എന്താണ് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നത്? ആരുടെ ‘ലൈഫി’നാണ് ഭീഷണി?

life
SHARE

ഒരു പ്രശ്നവുമില്ലാതെ തുടങ്ങി, ചില പ്രശ്നങ്ങളുണ്ടെന്നു സമ്മതിച്ച് ഒടുവില്‍ ആകെ പ്രശ്നമായ അവസ്ഥയിലാണ് ലൈഫ് വിവാദത്തില്‍ ഇടതുസര്‍ക്കാര്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സി.ബി.ഐ കേസെടുത്തു. സി.ബി.ഐ കേസെടുക്കുമെന്നു മനസിലാക്കി ഇഞ്ചോടിഞ്ചു വ്യത്യാസത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുവെന്ന് ആശ്വസിക്കാമെങ്കിലും ലൈഫില്‍ സര്‍ക്കാര്‍ ഒരു ലൈഫ് ഭീഷണി കാണുന്നുണ്ടെന്നു വ്യക്തം. സര്‍ക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്ന്   ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി പോലും ലൈഫ് പദ്ധതിയുടെ വസ്തുതകള്‍ കേരളത്തോടു പറയാന്‍ തയാറായില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും ലൈഫില്‍ മാത്രം എന്താണ് മറച്ചു വയ്ക്കാന്‍ ശ്രമിച്ചത്? ലൈഫ് ആരുടെ ലൈഫിനെയാണ് ഏറ്റവുമധികം ബാധിക്കുന്നത്? 

ജൂലൈ അഞ്ചിന് സ്വര്‍ണക്കടത്ത് വന്‍ വിവാദമായി ഉയര്‍ന്നുവന്നെങ്കിലും തുടക്കം മുതലേ സ്വര‍്ണക്കടത്തു കേസുമായി അകലം പാലിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്വര്‍ണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധം തെളിഞ്ഞതോടെ മുഖ്യമന്ത്രി തന്നെ കേസന്വേഷണം കേന്ദ്രത്തോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനിടെയുണ്ടായി. ഈ സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ ഇടപെട്ട് കമ്മിഷന്‍ 

വാങ്ങിയെന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ വെട്ടിലാക്കി. അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കും മുന്‍പേ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും സംസ്ഥാന ധനമന്ത്രിയും പാര്‍ട്ടി നേതൃത്വം നല്‍കുന്ന ചാനലിലൂടെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് റെഡ് ക്രസന്റ് വാഗ്ദാനം ചെയ്ത 20 കോടിയില്‍ 4.25 കോടിയും കമ്മിഷനായി വക മാറിയെന്നായിരുന്നു വെളിപ്പെടുത്തല്‍. 

ആകെ 20 കോടിയുടെ ലൈഫ് പദ്ധതിയില്‍ നാലേകാല്‍ കോടി കൈക്കൂലിയായി വകമാറിയെന്നറിഞ്ഞിട്ടും അതില്‍ സര്‍ക്കാരിനെന്തു കാര്യം എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.  

ആരുടെയോ പണം, ആര്‍ക്കോ കൊടുക്കുന്നു. അതിന് സര്‍ക്കാരിനെന്തു പ്രശ്നം എന്നു മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ബാര്‍കോഴക്കേസില്‍ ബാറുകാരുടെ പണം കോഴ  കൊടുത്തതിന് ഞങ്ങള്‍ക്കെന്തു പ്രശ്നം എന്നായിരുന്നില്ല സി.പി.എം നിലപാട്. സോളര്‍ കേസില്‍ ഏതോ സ്വകാര്യസംരംഭകരുടെ പണം, ഖജനാവിനെന്തു നഷ്ടം എന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം സി.പി.എമ്മും അംഗീകരിച്ചു കൊടുത്തില്ല. കേരളവും സമ്മതിച്ചു കൊടുത്തില്ല. പക്ഷേ ലൈഫ് മിഷന്‍റെ കാര്യം വന്നപ്പോള്‍ മാത്രം ഈ പുതിയ ന്യായം കേരളം കേട്ടു. അവിടം മുതല്‍ ഉയരുന്ന സംശയമാണ്. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഭയക്കുന്നതെന്താണ്?  

ജൂലൈ അഞ്ചിനാണ് സ്വര്‍ണക്കടത്ത് കസംറ്റ്സ് പിടികൂടുന്നതെങ്കില്‍ ആഗസ്റ്റ് ആദ്യവാരത്തിലാണ് ലൈഫ് മിഷനിലെ കൈക്കൂലി പുറത്തുവരുന്നത്. 2018  ഒക്ടോബര്‍ 17നാണ് പ്രളയസഹായം അഭ്യര്‍ഥിച്ചു മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് റെഡ്ക്രസന്റ് 20 കോടി സഹായവാഗ്ദാനം നല്‍കുന്നു. 

 2019 ജൂലൈ 11ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ 140 വീടുകളും ആശുപത്രിക്കെട്ടിടവും നിര്‍മിച്ചു നല്‍കാനായി റെഡ്ക്രസന്റുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പു വയ്ക്കുന്നു. എന്നാല്‍ ഈ ധാരണാപത്രം മുതല്‍ സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ ദുരൂഹമാണ്. വടക്കാഞ്ചേരി ഭവനനിര്‍മാണപദ്ധതിയിലേക്ക് റെഡ്ക്രസന്റ് എത്തിയതെങ്ങനെ? അങ്ങനെ തീരുമാനിച്ചതാരാണ്, ആ തീരുമാനമെടുത്ത യോഗത്തിന്റെ മിനിറ്റ്സ് എവിടെ? കഴിഞ്ഞ രണ്ടു മാസമായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മിക്കവാറും എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന ചോദ്യങ്ങളാണിത്.  

ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി മറുപടി തയാറാക്കി കൊണ്ടു വന്ന് വായിക്കുന്ന മുഖ്യമന്ത്രി ഒരിക്കല്‍ പോലും ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ തയാറായില്ല. ചോദ്യങ്ങള്‍ ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ക്ഷുഭിതനായി. എന്നിട്ടും വിടാതെ പിന്തുടര്‍ന്ന ചോദ്യങ്ങളില്‍ നിന്ന് പലപ്പോഴും ഒഴിഞ്ഞു മാറി. സുതാര്യമെങ്കില്‍  ലൈഫ് പദ്ധതിയുടെ വിശദാംശങ്ങള്‍ കേരളത്തോടു പറയാന്‍ മുഖ്യമന്ത്രി മടിച്ചതെന്തിനാണ്? ഏതു കേന്ദ്ര ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു കൊണ്ടിരുന്ന സി.പി.എം ലൈഫില്‍ സി.ബി.ഐ വന്നപ്പോള്‍ മാത്രം ആഞ്ഞടിക്കുന്നതെന്തുകൊണ്ടാണ്? 

ലൈഫ് പദ്ധതിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനാണ് മുഖ്യമന്ത്രി. അതുകൊണ്ടു തന്നെ ലൈഫ് പദ്ധതിയെ കരിനിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം രോഷം കൊള്ളുന്നത് സ്വാഭാവികവുമാണ്. അതേസമയം തന്നെ  വടക്കാഞ്ചേരി റെഡ്ക്രസന്റ് ലൈഫ് പ്രോജക്റ്റില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി കേരളത്തോട് മറുപടി പറയാനും അദ്ദേഹത്തിനു ബാധ്യതയുണ്ട്. സ്പ്രിന്‍ക്ളര്‍ കരാറില്‍ വിവാദമുയര്‍ന്നപ്പോള്‍ അതു വിശദീകരിക്കാന്‍ കരാറിന്റെ വിശദാംശങ്ങള്‍ ആരും ചോദിക്കുന്നതു കാത്തുനില്‍ക്കാതെ പുറത്തു വിട്ട സര്‍ക്കാരാണ്. അന്ന് വിശദീകരിക്കാന്‍ നിയോഗിച്ച മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരോപണവിധേയനായി പുറത്തു പോയെങ്കിലും ഒന്നും മറയ്ക്കാനില്ല എന്ന സര്‍ക്കാര്‍ നയത്തിന് ലൈഫ് പദ്ധതിയുടെ കാര്യത്തില്‍ മാത്രം എന്തു സംഭവിച്ചു? ലൈഫ് മിഷന്‍ കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട പ്രതിപക്ഷനേതാവിനെ പോലും രണ്ടു മാസത്തോളം സര്‍ക്കാര്‍ അവഗണിച്ചതെന്തുകൊണ്ടാണ്?  

ലൈഫ് പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്നു വ്യക്തമായിട്ടും സത്യം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണ്? അതോ സത്യം എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നോ? ആ സത്യം പുറത്തു പറയാനാവാത്തതാണോ? കേന്ദ്ര ഏജന്‍സികള്‍ക്കു മുന്നില്‍ കേരളത്തിന്റെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇനിയും ചോദ്യം ചെയ്യലിനു വിധേയരാകുന്നത് അഭിമാനകരമായ സാഹചര്യമാണോ? സ്വന്തം നിലയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാരിന് എന്തായിരുന്നു പ്രശ്നം? 

രാഷ്ട്രീയപ്രേരിതമാണ് ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണം എന്നാണ് സി.പി.എം ആരോപണം. ഒന്നരമാസത്തിലേറെ അന്വേഷണാവശ്യം നിരാകരിച്ച് സി.ബി.ഐ നടപടിയെടുത്തു എന്നു ബോധ്യമായ ഉടന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് തീര്‍ത്തും നിഷ്കളങ്കമായ സത്യാന്വേഷണമാണെന്ന് കേരളം വിശ്വസിക്കുമെന്ന് സി.പി.എം കരുതുന്നുണ്ടാകണം.  

സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് ലൈഫ് മിഷനില്‍ സര്‍ക്കാര്‍ അന്വേഷണ സാധ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ടത് ആഗസ്റ്റ് 21നാണ്. അന്വേഷണം വേണമെന്ന് ബോധ്യമായ  പാര്‍ട്ടി  ആവശ്യപ്പെട്ടിട്ടു പോലും അന്വേഷണഏജന്‍സികള്‍ വിവരം തരട്ടെ എന്നു പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി ഒരു മാസത്തിനു ശേഷം പൊടുന്നനെ ഒരു ദിവസം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. 

പക്ഷേ അതേ വാര്‍ത്താസമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി അന്വേഷണഏജന്‍സികള്‍ക്ക് എവിടെ വരെ പോകാമെന്ന മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.  

വിജിലന്‍സ് അന്വേഷണം ഏതെങ്കിലുംപ്രത്യേക പരാതിയില്‍ അല്ലെന്നും അഴിമതിനിരോധനനിയമപ്രകാരം  ഉയര്‍ന്ന ആരോപണങ്ങളില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും വിജിലന്‍സ് പറയുന്നു. പക്ഷേ സര്‍ക്കാര്‍ ഉത്തരവിട്ടു തൊട്ടടുത്ത ദിവസം തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം വിജിലന്‍സ് കൊണ്ടുപോയി. അത് സാധാരണമാണോ, അസ്വാഭാവികമാണോ എന്നത് സി.ബി.ഐ നടപടികള്‍ മുന്നോട്ടു പോകുമ്പോഴേ വ്യക്തമാകൂ.  

ലൈഫ് പദ്ധതി അന്വേഷണം ഒഴിവാക്കാന്‍ പരമാവധി നീട്ടിക്കൊണ്ടുപോയി ഒടുവില്‍ സി.ബി.ഐ നടപടി അറിഞ്ഞപ്പോള്‍ മാത്രമാണ് സംസ്ഥാനം അന്വേഷണത്തിനു തയാറായത് എന്നു വ്യക്തം. അനില്‍ അക്കര എം.എല്‍.എയുടെ പരാതിയും കെ.സുരേന്ദ്രന്റെ പരാമര്‍ശവുമെല്ലാം രാഷ്ട്രീയപ്രേരിതമാണ് എന്ന് സി.പി.എമ്മിന് ആരോപിക്കാം. രാഷ്ട്രീയനേതാക്കള്‍ രാഷ്ട്രീയപ്രേരിതമായല്ലാതെ മറ്റെന്തു നിലപാടെടുക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്? പക്ഷേ ഒന്നുണ്ട്. ഈ അന്വേഷണങ്ങളുടെ പേരില്‍ ഇടതുപക്ഷസര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പു വരെ നീളുന്ന ഒരു അന്വേഷണനാടകം മാത്രമല്ല നടക്കുന്നത് എന്നുറപ്പുവരുത്താനുള്ള ബാധ്യതയും കേരളരാഷ്ട്രീയത്തിനുണ്ട്.  

സ്വന്തം മണ്ഡലത്തിലെ 140 പാവങ്ങള്‍ക്കു വീടു കിട്ടാനുള്ള പദ്ധതി അട്ടിമറിക്കുന്ന മനഃസാക്ഷിയില്ലാത്ത എം.എല്‍.എ എന്നാണ് അനില്‍ അക്കര എം.എല്‍.എയ്ക്കെതിരെ ഇപ്പോള്‍ സി.പി.എം നടത്തുന്ന പ്രചാരണം. സ്വന്തം മണ്ഡലത്തിലെ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെടാനുള്ള ബാധ്യത ജനപ്രതിനിധിക്കുണ്ട്. സമയബന്ധിതമായി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാതെ വന്നപ്പോഴാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലേക്ക് സാഹചര്യമെത്തിയത്. പക്ഷേ കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയമുതലെടുപ്പിനുള്ള ഉപകരണങ്ങളാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.  

കാനം പറയാവുന്നത് അവഗണിക്കാവുന്നതല്ല. നിയതമായ ചോദ്യങ്ങളുള്ള ഈ കേസുകള്‍  അടുത്ത തിരഞ്ഞെടുപ്പ് വരെ വേറുതേ നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കാന്‍ പാടില്ല. ഇടതുമുന്നണി സര്‍ക്കാര്‍ സോളര്‍, പാലാരിവട്ടം പാലം കേസുകള്‍ കൈകാര്യം ചെയ്യുന്നതുപോലെയാവരുത് ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് കേസുകള്‍. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതിനപ്പുറം അഴിമതി ആരോപണങ്ങള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല എന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. വേണമെങ്കില്‍ ഒരാഴ്ച കൊണ്ട് സത്യം കണ്ടെത്താവുന്നത്ര ലളിതമായ ഒരു ഇടപാടാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നടന്നത്. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍ വ്യക്തമാണ്.  

സംസ്ഥാനസര്‍ക്കാര്‍ നേരിടുന്നത് ഒരു അഗ്നിപരീക്ഷ തന്നെയാണ്. പക്ഷേ ഒരു കാര്യം പറയാതെ വയ്യ. എല്ലാ  കേന്ദ്ര ഏജന്‍സികളുടെയും വളഞ്ഞു പിടിച്ചുള്ള അന്വേഷണങ്ങള്‍ അതീജിവിച്ചാല്‍ പിണറായി സര്‍ക്കാരിന് ഏറ്റവും അഴിമതിരഹിതമായ സര്‍ക്കാര്‍ എന്ന് ധൈര്യമായി അവകാശപ്പെടാം. മറ്റൊരു സംസ്ഥാനസര്‍ക്കാരും   രാഷ്ട്രീയഎതിരാളി നിയന്ത്രിക്കുന്ന  കേന്ദ്ര ഏജന്‍സികള്‍ക്കു മുന്നില്‍ അന്വേഷണം നേരിടാന്‍ തയാറെന്നു അങ്ങോട്ടു വാതില്‍ തുറന്നു കൊടുത്തിട്ടില്ല. ബി.ജെ.പി. നിയന്ത്രിക്കുന്ന കേന്ദ്രഏജന്‍സികള്‍ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും അഴിമതിയുടെ കറ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അതിനേക്കാള്‍ വലിയൊരു രാഷ്ട്രീയ നേട്ടം ഇടതുമുന്നണിക്ക് ഉണ്ടാകാനുമില്ല. പക്ഷേ അത്രയും സുതാര്യമെങ്കില്‍ ലൈഫില്‍ പുകമറയിട്ടതെന്തിന് എന്നത് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടുമില്ല. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...