എല്ലാ മനുഷ്യര്‍ക്കും ഒരേ അന്തസ്സെന്ന് കോണ്‍ഗ്രസിനോട് ആര് പറയും..?

sudhakaran-06
SHARE

എല്ലാ മനുഷ്യര്‍ക്കും ഒരേ അന്തസിന് അര്‍ഹതയുണ്ടെന്ന്  കോൺഗ്രസ് പാർട്ടിയെ ആരാണ് പറഞ്ഞു മനസ്സിലാക്കുക?  ഒരു നേതാവിന് തെറ്റുപറ്റിയാൽ ശരിയായില്ല എന്നുറപ്പിച്ചു പറയുന്നതിനു പകരം പാർട്ടിയൊന്നാകെ നേതാവിനു മുന്നില്‍  മുട്ടുമടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?  അവർ അങ്ങനെയാണ്,  അതുകൊണ്ട് ഞങ്ങളും ഇങ്ങനെയാകും ആകും എന്ന ന്യായം കേരള രാഷ്ട്രീയത്തിന് സ്വീകാര്യമാണോ? എനിക്ക് പ്രശ്നമില്ല  എന്ന് മുഖ്യമന്ത്രി  പറഞ്ഞാൽ ഈ രാഷ്ട്രീയ സംസ്കാരം നമുക്ക് സ്വീകാര്യമാണോ? 

ഇത്തവണ കെ.സുധാകരന്റെ വാക്കില്‍ നിന്നു ചര്‍ച്ച തുടങ്ങിയത് ഇവിടം മുതലാണ്. ഉന്നയിച്ചത് രാഷ്ട്രീയവിമര്‍ശനമാണ്. പക്ഷേ വ്യക്തിപരവും സാമൂഹ്യവും വര്‍ഗപരവുമായ അധിക്ഷേപമാണ് നടത്തിയത്.

തുടക്കത്തില്‍ സി.പി.എം. അത്ര കാര്യമായി ഏറ്റുപിടിച്ചില്ലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കു തന്നെ ഇതു ശരിയല്ലെന്നു ബോധ്യമായി. തിരുത്തി മാപ്പു പറയണമെന്നു ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ഒഴിവാക്കാമായിരുന്നുവെന്ന് രമേശ് ചെന്നിത്തലയും. പക്ഷേ സുധാകരന്‍ തിരിഞ്ഞു നിന്നു തറപ്പിച്ചു പറഞ്ഞതോടെ സുധാകരന്റെ തെറ്റ് കോണ്‍ഗ്രസ് പാര്‍‍ട്ടിയൊന്നാകെ ഏറ്റെടുത്തു. 

സുധാകരന്‍ പറഞ്ഞത് ഒഴിവാക്കാമായിരുന്നുവെന്നു പറഞ്ഞ  പ്രതിപക്ഷനേതാവിന് 24 മണിക്കൂറിനുള്ളില്‍ മലക്കം മറിയേണ്ടി വന്നു. ഷാനിമോള്‍ ഉസ്മാന് പരസ്യമായി മാപ്പു ചോദിച്ച് സമൂഹമാധ്യമങ്ങളില്‍ നിലപാട് തിരുത്തുകയും ചെയ്യേണ്ടി വന്നു. താന്‍ തിരുത്തില്ലെന്ന കടുത്ത നിലപാടിനു മുന്നിലാണ് കോണ്‍ഗ്രസ് നേതാക്കളെല്ലാം കെ.സുധാകരനു മുന്നില്‍ സാഷ്ടാംഗം വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം തെറ്റു തിരുത്താന്‍ ശ്രമിച്ചവരേക്കാള്‍ പിന്തുണ പാര്‍ട്ടി അണികളില്‍ കെ.സുധാകരന് ലഭിക്കുന്നുവെന്ന തിരിച്ചറിവും എത്രയും പെട്ടെന്ന് സ്വന്തം തെറ്റു തിരുത്താന്‍ നേതാക്കളെ പ്രേരിപ്പിച്ചിരിക്കാം. സി.പി.എം വിഷയം വേണ്ടതുപോലെ ഏറ്റെടുത്തില്ലെന്നതും കെ.സുധാകരന് ബലമായി. 

ഒടുവില്‍ പ്രതികരിക്കാനെത്തിയ മുഖ്യമന്ത്രിയും വിഷയം കാര്യമായെടുക്കുന്നില്ലെന്നു വ്യക്തമാക്കി. അപ്പോള്‍ മുഖ്യമന്ത്രിക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ നമുക്ക് പ്രശ്നമുണ്ടാകേണ്ടതുണ്ടോ? അല്ലെങ്കില്‍ ഇത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പ്രശ്നമാണോ? അധിക്ഷേപം അവഗണിക്കാനുള്ള പ്രിവിലേജ് ഇപ്പോള്‍ പിണറായി വിജയന്‍ എന്ന വ്യക്തിക്കുണ്ട്. പക്ഷേ അതില്ലാത്ത മനുഷ്യര്‍ ഈ രീതിയും ശൈലിയും പേടിച്ചു ജീവിക്കണോ? കേരളത്തിലെ ഉന്നത രാഷ്ട്രീയനേതാക്കള്‍ക്ക് ഇന്നത്തെ കാലത്തും രാഷ്ട്രീയം സംസാരിക്കാന്‍ ഈ ഭാഷ വേണമെന്നങ്ങ് അംഗീകരിച്ചു കൊടുക്കണോ? 

മുഖ്യമന്ത്രിയും എതിര്‍പക്ഷത്തെ എങ്ങനെയാണ് നേരിടുന്നതെന്നത് കേരളത്തിനു മറക്കേണ്ട കാര്യമൊന്നുമില്ല. മുഖ്യമന്ത്രി അന്തസും ആദരവും അര്‍ഹിക്കുന്നുണ്ടോ എന്നാണ് കെ.സുധാകരന്റെ ന്യായം. പരനാറി, നികൃഷ്ടജീവി, കുലംകുത്തി പരാമര്‍ശങ്ങള്‍ ഓര്‍ക്കുന്നവര്‍ ഒരു നിമിഷം ന്യായമല്ലേ ഈ ചോദ്യമെന്നു സംശയിച്ചേക്കാം. അവിടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടില്ലായ്മ പ്രശ്നം സൃഷ്ടിക്കുന്നത്. എന്താണ് സുധാകരൻ ചെയ്ത തെറ്റ് എന്ന് അദ്ദേഹവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ആവർത്തിച്ചു ചോദിക്കുന്നുണ്ട്. മുഖ്യമന്ത്രി  പിണറായി വിജയൻ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നു എന്ന രാഷ്ട്രീയ വിമർശനം ഉന്നയിക്കാൻ കെ സുധാകരനും അദ്ദേഹത്തിൻറെ പാർട്ടിക്കും എല്ലാവിധ അവകാശവുമുണ്ട്. എന്നാല്‍ ചെത്തുകാരന്റെ മകനായ പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു എന്ന് പറയുന്നത് വിമർശനം അല്ല. അധിക്ഷേപം തന്നെയാണ്.  ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ള അയോഗ്യത  സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥയോ അനാവശ്യമായ ധൂര്‍ത്തോ അല്ല, പിണറായി വിജയൻ എന്ന വ്യക്തിയുടെ ജാതിയും കുടുംബപശ്ചാത്തലവുമാണ് എന്നതാണ് തെറ്റാകുന്നത്. ഒരു പ്രവൃത്തിയുടെ പേരില്‍ വിമര്‍ശിക്കുമ്പോള്‍ ആരോപണവിധേയന്റെ   ജാതിയും പശ്ചാത്തലവും പിതാവിന്റെ തൊഴിലും  ഒക്കെയാണ് കാരണം എന്ന് ചൂണ്ടിക്കാണിക്കുന്നത് അധിക്ഷേപം തന്നെയാണ്.  വംശീയവും ജാതിയും വർഗ്ഗ പരവുമായ അധിക്ഷേപം അതിൽ അടങ്ങിയിരിക്കുന്നു. ഒരു മനുഷ്യൻ സ്വന്തം പരിമിതികളോടു പോരാടി എത്ര മുന്നോട്ടു പോയാലും ആ വ്യക്തിയെ വിമർശിക്കാൻ സാമൂഹ്യ പിന്നാക്കപശ്ചാത്തലം ഉപയോഗിക്കപ്പെടുന്നത്  ഒരു തെറ്റല്ല എന്ന് 2021 ൽ  ദയവായി പറയരുത്.

അതുകൊണ്ട് മുഖ്യമന്ത്രി കാര്യമാക്കുന്നില്ല എന്നു പറ‍ഞ്ഞാല്‍ തീരുന്നതുമല്ല, തീരേണ്ടതുമല്ല അധിക്ഷേപം എന്ന രാഷ്ട്രീയപ്രശ്നം. പിണറായി വിജയന് എന്തര്‍ഹത എന്നതല്ല കേരളത്തിനു മുന്നിലുള്ള ചോദ്യവും. കെ.പി.സി.സിയുടെ വര്‍ക്കിങ് പ്രസിഡന്റില്‍ നിന്ന് പൊതുരാഷ്ട്രീയം ആദരവ് അര്‍ഹിക്കുന്നുണ്ടോ എന്നതുകൂടിയാണ്. സാമൂഹ്യ ശ്രേണിയിൽ പിന്നോക്കാവസ്ഥ നേരിടുന്ന പശ്ചാത്തലങ്ങളിൽ നിന്ന് വന്നവർ അവർ അവരുടെ ജീവിതത്തിലെ ഏതു കാലത്തും, ഏതു ഘട്ടത്തിലും പഴയ ഉച്ചനീചത്വത്തിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുന്നത് ആധുനിക സംസ്കാരവും അല്ല,  മര്യാദയും അല്ല,  നീതിയും അല്ല.  കെ സുധാകരന് പിണറായി വിജയനെ  അങ്ങനെ പറയാമെങ്കിൽ ആർക്കും ആരെയും അങ്ങനെ പറയാം എന്നാകുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയാത്തത് ഖേദകരമാണ്. 

മുഖ്യമന്ത്രി പിണറായി വിജയന് കെ സുധാകരൻ പറഞ്ഞത്  അധിക്ഷേപമായി തോന്നാനിടയില്ല. അതിന് പല കാരണങ്ങളുണ്ട്. സ്വാഭാവികമായും ഈ തെറ്റായ പരാമർശത്തിനോടുള്ള ശരിയായ പ്രതികരണത്തിലൂടെ ലഭിക്കുന്ന  പ്രതിച്ഛായയുടെ  ആനുകൂല്യം മുഖ്യമന്ത്രി തിരിച്ചറിയുന്നുണ്ട്. രണ്ടാമത് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പരാമർശങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇതൊക്കെ എന്ത്? ഇതൊന്നും ശരിയല്ല  എന്ന് സുധാകരനോട് പറഞ്ഞാൽ പിന്നീട് മുഖ്യമന്ത്രി എങ്ങനെ കടുത്ത വ്യക്തിഹത്യ ശൈലി ആവർത്തിക്കും? രാഷ്ട്രീയ സംവാദ സംസ്കാരത്തിൽ മാതൃക പുലർത്താം എന്ന്  മുഖ്യമന്ത്രി കേരളത്തിനും വാക്ക് നൽകിയിട്ടില്ല.   ഇടതുമുന്നണി പ്രകടനപത്രികയിലും ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. 

എതിർപക്ഷത്തെ നേതാക്കളുടെ പിതാവിൻറെ പശ്ചാത്തലവും രാഷ്ട്രീയവുമൊക്കെ സിപിഎം നേതാക്കൾക്കും പ്രിയപ്പെട്ട വിഷയമാണ് എന്ന് കേരളം പലതവണ കണ്ടിട്ടുണ്ട് . കോണ്‍ഗ്രസ് നേതാക്കളും വ്യക്തിഅധിക്ഷേപത്തില്‍ മുന്നില്‍ തന്നെയുണ്ട്. 

വ്യക്തിപരമായും ലിംഗപരമായും അധിക്ഷേപിക്കുന്നതിനൊപ്പം ജാതീയ പരാമര്‍ശങ്ങള്‍ കൂടി തിരുകിക്കയറ്റുന്നത് മനഃപൂര്‍വമല്ലെന്ന് ആര്‍ക്കു പറയാനാകും. അതൊരു മനോഭാവത്തിന്റെ പ്രശ്നമാണ്. എന്തിനെയാണോ നമ്മള്‍ തൂത്തുകളയാന്‍ ശ്രമിക്കുന്നത്, അതേ  ഉച്ചനീചത്വ മനോഭാവം ഇപ്പോഴും വിട്ടു മാറാത്തതിന്റെ പ്രശ്നം. ഞങ്ങൾക്ക് പ്രശ്നമില്ലനമുക്ക് അത് തുടരാം എന്ന് ഇരുപക്ഷം പറഞ്ഞാലും അത് അനുവദിച്ചു തരാൻ ആകില്ല എന്നാണ് കേരളം രാഷ്ട്രീയ നേതൃത്വത്തോട് പറയേണ്ടത്. 

അതുകൊണ്ട് കെ സുധാകരന്റെ പ്രസ്താവന  പിണറായി വിജയൻ തെറ്റായി കാണുന്നുണ്ടോ എന്നതല്ല നമ്മുടെ പ്രശ്നം. സമൂഹമെന്ന നിലയിൽ നമ്മൾ തുടച്ചുനീക്കാൻ ശ്രമിക്കുന്ന ഉച്ചനീചത്വ ഭാഷ കേരളത്തെ നയിക്കുന്നവർ  തിരിച്ചു കൊണ്ടുവരുന്നുണ്ടോ എന്നതാണ്. രാഷ്ട്രീയ വിമർശനം ഉന്നയിക്കാൻ വ്യക്തി കടന്നു വന്ന പിന്നാക്കാവസ്ഥ കൾ  അവരിപ്പോഴും ആയുധമായി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം,  ഉണ്ടെങ്കിൽ  ആ ആയുധം കൊണ്ട് മുറിവേൽക്കുന്നതിനുമപ്പുറത്തേക്ക് വളർന്നവർ അല്ല തെറ്റും ശരിയും വിധിക്കേണ്ടത്.  ഏതുനേരത്തും അധിക്ഷേപത്തിൻറെ ആയുധം നേരിടേണ്ടിവരും വരുമെന്നു ഭയന്ന് നിൽക്കേണ്ടവരാണ്. 

കെ സുധാകരൻ ഇതിനുമുൻപും ഒട്ടേറെ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട് ഉണ്ട് ചിലപ്പോഴൊക്കെ തിരുത്തുകയും ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നിട്ടും ഇത്തവണ ഈ പരാമർശത്തിന് പേരിൽ കെ സുധാകരന് പാർട്ടിയിൽനിന്ന് വിമർശനത്തെ കാൾ പിന്തുണയാണ് ലഭിച്ചത് എന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം  സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും അക്രമണോത്സുക രാഷ്ട്രീയ സ്വഭാവത്തിൽ പിടിച്ചു നിൽക്കാൻ കഴിയുന്നത് കെ സുധാകരൻ ആണ് എന്ന് വരുത്തിതീർക്കാൻ കോൺഗ്രസിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ വീര്യത്തിന് ശൗര്യം പോരെന്ന് ആത്മവിശ്വാസ കുറവുള്ള അണികൾക്ക്  കെ സുധാകരൻ  സ്വീകാര്യനാണ്. 

സ്വതേ നേതൃദൗർബല്യം ആരോപിക്കപ്പെടുന്ന കോൺഗ്രസ്  നേതാക്കൾക്ക് കെ സുധാകരന് മുന്നിൽ വഴങ്ങേണ്ടി വന്നത് നിലവിലെ രാഷ്ട്രീയ അവസ്ഥയുടെ  ഫലമാണ് . ശരിയായ നിലപാട് ആദ്യം സ്വീകരിച്ച ഷാനിമോൾ ഉസ്മാന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നതും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഒറ്റ ചോദ്യത്തിൽ തന്നെ  ഉത്തരം പറഞ്ഞ പ്രതിപക്ഷ നേതാവിന് ഒറ്റദിവസംകൊണ്ട് തിരുത്തേണ്ടി വന്നതും കോൺഗ്രസും പ്രതിപക്ഷവും ഇപ്പോൾ നേരിടുന്ന രാഷ്ട്രീയ അവസ്ഥയുടെ പ്രത്യാഘാതം മാത്രമാണ് . ഒരു മനുഷ്യനും അർഹിക്കുന്ന അന്തസ്സ്  തീരുമാനിക്കപ്പെടേണ്ടത് അയാളുടെ പെരുമാറ്റമോ ഭാഷയോ ജാതിയോ പശ്ചാത്തലമോ അടിസ്ഥാനമാക്കിയല്ല.   അത് കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല,  കേരളത്തിലെ മുഖ്യമന്ത്രിയും മനസ്സിലാക്കേണ്ടതുണ്ട്.  മറ്റുള്ളവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ അധിക്ഷേപപരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള രാഷ്ട്രീയ നേതാക്കൾ ചുരുക്കമാണ്.  മുഖ്യമന്ത്രി സ്ഥിരമായി ഇങ്ങനെ പറയുന്ന ആളാണ് എന്ന ന്യായീകരണം ഇതുപോലുള്ള പ്രസ്താവനകൾ ന്യായീകരിക്കുന്നവർക്ക് ധൈര്യം പകരുന്നതാണ് എന്നത് മുഖ്യമന്ത്രി കൂടി ഓർക്കേണ്ട വസ്തുതയാണ്.  ഒരു ജനതയുടെ രാഷ്ട്രീയ സംവാദ സംസ്കാരം എന്തായിരിക്കണമെന്നതിന് ചൂണിക്കാണിക്കാവുന്ന മാതൃകയാണോ മുഖ്യമന്ത്രിയെന്ന് അദ്ദേഹവും ‌സ്വയം പരിശോധിക്കേണ്ട കാര്യമാണ്. പക്ഷേ  അതിനർത്ഥം  കെ.സുധാകരന്‍ ശരിയാണ് എന്നല്ല. 

കെ സുധാകരൻ മുഖ്യമന്ത്രിയെ വിമർശിക്കാൻ ഉപയോഗിച്ച ഭാഷാശൈലി തെറ്റാണ്. സാമൂഹ്യമായും സാംസ്കാരികമായും അത് തെറ്റ് തന്നെയാണ്. മറുപക്ഷത്തെ രാഷ്ട്രീയ ശൈലിയും സമാനമാണ് എന്ന ന്യായം രാഷ്ട്രീയമായും സാമൂഹ്യമായും സ്വീകാര്യമല്ല. എനിക്ക് പ്രശ്നമല്ല എന്നു പറഞ്ഞാലും  പിണറായിവിജയൻ  എന്ന വ്യക്തി പ്രതിനിധീകരിക്കുന്ന പിന്നാക്ക വിഭാഗങ്ങൾ നീതിയും മര്യാദയും അർഹിക്കുന്നു. ഒരിക്കൽ കൂടി ആവർത്തിക്കുന്നു  പിണറായി വിജയനും കെ സുധാകരനും  തമ്മിലുള്ള ഒത്തുതീർപ്പു കൊണ്ട് അവഗണിച്ച് കളയാവുന്ന പ്രസ്താവന അല്ല  ഇത്. ആവർത്തിക്കരുത്  എന്ന കൃത്യമായ താക്കീത് ഇവിടെ രേഖപ്പെടുത്തപെടുക തന്നെവേണം.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...