മതഗ്രന്ഥം മതവിശ്വാസികള്‍ക്ക് വിട്ടുകൊടുക്കു; എന്നിട്ട് രാഷ്ട്രീയം പറയൂ

pv
SHARE

ഇത് സത്യാനന്തരകാലമാണ് എന്നു നമുക്കറിയാം. സത്യാനന്തരം അഥവാ പോസ്റ്റ് ട്രൂത്തിനെക്കുറിച്ച്  കേരളത്തില്‍ ഏറ്റവുമധികം സംസാരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. സ്വര്‍ണക്കടത്ത് വിവാദം ഉയര്‍ന്നതിനുശേഷം സി.പി.എമ്മിന് എല്ലാ ആരോപണങ്ങളും സത്യാനന്തരകാലത്തിന്റെ പ്രവണതയാണ്. സര്‍ക്കാര്‍ നേരിടുന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സത്യാനന്തരം പറഞ്ഞു പറഞ്ഞ് സി.പി.എം തന്നെ ഒരു സത്യാനന്തര ആഖ്യാനമായി മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്. ഖുറാനെ അവഹേളിക്കുന്നതെന്തിന് എന്ന മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ചോദ്യം സത്യാനന്തര സൃഷ്ടിയുടെ ക്ലാസിക്കല്‍ ഉദാഹരണമായി ചരിത്രത്തില്‍ ചേര്‍ക്കാം. 

കേന്ദ്രഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ നേരിടുന്ന മന്ത്രി കെ.ടി.ജലീലിനെ പ്രതിരോധിക്കാന്‍  മതഗ്രന്ഥത്തെ മറയാക്കാന്‍ ശ്രമിക്കുന്ന ഹീനമായ രാഷ്ട്രീയതന്ത്രമാണ് സി.പി.എം ഇപ്പോള്‍ പയറ്റുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മാപ്പര്‍ഹിക്കാത്ത വര്‍ഗീയപ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നു. 

സത്യാനന്തരം. വസ്തുതകളേക്കാള്‍ വൈകാരികതയ്ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാമുഖ്യം ലഭിക്കുന്ന പ്രവണതയെ സൂചിപ്പിക്കുന്ന വാക്കാണ്. അടുത്ത കാലത്തായി ആഗോളരാഷ്ട്രീയസാഹചര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കാണ് സത്യാനന്തരം അഥവാ പോസ്റ്റ് ട്രൂത്ത്. അസത്യങ്ങള്‍ സ്വീകാര്യമല്ല എന്ന പൊതുനിലപാടില്‍ നിന്ന് ഒരു സമൂഹം ചില കളളങ്ങള്‍  ക്ഷമിക്കാവുന്നതും സ്വീകരിക്കാവുന്നതുമാണ് എന്ന നിലയിലേക്കെത്തുന്നതിനെ പരാമര്‍ശിക്കാനാണ് സത്യാനന്തരം എന്ന വാക്കുപയോഗിക്കുന്നത്. കേരളത്തില്‍ സി.പി.എമ്മിന് ഏറ്റവും പ്രിയപ്പെട്ട വാക്കുകളില്‍ ഒന്നാണ് സത്യാനന്തരം.  ഇന്നത്തേ ആഗോള, ദേശീയ രാഷ്ട്രീയസാഹചര്യങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയവാക്കുതന്നെയാണ് സത്യാനന്തരം എന്നതില്‍ സംശയമില്ല. ഡല്‍ഹി കലാപത്തെക്കുറിച്ചന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ ചുമതലപ്പെട്ട ഡല്‍ഹി പൊലീസ് ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്യുകയും യെച്ചൂരി അടക്കമുള്ള പ്രധാന രാഷ്ട്രീയനേതാക്കളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് നിശ്ചയമായും സത്യാനന്തരം എന്ന വാക്കില്‍ ചൂണ്ടിക്കാണിക്കാവുന്ന ഉത്തമോദാഹരണമാണ്. പക്ഷേ നിലവില്‍ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന രാഷ്ട്രീയവിവാദങ്ങളെ സത്യാനന്തരസൃഷ്ടി എന്നു വിശേഷിപ്പിക്കുന്ന സി.പി.എം ആ വാക്കിന്റെ രാഷ്ട്രീയത്തെത്തന്നെ മനഃസാക്ഷിയില്ലാതെ വഞ്ചിക്കുകയാണ്. 

മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഖുറാനെ അവഹേളിക്കുന്നു എന്ന സി.പി.എം പ്രചാരണമാണ് അടുത്ത കാലത്തുയര്‍ന്ന ഏററവും മോശമായ സത്യാനന്തര ആഖ്യാനം. ഖുറാന്‍ നിരോധിതമതഗ്രന്ഥമാണോ എന്ന സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ചോദ്യം കേരളത്തിന്റെ പൊതുബോധത്തോടുള്ള വെല്ലുവിളിയാണ്. ജലീലിന് ഖുറാന്‍ തൊട്ടുകൂടേ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം മതധ്രുവീകരണം മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയഅവഹേളനമാണ്. രാഷ്ട്രീയപ്രതിസന്ധിയില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ ഒരു മതവിഭാഗത്തിന്റെ വിശ്വാസം പ്രതിരോധമാക്കുന്ന തികഞ്ഞ വര്‍ഗീയരാഷ്ട്രീയമാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇപ്പോള്‍ കേരളത്തില്‍ പയറ്റുന്നത്. ജനാധിപത്യരാഷ്ട്രീയത്തെയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും അപമാനിക്കുന്നത്. ഒരു മടിയും മറയുമില്ലാതെ സമൂഹത്തെ അപായത്തിലേക്കു ധ്രുവീകരിച്ച് സ്വയം രക്ഷപ്പെടാന്‍ നടത്തുന്ന ഈ ശ്രമം തുറന്നു കാണിച്ചേ പറ്റൂ. 

ഒരു മന്ത്രിയെ അന്വേഷണഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്യുമ്പോള്‍ സുരക്ഷിതമായ പ്രതിരോധം ഖുറാനാണെന്ന തന്ത്രം ആദ്യം പ്രയോഗിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. സര്‍ക്കാരിെന ഇകഴ്ത്താന്‍ പ്രതിപക്ഷം ഖുറാനെ ഇകഴ്ത്തുന്നുവെന്നു പാര്‍ട്ടി സെക്രട്ടറി തൊട്ടടുത്ത ദിവസം ലേഖനമെഴുതിയതോടെ അജന്‍ഡ വ്യക്തമായി. ഖുറാന്‍ വിരുദ്ധ പ്രക്ഷോഭമാണ് കേരളത്തില്‍ നടക്കുന്നതെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി പറഞ്ഞു 

ഖുറാന്റെ പേരില്‍ രാജിയെന്തിന് എന്നു തന്നെയാണ് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ ചോദിച്ചത്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ തുടക്കം മുതലേ ഖുറാനെ കൂട്ടുപിടിക്കുന്നത് കേരളം കണ്ടു. പാണക്കാട്് തങ്ങള്‍ വിശുദ്ധ ഖുര്‍ ആനില്‍ തൊട്ട് സത്യം ചെയ്ത് തനിക്കു നേരെ വിരല്‍ ചൂണ്ടിയാല്‍ രാജിവയ്ക്കാമെന്നായിരുന്നു ജലീലിന്റെ ആയുധം. മന്ത്രി ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാപരമായി പരിശോധിച്ചാല്‍ ഈ വാദങ്ങളുടെ പ്രസക്തിയെന്താണ്? സ്വര്‍ണക്കടത്തിന്റെ പേരില്‍ സംശയമുനയില്‍ നില്‍ക്കുന്ന പ്രതികളുമായി ചട്ടങ്ങള്‍ ലംഘിച്ച് നേരിട്ട് ഇടപെട്ടുവെന്നതാണ് കെ.ടി.ജലീല്‍ നേരിടുന്ന അടിസ്ഥാനപ്രശ്നം. അത് റമസാന്‍ കിറ്റ് വിതരണത്തിനും ഖുറാന്‍ വിതരണത്തിനുമായിരുന്നു എന്നു വിശദീകരിച്ചത് മന്ത്രി തന്നെയാണ്. എന്തു കൈമാറി, എന്തു വിതരണം ചെയ്തു എന്നതിനേക്കാള്‍ ആ ഇടപെടല്‍ നിയമവിരുദ്ധവും ചട്ടവിരുദ്ധവുമാണ് എന്നതാണ് പ്രധാന പ്രശ്നം. ചട്ടപ്രകാരം കേന്ദ്രസര്‍ക്കാര്‍ അറിയാതെ ഒരു രൂപയുടെ പോലും വിദേശസഹായം ഒരു സംസ്ഥാനത്തിന് സ്വീകരിക്കാനാകില്ല. മന്ത്രിക്ക് നേരിട്ട് ഇടപെടാന്‍ ഔദ്യോഗികമായി അധികാരമേയില്ല. എന്നിട്ടും കോണ്‍സുലര്‍ ജനറല്‍ വാട്സ്ആപ്പ് മെസേജയച്ചപ്പോള്‍ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സഹായിച്ചുവെന്നാണ് മന്ത്രി അന്ന് കേരളത്തോടു പറഞ്ഞത്.

ഖുറാനാണോ ഭഗവദ്ഗീതയാണോ ബൈബിളാണോ എന്നതേയല്ല ഇവിടത്തെ പ്രശ്നം എന്നറിയാതെയല്ല മുഖ്യമന്ത്രിയും ജലീലും മന്ത്രിമാരും ഖുറാന്‍ എന്നു തന്നെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. ഇതേ ഖുറാനും റംസാന്‍ കിറ്റും ചട്ടങ്ങള്‍ പാലിച്ചായിരുന്നു വിതരണം ചെയ്തതെങ്കില്‍ മന്ത്രിക്കു ചോദ്യങ്ങള്‍ പോലും നേരിടേണ്ടി വരുമായിരുന്നില്ല. കേന്ദ്രസര്‍ക്കാരിനെ മാത്രമല്ല, സ്വന്തം സര്‍ക്കാരിനെ പോലും അറിയിക്കാതെയാണ് മന്ത്രി ഇത് കൈകാര്യം ചെയ്തത് എന്നോര്‍ക്കണം. റമസാന്‍ കിറ്റ് വിതരണമോ ഖുറാന്‍ വിതരണമോ ചട്ടം പാലിച്ചു നടത്താന്‍ ഒരു പ്രയാസവുമുള്ള കാര്യമല്ല. മന്ത്രി കുറ്റകരമായി പ്രവര്‍ത്തിച്ചുവെന്നല്ല, കുറ്റവാളികള്‍ നടത്തിയ മറ്റൊരു ഇടപാടിന് ക്രമങ്ങള്‍ പാലിക്കാതെ മന്ത്രിയും കൂട്ടുനിന്നു  എന്നതിലാണ് ഇപ്പോള്‍ അദ്ദേഹം അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ ഒളിച്ചും പാത്തുമെത്തുന്ന അപമാനകരമായ സാഹചര്യം സൃഷ്ടിച്ചത്. 

എന്നിട്ടതിനെ ധര്‍മയുദ്ധം എന്നു വ്യാഖ്യാനിക്കുന്നതാണ് ഏറ്റവും വലിയ തമാശ. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഒന്നരമാസം മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ഖുറാന്‍ പരിചയാക്കിയിരുന്നില്ല. ദേശീയ അന്വേഷണ ഏജന്‍സികള്‍ മന്ത്രിയിലേക്കെത്തിയപ്പോഴാണ് ഖുറാനാണ് പ്രശ്നം എന്ന വ്യാഖ്യാനം സൃഷ്ടിക്കുന്നത്. മറ്റൊരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയവുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയതില്‍ മന്ത്രി കെ.ടി.ജലീലിന് തെറ്റു പറ്റിയിട്ടുണ്ട് എന്നതു വസ്തുതയാണ്. പക്ഷേ ജലീല്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നത് ഇനിയും തെളിയിക്കപ്പെടേണ്ടതാണ്.  തെറ്റു പറ്റിയിട്ടേ ഇല്ലെന്നും ഖുറാനെ അവഹേളിക്കുന്ന പ്രതിഷേധമാണ് നടക്കുന്നതെന്നുമുള്ള സി.പി.എം ആഖ്യാനം സത്യാനന്തരവ്യാഖ്യാനമാണ്. മന്ത്രിയുടെ വ്യക്തിപരമായ വീഴ്ചയെ ന്യായീകരിക്കാന്‍ മതഗ്രന്ഥത്തെയും വിശ്വാസത്തെയും കൂട്ടുപിടിക്കരുത്. സി.പി.എം. ഖുര്‍ആനെ വെറുതെ വിടണം. വിവാദത്തില്‍ അകപ്പെട്ട ഒരു മന്ത്രിയെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ മതഗ്രന്ഥത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്. സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിക്കരുത്. സമീപകാലകേരളരാഷ്ട്രീയം കണ്ട ഏറ്റവും ഹീനമായ വര്‍ഗീയധ്രുവീകരണരാഷ്ട്രീയനീക്കമാണ് സി.പി.എം നടത്തുന്നത്. 

വിശ്വാസത്തെയും മതത്തെയും രാഷ്ട്രീയത്തിലേക്കു വലിച്ചിഴക്കരുത് എന്ന അടിസ്ഥാനഇടതുരാഷ്ട്രീയവാദത്തെ തന്നെ പരാജയപ്പെടുത്തുന്ന നീക്കമാണ് ഇപ്പോള്‍ സി.പി.എം. പരീക്ഷിക്കുന്നത്. അധികാരത്തുടര്‍ച്ചയ്ക്കു വേണ്ടി അടിസ്ഥാനരാഷ്ട്രീയത്തെയും അടിയറവയ്ക്കാന്‍ തയാറാണെന്ന വ്യക്തമായ പ്രഖ്യാപനം. എന്നുവച്ചാല്‍ ആഹ്വാനം വ്യക്തമാണ്. കേരളത്തിലെ മുസ്‍ലിങ്ങള്‍ ജലീലിനെതിരായ സമരത്തെ പ്രതിരോധിക്കണം. ഇത് വിശ്വാസത്തിനും മതഗ്രന്ഥത്തിനുമെതിരായ വെല്ലുവിളിയായി കണ്ട് രംഗത്തിറങ്ങണം. ഒരു മന്ത്രി സ്വന്തം സര്‍ക്കാരിനെ പോലും വിശ്വാസത്തിലെടുക്കാതെ സ്വന്തം നിലയില്‍ നടത്തിയ ഇടപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സി.പി.എം കണ്ടെത്തിയിരിക്കുന്ന പ്രതിരോധതന്ത്രം. 

സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ ഒരുദ്ദേശമേയുള്ളൂ. മുസ്‍ലിംലീഗിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കണം. വിശുദ്ധഗ്രന്ഥമെന്ന വാക്ക് ചോദ്യങ്ങളെ പേടിപ്പിക്കണം. വിശ്വാസികളെ വൈകാരികമായി ചൂഷണം ചെയ്തായാലും തല്‍ക്കാലം ഈ സമരങ്ങള്‍ അവസാനിപ്പിക്കണം. 

അധികാരരാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് നയങ്ങള്‍ക്ക് അടുത്ത കാലത്തു തന്നെ പല ഉദാഹരണങ്ങളുണ്ട് കേരളത്തിനു മുന്നില്‍. മാവോയിസ്റ്റ് കേസില്‍ സ്വന്തം പൊലീസിനെ ന്യായീകരിക്കാന്‍ UAPAയ്ക്കെതിരായ നിലപാടു വിഴുങ്ങിയതിന് കോടതിയില്‍ നിന്നു തന്നെ നല്ല പ്രഹരം കിട്ടിക്കഴിഞ്ഞു. സ്പ്രിന്‍ക്ളര്‍ കരാറിനെ ന്യായീകരിക്കാന്‍  ഡേറ്റ സുരക്ഷയെന്ന അതിപ്രധാനനിലപാട് പോലും കാറ്റില്‍പറത്തി. പക്ഷേ ഖുറാനെ പരിചയാക്കുന്ന വര്‍ഗീയധ്രുവീകരണശ്രമം അക്കൂട്ടത്തില്‍ പെടുത്താവുന്നതല്ല. അത് നിര്‍ദോഷമല്ല. അവഗണിക്കാവുന്നതല്ല. കേരളത്തിന്റെ മതനിരപേക്ഷരാഷ്ട്രീയബോധത്തെ പരിഹസിക്കുന്ന അപകടരമായ രാഷ്ട്രീയ നീക്കമാണ് സി.പി.എം ഇപ്പോള്‍ നടത്തുന്നത്. 

സംസ്ഥാനസര്‍ക്കാരും ഇടതുമുന്നണിയും കനത്ത രാഷ്ട്രീയപ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.  ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും എതിര്‍വാദങ്ങള്‍ പ്രചരിപ്പിക്കാനും മുന്നണിക്കും ന്യായമായ അവകാശമുണ്ട്. പക്ഷേ അതിന്റെ പേരില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അന്യായമാണ്. അപ്പുറത്ത് സംഘപരിവാര്‍രാഷ്ട്രീയം തക്കം പാര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ ഇതു തീക്കളിയാണ്. 

മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷസമരം തുടരുകയാണ്. രാജിവയ്ക്കില്ലെന്ന് സി.പി.എമ്മും ഇടതുമുന്നണിയും മുഖ്യമന്ത്രിയും വ്യക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍, മന്ത്രിക്കെതിരെ കുറ്റാരോപണങ്ങളില്ലാത്ത സാഹചര്യത്തില്‍ രാജി ആവശ്യപ്പെട്ടുള്ള സമരം എവിടെ വരെ പോകുമെന്ന് കാത്തിരിക്കേണ്ടി വരും. സമാനമായ രാഷ്ട്രീയസാഹചര്യങ്ങളില്‍ ഭരണപ്രതിപക്ഷ ഏറ്റുമുട്ടല്‍ സ്വാഭാവികവുമാണ്. പക്ഷേ മതവികാരം ചൂഷണം ചെയ്യാമെന്നു ഭരണമുന്നണി തീരുമാനിച്ചാല്‍ അതിന്റെ പ്രത്യാഘാതം എവിടെയെല്ലാം പ്രതിഫലിക്കുമെന്നതില്‍ ആശങ്കയുണ്ടാകണം. ഖുറാനിലും ജലീലിലും പ്രതിരോധം കേന്ദ്രീകരിക്കുമ്പോഴും സര്‍ക്കാരിനു തന്നെ തുറന്നു സമ്മതിക്കേണ്ടി വരുന്ന ഗുരുതരമായ പ്രശ്നങ്ങളുമുണ്ട്. എന്തെല്ലാം പ്രചരിപ്പിച്ചു, ഇപ്പോഴെന്തായി എന്നു ചോദിച്ചുകൊണ്ടിരിക്കുന്ന പിന്തുണക്കാര്‍ക്കു മുന്നില്‍ തന്നെ മുഖ്യമന്ത്രി റെഡ്ക്രസന്റ് കരാറില്‍ ചില പ്രശ്നങ്ങളുണ്ടായി എന്നു കഴ‍ിഞ്ഞ ദിവസം സമ്മതിച്ചതാണ്. 

റെഡ്ക്രസന്റ് പദ്ധതിയില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് സര്‍ക്കാര്‍ ആദ്യമായി സമ്മതിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങളും ധാരണാപത്രവും ആവശ്യപ്പെട്ട പ്രതിപക്ഷനേതാവിന് ആഴ്ചകള്‍ കഴിഞ്ഞിട്ടും അതു കൈമാറിയില്ല. ആവശ്യം ആവര്‍ത്തിച്ച് പ്രതിപക്ഷം വീണ്ടും സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്. 

ഇതിനിടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍.ഐ.എ. സ്വര്‍ണക്കടത്ത് പ്രതികളുടെ ഫോണ്‍ രേഖകള്‍ വീണ്ടെടുത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മന്ത്രി കൂടി അന്വേഷണപരിധിയില്‍ വരുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ ഇതുവരെയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു കിട്ടിയിട്ടില്ല എന്നതു വ്യക്തം. അക്ഷമരായതുകൊണ്ടാണോ എന്നു സംശയിക്കാം, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ വരെ ആരോപണം ഉന്നയിച്ചു

മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചിട്ടും ആരോപണത്തിന്റെ അടിസ്ഥാനമെന്തെന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയത്തിലില്ലാത്ത വ്യക്തികളെക്കുറിച്ച് ഒരു തെളിവും മുന്നോട്ടു വയ്ക്കാതെ ആരോപണമുന്നയിക്കുന്ന രാഷ്ട്രീയം പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. 

വിചിത്രവാദങ്ങളുടെയും ന്യായങ്ങളുടെയും സത്യാനന്തര ഘോഷയാത്രയാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയപ്രതിരോധത്തിനായി മതനിരപേക്ഷതയുടെ വക്താക്കള്‍ മതവികാരം കുത്തിയിളക്കാന്‍ ശ്രമിക്കുന്നു. സി.പി.എം സംസ്ഥാനസെക്രട്ടറിക്കെതിരെ മതസ്പര്‍ധയ്ക്ക് കേസെടുക്കണമെന്ന്  ബി.ജെ.പി. ആവശ്യപ്പെടുന്നു. മതവികാരത്തിന്റെ പേരില്‍ മുതലെടുപ്പിനു വരേണ്ടെന്ന് മുസ്‍ലിംലീഗ് മുന്നറിയിപ്പു നല്‍കുന്നു. ഈ നടക്കുന്നതെല്ലാം ഒരു സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാനസര്‍ക്കാരിലും അധികാരദുര്‍വിനിയോഗം നടന്നോ എന്ന അന്വേഷണത്തിലാണ് എന്നതാണ് കൗതുകകരം. സ്വര്‍ണക്കടത്തുവിവാദത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളെയാകെ മതഗ്രന്ഥമുയര്‍ത്തി മറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കേരളത്തിന്റെ രാഷ്ട്രീയബോധമറിയുന്നവര്‍ക്കുണ്ടാകുമോ എന്നതു മാത്രമാണ് ശേഷിക്കുന്ന സംശയം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...