ട്രോളര്‍ കരാര്‍: ആലോചിച്ചിട്ടേ ഇല്ലാത്ത പദ്ധതി എങ്ങനെ അഭിമാനനേട്ടമായി?

pv
SHARE

കേരളത്തിന്റെ മല്‍സ്യബന്ധനമേഖലയെ അടിമുടി സ്വാധീനിക്കുന്ന ഒരു നയം ആരുമറിയാതെ നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചോ? യു.എസ്.കമ്പനിയുമായി 5000 കോടിയുടെ കരാറിലൂടെ വന്‍ അഴിമതിക്കു നീക്കമെന്ന  പ്രതിപക്ഷനേതാവിന്റെ ആരോപണം അവഗണിക്കേണ്ടതാണോ? സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ഉത്തരങ്ങളില്‍ അവ്യക്തതയും ആശയക്കുഴപ്പവും ദൗര്‍ബല്യവുമാണ് മുന്നിട്ടു നില്‍ക്കുന്നത്. പ്രതിപക്ഷനേതാവിനെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല, കേരളത്തിനു മുന്നില്‍ നയവും നിലപാടും വസ്തുതാപരമായി അവതരിപ്പിക്കുകയാണ് മന്ത്രിമാരും സര്‍ക്കാരും ചെയ്യേണ്ടത്.

ആഴക്കടല്‍ മീന്‍പിടിത്തത്തിന് യു.എസ്.കമ്പനിയുമായി 5000 കോടിയുടെ കരാറുണ്ടാക്കിയതില്‍ തിരിമറിയെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. എന്നാല്‍ ഫിഷറീസ് വകുപ്പിന്റെ പരിഗണനയില്‍ ഇതുവരെ വരാത്ത വിഷയത്തെപ്പറ്റി ഇങ്ങനെയൊരു ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവിന്റെ മനോനില പരിശോധിക്കണമെന്നായിരുന്നു ഫിഷറീസ് മന്ത്രി ജെ.മെഴ്‍സിക്കുട്ടിയമ്മയുടെ മറുപടി. 

എന്നാല്‍ പദ്ധതി നടപ്പാക്കാനായി വ്യവസായമന്ത്രി ഇ.പി.ജയരാജന് നല്‍കിയ കത്തില്‍ ജെ.മെഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് പറയുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. പ്രതിപക്ഷനേതാവ് എന്തൊക്കെയോ വിളിച്ചു പറയുകയാണെന്ന് മന്ത്രി. ഇ.പി.ജയരാജന്‍ പ്രതികരിച്ചു. 

വിദേശസന്ദര്‍ശനത്തിനിടെ പലരും വരികയും ചര്‍ച്ചയ്ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുമെന്ന് വിശദീകരിച്ച മന്ത്രി ഈ കമ്പനിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ടാകാമെന്നും വിശദീകരണം ആവര്‍ത്തിച്ചു. 

എന്നാല്‍ മന്ത്രി തന്നെ കമ്പനി മേധാവികളുമായി, ഉദ്യോഗസ്ഥര്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ പ്രതിപക്ഷനേതാവ് പുറത്തുവിട്ടിരിക്കുന്നു. തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിട്ടുണ്ടാകാമെന്നും ഉള്ളടക്കം ഓര്‍ക്കുന്നില്ലെന്നും മന്ത്രി മയപ്പെടുത്തി. എന്നാല്‍, ഇതാകെ ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ ഗൂഢാലോചനയാണെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പറയുന്നു. പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായി കൃത്യമായ മറുപടി നല്‍കിയാല്‍ തീര്‍ക്കാവുന്ന ഒരു വിവാദത്തില്‍ മന്ത്രിമാരിങ്ങനെ മാറിയും മറിഞ്ഞും വിശദീകരിക്കേണ്ട കാര്യമെന്താണ്?

ഇതോടെ തിരുവനന്തപുരത്ത് ഇ.എം.സി.സി കമ്പനി അധികൃതരെ കണ്ടിട്ടുണ്ടെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. പക്ഷേ എന്തിനുവേണ്ടിയുള്ള കൂടിക്കാഴ്ചയായിരുന്നു എന്നോര്‍ക്കുന്നില്ല. എന്നാല്‍ ഒരു പടി കൂടി കടന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനായി 400 ആധുനിക യാനങ്ങള്‍ നിര്‍മിക്കാന്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി 2950 കോടിയുടെ കരാര്‍ ഒപ്പു വച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ഇത് വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനമല്ലാത്തതിനാല്‍ അറിയില്ല എന്നു വ്യവസായമന്ത്രി പറഞ്ഞാല്‍ തെറ്റില്ല. പക്ഷേ അങ്ങനെയൊരു കരാറും ഉണ്ടായിട്ടില്ലെന്ന് വിവാദം പൊട്ടിപ്പുറപ്പെട്ട് 24 മണിക്കൂറിനു ശേഷവും മന്ത്രി ആവര്‍ത്തിക്കുന്നതാണ് പ്രശ്നം

അപ്പോള്‍ പ്രതിപക്ഷനേതാവിന്റെ മനോനില പരിശോധിച്ചു പരിശോധിച്ച് ഇപ്പോള്‍ കേരളത്തിനു മുന്നിലുള്ളത് ഇത്രയും വിവരങ്ങളാണ്. മന്ത്രി തന്നെ നേരിട്ട് EMCC കമ്പനിയുമായി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. തുടര്‍ന്ന് KSINCയുമായി 2950 കോടിയുടെ യാനങ്ങള്‍ നിര്‍മിക്കാന്‍ EMCC ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ വിവരം അറിയിച്ചു കൊണ്ട് പി.ആര്‍.ഡി വഴി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെറും യാനനിര്‍മാണമല്ല, മല്‍സ്യബന്ധനമേഖലയിലെ വന്‍മാറ്റത്തിനുള്ള പദ്ധതിയെന്ന് വിശദീകരിക്കുന്നുമുണ്ട്. അപ്പോള്‍ മന്ത്രിമാര്‍  ഒന്നും അറിഞ്ഞില്ലെന്നു പറയുന്നതെങ്ങനെയാണ്?

മന്ത്രിയുടെ ചോദ്യം ഒരു പരിധി വരെ പ്രസക്തമാണ്. നയംമാറ്റമുണ്ടായെങ്കിലല്ലേ സര്‍ക്കാര്‍ മറുപടി പറയേണ്ട ആവശ്യമുള്ളൂ. അങ്ങനെയൊന്നും ഒരു സംഭവമേയില്ലെന്ന് പറയുന്ന മന്ത്രി ജയരാജനും ചോദിക്കുന്നത് ഇതു തന്നെ. സര്‍ക്കാര്‍ തീരുമാനമെടുത്തില്ലല്ലോ?

എന്നാല്‍, ഫെബ്രുവരി 2ന് പി.ആര്‍.ഡി. വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ തന്നെ അവകാശപ്പെടുന്നത് ഇങ്ങനെയാണ്. കേരളത്തിലെ മല്‍സ്യബന്ധനമേഖലയില്‍ വന്‍കുതിച്ചു ചാട്ടത്തിനുതകുന്ന പദ്ധതിക്കായാണ് KSINC ധാരണാപത്രം ഒപ്പു വച്ചിരിക്കുന്നത് എന്നാണ്. ഏതെല്ലാം രീതിയിലാണ് പദ്ധതി നടപ്പാകുകയെന്നും സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. 2020ല്‍ നടന്ന അസന്‍ഡ് കേരളയില്‍ സര്‍ക്കാരുമായി ഈ കമ്പനി ഏര്‍പ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിയെന്ന് വ്യക്തമാക്കുന്നു. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിര്‍മാണം, തുറമുഖവികസനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പദ്ധതിയില്‍ നിര്‍മിക്കുന്ന ട്രോളറുകള്‍ നിലവിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. ഈ ട്രോളറുകള്‍ക്ക് അടുക്കാന്‍ നിലവിലുള്ളതിനൊപ്പം പുതിയ ഹാര്‍ബറുകളും KSINC വികസിപ്പിക്കും. ശേഖരിക്കുന്ന മല്‍സ്യങ്ങള്‍ സംസ്കരിക്കാന്‍ കേരളത്തില്‍ EMCC യൂണിറ്റുകള്‍ തുറക്കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് അടക്കം 25000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിലുള്ള KSINCയുടെ പി.ആര്‍.ഡി. വാര്‍ത്താക്കുറിപ്പ് പറയുന്നു. 

ഒരു സര്‍ക്കാര്‍വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ അഭിമാനത്തോടെ അവതരിപ്പിച്ച പദ്ധതിയാണ് ആരറിഞ്ഞു, ആരു പറഞ്ഞു എന്ന് ഇപ്പോള്‍ മന്ത്രിമാര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലാത്ത, ആലോചിച്ചിട്ടു പോലുമില്ലാത്ത ഒരു പദ്ധതിയെങ്ങനെയാണ് സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ അഭിമാനനേട്ടമായി അവതരിപ്പിക്കപ്പെട്ടത്? വ്യവസായമന്ത്രിക്കു നല്‍കിയ ഔദ്യോഗിക അപേക്ഷയില്‍ ഒരു കമ്പനിയെങ്ങനെയാണ് ഫിഷറീസ് വകുപ്പിന്റെ അറിവോടെ എന്നു കള്ളം പറയുന്നത്?

KSINC വാര്‍ത്താക്കുറിപ്പിനെക്കുറിച്ച് ചോദിച്ചോള്‍ എങ്ങനെയാണ് അവര്‍ക്ക് ഇങ്ങനെ നാനൂറ് ബോട്ടുണ്ടാക്കാന്‍ കരാര്‍ വയ്ക്കാനാകുക എന്നാണ് ഫിഷറീസ് മന്ത്രി ഒരു ചര്‍ച്ചയില്‍ ചോദിച്ചത്. KSINCയ്ക്ക് ബോട്ടുണ്ടാക്കാന്‍ ഫാക്റ്ററിയുണ്ടോ? ആ എം.ഡിക്ക് അങ്ങനെയൊരു ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്തെങ്കില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും മന്ത്രി പറ‍ഞ്ഞിരുന്നു. ഏത് എം.ഒ.യു ഒപ്പിട്ടാലും നടപടിക്രമങ്ങള്‍ വരുന്നത് കരാര്‍ ഒപ്പിടുമ്പോഴാണ്. കേരളാസര്‍ക്കാരിന്റെ ഫിഷറീസ് നയമനുസരിച്ച് അങ്ങനെ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് വിദേശകമ്പനികളെ അനുവദിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു.  പക്ഷേ വ്യവസായമന്ത്രിക്ക് കമ്പനി നല്‍കിയിരിക്കുന്ന കത്തില്‍ 5000 കോടിയുടെ വിശദമായ കണ്‍സെപ്റ്റ് നോട്ട് ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്നുവെന്നു വ്യക്തമാക്കിയിട്ടുണ്ട്. 

പദ്ധതി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്, ചര്‍ച്ചയും നടന്നിട്ടുണ്ട്.  പക്ഷേ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല എന്നു പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമാണ്. പക്ഷേ അറിഞ്ഞില്ല, കണ്ടില്ല, എവിടെ നിന്നു വന്നു എന്നൊക്കെ ചോദിക്കുമ്പോഴാണ് മറുചോദ്യങ്ങള്‍ ഉയരുന്നത്. മല്‍സ്യബന്ധനമേഖലയിലും നവീകരണം ആവശ്യമാണെന്ന് സി.പി.എം ആക്റ്റിങ് സെക്രട്ടറി വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്.  അതു വേണ്ട എന്നാര്‍ക്കും പറയാനാകില്ല. പക്ഷേ അത്തരത്തില്‍ ഒരു സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ സുതാര്യവും സമഗ്രവുമായ നടപടികള്‍ ആവശ്യമാണ്. മല്‍സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്തും മതിയായ പഠനങ്ങള്‍ നടത്തിയും മാത്രം നടക്കേണ്ടതാണത്. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും മുന്നോട്ടു വന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ തന്നെ കേരളത്തിന്റെ തീരദേശമേഖലയ്ക്ക് അംഗീകരിക്കാനാകുന്നതാണോ എന്നതാണ് പ്രശ്നം.

ട്രോളറുകള്‍ നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ടെന്നത് സര്കകാര്‍ തന്നെ അംഗീകരിച്ച വസ്തുതയാണ്. വര്‍ക്ക് ഓര്‍ഡറായിട്ടില്ലെന്ന് ഇപ്പോള്‍ ന്യായീകരിച്ചാലും വന്‍നിക്ഷേപം വന്നത് സര്‍ക്കാര്‍ ആഘോഷിച്ചതാണ്. അപ്പോള്‍ ഈ ട്രോളറുകള്‍ എവിടേയ്ക്ക് എന്താവശ്യത്തിനാണ്? സര്‍ക്കാര്‍ ധാരണ അംഗീകരിക്കും മുന്നേ വ്യവസായ പാര്‍ക്കില്‍ ഭൂമിയും മൂവായിരം കോടിയുടെ മുതല്മുടക്കിനുമൊക്കെ കമ്പനിക്കു കഴിയുന്നതെങ്ങനെയാണ്? സമഗ്രമാറ്റമാണ് ലക്ഷ്യമെങ്കില്‍ സുതാര്യമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതെന്തുകൊണ്ടാണ് ? ആഴക്കടലില്‍ ഇപ്പോള്‍ തന്നെ അമിത ചൂഷണമാണ് നടക്കുന്നതെന്ന് പല പഠനറിപ്പോര്‍ട്ടുകളും പുറത്തു വന്നതാണ്. താങ്ങാവുന്നതിന്റെ മൂന്നിരട്ടി യാനങ്ങള്‍ ആഴക്കടലിലുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. അതിനിടെ 400 ട്രോളര്‍ നിര്‍മിക്കാന്‍ 5000 കോടിയുടെ പദ്ധതി മുന്നോട്ടു വച്ച കമ്പനിയുമായി സര്‍ക്കാര്‍ ധാരണയിലെത്തിയതെങ്ങനെയാണ്? പരിസ്ഥിതി, –സാമൂഹ്യ, സാമ്പത്തിക ആഘാത പഠനങ്ങള്‍ നടത്താതെ ഏറ്റവും നിര്‍ണായകമായ യാനനിര്‍മാണത്തിലേക്ക് കമ്പനി കടന്നത് ആരുടെ ധൈര്യത്തിലാണ്?

ഇതൊക്കെ വസ്തുതാപരമായി മറുപടി വേണ്ട ചോദ്യങ്ങളാണ്. സ്പ്രിന്‍ക്ളര്‍ കരാര്‍ പ്രതിപക്ഷനേതാവ് പ്രശ്നമായി ഉയര്‍ത്തിയപ്പോള്‍ അപഹസിച്ചവരുണ്ട്. പക്ഷേ പിന്നീട് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നത് നമ്മള്‍ കണ്ടതാണ്. താല്‍പര്യപത്രം ക്ഷണിക്കുകയോ ആഗോള ടെന്‍ഡര്‍ വിളിക്കുകയോ ചെയ്യാതെ എങ്ങനെയാണ് ഒരു കമ്പനിക്കു മാത്രമായി ഇത്ര സുപ്രധാന പദ്ധതിയുമായി മുന്നോട്ടു പോകാനായത്? കേരളം മറുപടി അര്‍ഹിക്കുന്നു. 5000 കോടിയുടെ പദ്ധതിയുടെ കണ്‍സപ്റ്റ് നോട്ട് ഫിഷറീസ് പ്രിന്‍സിപ്പല്‍ െസക്രട്ടറിക്കു കൊടുത്തുവെന്നാണ്.  

തിരുവനന്തപുരത്ത് വച്ച് EMCC പ്രതിനിധികളെ കണ്ട് ചര്‍ച്ച നടത്തിയ ചിത്രങ്ങള്‍ പ്രതിപക്ഷനേതാവ് പുറത്തു വിട്ടു. 2018ല്‍ നടത്തിയ ചര്ച്ചയുടെ അടിസ്ഥാനത്തിലല്ലേ 2019ല്‍ നയം മാറ്റിയത്? സി.പി.എമ്മിന്റെ അടക്കം പ്രഖ്യാപിത നയത്തില്‍ നിന്നുള്ള മാറ്റമല്ലേ? അസറ്റ് കേരളയില്‍ വച്ച് ഇവരുമായി 5000 കോടിയുടെ ധാരണാപത്രം ഒപ്പുവച്ചോ? മെഗാഫുഡ് പാര്‍ക്കില്‍ നാലേക്കര്‍ അനുവദിച്ചത് പദ്ധതിയുടെ ഭാഗമായാണോ? ആണെങ്കില്‍ കരാര്‍ പുറത്തുവിടണം. കാബിനറ്റ് അനുവാദത്തിനായി ഫയല്‍ നീങ്ങിയെന്നും പ്രതിപക്ഷനേതാവ് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ കടുംവെട്ടിന്റെ കൂട്ടത്തില്‍ ഇതും നടപ്പാകുമായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിക്കുന്നു. മല്‍സ്യബന്ധനമേഖലയെ ആകെ മാറ്റിമറിക്കുന്ന ഒരു നയം വരുന്നു. സുതാര്യതയില്ല. മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തെ അടിമുടി ബാധിക്കുന്ന നയംമാറ്റം. അതില്‍ അവ്യക്തമായ, സുതാര്യതയില്ലാത്ത നടപടികള്‍ പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയുകയല്ല മന്ത്രിമാര്‍ ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...