‘വര്‍ഗീയത’ തിരയുന്ന ഭരണമുന്നണി; ‘ഭൂരിപക്ഷ വികാരം’ ഇളക്കുന്ന പ്രതിപക്ഷം

ldfudf-06
SHARE

പ്രബുദ്ധകേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ജാതിമതവര്‍ഗീയതയ്ക്ക് എന്താണ് കാര്യം? സാധാരണഗതിയില്‍ കേരളത്തില്‍ ബി.ജെ.പിയാണ് ഈ ചോദ്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെങ്കില്‍ ഇത്തവണ ഭരണമുന്നണിയും പ്രതിപക്ഷമുന്നണിയും ഒരു പോലെ  മല്‍സരിക്കുന്നതാണ് കേരളം കാണുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയത്തെ വര്‍ഗീയകൂട്ടുകെട്ടായി ചിത്രീകരിക്കാന്‍ പാടുപെടുന്ന ഭരണമുന്നണി. വീണ്ടും ശബരിമലയുടെ പേരില്‍ ഭൂരിപക്ഷവികാരം കുത്തിയിളക്കാന്‍ ആഞ്ഞു പരിശ്രമിക്കുന്ന പ്രതിപക്ഷമുന്നണി. ശരിക്കും ഒരു കേരളീയനെ കേരളത്തിന്റെ രാഷ്ട്രീയനേതൃത്വം വിലയിരുത്തുന്ന മാനദണ്ഡമെന്താണ്?  

കേരളത്തില്‍ ഐശ്വര്യം തിരിച്ചുകൊണ്ടുവരാന്‍ വടക്കു നിന്നു ഐശ്വര്യകേരളയാത്ര നയിക്കുന്ന പ്രതിപക്ഷനേതാവ് എന്നും രാവിലെ ഉരുവിടുന്ന പ്രധാന ചോദ്യം ഇതാണ്. ശബരിമലയില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാട്?  

പ്രതിപക്ഷനേതാവിനു മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുന്നണിക്കും ഇപ്പോള്‍ ആശങ്ക മുഴുവന്‍ ശബരിമല പ്രശ്നത്തിലാണ്.  ഏറ്റവുമൊടുവില്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നടപ്പാക്കേണ്ട നിയമത്തിന്റെ കരട് വരെ തയാറാണെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നു. കരട് നിയമവും പുറത്തുവിട്ടിട്ടുണ്ട്. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്നതാണ് യു.ഡി.എഫിന്റെ കരട് നിയമം. 

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണ് എന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇപ്പോള്‍ പ്രസക്തിയൊന്നുമില്ലെങ്കിലും ഈ നിയമസഭാതിരഞ്ഞെടുപ്പിലും നമുക്ക് ശബരിമലയില്‍ ഉരുണ്ടു കളിക്കാം എന്നാണ് പ്രതിപക്ഷം കേരളത്തെ ക്ഷണിക്കുന്നത്. ശബരിമലയില്‍ പഴയ ആവേശത്തിന്റെ അപകടം തിരിച്ചറിയുന്ന സര്‍ക്കാര്‍ പ്രതികരണത്തില്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ ചെറുക്കാന്‍ ശ്രമിക്കുന്നു. പക്ഷേ മുസ്‍ലിംലീഗ്– ജമാഅത്തെ ബന്ധത്തിലൂടെ കേരളത്തില്‍ പ്രതിപക്ഷം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷവര്‍ഗീയതയാണ് നമ്മുടെ യഥാര്‍ഥ പ്രശ്നമെന്ന് ഓരോ നിമിഷവും കേരളത്തെ പേടിപ്പിക്കുന്നു. ഇതൊന്നും വര്‍ഗീയതയല്ല എന്നു നമ്മള്‍ സമ്മതിച്ചുകൊടുക്കണമെന്നു മാത്രം. 

ശബരിമലയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കി തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പറ്റുമോയെന്നാണ് ചിലര്‍ നോക്കുന്നതെന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. ശബരിമലയിലെ സ്ത്രീപ്രവേശം സുപ്രീംകോടതിയുടെ തീരുമാനമാണ്. ഇപ്പോള്‍ അതേ തീരുമാനം സുപ്രീംകോടതി പുനഃപരിശോധിക്കുകയാണ്. അതിനിടയില്‍ കേരളത്തിലെ ജനങ്ങള്‍ ശബരിമലയില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്നാണ് ഇടതുമുന്നണിയുടെ ചോദ്യം. എന്നാല്‍ സര്‍ക്കാര്‍ എന്ന നിലയില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസം മാനിച്ച് സത്യവാങ്മൂലം തിരുത്തി നല്‍കാനും നിയമം നിര്‍മിക്കുമെന്നു പ്രഖ്യാപിക്കാനും തയാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

ഒരു പ്രശ്നവുമില്ലാത്തിടത്ത് പ്രശ്നമുണ്ടെന്ന തെറ്റായ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്നാണ് ഭരണമുന്നണിയുടെ ആരോപണം. യു.ഡി.എഫിന്റെ വെല്‍ഫെയര്‍ ധാരണയുടെ പേരില്‍ കേരളത്തില്‍ പ്രശ്നമുണ്ടായോ? ഉണ്ടായെങ്കില്‍ ആ പ്രശ്നത്തില്‍ ഇടതുമുന്നണി സ്വീകരിക്കുന്ന നിലപാടെന്താണ്? പ്രശ്നമില്ലാത്തിടത്ത് പ്രശ്നമുണ്ടാക്കുന്നതാണോ? ഏതെങ്കിലും മതവിഭാഗത്തിന്റെ മനസില്‍ മുറിവുകളുണ്ടാക്കുന്നതാണോ, ഉണ്ടാക്കാന്‍ സഹായിക്കുന്നതാണോ? 

ശബരിമലയില്‍ യു.ഡി.എഫ് ശ്രമിക്കുന്നത് ഭൂരിപക്ഷവോട്ടുകളുടെ ധ്രുവീകരണത്തിനാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അത് മതധ്രുവീകരണമാണെന്നു യു.ഡി.എഫ് സമ്മതിച്ചു തരില്ല. വെല്‍ഫെയര്‍ സഖ്യത്തിന്റെ പേരില്‍ മുസ്‍ലിംലീഗിനും യു.ഡി.എഫിനും നേരെ നടത്തുന്നത് ധ്രുവീകരണശ്രമമാണെന്ന് എല്‍.ഡി.എഫും സമ്മതിച്ചു തരില്ല. ഓരോ മുന്നണിക്കും അവര്‍ ഉന്നയിക്കുന്നത് രാഷ്ട്രീയപ്രശ്നം മാത്രമാണ്.  ശബരിമലയും വെല്‍ഫെയര്‍ സഖ്യവും തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നത് കേരളത്തിന്റെ പൊതുസമൂഹത്തില്‍ എന്തെല്ലാം അടിയൊഴുക്കുകള്‍ ഉണ്ടാക്കും എന്നത് ഇരുമുന്നണിക്കും ഒരു പ്രശ്നവുമല്ല. 

ഇക്കാര്യത്തില്‍ ഇടതുമുന്നണി സ്വീകരിക്കുന്ന നയത്തില്‍ ഒരു വലിയ വഞ്ചന കൂടിയുണ്ട്. മതനിരപേക്ഷരാഷ്ട്രീയത്തിന്റെ പേരില്‍ ഇടതുമുന്നണിയോളം ആശയസുതാര്യത അവകാശപ്പെടുന്നില്ലെന്ന ന്യായം യു‍.ഡി.എഫിനുണ്ട്. മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നു മാത്രമല്ല, കൃത്യവും തെളിമയുള്ളതുമായ നിലപാടാണ് ഏതു പ്രതിസന്ധിഘട്ടത്തിലും സ്വീകരിക്കാറുള്ളതെന്ന് സി.പി.എം അവകാശപ്പെടാറുണ്ട്. പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ മുസ്‍ലിംലീഗിന് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചാലുള്ള അപകടമാണ് കേരളം കരുതിയിരിക്കേണ്ടതെന്ന് ആവര്‍ത്തിക്കാന്‍ മുന്നണിക്ക് ഒരു മടിയും മറയുമില്ല. 

രാഷ്ട്രീയമായി സി.പി.എമ്മിന് മുസ്‍ലിം ലീഗിനെ എതിര്‍ക്കാം. ഏതു രീതിയിലും വിമര്‍ശിക്കാം. മുസ്‍ലിംലീഗ് വര്‍ഗീയ നിലപാട് സ്വീകരിച്ചാല്‍ ശക്തമായി വിമര്‍ശനം ഉന്നയിക്കാം. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയസംഘടനയുമായി ധാരണയുണ്ടാക്കിയാല്‍ അതിനെയും അതിശക്തമായി വിമര്‍ശിക്കാം. കാരണം മതമൗലികവാദനിലപാടുകള്‍ പുലര്‍ത്തുന്ന ഒരു സംഘടനയ്ക്കും നാടിന്റെ ഭരണനിര്‍വഹണത്തില്‍ സ്വാധീനമുണ്ടാകുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. പക്ഷേ ജമാഅത്തെ ഇസ്‍ലാമിയുമായി ധാരണയുണ്ടായാല്‍ ഉടന്‍ യു.ഡി.എഫും ലീഗും മാത്രമെങ്ങനെ വര്‍ഗീയതയുടെ വക്താക്കളായി മാറുമെന്ന് കേരളം അറിയേണ്ടതുണ്ട്. 

അതല്ല, മതമൗലികവാദ നിലപാടുകളുള്ളവരുമായി സി.പി.എമ്മിന് രഹസ്യമായും പരസ്യമായും ധാരണയാകാം. മുസ്‍ലിങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയെ കേരളം പേടിക്കണമെന്നാണോ സി.പി.എം പറയാന്‍ ശ്രമിക്കുന്നത് എന്നതാണ് പ്രശ്നം. യു.ഡി.എഫിനെ നയിക്കാന്‍ മുസ്‍ലിംലീഗിനുള്ള അയോഗ്യതയെന്താണെന്നു പച്ചയ്ക്കു പറയാന്‍ സി.പി.എം തയാറാകണം. ഹാഗിയസോഫിയ കേരളത്തില്‍ തിരഞ്ഞെടുപ്പ് വിഷയമാക്കുമ്പോള്‍ ആരാണ് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതെന്നു സി.പി.എം പറയണം. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന ഒരു മതവിഭാഗം അതേ വേട്ടയാടലാണോ കേരളത്തിലും അര്‍ഹിക്കുന്നതെന്ന് സി.പി.എം പറയണം. 

ശബരിമല നോക്കി ഹിന്ദുക്കളും ഹാഗിയ സോഫിയ നോക്കി ക്രിസ്ത്യാനികളും  വെല്‍ഫെയര്‍ ബന്ധം നോക്കി മുസ്‍ലിങ്ങളും വോട്ട് ചെയ്യുന്ന കേരളമാണോ നിങ്ങളുടെ സ്വപ്നസുന്ദരഭൂമിയെന്ന് ഇരുമുന്നണികളും കേരളത്തോടു പറയണം. ഇത്രയും കാലം മതവിഭാഗീയതയുടെ കെണികളില്‍ ചെന്നു ചാടാതെ രാജ്യം മുഴുവന്‍ ഭൂരിപക്ഷവര്‍ഗീയത ആഘോഷിക്കപ്പെടുമ്പോഴും മാറിനിന്ന കേരളത്തോട് ഇരുമുന്നണികളും എന്താണ് പറയുന്നതെന്ന് ഒരു നിമിഷമെങ്കിലും ആലോചിക്കണം. ബി.ജെ.പി ഇതിനിടയിലും കലക്കവെള്ളത്തിന്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തവണ ക്രിസ്തീയ വിശ്വാസികളാണ് ഉന്നം. ഏതു പാര്‍ട്ടിയാണെങ്കിലും വര്‍ഗീയ വിഭാഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കൃത്യമായി തിരിച്ചറിയാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതു മറക്കാതിരിക്കുക. ഒരു സമൂഹത്തില്‍ വിഭാഗീയത പടര്‍ത്താന്‍ അത്ര പ്രയാസമൊന്നുമല്ലെന്നറിയാം. പക്ഷേ ഇതു കേരളത്തോടു വേണോ എന്ന് ഒരിക്കല്‍കൂടി ചിന്തിക്കുക. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...