൊണ്ടു മാത്രം കാര്യമില്ലെന്നും പ്രതിപക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനകീയ പ്രകടനപത്രികയും ജനകീയ സ്ഥാനാര്‍ഥികളും ഉറപ്പെന്ന വാഗ്ദാനം അങ്ങനെയുണ്ടാകുന്നതാണ്.  

അഞ്ചേമുക്കാല്‍ ലക്ഷം പുതിയ വോട്ടര്‍മാരടക്കം രണ്ടു കോടി അറുപത്തിയേഴു ലക്ഷത്തിലേറെയാണ് ഇത്തവണ അന്തിമ വോട്ടര്‍പട്ടികയിലുള്ളത്. ഇതില്‍ മൂന്നു ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്. യു.ഡി.എഫില്‍ പ്രത്യേകിച്ച് മുസ്‍ലിംലീഗിന് ഈ തിരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്. ലീഗിന്റെ അപ്രമാദിത്വം ചൂണ്ടിക്കാട്ടി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാന്‍ ഇടതുമുന്നണി തുടക്കം മുതലേ ശ്രമിക്കുന്നത് യു.ഡി.എഫില്‍ സങ്കീര്‍ണമായ ഒരു സാഹചര്യമുണ്ടാക്കുന്നു.  

മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിവു വന്ന സാഹചര്യത്തില്‍ ലീഗിന് കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ അത് പ്രചാരണവിഷയമാകാതെ ശ്രദ്ധിക്കണം. ഒപ്പം സ്വന്തം അടിത്തറ ഭദ്രമാണെന്നും അപ്രമാദിത്വം ജനാധിപത്യപരമായി തന്നെ നേടിയെടുക്കുന്നതാണെന്നും തെളിയിക്കണം. സമുദായത്തികത്തു നിന്നും സമുദായത്തിന്റെ പേരിലും നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഉത്തരമാകണം. മുന്നാക്കസംവരണത്തിനെതിരെ ഉന്നയിച്ച പ്രതിഷേധം പരമ്പരാഗത യു.ഡി.എഫ് വോട്ടുബാങ്കുകളെ ബാധിക്കാതെ ശ്രദ്ധിക്കണം.  

പെട്ടെന്ന് മുസ്‍ലിംലീഗിന്റെ സാന്നിധ്യം തന്നെ പ്രശ്നവല്‍ക്കരിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായിരിക്കുന്നു. മുസ്‍ലിംലീഗിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവുമടക്കമുള്ള ആരോപണങ്ങള്‍ നേരത്തെയും അതിശക്തമായി ഉയര്‍ന്നിട്ടുണ്ട്. സുപ്രധാനവകുപ്പുകള്‍ കുത്തകാധികാരം പോലെ കൈവശം വച്ച് കൈയാളുന്നതിനെതിരെയും യു.ഡി.എഫിനകത്തു പോലും മുറുമുറുപ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ മുസ്‍ലിംലീഗ് എന്ന പേരു പോലും, പാര്‍ട്ടിയുടെ അസ്തിത്വവും സാന്നിധ്യവും പോലും ചോദ്യം ചെയ്യപ്പെടുന്നത് ഈ തിര‍ഞ്ഞെടുപ്പിലാണ് ഇത്ര വ്യക്തമായി വേറിട്ടു കേള്‍ക്കുന്നത്. അതിനിടയിലും എം.എല്‍.എ സ്ഥാനം  രാജിവച്ച് എം.പിയായ കുഞ്ഞാലിക്കുട്ടി വീണ്ടും രാജിവച്ച് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയതൊന്നും ആകെയുള്ള ഓളനത്തിനിടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കില്ലെന്നൊരു പ്രതീക്ഷയുമുണ്ട് ലീഗിന്. കേരളത്തിലും വോട്ടുബാങ്ക് എന്നാല്‍ ഭൂരിപക്ഷവോട്ടുബാങ്കു തന്നെയാണ് പ്രധാനമെന്ന നിലയിലേക്ക് പ്രചാരണതന്ത്രങ്ങള്‍ കേന്ദ്രീകരിക്കുന്നതും ഈ തിരഞ്ഞെടുപ്പിലാണ്. അത് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ എങ്ങനെ മുന്നോട്ടു പോകും എന്നത്  തിരഞ്ഞെടുപ്പിനു ശേഷം കേരളം എങ്ങനെയായിരിക്കും എന്നു കൂടി തീരുമാനിക്കും. ന്യൂനപക്ഷവര്‍ഗീയതയില്‍ കേന്ദ്രീകരിച്ച് രംഗത്തെത്തിയ ഇടതുമുന്നണിക്ക് തിരിച്ചടി തിരിച്ചറിയാനായി എന്നുവേണം അവസാനപ്രതികരണങ്ങളില്‍ നിന്നു മനസിലാക്കാന്‍. എന്നാല്‍ ശബരിമല നേട്ടമാകും എന്ന പ്രതീക്ഷയില്‍ അതില്‍ തന്നെ ഊന്നുകയാണ് കോണ്‍ഗ്രസും പ്രതിപക്ഷവും 

വികസനനേട്ടങ്ങളും പൊതുരാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന പതിവിനപ്പുറം ഭൂരിപക്ഷ–ന്യൂനപക്ഷ വേര്‍തിരിവില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ട് മുന്നണികള്‍ മറയില്ലാതെ രംഗത്തുവരുന്നത് കേരളം ആദ്യമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ ബി.ജെ.പിയുടെ പ്രചാരണതന്ത്രങ്ങളും ഒന്നു പതറുന്നു. ബി.െജ.പി.  പോലും കേരളത്തില്‍ പറയാന്‍ മടിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ ഇരുമുന്നണികളും മടിച്ചു നില്‍ക്കാതെ പ്രയോഗത്തിലാക്കുന്നു. കൂടുതല്‍ കടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴും പാര്‍ട്ടിയിലെ പടലപ്പിണക്കം മറികടക്കുന്നതില്‍ തുടങ്ങുന്നു ബി.െജ.പിയുടെ വെല്ലുവിളി. 

മൂന്നാം മുന്നണിയെന്നു പറയുമ്പോഴും എന്‍.ഡി.എ കേരളത്തില്‍ നില്‍ക്കുന്നത് ബി.ജെ.പിയുടെ മാത്രം ബലത്തിലാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. പക്ഷേ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ നേട്ടത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. 

ബി.ജെ.പി പരോക്ഷമായി ഉപയോഗിക്കാന്‍ കരുതി വച്ച ന്യൂനപക്ഷ  തീവ്രവാദപ്രശ്നം ഇടതുമുന്നണി ആദ്യമേ എടുത്തിട്ടു. ശബരിമലയില്‍ യു.ഡി.എഫ് കരട് ബില്ലു വരെ തയാറാക്കി അവതരിപ്പിച്ചു കളഞ്ഞു. നിലമുറപ്പിക്കാന്‍ രാഷ്ട്രീയവിഷയങ്ങള്‍ പോലും സ്വന്തമായില്ലാത്ത അവസ്ഥയിലാണ് ബി.െജ.പി. പക്ഷേ നേമത്തെ വിജയവും ഏഴുമണ്ഡലങ്ങളിലെ രണ്ടാം സ്ഥാനത്തേക്കുള്ള മുന്നേറ്റവും അടിത്തറയാക്കി മുന്നോട്ടു പോകാന്‍ തീവ്രപരിശ്രമത്തിലാണ് ബി.ജെ.പി. സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിനെതിരെ തുടക്കത്തില്‍ കാണിച്ച ആവേശം കേന്ദ്രഏജന്‍സികള്‍ക്കു മാത്രമല്ല ബി.ജെ.പിക്കുമില്ല എന്ന വിമര്‍ശനം നേരിടാന്‍ ഇത്തിരി പ്രയാസമുണ്ട്. ഇ.ശ്രീധരന്‍, ജേക്കബ് തോമസ് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരുടെ പാര്‍ട്ടി പ്രവേശത്തില്‍ പ്രതീക്ഷയുണ്ട്. ബി.െജ.പി. 90ലധികം സീറ്റുകളില്‍ മല്‍സരിക്കും. 37 സീറ്റ് വരെ ബി.ഡി.ജെ.എസിനു കിട്ടിയേക്കും. ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളില്‍ ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞത് അപ്രതീക്ഷിത ഫലമുണ്ടാക്കുമെന്ന് ബി.െജ.പി. വിശ്വസിക്കുന്നു. 

ചുരുക്കത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ഒന്നും പരീക്ഷിക്കപ്പെടാതെ പോകില്ലെന്നുറപ്പ്. സാധ്യമായ എല്ലാ തന്ത്രവും പ്രയോഗിക്കപ്പെടും. ഈ തിരഞ്ഞെടുപ്പ്  ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ബി.ജെ.പിക്കും ജയിച്ചേ പറ്റൂ. എല്ലാ ആയുധങ്ങളും ഉപയോഗിക്കപ്പെടുമെന്നുറപ്പുള്ള തിരഞ്ഞെടുപ്പില്‍ സ്വന്തം ആത്മാവിനു പരുക്കേല്‍ക്കാതെ ജനാധിപത്യമാതൃകയാകാന്‍ കഴിയുമോയെന്ന വന്‍വെല്ലുവിളിയാണ് കേരളം നേരിടാന്‍ പോകുന്നത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...