ചോദ്യമുനകളില്‍ സര്‍ക്കാര്‍, സ്പീക്കര്‍ ചെയ്തതും ചെയ്യേണ്ടിയിരുന്നതും

parayathe-1
SHARE

കോവിഡ് കാലത്തും പിന്നോട്ടില്ലാത്ത ആവേശത്തോടെ കേരളം തദ്ദേശ വിധിയില്‍ പങ്കെടുത്തു. മാസങ്ങളായി കേരളരാഷ്ട്രീയത്തില്‍ കറങ്ങിത്തിരിയുന്ന വിവാദങ്ങളോട് ജനങ്ങളുടെ മനോഭാവം എന്തെന്ന് തദ്ദേശവിധി വെളിപ്പെടുത്തുമോ? സ്വര്‍ണക്കടത്താണോ ജീവിതപ്രശ്നങ്ങളാണോ പ്രധാനമെന്ന് ജനം തീരുമാനിക്കുമെന്ന് ഇടതുമുന്നണി പറയുമ്പോള്‍, അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പു ദിവസങ്ങളില്‍ കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ട സ്പീക്കര്‍ക്കെതിരായ വിവാദത്തിന്റെ ഗതിയെന്താകും? സ്പീക്കറെ പ്രതിപക്ഷം വ്യക്തിഹത്യ നടത്തുകയാണോ,  ആരോപണങ്ങളില്‍ സ്പീക്കറുടെ വിശദീകരണം തൃപ്തികരമാണോ? 

സ്വര്‍ണക്കടത്തു കേസില്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളെല്ലാം എം.ശിവശങ്കര്‍ എന്ന ഉദ്യോഗസ്ഥനിലേക്കൊതുക്കാന്‍ ഇടതുമുന്നണിക്കു കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ സി.എം.രവീന്ദ്രനിലേക്കു ചോദ്യങ്ങള്‍ നീളുന്നു. അതിനുമപ്പുറം സ്പീക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു പ്രതിപക്ഷം. അന്വേഷണ ഏജന്‍സികള്‍ക്കും മുന്‍പേ കേരളത്തിലെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ തിരിഞ്ഞത് സ്വാഭാവികമാണോ? അതിന് സ്പീക്കര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ?

അന്വേഷണഏജന്‍സികള്‍ പോലും സ്പീക്കര്‍ക്കെതിരെ ഇതുവരെ എന്തെങ്കിലും ആരോപണമോ പരാമര്‍ശമോ നടത്തിയിട്ടില്ല. രഹസ്യമൊഴിയില്‍ പരാമര്‍ശിക്കുന്ന ഉന്നതഭരണഘടനാപദവിയിലുള്ള വ്യക്തിയെന്ന അനുമാനത്തിലാണ് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. വിവരങ്ങള്‍ സ്ഥിരീക്കരിക്കുന്നതിനു പോലും കാത്തുനില്‍ക്കാതെ വ്യക്തിപരമായ ആരോപണങ്ങളിലേക്കു കടന്നതിനെ സ്പീക്കര്‍ നിയമപരമായി നേരിടാന്‍ മടിക്കുന്നതെന്തിനാണ്? സ്പീക്കര്‍ പദവി ഒരു നിമിഷം പോലും സംശയത്തിന്റെ നിഴലിലാകരുത്. 

സ്വര്‍ണക്കടത്തുകേസില്‍ പുകമറകള്‍ മാത്രം നിലനിര്‍ത്തണമെന്ന് ആര്‍ക്കൊക്കെയോ നിര്‍ബന്ധമുള്ളതു പോലെയാണ് ഇപ്പോഴും കാര്യങ്ങള്‍ പോകുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കറിനെതിരെ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം നല്‍കുമെന്ന് ഇ.ഡി. പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് ഒരു രാഷ്ട്രീയഅക്ഷയഖനിയായി മാത്രം നിലനിര്ത്താനാണോ കേന്ദ്ര ഏജന്‍സികളുടെ നീക്കം എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ എത്ര സമയമെടുക്കും എന്നത് പ്രധാനമാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...