മാനുഷികമൂല്യങ്ങളാണ് ഏറ്റവും വലുത്; ബൈഡനും കമലയും തരുന്ന പ്രതീക്ഷകള്‍

biden
SHARE

അമേരിക്കന്‍ ജനത ഒരു വലിയ തെറ്റു തിരുത്തി. ജോ ബൈഡന്‍ അമേരിക്കയുടെ നാല്‍പത്തിയാറാമത്തെ പ്രസിഡന്റായി അധികാരമേറ്റു. ഈ തിരുത്ത്, പുതിയ തുടക്കം ലോകത്തിനും പ്രധാനമാണ്. അമേരിക്കയ്ക്ക് എന്ത് സംഭവിക്കും ? ലോകക്രമത്തില്‍ അമേരിക്കയ്ക്കും എന്തു സംഭവിക്കും എന്നീ രണ്ടു ചോദ്യങ്ങള്‍ക്കുത്തരങ്ങളേ‍ക്കാള്‍  പ്രധാനമായ ഒരു കാര്യം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.  മാനുഷികമൂല്യങ്ങളാണ് ഏറ്റവും വലുതെന്നു ലോകം വീണ്ടും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇനി മുന്നോട്ടെന്ത് എന്നത് ലോകം സൂക്ഷ്മമായി തീരുമാനിക്കേണ്ടതാണ്. 

അവിശ്വസനീയമായി ഒന്നുമില്ല എന്ന് അമേരിക്കയിലൂടെ ലോകം കണ്ട നാലു വർഷങ്ങൾക്കാണ് അവസാനമായത്.  അമേരിക്കയിലും ഇങ്ങനെ പെരുമാറുന്ന ഒരു ഭരണാധികാരി ഉണ്ടാകാം എന്ന് തുടക്കത്തിൽ ഉൾക്കൊള്ളാൻ ലോകം പ്രയാസപ്പെട്ടു പോയിരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെയും ഒരു ഭരണാധികാരി തിരഞ്ഞെടുക്കപ്പെട്ടേക്കാം എന്ന് വിശ്വസിക്കാനാകാതെ മനുഷ്യര്‍ നോക്കിനിന്നു. നാലുവർഷം ഏതെല്ലാം തരത്തിൽ അമേരിക്കയുടെ തല കുനിപ്പിക്കാമോ അതെല്ലാം ചെയ്തു കൂട്ടിയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പടിയിറങ്ങിയത്. പക്ഷേ അമേരിക്ക ആദ്യത്തെ അവസരത്തിൽ തന്നെ തെറ്റ് തിരുത്തി.  ജോ ബൈഡൻ  അമേരിക്കൻ പ്രസിഡണ്ടായി അധികാരമേറ്റപ്പോൾ ദീർഘനിശ്വാസമുതിര്‍ത്തത് ലോകമാണ്.

ഇത് ജനാധിപത്യത്തിന്റെ ദിവസമാണെന്ന് ജോ ബൈഡൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. അത് ലോകരാഷ്ട്രീയത്തിൽ അമേരിക്കയുടെ അധീശത്വ സ്വഭാവത്തെ എതിർക്കുന്നവർക്ക് പോലും പ്രത്യാശാജനകമായിരുന്നു. സത്യത്തില്‍ ശത്രുക്കള്‍ക്കു പോലും ഈ ഗതി വരുത്തരുത് എന്നൊരു സാമാന്യമനുഷ്യന്‍ ചിന്തിച്ചുപോകുന്ന അവസ്ഥയില്‍ നിന്നാണ് അമേരിക്കയില്‍ ഭരണമാറ്റമുണ്ടായത്. 

ബൈഡനും കമലയും ചുമലിൽ പേറുന്നത് അമേരിക്കയുടെ മാത്രം പ്രതീക്ഷകൾ അല്ല. ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനതയ്ക്ക് മേലും ജനാധിപത്യ ലോകത്തിനും അത്രമേൽ മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ട്. 

ഡോണൾഡ് ട്രപ് ലോകത്തെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  എല്ലാം തികഞ്ഞ ജനാധിപത്യം എന്ന അമേരിക്കയുടെ ആത്മവിശ്വാസം  ഒരു കുമിളയാണ് എന്ന് ലോകം കണ്ടു.  ഇത്രയും വിനാശകരമായ സാധ്യതകളും ജനാധിപത്യത്തിലുണ്ട് എന്ന് നമ്മളറിഞ്ഞു. ബൈഡൻ ഭരണകൂടത്തിന് തിരുത്തൽ തുടങ്ങേണ്ടി വരുന്നത് അടിത്തട്ടിൽ നിന്നു തന്നെയാണ്. കോവിഡിനെതിരെ മാസ്ക് നിര്‍ബന്ധമാക്കി തുടങ്ങേണ്ടിവരുന്ന ഒരു ഭരണാധികാരിക്കു മുന്നിലുള്ള വെല്ലുവിളികള്‍ അതുകൊണ്ടു തന്നെ വിലയിരുത്തലുകള്‍ക്കും അപ്പുറമാണ്

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി യിൽ നിന്ന് പോലും ഒരു പാഠവും ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല ജോ ബൈഡന്റെ  മുൻഗാമി. അവസാന നിമിഷം വരെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന ഡൊണാൾഡ് ട്രംപ് പുതിയ പ്രസിഡണ്ടിന്റെ സത്യപ്രതിജ്ഞയ്ക്കു കാത്തു നിൽക്കാതെ രാവിലെ തന്നെ വൈറ്റ്ഹൗസ് വിടുകയും ചെയ്തു. ഒപ്പം ക്യൂബ വെനസ്വേല തുടങ്ങിയ രാജ്യങ്ങൾക്കെതിരെ സാധ്യമായ രീതിയിലുള്ള  ഉള്ള എല്ലാ ഉപരോധങ്ങളും  പ്രഖ്യാപിച്ചാണ്  ആണ് ഇറങ്ങിയത്.  പുതിയ പ്രസിഡന്റിന് മുന്നില്‍  കഴിയുന്നത്ര പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു വയ്ക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് വ്യക്തം. പുതിയ ഭരണകൂടം തിരഞ്ഞെടുക്കപ്പെട്ട കഴിഞ്ഞാൽ സാധാരണ  അമേരിക്കയിൽ  നിലവിലുള്ള കാവൽ ഗവൺമെൻറ് വലിയ തീരുമാനങ്ങൾ എടുക്കാറില്ല . പക്ഷേ അവിടെയും വ്യത്യസ്തനായി  തീവ്ര വലതുപക്ഷ  ആഗ്രഹങ്ങളെല്ലാം നിറവേറ്റാൻ പ്രതിജ്ഞാബദ്ധനാണെന്ന് ട്രംപ് അവസാന നിമിഷം വരെ തെളിയിച്ചു.   വെനസ്വേലക്കെതിരായ ഉപരോധ നടപടികൾ  ഭരണം ഒഴിയുന്നതിനു തലേദിവസമാണ്    ഡൊണാൾഡ് ട്രംപ്  നടപ്പാക്കിയത്. 

അടിസ്ഥാന മര്യാദകൾ മുതല്‍ തിരിച്ചുകൊണ്ടുവരണം പുതിയ പ്രസിഡൻറ്.  അടിസ്ഥാന മനുഷ്യത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ് അമേരിക്കയില്‍ ആദ്യം സംഭവിക്കേണ്ടത് . 

പ്രസിഡന്റ് തന്നെ വംശീയ ചിന്തകളുടെയും പരസ്പര വിദ്വേഷത്തിന്റെയും വക്താവായിരുന്ന സങ്കീര്‍ണതയില്‍ നിന്ന്  അമേരിക്ക പാടു പെട്ടു പുറത്ത് കടക്കേണ്ടി വരും. ലോകപോലീസ് എന്ന വിമർശനങ്ങളിൽ നിന്ന് ഉത്തരവാദിത്ത ബോധം ഇല്ലാത്ത, തീർത്തും സ്വാർത്ഥമായ താല്പര്യങ്ങൾ മാത്രം  വെച്ചുപുലർത്തുന്ന രാജ്യം എന്ന പ്രതിച്ഛായ ആണ് ഡൊണാൾഡ് ട്രംപ് അമേരിക്കയ്ക്കു മേല്‍ അടിച്ചേല്‍പിച്ച സംഭാവന. അധികാരത്തിൽ എത്തിയ ആദ്യ ദിവസം തന്നെ  ബൈഡൻ  17 സുപ്രധാന ഉത്തരങ്ങളിൽ ഒപ്പുവച്ചു. പതിനേഴിന്റെയും പൊതുസ്വഭാവം  തിരുത്തൽ ആണ്. അതിൽ ഏറ്റവും പ്രധാനം സ്വന്തം രാജ്യത്തെ ജനങ്ങളെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് . ശാസ്ത്രീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത  നിലപാടുകളിലൂടെ അമേരിക്കയിലെ നാല് ലക്ഷത്തിലേറെ പേര് പേര് മരണത്തിനു വിട്ടുകൊടുത്ത മുന്‍ ഭരണകൂടത്തില്‍ നിന്ന് ദയവായി എല്ലാവരും മാസ്ക്ക് ധരിക്കൂ എന്ന് അപേക്ഷിക്കേണ്ടി വരുന്ന പ്രസിഡൻറ് ആണ് ബൈഡൻ.  ലോകാരോഗ്യസംഘടനയിലേക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് ഉടമ്പടിയിലേക്കും തിരിച്ചു വരാനുള്ള തീരുമാനവും ജോബ് ആദ്യദിവസം തന്നെ എടുക്കേണ്ടി വന്നു 17 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം വിലക്കിയ വംശീയ തീരുമാനവും ബൈഡന്  തിരുത്തേണ്ടിവന്നു . 

എന്തിലും ഏതിലും വിദ്വേഷം മാത്രം പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഭരണകൂടം മാറി പരസ്പര സഹകരണത്തിലും സാഹോദര്യത്തിലും ഊന്നുന്ന ഒരു പ്രസിഡൻറ് വരുന്നു എന്നതാണ് 

ലോകത്തിന്റെ പ്രതീക്ഷ . ലോകരാജ്യങ്ങളും യൂറോപ്യൻ യൂണിയനും എല്ലാം ബൈഡന്റെ വരവിനെ സ്വാഗതം ചെയ്തത്  ഈ പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണ്. പക്ഷേ പക്ഷേ ‍ഡോണള്‍ഡ്  ട്രംപ് മാത്രമാണ് മാറിയത്. ഇപ്പോഴും 74 ദശലക്ഷം അമേരിക്കക്കാരുടെ പിന്തുണയുള്ള ഉള്ള ട്രംപിസം രാജ്യത്ത് നിലനിൽക്കുമ്പോള്‍ ആഭ്യന്തരവെല്ലുവിളികള്‍ക്കു കനമേറുക തന്നെയാണ്. 

ട്രംപ് മാത്രമേ മാറിയിട്ട് ഉള്ളൂ. ട്രംപിസം അമേരിക്കയിൽ അതിൻറെ വേരുകളാഴ്ത്തി കഴിഞ്ഞു. അമേരിക്കൻ ജനതയിൽ 67% ആണ് ഈ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് .ഏറ്റവും കൂടുതൽ ജനകീയ വോട്ടുകൾ നേടുന്ന പ്രസിഡണ്ടായി ചരിത്രനേട്ടം ജോ ബൈഡന്  നൽകിയാണ് ജനത തിരുത്തല്‍ പ്രഖ്യാപിച്ചത്. 

പക്ഷേ അപ്പോഴും 81 ദശലക്ഷം വോട്ട് ലഭിച്ച ബൈ‍ഡന് എതിരെ ട്രംപിന്  74 ദശലക്ഷം വോട്ടുകൾ ലഭിച്ചു എന്നത് കാണാതെ പോകരുത്. ജോ ബൈഡന് ആ തീവ്ര യാഥാസ്ഥിതിക വലതുപക്ഷ വിഭാഗത്തെ അത്ര എളുപ്പത്തില്‍  കൈകാര്യം ചെയ്യാനാവില്ല.

 പ്രതിപക്ഷ ബഹുമാനമില്ലാത്ത,  വിമർശനങ്ങളോട് തരിപോലും സഹിഷ്ണുത ഇല്ലാത്ത,   മാനുഷിക രാഷ്ട്രീയ മൂല്യങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ഡൊണാൾഡ് ട്രംപിന്

വികസിത രാജ്യമായ അമേരിക്കയിൽ അത്രയും ആരാധകരുണ്ട് എന്നതിനർത്ഥം അന്തർലീനമായ വെല്ലുവിളിയുടെ വലിപ്പം അത്രമേൽ വലുതാണ് എന്ന് തന്നെയാണ്. ആഭ്യന്തരവെല്ലുവിളികളില്‍ കേന്ദ്രീകരിക്കുകയാണ് ജോ ബൈഡന്റെയും കമല ഹാരിസിന്റെയും ആദ്യപരിഗണന. പ്രസിഡന്റിന്റെ ആദ്യവിദേശയാത്ര പോലും ജൂണില്‍ ഇംഗ്ലണ്ടിലേക്കാണ്. എങ്കിലും വിദേശനയത്തിലും കാതലായ നല്ല മാറ്റങ്ങള്‍ ബൈഡന്‍ ഭരണകൂടത്തില്‍ നിന്ന് നിരീക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. ഇറാനുമായി ബന്ധം മെച്ചപ്പെട്ടേക്കാം. ചൈനയുമായി പോലും ട്രംപിന്റേതു പോലെ കര്‍ക്കശനിലപാടായിരിക്കില്ല സ്വീകരിക്കുകയെന്നും വിലയിരുത്തപ്പെടുന്നു. ശത്രുതാപരമായ സമീപനം വേണമെന്നില്ല എന്നൊരു നിലപാട് ബൈഡന്‍ സ്വീകരിച്ചാല്‍ അത് ഇന്ത്യയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന പരിഗണനയെ ബാധിക്കുമോയെന്ന സംശയമുയര്‍ന്നേക്കാം. എന്തായാലും നമ്മുടെ രാജ്യവും അമേരിക്കയുമായുള്ള നയതന്ത്രബന്ധം ട്രംപിന്റെ കാലത്തും ഒബാമയുടെ കാലത്തും ഊഷ്മളമായിരുന്നു. 

എങ്കിലും ഡെമോക്രാറ്റുകള്‍ പൊതുവേ മനുഷ്യാവകാശലംഘനങ്ങള്‍ അവഗണിക്കുന്നവരല്ല. കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളില്‍, പൗരത്വനിയമഭേദഗതി സമരങ്ങളില്‍, ഇപ്പോള്‍ നടക്കുന്ന കര്‍ഷകസമരത്തില്‍ വരെ നീതിയുടെ പക്ഷത്തുനിന്നുള്ള അഭിപ്രായങ്ങള്‍ ഡെമോക്രാറ്റിക് രാഷ്ട്രീയത്തില്‍ ഉയര്‍ന്നു കേട്ടിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്കയെന്നല്ല, മറ്റൊരു കക്ഷിയുടെയും ഇടപെടല്‍ അംഗീകരിക്കാനാകില്ല. പക്ഷേ സ്വാധീനിക്കപ്പെടാവുന്ന പുരോഗമനപരമായ നിലപാടുകള്‍ ഉള്ള ഒരു ഭരണകൂടത്തിന്റെ സാന്നിധ്യം ലോകരാഷ്ട്രീയത്തിലാകെ സ്വാധീനമുണ്ടാക്കിയേക്കാം. ജനാധിപത്യത്തിനും തെറ്റു പറ്റാമെന്നും തെറ്റുപറ്റിയാല്‍ അതു തിരുത്തുക മാത്രമാണ് പോംവഴിയെന്നും ഏതു ജനാധിപത്യജനതയ്ക്കും പ്രേരണയാകാന്‍ പോന്ന ഒരു തിരുത്തല്‍ ബൈഡന്‍ ഭരണകൂടത്തില്‍ നിന്നുണ്ടാകേണ്ടതുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...