സത്യമറിയാന്‍ കേരളത്തിന് അവകാശമില്ലേ?; സര്‍ക്കാരിന് ഈ ശാഠ്യമെന്തിന്

doesnt-kerala-have-the-right-to-know-the-truth-why-this-stubbornness-of-the-government
SHARE

സ്വര്‍ണക്കടത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് അസാധാരണമായ ഒരു പ്രതിസന്ധിയിലാണ്. ഏറ്റവുമൊടുവില്‍ കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചു വരുത്തിയ മുഖ്യമന്ത്രി തന്നെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന വൈരുധ്യം കേരളം കാണുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിധി ലംഘിക്കുന്നുണ്ടോ? അന്വേഷണം സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിയോ? അന്വേഷണ ഏജന്‍സികളിലൂടെ മുഖ്യമന്ത്രിയെയും സംസ്ഥാനസര്‍ക്കാരിനെയും ബി.െജ.പി ഉന്നം വയ്ക്കുകയാണോ? എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാകേണ്ടത് വസ്തുതകളാണ്. പക്ഷേ ഉത്തരം വേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തന്നെ ശഠിക്കുന്നതാണ് പ്രശ്നം. 

മുഖ്യമന്ത്രി ചോദിക്കുന്നത് ന്യായമായ ചോദ്യമാണ്. സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതികള്‍ പരിശോധിക്കാനല്ല മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതിയത്. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് അന്വേഷിക്കാനാണ്. പക്ഷേ പ്രശ്നം എന്താണെന്നു വച്ചാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് ജൂലൈ എട്ടിന് മുഖ്യമന്ത്രി  എഴുതിയ കത്തില്‍ രണ്ടു പ്രധാന പരാമര്‍ശങ്ങളുണ്ട്. 

1. സ്വര്‍ണക്കടത്ത് പല കോണുകളില്‍ നിന്നും അന്വേഷിക്കേണ്ട ഗുരുതരമായ സാമ്പത്തികകുറ്റകൃത്യമാണ്. 

2. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പുറത്തു കൊണ്ടുവരണം. 

അപ്പോള്‍ ഇതുവരെ കേന്ദ്ര അന്വേഷണഏജന്‍സികള്‍ ചെയ്യുന്നതും ന്യായമാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുന്നു. ഇതുവരെയും സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ പ്രതിസ്ഥാനത്താണെന്നു കണ്ടെത്തിയിട്ടുമില്ല. മാത്രമല്ല, കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയതെല്ലാം സംസ്ഥാനസര്‍ക്കാരിന് കണ്ടെത്താന്‍ കഴിയാതെ പോയ ഗുരുതരമായ പ്രശ്നങ്ങള്‍ കൂടിയാണ്. എന്നിട്ടും എന്താണ് ഈ കടുത്ത വിമര്‍ശനത്തിനുള്ള അടിസ്ഥാനം? സര്‍ക്കാരിന് ഭയപ്പെടാനൊന്നുമില്ലെങ്കില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം വേഗത്തില്‍ കണ്ടെത്താന്‍ ആവശ്യപ്പെടുകയല്ലേ സംസ്ഥാനസര്‍ക്കാര്‍ ചെയ്യേണ്ടത്?

സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതികള്‍ തടസപ്പെടുത്തും വിധമാണ് കേന്ദ്ര അന്വേഷണഏജന്‍സികളുടെ പ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി വിമര്‍ശനത്തിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ ഇടപെടാന്‍ കേന്ദ്ര ഏജന്‍സികളുടെ അധികാരമെന്ത് എന്നാണ് ചോദ്യം. എന്നാല്‍ എം.ശിവശങ്കര്‍ മുന്‍കൈയെടുത്തു കൊണ്ടു വന്ന പദ്ധതികളില്‍ സ്വര്‍ണക്കടത്ത് പ്രതികളുടെ ഇടപെടലുണ്ടായോ എന്നാണ് പരിശോധിക്കുന്നതെന്ന് കേന്ദ്ര അന്വേഷണഏജന്‍സികള്‍ വിശദീകരിക്കുന്നു. 

വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ശിവശങ്കറും സ്വര്‍ണക്കടത്തു പ്രതികളും തമ്മില്‍ ആശയവിനിമയം നടന്നുവെന്ന് അന്വേഷണഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു.   പദ്ധതിയുടെ കരാറുകാരായ യൂണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നസുരേഷിന് കൈക്കൂലിയായി കൈമാറിയ ഐഫോണാണ് എം.ശിവശങ്കര്‍ ഉപയോഗിച്ചിരുന്നതെന്നും പുറത്തുവന്നു. ഏറ്റവുമൊടുവില്‍ ലൈഫ് പദ്ധതിയുടെയും കെ.ഫോണ്‍ പദ്ധതിയുടെയും വിശദാംശങ്ങള്‍ ശിവശങ്കര്‍ സ്വപ്നസുരേഷിന് കൈമാറിയതിന്റെ വാട്സ്ആപ് ചാറ്റുകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും ഇ.ഡി.കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

എന്നുവച്ചാല്‍ സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതികളില്‍ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തു പ്രതികള്‍ക്കു വേണ്ടി ദുരൂഹമായി ഇടപെട്ടുവെന്നാണ് ഇ.ഡിയുടെ വാദം. അതിന്റെ സത്യാവസ്ഥ സംസ്ഥാനസര്‍ക്കാരിന് അറിയണ്ടേ? മുഖ്യമന്ത്രി സര്‍വാധികാരവും നല്‍കി അവരോധിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഉന്നയിക്കുന്നത് ഗുരുതരമായ   അഴിമതി ആരോപണങ്ങളല്ലേ? സത്യമെന്തെന്നറിയാന്‍ കേരളത്തിന് അവകാശമില്ലേ? ആ അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നതെന്തിനാണ്?

ശക്തമായ മുന്നറിയിപ്പ് നല്‍കിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഇപ്പോഴും അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എം.ശിവശങ്കറിനെതിരെ അന്വേഷണഏജന്‍സികള്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമായ ഭരണനിര്‍വഹണപ്രശ്നങ്ങളാണ്. എന്നാല്‍ ഇതുവരെയും കേന്ദ്ര ഏജന്‍സികള്‍  ഔദ്യോഗികചുമതലയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കേസെടുത്തിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാത്രമാണ് ഇ.ഡി. കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതു മാത്രമല്ല, ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത ലാഘവത്തോടെയുള്ള പരാമര്‍ശങ്ങളും ഇ.ഡി.റിപ്പോര്‍ട്ടുകളിലുണ്ട്. ഉദാഹരണത്തിന് നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ എം.ശിവശങ്കര്‍ 2019 ഏപ്രിലില്‍ കസ്റ്റംസിനെ നേരിട്ടുവിളിച്ചുവെന്ന് ഇ.ഡി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

സീനിയര്‍ കസ്റ്റംസ് ഓഫിസറെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചുവെന്നാണ് പരാമര്‍ശം. അത്ര ഗുരുതരമായ ഒരു ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഈ കുറ്റത്തില്‍ ശിവശങ്കറിനെതിരെ നടപടിയെടുക്കാത്തത് എന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല. കസ്റ്റംസ് എന്തുകൊണ്ട് ഇത് അന്വേഷിച്ചില്ല എന്നോ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല എന്നോ പറയുന്നില്ല.

പക്ഷേ ശിവശങ്കറിന്റെ കുറ്റങ്ങള്‍ എന്ത് എന്ന ചോദ്യത്തില്‍ അന്തിമനിഗമനങ്ങളില്‍ എത്താറായിട്ടില്ല. അന്വേഷണം നടക്കുകയാണ്. ഈ ചോദ്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വമേധയാ അന്വേഷിച്ചു നടപടിയെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഇനി കേന്ദ്ര ഏജന്‍സിയോട് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുെട ഓഫിസിനെയാണ് കേന്ദ്ര ഏജന്‍സികള്‍ സംശയമുനയില്‍ നിര്‍ത്തുന്നത്. രാഷ്ട്രീയമുതലെടുപ്പിനായുള്ള വലിച്ചുനീട്ടലല്ല നടക്കുന്നതെന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത അന്വേഷണഏജന്‍സികള്‍ക്കുണ്ട്.

അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വ്യാപിപ്പിക്കുന്നുവെന്ന വ്യക്തമായ പ്രഖ്യാപനമാണ് അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള ഇ.ഡി. തീരുമാനം. ശിവശങ്കര്‍ സിവില്‍ സര്‍വീസ് വഴിയെത്തിയ ഉദ്യോഗസ്ഥനാണ്, പാര്‍ട്ടിക്കോ സര്‍ക്കാരിനോ അദ്ദേഹത്തിന്റെ നടപടികളില്‍ ഉത്തരവാദിത്തമില്ല എന്നായിരുന്നു വാദമെങ്കില്‍ സി.എം.രവീന്ദ്രന്‍ രാഷ്ട്രീയനിയമനമാണ്. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും തന്നെയാണ് എല്ലാ ഉത്തരവാദിത്തവും. പക്ഷേ അദ്ദേഹത്തിനെതിരെ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ആരോപണമൊന്നും ഉന്നയിച്ചിട്ടില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉത്തരം തേടുന്ന ചോദ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ തന്നെ പരിശോധിക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ സര്‍വാധികാരിയായിരുന്ന ശിവശങ്കര്‍ മുന്‍കൈയെടുത്ത എല്ലാ പദ്ധതികളുടെയും പിന്നാമ്പുറം സംസ്ഥാനസര്‍ക്കാര്‍ പരിശോധിക്കേണ്ടതായിരുന്നു. സുതാര്യമായ അന്വേഷണം നടത്തുകയും വസ്തുതകള്‍ പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയലക്ഷ്യം എന്ന പ്രതിരോധത്തില്‍ നില്‍ക്കേണ്ടി വരുമായിരുന്നില്ല. 

പക്ഷേ സര്‍ക്കാര്‍ അതിനൊന്നും തയാറായില്ലെന്നു മാത്രമല്ല, വ‍ടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ പോലും പാര്‍ട്ടി പരസ്യമായി ആവശ്യപ്പെട്ട് ഒരു മാസം കഴി‍ഞ്ഞാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചത്. അതും സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമായതോടെ. ശിവശങ്കര്‍ ഇടപെട്ടു നടത്തിയ നിയമനങ്ങള്‍ പരിശോധിക്കാന്‍  തീരുമാനിച്ചിരുന്നു. പക്ഷേ അന്വേഷണ പുരോഗതിയൊന്നും വെളിപ്പെടുത്തിയിട്ടില്ല. അനധികൃതനിയമനത്തിന് വഴിയൊരുക്കിയ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ കരിമ്പട്ടികയില്‍പെടുത്താന്‍ ഐ.ടി.സെക്രട്ടറി ശുപാര്‍ശ ചെയ്തെങ്കിലും നടപടിയെടുത്തിട്ടില്ല. ആകെയുണ്ടായത് ലൈഫ് അഴിമതിക്കേസില്‍ ശിവശങ്കറിനെയും സ്വപ്നയെയും പ്രതി ചേര്‍ത്തു എന്നതു മാത്രമാണ്. സ്പ്രിന്‍ക്ളര്‍ കരാറിനെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച സമിതി കരാറിലെ ഗുരുതരമായ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് വിവരം. പക്ഷേ അതും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങളുടെ പേരില്‍ മുന്‍മുഖ്യമന്ത്രിയുെട ഓഫിസുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നു മുഖ്യമന്ത്രി പല തവണ ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഭരണനിര്‍വഹണത്തിലും സര്‍ക്കാര്‍ പദ്ധതികളിലുമുണ്ടായ ദുരൂഹമായ ഇടപെടലാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ നേരിടുന്നത്. സംസ്ഥാനസര്‍ക്കാരിനായിരുന്നു ഇക്കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര അന്വേഷണഏജന്‍സികള്‍ക്കല്ല.  പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായ ആരോപണങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതുപോലെ സര്‍ക്കാരിനും മുന്നണിക്കും ഇക്കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്, രാഷ്ട്രീയമായും ധാര്‍മികമായും പ്രധാനമാണ്. ലഹരിമരുന്ന് ഇടപാട് കേസ് കെട്ടിച്ചമച്ചതാണെന്നു രാഷ്ട്രീയമായി പറയാന്‍ പോലുമാകാത്ത നിസഹായാവസ്ഥ ഇക്കാര്യത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ട്. 

വ്യക്തിപരമായ കാര്യമായതുകൊണ്ടു മാത്രമാണ് ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും നിലപാട് സ്വീകരിക്കാത്തത് എന്നു കരുതാനാകില്ല. രാഷ്ട്രീയപ്രേരിതമായ ആരോപണമെന്നു പോലും പറയാന്‍ സി.പി.എം നേതാക്കള്‍ തയാറല്ല. സ്വകാര്യവ്യക്തിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വ്യക്തിപരമായി നേരിടട്ടെ എന്നാണ് പാര്‍ട്ടി പരസ്യമായി സ്വീകരിക്കുന്ന നിലപാട്. പക്ഷേ ഇ.ഡി. ബിനീഷിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ പഴുതുകള്‍ തേടി പൊലീസ് മുതല്‍ ബാലാവകാശകമ്മിഷന്‍ വരെ ജാഗരൂകരായി ചാടിവീണുവെന്നത് തീര്‍ത്തും യാദൃശ്ചികം മാത്രം. 

ലഹരിമരുന്ന് ഇടപാടുകാര്‍ക്ക് പണം കൈമാറിയ കേസിലാണ് ബിനീഷ് കോടിയേരിയെ ഒക്ടോബര്‍ 30ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്നുമായി ഓഗസ്റ്റ് 21ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമാണ് ബിനീഷിനെതിരെയും നടപടി വന്നത്. കേസില്‍ ആറാം പ്രതിയാണ് ബിനീഷ്. ബിനീഷ് ലഹരിവ്യാപാരത്തില്‍ പങ്കാളിയാണെന്നാണ് ഇ.ഡിയുടെയും നാര്‍ക്കോട്ടിക്സിന്റെയും ആരോപണം. 

ലഹരിമരുന്ന് വ്യാപാരം എന്ന ആരോപണം നിസാരമല്ല, വ്യക്തിപരവും സ്വകാര്യവുമല്ല. സി.പി.എമ്മിന്റെ തന്നെ നിലപാട് പ്രകാരം മനുഷ്യവിരുദ്ധമായ കുറ്റകൃത്യമാണ്. അത്രമേല്‍ ഗുരുതരമായ ഒരു ആരോപണത്തില്‍ പാര്‍ട്ടിയും പിതാവും സമൂഹത്തോടു കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്. അന്വേഷണം നടക്കുകയാണ്. പക്ഷേ ഗൗരവമേറിയ കള്ളപ്പണം ഇടപാടിലും ലഹരിവ്യാപാരമെന്ന ആരോപണത്തിലും വസ്തുതകളും പശ്ചാത്തലവും പാര്‍ട്ടിയും സെക്രട്ടറിയും ജനങ്ങളോടും പ്രവര്‍ത്തകരോടും വിശദീകരിക്കേണ്ടതുണ്ട്. കേരളം തദ്ദേശതിരഞ്ഞെടുപ്പിലേക്കു കടക്കുമ്പോള്‍ വസ്തുതകള്‍ വിശദീകരിച്ചു തന്നെയാണ്  സി.പി.എമ്മും ഇടതുമുന്നണിയും ജനങ്ങളെ അഭിമുഖീകരിക്കേണ്ടത്. 

‌സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ മക്കള്‍ക്കെതിരെ ഇതിനു മുന്‍പും ഗുരുതരമായ ആരോപണങ്ങള്‍ കേരളത്തിനു മുന്നിലെത്തിയിട്ടുണ്ട്. വ്യക്തിപരമായി പരിഹരിക്കാനാകാത്തതിനാല്‍ പരാതിക്കാര്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സമീപിക്കേണ്ടി വന്ന സാഹചര്യങ്ങളുമുണ്ട്. സാമ്പത്തികഅച്ചടക്കത്തിലാണ് കൂടുതല്‍ ഗൗരവമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. പാര്‍ട്ടിയില്‍ തിരുവായ്ക്ക് എതിര്‍വായില്ല എന്നതുകൊണ്ട് വസ്തുതകള്‍ വിശദീകരിക്കേണ്ടതില്ല എന്ന നിലപാട് രാഷ്ട്രീയധാര്‍മികതയല്ല. സംസ്ഥാനസര്‍ക്കാരിന്റെ വലിയ വികസനം മറച്ചു കളയാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും സൃഷ്ടിക്കുന്ന പുകമറ എന്ന ന്യായീകരണവും മതിയാകില്ല. 

ഇത്തരം മറുപടികള്‍ മുട്ടാപ്പോക്കാണ്. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയമായി ബിനീഷ് കോടിയേരിെയ ഉന്നംവയ്ക്കുന്നുവെന്നാണ് ന്യായമെങ്കില്‍ വസ്തുതകള്‍ സമാന്തരമായി വിശദീകരിക്കാന്‍ ഇന്ന് പല മാധ്യമസംവിധാനങ്ങളുണ്ട്. പാര്‍ട്ടിസെക്രട്ടറി അതിനു തയാറാകാത്തതും പാര്‍ട്ടി അതിന് ആവശ്യപ്പെടാത്തതും സംശയകരമാണ്. കേന്ദ്ര ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതില്‍ മാത്രം പ്രതിബദ്ധരാണ് എന്ന് സാമാന്യബോധമുള്ളവരാരും വിശ്വസിക്കില്ല. 

കേരളത്തിലെ പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് കേന്ദ്ര അന്വേഷണഏജന്‍സികളില്‍ നിരന്തരമായി വിശ്വാസം പ്രഖ്യാപിച്ചാലും രാജ്യവ്യാപകമായി സാഹചര്യം മറിച്ചാണ്. കേരളം സി.ബി.ഐയ്ക്കുള്ള പൊതു അനുമതി പിന്‍വലിച്ചതിനെ ചോദ്യം ചെയ്യുന്നു. പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയവേട്ടയാടലിനെതിരെ ഇതേ നയം പ്രഖ്യാപിച്ച മറ്റ് 8 സംസ്ഥാനങ്ങള്‍ കൂടി ഇതേ നടപടി സ്വീകരിച്ചുകഴിഞ്ഞു. അതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ബി.ജെ.പി. ഇതരസര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനും നേതാക്കളെ കൂറു മാറ്റാനും കേന്ദ്ര ഏജന്‍സികളെയാണ് കേന്ദ്രം ഉപയോഗപ്പെടുത്തുന്നത് എന്നത് രാജ്യത്തിനു മുന്നില്‍ വ്യക്തവുമാണ്. 

പക്ഷേ കേന്ദ്ര ഏജന്‍സികള്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ സി.പി.എമ്മിനും പരാതിയില്ല എന്നത് മറക്കാനാകില്ല. കെ.എം.ഷാജി എം.എല്‍.എയ്ക്കെതിരെയും മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം നടത്തുമ്പോള്‍ ഇ.ഡി. നല്ല ഇ.ഡിയാണ്്. അവിടെ സി.പി.എമ്മിനും രാഷ്ട്രീയവേട്ടയാടല്‍ സംശയങ്ങളില്ല. 

ഏത് അന്വേഷണഏജന്‍സിയെയും നിയന്ത്രിക്കുന്ന സര്‍ക്കാരിന് രാഷ്ട്രീയമായി ഉപയോഗിക്കാം. കേരളവും അതിന്റെ ദുരുപയോഗസാധ്യതകള്‍ പലതവണ കണ്ടതാണ്. ഏറ്റവുമൊടുവില്‍ ഭരണത്തിന്റെ അവസാനമാസങ്ങളില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ സോളര്‍ പീഡനപരാതി പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയമല്ലെങ്കില്‍, പ്രതിപക്ഷനേതാക്കള്‍ക്കെതിരായ ബിജുരമേശിന്റെ മൊഴിയിലെ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയമല്ലെങ്കില്‍ കേന്ദ്ര അന്വേഷണഏജന്‍സികളുടെ നടപടിയും രാഷ്ട്രീയം മാത്രമാണെന്നു പറയരുത്. ഇ.ഡി. മുന്നോട്ടു വച്ച വസ്തുതകള്‍ പൂര്‍ണതയുള്ള ഉത്തരങ്ങള്‍ അര്‍ഹിക്കുന്നതാണ്.

വേങ്ങര നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ രാവിലെ പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ക്കെതിരെ സോളര്‍ അന്വേഷണ നടപടി പ്രഖ്യാപിച്ച് മാതൃക തീര്‍ത്ത മുഖ്യമന്ത്രിയാണ് നമ്മുടേത്. സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നപ്പോള്‍ സോളറിലെ കാര്യങ്ങള്‍ വിളിച്ചു പറയണോ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രതിരോധവും. 

പക്ഷേ അന്ന് മുഖ്യമന്ത്രിക്ക് എണ്ണിയെണ്ണിപ്പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അധികാരത്തിലിരുന്ന നാലരവര്‍ഷവും സോളര്‍ പീഡനപരാതികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പൊലീസിനു സാധിച്ചില്ല. ഇടയ്ക്ക് ഹൈബി ഈഡന്‍ എം.എല്‍.എ ലോക്സഭയിലേക്കു മല്‍സരിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെയുളള പരാതി മാത്രം ഒന്നനക്കി വാര്‍ത്തയാക്കി വച്ചു. ഇപ്പോള്‍ ഉചിതമായ സമയമായി എന്നാണ് സൂചനകള്‍. സോളര്‍ പീഡനക്കേസുകളിലെ പരാതികള്‍ നിര്‍ബന്ധമായും അന്വേഷിച്ച് ഉത്തരം കണ്ടെത്തേണ്ടതായിരുന്നു. പക്ഷേ വൈകിപ്പോയാലും നീതി അര്‍ഹിക്കുന്നവര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇത് രാഷ്ട്രീയമുതലെടുപ്പാണെന്നു ആരും സംശയിക്കരുതെന്നു മാത്രം. എന്തായാലും ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ മുന്നണികള്‍ക്കു ജീവന്‍മരണ പോരാട്ടമായതുകൊണ്ടു തന്നെ രാഷ്ട്രീയമുതലെടുപ്പില്ലാത്ത പല തന്ത്രങ്ങളും ഇനി പ്രതീക്ഷിക്കാം. സംസ്ഥാനസര്‍ക്കാരിനെതിരെ ധര്‍മയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ബി.െജ.പിക്ക് സ്വന്തം പാര്‍ട്ടിയിലെ പടയൊരുക്കം നേരിടാന്‍ സമയം തികയുന്നില്ല. സോളര്‍ കേസ് നടപടിയെ പരാമര്‍ശിക്കാന്‍ ഒരു നേതാവും പറയാന്‍ പാടില്ലാത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ.പി.സി.സി. അധ്യക്ഷന്‍ കോണ്‍ഗ്രസിനെയും കുരുക്കിലാക്കുന്നു. 

ചുരുക്കത്തില്‍ കേരളം സ്വന്തം ഭാവി നിര്‍ണയിക്കുന്ന ഒരു അതിപ്രധാനതിരഞ്ഞെടുപ്പിലേക്കാണ് കടക്കുന്നത്. വിവാദങ്ങള്‍ വിലയിരുത്തണോ, വികസനവും പ്രവര്‍ത്തനവും വിലയിരുത്തണോ എന്നത് വോട്ടര്‍മാരുടെ തീരുമാനമാണ്. സുതാര്യവും വ്യക്തതയുമുള്ള രാഷ്ട്രീയനിലപാടുകള്‍ കേരളം അര്‍ഹിക്കുന്നു. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...