സ്വര്‍ണക്കടത്ത് അന്വേഷിക്കാം; ലൈഫില്‍ തൊടരുത്; പപ്പടം പോലെ പൊടിയുന്ന നിലപാടുകള്‍

life
SHARE

പിണറായി സര്‍ക്കാര്‍ ലൈഫില്‍ മാത്രം കേന്ദ്ര ഏജന്‍സിയെ ഭയപ്പെടുന്നതെന്തിനാണ്? മൂന്നു മാസമായി തുടരുന്ന സ്വര്‍ണക്കടത്ത് വിവാദത്തില്‍ ലൈഫിലേക്ക് അന്വേഷണമെത്തിയപ്പോള്‍ മാത്രം സര്‍ക്കാര്‍ തടസമുന്നയിക്കുന്നത് എന്തുകൊണ്ടായിരിക്കും? ലൈഫില്‍ സര്‍ക്കാരിന് ഒളിക്കാനും മറയ്ക്കാനുമുണ്ടോ? അതോ സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സിയുടെ രാഷ്ട്രീയഇടപെടല്‍ ചരിത്രം മാത്രമാണോ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്?

പ്രതിപക്ഷനേതാവ് ശക്തമായ ആരോപണവുമായി രംഗത്തു വന്നിട്ടും കേരളം സംശയിച്ചു നിന്നതാണ്. സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ? ഈ സര്‍ക്കാര്‍ തന്നെയാണ് സ്വര്‍ണക്കടത്തു കേസിലെ വിശദാംശങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ സര്‍ക്കാര്‍ തന്നെയാണ് ഏതു കേന്ദ്ര ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ, ഞങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ല എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറഞ്ഞുകൊണ്ടേയിരുന്നത്. പ്രതിപക്ഷനേതാവ് ആരോപണം ഗൗരവത്തോടെ ആവര്‍ത്തിച്ചതോടെ ചോദ്യം മുഖ്യമന്ത്രിക്കു മുന്നിലെത്തി. 

പക്ഷേ മുഖ്യമന്ത്രി വാസ്തവം തുറന്നു പറഞ്ഞില്ല. സര്‍ക്കാര്‍ തൊട്ടടുത്ത ദിവസം തന്നെ സി.ബി.ഐ അന്വേഷണത്തിനെതിരെ  ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ നല്‍കിയ പരാതിയും അതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസാണ് ഹര്‍ജി നല്‍കിയത്. അപ്പോള്‍ മുഖ്യമന്ത്രിയും സാഹചര്യം വിശദീകരിച്ചു. 

സാങ്കേതികമായി സര്‍ക്കാരിനു പറയാന്‍ ന്യായങ്ങളുണ്ട്. പക്ഷേ സാഹചര്യം പ്രധാനമാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചാല്‍ സംശയങ്ങളുണ്ടാകുമല്ലോ എന്നാണ് ഒരു അന്വേഷണവും നടത്താത്തതിന് ന്യായമായി മുഖ്യമന്ത്രി പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനു നേരെയായിരുന്നില്ല ചോദ്യങ്ങള്‍. എന്നാല്‍ ലൈഫ് വിവാദത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാര്‍ കൂടിയാണ്. ആ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ എന്തിനു ശ്രമിക്കണം? സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു ഏജന്‍സി അന്വേഷിച്ചു സത്യം പുറത്തു വരുന്നത് സംസ്ഥാനസര്‍ക്കാരിനും നല്ലതല്ലേ? 

ലൈഫ് മിഷന്‍ ഒരു തുകയും വിദേശസംഭാവന സ്വീകരിച്ചിട്ടില്ല എന്ന സര്‍ക്കാരിന്റെ വാദത്തില്‍ തീരുമാനമെടുക്കേണ്ടത്  കോടതിയാണ്. പക്ഷേ ആദ്യദിവസം ആ വാദം പരിഗണിക്കാതെ സി.ബി.ഐ അന്വേഷണം തുടരട്ടെ എന്നാണ് കോടതി പറഞ്ഞത്. 

സ്വര്‍ണക്കടത്തുകേസിലല്ല, ലൈഫ് മിഷന്‍ വിവാദത്തിലാണ് സര്‍ക്കാര്‍ മറുപടി പറയേണ്ട ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഇടപാടിലെ വന്‍ കോഴയുടെ വിവരങ്ങള്‍ പുറത്തുവിട്ടതും സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ തന്നെയാണ്. പതിനെട്ടരക്കോടിക്ക് ഒപ്പുവച്ച കരാറില്‍ നാലേകാല്‍ കോടിയിലേറെ കൈക്കൂലിയായി പോയെന്നു നിര്‍മാണകമ്പനി ഉടമ തന്നെ നിയമപരമായി സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. 

എന്നിട്ടും സര്‍ക്കാരിന്റെ ഒരു വന്‍പദ്ധതിയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ രണ്ടു മാസം സര്‍ക്കാര്‍ തയാറായില്ല. ഒടുവില്‍ സി.ബി.ഐ കേസ് എടുക്കുന്നുവെന്ന് വ്യക്തമായതോടെ ധൃതി പിടിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു സര്‍ക്കാര്‍. എന്നിട്ടിപ്പോള്‍ വിജിലന്‍സ് അന്വേഷണം ചൂണ്ടിക്കാട്ടി സി.ബി.ഐക്ക് തടയിടാന്‍ ശ്രമിക്കുന്നു. എന്തിനാണിത്? സര്‍ക്കാരിന് എന്താണ് ഒളിക്കാനുള്ളത്?

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ പേരില്‍ വന്‍കൈക്കൂലി ഇടപാട് നടന്നുവെന്ന വിവരം പുറത്തു വരുന്നത് ആഗസ്റ്റ് ആദ്യവാരമാണ്. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നത് ഒന്നരമാസം കഴിഞ്ഞ് സെപ്റ്റംബര്‍ അവസാനവാരത്തില്‍. അന്വേഷണം നടത്താതിരിക്കാന്‍ പല വാദങ്ങളും കേരളം  കേട്ടു. 

കേരളത്തിന്റെ ലൈഫ് പദ്ധതിയില്‍ എന്തു സംഭവിച്ചുവെന്നറിയാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കാത്തിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നു, ലൈഫ് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട. ചട്ടലംഘനങ്ങളും സാങ്കേതികവാദങ്ങളും ഉയര്‍ത്തി സി.ബി.ഐ അന്വേഷണം തടയാന്‍ കോടതിയെ സമീപിക്കുന്നു. മടിയില്‍ കനമില്ലാത്ത സര‍്‍ക്കാരിന് ഒരന്വേഷണത്തെയും ഭയമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന പാര്‍ട്ടി ഇപ്പോള്‍ വാദം ചെറുതായൊന്നു മാറ്റിയിരിക്കുന്നു. ലൈഫില്‍ സി.ബി.ഐ അന്വേഷണം വേണ്ട.

ഇതെല്ലാം ചൂണ്ടിക്കാണിക്കുമ്പോഴും സി.ബി.ഐ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദാത്തമായ അന്വേഷണ ഏജന്‍സിയാണ് എന്നൊന്നും പറയാനാകില്ല. ഏറ്റവുമൊടുവില്‍ വന്ന ബാബറി മസ്ജിദ് കേസിലെ വിധിയില്‍ പോലും സി.ബി.ഐയ്ക്ക് നീതിയോടുള്ള പ്രതിബദ്ധത രാജ്യം കണ്ടതാണ്. പക്ഷേ എന്‍.ഐ.എയും ഇ.ഡി.യുമെല്ലാം സമാനമാം വിധം ഭരണകൂടഉപകരണങ്ങളെന്നു പഴി നേരിടുന്ന ഏജന്‍സികളാണ്. സ്വര്‍ണക്കടത്ത് ഈ ഏജന്‍സികള്‍ക്കൊക്കെ അന്വേഷിക്കാം. പക്ഷേ ലൈഫില്‍ തൊടരുത് എന്നു പിണറായി സര്‍ക്കാര്‍ പറയുന്നതാണ് പ്രശ്നം. 

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ലൈഫ് പദ്ധതിയിലും പ്രതികള്‍ ഇടപെടുകയും കൈക്കൂലി വാങ്ങുകയും ചെയ്തുവെന്ന വിവരം പുറത്തു വന്നത്. പകരം മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വര്‍ണക്കടത്ത് പ്രതികള്‍ സംസ്ഥാനത്തിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഇടപെട്ടോയെന്ന് സംസ്ഥാനം അന്നു തന്നെ പരിശോധന നടത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിന് വിശ്വാസ്യത അവകാശപ്പെടാമായിരുന്നു. അതുണ്ടായില്ല. പാര്‍ട്ടി അന്വേഷണം വേണമെന്നു പറഞ്ഞ് ഒരു മാസം കഴിഞ്ഞു പോലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. സി.ബി.ഐ തന്നെ വരേണ്ടി വന്നു , വിജിലന്‍സ് ആരെയും പ്രതി ചേര്‍ക്കാത്ത ഒരു എഫ്.ഐ.ആര്‍. എടുത്ത് കേസ് അന്വേഷിക്കാന്‍. വിജിലന്‍സിന് എവിടെ വരെ പോകാമെന്നും മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ലൈഫ് പദ്ധതിയില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ സ്വതന്ത്രമായ അന്വേഷണം നടക്കണം. അതിന്റെ പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സി.ബി.ഐ രാഷ്ട്രീയായുധമാകുന്നില്ലെന്നും ഉറപ്പുവേണം. ഇനി അന്തിമതീരുമാനം കോടതിയുടേതാണ്. അതിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ലൈഫിലെ കൈക്കൂലിയുടെ ഭാഗമായിരുന്ന ഐഫോണ്‍ കിട്ടിയെന്ന ആരോപണവുമായി സി.പി.എം രംഗത്തു വന്നു. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത് ഏറ്റെടുത്താണ് സി.പി.എം പ്രതിപക്ഷനേതാവിനെതിരെ രംഗത്തു വന്നത്.

ഫോണുകള്‍ എവിടെയന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. സാങ്കേതികവിശദാംശങ്ങള്‍ ലഭ്യമായ സ്ഥിതിക്ക് പൊലീസ് അതു കണ്ടെത്തുക തന്നെവേണം. പ്രതിപക്ഷനേതാവിന്റെ പ്രോട്ടോക്കോള്‍ ലംഘനവും സി.പി.എം സംസ്ഥാനസെക്രട്ടറി ഉന്നയിക്കുന്നു. 

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പ്രതിപക്ഷനേതാവിനെ ഒന്നു പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സി.പി.എം സാക്ഷ്യപ്പെടുത്തുന്നു. സ്വര്‍ണക്കടത്തു വിവാദം ഒട്ടേറെ കാര്യങ്ങള്‍ കേരളത്തിനു മുന്നില്‍ കൊണ്ടുവന്നു. നിയമങ്ങളോടും ചട്ടങ്ങളോടും ഉത്തരവാദപ്പെട്ടവര്‍ പുലര്‍ത്തുന്ന സമീപനം കേരളം കണ്ടു. ഭരണാധികാരികള്‍ക്കു നേരെ ചോദ്യങ്ങള്‍ വരുമ്പോള്‍ നിലപാടുകള്‍ പപ്പടം പോലെ പൊടിയുന്നതു കണ്ടു. പക്ഷേ സര്‍ക്കാരിന്റെ ഭാഗമായി ആരെങ്കിലും കുറ്റകൃത്യം ചെയ്തോ എന്നതില്‍ മാത്രം ഇതുവരെ വ്യക്തതയായിട്ടില്ല. അന്വേഷണം  വസ്തുതകള്‍ പുറത്തു കൊണ്ടുവരട്ടെ. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...