കേരളം കാണുന്നു; കോണ്‍ഗ്രസിന്‍റെ കാപട്യം; ഇരട്ടത്താപ്പ് വെളിച്ചത്ത്

Parayathe-Vayya_murder
SHARE

അക്രമരാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇനി യോഗ്യതയുണ്ടോ? രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉത്തരവാദിത്തമില്ലെന്നു പറയുക മാത്രമല്ല, അത് ഗുണ്ടാസംഘങ്ങളുടെ സംഘര്‍ഷത്തില്‍ സംഭവിച്ചതാണ് എന്നു വരുത്തിത്തീര്‍ക്കാനും ശ്രമിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അക്രമരാഷ്ട്രീയത്തിനെതിരെ ഉപവാസപരമ്പര നടത്തിയ പാര്‍ട്ടി സ്വന്തം പ്രവര്‍ത്തകര്‍, രണ്ടു പേരെ വെട്ടിക്കൊന്നപ്പോള്‍ സ്വീകരിക്കുന്ന നിലപാട് അവിശ്വസനീയവും അധാര്‍മികവുമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പും കാപട്യവുമാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലയിലൂടെ കേരളം കാണുന്നത്. 

തിരുവോണനാളിലാണ് രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടലിലേക്ക് കേരളം ഉണരുന്നത്. തൊട്ടുപിന്നാലെ കൊലപാതകദൃശ്യങ്ങളും പുറത്തു വന്നു.

കുറേയേറെ നാളുകളായി കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ രാഷ്ട്രീയസംഘര്‍ഷം നില്‍ക്കുന്ന മേഖലയിലാണ് ആസൂത്രിത ഇരട്ടക്കൊല നടന്നത്. ബൈക്കില്‍ പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സംഭവസ്ഥലത്ത് കാത്തുനിന്ന സംഘം തട‍ഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലയാളികള്‍ എന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭാതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി പല അക്രമസംഭവങ്ങളും ഉണ്ടായെന്നും ഇതിന്റെ പരിണതിയായാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. 

പ്രതികളാരെന്ന് ദൃശ്യങ്ങളിലൂടെ കേരളം കണ്ടു കഴിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നു പൊലീസ് രേഖാമൂലം കണ്ടെത്തുകയും ചെയ്തു. പ്രദേശത്തു നിലനിന്നിരുന്ന രാഷ്ട്രീയസംഘര്‍ഷത്തിന്റെ പശ്ചാത്തലം ആര്‍ക്കും നിഷേധിക്കാനാകാത്തതുമാണ്.  

കൊല്ലപ്പെടേണ്ട മനുഷ്യരായി ആരെങ്കിലുമുണ്ടോ? വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കുന്ന സമീപനം കേരളമനഃസാക്ഷിയെ 

 വെല്ലുവിളിക്കുന്നതാണ്. കൊലയാളികള്‍ കോണ്‍ഗ്രസുകാരല്ലെന്നും പാര്‍ട്ടിക്കൊരു ബന്ധവുമില്ലെന്ന് ഒരു കുറ്റബോധവുമില്ലാതെ ഒഴിഞ്ഞുമാറുകയാണ് കോണ്‍ഗ്രസ്. അക്രമരാഷ്്ട്രീയത്തിനെതിരെ ഇക്കാലമത്രയും പാര്‍ട്ടി നടത്തിയ പ്രചാരണം വെറും കാപട്യമായിരുന്നുവെന്നു വ്യക്തമാക്കുന്നു ഓരോ കോണ്‍ഗ്രസ് നേതാവിന്റെയും പ്രതികരണം. വെഞ്ഞാറമൂട് മരിച്ചവര്‍,  കൊല്ലപ്പെടേണ്ടവരാണ് എന്ന ധ്വനിയോടെയുള്ള ന്യായീകരണം അവിശ്വസനീയവും മനുഷ്യത്വരഹിതവുമാണ്. 

എല്ലാ ജീവനും ഒരേ മൂല്യമാണ്. അങ്ങനെ കാണാന്‍ കഴിയാത്തവരെ എങ്ങനെ രാഷ്ട്രീയ നേതാക്കളെന്നു പറയാനാകും? പെരിയയിലെ ഇരട്ടക്കൊലയില്‍ കൃപേഷിന്റെയും ശരത്‍ലാലിന്റെയും ജീവനെടുത്തപ്പോള്‍ കേരളം സി.പി.എമ്മിനെതിരെ അതിശക്തമായി അണിനിരന്നത് കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന നിര്‍ബന്ധവുമായാണ്. അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നിഷ്ക്കളങ്കരാണ് എന്നു തെറ്റിദ്ധരിച്ചല്ല.  കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ചോരക്കൊതിയുടെ കളങ്കം തെളിഞ്ഞു കിടക്കുന്നുണ്ട്.  സ്വന്തം പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പോലും കോണ്‍ഗ്രസ് പ്രതിസ്ഥാനത്തു നില്‍ക്കുന്ന സംഭവങ്ങള്‍ സമീപകാലത്തു പോലുമുണ്ടായി. എന്നാല്‍ വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനം ഞെട്ടിക്കുന്നതാണ്. രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും പാര്‍ട്ടിക്കാരല്ലെന്നു പറയാന്‍ ചെറിയ കാപട്യമൊന്നും മതിയാകില്ല. കൊലയാളികള്‍ എന്നു പൊലീസ് കണ്ടെത്തിയ മൂന്നു പേരും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഏറ്റവുമൊടുവില്‍ പിടിയിലായ ബിജു എന്ന ഉണ്ണി ജനുവരി മാസത്തില്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. മാണിക്കല്‍ പഞ്ചായത്തിലെ തലയില്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായി ഉണ്ണി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ തെളിവായി കിടക്കുമ്പോഴാണ് ഒരു ലജ്ജയുമില്ലാതെ കോണ്‍ഗ്രസുകാരല്ല കൊല നടത്തിയതെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. 

ഉണ്ണിക്കു പുറമേ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കാളിയായ സജീവ്, സനല്‍ എന്നിവരും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായി സജീവമായി രംഗത്തുണ്ടായിരുന്നവരാണ്. ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളിയെന്നു പൊലീസ് കണ്ടെത്തിയ ഷജിത്തിന്റെ ശബ്ദത്തിലൂടെ എം.പിയായിരുന്ന അടൂര്‍ പ്രകാശിനു പോലും പ്രദേശത്തെ സംഘര്‍ഷസാഹചര്യം വ്യക്തമായി അറിയാമായിരുന്നുവെന്നും സമ്മതിക്കേണ്ടി വന്നു. 

ഇത്രയും വസ്തുതതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഞങ്ങളെന്തിന് മറുപടി പറയണം എന്ന ഇരട്ടത്താപ്പു നിലപാട് സ്വീകരിക്കുന്നത്. 

ഇതിനിടെ സ്വന്തം മകന്‍ വീടാക്രമിച്ചത് സി.പി.എമ്മിന്റെ ആക്രമണമാക്കിയ കെ.പി.സി.സി അംഗത്തിന്റെ പേരിലും കോണ്‍ഗ്രസ് അപഹാസ്യമായി. സി.പി.എം ഗുണ്ടായിസത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാക്കള്‍ പോലും പരിഹാസ്യരാകുന്ന സാഹചര്യമുണ്ടായി. 

ഒരാള്‍ കോണ്‍ഗ്രസുകാരനല്ലെന്നു പാര്‍ട്ടി പറഞ്ഞാല്‍ ആണെന്നു തെളിയിക്കുക അത്ര എളുപ്പമല്ല. കാരണം ആ പാര്‍ട്ടിയുടെ  സംഘടനാസംവിധാനം  അങ്ങനെയാണ്. പക്ഷേ രണ്ടു യുവാക്കളെ കൊന്നു കളഞ്ഞ രാഷ്ട്രീയഉത്തരവാദിത്തത്തില്‍ നിന്നു രക്ഷപ്പെടാനും ആ ൈശലിയെ ആശ്രയിക്കുന്നത് ആര്‍ജവമില്ലായ്മയാണ്. നിലപാടില്ലായ്മയാണ്. മറിച്ച് സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് നേരേ ചൊവ്വേ പ്രഖ്യാപിക്കണം കോണ്‍ഗ്രസ് പാര്‍ട്ടി. കൊല നടത്തിയവര്‍ക്കെതിരെയും സഹായിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കണം.രണ്ടു ജീവനെടുത്ത അക്രമരാഷ്ട്രീയം കോണ്‍ഗ്രസില്‍ നിന്നുണ്ടായതിനു കേരളത്തോടു മാപ്പു പറയണം. ഇതൊന്നും സംഭവിക്കില്ലെന്ന് ഇതിനോടകം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാണ്. എങ്കില്‍ ഇനി മേലില്‍ അക്രമരാഷ്ട്രീയത്തിനെതിരായ സത്യഗ്രഹവുമായി കേരളത്തിനു മുന്നിലേക്കു വരാതിരിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം. 

ആദ്യം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാക്കി. പിന്നീട് സി.പി.എമ്മിനുള്ളിലെ ചേരിപ്പോരാക്കി. നേരത്തെ ക്രിമിനല്‍ കേസുകള്‍ ഉള്ളവരാണ് എന്നു പറഞ്ഞ് കൊലപാതകത്തെ ന്യായീകരിക്കുക കൂടി ചെയ്തു. ഒടുവില്‍ കോണ്‍ഗ്രസിനെ ന്യായീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ചില കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് എം.എം.ഹസന്‍ സമ്മതിക്കുന്നു. ഇല്ലെയില്ലെന്നു തൊട്ടടുത്തിരിക്കുന്ന മറ്റു നേതാക്കള്‍ ആണയിടുന്നു. ആരെ വിശ്വസിക്കണം?

പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസുകാര്‍ക്ക് അക്രമപശ്ചാത്തലമുണ്ടോ എന്നന്വേഷിച്ചിട്ടല്ല കേരളം അന്ന് അക്രമരാഷ്ട്രീയത്തിനെതിരെ നിലകൊണ്ടത്. കൊല്ലപ്പെടുന്ന ഒരാളുടെയും പശ്ചാത്തലം കൊലപ്പെടുത്തുന്നതിന് ന്യായീകരണമാകരുത്. കൊല്ലുന്നതിനും കൊല്ലപ്പെടുന്നതിനും കാരണങ്ങള്‍ മനുഷ്യര്‍ക്ക് സ്വീകരിക്കാനാകില്ല. 

എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും കൂടിയാണ്, കേരളത്തില്‍ ഇനിയും രാഷ്ട്രീയത്തിന്റെ പേരില്‍ ചോര വീഴ്ത്തരുത്. ജീവനെടുക്കരുത്. പാര്‍ട്ടിയുടെ കൊടിയും നിറവും നോക്കിയല്ല അക്രമരാഷ്ട്രീയത്തിനെതിരായ നിലപാട് എടുക്കേണ്ടത്. ഭരണകക്ഷി കൂടിയായി സി.പി.എം മറുപടി പറയേണ്ട ചില ചോദ്യങ്ങള്‍ ഈ ഘട്ടത്തിലുമുണ്ട്. 

ദൃശ്യങ്ങളില്‍ ഇരുപക്ഷത്തെയും ആളുകളുടെ കൈയില്‍ ആയുധങ്ങള്‍ വ്യക്തമാണ്. ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയസംഘര്‍ഷം നിലനില്‍ക്കുന്ന ഒരിടത്ത് ആയുധങ്ങളുമായി നടക്കേണ്ട ക്രമസമാധാനാവസ്ഥയാണോ തലസ്ഥാനജില്ലയില്‍ പോലും നിലനില്‍ക്കുന്നത്? ഇതേ ദിവസങ്ങളില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന സി.പി.എം പ്രവര്‍ത്തകന് ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി ഇരുകൈകളും നഷ്ടപ്പെട്ടിട്ടുണ്ട്. സി.പി.എം ഭരിക്കുന്ന കേരളത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ബോംബുണ്ടാക്കുന്നത് ആരുടെ സ്വയരക്ഷയ്ക്കാണെന്നാണ് പാര്‍ട്ടി വിശദീകരിക്കുക?

ഒരു ന്യായീകരണത്തിനും സംരക്ഷണത്തിനും തുനിയാതെ അക്രമരാഷ്ട്രീയത്തിനിറങ്ങുന്നവരെ തള്ളിപ്പറഞ്ഞാന്‍ മാത്രമേ ചോരക്കൊതിയുടെ രാഷ്ട്രീയം അവസാനിപ്പിക്കാനാകൂ. കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എമ്മിനോടും ബി.ജെ.പിയോടും ആവശ്യപ്പെട്ടുകൊണ്ടിരുന്ന കോണ്‍ഗ്രസ് സ്വന്തം ഊഴമെത്തിയപ്പോള്‍ എന്തു നിലപാട് സ്വീകരിച്ചുവെന്നു കേരളം കാണുകയാണ്. വഞ്ചനാപരമാണ്. വസ്തുതാവിരുദ്ധമാണ്. ആത്മാര്‍ഥതയില്ലാത്ത നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അത് ചോദ്യം ചെയ്യപ്പെട്ടേ പറ്റൂ.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...