ചട്ടലംഘനങ്ങളുണ്ടെങ്കില്‍ തിരുത്താം; കിഫ്ബിയില്‍ നിന്ന് പിന്നോട്ടു പോകണോ?

parayathe3
SHARE

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ആസൂത്രിത നീക്കം നടക്കുന്നുണ്ടോ? നേരിട്ടുള്ള രാഷ്ട്രീയപോരാട്ടത്തിനു പകരം ഭരണഘടനാസ്ഥാപനങ്ങളും കേന്ദ്ര ഏജന്‍സികളും മുന്‍നിര്‍ത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടോ? ഉണ്ടെന്ന് സി.പി.എം ആരോപിക്കുന്നു. ഉണ്ടോയെന്ന് പൊതുസമൂഹം വിലയിരുത്തേണ്ടത് സാഹചര്യവും വസ്തുതകളും സൂക്ഷ്മമായി വിലയിരുത്തിയാണ്. ഒരു കാര്യം ഉറപ്പാണ്. ജനാധിപത്യത്തില്‍ വിയോജിപ്പും എതിര്‍പ്പും ഉയര്‍ത്തേണ്ടത് സുതാര്യമായാണ്. ഭരണനിര്‍വഹണത്തിലെ സുതാര്യത പോലെ തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിലും സുതാര്യതയുണ്ടാകണം.   

കിഫ്ബിയുടെ മസാലബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു എന്നു കേരളത്തെ അറിയിച്ചത് ധനമന്ത്രി തോമസ് ഐസക്കാണ്. കരട് റിപ്പോര്‍ട്ട് എന്ന് മന്ത്രി ആദ്യം പറ‍ഞ്ഞതും ആവര്‍ത്തിച്ചതും പിന്നീട് തിരുത്തേണ്ടി വന്നതും മനഃപൂര്‍വമായിരുന്നോ എന്നു സംശയിക്കാമെങ്കിലും ചോദ്യം കേരളത്തിനു മുന്നിലെത്തി. കിഫ്ബിയുടെ മസാലബോണ്ട് വഴിയുള്ള ധനസമാഹരണം ഭരണഘടനാവിരുദ്ധമാണോ? വികസനപദ്ധതികളില്‍ ധനസമാഹരണം വഴി ഏറെ മുന്നോട്ടു പോയശേഷം സി.എ.ജി ഈ ചോദ്യം ഉന്നയിക്കുന്നത് സ്വാഭാവികമാണോ?   

പ്രതിപക്ഷം ധനമന്ത്രി നടത്തിയ അവകാശലംഘനത്തെക്കുറിച്ചും ഭരണഘടനാവിരുദ്ധതയെക്കുറിച്ചും ആകുലപ്പെടുമ്പോള്‍ കേരളത്തിനു മുന്നിലുള്ളത് യഥാര്‍ഥ ചോദ്യങ്ങള്‍ തന്നെയാണ്. കിഫ്ബി കേരളത്തിന് ആവശ്യമാണോ അനിവാര്യമാണോ? ചട്ടലംഘനങ്ങളുണ്ടായെങ്കില്‍പോലും തിരുത്തുകയല്ലാതെ പിന്നോട്ടു പോകാനാകുമോ?  1999ല്‍ കിഫ്ബി നിയമപ്രകാരം രൂപീകരിക്കപ്പെട്ട ധനകാര്യബോര്‍ഡ് കോര്‍പറേറ്റാണ് കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി. 2016ലെ നിയമഭേദഗതിയിലൂടെ മസാലബോണ്ടുകള്‍ ഇറക്കി വിദേശനിക്ഷേപം സ്വീകരിക്കാനുള്ള അധികാരവും വിപുലപ്പെടുത്തി. ഈ മസാലബോണ്ടുകള്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ 2019 മെയ് 17ന് വിതരണം ചെയ്യുകയും ചെയ്തു. കിഫ്ബിയുടെ പരമപ്രധാനമായ ലക്ഷ്യം കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് ആവശ്യമായ പണം സമാഹരിച്ച് വിതരണം ചെയ്യുക എന്നതാണ്. ഈ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നതോ മന്ത്രിസഭ തീരുമാനിക്കുന്നതോ ആകാം. 55000 കോടി രൂപയുടെ വികസനപദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിരിക്കുന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.  

ശമ്പളവും പെന്‍ഷനും കഴിഞ്ഞാല്‍ വികസനത്തിന് പണം ചെലവിടാന്‍ നിവൃത്തിയില്ലാതിരുന്ന സംസ്ഥാനമാണ് കേരളം. അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ മുതല്‍മുടക്കാനില്ലാതിരുന്ന സാമ്പത്തികാവസ്ഥ കേരളത്തെ സാരമായി മുരടിപ്പിച്ചിരുന്നു. മറ്റു മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് ആനുപാതികമായിരുന്നില്ല അടിസ്ഥാനസൗകര്യവികസനം. ഈ അവസ്ഥ മാറ്റിയെടുക്കുന്നതില്‍ കിഫ്ബിയുടെ സജീവ ഇടപെടല്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനരീതിയുടെ ഭരണഘടനാസാധുത കോടതികള്‍ തീര്‍പ്പുകല്‍പിക്കേണ്ട കാര്യമാണ്. പക്ഷേ കേരളത്തില്‍ ഇന്നുണ്ടായിരിക്കുന്ന വികസനവേഗത്തില്‍ കിഫ്ബിയുടെ പങ്ക് ഒരു കാരണവശാലും വിസ്മരിക്കാവുന്നതല്ല.  

സി.എ.ജി. റിപ്പോര്‍ട്ടില്‍ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാണിച്ച അതേ നേരത്തു തന്നെ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് ഹൈക്കോടതിയിലെ കേസുകള്‍ വേഗത്തിലാക്കാന്‍ ശ്രമം നടക്കുന്നുവെന്നതാണ്  അട്ടിമറിവാദത്തിന് ധനമന്ത്രി ചൂണ്ടിക്കാണിക്കുന്ന സംശയം. കോടതി കള്‍ പരിശോധന തുടരട്ടെ. കിഫ്ബി വഴിയെടുക്കുന്ന വായ്പകളടുെ ബാധ്യതയും ബാധ്യത കുറയ്ക്കാനുള്ള സാധ്യതകളും ഇനിയും സൂക്ഷ്മമായ ചര്‍ച്ച ചെയ്യപ്പടെട്ടെ. പക്ഷേ കിഫ്ബി വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതോ നിലയ്ക്കുന്നതോ ഇപ്പോള്‍ കേരളത്തിന് താങ്ങാവുന്നതല്ല.   

നിയമസഭ തന്നെയാണ് സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യേണ്ടത്. പക്ഷേ സഭയുടെ അവകാശങ്ങള്‍ മാത്രമല്ല കേരളത്തിന്റെ അവകാശങ്ങളും ചര്‍ച്ചയാകണം. ചട്ടങ്ങള്‍ ഭരണനിര്‍വണത്തില്‍ പുതിയ സാധ്യതകള്‍ തേടാനുള്ള തടസമായിക്കൂടാ. ലക്ഷ്യമെന്ത് എന്നതാണ് ചട്ടം പരിഗണിക്കുമ്പോഴും പ്രധാനമാകേണ്ടത്.   

ഏതു സര്‍ക്കാരിന്റെയും അഞ്ചു വര്‍ഷകാലാവധിയില്‍ അവസാന ആറു മാസം സംഭവബഹുലമായിരിക്കും. പ്രതിപക്ഷം അലസത വെടിഞ്ഞ് സജീവമാകും. സര്‍ക്കാരിന്റെ ഏതു തീരുമാനവും വിവാദമാകും. കേന്ദ്ര ഏജന്‍സികള്‍ നിഷ്ക്രിയത വെടിഞ്ഞ് സൂക്ഷ്മപരിശോധനകളില്‍ മുഴുകും. വലിയ മോശമല്ലാതെ ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരുകള്‍ പോലും അവസാനലാപ്പില്‍ കുരുക്കുകളില്‍ ചെന്നു ചാടും.  ഇതൊക്കെ സ്വാഭാവികവും ആചാരപരവുമായാണ് കേരളത്തിലും ഇതുവരെ നടന്നുകൊണ്ടിരുന്നത്. പക്ഷേ ഇത്തവണ കാര്യങ്ങള്‍ അതിസങ്കീര്‍ണമാണെന്നു കിഫ്ബി വിവാദം കൂടി തെളിയിക്കുന്നു.   

നാലു വര്‍ഷം വന്‍വീഴ്ചകള്‍ക്കിടം കൊടുക്കാതെ മുന്നോട്ടു പോയ പിണറായി സര്‍ക്കാരിന് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഒന്നു കാലിടറി. എന്നു വച്ചാല്‍ സര്‍ക്കാരിന്റെ പദ്ധതികളുടെ നിര്‍ണായകചുമതലക്കാരനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തു പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ പുറത്തായി. തുടര്‍ന്ന് കേന്ദ്രഅന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ പ്രതിയായി, അറസ്റ്റിലുമായി. ഭരണനിര്‍വഹണത്തില്‍ സൂക്ഷ്മ ശ്രദ്ധ പുലര്‍ത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും അപ്രതീക്ഷിതവും അവിചാരിതവുമായ ഒരു പ്രതിസന്ധി സ്വര്‍ണക്കടത്തു കേസ് സൃഷ്ടിച്ചു.  

എന്നാല്‍ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ ഇത്തരമൊരു സന്നിഗ്ധഘട്ടത്തില്‍ ഒരു സര്‍ക്കാരിനു  ചെയ്യാവുന്ന ഏറ്റവും സുതാര്യമായ വഴിയാണ് മുഖ്യമന്ത്രി തിരഞ്ഞെടുത്തത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്വാഭാവികമായി സംഭവിക്കേണ്ടതായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ കൂടി ആവശ്യപ്രകാരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസ് ഏറ്റെടുത്തു. മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രതി ചേര്‍ത്തു, അറസ്റ്റ് ചെയ്തു. അന്വേഷണം മുന്നോട്ടു പോകുകയാണ്. പിന്നീട് കേരളം കാണുന്നത് അത്ര സ്വാഭാവികമല്ലാത്ത കാര്യങ്ങളാണ്. ഉദാഹരണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെട്ട് പലയിടത്തും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും പരാമര്‍ശിക്കുന്നു. എന്നാല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിവിടുകയല്ലാതെ സംശയനിവാരണത്തിനു ശ്രമിക്കുന്നില്ല.  

നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷവും എം.ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിവ് എവിടെയെന്ന് കോടതി പോലും സംശയമുന്നയിച്ചിരിക്കുന്നു. സ്വാഭാവികമായും അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നില്ല. ശിവശങ്കറിന് ജാമ്യവും അനുവദിച്ചില്ല. സ്വര്‍ണക്കടത്തു കേസില്‍ കുറ്റക്കാരനാണെങ്കില്‍ അദ്ദേഹം അതു നേരിടണം. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് സംശയമുനകള്‍ നീട്ടിത്തന്നെ നിലനിര്‍ത്താന്‍ അന്വേഷണഏജന്‍സികള്‍ക്കുള്ള തെളിവ് എന്താണ്? ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്തിന് സംസ്ഥാനസര്‍ക്കാരുമായി ബന്ധമുണ്ടെന്ന അനുമാനം അന്വേഷണ ഏജന്‍സികള്‍ നിലനിര്‍ത്തുന്നത്? 

ജാമ്യാപേക്ഷയ്ക്കിടെ കൂട്ടിച്ചേര്‍ത്ത വാദത്തില്‍ എം.ശിവശങ്കര്‍ ഇ.ഡിക്കെതിരെ ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ തന്നെ നിര്‍ബന്ധിക്കുന്നു. അതിനു തയാറാകാത്തതുകൊണ്ടാണ് അറസ്റ്റ് ചെയ്തത്. ദുരൂഹമായ രീതിയില്‍ പുറത്തു വന്ന സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നും അവകാശപ്പെടുന്നുണ്ട്. രണ്ടു പേരും ഇ.ഡിയുടെ കേസിലെ പ്രതികളാണ്. കുറ്റകൃത്യം ആരോപിക്കപ്പെട്ടവരുടെ വാദങ്ങള്‍ക്ക് പൂര്‍ണവിശ്വാസ്യതയില്ല. പക്ഷേ ഇത്തരമൊരു ആരോപണം തീര്‍ത്തും തള്ളിക്കളയേണ്ടതുമല്ല.  

അന്വേഷണഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പോലും പല തവണ മലക്കം മറിഞ്ഞു കഴിഞ്ഞു. ലോക്കറിലെ തുക ശരിക്കും ആരുടേതാണ്, ഏത് ഇടപാടിലേതാണ് എന്ന് വ്യക്തമായ ഒരു തീരുമാനത്തിലെത്താനാണ് അവസാനം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിനും അറിയേണ്ട ചില കാര്യങ്ങള്‍ ഏജന്‍സികള്‍ ഉയര്‍ത്തിയിട്ടുണ്ട്.ലൈഫ് പദ്ധതിയിലെ ചില പദ്ധതികളില്‍ സ്വര്‍ണക്കടത്ത് പ്രതികളുടെ താല്‍പര്യപ്രകാരം ക്രമക്കേട് നടന്നുവെന്ന് ആദ്യം കണ്ടെത്തിയത് കേന്ദ്ര ഏജന്‍സിയാണ്. ഇപ്പോള്‍ സംസ്ഥാനവിജിലന്‍സും എം.ശിവശങ്കറെ പ്രതിചേര്‍‌ത്ത് ചോദ്യം ചെയ്യുകയാണ്. ഇതേ തരത്തില്‍ കെഫോണിലും ലൈഫിലെ മറ്റു പദ്ധതികളിലും ടോറസ് ഡൗണ്‍ടൗണിലുമെല്ലാം ഇടപെടല്‍ ഉണ്ടായെന്ന സംശയം ഇ.ഡി. മുന്നോട്ടുവച്ചിട്ടുണ്ട്. ഇതെല്ലാം ഗുരുതരമായ ചോദ്യങ്ങളാണ്. സര്‍ക്കാരിന് വീഴ്ച പറ്റിയില്ല എന്ന സി.പി.എമ്മിന്റെ അവകാശവാദം ശരിയാണോയെന്നറിയാന് ഈ ചോദ്യങ്ള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടണം.  

സ്വര്‍ണക്കടത്തില്‍ ഇപ്പോള്‍ എന്താണ് അന്വേഷിക്കുന്നത് എന്നു ചോദിച്ചാല്‍ അന്വേഷണ  ഏജന്‍സികള്‍ക്ക് നേരിട്ടൊരുത്തരം തരാന്‍ പ്രയാസമായിരിക്കും. സത്യം നമുക്കൊക്കെ അറിയാം. സ്വര്‍ണക്കടത്ത് അന്വേഷിക്കാനാണ് വന്നത്. പക്ഷേ ഇപ്പോള്‍ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ എന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്നാണ്. സംസ്ഥാനത്തെ പദ്ധതികളില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ്. അത് അന്വേഷിക്കാന്‍ പാടില്ലാത്തതല്ല. എവിടെ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിലും കണ്ടു പിടിക്കണം. പക്ഷേ എന്താണ് ലക്ഷ്യമെന്ന് അന്വേഷിക്കുന്നവരും ഉത്തരം കാത്തിരിക്കുന്നവരും അറിഞ്ഞിരിക്കുന്നതാണ് സുതാര്യത, മര്യാദ.  

സംസ്ഥാനസര്‍ക്കാരിന് ആത്മവിശ്വാസത്തോടെ ചൂണ്ടിക്കാണിക്കാവുന്ന ഒരു വസ്തുതതയുണ്ട്. നാലു മാസത്തിലേറെയായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വാള്‍മുനയില്‍ നില്‍ക്കുകയാണ്. ഇതുവരെ ലൈഫിലെയും കെഫോണിലെയും ചില വിവരങ്ങള്‍ സ്വപ്നസുരേഷിന് ശിവശങ്കര്‍ കൈമാറി എന്നതിനപ്പുറത്തേക്കൊരു കുറ്റവും സംസ്ഥാനസര്‍ക്കാരിലുണ്ടായെന്ന് ഈ ഏജന്‍സികള്‍ക്കൊന്നിനും കണ്ടെത്താനായിട്ടില്ല. ലൈഫ് മിഷന്‍ പദ്ധതിയിലും കെഫോണ്‍, ടോറസ് ഡൗണ്‍ ടൗണ്‍ പദ്ധതികളിലും ശിവശങ്കറിന്റെ ദുരൂഹമായ ഇടപെടലുണ്ടായി എന്ന സൂചനകള്‍ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അത് വ്യക്തിപരമായ കുറ്റകൃത്യത്തില്‍ ഒതുങ്ങുമോ സര്‍ക്കാരിന് ഔദ്യോഗിക ഉത്തരവാദിത്തം വരുന്ന വിധത്തില്‍ വികസിക്കുമോ എന്നതു പ്രധാനം തന്നെയാണ്. പക്ഷേ ഇതുവരെ വസ്തുതകള്‍ പുറത്തു വിട്ടിട്ടില്ല. അത്തരം ഇടപെടലുണ്ടായി എന്നു തെളിഞ്ഞാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറാനാകില്ല. 

ലൈഫ് പദ്ധതി മാത്രമല്ല, കെഫോണ്‍ പദ്ധതിയും കേരളം മുന്നോട്ടു വയ്ക്കുന്ന സമാന്തരമാതൃകയാണ്. വീഴ്ചകളുണ്ടായാല്‍ തന്നെ തിരുത്തി മുന്നോട്ടു പോകേണ്ട വിശാലമായ ആശയം ഉള്‍ക്കൊള്ളുന്ന പദ്ധതി. 

സംസ്ഥാനത്തിന്റെ വന്‍പദ്ധതികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചുകൊണ്ടിരിക്കേയാണ് കിഫ്ബിയുടെ പേരിലും ഗൂഢാലോചന നടക്കുന്നതായി ധനമന്ത്രി ആരോപിക്കുന്നത്. കിഫ്ബി കേരളത്തിന്റെ വികസനസ്വപ്നങ്ങളുടെ നിര്‍വഹണഏജന്‍സിയാണ്. അത് ഇടതുമുന്നണി സര്‍ക്കാരിനു മാത്രം താല്‍പര്യമുള്ള ഒരു സംരംഭമായി കാണുന്നത് ശരിയല്ല. കിഫ്ബിക്കു നേരെയും ചോദ്യങ്ങളുയരണം. പക്ഷേ ചോദിക്കുന്നത് തിരുത്താനോ തളര്‍ത്താനോ എന്ന് ചോദ്യങ്ങള്‍ തന്നെ സ്വയം വെളിപ്പെടുത്തും. 

കിഫ്ബിയിലെ ഓഡിറ്റ് നേരത്തെ തന്നെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടിരുന്ന പ്രശ്നമാണ്. ജനങ്ങളുടെ പണം വിനിയോഗിക്കപ്പെടുന്നത് ഏത് അനുപാതത്തിലാണെങ്കിലും സുതാര്യമായ കണക്കു നോട്ടം ഉണ്ടാകണം. അത് പൊതുസമൂഹത്തിനു ബോധ്യപ്പെടും വിധം നിര്‍വഹിക്കുകയും വേണം. പക്ഷേ ഇവിടെ സി.എ.ജി ഉന്നയിച്ച ചോദ്യങ്ങളും എത്തിച്ചേര്‍ന്നിരിക്കുന്ന തീര്‍പ്പും അതേ പോലെ ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ട്. 2016 മുതല്‍ സജീവമായി കേരളത്തിന്റെ വികസനഭൂപടം മാറ്റിയെഴുതുന്ന പദ്ധതികള്‍ നിര്‍വഹിച്ചുപോരുന്ന കിഫ്ബിക്കെതിരെ 2019ലാണ് എ.ജിക്ക് മൗലികമായ സംശയങ്ങള്‍ ഉണ്ടാകുന്നത് എന്നത് അവഗണിക്കാനാകുന്ന വസ്തുതയല്ല. 

വിദേശവായ്പയെടുത്തത് ഭരണഘടനാവിരുദ്ധം എന്ന സി.എ.ജിയുടെ നിലപാടില്‍ പ്രതിപക്ഷവും നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നു ധനമന്ത്രി ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനത്തിനുള്ള അവകാശമാണ് സി.എ.ജി. ലംഘിക്കുന്നതെന്നും ധനമന്ത്രി ആരോപിക്കുന്നു. കേരളത്തിന്റെ വികസനപദ്ധതികളില്‍ കിഫ്ബി കൊണ്ടു വന്ന സ്വാധീനവും പുരോഗതിയും പ്രതിപക്ഷത്തിനും നിഷേധിക്കാനാകുന്നതല്ല. കിഫ്ബിയിലെ ധനവിനിയോഗത്തിലും പദ്ധതി നടത്തിപ്പിലും കൂടുതല്‍ സുതാര്യത  ആവശ്യപ്പെടാം. ഉറപ്പു വരുത്താന്‍ സംസ്ഥാനസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താം. പക്ഷേ കിഫ്ബിയുടെ പ്രവര്‍ത്തനം ഈ രീതിയില്‍ ആവശ്യമോ എന്ന അടിസ്ഥാനചോദ്യത്തിലേക്ക് ഈ ഘട്ടത്തില്‍ കേരളത്തിനു തിരിച്ചുപോകാനാകില്ല. ഭരണഘടനാവിരുദ്ധം എന്ന നിരീക്ഷണം പരിശോധിക്കണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതി എന്ന പ്രായോഗികപ്രശ്നമാണുള്ളതെങ്കില്‍ അത് പരിശോധിച്ചു പരിഹരിക്കാനുള്ള സാധ്യതകള്‍ തേടണം. 

അതല്ലാതെ കിഫ്ബിക്കും കേരളത്തിനും വികസനത്തിന്റെ ട്രാക്കില്‍  ഇനി തിരിച്ചു നടക്കാനാകില്ല. രാഷ്ട്രീയം വേറെ, സംസ്ഥാനത്തിന്റെ വികസനം വേറെ എന്നു തന്നെയാണ് കേരളം കാണേണ്ടത്. സുതാര്യമായ വികസനം ഉറപ്പുവരുത്താന്‍ പ്രതിപക്ഷം ജാഗ്രത കാണിക്കണം. പക്ഷേ രാഷ്ട്രീയലക്ഷ്യങ്ങള്‍ സംശയിക്കാവുന്ന പരോക്ഷമായ ഇടപെടലുകള്‍ക്കു മുന്നില്‍ കേരളത്തെ വിട്ടുകൊടുക്കരുത്. രാഷ്ട്രീയപോരാട്ടവും നേര്‍ക്കുനേര്‍, സുതാര്യമായി നടക്കട്ടെ. ഭരണഘടനാസ്ഥാപനങ്ങളും കേന്ദ്ര ഏജന്‍സികളും രാഷ്ട്രീയപ്രവര്‍ത്തനത്തിനു മുതല്‍ക്കൂട്ടുന്നത് അനുവദിക്കാനാകില്ല. അത് ജനാധിപത്യവിരുദ്ധമാണ്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...