ശുഭസൂചകങ്ങളായ തുടക്കങ്ങള്‍; മുന്നണികളെ വിലയിരുത്തുന്ന വോട്ടറാകാം

PVA1_New
SHARE

ബജറ്റ് അവതരണം കൂടി കഴിഞ്ഞതോടെ കേരളം നേര്‍ക്കുനേര്‍ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ അരങ്ങിലേക്കുണര്‍ന്നു കഴിഞ്ഞു. ബാലറ്റ് ബജറ്റ് എന്നും ബഡായി ബജറ്റെന്നും പ്രതിപക്ഷം ബജറ്റിനെ ആക്ഷേപിക്കുമ്പോള്‍ ഇതാണ് ഞങ്ങളുടെ പ്രകടനപത്രിക എന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. മുന്നണികള്‍ സീറ്റ് വിഭജനത്തിലേക്കും പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്കും കടക്കുമ്പോള്‍ അടുത്ത അഞ്ചുവര്‍ഷത്തെ ഭരണസാരഥികളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തായിരിക്കും?

കാലാവധി പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാര്‍ അടുത്ത അഞ്ചുവര്‍ഷം എന്തു ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന പ്രഖ്യാപനമാണ് ബജറ്റില്‍ നടത്തിയത്. അധികനികുതികളുടെ പേരില്‍ അമിതഭാരം ആര്‍ക്കുമില്ല. എല്ലാ വിഭാഗങ്ങളെയും സ്പര്‍ശിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യവികസനത്തിനും ഊന്നല്‍ പരമാവധി. ഉന്നതവിദ്യാഭ്യാസത്തിനും ആരോഗ്യമേഖലകള്‍ക്കും ഊന്നലുണ്ട്. ഒപ്പം മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേരളത്തെ പരുവപ്പെടുത്തി സജ്ജമാക്കുമെന്നും ബജറ്റില്‍ ഡോ.തോമസ് ഐസക്ക് പ്രഖ്യാപിച്ചിരിക്കുന്നു. 

എന്നാല്‍ ഒരു പ്രസക്തിയുമില്ലാത്ത ബഡായി ബജറ്റാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. കഴിഞ്ഞ ബജറ്റുകളില്‍ നൂറുകണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിച്ച ധനമന്ത്രി വീണ്ടും വഞ്ചനയുമായി എത്തിയിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ സര്‍ക്കാരിന് ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കാവുന്ന വാഗ്ദാനങ്ങള്‍ എന്നതിനപ്പുറം ഈ ബജറ്റിന് പ്രസക്തിയില്ല. വീണ്ടും അധികാരത്തില്‍ വന്നാല്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഈ ബജറ്റിലെ നിര്‍ദേശങ്ങളായിരിക്കും പുതിയ ബജറ്റിന് അടിത്തറ തീര്‍ക്കുകയെന്നും ധനമന്ത്രി പറയുന്നു. മറുവശത്ത് ദരിദ്രര്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പു നല്‍കുന്ന ന്യായ് പദ്ധതിയുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. ഈ ബജറ്റിന് ഇനിയെന്തു പ്രാധാന്യം  എന്നതിനേക്കാള്‍ പ്രധാനം ഇരുമുന്നണികളും കൃത്യമായ സാമ്പത്തികനയസമീപനങ്ങള്‍ തിരഞ്ഞെടുപ്പിനു മുന്‍പ് അവതരിപ്പിക്കുന്നുണ്ടോ എന്നതാണ്. 

ബജറ്റിനെക്കുറിച്ച് ഭരണപക്ഷത്തിന് അവകാശവാദങ്ങളേറെയുണ്ട്, പ്രതിപക്ഷത്തിന് അത്ര തന്നെ വിമര്‍ശനങ്ങളുമുണ്ട്. പക്ഷേ പ്രതിപക്ഷവും ഇത്തവണ കൃത്യമായ പദ്ധതി വാഗ്ദാനങ്ങളോടെ തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് എന്ന് പ്രഖ്യാപനം വന്നു കഴിഞ്ഞതാണ്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് യു.ഡി.എഫ് പ്രകടനപത്രികയില്‍ ഇടം പിടിക്കുന്ന ഏറ്റവും പ്രധാന വാഗ്ദാനം. ലോക്സഭാതിരഞ്ഞെടുപ്പ് ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയാണ് ന്യായ് പദ്ധതി മുന്നോട്ടു വച്ചത്. പൊതുതിരഞ്ഞെടുപ്പ് വേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും വോട്ടില്‍ നേട്ടമുണ്ടാക്കാന്‍ ന്യായ് പദ്ധതിക്കു കഴിഞ്ഞില്ല. എന്നാല്‍ കേരളത്തില്‍ ഭരണത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രധാന വാഗ്ദാനം. 

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം ആറായിരം രൂപ വരുമാനം ഉറപ്പാക്കുമെന്നാണ് ന്യായ് പദ്ധതിയുടെ വാഗ്ദാനം. ഒപ്പം സംശുദ്ധം സദ്ഭരണം എന്നതാണ് യു.ഡി.എഫ് ജനങ്ങള്‍ക്കു നല്‍കുന്ന ഉറപ്പ്. പൊതുജനങ്ങളുടെ  നിര്‍ദേശങ്ങള്‍ കൂടി സമാഹരിച്ച ശേഷമാണ് അന്തിമ പ്രകടനപത്രികയ്ക്ക് രൂപം നല്‍കുക.

തിരഞ്ഞെടുപ്പില്‍ പ്രകടനപത്രികകള്‍ക്ക് വിശ്വാസ്യതയും പ്രാധാന്യവും കൈവരുന്നത് വളരെ നല്ല കാര്യമാണ്. ജനങ്ങള്‍ക്ക് ഭരണനിര്‍വഹണം വിലയിരുത്താനും കൃത്യമായി പ്രതികരിക്കാനുമുള്ള അവസരം മൂര്‍ത്തമായ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ നിന്നു ലഭിക്കും. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ബജറ്റിലൂടെയും കരട് പത്രികയിലൂടെയും എല്‍.ഡി.എഫും. യു.ഡി.എഫും മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങളില്‍ സമാനതകള്‍ ഏറെയില്ലേ? അപ്പോള്‍ ജനങ്ങള്‍ ഏതില്‍ നിന്ന് തിരഞ്ഞെടുക്കും? 

തൊഴിലിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്നതാണ് ഇടതുമുന്നണിസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍. സര്‍ക്കാരിന്റെ കൈത്താങ്ങ്, നിക്ഷേപം, തൊഴില്‍, കരുതല്‍ എന്നിവയ്ക്ക് പ്രധാന്യമെന്നാണ് യു.ഡി.എഫിന്റെ കരട് പത്രിക. പക്ഷേ  വിശദാംശങ്ങളിലും നയസമീപനങ്ങളിലും ഇരുമുന്നണികളും തമ്മിലുള്ള വ്യത്യാസം കേരളത്തിനു വിലയിരുത്താം. 

പ്രകടനപത്രികയും പ്രഖ്യാപനങ്ങളും ഇതുവരെ ഓരോ മുന്നണിയും കൈകാര്യം ചെയ്തുപോന്ന രീതിയും ഈ ഘട്ടത്തില്‍ വിശകലനത്തിനു വരേണ്ടതുണ്ട്. കേരളത്തിന്റെ അടുത്ത അഞ്ചുവര്‍ഷം ഓരോ മുന്നണിയും വിഭാവനം ചെയ്യുന്നതെങ്ങനെ, അതില്‍ എത്ര മാത്രം കൃത്യതയും വ്യക്തതയും പ്രായോഗികതയും ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കി തന്നെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. 

നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതാര് എന്നതും ജനങ്ങളെ ചിന്തിപ്പിക്കും. തുല്യാവസരങ്ങളും ലിംഗനീതിയും സാമൂഹികപരിഗണനയുമെല്ലാം സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മാത്രമല്ല ഭരണത്തിലും പ്രതിഫലിക്കേണ്ട നിലപാടുകളാണ്. അതുകൊണ്ട് സ്ഥാനാര്‍ഥിയാര്, നിലപാടെന്ത്? സാമ്പത്തികനയമെന്ത്, മുന്നണിയുടെ രാഷ്ട്രീയസമീപനമെന്ത് എന്നീ ചോദ്യങ്ങളിലൂടെ തന്നെയാണ് കേരളത്തിലെ വോട്ടര്‍മാര്‍ തീരുമാനത്തിലേക്കു കടന്നു പോകേണ്ടത്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...