വാളയാറില്‍ ഉച്ചത്തില്‍ മുഴങ്ങുന്ന ചോദ്യം; വീഴ്ച തിരുത്തുമോ..?

parayathe-valayar
SHARE

നീതിന്യായചരിത്രത്തില്‍ കേരളത്തിന് അപമാനം സൃഷ്ടിച്ച വാളയാര്‍ കേസില്‍ തിരുത്തലിനു കോടതി ഒരു അവസരം മുന്നോട്ടു വച്ചിരിക്കുന്നു. വാളയാറിലെ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പോക്‌സോ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി പുനര്‍വിചാരണയ്ക്കും ഉത്തരവിട്ടു. പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കുക മാത്രമല്ല, അന്വേഷണത്തിലും പോക്‌സോ കോടതിയിലുമുണ്ടായ വീഴ്ചകളും കോടതി എണ്ണിപ്പറഞ്ഞു. 

ഈ അമ്മയുടെ ഒരു ചോദ്യത്തിനും കേരളത്തിനു മറുപടിയുണ്ടായിരുന്നില്ല. കുറ്റബോധത്താല്‍ ശിരസ് നിലംതൊടുന്ന അവസ്ഥയിലായിരുന്നു വാളയാര്‍ കേസില്‍ കേരളം.  ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും പെണ്‍കുഞ്ഞുങ്ങള്‍ ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെടുമ്പോള്‍ അതിശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയ കേരളം വാളയാര്‍ കേസില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കു നേരിട്ട ഒഴിവാക്കാന്‍ കഴിയുമായിരുന്ന ദുരന്തത്തിനു മുന്നില്‍ കുറ്റക്കാരെ തേടി പതറി. അന്വേഷണത്തില്‍ തുടങ്ങിയ വീഴ്ചകള്‍ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഘട്ടത്തില്‍ പോലും തിരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിഞ്ഞില്ല. പ്രോസിക്യൂഷനും കോടതിക്കും വരെ പോക്‌സോ കേസിനു നല്‍കേണ്ട പരിഗണനയില്‍ വീഴ്ച വന്നതോടെ ഒരിക്കലും മായ്ക്കാനാകാത്ത കളങ്കമായി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു കൊണ്ട് വിചാരണാകോടതി വിധി വന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയൊഴികെ നാലു പ്രതികള്‍ക്കെതിരെ ആറു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ ലൈംഗികാതിക്രമങ്ങളില്‍ മനംനൊന്താണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടി കോടതി തള്ളി. തുടര്‍ന്ന് നാടാകെ അതിശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പെണ്‍കുട്ടികളുടെ അമ്മയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

വാളയാര്‍ കേസിന്‍റെ ഓരോ ഘട്ടത്തിലുമുണ്ടായ വീഴ്ചകള്‍ ഹൈക്കോടതി എണ്ണിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ ആ വീഴ്ചകള്‍ എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിനുത്തരം കണ്ടെത്തേണ്ടത് സംസ്ഥാനസര്ക്കാരാണ്. സര്‍ക്കാരിന്‌റെ നിയമസംവിധാനങ്ങള്‍ ഒന്നാകെ പരാജയപ്പെടുകയും അടിസ്ഥാന നിയമനടപടികള്‍ പോലും അട്ടിമറിക്കപ്പെടുകയും ചെയ്തത് എങ്ങനെയാണ്. കുറ്റകൃത്യത്തോളം തന്നെ ക്രൂരമായ നീതിനിഷേധത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ എന്തു നടപടിയാണ് അര്‍ഹിക്കുന്നത്. സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിച്ചുവെന്ന് അപ്പീല്‍ ചൂണ്ടിക്കാട്ടി അവകാശ വാദങ്ങള്‍ ഉയരുമ്പോള്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ചോദ്യം ഉച്ചത്തില്‍ മുഴങ്ങി തന്നെ അവശേഷിക്കുകയാണ്. 

വാളയാറിലെ മൂത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത് കൃത്യം നാലു വര്‍ഷം മുന്‍പ് ജനുവരി 13നാണ്. 52ാം ദിവസം രണ്ടാമത്തെ പെണ്‍കുട്ടിയെയും ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നു തന്നെ ആദ്യകേസില്‍ പൊലീസിന്‌റെ വീഴ്ചകള്‍ പുറത്തു വന്നിരുന്നെങ്കിലും നടപടി എസ്.ഐയ്ക്ക് ആറു മാസം സസ്‌പെന്‍ഷന്‍ എന്നതില്‍ ഒതുങ്ങി. ഇതേ എസ്.ഐയ്ക്കും പിന്നീട് അന്വേഷണം നേതൃത്വം നല്‍കിയ ഡി.വൈ.എസ്.പിയ്ക്കും പിന്നീട് സ്ഥാനക്കയറ്റവും ലഭിച്ചു. ഡി.വൈ.എസ്.പി, ഐ.പി.എസിനുള്ള ശുപാര്‍ശപട്ടികയിലും ഇടം പിടിച്ചു. 

വാളയാര്‍ കേസില്‍ പൊലീസിന്‌റെയും പ്രോസിക്യൂഷന്‌റെയും ഭാഗത്തുണ്ടായ വീഴ്ച അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് പി.കെ. ഹനീഫ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്‌റെ പക്കല്‍ ഭദ്രമായിരിപ്പുണ്ട്. ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്മിഷനും ഹൈക്കോടതി വിധിക്കു സമാനമായി എസ്.ഐയുടെ വീഴ്ചകള്‍ മാത്രമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രാരംഭ അന്വേഷണത്തില ഗുരുതര പാളിച്ച മൂലമാണ് ശാസ്ത്രീയ തെളിവുകള്‍ നഷ്ടമായത് എന്നത് വസ്തുതയാണ്. എന്നാല്‍ രണ്ടാമത്തെ പെണ്‍കുട്ടി മരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള രണ്ടാംസംഘം അന്വേഷണം തുടങ്ങിയതാണ്. എന്നിട്ടും വീഴ്ചകള്‍ എസ്.ഐയില്‍ മാത്രം ഒതുങ്ങുന്നതെങ്ങനെ എന്ന ചോദ്ത്തിന് ഹൈക്കോടതിയോ കമ്മിഷനോ മറുപടി കണ്ടെത്തിയിട്ടില്ല. കോടതി വിധി വന്ന സ്ഥിതിക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്ന്  സര്‍ക്കാര്‍പ്രഖ്യാപിച്ചി്ട്ടുണ്ട്. 

വാളയാറില്‍ രണ്ടു മക്കളെ നഷ്ടപ്പെട്ട അമ്മ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. സ്വാഭാവികമായി കിട്ടേണ്ട നീതിയായിരുന്നില്ലേ .കഠിനമായ സമരങ്ങളും കടുത്ത പ്രതിഷേധവും വേണ്ടിവന്നതെന്തുകൊണ്ടാണ് . ഇനി ഒരമ്മയ്ക്കും ഒരു കുരുന്നിനും ഈ ദുരവസ്ഥയുണ്ടാകാതിരിക്കാന്‍ വാളയാര്‍ എന്തു പാഠം പഠിപ്പിക്കണം. ഈ ആശങ്കകള്‍ക്ക് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്ന ചില പരിഹാരനടപടികള്‍ മറുപടിയാകണം. വീഴചയില്ലാത്ത സംവിധാനങ്ങള്‍ കുട്ടികള്‍ക്കെതിരായ അതിക്രമക്കേസുകളില്‍ ഇനി ഉറപ്പുണ്ടാകണം. 

വാളയാര്‍കേസിനു മുന്‍പും ശേഷവും ഒട്ടേറെ പോക്‌സോ കേസുകളില്‍ കണ്‍മുന്നില്‍ സംഭവിക്കുന്ന വീഴ്ച കേരളം കണ്ടു കൊണ്ടേയിരിക്കുകയാണ്. അത് സംഭവിക്കാതിരിക്കാനുണ്ടാകേണ്ട ജാഗ്രതയും മാതൃകാനടപടിക്രമങ്ങളും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. സാക്ഷികള്‍ വിചാരണക്കിടെ മൊഴികള്‍ മാറ്റിപ്പറഞ്ഞപ്പോള്‍ ക്രോസ് വിസ്താരം നടത്താന്‍ പ്രോസിക്യൂഷന്‍ തയാറായില്ല. തെളിവുകള്‍ കോടതിയില്‍ ബോധ്യപ്പെടുത്താനും പ്രോസിക്യൂഷന്‍ ജാഗ്രത കാണിച്ചില്ല. പ്രോസിക്യൂഷന്‍ മാത്രമല്ല, കോടതിയും ഇത്തരം കേസുകളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.സുപ്രധാനമായ മൊഴികള്‍ പോലും കോടതി അവഗണിച്ചു. അപ്രധാന വസ്തുതകള്‍ പരിഗണിച്ചു. ഒരു പോക്‌സോ കേസില്‍ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസിന് പ്രത്യേക പരിശീലനം നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുന്നു. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോസ്ഥര്‍ ഉന്നത നീതിബോധവും പ്രത്യേക പരിശീലനവും സിദ്ധിച്ചവരായിരിക്കണം. പോക്സോ നിയമത്തിന്റെ പ്രത്യേതകകളും ശാസ്ത്രീയതെളിവുശേഖരണത്തിന്റെ പ്രാധാന്യവും കണക്കിലെടുക്കണം. അതിനേക്കാള്‍ പ്രധാനമായി അതിക്രമത്തിനിരയാകുന്ന കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വൈകാരികാവസ്ഥകള്‍ ഉള്‍ക്കൊണ്ട് ഇടപെടുന്നവരായിരിക്കണം. നീതി ഉറപ്പു വരുത്തുക എന്നതിനാണ് പ്രോസിക്യൂഷനും പരിശ്രമിക്കേണ്ടത്. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന ന്യായാധിപന്‍മാരുടെ കര്‍ത്തവ്യം നീതി ഉറപ്പു വരുത്തുകയെന്നതാണ് എന്ന് കോടതി ഓര്‍മിപ്പിക്കുന്നു. തെളിവുകളുടെ അഭാവം അനുഭവപ്പെട്ടാല്‍ സത്യം പുറത്തുകൊണ്ടുവരുന്നതിനുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ന്യായാധിപര്‍ക്കും ബാധ്യതയുണ്ട്. ഇതെല്ലാം സമൂഹത്തിനറിയാവുന്ന കാര്യങ്ങളാണ്. പക്ഷേ ഹൈക്കോടതി വേണ്ടിവന്നു നിയമസംവിധാനങ്ങളെ ഇതോര്‍മിപ്പിക്കാന്‍. 

ഈ നിര്‍ദേശങ്ങളെല്ലാം  പാലിക്കപ്പെട്ടാല്‍ മാത്രമേ വാളയാര്‍ കേസിലും നീതിയാകൂ. ഇപ്പോഴുണ്ടായത് നീതിയല്ല, നീതിയിലേക്കുള്ള വഴി തുറക്കപ്പെടുക മാത്രമാണുണ്ടായത്. വാളയാര്‍കേസിന്റെ കാര്യത്തില്‍  സര്‍ക്കാര്‍ ഇടപെട്ട് നീതി ഉറപ്പാക്കിയെന്ന് വിജയം അവകാശപ്പെടരുത്. അനീതിയും അനൗചിത്യവുമാണത്. കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച ഈ സര്‍ക്കാരിന്‍റെ കാലത്തു തന്നെയാണ് വാളയാര്‍കേസിലുണ്ടായത്. അതിന്‌റെ പേരില്‍ ആ കുടുംബത്തിന് തെരുവില്‍ സമരത്തിനിറങ്ങേണ്ടി വന്നു. പാഠമാകണം വാളയാര്‍. കുരുന്നുകള്‍ക്കു നേരെ ഉയരുന്ന ഓരോ കൈയ്ക്കും താക്കീതാകുന്ന മാതൃകാപരമായ വിധി ഉറപ്പിക്കുമ്പോള്‍ മാത്രമേ വാളയാര്‍ കേസില്‍ നീതിയാകൂ. അപ്പോള്‍ പോലും അത് പ്രായശ്ചിത്തമേ ആകുന്നുള്ളൂ എന്ന് നമ്മള്‍ മറക്കരുത്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...