കര്‍ഷകരെ ജയിലില്‍ കയറ്റുന്ന രാജ്യം; അപഹാസ്യമായ ജനാധിപത്യദൃശ്യം

Parayathe-Vayya_Modi
SHARE

ജീവിക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകരെ നേരിടാന്‍ സായുധസേനയെ അണിനിരത്തുന്ന രാജ്യം. വിശപ്പറിയാതിരിക്കാന്‍ അന്നമെത്തിക്കുന്ന മനുഷ്യരെ ജയിലിലടയ്ക്കാനൊരുങ്ങുന്ന രാജ്യം. നമ്മുടെ രാജ്യമാണ്. പിന്‍മാറില്ലെന്ന കര്‍ഷകരുടെ പോരാട്ടവീര്യത്തിനു മുന്നില്‍ തിരുത്തി പരിചയമില്ലാത്ത മോദി ഭരണകൂടം പിന്‍വാങ്ങാന്‍ സാധ്യതകളില്ലായിരിക്കാം.  അതിജീവനത്തിന്റെ ചോദ്യചിഹ്നവും അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വവിരുദ്ധതയുടെ ഉയരങ്ങളിലേക്കു വീണ്ടും നടന്നു കയറുകയാണ്.  

കര്‍ഷകരോഷത്തെ തടുക്കാനാകാതെ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ഭരണകൂടം അപഹാസ്യമായ ഒരു ജനാധിപത്യദൃശ്യമാണ്. പാര്‍ലമെന്റില്‍ ഏകപക്ഷീയമായി നടപ്പാക്കിയ കര്‍ഷകനിയമങ്ങള്‍ക്കെതിരെ രാജ്യത്തെ വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചും അപവാദം പ്രചരിപ്പിച്ചുമാണ് സമരത്തെ നേരിടാന്‍ ശ്രമിച്ചത്.  

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായെത്തിയ കര്‍ഷകമാര്‍ച്ച് ഡല്‍ഹിയിലെത്താതിരിക്കാന്‍ ഒരു ജനാധിപത്യഭരണകൂടവും സ്വീകരിക്കാത്ത മാര്‍ഗങ്ങള്‍ മോദി സര്‍ക്കാര്‍ തേടി. സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കുമെന്നു പ്രഖ്യാപിച്ചു. ഗ്രനേഡും ജലപീരങ്കിയുമായാണ് നാടിന്റെ പട്ടിണി മാറ്റുന്നവരെ ഡല്‍ഹി പൊലീസ് സ്വീകരിച്ചത്. മണ്ണു നിറച്ച ടിപ്പര്‍ ലോറികളും ജലപീരങ്കികളും നിരത്തിയിട്ട് വഴി തടയാന്‍ ശ്രമിച്ചു.  

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഒരു കെട്ടുകാഴ്ചയല്ലെന്ന് മോദി സര്‍ക്കാര്‍ തിരിച്ചറിയണം. ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷികമേഖലയുടെ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടമാണ് കര്‍ഷകര്‍ നടത്തുന്നത്. ലാത്തിയും ജലപീരങ്കിയും കൊണ്ട് അവരുടെ ആശങ്കകള്‍ നേരിടാനാവില്ല. കാര്‍ഷികമേഖലയില്‍ പുകയുന്ന പ്രതിഷേധവും അതൃപ്തിയും കണ്ടില്ലെന്ന് നടിച്ച് ഒരു നിയമവുമായി മുന്നോട്ടു പോകാനുമാകില്ല. കര്‍ഷകരെ മര്‍ദിക്കുന്ന ഒരു ഭരണകൂടം നമ്മുടെ രാജ്യത്തിന് തീരാത്ത കളങ്കമാണ് സൃഷ്ടിക്കുന്നത്.  

ആര്‍ത്തിയേതുമില്ലാത്ത മനുഷ്യര്‍ക്കു മാത്രം ജീവനോപാധിയായി സ്വീകരിക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു ഇന്ന് ഇന്ത്യയില്‍ കാര്‍ഷികവൃത്തി. നാള്‍ക്കുനാള്‍ പ്രയാസങ്ങള്‍ അടിച്ചേല്‍പിക്കുന്നതല്ലാതെ കര്‍ഷകര്‍ അര്‍ഹിക്കുന്ന പരിഗണനയോ ആനുകൂല്യങ്ങളോ നല്‍കാന്‍ ഭരണകൂടത്തിനായിട്ടില്ല. നോട്ടു നിരോധനം ഇന്ത്യയുടെ ചെറുകിട കാര്‍ഷികമേഖലയെ തകര്‍ത്തതെത്രയെന്ന് ഒരു ശാസ്ത്രീയപഠനം പോലും നടത്താന്‍ നമുക്കായിട്ടില്ല. അടിസ്ഥാനജീവിതാവശ്യങ്ങള്‍ക്കു പോലും പണം കണ്ടെത്താനാകാതെ കര്‍ഷകകുടുംബങ്ങള്‍ വലയുമ്പോഴാണ് വന്‍കിട കുത്തകകള്‍ക്ക് വീണ്ടും അമിത ലാഭത്തിനു വഴിയൊരുക്കുന്ന നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. അതും ഘടകകക്ഷികളുടെ പോലും എതിര്‍പ്പു വകവയ്ക്കാതെ. ജനാധിപത്യവിരുദ്ധമാര്‍ഗങ്ങളിലൂടെ നിയമനിര്‍മാണം നടത്തി, തല്‍പരകക്ഷിതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതി ഇക്കാര്യത്തിലും മോദി സര്‍ക്കാര്‍ പിന്തുടര്‍ന്നു.  

ഇതുവരെ പിന്നോട്ടു പോകേണ്ടി വന്നിട്ടില്ലെന്ന് പൗരത്വനിയമഭേദഗതി പ്രക്ഷോഭങ്ങള്‍ക്കു ശേഷവും മോദി സര്‍ക്കാര്‍ ഊറ്റം കൊള്ളുന്നത് രാജ്യം കണ്ടിട്ടുണ്ട്. പക്ഷേ കര്‍ഷകരോട് അതേ ജനാധിപത്യവിരുദ്ധത തുടര്‍ന്നാല്‍ രാജ്യം അത് അംഗീകരിച്ച് നിശബ്ദരായി നില്‍ക്കില്ല. കര്‍ഷകര്‍ ഇന്ത്യയുടെ ശത്രുക്കളല്ല. ദേശവിരുദ്ധരല്ല. ബി.ജെ.പി. പരീക്ഷിച്ചു വിജയിച്ച കുല്‍സിതമുദ്രാവാക്യങ്ങളൊന്നും ഈ മനുഷ്യരോട് പ്രയോഗിക്കാനാകില്ല. തിരുത്തണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കണം, പരിഹരിക്കണം. കര്‍ഷകര്‍ക്കു തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വന്നു എന്നതു തന്നെ ഒരു നാടിന് അപമാനമാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...