'സ്വാധീനം' വ്യാജവാർത്തയല്ല; ചോദ്യങ്ങൾക്ക് മറുപടിയാണ് വേണ്ടത്; ആക്ഷേപങ്ങളല്ല

pva-15
SHARE

ഒരു ചോദ്യം ഇല്ലാതാക്കാന്‍ വ്യക്തമായ മറുപടിക്കു മാത്രമേ കഴിയൂ. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാധ്യമസ്വാതന്ത്ര്യം, സര്‍ക്കാരിനെ വേട്ടയാടല്‍, വാര്‍ത്തകളുടെ വിശ്വാസ്യത എന്നീ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഈ അടിസ്ഥാനവസ്തുത നമ്മള്‍ ഓര്‍ത്തേ പറ്റൂ. സ്വപ്നസുരേഷ് നമ്മുടെ സര്‍ക്കാരിലെ ഒരു പ്രധാന തസ്തികയില്‍ കയറിക്കൂടിയതെന്തിന് എന്ന ചോദ്യം അത്തരത്തില്‍ ഒന്നാണ്. 

ഗുരുതരമായ  കുറ്റങ്ങളില്‍ പങ്കാളിയായ ഒരു വ്യക്തി സംസ്ഥാനസര്‍ക്കാരിന്റെ അധികാരത്തിന്റെ ഇടനാഴികളില്‍ ലക്ഷ്യമിട്ടതെന്ത്? നടപ്പാക്കിയതെന്ത്? ഉന്നതസ്വാധീനത്തോടെ സര്‍ക്കാര്‍ പദ്ധതികളിലടക്കം ഇടപെടാന്‍ അവര്‍ക്ക് അവസരവും സഹായവും ഒരുക്കിയത് ആരാണ്? അത് തിരിച്ചറിയാനാകാതെ പോയത് ആരുടെ വീഴ്ചയാണ്? ഈ അടിസ്ഥാനചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല എന്ന വസ്തുത മറച്ചു വയ്ക്കാന്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പ്രതിപക്ഷത്തെയും ആക്ഷേപിച്ചുകൊണ്ടേയിരിക്കുന്നു ഭരണപക്ഷം. വിമര്‍ശനങ്ങളും വിയോജിപ്പും ആക്ഷേപവും ഒക്കെയാകാം. പക്ഷേ ആദ്യം ഈ സാഹചര്യം സൃഷ്ടിച്ച അടിസ്ഥാനചോദ്യത്തിനുള്ള മറുപടി കേരളത്തിനു മുന്നില്‍ വയ്ക്കണം. 

തെറ്റിനെ വ്യാജവാര്‍ത്തയെന്നു വിളി തുടങ്ങിയത് വളരെ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. അതില്‍ ഒരു  സംഘടിതമായ തീരുമാനമുണ്ട്. മാധ്യമങ്ങളെ വിശ്വസിക്കല്ലേയെന്ന് ഭരണപക്ഷനേതാക്കള്‍ പേടിപ്പിക്കുന്നതും സംഘടിതമായ തീരുമാനമാണ്. കേരളത്തിലെ ഏറ്റവും കെട്ടുറപ്പുള്ള രാഷ്ട്രീയപാര്‍ട്ടിക്ക് ഇങ്ങനെ പ്രതിരോധം തീര്‍ക്കേണ്ടി വരുന്നതിന് അവരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്താണീ സംഭവിച്ചതെന്ന്  സി.പി.എമ്മിന് മുഖ്യമന്ത്രി പിണറായി വിജയനോടു ചോദിക്കാനാകില്ല. മുഖ്യമന്ത്രിയോട് ചോദ്യവും  സംവാദവുമൊന്നും സാധ്യമല്ല എന്നതിനാല്‍, മാധ്യമങ്ങളുടെ തലയില്‍ കയറുന്നു എന്നു മാത്രം. പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇതുകൊണ്ടു ഗുണമുണ്ട്. വസ്തുതകളില്‍ പിശകു വരാതെ, വ്യാഖ്യാനങ്ങളില്‍ വീഴ്ച പറ്റാതെ വാര്‍ത്തകളില്‍ സൂക്ഷ്മതയോടെ അതിജാഗ്രത പുലര്‍ത്താന്‍ മാധ്യമങ്ങള്‍  നിര്‍ബന്ധിതരാകും. മാധ്യമങ്ങളുടെ അക്ഷരത്തെറ്റുകളുടെ പേരില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും യഥാര്‍ഥ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ അവസരമൊരുക്കാതിരിക്കുകയെന്നത് പിണറായി സര്‍ക്കാരിന്റെ കാലത്ത് മാധ്യമപ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. അത് മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്. പക്ഷേ എത്ര ഉച്ചത്തില്‍ മാധ്യമവിചാരണ നടത്തിയിട്ടും മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്നില്ല  എന്നത് എന്തൊരു കഷ്ടമാണ്?

കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന എല്ലാ വാര്‍ത്തകളും വ്യാജവാര്‍ത്തയാക്കിയാലും സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്നുവെന്നതു മാത്രം വ്യാജവാര്‍ത്തയാകില്ല. അത് യാഥാര്‍ഥ്യമാണ്. മുഖ്യമന്ത്രി എത്ര ഉച്ചത്തില്‍ മാധ്യമങ്ങളോടു ക്ഷോഭിച്ചാലും ആ സത്യം അതിനേക്കാള്‍ ഉച്ചത്തില്‍  മുഴങ്ങിനില്‍ക്കും.  ഒരു കുറ്റവാളി അധികാരത്തിന്റെ ഉന്നതങ്ങള്‍ താവളമാക്കിയതെങ്ങനെ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. യു.ഡി.എഫ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് എങ്ങനെയായിരുന്നു, ചാരക്കേസില്‍ മാധ്യമങ്ങള്‍ എന്തൊക്കെയാണ് ചെയ്തത്? ലോകത്താകെ എന്താണ് നടക്കുന്നത് എന്നൊക്കെ തിരിച്ചു ചോദിക്കാം. പക്ഷേ അതെല്ലാം മറുചോദ്യങ്ങള്‍ മാത്രമാണ്, ഉത്തരമല്ല. മുഖ്യമന്ത്രിക്കു പറയാനാകാത്ത ഒരു ഉത്തരത്തിന്റെ പേരില്‍ സി.പി.എമ്മും അണികളും നാടുമുഴുവന്‍ നടന്ന് ചോദ്യകര്‍ത്താക്കളെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്.  ആക്ഷേപം കൊണ്ടോ ആക്രമണം കൊണ്ടോ ചോദ്യങ്ങളെ നിശ്ബദമാക്കാനാകുമോ? 

സ്വര്‍ണക്കടത്തു കേസ് സംസ്ഥാനസര്‍ക്കാരിന്റെ ഒരു നേട്ടത്തെയും റദ്ദു ചെയ്യുന്നില്ല. പക്ഷേ ആ നേട്ടങ്ങള്‍ ഇപ്പോഴുയരുന്ന ചോദ്യങ്ങളെയും റദ്ദു ചെയ്യില്ല. സര്‍ക്കാരിനോടു ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെക്കുറിച്ചു ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഒരു പട്ടിക നിരത്തി. സത്യത്തില്‍ സ്വന്തം ഭരണപരാജയത്തിന്റെ പട്ടികയാണ് വിസ്തരിച്ചു വായിച്ചതെന്ന് അങ്ങ് തിരിച്ചറിയുന്നുണ്ടോ മുഖ്യമന്ത്രി ?  എന്റെ ഭരണത്തില്‍ എന്റെ മന്ത്രിസഭയിലെ വനിതാമന്ത്രിമാര്‍ക്കു പോലും അന്തസോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാനാകുന്നില്ല എന്ന കുറ്റസമ്മതമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനായി വായിച്ചു തീര്‍ത്തത്. പകരം അവര്‍ക്ക് നീതി ഉറപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ കൂടി ആഭ്യന്തരമന്ത്രി എന്താണ് വായിക്കാതിരുന്നത്?

സ്വര്‍ണക്കടത്തു കേസു കൊണ്ട് കേരളത്തിന് ഗുണങ്ങളുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എന്തു നടന്നാലും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്ന് നമുക്ക് മനസിലായി. ഒരു മന്ത്രി ചട്ടങ്ങള്‍ പാലിക്കാതെ വിദേശരാജ്യത്തിന്റെ കാര്യാലയവുമായി ഇടപെട്ടാലും അതില്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നാലും മുഖ്യമന്ത്രിക്ക് ബാധ്യതയില്ലെന്നു നമുക്കു മനസിലായി. സര്‍ക്കാരിന്റെ പദ്ധതിയില്‍ ഇടപെട്ട് കോടികള്‍ കമ്മിഷന്‍ നേടിയാലും ഈ സര്‍ക്കാരിന് പ്രശ്നമില്ലെന്നു നമുക്കു മനസിലായി. മറ്റു പാര്‍ട്ടിക്കാര്‍ ചെയ്ത അതേ കുറ്റങ്ങളാണെങ്കില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പോലും ന്യായീകരിക്കാവുന്നതാണെന്നു നമുക്കു മനസിലായി. ഭരണാധികാരിക്ക് എത്ര തെറ്റുകള്‍ പറ്റിയാലും മാധ്യമവാര്‍ത്തകളില്‍ ചെറിയ പിശകുകളുണ്ടായാല്‍  അതു വച്ചും ന്യായീകരിക്കാമെന്നു നമുക്കു മനസിലായി. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്. സുശക്തനായ ഭരണാധികാരി എന്നു വിശേഷിപ്പിക്കുമ്പോള്‍ ഇനി ഒന്നു സൂക്ഷിക്കണം. അതും വ്യാജവാര്‍ത്തയാണെന്ന് കേള്‍ക്കുന്നവര്‍ ധരിച്ചേക്കാം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...