കോടിയേരി ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത് എന്തു രാഷ്ട്രീയം?

parayathe-vayya
SHARE

കോവിഡാണ്. ഒന്നിച്ചു നില്‍ക്കണം. ജാതിമതരാഷ്ട്രീയഭേദമില്ലാതെ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ കേരളം വീണു പോകും. വിഭാഗീയത പാടില്ല. ഈ നേരത്ത് മതവര്‍ഗീയ രാഷ്ട്രീയം കുത്തിപ്പൊക്കുന്നവര്‍ മനുഷ്യരാണോ? തുടങ്ങിയ വര്‍ത്തമാനങ്ങള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ആറുമാസമായി. പക്ഷേ ഈ താക്കീതുകള്‍ പുറപ്പെടുവിച്ചിരുന്ന അതേ നേതാക്കള്‍ ഇപ്പോള്‍ രമേശ് ചെന്നിത്തലയുടെ അച്ഛന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ കേരളത്തോടാവശ്യപ്പെടുന്നു. തിരിച്ച് എസ്.ആര്‍.പിയുടെ ആര്‍.എസ്.എസ് ബന്ധത്തിന്റെ പഴയ നൂലിഴകള്‍ കീറി പരിശോധിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും പുറപ്പെടുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനുണ്ടായ ക്ഷീണം മാറ്റാന്‍ സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ രക്ഷാദൗത്യം മനസിലാക്കാം. പക്ഷേ അടുത്ത തിരഞ്ഞെടുപ്പിലും കേരളം മതവൈകാരികരാഷ്ട്രീയത്തിനു ചുറ്റും കറങ്ങണമെന്നാണ് മുഖ്യഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ ലക്ഷ്യമെങ്കില്‍  ഭരണത്തിനും സര്‍ക്കാരിനും കാര്യമായ പ്രശ്നമുണ്ട്. 

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള കഴിഞ്ഞ ദിവസം വളരെ അര്‍ഥവത്തായ ചില കാര്യങ്ങള്‍ പറഞ്ഞു. തന്റെ പഴയ ആര്‍.എസ്.എസ്. ബന്ധം കുത്തിപ്പൊക്കിക്കൊണ്ടുവരുന്നത് കേരളത്തില്‍ ഇപ്പോഴുള്ള യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ഇത് അനാവശ്യമാണ്. ഒഴിവാക്കേണ്ടതായിരുന്നു. എസ്.ആര്‍.പി. പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ അതു സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിക്കാണ് കൊള്ളേണ്ടത്. കാരണം ഇത് ഇപ്പോള്‍ തുടങ്ങി വച്ചത് പാര്‍ട്ടി സെക്രട്ടറി  കോടിയേരി ബാലകൃഷ്ണനാണ്.

ആര്‍.എസ്.എസിനു പ്രിയപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തലയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഇത്തവണ ആരോപണമുന്നയിച്ചത് ഒരാഴ്ച മുന്‍പാണ്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍   രമേശ് ചെന്നിത്തലയുടെ  അച്ഛന്‍ ആര്‍.എസ്.എസുകാരനായിരുന്നുവെന്നും  ആര്‍.എസ്.എസുകാരേക്കാള്‍ നന്നായി ആ കുപ്പായമിടുന്നത് ചെന്നിത്തലയാണെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ സര്‍സംഘചാലകായി ചെന്നിത്തല മാറിയെന്നും കോടിയേരി ആരോപിച്ചു. രമേശ് ചെന്നിത്തലയെ സംഘപരിവാറിന്റെ പേരില്‍ ആക്ഷേപിക്കുന്നത് ഇതാദ്യമല്ല. പക്ഷേ ആദ്യമായി ആരോപണം തിരിച്ചടിച്ചു. സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം  എസ്.ആര്‍.പി.  പണ്ട് ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നെന്നു കുത്തിപ്പൊക്കി വീക്ഷണവും ജന്‍മഭൂമിയും രംഗത്തു വന്നു. ഒടുവില്‍  15 വയസു വരെ ആര്‍.എസ്.എസിലുണ്ടായിരുന്നുവെന്നു തുറന്നു സമ്മതിച്ച് എസ്.ആര്‍.പിക്കു വിശദീകരിക്കേണ്ടി വന്നു. തെറ്റായ സമീപനം മനസിലാക്കി 18ാം വയസില്‍ കമ്യൂണിസ്റ്റായതാണെന്നും അദ്ദേഹം പറഞ്ഞു.                                           

പ്രതിപക്ഷനേതാവിന്റെ അച്ഛന്റെ രാഷ്ട്രീയവും എസ്.ആര്‍.പിയുടെ ബാല്യകാലരാഷ്ട്രീയവും തിരിച്ചറിഞ്ഞതുകൊണ്ട് കോവിഡില്‍ വലയുന്ന കേരളത്തിനെന്താണ് കാര്യം എന്നു കരുതേണ്ട. സി.പി.എം സംസ്ഥാന സെക്രട്ടറി പുകമറയൊന്നുമില്ലാതെ രണ്ടു കാര്യങ്ങള്‍ സമ്മതിക്കുന്നു. ഒന്ന്, ഇന്നത്തെ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളോട് സംവദിക്കാന്‍ കുറച്ചു പ്രയാസമുണ്ട്. രണ്ട്. എപ്പോള്‍ പ്രതിസന്ധിയിലാകുന്നോ, അപ്പോള്‍ സി.പി.എമ്മിന് എങ്ങനെയും എടുത്തു പയറ്റാവുന്ന മൃതസഞ്ജീവനിയാണ് ന്യൂനപക്ഷരാഷ്ട്രീയവും ആര്‍.എസ്.എസും. സംസ്ഥാനത്തെ മുഖ്യ ഭരണകക്ഷി തന്നെ ഈ അസാധാരണപ്രതിസന്ധിക്കാലത്ത് വിഭാഗീയതയും ധ്രുവീകരണവുമുണ്ടാക്കാനാകുമോയെന്നു കിണഞ്ഞു ശ്രമിക്കുന്നത് തുറന്നു കാട്ടപ്പെടേണ്ടതു തന്നെയാണ്.

കേരളത്തിലെ പ്രതിപക്ഷത്തിന് ഒരു അസ്തിത്വ പ്രതിസന്ധിയുണ്ട്. കൈയില്‍ കിട്ടിയ നിരവധി അനവധി ആരോപണങ്ങള്‍, ചിലതെല്ലാം സര്‍ക്കാരിന് നല്ല പ്രഹരമേല്‍പിച്ചിട്ടു പോലും കാര്യമായി ഒന്നും സംഭവിച്ചില്ല. അഥവാ പ്രതിപക്ഷനേതാവ് കൊണ്ടു വന്ന ആരോപണങ്ങളെ പിന്തുണയ്ക്കാന്‍ മുന്നണിയില്‍ മാത്രമല്ല, പാര്‍ട്ടിയിലും ആളുണ്ടായില്ല. നേതാക്കളെല്ലാം പല വഴിയാണ് രാഷ്ട്രീയസഞ്ചാരം. കഴമ്പുള്ള ആരോപണങ്ങള്‍ പോലും ഉന്നം തൊടുന്നില്ല.  ഞാനല്ലാതാരും ആളാകണ്ട എന്നു കരുതുന്ന മുന്‍നിരനേതാക്കള്‍ അങ്ങനെ പല വഴി പോയിട്ടും പാര്‍ലമെന്റില്‍ 19 സീറ്റൊക്കെ കിട്ടിയെന്നു മേനിനടിക്കാനും വയ്യ. ലോക്സഭയിലെ തിരിച്ചടിക്കു കാരണം തേടി സി.പി.എം ശബരിമല കയറിയാലും അ‌ന്നു തുണച്ച ദേശീയ രാഷ്ട്രീയസാഹചര്യത്തിന്റെ ആനുകൂല്യം യു.ഡി.എഫ് തള്ളിപ്പറയാനിടയില്ല. 

മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ വ്യക്തിപരമായി അവഹേളിക്കാവുന്നിടത്തോളം പല തവണ അവഹേളിച്ചിട്ടുണ്ട്. തിരിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും പ്രതിപക്ഷവും ആക്രമിച്ചിട്ടുണ്ട്. പക്ഷേ പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിനെ പല തവണ പ്രതിസന്ധിയിലാക്കിയെന്നത് വാസ്തവമാണ്. സംഘടിതമായ പ്രതിരോധത്തിലൂടെ പ്രതിപക്ഷനേതാവിന്റെ പൊള്ളയായ ആരോപണങ്ങള്‍ എന്ന് ആവര്‍ത്തിച്ചു പ്രചരിപ്പിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞിട്ടുണ്ട്. . പക്ഷേ തലവേദന, തലവേദന തന്നെയാണ്. കോവിഡ് കാലം മാത്രമെടുത്താല്‍ സ്പ്രിന്‍ക്ളര്‍ മുതല്‍ ശിവശങ്കര്‍ വരെയുള്ള ആരോപണങ്ങളില്‍ പ്രതിപക്ഷനേതാവാണ് സര്‍ക്കാരിനു നേരെയുള്ള ചോദ്യങ്ങള്‍ക്ക് തുടക്കമിടുന്നത്. ഒന്നും എവിടെയും എത്തിയില്ലെന്ന് സി.പി.എം ആക്ഷേപിച്ചാലും  വെല്ലുവിളി പാര്‍ട്ടിയും തിരിച്ചറിയുന്നുവെന്നു  പ്രതിപക്ഷനേതാവിനെ വ്യക്തിപരമായി നേരിടാനുള്ള പാര്‍ട്ടി സെക്രട്ടറിയുടെ നീക്കം വ്യക്തമാക്കുന്നു. കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ട് എന്തായി എന്നു പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാലും  സ്പ്രിന്‍ക്ളറില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. കണ്‍സള്‍ട്ടന്‍സികളുടെ കാര്യത്തിലും ആദ്യം അവഗണിച്ച ചോദ്യങ്ങളില്‍ സര്‍ക്കാരിന് വിശദമായ പരിശോധന നടത്തേണ്ടി വന്നു. പമ്പയിലെ മണല്‍ നീക്കത്തിലും പുറം കരാറില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. വിശ്വാസ്യതയോ പിന്തുണയോ കിട്ടാതെ പോയ രാഷ്ട്രീയാരോപണങ്ങളും പ്രതിപക്ഷനേതാവില്‍ നിന്നുണ്ടായിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.  സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം പൂര്‍ണ പരാജയമാണെന്നു വാദിച്ച പ്രതിപക്ഷനേതാവിനോടും തീര്‍ച്ചയായും മറുചോദ്യങ്ങളുണ്ട്. 

പക്ഷേ പ്രതിപക്ഷനേതാവ് പറയുന്നത് രാഷ്ട്രീയമാണ്. സി.പി.എം സെക്രട്ടറി ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത് എന്തു രാഷ്ട്രീയമാണ്? പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയപ്രശ്നങ്ങള്‍ക്ക് കൃത്യമായ മറുപടി പറയുന്നത് രാഷ്ട്രീയം. മറുചോദ്യങ്ങളുന്നയിക്കേണ്ടത് ഭരണകക്ഷിയുടെ രാഷ്ട്രീയഉത്തരവാദിത്തം. പക്ഷേ പകരം വ്യക്തിഹത്യയെയും അപവാദപ്രചരണത്തെയും ആശ്രയിക്കുന്നത് ആത്മവിശ്വാസമില്ലായ്മ മാത്രമല്ല. പ്രതിപക്ഷനേതാവിനുള്ള അംഗീകാരം കൂടിയാണ്. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷനേതാവെങ്കില്‍ സര്‍ക്കാരിന് ഒന്നും പേടിക്കാനില്ലെന്ന് പ്രചരിപ്പിച്ചവര്‍ക്കു പോലും അദ്ദേഹത്തെ നേരിടാന്‍ വ്യക്തിഹത്യയെ ആശ്രയിക്കേണ്ടി വന്നുവെന്നത് എല്ലാ ദൗര്‍ബല്യങ്ങള്‍ക്കിടയിലും പ്രതിപക്ഷത്തിനുള്ള അംഗീകാരമാണ്. 

ഒളിച്ചോടുകയാണ് സി.പി.എം സംസ്ഥാനസെക്രട്ടറി. കൂട്ടത്തില്‍ കേരളത്തിന്റെ രാഷ്ട്രീയബോധ്യത്തെ അട്ടിമറിക്കാനാകുമോയെന്ന് ഒന്നു ശ്രദ്ധ തിരിച്ചു നോക്കുകയും ചെയ്യുന്നു. അതിനുപയോഗിക്കുന്ന ആയുധങ്ങള്‍ സി.പി.എം നിലപാടുകളിലെ പൊള്ളത്തരം കൂടി പുറത്തു കൊണ്ടുവരുന്നു. കേരളത്തിലെ ന്യൂനപക്ഷരാഷ്ട്രീയത്തെ പ്രകോപിപ്പിക്കാന്‍ ഹാഗിയ സോഫിയ എടുത്തിടുന്നു സി.പി.എം .സംസ്ഥാനസെക്രട്ടറി. യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 

ലോകത്തിനു മുന്നില്‍ ഇപ്പോഴുയര്‍ന്നിരിക്കുന്ന ഒരു പ്രധാന രാഷ്ട്രീയചോദ്യമാണ് ഹാഗിയ സോഫിയയിലെ സംഭവവികാസങ്ങളും. കേരളം അതു ചര്‍ച്ച ചെയ്യേണ്ടതുമാണ്.  പക്ഷേ സംസ്ഥാനസര്‍ക്കാര്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിരോധത്തിലാകുമ്പോള്‍ ഉപയോഗിക്കാനുള്ള ധ്രുവീകരണായുധമല്ല. അയോധ്യയില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനൊപ്പം ആത്മാര്‍ഥമായി വിശകലനം ചെയ്യേണ്ട രാഷ്ട്രീയസംഭവവികാസങ്ങള്‍ രാജ്യത്തും ലോകത്തുമുണ്ടാകുന്നുണ്ട്. അയോധ്യയിലെ ക്ഷേത്രനിര്‍മാണം ഞങ്ങളുടേതു കൂടിയല്ലേ എന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ദിഗ്വിജയ് സിങും ഇപ്പോഴുന്നയിക്കുന്ന ചോദ്യം. പക്ഷേ കേരളത്തിലെ ന്യൂനപക്ഷവോട്ട് ബാങ്കിനെ വെറുതേ ഒന്നോര്‍മിപ്പിച്ചു പോകുന്ന മട്ടില്‍ സി.പി.എം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു മാത്രമാണ്. ഭരണനേട്ടങ്ങളും വികസനപദ്ധതികളും പറയാന്‍ പറ്റിയ നേരമല്ല ഇതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതാണോ? ഭരണപക്ഷത്തിന് തീര്‍ച്ചയായും പ്രതിപക്ഷത്തെ വിമര്‍ശിക്കാം. പ്രതിപക്ഷനേതാവും വിമര്‍ശനത്തിന് അതീതനല്ല. പക്ഷേ വിമര്‍ശനവും വ്യക്തിഹത്യയും രണ്ടാണ്. 

അതേസമയം തന്നെ, ഇങ്ങനെയൊരു പ്രതിച്ഛായാസൃഷ്ടിക്കു വഴിമരുന്നിടുന്ന നയങ്ങളും പ്രസ്താവനകളും പ്രതിപക്ഷത്തു നിന്നുണ്ടായിട്ടുണ്ടോ എന്ന് പ്രതിപക്ഷനേതാവും പരിശോധിക്കേണ്ടതുമുണ്ട്. എളുപ്പത്തില്‍ ആര്‍.എസ്.എസുകാരനാക്കാന്‍ സി.പി.എമ്മിനു കഴിയുന്ന തരത്തിലുള്ള പ്രസ്താവനകള്‍ മുന്‍പുണ്ടായതെങ്ങനെയെന്നും വിലയിരുത്തുന്നത് നല്ലതാണ്. സമുദായനേതൃത്വം താക്കോല്‍സ്ഥാനം വാങ്ങി നല്‍കിയെന്ന ആക്ഷേപങ്ങള്‍ കേരളത്തിനു മുന്നിലുണ്ട്.  താക്കോല്‍സ്ഥാനത്ത് സമുദായാംഗത്തെ പ്രതിഷ്ഠിക്കാന്‍ ഇടപെടുന്ന സാമുദായിക നേതൃത്വങ്ങളെ വിമര്‍ശിക്കാം. അവിടെ നിശബ്ദത പാലിച്ച് താക്കോല്‍സ്ഥാനം ഏറ്റെടുക്കുന്ന ജാള്യതയില്ലായ്മയെയും തുറന്നു കാണിക്കാം.

പക്ഷേ ഇപ്പോഴത്തെ ആരോപണം രമേശ് ചെന്നിത്തലയെ ലക്ഷ്യമിടുന്നുവെന്ന വ്യക്തിപരമായ പ്രശ്നമല്ല. വരുന്ന തിരഞ്ഞെടുപ്പിലേക്ക് സി.പി.എം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയമെന്താണ് എന്ന സൂചനയിലാണ് അപായം. തുടര്‍ഭരണത്തിന് അവകാശമുണ്ട് എന്ന ആത്മവിശ്വാസത്തില്‍ നിന്ന് സി.പി.എം പതറുന്നത് വ്യക്തമാണ്. യഥാര്‍ഥ ജീവിത–രാഷ്ട്രീയപ്രശ്നങ്ങളില്‍ നിന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രദ്ധ തിരിക്കുന്നുവെന്ന് നിരന്തരം പരാതി ഉയര്‍ത്തുന്ന സി.പി.എം സൂക്ഷ്മമായി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയഅജന്‍ഡയാണ് പ്രശ്നം. രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനല്ല എന്നു സി.പി.എം പറയുന്നതിലെ ദുഃസൂചന മനസിലാക്കാന്‍ മാത്രമുള്ള രാഷ്ട്രീയബോധം കേരളത്തിനുണ്ട്. 

കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ മതം ഒരു പ്രശ്നമാണ്, കേരളം അത് ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന ദുഷ്ടലാക്കാണ് പ്രശ്നം. അത് കേരളത്തില്‍ ആരെ ഉന്നം വയ്ക്കുന്നുവെന്നത് വ്യക്തമാണ്. ആരുടെ വോട്ടില്‍ കണ്ണു വയ്ക്കുന്നുവെന്നതും പ്രധാനമാണ്. കേരളത്തിലെ ഓരോ  രാഷ്ട്രീയനേതാവിന്റെയും ജാതിയും മതവും വിലയിരുത്തിത്തന്നെയാണ് ഓരോ മണ്ഡലത്തിലും ഇടതുപക്ഷം അടക്കം 

സ്ഥാനാര്‍ഥികളെ അവതരിപ്പിക്കാറുള്ളത്. അതിനു പറയുന്ന താത്വികവിശകലനങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും മതവും വിശ്വാസവും ആരുടെയും അയോഗ്യതയായി ചൂണ്ടിക്കാണിക്കാന്‍ പൊതുവേ രാഷ്ട്രീയപാര്‍ട്ടികള്‍ മുതിരാറില്ല. അതിനു കൂടി തുടക്കം കുറിക്കുന്നു ഇടതുപക്ഷം എന്നത് നിസാരരാഷ്ട്രീയാരോപണമായി അവഗണിക്കാനാവുന്നതല്ല. 

ആര്‍.എസ്.എസ് രാഷ്ട്രീയമായി നേരിട്ടെതിര്‍ക്കപ്പെടേണ്ട പ്രസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. പ്രതിപക്ഷനേതാവിനെതിരെയുള്ള നിഴല്‍യുദ്ധത്തിലൂടെ ആശയക്കുഴപ്പമുണ്ടാക്കി അവസാനിപ്പിക്കേണ്ട ചെറിയ അജന്‍ഡകളാണോ ആര്‍.എസ്.എസ്. നടപ്പാക്കിക്കൊണ്ടിരിക്കുന്നത്? ആര്‍.എസ്.എസിനെ എതിര്‍ക്കാത്തതെന്ത്  എന്നു ചോദിക്കാന്‍ ആര്‍.എസ്.എസുകാരനാക്കേണ്ടതില്ല. കേരളത്തിലെ ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും തിര‍ഞ്ഞെടുപ്പിന് സജ്ജരാക്കേണ്ടത് അരക്ഷിതാവസ്ഥയുടെ തീക്കൊള്ളികള്‍ കുത്തിയിളക്കിയല്ല. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെപിയിലേക്കുള്ള ഒഴുക്ക് കണ്ടുകൊണ്ടിരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങളും. ബി.ജെ.പിയുടെ ധ്രുവീകരണഅജന്‍ഡകളെ കൃത്യമായി തുറന്നു കാണിക്കാന്‍ തയാറാകുന്നത് കോണ്‍ഗ്രസിനുള്ളിലും രാഹുല്‍ഗാന്ധിയെപ്പോലെ ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് എന്നതും വാസ്തവം. കേരളത്തില്‍ ശബരിമല പ്രശ്നത്തിലും ഏറ്റവുമൊടുവില്‍ ക്ഷേത്രങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിലും കോണ്‍ഗ്രസ്  മുതലെടുക്കാന്‍ ശ്രമിച്ചതും ധ്രുവീകരണവികാരം തന്നെയാണ്. പക്ഷേ ധ്രുവീകരണത്തിനു മറുപടിയും അതു മാത്രമാണെങ്കില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന കേരളത്തിന്റെ മതേതരമനസിനു കൂടിയാണ് സി.പി.എം പ്രഹരമേല്‍പിക്കുന്നത്. 

ഒരു കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ലക്ഷ്യം നടന്നു. ചുരുങ്ങിയ ദിവസങ്ങളിലെങ്കിലും ചര്‍ച്ചകള്‍ സ്വര്‍ണക്കടത്തില്‍  നിന്നു പ്രതിപക്ഷനേതാവിലേക്കു മാറി. പക്ഷേ സര്‍ക്കാര്‍ നേരിട്ട ചോദ്യങ്ങളോ, മുഖ്യമന്ത്രിയുടെ വകുപ്പിലെ വീഴ്ചകളോ പെട്ടെന്നു മറവിയിലേക്കു വീഴുന്നത്ര നിസാരമല്ല. എന്‍.ഐ.എ ശിവശങ്കറിനെ പ്രതിചേര്‍ത്തില്ലെന്ന് ആഹ്ലാദിക്കുന്ന ഭരണപക്ഷാനുകൂലികളാരും സംസ്ഥാനസര്‍ക്കാരിന് ശിവശങ്കറിനോടു ചോദ്യങ്ങളുണ്ടോയെന്ന് ചോദിക്കാന്‍ മിനക്കെട്ടതേയില്ല. സ്വര്‍ണക്കടത്ത് കേസിലൂടെ കേരളത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെട്ട വീഴ്ചകള്‍ ഒരു അഭ്യാസം കൊണ്ടും മറച്ചു വയ്ക്കാനാകില്ല. പ്രതിപക്ഷാരോപണങ്ങളെ നേരിടാന്‍ സുതാര്യമായ മറുപടികള്‍ കൊണ്ടുവരികയാണ് സി.പി.എം  ചെയ്യേണ്ടത്. 

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ എം.ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നത് പ്രതിപക്ഷം കൊണ്ടുവന്ന ആരോപണമല്ല, വസ്തുതയാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്തു കേസില്‍ ബന്ധമുണ്ടോയെന്ന് എന്‍.ഐ.എ ഇപ്പോഴും തെളിവെടുപ്പു തുടരുകയാണ്. അതിനുത്തരം ഉണ്ടെന്നാണെങ്കിലും ഇല്ലെന്നാണെങ്കിലും സംസ്ഥാനത്തോട് മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി മറുപടി പറയേണ്ട ചോദ്യങ്ങളുടെ നീണ്ട പട്ടികയുണ്ട്. ആ പട്ടികയുടെ നീളം മുഖ്യമന്ത്രിയുടെ ഭരണപരമായ വീഴ്ചകള്‍ കൂടി അടയാളപ്പെടുത്തുന്നതുമാണ്. 

മുഖ്യമന്ത്രി എത്ര നിസംഗത ഭാവിക്കാന്‍ ശ്രമിച്ചാലും സെക്രട്ടേറിയറ്റിലേക്കു കൂടി എന്‍.ഐ.എ അന്വേഷണം എത്തിയെന്നത് കേരളത്തിന് അപമാനകരമാണ്. സ്വര്‍ണക്കടത്തു പിടിച്ചതുകൊണ്ടു മാത്രം പുനഃപരിശോധിക്കപ്പെടുന്ന നിയമനങ്ങള്‍ ആശങ്കയാണ്. പ്രതിപക്ഷം ആരോപണമുന്നയിച്ചതുകൊണ്ടു മാത്രം സുതാര്യമാക്കേണ്ടി വരുന്ന കണ്‍സള്‍ട്ടന്‍സി ഇടപെടലുകള്‍ ആകാംക്ഷയാണ്. ഇതിനെല്ലാം രാഷ്ട്രീയമായി മറുപടി പറയാന്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് ബാധ്യതയുണ്ട്. 

കേരളം തിരഞ്ഞെടുപ്പു ചൂടിലേക്കു കടക്കുന്നുവെന്നു വിളംബരം ചെയ്തതിന് സി.പി.എം. സംസ്ഥാന സെക്രട്ടറിക്കു നന്ദി. പക്ഷേ നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യേണ്ട അനിവാര്യരാഷ്ട്രീയപ്രശ്നങ്ങള്‍ കേരളത്തിനു മുന്നിലുണ്ട്. ഭരണപക്ഷത്തെ പ്രതിരോധിക്കാന്‍ ഭരണനേട്ടങ്ങള്‍ പോരാതെ വരുന്നുവെങ്കില്‍ ഇനിയും തിരുത്താന്‍ സമയവുമുണ്ട്. പക്ഷേ മതവൈകാരികത മുതലെടുക്കാനുള്ള മൃദുനീക്കങ്ങള്‍ കേരളത്തിനു മനസിലാകുമെന്ന് ദയവായി മനസിലാക്കണം. തിരഞ്ഞെടുപ്പിനേക്കാള്‍ മുന്‍പ് കോവിഡ് എന്നൊരു വലിയ തിരഞ്ഞെടുപ്പിനെ നേരിടുന്ന കേരളത്തിന് തല്‍ക്കാലം രാഷ്ട്രീയമുതലെടുപ്പുകള്‍ക്ക് ചെവി കൊടുക്കാന്‍ നേരമില്ലെന്ന് മുഖ്യമന്ത്രി പലവട്ടം പറഞ്ഞത് സ്വന്തം പാര്‍ട്ടിക്കും ബാധകമാണ് എന്നു മാത്രം ഓര്‍മിപ്പിക്കുന്നു. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...