കൃത്രിമ തെളിവുകൾ തെളിഞ്ഞിട്ടും ഞെട്ടാത്തതെന്ത്?; ഭീമ–കോറേഗാവ് നൽകുന്ന മുന്നറിയിപ്പ്

parayathevayya
SHARE

എല്ലാവര്‍ക്കും അറിയാവുന്ന ചില ഗൂഢാലോചനകളുണ്ട്. പക്ഷേ തെളിവുകള്‍ ഹാജരാണെന്നതുകൊണ്ട് പൊതുസമൂഹം നിസഹായരാകും, അല്ലെങ്കില്‍ നിസഹായത ഭാവിക്കും. ആശയങ്ങളുടെ പേരില്‍ ഭരണകൂടം അനീതിയുടെ തടങ്കലിലാക്കുമ്പോഴും തെളിവുകളെ പേടിച്ച് നമ്മള്‍ നിശബ്ദരായിരിക്കും. അല്ലെങ്കില്‍  ആ തെളിവുകള്‍ നിസഹായരായിരിക്കാനും നിശബ്ദരായിരിക്കാനും നമുക്കൊരു സൗകര്യമാകും. ഭീമ കോറോഗാവ് കേസില്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ആ നിശബ്ദതയ്ക്കു മുകളിലേല്‍ക്കുന്ന കനത്ത പ്രഹരമാണ്. ഭരണകൂടം എവിടെ വരെ പോകുമെന്ന് കൃത്യമായി അറിയാമെങ്കിലും ഭരണകൂടഏജന്‍സികളുടെ കണ്ടെത്തല്‍ വിശ്വസിച്ച് നിശബ്ദത പാലിക്കുന്ന നിര്‍മമതയ്ക്കേല്‍ക്കുന്ന, അടിമുടി ഉലയ്ക്കുന്ന പ്രഹരം. 

മഹാരാഷ്ട്രയിലെ ഭീമ–കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ പൊതുപ്രവര്‍ത്തകര്‍ക്കും ചിന്തകര്‍ക്കുമെതിരെ കണ്ടെത്തിയ പ്രധാന തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന റിപ്പോര്‍ട്ട് വാഷിങ്ടണ്‍ പോസ്റ്റ് ആണ്  പ്രസിദ്ധീകരിച്ചത്. അറസ്റ്റിലായവരുടെ ലാപ്ടോപില്‍ മാല്‍വെയര്‍ ഉപയോഗിച്ചു നുഴഞ്ഞു കയറിയാണ് ഇവ സ്ഥാപിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. യു.എസിലെ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആര്‍സനല്‍ കണ്‍സല്‍ട്ടിങ് ആണ് ഫൊറന്‍സിക് പരിശോധന നടത്തിയത്. പൊതുപ്രവര്‍ത്തകനും മലയാളിയുമായ റോണ വില്‍സന്റെ ലാപ്ടോപില്‍ കടന്നു കയറി, പത്തു കത്തുകളെങ്കിലും ഹാക്കര്‍മാര്‍ സ്ഥാപിച്ചെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ പുണെ പൊലീസ് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ പ്രാഥമിക തെളിവുകളായി സമര്‍പ്പിച്ചിരിക്കുന്നത് ഈ ഇ–മെയിലുകളാണ്. 

ആരാണ് സൈബര്‍ ആക്രമണം നടത്തിയെന്നോ, ആര്‍ക്കു വേണ്ടിയാണിതു ചെയ്തതെന്നോ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഡിജിറ്റല്‍ ഫൊറന്‍സികാണ്. ആ ചോദ്യത്തിനൊരുത്തരമുണ്ടാകും. ഡിജിറ്റല്‍ തെളിവുണ്ടാകും. പക്ഷേ ആരാണ് ഈ ചോദ്യത്തിനുത്തരം വേണമെന്ന് നിര്‍ബന്ധം പിടിക്കുക? 

സാമാന്യനീതിക്കു വേണ്ടി സംസാരിച്ചാല്‍, ചോദ്യങ്ങളുയര്‍ത്തിയാല്‍ അറസ്റ്റില്‍ കഴിയുന്നവരുടെ പിന്തുടര്‍ച്ചക്കാരാകുമെന്ന ഭീതി ബോധപൂര്‍വം സൃഷ്ടിച്ചു നിര്‍ത്തുന്നതെന്തിനാണ്?

2018 ഏപ്രില്‍ 17നാണ് പുണെ പൊലീസ് മനുഷ്യാവകാശപ്രവര്‍ത്തകനായ റോണ വില്‍സന്റെ ഡല്‍ഹി വസതിയില്‍ റെയ്ഡ് നടത്തിയത്. വില്‍സന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും സര‍്ക്കാരിനെ അട്ടിമറിക്കാനുമുള്ള മാവോയിസ്റ്റ് പദ്ധതി വെളിപ്പെടുത്തുന്ന ഒരു കത്ത് കണ്ടെടുത്തുവെന്ന് പൊലീസ് അവകാശപ്പെട്ടു. തോക്കുകളും മറ്റ് ആയുധങ്ങളും വേണമെന്ന് ഒരു മാവോയിസ്റ്റിനോട് ആവശ്യപ്പെടുന്ന ഇ–മെയില്‍ ഇക്കൂട്ടത്തില്‍ ഹാജരാക്കി. എന്നാല്‍ ഈ കത്തുകളെല്ലാം മാല്‍വെയര്‍ ഉപയോഗിച്ച് വില്‍സന്റെ ലാപ്ടോപില്‍ കൃത്രിമമായി പ്ലാന്റ് ചെയ്തതാണെന്നാണ് ഇപ്പോള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. 

ഭീമ കോറേഗാവ്  കേസിലെ തെളിവുകള്‍ കൃത്രിമമെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചയാകുന്നു പോലുമില്ല. അല്ലെങ്കില്‍ ഇത്ര ഗുരുതരമായ ഒരു കണ്ടെത്തലില്‍ രാജ്യം ഞെട്ടുന്നില്ല, നടുങ്ങുന്നില്ല. അപലപിക്കുന്നില്ല. കാരണം ഒന്നേയുള്ളൂ. സത്യത്തില്‍ ഈ കണ്ടെത്തല്‍ നമുക്ക് അല്‍ഭുതം സൃഷ്ടിക്കുന്നില്ല. നമുക്കറിയാമായിരുന്നു, അല്ലെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ അറിയുന്നുണ്ട്.  എന്താണ് സംഭവിച്ചതെന്നറിയണമെന്ന് ആവശ്യപ്പെടാന്‍ പക്ഷേ നമ്മള്‍ തയാറല്ല, അഥവാ അവഗണിക്കാനാകാത്ത ഒരാവശ്യമായി അതുയര്‍ത്താന്‍ നമുക്ക് കഴിയുമെന്ന് നമുക്കുറപ്പില്ല. അപരാധമാണിത്. 

2017 ഡ‍ിസംബറില്‍ എല്‍ഗാര്‍ പരിഷത് പുണെ സമ്മേളനത്തില്‍ നേതാക്കള്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിനെത്തുടര്‍ന്ന് പിറ്റേ ദിവസം ഭീമ കോറേഗാവില്‍ സംഘര്‍ഷമുണ്ടായെന്നാണ് കേസ്. 2018 നവംബറില്‍ ആദ്യകുറ്റപത്രം. 2020ല്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തു. വില്‍സനെതിരായ കേസുകള്‍ തള്ളണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലൂടെയാണ് ഈ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. 

റോണ വില്‍സന്റെ അഭിഭാഷകരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ലാപ്ടോപിന്റെ ഇലക്ട്രോണിക് കോപ്പി ആര്‍സനല്‍ കണ്‍സല്‍ട്ടിങ് പരിശോധിച്ചത്. 2016 ജൂണില്‍ തെലുങ്കു കവിയും കേസിലെ കൂട്ടുപ്രതിയുമായ വരവരറാവുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് അയച്ച സന്ദേശങ്ങളിലൂടെയാണ് മാല്‍വെയര്‍ വില്‍സന്റെ ലാപ്ടോപിലെത്തിയതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. 22 മാസത്തോളം ലാപ്ടോപ് മാല്‍വെയറിന്റെ നിയന്ത്രണത്തിലായിരുന്നു. രാജീവ് ഗാന്ധി വധിക്കപ്പെട്ടതു പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുക, സായുധപോരിന് തയാറാകാന്‍ ആയുധങ്ങള്‍ ശേഖരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പത്തോളം ഇ–മെയിലുകള്‍ ഈ ലാപ്ടോപില്‍ നിന്ന് കണ്ടെത്തിയതെല്ലാം മാല്‍വെയറിന്റെ സൃഷ്ടിയാണെന്ന് ആര്‍സനല്‍ അവകാശപ്പെടുന്നു. വില്‍സന്റെയും അറസ്റ്റിലായ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‍ലിങിന്റെയും ലാപ്ടോപ്പില്‍ നിന്നു പൊലീസ് കണ്ടെത്തിയ 13 രേഖകളാണ് കേസിലെ ഗൂഢാലോചനയ്ക്കുള്ള തെളിവ്. ഈ ഈ–മെയില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വരവരറാവു, സുധ ഭരദ്വാജ്, ഫാ.സ്റ്റാന്‍ സ്വാമി, ഹാനി ബാബു തുടങ്ങിയവരെയും കേസില്‍ അറസ്റ്റു ചെയ്തത്. 

സ്വകാര്യവിദേശ ഏജന്‍സി നടത്തിയ ഫൊറന്‍സിക് പരിശോധനയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്നതെങ്ങനെ എന്ന് സംശയമുന്നയിക്കുന്നവരുണ്ട്. പൂര്‍ണമായും വിശ്വസിക്കേണ്ട,  പക്ഷേ ഇത്ര ഗുരുതരമായ കണ്ടെത്തലിനു ശേഷവും സംശയിക്കാന്‍ പോലും തയാറല്ല എന്നാണ് നിലപാടെങ്കില്‍ അതിലെന്തോ പ്രശ്നമുണ്ട്. അലോസരപ്പെടുത്തുന്ന സത്യങ്ങള്‍ അറിയേണ്ട എന്നു തീരുമാനിക്കുന്ന ഭയം എവിടെ നിന്ന് സൃഷ്ടിക്കപ്പെടുന്നു എന്ന് കണ്ടെത്തിയേ പറ്റൂ. 

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയാശയങ്ങളില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് യോജിക്കാനാകാത്ത ഒട്ടേറെ കാരണങ്ങളുണ്ട്. പക്ഷേ അതൊന്നും അവരെ ഭരണകൂടം കൈകാര്യം ചെയ്യുന്ന അനീതിയില്‍ മിണ്ടാതിരിക്കാനുള്ള കാരണമാകരുത്. ഇത് ഭീമ കോറേഗാവ് കേസില്‍ അകപ്പെട്ടവരുടെ മാത്രം പ്രശ്നവുമല്ല. മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരിനു കീഴിലുള്ള പൊലീസാണ് ഈ കേസിലെ പ്രാഥമികനടപടികള്‍ തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടതിനു പിന്നാലെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. തെളിവുകളുടെ സുതാര്യതയില്‍ പല തവണ സംശയം ഉയര്‍ന്നതാണ്. മുന്‍പ് കാരവന്‍ മാഗസിന്‍ മുന്‍കൈയെടുത്തു നടത്തിയ ഫൊറന്‍സിക് പരിശോധനയിലും തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നു കണ്ടെത്തിയിരുന്നു. വിദൂരനിയന്ത്രണം സാധ്യമാക്കുന്ന മാല്‍വെയറിന്റെ സാന്നിധ്യമാണ് 2020ല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത്ര വിശദവും സൂക്ഷ്മവുമായ ഒരു ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നത് ആര്‍സനലാണ്. കൃത്രിമ തെളിവുകളുമായി ബന്ധപ്പെട്ട് ആര്‍സനല്‍ കണ്‍സള്‍ട്ടിങ് ഇന്നോളം ഇടപെട്ടതില്‍ ഏറ്റവും ഗൗരവമുള്ള കേസാണിതെന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ബൃഹത്തായ ഇലക്ട്രോണിക് ഡേറ്റ പരിശോധിക്കാന്‍ മുന്നൂറിലേറെ മണിക്കൂര്‍ വേണ്ടി വന്നു. 22 മാസങ്ങള്‍ നീണ്ട സംഘടിതവും ദൂരുഹവുമായ സൈബര്‍ ആക്രമണത്തിലൂടെയാണ് മനുഷ്യാവകാശപ്രവര്‍ത്തകരെ കുരുക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എന്‍.ഐ.എ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയില്ലെന്നാണ് NIA വക്താവ് വാഷിങ്ടണ്‍ പോസ്റ്റിനോടു പ്രതികരിച്ചത്. 

ഭീമ കൊറേഗാവ് കേസിലെ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന കണ്ടെത്തലില്‍ മറുപടി പറയേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രം ഭരിക്കുന്ന ബി.െജ.പിയാണ്. കാരണം മഹാരാഷ്ട്രയില്‍ കേസിന് തുടക്കമിട്ടതും ഭരണം നഷ്ടപ്പെട്ടപ്പോള്‍ എന്‍.ഐ.എ. ഏറ്റെടുത്തതും ബി.ജെ.പിയുടെ നിയന്ത്രണത്തില്‍ അന്വേഷണഏജന്‍സികള്‍ കൈക്കൊണ്ട  തീരുമാനങ്ങളാണ്. പൗരനെതിരെ യുദ്ധം ചെയ്യുന്നതാരാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനും രാജ്യത്തിനു മുന്നില്‍ വയ്ക്കാനും ബി.ജെ.പി സര്‍ക്കാരിന് ബാധ്യതയുണ്ട്. 

വളരെ പതിയെയയാണെങ്കിലും കേസിലെ സത്യങ്ങള്‍ കണ്ടെത്തണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ബിജെപിയുടെ അജണ്ട വ്യക്തമായതായി പുതുതായി ചുമതലയേറ്റ പിസിസി അധ്യക്ഷന്‍ നാനാ പഠോളെ ആരോപിച്ചു.

നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ വ്യാജമായി സൃഷ്ടിച്ചതാരാണ്? അത് കണ്ടെത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. വയോധികരും അവശരുമായ പ്രതികള്‍ക്ക് മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുമ്പോഴും സ്ഫോടനാത്മകമായ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്? വ്യാജഏറ്റുമുട്ടലുകളും തെളിവുകളും സൃഷ്ടിക്കുന്നത് പുതുമയല്ലാത്ത രാഷ്ട്രീയം ശാസ്ത്രീയമായ കണ്ടെത്തലുകളിലും മറുപടി പറയാതെ രക്ഷപ്പെടുമോ? 

എന്താണ് സത്യമെന്നറിയണമെന്ന നിര്‍ബന്ധം ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജനത കാണിക്കേണ്ടതുണ്ട്. സാമാന്യബോധത്തിലുയരുന്ന ചോദ്യങ്ങള്‍ ചോദിക്കാതെ ജുഡീഷ്യറി പോലും രാജ്യത്തിനെതിരായ അട്ടിമറി എന്ന വശം മാത്രം ചിന്തിച്ച കേസാണിത്. യഥാര്‍ഥത്തില്‍ ആരുടെ ഗൂഢാലോചനയാണ് നടപ്പായതെന്ന് രാജ്യം അറിയണം. ഉത്തരമറിയാവുന്ന ചോദ്യങ്ങള്‍ വിഴുങ്ങിജീവിക്കേണ്ടിവരുന്ന വ്യവസ്ഥ ജനാധിപത്യമല്ല. ഭയാധിപത്യമാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...