മുന്നണികള്‍ക്ക് മുന്നിലെ തുറന്ന പാഠങ്ങള്‍; എളുപ്പമല്ല ആര്‍‌ക്കും ഈ കടമ്പ

parayathe-election
SHARE

വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്യേണ്ടതെന്താണ്? എന്തായിരിക്കണം കേരളത്തിന്റെ തിരഞ്ഞെടുപ്പു വിഷയം? മുന്നണികളും തിരഞ്ഞെടുപ്പു കമ്മിഷനും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍  ഊര്‍ജിതമായി മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്താണ്? തിരഞ്ഞെടുക്കേണ്ടതെങ്ങനെയാണ്? ഏപ്രില്‍ ആദ്യവാരം തന്നെ തിരഞ്ഞെടുപ്പ് എത്തിയേക്കും എന്നു റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ആര്‍ക്കും അത്ര എളുപ്പമുള്ള കടമ്പയല്ല മുന്നിലുള്ളത് എന്നാണ് പൊതുചിത്രം. 

നിയമസഭാതിരഞ്ഞെടുപ്പിലേക്ക് കേരളം ചുവടു വയ്ക്കുമ്പോള്‍ ഇതാണ് രാഷ്ട്രീയചിത്രം. പ്രതിപക്ഷം തിരുത്തി കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുന്നു. അതിവേഗം തന്ത്രങ്ങള്‍ പുനരാവിഷ്കരിക്കുന്നു എന്നു പ്രഖ്യാപിക്കുന്നു. ഭരണപക്ഷം കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകുമെന്നാണ് പ്രഖ്യാപനം. സംഘടനാതലത്തില്‍ മുന്‍തൂക്കം ഇടതുപക്ഷത്തിനുണ്ട്. പ്രവര്‍ത്തനങ്ങളും സജീവമായി മുന്നോട്ടു പോയിക്കഴിഞ്ഞു. പക്ഷേ സംഘടനാബലം കൊണ്ട് അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന ലോക്സഭാതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഓര്‍മയാണ് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം. 

എന്‍.സി.പി.യുടെ ചാഞ്ചാട്ടമാണ് യു.‍ഡി.എഫിന്റെ പ്രതീക്ഷ. പി.സി.ജോര്‍ജും വന്നേക്കുമെന്നു യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വ്യക്തികളില്‍ കേന്ദ്രീകരിക്കുന്ന പാര്‍ട്ടികളെ സ്വീകരിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എയില്‍ നിന്നകന്ന പി.സി.തോമസും യു.ഡി.എഫ് ക്യാമ്പിലേക്കെന്നു വാര്‍ത്തകളുണ്ടെങ്കിലും തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പ്രതിപക്ഷം ആദ്യം തിരിച്ചുപിടിക്കേണ്ടത് ആത്മവിശ്വാസമാണ്. സ്വര്‍ണക്കടത്ത് ഡോളര്‍ കടത്ത് കേസുകളില്‍ രാഷ്ട്രീയാരോപണങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും അമിതമായി ആശ്രയിക്കുന്നത് ദോഷം ചെയ്യുമെന്ന് തദ്ദേശപാഠം. വിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ അഭാവം പ്രതിപക്ഷം തിരിച്ചറിയണം. 

സ്വര്‍ണക്കടത്തു കേസില്‍ ഈയാഴ്ച എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സ്വപ്നസുരേഷ്, സരിത്ത്, റമീസ് എന്നിവര്‍ക്കെതിരെയാണ് ആദ്യഘട്ടകുറ്റപത്രം. കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായര്‍ മാപ്പുസാക്ഷിയാണ്. 20 പ്രതികള്‍ക്കെതിരെയാണ് എന്‍.ഐ.എ കുറ്റപത്രം. ആകെ 35 പ്രതികളുള്ള കേസില്‍ 21 പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഇപ്പോഴും വിദേശത്താണ്. ആദ്യ അറസ്റ്റ് നടന്ന് ആറുമാസത്തിനുള്ളിലാണ് കുറ്റപത്രം. UAPA ചുമത്തിയ പ്രതികള്‍ക്ക് സ്വാഭാവികജാമ്യം ലഭിക്കാതിരിക്കാന്‍ 180 ദിവസം തികയും മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തിലൂടെ പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നതാണ്  എന്‍.ഐ.എയുടെ പ്രധാന കണ്ടെത്തല്‍. രാജ്യത്തിന്റെ സുരക്ഷയും കെട്ടുറപ്പും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിച്ചതുകൊണ്ട് യു.എ.പി.എ നിലനില്‍ക്കുമെന്നാണ് വാദം. അനുബന്ധ കുറ്റപത്രമുണ്ടാകുമെന്ന് എന്‍.ഐ.എ വിശദീകരിക്കുന്നുണ്ടെങ്കിലും എം.ശിവശങ്കര്‍ ഇപ്പോള്‍ കേസില്‍ പ്രതിയല്ല എന്നത് പ്രധാനമാണ്.  സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന മററ് രണ്ട് ഏജന്‍സികളും എം.ശിവശങ്കറാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാരോപിക്കുമ്പോള്‍ ആദ്യം അന്വേഷണം തുടങ്ങിയ എന്‍.ഐ.എ ഇതുവരെ എം.ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി പോലും കണ്ടെത്തിയിട്ടില്ല. ഇ.ഡി. ശിവശങ്കറിനെതിരെ കോടതിയില്‍ കുറ്റപത്രം വരെ സമര്‍പ്പിച്ചു കഴിഞ്ഞതാണ്. എം.ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം തികയുന്നതിനു മുന്‍പാണ് ഇ.ഡി.രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ച് കൂടുതല്‍ തെളിവുകളും കൂട്ടിച്ചേര്‍ത്തത്. ഇ.ഡി. കുറ്റപത്രപ്രകാരം സ്വര്‍ണക്കടത്തിലൂടെ ശിവശങ്കര്‍ വലിയ സമ്പാദ്യമുണ്ടാക്കിയെന്നും ആരോപിക്കുന്നുണ്ട്. ഈ സമ്പാദ്യം കൈകാര്യം ചെയ്യാന്‍ സ്വപ്ന സുരേഷിനെ നിയോഗിച്ചു. സ്വര്‍ണക്കടത്ത് സംഘത്തിന് ശിവശങ്കര്‍ എല്ലാ സഹായവും നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്നയുടെ ലോക്കറില്‍ നിന്നു കണ്ടെടുത്ത ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും ശിവശങ്കറിന്റേതാണെന്നും ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നു. 

സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെതിരായ തെളിവുകള്‍ ഇ.ഡിയും ഇതുവരെ പുറത്തു വിട്ടിട്ടില്ല. പക്ഷേ മുദ്രവച്ച കവറിലെ വിവരങ്ങളില്‍ നിന്ന് ശിവശങ്കറിന്റെ പങ്കാളിത്തം ബോധ്യമായതായി കോടതി സാക്ഷ്യപ്പെടുത്തിയത് കേരളത്തിനു മുന്നിലുണ്ട്. ഒരേ കേസില്‍ കേന്ദ്ര അന്വേഷണഏജന്‍സികള്‍ പരസ്പരവിരുദ്ധമായ നിഗമനങ്ങളില്‍ എത്തുന്നതെങ്ങനെയെന്ന ചോദ്യം പരിഗണിക്കേണ്ടതാണ്.  കുറ്റപത്രങ്ങള്‍ ഇനിയും വരാനിരിക്കുന്നു എന്നാണ് വിശദീകരണമെങ്കില്‍ സ്വാഭാവികമായ കണ്ടെത്തലുകളിലൂടെയല്ലേ അന്വേഷണം മുന്നോട്ടു പോകുന്നത് എന്ന ചോദ്യം അപ്രസക്തമാവില്ല. സ്വര്‍ണക്കടത്തു കേസില്‍ നിന്ന് ഡോളര്‍ കടത്തു കേസിലേക്ക് കേന്ദ്ര ഏജന്‍സികള്‍ ശ്രദ്ധ ക്ഷണിക്കുമ്പോള്‍ കേസിന്റെ രാഷ്ട്രീയവഴികള്‍ പ്രതിപക്ഷമെങ്കിലും ഒന്നു വിലയിരുത്തുന്നത് നല്ലതാണ്.

ഡോളര്‍ കടത്തു കേസില്‍ പുറത്തുവന്നിട്ടുള്ള മൊഴിയിലെ സൂചനകള്‍ ഗുരുതരമാണ്. സ്പീക്കര്‍ക്കെതിരെ ഗൗരവമേറിയ ആരോപണങ്ങളാണ് അന്വേഷണഏജന്‍സി മുന്നോട്ടു വയ്ക്കുന്നത്. പക്ഷേ ഔദ്യോഗികസ്ഥിരീകരണമായിട്ടില്ല. സ്ഥിരീകരിക്കും വരെ അന്വേഷണഏജന്‍സികള്‍ക്കു പിന്നാലെ പോകാതിരിക്കുന്നതാണ് പ്രതിപക്ഷത്തിനും നല്ലത് എന്നാണ് അനുഭവം. 

ഇത്രയും ആത്മവിശ്വാസമുണ്ടായിട്ടും സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ നേരെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ അയയ്ക്കാതെ സഭയുടെ അവകാശങ്ങള്‍ ഉയര്‍ത്തി പ്രതിരോധിച്ചതെന്തിന് എന്നത് വേറൊരു ചോദ്യം. എന്തായാലും അസി.പ്രൈവറ്റ് സെക്രട്ടറി ഹാജരായി ചോദ്യങ്ങള്‍ക്കു മറുപടി കൊടുത്തു കഴിഞ്ഞു. അന്വേഷണം മുന്നോട്ടു പോകണം. ആരോപണങ്ങളുടെ സത്യാവസ്ഥ കേരളത്തിനറിയണം. കേന്ദ്ര അന്വേഷണഏജന്‍സികള്‍ക്ക് ആരെയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താന്‍ അധികാരമുണ്ട്. ആ അധികാരം വിനിയോഗിക്കുന്നത് എത്ര സൂക്ഷ്മതയോടെയും കരുതലോടെയുമാണെന്ന് സമൂഹവും നിരീക്ഷിക്കണം. എന്തായാലും ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വച്ച് സ്വര്‍ണക്കടത്തിനെ തിരഞ്ഞെടുപ്പു വിഷയമാക്കുന്നതുകൊണ്ട് പ്രതിപക്ഷത്തിനു വലിയ നേട്ടം പ്രതീക്ഷിക്കാനില്ല. അതിനപ്പുറം അഞ്ചുവര്‍ഷത്തെ ജനജീവിതം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണം. ഭരണനേട്ടങ്ങളുടെ പട്ടികയും പ്രതിസന്ധിഘട്ടത്തിലെ നേതൃത്വ അനുഭവങ്ങളും പറഞ്ഞ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നു. പ്രതിരോധിക്കാന്‍ എന്താണ് പദ്ധതിയെന്ന ചോദ്യത്തിന് പ്രതിപക്ഷം ഇനിയും വ്യക്തമായ  ഉത്തരം കണ്ടെത്തണം. 

പ്രതിപക്ഷത്ത് നല്ല ചില ലക്ഷണങ്ങള്‍ തിരുത്തല്‍ വാര്‍ത്തകളില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. നല്ല ജനാധിപത്യത്തിന് കരുത്തേറിയ പ്രതിപക്ഷം അനിവാര്യമാണ്. പക്ഷേ വീണ്ടും മതാധ്യക്ഷന്‍മാരിലും സാമുദായിക നേതാക്കളിലും മാത്രം പ്രതീക്ഷയര്‍പ്പിച്ച് യഥാര്‍ഥ വോട്ടര്‍മാരെ മറന്നു പോകരുത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ തന്നെയാണ് അധിപന്‍മാര്‍. ജനമനസിലേക്ക് കുറുക്കുവഴികളില്ല. നിയമസഭാതിര‍ഞ്ഞെടുപ്പിന് ജനങ്ങളും ഒരുങ്ങുന്നുവെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഓര്‍ക്കുന്നത് നല്ലതാണ്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...