എന്തുകൊണ്ടാണ് സിപിഎം മാത്രം ഇത്രമാത്രം വിമർശിക്കപ്പെടുന്നത്?കാരണമുണ്ട്

pv
SHARE

സി.പി.എം സംസ്ഥാനസെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി മാറി. കോടിയേരിയുടെ തീരുമാനം സി.പി.എമ്മിനും മുന്നണിക്കും പ്രതിസന്ധിഘട്ടത്തില്‍ ആശ്വാസം പകരുമോ? കോടിയേരി കഴിഞ്ഞാല്‍ മുഖ്യമന്ത്രി എന്ന പ്രതിപക്ഷ ലക്ഷ്യം സാധൂകരിക്കാവുന്നതാണോ? സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍  മുഖ്യമന്ത്രിയുടെ ഓഫിസിെല മറ്റു ചിലര്‍ക്കും  അറിവും പങ്കാളിത്തവുമുണ്ടെന്ന് ഇ.ഡി. പറയുന്നത് വിശ്വസനീയമാണോ? വ്യക്തിപരമായ രണ്ടു കുറ്റകൃത്യങ്ങള്‍ എന്നതിനപ്പുറത്തേക്ക് ബിനീഷ് കോടിയേരിയും എം.ശിവശങ്കറും സര്‍ക്കാരിനും മുന്നണിക്കും രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിക്കുമോ?

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. അര്‍ബുദരോഗത്തിന് ചികില്‍സ തുടരാന്‍ അവധി വേണമെന്ന കോടിയേരിയുടെ അപേക്ഷ പാര്‍ട്ടി അംഗീകരിച്ചു. പകരം ചുമതല എ.വിജയരാഘവനെ ഏല്‍പിച്ചു. രോഗം ഏതു മനുഷ്യനെയും ഏതു സമയത്തും അവിചാരിത തീരുമാനങ്ങളിലേക്കെത്തിക്കാം. അതുകൊണ്ട് ചികില്‍സയ്ക്കായി മാറിനില്‍ക്കുന്നു എന്ന തീരുമാനം പരിഹാസവും സംശയവും കൊണ്ട് അളക്കാന്‍ ശ്രമിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്.

കോടിയേരി ബാലകൃഷ്ണന്‍ എന്ന സി.പി.എം സംസ്ഥാനസെക്രട്ടറി വ്യക്തിപരമായി  ഒരുപ്രതിസന്ധി

കൂടി നേരിടുകയാണ്. മകന്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായിട്ട് ആഴ്ചകള്‍ പിന്നിടുന്നു. ലഹരിമരുന്നു വ്യാപാരത്തിനു മുതല്‍ മുടക്കുകയോ കൂട്ടുനില്‍ക്കുകയോ ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ബിനീഷ് കോടിയേരിക്കു നേരെയുള്ളത്.  പക്ഷേ ഇപ്പോഴത്തെ നിയമനടപടി കള്ളപ്പണംവെളുപ്പിക്കല്‍ കേസിലാണ്. ബിനീഷ് കുറ്റം ചെയ്തുവെന്നോ നിരപരാധിയെന്നോ പറയാനാകാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രിയുടെ തന്നെ വാക്കുകള്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറിനില്‍ക്കാനുള്ള കോടിയേരിയുടെ തീരുമാനത്തെ മകന്റെ കേസ് സ്വാധീനിച്ചിട്ടുണ്ടാകാം. കോടിയേരി എന്ന രാഷ്ട്രീയനേതാവ് നേരിടേണ്ടി വരുന്നത് വ്യക്തിപരമായ വലിയ പ്രതിസന്ധിയാണ്. പക്ഷേ മാറിനില്‍ക്കാനുളള തീരുമാനം സി.പി.എമ്മിനും ഇടതുമുന്നണിക്കും നിലവിലെ സാഹചര്യത്തില്‍ ഗുണകരമാണ്. പാര്‍ട്ടിയെ പ്രതിരോധിക്കേണ്ടവര്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത് ശരിയല്ല. ബിനീഷ് കോടിയേരിക്കെതിരായ കേസ് എന്ന കാരണം പാര്‍ട്ടി  പരസ്യമായി സമ്മതിക്കാന്‍ പോകുന്നില്ല. പക്ഷേ ഈ തീരുമാനം ആരെ ഉദ്ദേശിച്ചാണോ കൈക്കൊള്ളുന്നത് അവരിലേക്ക് അതിവേഗം ഊര്‍ജവും ഉത്തേജനവുമായി കൈമാറ്റം ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

2015 ഫെബ്രുവരി 23ന് ആലപ്പുഴ സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2018 തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അര്‍ബുദബാധയെത്തുടര്‍ന്ന് 2019ലാണ് ചികില്‍സ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വര്‍ഷം ജനുവരിയിലും അമേരിക്കയിലെ ഹൂസ്റ്റനില്‍ വിദഗ്ധചികില്‍സ തേടി രോഗശമനമുണ്ടായെങ്കിലും അടുത്തിടെ നടന്ന പരിശോധനയില്‍ വീണ്ടും രോഗബാധ കണ്ടെത്തി. ആദ്യഘട്ടത്തില്‍ രോഗബാധ കണ്ടെത്തിയപ്പോള്‍ തന്നെ കോടിയേരി മാറിനില്‍ക്കാന്‍ സന്നദ്ധനായെങ്കിലും പാര്‍ട്ടി നിരസിച്ചു. ഇപ്പോള്‍ തിരഞ്ഞെടുപ്പുകള്‍ കൂടി അടുത്ത സാഹചര്യത്തിലാണ് മാറിനില്‍ക്കാനുള്ള അപേക്ഷ പാര്‍ട്ടി അനുവദിക്കുന്നത്.  പാര്‍ട്ടിക്കും മുന്നണിക്കും നിര്‍ണായകമായ തിര‍ഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സമയപ്രവര്‍ത്തനം സാധ്യമല്ലാത്ത ആരോഗ്യാവസ്ഥയാണ് അദ്ദേഹത്തിനുള്ളതെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു. അഞ്ചരപതിറ്റാണ്ടിലേറെ നീളുന്ന സജീവരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്തുമായാണ് അറുപത്തേഴുകാരനായ കോടിയേരി അവധിയില്‍ പ്രവേശിക്കുന്നത്. സി.പി.എമ്മിന്റെ നേതൃനിരയിലെ സൗമ്യമുഖമാണ് കോടിയേരി. അസാമാന്യമായ സംയമനത്തോടെ പാര്‍ട്ടിയെ നയിച്ചിരുന്ന സെക്രട്ടറി. പൊതുസമൂഹവുമായും മാധ്യമങ്ങളുമായും തുറന്ന സംവാദത്തിന് എന്നും തയാറായിരുന്ന രാഷ്ട്രീയശൈലി. കേരളത്തിലെ ചലനാത്മകമായ ജനാധിപത്യപരിസരത്ത് എതിരാളികള്‍ക്കും  സ്വീകാര്യമായ സംഘടനാ–രാഷ്ട്രീയശൈലിയാണ് കോടിയേരി പിന്തുടര്‍ന്നുകൊണ്ടിരുന്നത്.

അക്രമരാഷ്ട്രീയത്തെക്കുറിച്ചും വര്‍ഗീയരാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധിയായത് കുടുംബത്തിനു നേര്‍ക്കുയര്‍ന്ന ആരോപണങ്ങളാണ്. രണ്ടു വര്‍ഷം മുന്‍പു തന്നെ മൂത്ത മകനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി കോടിയേരിയെ വെല്ലുവിളിയിലാക്കിയിരുന്നു. പരാതിക്കാരനായ വിദേശപൗരന്‍ പാര്‍ട്ടിയെ സമീപിച്ചത് വലിയ ചര്‍ച്ചയായി. എന്നാല്‍ വൈകാതെ പണം നല്‍കി കേസ് ഒത്തുതീര്‍ക്കാനായി. പിന്നീട് ബിനോയ് കോടിയേരിക്കെതിരെ മുംബൈയില്‍ യുവതി നല്‍കിയ വഞ്ചനാക്കേസും വലിയ ചോദ്യങ്ങളുയര്‍ത്തി. ആ കേസ് ഡി.എന്‍.എ. ടെസ്റ്റും കഴിഞ്ഞ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലാണ്. ഏറ്റവുമൊടുവിലാണ് ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്നു സംഘവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ബിനീഷ് കോടിയേരി അറസ്റ്റിലാകുന്നത്. ലഹരിമരുന്നു സംഘത്തിലെ കണ്ണികള്‍ എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.    

കോടിയേരിയുടെ വ്യക്തിപരമായ വീഴ്ചകളുടെ പേരിലല്ല അദ്ദേഹം മറുപടി പറയേണ്ടി വന്നത്. പക്ഷേ തിരഞ്ഞെടുപ്പിനു തൊട്ടുമുന്നില്‍ നില്‍ക്കുന്ന സി.പി.എമ്മിന് പാര്‍ട്ടിയുടെ നിലനില്‍പു കൂടി പരിഗണിച്ചേ പറ്റൂ. സെക്രട്ടറിയും മകനും തമ്മില്‍ബന്ധമില്ല എന്ന ന്യായീകരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവര്‍ത്തിക്കാനാകുന്നതായിരുന്നില്ല. അതുകൊണ്ട് കോടിയേരിയുടെ തീരുമാനം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുപ്പു കാലത്ത് ആശ്വാസമാണ്. സെക്രട്ടറിയുടെ മകന്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഇര മാത്രമായിരുന്നു എന്ന കോടിയേരിയുടെ പരാതി ശരിയാണോയെന്നറിയാന്‍ നിയമനടപടി പൂര്‍ത്തിയാകും വരെ കാത്തിരിക്കേണ്ടി വരും. പക്ഷേ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ സി.പി.എമ്മിനും അതിന്റെ സെക്രട്ടറിക്കും മാത്രമേ സാധിക്കൂ എന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് ഇനി വിശദീകരിക്കാം.

നല്ല രീതിയില്‍ ഭരണനിര്‍വഹണം നടത്തിയ സര്‍ക്കാരിന്റെ ബലത്തില്‍ ഇടതുമുന്നണി  വരുംതിരഞ്ഞെടുപ്പുകളില്‍ സ്വാഭാവികമായും അര്‍ഹിക്കുന്ന മുന്‍തൂക്കമുണ്ട്. അത് പൊടുന്നനെ അട്ടിമറിക്കപ്പെട്ടത് സ്വര്‍ണക്കടത്ത് വിവാദത്തോടെയാണ്. സ്വര്‍ണക്കടത്തിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ തുടങ്ങിയ അന്വേഷണമാണ് പല ദിശകളിലൂടെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയത്. പക്ഷേ പാര്‍ട്ടിസെക്രട്ടറിയുടെ മകനെതിരായ നിയമനടപടിക്കിടയിലും സെക്രട്ടറിയല്ല പാര്‍ട്ടി എന്നു പറയാന്‍ ധൈര്യം നല്‍കുന്ന സംഘടനാസംവിധാനമാണ്  സി.പി.എമ്മിന്റെ കരുത്ത്. വിഭാഗീയതയുടെ പേരില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ അടിച്ചമര്‍ത്തിയ പരുക്കുകള്‍ക്കിടയിലും ആ പാര്‍ട്ടി ചട്ടക്കൂട് ഒരു കോട്ടവുമില്ലാതെ നിലനില്‍ക്കുന്നു. പാര്‍ട്ടി അംഗങ്ങള്‍ മുതല്‍ പൊളിറ്റ് ബ്യൂറോ വരെ നീളുന്ന ആ സംഘടനാസംവിധാനമാണ് ഇടതുമുന്നണിയുടെ നട്ടെല്ല്. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനെതിരായ ആരോപണങ്ങള്‍ വിശദീകരിക്കേണ്ടിവരുന്ന അവസ്ഥ ആ സംഘടനാസംവിധാനത്തിന് ഇനിയുണ്ടാകുന്നില്ല എന്നത് വരും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരും. കേരളത്തില്‍ ഏതു തിരഞ്ഞെടുപ്പു പോരാട്ടം വരുമ്പോഴും സംഘടനാപരമായി സി.പി.എം ബഹുദൂരം മുന്നിലാണ്. പക്ഷേ പുറമേ എന്തെല്ലാം വാദിച്ചാലും രാഷ്ട്രീയം വിശദീകരിക്കാന്‍ പ്രയാസമുള്ള ചോദ്യങ്ങളുയര്‍ന്നാല്‍ സംഘടനയും പരിക്ഷീണരാകും, . ആ പ്രതിസന്ധി തല്‍ക്കാലം ഒഴിവാകുന്നു. കോടിയേരി ഇപ്പോഴും പി.ബി. അംഗവും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളുമാണെങ്കിലും ആരോപണങ്ങളുടെ പേരിലുയര്‍ന്ന ജനകീയ വികാരത്തെ സ്ഥാനമാറ്റം വച്ചു ചെറുക്കാന്‍ സി.പി.എമ്മിനു ശ്രമിക്കാം. ഇത് നമുക്കു മാത്രം സാധിക്കുന്ന നിലപാടല്ലേ എന്നു സി.പി.എം അണികള്‍ക്കും അനുഭാവികള്‍ക്കും ആത്മവിശ്വാസം നല്‍കാനും ഈ നടപടി പ്രയോജനപ്പെടുത്താം. മറിച്ചു സംഭവിക്കണമെങ്കില്‍ ഇപ്പോഴുയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളെ വോട്ടായും തിരഞ്ഞെടുപ്പു നേട്ടമായും മാറ്റിയെടുക്കാന്‍ കഴിയുന്ന ഒരു ഏകോപനം പ്രതിപക്ഷനിരയിലുണ്ടാകണം. അതു പക്ഷേ അത്ര അനായാസം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.

എന്തുകൊണ്ടാണ് സി.പി.എമ്മിനു നേരെ മാത്രം നിലയ്ക്കാത്ത  ഗുണദോഷപാഠങ്ങളുണ്ടാകുന്നതെന്ന് നേതാക്കളും പ്രവര്‍ത്തകരും രോഷം കൊള്ളുന്നത് പതിവാണ്. കാരണം ഇന്നും ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രം മൂല്യങ്ങള്‍പാലിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. പരിമിതികള്‍ക്കും വ്യതിയാനങ്ങള്‍ക്കുമിടയിലും, ജനാധിപത്യമതേതര  മൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും പാലിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനമാണ് സി.പി.എം. അതുകൊണ്ടാണ് നിരന്തരം സ്ത്രീവിരുദ്ധപ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും എ.വിജയരാഘവന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ഓര്‍ത്തെടുത്ത് സി.പി.എമ്മിനു നേരെ വിരല്‍ ചൂണ്ടാന്‍ സാധിക്കുന്നത്. നൂറിലേറെ കേസുകളുമായി ജയിലില്‍ കഴിയുന്ന എം.എല്‍.എ. രാജിവയ്ക്കേണ്ട എന്ന് പ്രഖ്യാപിച്ച മുന്നണി നേതാക്കള്‍ക്കും അഴിമതി വിരുദ്ധതയുടെ പേരില്‍ സി.പി.എമ്മിനെ ആക്രമിക്കാന്‍  കഴിയുന്നതും സി.പി.എം വിചാരണ ചെയ്യപ്പെടാന്‍ മാത്രം മൂല്യങ്ങള്‍ ഇപ്പോഴും കൊണ്ടു നടക്കുന്നതുകൊണ്ടു മാത്രമാണ്. സ്വന്തം പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ കുറ്റമറ്റ സി.പി.എമ്മിനു വേണ്ടി വേവലാതിപ്പെടുന്ന കോണ്‍ഗ്രസ് യുവനേതാക്കളും ഈ കാലത്തിന്റെ സവിശേഷമായ ഒരു രാഷ്ട്രീയദൃശ്യമാണ്.  സ്ത്രീവിരുദ്ധതയും പിന്നാക്ക വിരുദ്ധതയും കൊണ്ടു നടക്കുന്ന ഒരാളും നേതാവാകേണ്ടതില്ല എന്നു പറയാന്‍ ധൈര്യമില്ലാത്തിടത്തോളം ഈ സെലക്റ്റീവ് ആകുലതകള്‍ തമാശകളായി നിലനില്‍ക്കും. പകരം ഇടതുമുന്നണിക്കെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വോട്ടാക്കി മാറ്റാന്‍ പ്രതിപക്ഷമുന്നണിക്കു ശേഷിയുണ്ടോ എന്ന് വിലയിരുത്താന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നത് നന്നായിരിക്കും.

സ്വര്‍ണക്കടത്തു കേസില്‍ ഇ.ഡി.യുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. കോടിയേരിയുെട സ്ഥാനമാറ്റത്തോടെ പ്രതിപക്ഷം ഒറ്റ ശബ്ദത്തില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി തിരിഞ്ഞിരിക്കുന്നു.  കോടതിയില്‍ ഇ.ഡി. ഇതുവരെ നല്‍കിയിട്ടുള്ള രേഖകള്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് വ്യക്തം. അനുമാനസിദ്ധാന്തങ്ങള്‍ അവതരിപ്പിക്കലല്ല കേന്ദ്ര ഏജന്‍സിയുടെ ജോലി.  പക്ഷേ കോടതിയില്‍ ഇ.ഡി. നല്‍കിയിരിക്കുന്ന വിവരങ്ങള്‍ രാഷ്ട്രീയവേട്ടയാടല്‍ എന്ന പ്രതിരോധത്തില്‍ ഒതുക്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ പിണറായി സര്‍ക്കാരിനു നേരെ ഉയര്‍ത്തുന്നു. സര്‍ക്കാരിന്റെ അഭിമാനപദ്ധതികള്‍ സ്വര്‍ണക്കടത്തു ക്രിമിനല്‍ സംഘത്തിന് അഴിമതി നടത്താനുള്ള വേദിയായോ എന്ന  ഗുരുതരമായ ചോദ്യം ഉത്തരം ആവശ്യപ്പെടുന്നു.

രണ്ടു പ്രധാന രേഖകള്‍ ഈ പോയവാരം ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്ന് എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടു സമര്‍പ്പിച്ച സത്യവാങ്മൂലം. രണ്ട് സ്വപ്ന സുരേഷിന്റെ പുതിയ മൊഴികള്‍. ഇതില്‍ ഒരിടത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട് എന്നതു വസ്തുതയാണ്. അത് സ്വപ്നസുരേഷിന്റെ മൊഴി ക്രോഡീകരിച്ചു കൊണ്ട് ഇ.ഡി. തയാറാക്കിയ അനുമാനമാണ്. അതില്‍ ഇ.ഡി. ഇങ്ങനെ എഴുതിവച്ചിരിക്കുന്നു. നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്തും ഇലക്്ട്രോണിക് ഉപകരണങ്ങളുടെ കടത്തും എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ അദ്ദേഹത്തിന്റെ ടീമിനും പൂര്‍ണമായും അറിയാമായിരുന്നു. ലൈഫ് മിഷന്‍ വടക്കാഞ്ചേരി പദ്ധതിയില്‍ നടന്ന ക്രമക്കേടും കോഴയും ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയും സഹകരണത്തോടെയുമാണ്. അതില്‍ തന്നെ സ്വപ്നയുടെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിനുള്ള കൈക്കൂലിയായിരുന്നു. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ കെഫോണിലും ലൈഫിലും ഉള്ള നിര്‍ണായക രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്ന സുരേഷിന് കൈമാറിയിരുന്നു. ഇതിലും അഴിമതിയും കൈക്കൂലിയും നടന്നിട്ടുണ്ടാകാം. മറ്റൊരു വന്‍പദ്ധതിയായ ടോറസ് ഡൗണ്‍ടൗണിലും സംശയകരമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതേ കാര്യങ്ങള്‍ തന്നെ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടു നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ഇ.ഡി. ശിവശങ്കറിനെതിരായ വലിയ കുറ്റങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്. പ്രാഥമിക തെളിവുകള്‍ വാട്സ്ആപ്പ് ചാറ്റും മറ്റും മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും ഇ.ഡി. അവകാശപ്പെടുന്നു.

എന്നു വച്ചാല്‍ സ്വര്‍ണക്കടത്തിനേക്കാള്‍ വലിയ കുറ്റകൃത്യങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതികളില്‍ സ്വര്‍ണക്കടത്തു സംഘം നടത്തിയിട്ടുണ്ട് എന്നാണ് ഇ.‍ഡി. കോടതിയില്‍ രേഖാമൂലം പറഞ്ഞിരിക്കുന്നത്. അത് ശരിയാണെന്ന് തെളിയിക്കേണ്ട ബാധ്യത ഏജന്‍സിക്കു തന്നെയാണ്. ഇ.ഡിയുടെ പ്രവര്‍ത്തനചരിത്രം വച്ച് നോക്കുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും തെളിയിക്കാനാകുന്നതൊക്കെ അപൂര്‍വമായി മാത്രം സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ ഈ ആരോപണങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ തള്ളിക്കളയേണ്ടതല്ല. സ്വന്തം നിലയിലും പരിശോധിച്ച് മുതലെടുപ്പുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാരിന്റെ വികസനപദ്ധതിയെ തകര്‍ക്കാനുള്ള അട്ടിമറി ശ്രമം എന്ന പ്രതിരോധം വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ വിലപ്പോയില്ലെന്നു കൂടി സര്‍ക്കാര്‍ മനസിലാക്കണം

വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ സ്വര്‍ണക്കടത്ത് സംഘം ക്രമക്കേട് നടത്തി എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സര്‍ക്കാരിന്റെ പ്രതിരോധം ഇങ്ങനെയായിരുന്നു. ഇന്ന് അതേ സര്‍ക്കാരിന്റെ വിജിലന്‍സ് എം.ശിവശങ്കറെ പ്രതിയാക്കി ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരിക്കുകയാണ്. വസ്തുതകള്‍ വിലയിരുത്തുന്നതിനു മുന്‍പേ വികസനം തകര്‍ക്കാനുള്ള ശ്രമം എന്ന പ്രതിരോധം സംശയങ്ങള്‍ ബലപ്പെടുത്തും. സ്വര്‍ണക്കടത്ത് പ്രതികളും എം.ശിവശങ്കറും ചേര്‍ന്ന് സംസ്ഥാനസര്‍ക്കാരിന്റെ ഏതെല്ലാം പദ്ധതികളില്‍ ഇടപെട്ടു എന്ന വസ്തുതാന്വേഷണം സംസ്ഥാനസര്‍ക്കാരും അടിയന്തരമായി നടത്തേണ്ടതാണ്. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി മാത്രമല്ല, മുഖ്യമന്ത്രിക്ക് ഇപ്പോഴും വിശ്വാസമുള്ള അഡീ.സെക്രട്ടറി സി.എം.രവീന്ദ്രന്‍ കൂടി ചോദ്യങ്ങള്‍ നേരിടാന്‍ പോകുകയാണ് എന്നത്  കണക്കിലെടുക്കേണ്ടതാണ്.

കുറഞ്ഞ പക്ഷം ഇ.ഡി. സംസ്ഥാനസര്‍ക്കാര്‍ പദ്ധതികളിലെ ഇടപെടല്‍ എന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അത് ശരിയല്ലെന്നു പറയണമെങ്കില്‍ പോലും സംസ്ഥാനത്തിന് സ്വന്തം നിലയില്‍ പരിശോധന അനിവാര്യം.

കേന്ദ്ര അന്വേഷണഏജന്‍സികള്‍ സംസ്ഥാനസര്‍ക്കാരിനെ വേട്ടയാടുന്നതിനെതിരെ മന്ത്രിമാരടക്കം സമരത്തിലേക്കു പോകുകയാണ്. മറുവശത്ത് സര്‍ക്കാരിന്റെ പദ്ധതികളില്‍ ക്രിമിനല്‍ സംഘം നടത്തിയ ഇടപെടലുകള്‍ ഇ.ഡി. കോടതിയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ലൈഫ് പദ്ധതിയിലെ കണ്ടെത്തല്‍ വേട്ടയാടലായിരുന്നില്ല എന്ന് ഇപ്പോള്‍ സംസ്ഥാനവിജിലന്‍സ് ശരിവയ്ക്കുന്നുണ്ട് എന്നത് സമരത്തിനിറങ്ങുന്ന മന്ത്രിമാരെങ്കിലും മറന്നു പോകരുത്. അന്വേഷണം ചെറുക്കുകയല്ല, ശരിയായ വസ്തുതകള്‍ ജനങ്ങള്‍ അറിയാന്‍ സഹായിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...