കര്‍ഷകസമരം പൊളിക്കാന്‍ പെടാപ്പാട്; ജനാധിപത്യ വിരുദ്ധതയുടെ കാഴ്ചകള്‍

pvafarmers-30
SHARE

നരേന്ദമോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലേറിയതുമുതല്‍ ഭരണം ഏകാധിപത്യശൈലിയിലാണ് എന്നത് വസ്തുതയാണ്. നോട്ടുനിരോധനം എന്ന ഇക്കോണമിക്കല്‍ ബോംബ് പ്രയോഗിച്ചിട്ടു പോലും സര്‍ക്കാരിനെ തിരുത്താന്‍ പ്രതിപക്ഷത്തിനോ പ്രക്ഷോഭത്തിനോ കഴിഞ്ഞിട്ടില്ല. സമരങ്ങളുണ്ടായിട്ടില്ല എന്നല്ല. പ്രതിപക്ഷം പരാജയപ്പെട്ടപ്പോഴും വിദ്യാര്‍ഥിപ്രക്ഷോഭവും പൗരത്വനിയമഭേദഗതി പ്രക്ഷോഭവുമൊക്കെ ചരിത്രം കുറിച്ചു. പക്ഷേ കുല്‍സിതമായ, ജനാധിപത്യവിരുദ്ധമാര്‍ഗങ്ങളിലൂടെ സമരങ്ങളെ തകര്‍ക്കുന്നതിലും കേന്ദ്രസര്‍ക്കാരിന് സ്വന്തമായ ഒരു ജനാധിപത്യ വിരുദ്ധശൈലി ഉണ്ടായിരുന്നു.  അതുകൊണ്ടു തന്നെ കര്‍ഷകസമരത്തിന് എത്രനാള്‍ മുന്നോട്ടു പോകാനാകുമെന്ന ആശങ്ക തുടക്കം മുതലേ ഉണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തിലെ അക്രമം മറയാക്കി കര്‍ഷസമരത്തെ അടിച്ചമര്‍ത്താന്‍ തുനിഞ്ഞിറങ്ങിയ കേന്ദ്രഭരണകൂടത്തോട് കര്‍ഷകര്‍ നടത്തുന്ന പ്രതിരോധം ഇന്ത്യന്‍ ജനാധിപത്യചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരു ഏട് കുറിക്കുകയാണ്. അക്രമങ്ങളുടെ പേരില്‍ സമരത്തെ പിന്തുണയ്ക്കുന്നവര്‍ പോലും ആശയക്കുഴപ്പത്തിലായി. പക്ഷേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു അവ്യക്തതയുമില്ല. കാരണം കേന്ദ്രം കാണുന്നത് രാഷ്ട്രീയമാണ്. കര്‍ഷകരുടെ സമരം ജീവിതത്തിനായാണ്. ഭാവിക്കു വേണ്ടിയാണ്.  

പ്രതീക്ഷിച്ച വെല്ലുവിളികളിലേക്കു തന്നെ കര്‍ഷകസമരം എത്തി. അല്ലെങ്കില്‍ നിഗൂഢമായി ഭരണകൂടം ആഗ്രഹിച്ച ഘട്ടത്തിലേക്ക് കര്‍ഷകസമരത്തെ എത്തിച്ചു.  രാജ്യത്തിനും  ആധുനികസമൂഹത്തിനും അംഗീകരിക്കാനാകാത്ത പല കാഴ്ചകളും റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തു കാണേണ്ടി വന്നു. ട്രാക്ടറുകളുമായി സമാന്തരറാലി നടത്തിയ കര്‍ഷകരുമായി പൊലീസ് ഏറ്റുമുട്ടി. പലയിടത്തും സംഘര്‍ഷവും അക്രമവുമുണ്ടായി.  

അങ്ങനെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി. ചെങ്കോട്ടയില്‍ ഇരച്ചു കയറിയ ഒരു വിഭാഗം രണ്ടിടത്ത് സിഖ് പതാകകള്‍ ഉയര്‍ത്തി.  സമരക്കാരില്‍ ഒരു കര്‍ഷകന്‍ ട്രാക്റ്റര്‍ മറിഞ്ഞ് മരണപ്പെട്ടതോടെ സമരക്കാരില്‍ പലരും വൈകാരികമായി പ്രതികരിക്കുകയും ചെയ്തു.   

റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡിനിടെ നടന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകുന്നതല്ല. പക്ഷേ പലതും അവിശ്വസനീയമാണ് എന്നതും കാണാതിരിക്കാനാകില്ല. രണ്ടു മാസമായി ഒരു തരി അക്രമത്തിനു പോലും മുതിരാതെ ലക്ഷക്കണക്കിനു കര്‍ഷകര്‍ സമരം മുന്നോട്ടു കൊണ്ടു പോകുന്നത് രാജ്യം കണ്ടതാണ്. പൊടുന്നനേ ഒരു ദിവസം അവര്‍ അക്രമത്തിനു തുനിഞ്ഞുവെന്ന് കണ്ണടച്ചു വിശ്വസിക്കാനാകില്ല. പ്രക്ഷോഭം എങ്ങനെയും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ് നടപ്പായതെന്ന് കര്‍ഷകസമരനേതാക്കള്‍ ആരോപിക്കുന്നുണ്ട്. 

സമരം അലങ്കോലപ്പെടേണ്ടത് ആരുടെ ആവശ്യമായിരുന്നു എന്നതാണ് പ്രധാന ചോദ്യം. ചെങ്കോട്ടയില്‍ റിപ്പബ്ലിക് ദിനത്തില്‍ സിഖ് പതാക ഉയര്‍ത്തിയതില്‍ കേന്ദ്രീകരിച്ചാണ് കേന്ദ്രാനുകൂലികള്‍ കര്‍ഷകസമരത്തിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ബി.ജെ.പിയുമായി അടുപ്പമുള്ള പഞ്ചാബി നടന്‍  ദീപ് സിദ്ദുവാണ് പതാക ഉയര്‍ത്തുന്നതിന് പ്രേരണയും നേതൃത്വവും നല്‍കിയത് എന്ന് കര്‍ഷകസമരനേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കിസാന്‍ പരേഡില്‍ നുഴഞ്ഞു കയറി കുഴപ്പങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ അനുകൂലികളാണെന്നും  അവര്‍ ആരോപിക്കുന്നു.  

ലോക്സഭാതിരഞ്ഞെടുപ്പില്‍ പ‍ഞ്ചാബില്‍ ബി.ജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ താരമാണ് ദീപ് സിങ് സിദ്ദുവെന്നത് ബി.ജെ.പി.യെ പ്രതിരോധത്തിലാക്കുന്നു. ഗുര്‍ദാസ്പൂരില്‍ ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ മുഖ്യപ്രചാരകനായിരുന്നു സിദ്ദു.  പ്രധാനമന്ത്രിക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രവും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കര്‍ഷകസമരത്തിന്റെ നേതൃനിരയില്‍ നില്‍ക്കാന്‍ തുടക്കം മുതല്‍ സിദ്ദു ശ്രമം നടത്തിയിരുന്നെങ്കിലും സമരസംഘടനകള്‍ അകലം പാലിക്കുകയായിരുന്നു. പൊലീസ് റൂട്ടുമായി സഹകരിക്കാനും കര്‍ശനമായി സംയമനം പാലിക്കാനും സമരക്കാര്‍ തീരുമാനിച്ചപ്പോള്‍ തലേദിവസം തന്നെ റൂട്ട് വിട്ട് ഡല്‍ഹിക്കുള്ളിലേക്കു പോകുമെന്ന് സിദ്ദു പ്രകോപനാഹ്വാനം നടത്തിയിരുന്നു. പരേഡ് തുടങ്ങുന്നതിനു മുന്‍പ് തന്നെ സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബാരിക്കേഡുകള്‍ ഭേദിച്ച് ഡല്‍ഹിയില്‍ കടന്നു. പൊലീസുമായി ഏറ്റുമുട്ടിയതിലും സംഘര്‍ഷമുണ്ടാക്കിയതിലും ഇവരുടെ പങ്ക് പ്രധാനമാണെന്ന് പ്രധാന സമരനേതാക്കള്‍ പറയുന്നു.  

ഏറ്റവും കൗതുകമായ കാര്യം പലവിധ മുന്നറിയിപ്പുകളുണ്ടായിട്ടും രാജ്യതലസ്ഥാനത്തുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. അതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരോ സംഭവസ്ഥലത്തു നേരിട്ട് സാക്ഷ്യം വഹിക്കാനെത്തിയവരോ മിണ്ടിയില്ല. ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുന്നവര്‍ക്ക് തീവ്രസംഘടനകള്‍ പാരിതോഷികം പ്രഖ്യാപിച്ചുവെന്നു വരെ പിന്നീടാരോപിച്ചു ബി.ജെ.പി.  എങ്കില്‍ ആനുപാതികമായി സുരക്ഷയൊരുക്കാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുമില്ല പറയുന്നവര്‍ക്കുമില്ല. കേന്ദ്ര ഭരണകൂടം ആഗ്രഹിച്ച സംഘര്‍ഷമാണോ ഡല്‍ഹിയിലുണ്ടായത് എന്ന സംശയം തള്ളിക്കളയാനാവില്ല.  

വലിയ സംഘര്‍ഷസാധ്യതയെന്നു പരസ്യമായി ചര്‍ച്ചകളുയര്‍ന്നിട്ടും ചെങ്കോട്ടയില്‍ അതിക്രമിച്ചു കടക്കാനോ കൊടി ഉയര്‍ത്താനോ അക്രമികള്‍ക്കു തടസമുണ്ടായില്ല. അവര്‍ ഞങ്ങളില്‍ പെട്ടവരല്ല എന്ന് കര്‍ഷകനേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും സമരനേതാക്കള്‍ക്കെതിരെ  ഗുരുതരമായ വകുപ്പുകളില്‍ കേസെടുക്കാന്‍ അത്യുല്‍സാഹത്തോടെ ഡല്‍ഹി പൊലീസ് രംഗത്തു വന്നു. സമരനേതാക്കള്‍ക്കെതിരെ മാത്രമല്ല, സമരത്തെ പിന്തുണച്ച മേധാപട്ക്കര്‍, യോഗേന്ദ്രയാദവ് അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. സംഘര്‍ഷത്തിനിട നല്‍കാതെ സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാം കഴിഞ്ഞ ശേഷം ചെങ്കോട്ടയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നറിയിച്ചെങ്കിലും അതുണ്ടായില്ല.   

ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയാണെന്ന വാദവുമായി ബി.ജെ.പി. മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും സിഖ് വിഭാഗക്കാരുടെ ശക്തമായ പ്രതിഷേധം മൂലം അതു ഫലിച്ചില്ല. എല്ലാ ഗുരുദ്വാരകളിലുമുള്ള നിഷാന്‍ സാഹിബ് എന്ന സിഖ് പതാകയാണ് ചെങ്കോട്ടയില്‍ ഉയര്‍ത്തിയത്. കരസേനയുടെ സിഖ് റെജിമെന്റിന്റെ ഗുരുദ്വാരകളില്‍ ഉള്‍പ്പെടെ എപ്പോഴും ദൃശ്യമായ പതാകയെയാണ് ഖലിസ്ഥാന്‍ പതാകയായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായത്.  പൊലീസ് നോക്കിനില്‍ക്കെയാണ് ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതും. പതാകപ്രകടനത്തിനു നേതൃത്വം നല്‍കിയ ദീപ് സിദ്ദുവിനെതിരെ കേസെടുക്കാനും ഡല്‍ഹി പൊലീസ് തുടക്കത്തില്‍ ധൃതി കാണിച്ചില്ല. പ്രതീകാത്മകമായി ജനങ്ങള്‍ തന്നെയാണ് പതാക ഉയര്‍ത്തിയതെന്ന് സമരസ്ഥലത്തു നിന്ന ുമാറിയ ശേഷം ദീപ് സിദ്ദു വീഡിയോയിലൂടെ ന്യായീകരിക്കുകയും ചെയ്തു. 

ആശിച്ച അക്രമം നടന്നു കിട്ടി എന്ന മട്ടിലാണ് കേന്ദ്രവും ഡല്‍ഹി പൊലീസും പിന്നീട് പെരുമാറിയത്. ആയിരക്കണക്കിന്  പൊലീസുകാരുമായി സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ പാഞ്ഞെത്തിയ പൊലീസിനു മുന്നിലും കര്‍ഷകസമരക്കാര്‍ തലകുനിച്ചില്ല. ഒടുവില്‍ നാട്ടുകാരെന്ന പേരില്‍ സമരത്തെ എതിര്‍ക്കുന്നവര്‍ സംഘര്‍ഷവുമായെത്തിയപ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയും ചെയ്തു. ഇനിയും കര്‍ഷകസമരവേദികള്‍ക്കെതിരെ വ്യാപകഅക്രമത്തിനു സാധ്യതയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സമാധാനപരമായി രാജ്യത്തിന്റെ കാര്‍ഷികഭാവിക്കു വേണ്ടി സമരം ചെയ്യുന്നവരെ ഒരു ഭരണകൂടം ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് രാജ്യത്തിന്റെ ജനാധിപത്യചരിത്രത്തിനു തന്നെ അപമാനമാണ്.  

സിംഘുവിലെ സമരകേന്ദ്രത്തിലാണ് നാട്ടുകാരെന്ന പേരില്‍ ഇരുനൂറോളം പേര്‍ ഇരച്ചു കയറി കര്‍ഷകരെ ആക്രമിച്ചത്.  പൊലീസ് നോക്കിനിന്നു. 

സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയും വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചും സമരക്കാരുടെ മനോവീര്യം തകര്‍ക്കാന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും പരമാവധി ജനാധിപത്യവിരുദ്ധത പ്രയോഗിക്കുന്നുണ്ട്.  

സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം മുതലാക്കി പൊലീസ് ബലപ്രയോഗത്തിനു മുതിര്‍ന്നതോടെ ഒരു വിഭാഗം കര്‍ഷകര്‍ സമരവേദികളില്‍ നിന്നു പിന്‍വാങ്ങിത്തുടങ്ങിയിരുന്നു. പക്ഷേ ആസൂത്രിതമായ അട്ടിമറിക്കു മുന്നില്‍ തോറ്റുകൊടുക്കരുതെന്ന് സമരനേതാവ് രാകേഷ് ടികായത്ത് വൈകാരികമായി അഭ്യര്‍ഥിച്ചതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ വീണ്ടും തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.  

റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരും ഡൽഹി പൊലീസും കൈക്കൊണ്ട നടപടികൾ മാത്രം മതി മതി സംഘർഷം ആർക്കാണ് മുതലെടുപ്പിനുള്ള അവസരം നൽകിയത് എന്ന് തിരിച്ചറിയാൻ. സംഘർഷത്തിനു മനപ്പൂർവ്വം അവസരമൊരുക്കുന്നത് പോലെ നോക്കി നിന്ന പോലീസും കേന്ദ്ര ആഭ്യന്തര വകുപ്പും നടക്കാനുള്ളത് എല്ലാം നടന്നു കഴിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം ശരവേഗത്തിൽ ഉണർന്നു പ്രവർത്തിക്കുന്നത് രാജ്യം തിരിച്ചറിയുന്നു.കലാപ ശ്രമങ്ങളുടെ പേരിൽ തല്‍സമയറിപ്പോര്‍ട്ടിങ് നടത്തിയ മാധ്യമപ്രവർത്തകർക്കെതിരെ പോലും രാജ്യദ്രോഹക്കേസുകള്‍ എടുക്കാൻ തുടങ്ങി സര്‍ക്കാര്‍. പ്രതിഛായയുടെ കൂട്ടിക്കിഴിക്കലില്‍  രാഷ്ട്രീയം വിലയിരുത്തുന്നവര്‍ക്ക് റിപ്പബ്ലിക് ദിനത്തിലെ സംഭവവികാസങ്ങൾ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കാം.  പക്ഷേ കർഷകർക്ക് ഇത് ജീവന്മരണ സമരമാണ്.  നുഴഞ്ഞുകയറാൻ ശ്രമിച്ചവരോടോ ആസൂത്രിതമായി  സമരം എങ്ങനെയെങ്കിലും തകർക്കാൻ ശ്രമിക്കുന്നവരോടോ കർഷകർക്ക് തോറ്റു കൊടുക്കാൻ ആവില്ല.  ഗ്യാലറിയിലിരുന്നു സമരവും തലസ്ഥാനത്തെ തെരുവു യുദ്ധവും സംഘര്‍ഷവും  കാണുന്നവർക്ക് സമരത്തെ വിധിക്കാനും ആകില്ല. കാരണം  കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നത് നിയമങ്ങൾ ജീവിതം മാറ്റിമറിക്കുന്ന കർഷകരാണ്.  കാർഷിക നിയമങ്ങൾ  ഈ കർഷകരുടെ ഗുണത്തിനാണ് എന്ന് ആവർത്തിക്കുന്ന സർക്കാർ  ഡൽഹിയിലെ സമരഭൂമിയിൽ നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് കർഷകർക്ക് എന്തുകൊണ്ട് അത് സ്വീകാര്യമാകുന്നില്ല എന്ന ചോദ്യത്തിനു മറുപടി പറഞ്ഞേ പറ്റൂ.  സമരം എത്ര മാസം നീണ്ടാലും കർഷകർക്ക് ബോധ്യമാകാത്ത നിയമങ്ങള്‍  രാജ്യം അവര്‍ക്കുമേല്‍ അടിച്ചേൽപ്പിക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് മറുപടി കിട്ടിയേ പറ്റൂ.  

കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചത് അക്രമത്തിന്റെ പേരില്‍ പ്രതിരോധത്തിലായാല്‍ അതിവേഗം കർഷകസമരം വിഘടിക്കും എന്നാണ്. എന്നാൽ എന്നാൽ നടക്കുന്നത് മറ്റൊന്നാണ് ആണ്. ജനാധിപത്യ രാജ്യത്ത് അത് ഒരു സമരത്തെ ജനാധിപത്യം കൊണ്ട് മാത്രമേ നേരിടാനാവൂ എന്ന് മോദി ഭരണകൂടം പഠിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ വോട്ട് ചാര്‍ത്തിക്കഴിഞ്ഞാല്‍ പിന്നീട് ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ശബ്ദിക്കാന്‍ അവകാശമില്ലെന്ന രാഷ്ട്രീയശൈലി പുലര്‍ത്തിയവര്‍ക്കെല്ലാം ഇന്ത്യന്‍ ജനാധിപത്യം മറുപടി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് രാജ്യത്തിന് അന്നമൊരുക്കുന്നവരെ കൂടുതല്‍ പ്രതിസന്ധികളിലേക്കു തള്ളിവിടാതെ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രം മുന്‍കൈയെടുക്കുകയാണ് വേണ്ടത്.  

കര്‍ഷകസമരം നേരിടാന്‍ പണി പതിനെട്ടും പയറ്റിയിട്ടും ഫലിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന് സമരത്തിനു മേല്‍ പിടിമുറുക്കാന്‍ ഒരവസരം കിട്ടിയെന്നത് യാഥാര്‍ഥ്യം. ചില സംഘടനകളിലെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാനും റിപ്പബ്ലിക് ദിനത്തിലെ പ്രശ്നങ്ങള്‍ കൊണ്ടു സാധിച്ചു.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...