ഇത് മണ്ണില്‍ പണിയുന്ന കര്‍ഷകന്‍റെ ഉറപ്പ്; സമരങ്ങളിലെ പുതിയ അധ്യായം

modi-farmers
SHARE

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷകമുന്നേറ്റത്തിന്റെ കൊടുമുടിയിലാണ് രാജ്യം. പാര്‍ലമെന്റിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കിയെടുത്ത മൂന്നുനിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. രാജ്യവും നിസംഗഭരണകൂടവും ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും കര്‍ഷകരോഷത്തിന്റെ ചൂട് നന്നായി അറിഞ്ഞു. കര്‍ഷകകരെ ഖാലിസ്ഥാന്‍ഭീകരവാദികളെന്നും സമരത്തിന് പിന്നില്‍ രാഷ്ട്രീയഇടപെടലുണ്ടെന്നും ആരോപിച്ച മോദി ഭരണകൂടം കലപ്പ പിടിച്ച കൈകളുടെ സമരവീര്യത്തിന് മുന്‍പില്‍  തലകുനിക്കുന്നു. കര്‍ഷക സംഘടനകള്‍ക്കിടയില്‍ വിള്ളലുണ്ടാക്കി സമരം പൊളിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിജയം കാണാതെ വന്നതോടെ ഉപാധികള്‍ മടക്കിവച്ച് ഒരു മേശയ്‍ക്ക് ചുറ്റുമിരിക്കാന്‍  ഭരണകൂടത്തിന് വഴങ്ങേണ്ടിവന്നു. ഈ മുന്നേറ്റം രാജ്യത്തിന്റെ തലവര തിരുത്തിക്കുറിക്കുമെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല. മൗലികാവകാശ ലംഘനങ്ങളും ഭരണഘടനയുടെ അടിസ്ഥാനഘടനയെ തന്നെ ഇളക്കുന്ന നിയമനിര്‍മാണങ്ങളും നടത്തി മുന്നേറുന്ന ഭരണകൂടത്തിന് കര്‍ഷക സമൂഹം നല്‍കിയിരിക്കുന്ന താക്കീത്  ജനാധിപത്യത്തെ ശക്തിപ്പെടുത്തുക തന്നെ ചെയ്യും.  

ഡല്‍ഹി ചലോയിലെ കര്‍ഷകര്‍ ഖലിസ്ഥാൻ ഭീകരവാദികളാണെന്ന് ആരോപണം ഉന്നയിച്ചതും അധിക്ഷേപിച്ചതും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ്. തെളിവു നിരത്താതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒരു സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്ന മുഖ്യമന്ത്രിയാണ്  താന്‍ എന്ന് ഖട്ടര്‍ എവിടെയോ മറന്നുപോയി. കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വിറ്റര്‍ നിലവാരത്തിലേക്കാണ് ഖട്ടര്‍ താഴ്‍ന്നത്. ഖാലിസ്ഥാന്‍വാദികളെന്ന് വിളിക്കുന്നവരോട് കര്‍ഷകര്‍ക്ക് ചിലത് ചോദിക്കാനുണ്ട്. 

കര്‍ഷകരുടെതാണോ ഈ സമരക്കടല്‍ എന്ന് ചോദിച്ചാല്‍ കാണിച്ചുതരാന്‍ അവര്‍ക്ക് തൊലി അടര്‍ന്നുപൊളിഞ്ഞ കാലടികളും കലപ്പ പിടിച്ച കൈപ്പാടുകളും മാത്രമേ കാണു. അതിനപ്പുറം ഒരു സാക്ഷ്യപ്പെടുത്തലും ‍ ആവശ്യമില്ലാത്ത മണ്ണിന്റെ അവകാശികള്‍. ട്രാക്ടറുകളിലും നടന്നും ചോരയൊഴുകിയ  കാല്‍പ്പാദങ്ങളുമായി എത്തിയ മൂന്നുലക്ഷത്തോളം പേര്‍, കര്‍ഷകര്‍ എന്ന കലപ്പയിലേക്ക് ജീവിതം ബന്ധിച്ചവരാണെന്ന്  മറ്റാരാണു സാക്ഷ്യപ്പെടുത്തേണ്ടത്? കര്‍ഷകവീര്യമറിഞ്ഞ് കേന്ദ്രം ഒത്തുതീര്‍പ്പിനു പാടു പെടുമ്പോഴും കര്‍ഷകരെ ആക്ഷേപിക്കുന്നവരോട് ഒരേയൊരു മറുചോദ്യമേയുള്ളൂ. ഖലിസ്ഥാൻ ഭീകരരുമായാണോ മൂന്നു കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘം വിജ്ഞാന്‍ഭവനിലിരുന്ന് അനുരഞ്ജന ചർച്ചകൾ നടത്തുന്നത്. ഭീകരരെ ഭയന്നാണോ പ്രധാനമന്ത്രിക്ക് ഇടപെട്ട് മന്ത്രിമാരുമായി അടിയന്തരയോഗം ചേരേണ്ടിവന്നത്? 

മണ്ണിലേക്ക് മനസു പറിച്ചുനട്ട പതിനായിരങ്ങളാണ് കൃഷിയിടങ്ങൾ സ്ത്രീകളെ ഏല്‍പ്പിച്ച് ഡല്‍ഹിയിലെ തെരുവുകളില്‍ പ്രക്ഷോഭം നയിക്കുന്നത്. കാർഷിക നിയമങ്ങൾ കർഷകരുടെ അവകാശങ്ങളെ ഞെരിച്ചു കളയുന്ന കളകൾ ആണെന്നും അവ പറിച്ചെറിയുന്നത് വരെ പിന്‍മാറില്ലെന്നുമുള്ള നിലപാടിൽ ആണ് കർഷകർ. രാജ്യതലസ്ഥാനത്ത് അതിര്‍ത്തികളില്‍ കര്‍ഷകര്‍ കാവല്‍നിന്നു. ഡല്‍ഹി  പരിചയിച്ചിട്ടില്ലാത്ത സമരക്കാഴ്ചകളാണ് സിംഘുവിലും തിക്രിയിലും ഗാസിപുരിലും കണ്ടത്. ട്രാക്ടറുകളിലിരുന്നും അന്തിയുറങ്ങിയുമാണ് പ്രതിഷേധം. ആയിരക്കണക്കിന് ട്രാക്ടറുകളും ദേശീയപാതകളില്‍ നിരനിരയായി കിടക്കുന്നു. ലക്ഷക്കണക്കിന് കര്‍ഷകരും. ആറുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുമായാണ് ഓരോ ട്രാക്ടറും എത്തിയത്. സമരഭൂമിയിലേക്ക് രാഷ്ട്രീയനേതാക്കള്‍ക്ക് പ്രവേശനമില്ല. കര്‍ഷക, തൊഴിലാളി നേതാക്കള്‍ക്ക് സ്വാഗതം. രാഷ്ട്രീയപാര്‍ട്ടികളും കൊടികളും സമരഭൂമിക്ക് പുറത്താണ്. 

പഞ്ചാബിന്റെ അന്നവും വെളിച്ചവും കെടുത്താന്‍ ശ്രമിച്ചപ്പോഴാണ് കര്‍ഷകര്‍ ഒന്നടങ്കം ഡല്‍ഹി ചലോ പ്രക്ഷോഭത്തിന് ആലോചന തുടങ്ങിയത്. സെപ്റ്റംബറില്‍ മൂന്നു നിയമങ്ങളും പാസായതിന് പിന്നാലെ പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍തടയല്‍ സമരം തുടങ്ങിയിരുന്നു. ഇതോടെ ചരക്കുനീക്കം നിലച്ചു. ഭക്ഷ്യവസ്തുക്കള്‍ എത്താതെയായി. താപനിലയങ്ങളുടെ ബലത്തില്‍ വെളിച്ചമെത്തുന്ന നാട്ടില്‍ ഇതോടെ കല്‍ക്കരി കിട്ടാക്കനിയായി.  നാട് ഇരുട്ടിലേക്ക് നീങ്ങുമെന്ന് അറിഞ്ഞപ്പോള്‍ റെയില്‍തടയല്‍ സമരം പിന്‍വലിച്ച് ചരക്കുനീക്കത്തിന് കര്‍ഷകര്‍ അവസരമൊരുക്കിയെങ്കിലും കേന്ദ്രം സ്വന്തംജനതയോട് പകവീട്ടാനാണ് ശ്രമിച്ചത്. റെയില്‍പ്പാളങ്ങളിലൂടെ ട്രെയിനുകള്‍ കടന്നുവന്നില്ല. അന്നവും വെളിച്ചവും മുടങ്ങി. അവര്‍‍ അനുഭവിച്ച ശ്വാസംമുട്ടലാണ് ഇപ്പോള്‍ രാജ്യതലസ്ഥാനം അനുഭവിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത്. ഡല്‍ഹി ചലോ മാര്‍ച്ച് തുടങ്ങിയത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെങ്കിലും എല്ലാ സംസ്ഥാനങ്ങളിലെയും  കര്‍ഷകര്‍ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങി. വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് കര്‍ഷകരുടെ ഉന്നമനത്തിനെന്നു പേരിട്ട കാര്‍ഷികനിയമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ കര്‍ഷകര്‍ തിരിച്ചറിഞ്ഞു. നാടിനു വിശക്കാതിരിക്കാന്‍ ജീവിതം മണ്ണില്‍ അലിയിക്കുന്ന മനുഷ്യരെ കള്ളം പറഞ്ഞു വശത്താക്കാമെന്ന് ആരാണ് തെറ്റിദ്ധരിച്ചത്? 

നിയമത്തിലെ പോരായ്മകള്‍ ഓരോന്നായി ഇഴകീറി പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. അങ്ങനെ പരിശോധിക്കാന്‍ ചര്‍ച്ചയ്‍ക്ക് പിന്നാലെ ചര്‍ച്ച. നിയമത്തിനെതിരെ കര്‍ഷകരോഷമുണ്ടെന്നത് വസ്തുതയാണ്. അത് രാജ്യമെമ്പാടുമുണ്ട്. ഇപ്പോള്‍ അക്കമിട്ട് ചര്‍ച്ചയ്‍ക്ക് കേന്ദ്രം തയാറായ പശ്ചാത്തലത്തില്‍ നിയമം തല്‍ക്കാലം മരവിപ്പിച്ച് നിര്‍ത്തി സമരക്കാരോട് വീട്ടീലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിക്കേണ്ട സാമാന്യമര്യാദ പോലും കേന്ദ്രസര്‍ക്കാര്‍ മറന്നു. സ്വന്തംജനതയോട് അത്രയെങ്കിലും കരുണ കാണിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഈ കൊടുംതണുപ്പില്‍ നടുറോഡില്‍ കുത്തിരിക്കേണ്ടിവരില്ലായിരുന്നു. സമരത്തിനെത്തിയ മൂന്നുപേരുടെ ജീവനും നഷ്ടപ്പെടില്ലായിരുന്നു. 

കര്‍ഷക നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥ പ്രഭുത്വവും നന്നേ വിയര്‍ത്തു. ആദ്യഘട്ട ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിയുടെ ചായസല്‍ക്കാരം നിരസിച്ച കര്‍ഷകനേതാക്കള്‍ രണ്ടാംഘട്ടത്തില്‍ കൊടുത്ത അടി കേന്ദ്രസര്‍ക്കാര്‍ മറക്കില്ല. സര്‍ക്കാര്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം തള്ളി സ്വന്തമായി ഭക്ഷണം വരുത്തി വിജ്ഞാന്‍ഭവനിലെ നിലത്തിരുന്ന് കര്‍ഷക നേതാക്കള്‍ ഒത്തൊരുമയോടെ കഴിച്ച കാഴ്ച കര്‍ഷക സമരങ്ങളിലെ പുതിയ അധ്യായമാണ്. 

നിയമങ്ങളുടെ ഗുണങ്ങള്‍ വിളിച്ചോതി ക്ളാസെടുക്കാന്‍ വിദഗ്ധരെ അണിനിരത്തിയപ്പോള്‍ നിയമത്തെ വാനോളം പുകഴ്‍ത്തുന്ന കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ തന്നെ വിശദീകരിച്ചാല്‍ മതിയെന്നായിരുന്നു കര്‍ഷക നേതാക്കളുടെ നിലപാട്. നിയമത്തിന്റെ ഗുണങ്ങള്‍ ബോധവല്‍ക്കരിക്കാന്‍ ബിഗ് സ്ക്രീനില്‍ പിപിറ്റി പ്രസന്റേഷനുകള്‍ നടത്തിയെങ്കിലും പോരായ്മകള്‍ കര്‍ഷകസംഘനടകള്‍ ചൂണ്ടിക്കാട്ടി. ആദ്യഘട്ട ചര്‍ച്ച അലസിപ്പിരിഞ്ഞപ്പോള്‍ അഭിപ്രായങ്ങള്‍ എഴുതി സമര്‍പ്പിക്കാനായിരുന്നു കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘനടകളോട് ആവശ്യപ്പെട്ടത്. നിയമത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വ്യക്തതയില്ലാത്ത വ്യവസ്ഥകള്‍ ഓരോന്നായി അവര്‍ എടുത്തുപുറത്തിട്ട് അക്കമിട്ട് നിരത്തി. രണ്ടാംഘട്ട ചര്‍ച്ചയില്‍ സര്‍ക്കാരിന് ആ ചോദ്യങ്ങളില്‍ കേന്ദ്രീകരിച്ച്  ചര്‍ച്ചകള്‍ നടത്തേണ്ടി വന്നു. മൂന്നുവിഷയങ്ങളില്‍ വഴങ്ങാന്‍ തയാറാണെന്ന് കേന്ദ്രമന്ത്രിതല സംഘത്തിന് പറയേണ്ടിവന്നു. കൃഷിക്കാരനും കോര്‍പ്പറേറ്റുകളില്‍ തമ്മിലുള്ള കരാര്‍കൃഷിയില്‍ തര്‍ക്കമുണ്ടായാല്‍ പരിഹാരം കണ്ടെത്തേണ്ട അതോറിറ്റിയായി നിയമത്തില്‍ നിശ്ചയിച്ചിരിക്കുന്നത് സബ് ഡിവിഷണല്‍ മജിസ്ട്രേട്ടിനെയോ അല്ലെങ്കില്‍ ജില്ലാ കലക്ടറെയോ ആണ്. എസ്.ഡി.എം ഒരു ചെറിയ ഉദ്യോഗസ്ഥനാണെന്നും നിതീക്കായി നേരിട്ട് സിവില്‍ക്കോടതിയില്‍ പോകാന്‍ അനുവദിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം ന്യായമാണെന്ന് കൃഷിമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. സര്‍ക്കാര്‍ കാര്‍ഷികച്ചന്തകളില്‍ ലെവി പിരിക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിലൂടെ വരാന്‍ പോകുന്ന സ്വകാര്യ ച്ചന്തകളിലും ഏർപ്പെടുത്താമെന്നും സര്‍ക്കാരിന് പറയേണ്ടിവന്നു. അപ്പോള്‍ നിയമത്തിലുള്ളത് പോലെ സ്വകാര്യച്ചന്തകള്‍ പ്രവര്‍ത്തിച്ചാല്‍ നിലവിലുള്ള കാര്‍ഷികച്ചന്തകള്‍ക്ക് പൂട്ടുവീഴുമെന്ന് വ്യക്തം.

മൂന്നു കാര്‍ഷികനിയമങ്ങളും മഹത്തരം എന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നത്. പാര്‍ലമെന്റിലടക്കം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കിയ ബില്‍ ആണെന്നായിരുന്നു ന്യായീകരണം , മൂന്നു മാസം മുന്‍പ് ഈ മൂന്നുബില്ലുകള്‍ പാര്‍ലമെന്റില്‍ പാസായത് എങ്ങനെയാണെന്ന് ആരും മറിന്നിട്ടില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റിക്കും സെല്ക്ട് കമ്മിറ്റിക്കും വിടാതെ എം.പിമാരെ സസ്‍പെന്‍ഡ് ചെയ്ത് വേണ്ടത്ര ചര്‍ച്ചയില്ലാതെ മോദികാലത്ത് പാസായ ജനാധിപത്യവിരുദ്ധനിയമങ്ങളാണ് . നിയമം ബഹുകേമം എന്ന് പ്രധാനമന്ത്രി  ആവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ  മന്ത്രിമാര്‍ക്ക് കര്‍ഷകനേതാക്കളുടെ ചോദ്യശരങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരംമുട്ടി.   ചില്ലറ പോരായ്മകളുണ്ടെന്നും ഭേദഗതികളാകാമെന്നും അവര്‍ക്കു സമ്മതിക്കേണ്ടി വന്നു. പഴുതടച്ച നിയമങ്ങളാണെന്ന പാര്‍ലമെന്റ് വാദങ്ങള്‍ കര്‍ഷകര്‍ക്കു മുന്നില്‍ പൊളിഞ്ഞു വീണു.  നിയമങ്ങള്‍ കര്‍ഷകര്‍ക്കുള്ളതാണെങ്കില്‍ അത് വിലയിരുത്തേണ്ടതും  കര്‍ഷകര്‍ തന്നെ. ജനാധിപത്യം എന്താണെന്ന് ഇന്ത്യയുടെ നട്ടെല്ലായ കര്‍ഷകര്‍ മോദി ഭരണകൂടത്തെ പഠിപ്പിക്കുന്നതാണ് കര്‍ഷകസമരത്തിലൂടെ ലോകവും രാജ്യവും കാണുന്നത്. ഇന്ത്യയുടെ ചരിത്രത്തിലേക്ക് പോരാട്ടവീര്യത്തിന്റെ വിസ്മരിക്കാനാകാത്ത ഒരു ഏടാണ് കര്‍ഷകസമരം എഴുതിച്ചേര്‍ക്കുന്നത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...