അന്വേഷണ ഏജന്‍സികളുടെ മൂക്കുകയര്‍ ബിജെപിയുടെ കയ്യിലോ..?

patayathegold
SHARE

ഒടുവില്‍ സ്വര്‍ണക്കടത്ത് എന്ന രാഷ്ട്രീയ അക്ഷയഖനി നേരിട്ടു കുഴിച്ചെടുക്കാന്‍ ബി.ജെ.പി. തീരുമാനിച്ചിരിക്കുന്നു. സ്വര്‍ണക്കടത്ത് കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ദേശീയ തലത്തില്‍ തന്നെ ബി.ജെ.പി. ആവശ്യപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. പക്ഷേ മൂന്നു മാസമായി കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെടാവുന്ന ഏതു തെളിവാണ് കണ്ടെത്തിയതെന്ന് കേന്ദ്ര ഏജന്‍സികള്‍ വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണക്കടത്തിന്റെ പേരില്‍ മറയില്ലാത്ത രാഷ്ട്രീയമുതലെടുപ്പിനാണ് ബി.ജെ.പി. തുനിഞ്ഞിറങ്ങിയിരിക്കുന്നതെങ്കില്‍ കേരളം കരുതിയിരിക്കേണ്ടതുണ്ട്.  

ബി.ജെ.പി. ദേശീയ വക്താവ് സാംബിത് പത്രയും കേന്ദ്രമന്ത്രി വി.മുരളീധരനും ചേര്‍ന്ന് പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചാണ് ബി.ജെ.പി. 

സ്വര്‍ണക്കടത്തു കേസ്  ഏറ്റെടുക്കുന്നുവെന്ന് വ്യക്തമായി പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. സ്വര്‍ണക്കടത്തിന്റെ എല്ലാ വിവരങ്ങളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നു സാംബിത് പത്ര ആരോപിച്ചു.  

എന്നാല്‍ അങ്ങനെയൊരു വെളിപ്പെടുത്തല്‍ ഉള്ളതായി കേന്ദ്ര അന്വേഷണഏജന്‍സികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിക്ക് തന്നെ പരിചയമുണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് ശിവശങ്കറുമായി ആശയവിനിമയം നടത്താന്‍ നിര്‍ദേശിച്ചത് എന്നു മൊഴിയുണ്ടെന്നതും ശരി. ഇക്കാര്യങ്ങള്‍ സ്വപ്ന പറയുന്നതുവരെ മുഖ്യമന്ത്രി തുറന്നു പറഞ്ഞില്ല എന്നതും വസ്തുത. 

സ്വപ്നസുരേഷിനെ വ്യക്തമായി അറിയാം എന്നു മുഖ്യമന്ത്രി മൂന്നു മാസം മറച്ചുവച്ചതെന്തിന് എന്ന ചോദ്യം ന്യായം. പക്ഷേ സ്വമേധയാ പറഞ്ഞില്ല എന്നതിനര്‍ഥം ഏതെങ്കിലും കുറ്റകൃത്യം ഒളിപ്പിച്ചു എന്നാണെന്ന് ഒരു അന്വേഷണ ഏജന്‍സിയും ആരോപിച്ചിട്ടില്ല.  സ്വപ്നയുടെ കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടെന്നും ഇതുവരെ അന്വേഷണഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ല. പക്ഷേ രാഷ്ട്രീയലക്ഷ്യങ്ങളോടെ കേന്ദ്രഭരണകക്ഷി ദേശീയ അജന്‍ഡകളിലേക്ക് കേരളത്തെയും സ്വര്‍ണക്കടത്തിനെയും കൊണ്ടുപോകുന്നത് നിഷ്കളങ്കമായി കാണാനാകില്ല. 

സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ രണ്ടു കേസുകളില്‍ എം.ശിവശങ്കര്‍ കുറ്റക്കാരനാണെന്ന് സംശയിക്കുന്നുണ്ട്. ഒന്ന് സ്വപ്നസുരേഷ് ഒരു കോടി 40 ലക്ഷം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്ന കേസാണ്. ഇത്രയും തുക ഒന്നിച്ച് വിദേശകറന്‍സിയാക്കാന്‍ ശിവശങ്കര‍് ഇടപെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് പുറത്തു വിടുന്ന വിവരം. കള്ളപ്പണം ഹവാല ഇടപാടു കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തേക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സൂചിപ്പിക്കുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എം.ശിവശങ്കര്‍ എന്തു തെറ്റു ചെയ്തിട്ടുണ്ടെങ്കിലും നിയമപരമായ നടപടി നേരിടാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ട്. നിലവില്‍ 90 മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും അവസാനഘട്ടങ്ങളില്‍ പല ചോദ്യങ്ങള്‍ക്കും ശിവശങ്കര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ പോലും വ്യക്തമാണ്.  

എം.ശിവശങ്കര്‍ കേസുകളില്‍ പ്രതിയായാല്‍ മുഖ്യമന്ത്രിക്കു ധാര്‍മിക ഉത്തരവാദിത്തമുണ്ട്. കാരണം എം.ശിവശങ്കറിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതിന് അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ തീരുമാനമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സര്‍വാധികാരിയായി അവരോധിച്ചത് മുഖ്യമന്ത്രി നേരിട്ടാണ്. ആ അധികാരം സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഉപകാരപ്പെടും വിധം ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. പക്ഷേ അത്തരത്തില്‍ കുറ്റകരമായ ഇടപെടലുണ്ടായി എന്ന് കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളാണ്.  ഏജന്‍സികള്‍ക്കു മുന്‍പേ കേന്ദ്രമന്ത്രിയും കേന്ദ്രവക്താവും അത്തരം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ അന്വേഷണം മുന്‍തിരക്കഥ പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്ന സംശയത്തിന് ന്യായമുണ്ട്. 

 കേന്ദ്രഏജന്‍സികള്‍ സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം തുടങ്ങിയിട്ടു മൂന്നു മാസമായി. എന്നാല്‍ ഏറ്റവുമൊടുവില്‍ ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐയും അന്വേഷണം തുടങ്ങിയപ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ അങ്കലാപ്പിലായത്. ലൈഫിലെ സി.ബി.ഐ എഫ്.ഐ.ആര്‍ റദ്ദാക്കണമന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എഫ്.ഐ.ആര്‍ റദ്ദാക്കിയില്ലെങ്കിലും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തത് കോടതി രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. ലൈഫ് മിഷന്‍ FCRA പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ യൂണിടാക്കിനെതിരെ അന്വേഷണം തുടരാം. ലൈഫ് മിഷന്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതുവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രതിരോധവും ഉയര്‍ത്തിയിരുന്നില്ല. ലൈഫ് മിഷന്‍ വടക്കാഞ്ചേരി പദ്ധതിയിലും ആരോപണം എം.ശിവശങ്കറിനു നേരെയാണ്. പദ്ധതി ചട്ടങ്ങള്‍ കൃത്യമായി പാലിക്കാതെ സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് കോടികള്‍ കമ്മിഷന്‍ വാങ്ങാന്‍ അവസരമൊരുക്കിയോ എന്നു പരിശോധിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. അതിനിടെ എന്‍.ഐ.എയ്ക്ക് വന്‍ തിരിച്ചടിയായി സ്വര്‍ണക്കടത്തു കേസില്‍ UAPA ചുമത്തിയതിനെതിരെ കോടതി ശക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. 10 പ്രതികള്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. കേസിലെ തീവ്രവാദബന്ധത്തിനായി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള ബന്ധം അന്വേഷിക്കുന്നുവെന്നാണ് ഇപ്പോള്‍ എന്‍.ഐ.ഐ വിശദീകരിച്ചിരിക്കുന്നത്.  

നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് എന്നതിനപ്പുറത്തേക്ക് ഈ കേസിനുള്ള പ്രധാന്യവും പ്രസക്തിയും എന്താണ് എന്ന ചോദ്യത്തിന് അന്വേഷണ ഏജന്‍സികള്‍ ഇനിയും വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ടില്ല. പ്രധാന പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള ബന്ധം കുറ്റകൃത്യത്തിന് ഉപയോഗിച്ചോ എന്ന ചോദ്യത്തിനാണ് കേരളം ഇപ്പോള്‍  ഉത്തരം കാത്തിരിക്കുന്നത്. വസ്തുതകള്‍ പുറത്തു കൊണ്ടു വരുന്നതിനു മുന്‍പ് കേന്ദ്ര അന്വേഷണഏജന്‍സികളെ നിയന്ത്രിക്കുന്ന ബി.ജെ.പി. രാഷ്ട്രീയാരോപണങ്ങളുമായി ദേശീയ തലത്തില്‍ ഇറങ്ങുന്നത് സംശയകരമാണ്. സ്വര്‍ണക്കടത്തു കേസ് കേരളരാഷ്ട്രീയത്തെ എങ്ങനെ നിയന്ത്രിക്കാന്‍ ഉപയോഗിക്കപ്പെടും എന്നത് സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതാണ്. 

സ്വര്‍ണക്കടത്തു കേസാണ്  നാലുവര്‍ഷം തികച്ച പിണറായി സര്‍ക്കാരിനു മുന്നിലെത്തിയ ആദ്യത്തെ വലിയ പ്രതിസന്ധി. ശബരിമലയില്‍ പതറിയെങ്കിലും ഉപതിരഞ്ഞെടുപ്പുകളിലൂടെ ആത്മവിശ്വാസം തിരിച്ചു പിടിച്ച ഇടതുമുന്നണിക്ക് വിശദീകരിക്കാനാകാത്ത ചോദ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസ് ഉയര്‍ത്തി. മന്ത്രി കെ.ടി.ജലീലും പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുടെ മകനുമെല്ലാം കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു വിധേയരായി. പക്ഷേ നടപടികള്‍ ചോദ്യം ചെയ്യലില്‍ ഒതുങ്ങിയതോടെ അന്വേഷണത്തിനൊടുവില്‍ ക്ലീന്‍ ചിറ്റ് നേടിയെന്ന അവകാശവാദവുമായി ജനങ്ങളെ അഭിമുഖീകരിക്കാമെന്ന് സര്‍ക്കാരിന്റെ ആത്മവിശ്വാസം. അവിടെയാണ് എം.ശിവശങ്കറിനെതിരായ കേന്ദ്ര ഏജന്‍സികളുടെ നീക്കം സര്‍ക്കാരിന് വെല്ലുവിളിയുയയര്‍ത്തുന്നത്. പക്ഷേ ശിവശങ്കറില്‍ ഒതുങ്ങുന്നതല്ല ലക്ഷ്യമെന്ന് ബി.ജെ.പി. വാര്‍ത്താസമ്മേളനത്തില്‍ സൂചന നല്‍കിയിട്ടുണ്ട്.  

എം.ശിവശങ്കറിലൂടെ അന്വേഷണം എവിടെ വരെ നീളുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. അതേസമയം കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കൃത്യമായ വിശദീകരണം പോലുമില്ല എന്നതും കേരളം കേള്‍ക്കേണ്ടതാണ്. മന്ത്രി പി.ആര്‍.ഏജന്‍സി പ്രവര്‍ത്തകയെ ഔദ്യോഗികസംഘത്തിന്റെ ഭാഗമാക്കിയതില്‍ ഇതുവരെ കേന്ദ്രമോ കേന്ദ്രമന്ത്രിയോ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ല. സ്വര്‍ണക്കടത്ത് അന്വേഷണം വിദേശകണ്ണികളിലേക്കു നീങ്ങാത്തതെന്ത് എന്ന ചോദ്യത്തിനും മറുപടിയില്ല. കോവി‍‍ഡ് കാലത്ത് അന്വേഷണത്തിനു സമയപരിമിതികളുണ്ടാകാം. പക്ഷേ രാഷ്ട്രീയം നിശ്ചയിക്കുന്ന വഴിയിലൂടെയല്ല അന്വേഷണ ഏജന്‍സികള്‍ പോകേണ്ടത്.  കേരളരാഷ്ട്രീയത്തില്‍ പിടി മുറുക്കുകയെന്ന ബി.ജെ.പിയുടെ ചിരകാല അഭിലാഷത്തിനുള്ള സുവര്‍ണാവസരമായി സ്വര്‍ണക്കടത്തു കേസ് ദുരുപയോഗിക്കപ്പെടരുത്.  

സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിലൂടെ പുറത്തെത്തുന്ന വസ്തുതകളാണ് സ്വര്‍ണക്കടത്തിന്റെ രാഷ്ട്രീയപ്രത്യാഘാതം നിര്‍ണയിക്കേണ്ടത്. കേന്ദ്ര ഏജന്‍സികളെ അന്വേഷണമേല്‍പിച്ചത് സ്വാഗതം ചെയ്യപ്പെട്ടത് വിശ്വാസ്യത ഉറപ്പു വരുത്താനാണ്. കോടതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വിയര്‍ക്കുന്ന അന്വേഷണഏജന്‍സികള്‍ ബി.ജെ.പിക്ക് കേരളത്തിലേക്കുള്ള കുറുക്കുവഴിയാകരുത്. രാഷ്ട്രീയവും അന്വേഷണവും നേര്‍വഴിക്കു പോകട്ടെ. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...