ഈ സമരം ഇന്ത്യക്ക് വേണ്ടി; കണ്ടു പഠിക്കാൻ ഒട്ടേറെ; സർക്കാര്‍ തോൽക്കുമോ?

parayathe-farmers
SHARE

ജനങ്ങള്‍ എത്ര പ്രതിഷേധമുയര്‍ത്തിയാലും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നു വീണ്ടും തെളിയിക്കുകയാണ് കേന്ദ്രഭരണകൂടം. കര്‍ഷകസമരത്തെ ഭിന്നിപ്പിച്ചു നേരിടാമോയെന്നാണ് ഇപ്പോഴത്തെ തീവ്രശ്രമം. ഇന്ധനവിലവര്‍ധനയിലൂടെ തെളിയിക്കുന്നത് പറഞ്ഞ വാക്കുകളോടു പോലും ബഹുമാനമില്ലെന്നു മാത്രമല്ല . കോവിഡിന്റെ തീവ്രതയില്‍ വലയുന്ന ജനതയോട് ഒരല്‍പം പോലും കാരുണ്യവുമില്ലെന്നാണ്. പ്രതിരോധമില്ലാത്ത രാഷ്ട്രീയാധിപത്യത്തിന് കൊടുക്കേണ്ടി വരുന്ന വിലയെത്രയെന്ന് ഇന്ത്യ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.  

കര്‍ഷകസമരത്തില്‍ കരയ്ക്കിരുന്നു കളികാണുന്ന മനോഭാവമുള്ള ഇന്ത്യക്കാരുണ്ട്. നമ്മളില്‍ പലരും അങ്ങനെയാണ്. ഒരു തവണയെങ്കിലും മോദി സര്‍ക്കാര്‍ തോറ്റു പിന്‍മാറുമോ എന്നു മാത്രം അറിയാനുള്ള കൗതുകം. അല്ലെങ്കില്‍ കര്‍ഷകര്‍ സമരപരാജയം സമ്മതിച്ചു പിന്‍മാറുമോ എന്നറിയാനുള്ള വെറും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്.  അവരോടു പറയേണ്ടതുണ്ട്. ഈ സമരം കൃഷിക്കാരുടെ താല്‍പര്യം മാത്രം സംരക്ഷിക്കാനല്ല. നമ്മള്‍ ഓരോരുത്തരുടെയും ആഹാരത്തിനുള്ള സ്വതന്ത്രമായ അവകാശം ഉറപ്പുവരുത്താനാണ്. എന്തു കഴിക്കണം, എങ്ങനെ കഴിക്കണം, എവിടെ നിന്നു കഴിക്കണം എന്ന നമ്മുടെ അടിസ്ഥാനഅവകാശം കൂടി ഉറപ്പിക്കാനാണ് കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ മഞ്ഞും മഴയും കൊള്ളുന്നത്. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണോ അതോ ഭേദഗതികള്‍ മതിയോ എന്നൊക്കെ തര്‍ക്കമാകാം. പക്ഷേ ഈ സമരം ഇന്ത്യയ്ക്കു വേണ്ടിയാണ് എന്നതില്‍ തര്‍ക്കമുണ്ടാകരുത്. 

കര്‍ഷകര്‍ ക‍ൃഷി ചെയ്തുണ്ടാക്കുന്നത് ഭക്ഷണമാണ്. കോര്‍പറേറ്റുകള്‍ കൃഷി ചെയ്യുന്നത്  ലാഭമുണ്ടാക്കാന്‍ മാത്രമാണ്. വലിയ വ്യത്യാസമുണ്ട്. കര്‍ഷകസമരം എന്തുകൊണ്ടു നമ്മുടെ സമരമാകണം എന്നത് അത്രമേല്‍ ലളിതമാണ്. അതുകൊണ്ട് കര്‍ഷകര്‍ സമരം ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിനും നമ്മുടെ അവകാശങ്ങള്‍ക്കും കൂടി വേണ്ടിയാണ്. വന്‍ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറിയ ഒരു കേന്ദ്രസര്‍ക്കാര്‍ വലിയ പരിഷ്കാരങ്ങള്‍ 

കൊണ്ടു വരുന്നതില്‍ അസ്വാഭാവികതയില്ല. . പക്ഷേ കൊണ്ടുവരുന്ന എല്ലാ ഭേദഗതികളും  പരിഷ്കാരങ്ങളും ജനാധിപത്യത്തിനും ജനാവകാശങ്ങള്‍ക്കും വന്‍ ഭീഷണിയാകുന്നതെങ്ങനെയെന്നതാണ് പ്രശ്നം. നോട്ടു നിരോധനം മുതലെടുത്താല്‍  ഒരു ഘടനയുടെ അടിത്തറയിളക്കുന്ന വമ്പന്‍ നടപടികളാണുണ്ടായതെന്നു കാണാം. പക്ഷേ ജനങ്ങള്‍ക്കോ രാജ്യത്തിനോ ഈ നടപടികള്‍ കൊണ്ടുണ്ടായ പ്രയോജനമെന്താണെന്നു ചോദ്യവുമില്ല, ഉത്തരവുമില്ല.  മോദി സര്‍ക്കാരിന്റെ ഒരു ഭരണപരിഷ്കാരവും വസ്തുതാപരമായി വിലയിരുത്തപ്പെടുന്നുമില്ല. പക്ഷേ ഓരോ തീരുമാനത്തിലും ജനവിരുദ്ധത പ്രകടമാണ്. അത് ഒളിച്ചു വയ്ക്കാനോ മറച്ചു പിടിക്കാനോ കേന്ദ്രം മിനക്കെടുന്നുമില്ല. 

ആറരവര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനതയെ കടുത്ത നിസംഗതയിലേക്കു തള്ളിവിടുന്ന രാഷ്ട്രീയതീരുമാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്നു തോന്നിപ്പിക്കുന്ന വേട്ടയാടലുകള്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ ഉണ്ടായി. പ്രത്യാശ വേണ്ടെന്ന പ്രതിപക്ഷദൗര്‍ബല്യം കൂടിയായതോടെ ഇന്ത്യയുടെ വിധിയെന്ന് നിരാശയുടെ  നിശബ്ദത ഉറഞ്ഞു കൂടി. ആ നിസംഗനിര്‍മമതയ്ക്കു മുകളിലേക്കും കര്‍ഷകസമരം വലിയ പ്രതീക്ഷയുടെ തിരി തെളിച്ചു വയ്ക്കുന്നുണ്ട്. രണ്ടാഴ്ചയിലേറെ സമരം ചെയ്തിട്ടും ഒരല്‍പം പോലും കെടാത്ത വീര്യവുമായി കര്‍ഷകര്‍ ഉറച്ചു നില്‍ക്കുന്നത് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇന്ത്യയുടെ ഭാവിയ്ക്കു വേണ്ടിയാണ് എന്ന നല്ല ബോധ്യം കൊണ്ടു കൂടിയാണ്. ആ വീര്യം പ്രതിപക്ഷപാര്‍ട്ടികളിലേക്കും പ്രതിരോധമുന്നണികളിലേക്കും പകര്ന്നു കിട്ടിയാല്‍ ഇന്ത്യന്‍ ജനാധിപത്യം നിരാശയില്‍ നിന്നു തിരിച്ചുവരും. മാതൃകയാക്കാവുന്ന നല്ല പാഠങ്ങളാണ് ഈ സമരത്തിലൂടനീളം ഇന്ത്യ കാണുന്നത്.

ജനങ്ങളെ നേരെ നിന്നു വഞ്ചിക്കാന്‍ ഒരല്‍പം പോലും മറയും മടിയുമില്ലാത്ത നിഷേധാത്മകരാഷ്ട്രീയത്തിനെതിരെയാണ് കര്‍ഷകര്‍ വിരല്‍ ചൂണ്ടുന്നത്. കപടവാഗ്ദാനങ്ങള്‍ കേട്ടു പിന്‍മാറില്ലെന്ന് ഉറപ്പിച്ചുറപ്പിച്ചു പറയുന്നത്. കണ്ടു പഠിക്കാന്‍ ഒട്ടേറെയുണ്ട്്, കര്‍ഷകസമരത്തില്‍. ഏറ്റവുമൊടുവില്‍  ഭരണകൂടം തടവിലാക്കിയ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു വേണ്ടിയും മുദ്രാവാക്യങ്ങളുയരുന്നു സമരത്തില്‍. ജനാധിപത്യഅവകാശങ്ങള്‍ ഓരോന്നായി സംഹരിച്ചു കളയുന്നത് നോക്കിനില്‍ക്കാനുള്ള സമയമല്ല ഇതെന്ന്  കര്‍ഷകര്‍ രാജ്യത്തെ ഓര്‍മിപ്പിക്കുന്നു, പ്രതിപക്ഷരാഷ്ട്രീയത്തെയും. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...