ഇടതുരാഷ്ട്രീയം മനസിലാകാത്തത് ആർക്ക്? മറുപടി പറയേണ്ടത് ആര്?

Parayathe-Vayya-Pinarayi
SHARE

അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന ഒരു നിയമഭേദഗതിയില്‍ പിണറായി സര്‍ക്കാരിന് മുന്നോട്ടു വച്ച കാല് വലിക്കേണ്ടി വന്നു. പൊതുജനാഭിപ്രായം പരിഗണിച്ചു, പാര്‍ട്ടി തിരുത്തി എന്നൊക്കെ പറയാമെങ്കിലും ജനാധിപത്യവിരുദ്ധമായ ഒരു നീക്കം ഇടതുസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി എന്നത് യാഥാര്‍ഥ്യമായി നിലനില്‍ക്കും. പിന്‍വലിക്കപ്പെട്ട പൊലീസ് നിയമഭേദഗതി ചില ചോദ്യങ്ങള്‍ ശേഷിപ്പിക്കുന്നുണ്ട്. ഇടതുപക്ഷത്തിന് അംഗീകരിക്കാനേ കഴിയാത്ത നടപടികള്‍ ഈ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ട്? രാഷ്ട്രീയത്തേക്കാള്‍ ഉദ്യോഗസ്ഥരുടെ ഉപദേശത്തെ മുഖ്യമന്ത്രി വിലമതിക്കുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മവിശ്വാസം പൊലീസില്‍ കേന്ദ്രീകരിക്കുന്ന അമിതാധികാരമാകുന്നത് എന്തുകൊണ്ടാണ്? ഒരു നിയമഭേദഗതിയില്‍ പിഴവു പറ്റി, അതു തിരുത്തി എന്നല്ല, ഈ പിഴവിന്റെ യഥാര്‍ഥ കാരണം എന്താണെന്ന രാഷ്ട്രീയചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്.

മുഖ്യമന്ത്രി ഈ പറയുന്നത് ഒരു മോശം കാര്യമല്ല. സദുദ്ദേശത്തില്‍ ഒരു നിയമം കൊണ്ടു വന്നു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ പോലും വിമര്‍ശനങ്ങളുന്നയിച്ചതോടൈ പൊതുഅഭിപ്രായം കണക്കിലെടുത്ത് അത് പിന്‍വലിക്കുകയും ചെയ്തു. ഉത്തമ ജനാധിപത്യമാതൃകയെന്ന്് പാര്‍ട്ടിയും വിശേഷിപ്പിച്ചതോടെ സന്ദേഹങ്ങള്‍ അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞു പോകണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്.

പക്ഷേ പ്രശ്‌നം ഈയൊരൊറ്റ ഭേദഗതിയുണ്ടാക്കിയ കോലാഹലം ചില്ലറയായിരുന്നില്ല എന്നതു മാത്രമല്ല. രാജ്യാന്തരതലത്തില്‍ പോലും വാര്‍ത്തകളില്‍ കേരളവും ഇടതുസര്‍ക്കാരിന്‌റെ മാധ്യമമാരണനിയമഭേദഗതിയും തലക്കെട്ടായി. ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത പിന്തുണക്കാര്‍ പോലും പരസ്യമായി പ്രതിഷേധിച്ചു. കടുത്ത വാക്കുകളാല്‍ വിമര്‍ശിച്ചു. ദേശീയ തലത്തിലും വലിയ ചര്‍ച്ചയായി.

കാര്യങ്ങള്‍ ഇത്രയുമെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് തിരുത്താനുള്ള ബദ്ധി തെളിഞ്ഞത് എന്നു കൂടി പറഞ്ഞാലേ സംഭവിച്ചത് പൂര്‍ണമാകൂ. സി.പി.എം ജനറല്‍ സെക്രട്ടറി പരസ്യമായി ഈ നിയമഭേദഗതി പുനപരിശോധിക്കുമെന്നു പറയുന്നതിനു തൊട്ടുമുന്‍പു പോലും മന്ത്രിമാരും മുഖ്യമന്ത്രിയുമെല്ലാം നിയമത്തിനെ ന്യായീകരിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. 

ഇപ്പോഴും വ്യക്തമാകാത്ത ഒരു കാര്യം, ആരാണീ നിയമഭേദഗതിയുടെ ഉപജ്ഞാതാവ് എന്നാണ്. പൊലീസ് തയാറാക്കിക്കൊണ്ടു വന്ന ഭേദഗതി ശരിയായ രാഷ്ട്രീയപരിശോധനയില്ലാതെ അംഗീകരിച്ചു വിട്ടുവെന്നതു മാത്രമാണോ മുഖ്യമന്ത്രിയും മന്ത്രിസഭയും ചെയ്തത്? അപ്പോള്‍ പൊലീസ് പറയുന്നത് അതേ പടി ഏറ്റുപറയുന്ന ആഭ്യന്തരമന്ത്രിയെന്ന ചീത്തപ്പേര് ശരിക്കും മുഖ്യമന്ത്രി അര്‍ഹിക്കുന്നുവെന്നാണോ?  അതോ നാല് കേന്ദ്രകമ്മിറ്റി അംഗങ്ങളുള്ള, പി.ബി. അംഗം മുഖ്യമന്ത്രിയായ മന്ത്രിസഭയ്ക്ക് പാര്‍ട്ടി നയങ്ങളില്‍ അവബോധമില്ലേ? പാര്‍ട്ടി തിരുത്തിയല്ലോ  എന്നു സമാധാനിക്കുന്നവര്‍ ചിന്തിക്കണം, ഈ ഉന്നത നേതാക്കള്‍ക്ക് പാര്‍്ട്ടിയുടെ നയം അറിയില്ലേ. ജനാധിപത്യം അറിയില്ലേ. അഭിപ്രായസ്വാതന്ത്ര്യമെന്തെന്ന് അറിയില്ലേ. ഈ നിയമഭേദഗതി കേരളത്തിനേല്‍പിച്ച അപമാനത്തിന് ആരാണ് മറുപടി പറയേണ്ടത്..?

അടിസ്ഥാനപൗരാവകാശങ്ങള്‍ക്ക്  ഭീഷണിയാകുന്ന ഇടതുസര്‍ക്കാരില്‍ നിന്നുണ്ടായി എന്നതാണ് രാജ്യാന്തരമാധ്യമങ്ങളിലടക്കം തലക്കെട്ട് സൃഷ്ടിച്ചത്. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനിലപാടുകളില്‍ നിന്നുള്ള അവിശ്വസനീയമായ മലക്കംമറിച്ചില്‍ എന്നതു മാത്രമല്ല. ദിവസങ്ങള്‍ക്കു മുന്‍പാണ്, ഡിജിറ്റല്‍ മാധ്യമങ്ങളെ കേന്ദ്രനിയന്ത്രണത്തിലാക്കാനുള്ള മോദി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ സി.പി.എം അതിശക്തമായ പ്രതിരോധമുയര്‍ത്തിയത്. ഡിജിറ്റല്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിനെ എതിര‍്‍ക്കുന്നുവെന്നു വ്യക്തമാക്കി പി.ബി. വാര്‍ത്താക്കുറിപ്പിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ പി.ബി. അംഗമായ പിണറായി വിജയന്‍ കേരളത്തിലെ നിയമഭേദഗതി നല്ല അര്‍ഥത്തില്‍ എടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ത്താക്കുറിപ്പിറക്കി. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് നിലവിലെ ഐ.ടി.നിയമമുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പര്യാപ്തമാണെന്ന് പി.ബി. വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെയും വാര്‍ത്താപോര്‍ട്ടലുകളെയും വാര്‍ത്താവിനിമയ പ്രക്ഷേപണത്തിനു കീഴിലാക്കിയ തീരുമാനത്തെ ഏറ്റവും ശക്തമായി എതിര്‍ത്തത് സി.പി.എമ്മാണ്. ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ഉദ്ദേശം വ്യക്തമാണെന്നും സി.പി.എം ആരോപിച്ചു. ഇതിനു മുന്‍പ് ഐ.ടി.നിയമത്തിലെ 66 A വകുപ്പിനെതിരെയും ഏറ്റവും വലിയ പ്രചാരണം നടത്തിയതും സി.പി.എമ്മാണ്. അതേ സി.പി.എം പക്ഷേ കേരളത്തിലെ പൊലീസ് നിയമഭേദഗതി വന്നപ്പോള്‍ കേരളത്തിലെങ്കിലും സ്വാതന്ത്ര്യം അല്‍പം കുറഞ്ഞാലെന്താണ് പ്രശ്നം എന്നു ചോദിച്ചു തുടങ്ങി. 

നയങ്ങളില്‍ വ്യത്യസ്തമായ, മാനവികമായ, പുരോഗമനപരമായ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് ദേശീയ തലത്തില്‍ സി.പി.എം. പക്ഷേ ആ പ്രഖ്യാപിത നയങ്ങളുടെ അര്‍ഥവും അന്തഃസത്തയും മനസിലാക്കാത്ത ഒന്നല്ല, ഒട്ടേറെ നടപടികള്‍ കേരളത്തിലെ ഭരണത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു.നിര്‍ണായകഘട്ടങ്ങളില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയനയങ്ങള്‍ ഉള്‍ക്കൊള്ളാന്‍  കേരളത്തിലെ മുഖ്യമന്ത്രിക്കു കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്. ദയവായി ഭരണവും രാഷ്ട്രീയവും മുഖാമുഖം വരുന്ന ചരിത്രസന്ദര്‍ഭങ്ങള്‍ എന്നു ന്യായീകരിക്കാന്‍ വരരുത്. പന്തീരാങ്കാവിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്താന്‍ ഒരു സമ്മര്‍ദവും ഈ സര്‍ക്കാരിനു മേലില്ലായിരുന്നു. എട്ട് മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലാനും ഈ സര്‍ക്കാരിനു മേല്‍ പുറത്തു നിന്നാരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. സ്പ്രിന്‍ക്ളര്‍ കരാറിനു വേണ്ടി ഡേറ്റ പ്രൈവസിയെ തള്ളിപ്പറയാന്‍ മാത്രം അടിയന്തരാവസ്ഥയും കേരളത്തിലുണ്ടായിരുന്നില്ല. പൊലീസിന്റെ മനോവീര്യമാണ് പൗരന്റെ അന്തസിനേക്കാള്‍ പ്രധാനമെന്നു ചിന്തിപ്പിക്കുന്ന രാഷ്ട്രീയം പൊലീസ് ഭരണാധികാരിക്കുണ്ടായതെങ്ങനെയെന്നു പാര്‍ട്ടിയും അണികളും മാത്രം ചിന്തിച്ചാല്‍ പോര. ഒന്നുകില്‍ കേരളത്തിലെ ആഭ്യന്തരം ഭരിക്കുന്നത് പൊലീസാണ്. അല്ലെങ്കില്‍ പൊലീസ് മന്ത്രിയുടെ മനോഭാവം ജനാധിപത്യവിരുദ്ധവും അമിതാധികാരത്തില്‍ കേന്ദ്രീകരിക്കുന്നതുമാണ്. 

പൊലീസ് നിയമഭേദഗതിയെക്കുറിച്ച് ഒരു മാസം മുന്‍പ് തന്നെ സി.പി.ഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗം എഴുതി. നിയമവൃത്തങ്ങളിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമലോകത്തും ആശങ്കയുണ്ടെന്നും പൊലീസിനു ലഭിക്കുന്ന അധികാരം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ജനയുഗം ചൂണ്ടിക്കാട്ടിയിരുന്നു. അതിന് അശേഷം ചെവികൊടുക്കാതെ മുഖ്യമന്ത്രി മുന്നോട്ടു പോയി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വച്ച് വിജ്ഞാപനം പുറത്തു വന്ന ശേഷവും ആദ്യദിവസങ്ങളില്‍ മുഖ്യമന്ത്രിയും സി.പി.എം മന്ത്രിമാരും ഭേദഗതിയില്‍ ഒരു പ്രശ്നവുമില്ലെന്നാവര‍്ത്തിച്ചു കൊണ്ടേയിരുന്നു. ദുരുപയോഗം ചെയ്യാതിരിക്കാന്‍ പ്രവര്‍ത്തന നടപടിക്രമം പ്രസിദ്ധീകരിക്കുമെന്നു ഡി.ജി.പിയും അറിയിച്ചു. അപകീര്‍ത്തികരമെന്ന് ആരെക്കുറിച്ചും ആര്‍ക്കും തോന്നിയാല്‍ കേസെടുത്ത് അറസ്റ്റു ചെയ്യാന്‍ വകുപ്പുള്ള നിയമം സൃഷ്ടിച്ചു വച്ച ശേഷം അതു ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുമെന്നു പറയുന്ന വിചിത്രമായ സാഹചര്യവും നമ്മള്‍ കണ്ടു.  അതേ ദിവസങ്ങളില്‍ ആഭ്യന്തരമന്ത്രി പിണറായി വിജയന്‍റെ വകുപ്പില്‍ നിന്ന് ചില ദൃശ്യങ്ങള്‍ യാദൃശ്ചികമായി കേരളത്തിനു മുന്നിലെത്തിയിരുന്നു. ഒന്ന് കണ്ണൂര്‍ ചെറുപുഴയില്‍ നിന്ന്, രണ്ട്  

തിരുവനന്തപുരം നെയ്യാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന്. 

പൊലീസ് സേന എത്ര സേവനസന്നദ്ധരായാലും ഇതേപോലുള്ള മനുഷ്യത്വവിരുദ്ധര്‍ കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനമാണെന്നു തിരിച്ചറിയാത്ത ഒരു പൊലീസ് ഭരണാധികാരി നാടിന് അപകടമാണ്. അവിടെ സദുദ്ദേശമായിരുന്നു എന്നാവര്‍ത്തിച്ചതുകൊണ്ടു മാത്രം ഒരു പ്രയോജനവുമില്ല. 

പൊലീസില്‍ അധികാരം കേന്ദ്രീകരിക്കുന്നത് ഒരു ജനാധിപത്യസമൂഹത്തിനും അംഗീകരിക്കാവുന്നതല്ല. ഇടതുപക്ഷമാകട്ടെ ഇക്കാലമത്രയും ഭരണകൂടത്തിന്റെ മര്‍ദനോപകരണം മാത്രമായാണ് പൊലീസിനെ വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. മുന്‍പൊരിക്കലും ഒരു ഇടതുഭരണാധികാരിയും പൊലീസിനു ഭരണം വിട്ടുകൊടുത്ത ചരിത്രവും കേരളത്തിലില്ല. തിരുത്തിയ സ്ഥിതിക്ക് ഇനി കൂടുതല്‍ അന്വേഷണങ്ങള്‍ വേണ്ടെന്ന് പറയുന്ന പാര്‍ട്ടി സെക്രട്ടറി കം മുന്നണി കണ്‍വീനര്‍ നിസാരത പാര്‍ട്ടിക്കും കേരളരാഷ്ട്രീയത്തിനും അപകടമാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തെറ്റു പറ്റുമ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതും പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്.  രാഷ്ട്രീയനയങ്ങളിലെ പാളിച്ചകള്‍ ആവര്‍ത്തിക്കാതെ നോക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടിയുടേതു തന്നെയാണ്. 

പക്ഷേ പാര്‍ട്ടിയും സര്‍ക്കാരും എവിടെ വച്ചാണീ വിഷയത്തില്‍ കണ്ടു മുട്ടിയതെന്ന് മറ്റൊരു പി.ബി. അംഗം തുറന്നു പറഞ്ഞത് കേരളത്തിനു മുന്നിലുണ്ട്. 

തിരുവായ്ക്കെതിര്‍വായില്ലാത്ത നിലവിലെ പാര്‍ട്ടി സംവിധാനം സ്വന്തം രാഷ്ട്രീയനയങ്ങള്‍ പോലും മറന്ന് സര്‍ക്കാരിനു വേണ്ടി പ്രചാരണഏജന്‍സിയായി മാറുന്ന രീതി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ ഒന്നു കൊണ്ടു മാത്രമാണ് തിരുത്തപ്പെട്ടത്. സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങളില്‍ എത്ര പാളിച്ച വന്നാലും എന്തുമേതും ന്യായീകരിക്കുന്നതാണ് ശരിയായ രാഷ്ട്രീയമെന്നു വിശ്വസിക്കുന്ന പാര്‍ട്ടിയും അണികളുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും. അച്ചടക്കമാണ് പരമപ്രധാനമെന്നു പേടിപ്പിച്ചുവച്ചിരിക്കുന്ന സംഘടനാസംവിധാനം. ശരിക്കും ഇങ്ങനെ പാര്‍ട്ടിയും അണികളും കൂടെയുള്ളപ്പോള്‍  പിണറായി വിജയന് പൊലീസ് പിന്തുണയുടെ  ആത്മവിശ്വാസത്തിന്‌റെ ആവശ്യമേയില്ല. പക്ഷേ അദ്ദേഹം സംഘടനയേക്കാളും അണികളേക്കാളും  പൊലീസില്‍ ധൈര്യം കണ്ടെത്തുന്നു. സ്പ്രിന്‍ക്‌ളര്‍ കരാറില്‍ ഡേറ്റ പ്രൈവസി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഡേറ്റ പ്രൈവസിയേ ഇനി ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നു കൂടെ നിന്ന അണികളുടെ ആത്മാര്‍ഥത അദ്ദേഹം തിരിച്ചറിയുന്നില്ല. യു.എ.പി.എ. കരിനിയമമെന്നു മാത്രം വിളിച്ചു ശീലിച്ചിരുന്നവര്‍ പന്തീരാങ്കാവ് കേസില്‍ രണ്ടു യുവാക്കളുടെ പേരില്‍ യു.എ.പി.എ ചുമത്തിയതോടെ ആരും അത്ര നിഷ്‌കളങ്കരല്ലെന്ന സംഘപരിവാര്‍ സ്റ്റൈല്‍ ന്യായീകരണം പാടുപെട്ട് ആവര്‍ത്തിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കുന്നില്ല. എന്തിനേറെ ഒരാളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടരുത് എന്നു വിശ്വസിച്ചിരുന്ന പാര്‍ട്ടിയെക്കൊണ്ട് എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ന്യായീകരിപ്പിച്ചത് ഇതേ മുഖ്യമന്ത്രിയാണ്. അതാണ് പാര്‍്ടിക്കും അണികള്‍ക്കും അദ്ദേഹത്തോടുള്ള കൂറ്. ഇതും അല്‍പം സമയം കൂടി കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇനി മേല്‍ അഭിപ്രായസ്വാതന്ത്ര്യം വേണ്ടെന്നു കൂടി പ്രഖ്യാപിച്ച് ഈ ഭേദഗതിയും ന്യായീകരിച്ചു വെളുപ്പിച്ചു തന്നേനെ. പക്ഷേ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആശയപരമായ നിലനില്‍പിന്റെ അങ്കലാപ്പില്‍ ഇടപെട്ടു തിരുത്തി. 

അതുകൊണ്ട് സി.പി.എമ്മിന്റെ രാഷ്ട്രീയം മനസിലാകാതെ പോകുന്നതാര്‍ക്കാണെന്ന് പരിശോധിക്കാന്‍ ഒട്ടേറെ പാളിച്ചകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിക്കു സംഭാവന ചെയ്തിട്ടുണ്ട്. പൊലീസ് നിയമഭേദഗതിയില്‍ രാഷ്ട്രീയമായ പാളിച്ച മാത്രമല്ല, നിയമപരമായും സാമൂഹ്യമായും വലിയ അപാകതകള്‍ നിരത്തിയാണ് ആ ഭേദഗതി അവതരിപ്പിക്കപ്പെട്ടത്. നിയമനിര്‍മാണത്തിന്റെ അടിസ്ഥാനലക്ഷ്യവും പ്രാധാന്യവും ഗൗരവവും പരിഗണിക്കാതെ ഒരു സുപ്രധാന ഭേദഗതിക്കൊരുങ്ങിയത് ഭരണപരമായും വന്‍വീഴ്ചയാണ്. സ്ത്രീകള്‍ക്കു നേരെയുള്ള വ്യാപക സൈബര്‍ ആക്രമണങ്ങളുടെ പേരിലാണ് തിരക്കിട്ട് ഭേദഗതി കൊണ്ടുവന്നതെന്നു ന്യായീകരിച്ച സര്‍ക്കാര്‍ പിന്‍വലിച്ചപ്പോഴും ഒരു കാര്യം പറഞ്ഞില്ല, സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളി ഈ ഭേദഗതിയില്‍ ആരു പരാമര്‍ശിച്ചു, ഇനിയും അത് എങ്ങനെ കൈകാര്യം ചെയ്യാന്‍ പോകുന്നു? ഒരു നിയമനിര്‍മാണത്തില്‍ തിരിച്ചടി നേരിട്ടുവെന്ന പേരില്‍ സ്ത്രീകളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാമെന്നു സര്‍ക്കാര്‍ കരുതേണ്ട.

ശരിയാണ്. ഏതു സാഹചര്യത്തിലാണ് ഈ നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത് എന്നതിന് ചൂണ്ടിക്കാണിക്കാന്‍ ഒരു കാരണമുണ്ട്. സമൂഹമാധ്യമത്തിലൂടെ അപമാനിച്ച വ്യക്തിയെ സാമൂഹ്യപ്രവര്‍ത്തകരായ വനിതകള്‍ക്ക് നിയമം കൈയിലെടുത്തു കൈകാര്യം ചെയ്യേണ്ടി വന്ന ജാള്യത സര്‍ക്കാരിനുണ്ടായിരുന്നു. സി.പി.എമ്മിന്റെ സൈബര്‍ പ്രവര്‍ത്തകരടക്കം വനിതകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെ നിരന്തരം ചോദ്യങ്ങളുണ്ടായിരുന്നു. എല്ലാത്തിനും പരിഹാരമുണ്ടാക്കുന്നുവെന്ന ന്യായത്തിലാണ് സര്‍ക്കാര്‍ ഈ പൊലീസ് ഭേദഗതിയെ അവതരിപ്പിച്ചത്. പക്ഷേ സ്ത്രീസംരക്ഷണത്തിനെന്ന പേരില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ സ്ത്രീകളെക്കുറിച്ചു പ്രത്യേക പരാമര്‍ശമോ പരിഗണനയോ ഉണ്ടായിരുന്നില്ല. പകരം അഭിപ്രായം രേഖപ്പെടുത്തുന്ന ആരെയും വേട്ടയാടാന്‍ കഴിയുന്ന തരത്തില്‍ അവ്യക്തവും ദുരുപയോഗസാധ്യതകള്‍ നിറഞ്ഞതുമായിരുന്നു ഭേദഗതിയിലെ പരാമര്‍ശങ്ങള്‍. യഥാര്‍ഥത്തില്‍ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങളിലും ആക്രമണങ്ങളിലും ഉചിതമായ നടപടിയെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങളും ലൈംഗികചേഷ്ടകളും കുറ്റകരമാണ്. സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ ഫോട്ടോയും വിഡിയോയും പ്രചരിപ്പിക്കുന്നതു തടയാന്‍ ഇതേ പൊലീസ് നിയമത്തിലെ തന്നെ 119(1) വകുപ്പുണ്ട്. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതും ഐ.ടി.നിയമത്തിലെ 67ാം വകുപ്പനുസരിച്ച് കുറ്റകരമാണ്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയാനും പോക്സോ നിയമമടക്കം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പര്യാപ്തമായ വ്യവസ്ഥകളുണ്ട്. 

അതുകൊണ്ട് നിയമമില്ലാത്തതു മാത്രമല്ല മുഖ്യമന്ത്രീ നിലവില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇച്ഛാശക്തിയോടെ ഗൗരവത്തോടെ ഇടപെടാന്‍ പൊലീസ് തയാറാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും അതൊരു പ്രധാന പ്രശ്നമായി കാണുന്നില്ല എന്നതാണ് ശരിയായ പ്രശ്നം.  ആ നിഷേധാത്മകത മാറ്റിയെടുക്കാന്‍ മുഖ്യമന്ത്രി ഇപ്പോള്‍ തീരുമാനിച്ചാല്‍ പോലും സാധിക്കും. സ്ത്രീകള്‍ക്കെതിരെ അധിക്ഷേപത്തില്‍ നാളെ മുതല്‍ കര്‍ശനനടപടിയെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപിച്ചാല്‍ തന്നെ അത് വലിയ മാറ്റങ്ങളുണ്ടാക്കും. കൂടുതല്‍ വ്യക്തതയ്ക്കും കൃത്യതയ്ക്കും ഒഴിഞ്ഞു മാറാനാകാത്ത വ്യവസ്ഥകളോടെ പുതിയ നിയമനിര്‍മാണവും വേണം. അത് നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം കൊണ്ടുവരികയും വേണം. പക്ഷേ സ്ത്രീകള്‍ക്ക് അന്തസോടെ ജീവിക്കാനുള്ള അടിസ്ഥാന പൗരാവകാശത്തിനു വേണ്ടി, ദുരുദ്ദേശങ്ങള്‍ കൂട്ടിക്കലര്‍ത്തിയ ഒരു നിയമഭേദഗതികൊണ്ടു വന്നു പിന്‍വാങ്ങേണ്ടി വന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്. ഈ നിയമഭേദഗതി എത്ര മാത്രം അടിയന്തരമാണെന്ന് മുഖ്യമന്ത്രി കരുതിയോ അതേ വേഗത്തില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളില്‍ നടപടിയും നിയമവും വേണം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...