കേരളത്തിലെ സി.പി.എം പിണറായി സർക്കാരിന്റെ പി.ആർ.ഏജൻസിയാണോ?

PARAYATHEVAYYA
SHARE

സ്വര്‍ണക്കടത്തു വിവാദത്തില്‍ നെല്ലും പതിരും വേര്‍തിരിയുമ്പോള്‍ ഇടതുമുന്നണി സര്‍ക്കാരിനു പരിക്കേല്‍ക്കുമോ? ഒന്നും സംഭവിക്കില്ല. പ്രതിപക്ഷം എത്ര ശബ്ദമുയര്‍ത്തിയാലും ഈ കോവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാരിന് ഒരു പോറല്‍ പോലുമേല്‍പിക്കാനാകില്ല. പക്ഷേ അത് സര്‍ക്കാരിന് വീഴ്ച പറ്റാത്തതുകൊണ്ടല്ല. രാഷ്ട്രീയഉത്തരവാദിത്തം എന്ന ചോദ്യത്തെ എന്നേക്കുമായി ഇല്ലാതാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയമാണത്.  പിണറായി സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയായി ചുരുങ്ങിയ സി.പി.എം സ്വയം ബലിയര്‍പ്പിച്ചു നേടിക്കൊടുക്കുന്ന വിജയമാണത്. കേരളരാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയധാര്‍മികതയുടെ കുടിയിറക്കല്‍ ആണ് ഇന്ന് നമ്മള്‍ ആഘോഷിക്കുന്നത്. 

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു കുറ്റമുണ്ടോ? ഇല്ല എന്നാണ് വ്യക്തമായ ഉത്തരം. പക്ഷേ ഈ കുറ്റകൃത്യത്തിനു പശ്ചാലത്തലമൊരുങ്ങിയതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടോ? ഉണ്ട് എന്നു വസ്തുതകള്‍ പറയുന്നു. സ്വര്‍ണക്കടത്തു കേസിലെ നെല്ലും പതിരും വേര്‍തിരിയുമ്പോള്‍ ഭരണം നിയന്ത്രിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ കുറ്റകൃത്യത്തിനായി അധികാരം ദുരുപയോഗം ചെയ്തോ എന്നറിയാന്‍ അന്വേഷണഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്. യു.എ.ഇ.കോണ്‍സുലേറ്റ് കൂടി മറുപടി പറയാന്‍ ബാധ്യതപ്പെടുന്ന കേസ് പോയാല്‍ എവിടെ വരെ പോകുമെന്ന് സാമാന്യബോധമുള്ളവര്‍ക്കാര്‍ക്കും മനസിലാകും. 

 പക്ഷേ വിവാദം കേരളത്തിനു മുന്നില്‍ തുറന്നിട്ട യാഥാര്‍ഥ്യങ്ങള്‍ കേസിനൊപ്പം മാഞ്ഞുപോകില്ല. ഇടതുമുന്നണി ഭരണത്തിലുണ്ടായിരുന്ന പഴുതുകളും പുഴുക്കുത്തുകളും ഈ ഒരൊറ്റ വിവാദം വലിച്ചു  മുന്നിലിട്ടു. കേരളത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റംസും എന്‍.ഐ.എയും മണിക്കൂറുകള്‍ ചോദ്യം ചെയ്യുമ്പോഴും അദ്ദേഹത്തെ ആ അധികാരത്തില്‍ അവരോധിച്ച മുഖ്യമന്ത്രി ചോദ്യങ്ങളോട് 

കയര്‍ക്കുകയാണ് . മടിയില്‍ കനമില്ല, ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, വമ്പനും കൊമ്പനും കുടുങ്ങട്ടെ എന്നീ പ്രയോഗങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രി അവതരിപ്പിച്ച ചോദ്യമാണ് നിങ്ങള്‍ക്കെന്തിനാണ് വേവലാതി? 

മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയാവേണ്ടത് വസ്തുതകളാണ്. സ്വര്‍ണക്കടത്ത് ഇപ്പോള്‍ പിടിക്കപ്പെട്ടതുകൊണ്ടു മാത്രമുണ്ടായ നടപടികളുടെ പട്ടിക കേരളത്തെ വേവലാതിപ്പെടുത്തേണ്ടതാണ് . ആ പട്ടികയ്ക്ക് മറുപടി പറയേണ്ടത് എം.ശിവശങ്കറല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. 

1. കേരളത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സര്‍ക്കാരിനു പുറത്താക്കേണ്ടി വന്നു, പിന്നീട് സസ്പെന്‍ഷനും

2. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നസുരേഷിനെ സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പ്രൊജക്റ്റില്‍ നിന്നു പുറത്താക്കി

3. സ്വപ്നസുരേഷിന്റെ നിയമനം എം.ശിവശങ്കറിന്റെ ശുപാര്‍ശയിലെന്നു കണ്ടെത്തി, ഐ.ടി.വകുപ്പിലെ മറ്റു നിയമനങ്ങളും അന്വേഷിക്കാന്‍ തീരുമാനം

4. സ്വപ്ന സുരേഷ് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനത്തെ കബളിപ്പിച്ചുവെന്ന് പുറത്തു വന്നു. പൊലീസ് അന്വേഷണം

5. മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി.ഫെലോയും നിലവില്‍ സര‍്ക്കാരിന്റെ സ്വപ്നകേരളം പദ്ധതിയുടെ ഉന്നതാധികാരസമിതിയുടെ ഡയറക്ടറുമായിരുന്ന അരുണ്‍ ബാലചന്ദ്രനെയും സ്വര്‍ണക്കടത്തു സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ തല്‍സ്ഥാനത്തു നിന്നു നീക്കി

5. കോണ്‍സുലാര്‍ ജനറലിന് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാന് സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം പുറത്തു വന്നു. ഒരേ ഗണ്‍മാനെ തുടരെ അനുവദിച്ചതില്‍ സംസ്ഥാനസര്‍ക്കാരിനു നേരെ ചോദ്യങ്ങളുയര്‍ന്നു. ഒടുവില്‍ ഗണ്‍മാനെതിരെ നടപടി

6. സ്വപ്ന സുരേഷിനെതിരെ നേരത്തേയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കേണ്ടി വന്നു.  വ്യാജപീഡനപരാതിയില്‍ വ്യാജരേഖ ചമച്ചതിനും ഗൂഢാലോചനയ്ക്കും ആള്‍മാറാട്ടത്തിനും കുറ്റം ചുമത്തി ക്രൈബ്രാഞ്ചിന് കുറ്റപത്രം സമര്‍പ്പിക്കേണ്ടി വന്നു. 

7. സര്‍ക്കാര്‍ പദ്ധതികളില്‍ സ്വകാര്യ  കണ്‍സള്‍ട്ടന്‍സികളുടെ ഇടപെടല്‍  സൂക്ഷ്മമായി പരിശോധിക്കാന്‍ തീരുമാനം.  പല ആരോപണങ്ങളിലും സര്‍ക്കാര്‍ ന്യായീകരിച്ചു കൊണ്ടിരുന്ന PWC നിയമനത്തട്ടിപ്പ് നടത്തിയത് വ്യക്തമായി പുറത്തു വന്നു. 

8. നിയമസഭാസമ്മേളനം നടക്കുന്നതിനിടെ സൗഹൃദത്തിന്റെ പേരില്‍ സ്വര്‍ണക്കടത്തു പ്രതികളുടെ സ്ഥാപനം ഉല്‍ഘാടനം ചെയ്യാന്‍ പോയ സ്പീക്കര്‍ അടക്കം രാഷ്ട്രീയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സ്വയം അംഗീകരിച്ചു

9. മന്ത്രി കെ.ടി.ജലീല്‍ വിദേശരാജ്യത്തിന്റെ പ്രതിനിധികളുമായി സ്വന്തം നിലയില്‍ ആശയവിനിമയം നടത്തിയതും സഹായം സ്വീകരിച്ചതും ചട്ടവിരുദ്ധമാണെന്ന് 

നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടി

10.  സ്വര്‍ണക്കടത്ത് സംഘം പൊലീസിലെ ഉന്നതരുമായും മന്ത്രിമാരുടെ സ്റ്റാഫുമായും ബന്ധം സ്ഥാപിച്ചതും വിനിയോഗിച്ചതും പുറത്തു വന്നു. സി.പി.എം സംസ്ഥാനസെക്രട്ടറിക്ക് മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം വിളിച്ച് വീഴ്ചകള്‍ പാടില്ലെന്ന് കര്‍ശനനിര്‍ദേശം നല്‍കേണ്ടി വന്നു. 

ഇതെല്ലാം ഇതുവരെ കേരളത്തിലെ മാധ്യമങ്ങള്‍ അന്വേഷിച്ചു പുറത്തുകൊണ്ടു വന്ന കാര്യങ്ങളാണ്. വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കിയെന്ന് പ്രബന്ധം രചിക്കുന്ന പാര്‍ട്ടി നേതാക്കളാരും ഗുരുതരമായ ഈ  വസ്തുതകള്‍ പരാമര്‍ശിക്കാന്‍ പോലും ധൈര്യം കാണിച്ചിട്ടില്ല. ഇതെല്ലാം സംഭവിച്ചത് മുഖ്യമന്ത്രിയുടെ വകുപ്പിലാണ്, മുഖ്യമന്ത്രിക്കു കീഴിലാണ്. പക്ഷേ മുഖ്യമന്ത്രിക്കു ജാഗ്രതക്കുറവുണ്ടായോ എന്നു  ചിന്തിക്കാന്‍ പോലും പാര്‍ട്ടിയോ നേതാക്കളോ ധൈര്യപ്പെടില്ല. മറിച്ച് ഈ കാര്യങ്ങളെല്ലാം നടന്നത് ഇതേ സര്‍ക്കാരിലെ മറ്റേതെങ്കിലുമൊരു മന്ത്രിയുടെ വകുപ്പിലാണ് എന്ന് സങ്കല്‍പിക്കുക? ആ മന്ത്രി ഇന്ന് പിണറായി മന്ത്രിസഭയിലുണ്ടാകുമോ? ഇവിടെ മുഖ്യമന്ത്രി രാജിവയ്്ക്കണമെന്ന പ്രതിപക്ഷമുദ്രാവാക്യമൊന്നുമല്ല പ്രസക്തം. എനിക്കൊരു വീഴ്ചയുണ്ടായി, ഇനിയിത് ആവര്‍ത്തിക്കാതെ കര്‍ശനജാഗ്രത പുലര്‍ത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിനു മുന്നില്‍ പറയാന്‍ കഴിയുമോ? പോട്ടെ, പാര്‍ട്ടിക്കു മുന്നില്‍ പറയാന്‍ കഴിയുമോ?  നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞത് എത്ര ശരിയാണ്. 

ഒരു ക്രിമിനല്‍ സംഘം ആസൂത്രിതമായി കേരളത്തിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍  സ്വൈര്യവിഹാരം നടത്തിയെന്ന വിശദാംശങ്ങള്‍ മാത്രമല്ല കേരളത്തെ ഞെട്ടിക്കുന്നത്. അധികാരദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ വകുപ്പുകളിലാണ്. സ്വര്‍ണക്കടത്തൊക്കെ എന്‍.ഐ.എ അന്വേഷിക്കട്ടെ. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന്, ആരാണ് ഉത്തരവാദിയെന്ന്, ഇനിയും എന്തെല്ലാം പുറത്തു വരാനുണ്ടെന്ന് ആരു മറുപടി പറയും. സംസ്ഥാനസര്‍ക്കാരിനെ തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ ദുഷ്ടലാക്കോടെ ആക്രമിക്കുന്നുവെന്ന് പ്രതിരോധം തീര്‍ക്കുന്ന സി.പി.എം മറുപടി പറയുമോ? സ്വര്‍ണക്കടത്ത് ഒരു നിമിത്തമായി വന്നു വീണില്ലായിരുന്നുവെങ്കില്‍ സംസ്ഥാനഭരണത്തിലെ ഈ ഗുരുതരവീഴ്ചകള്‍ അനുസ്യൂതം തുടരുമായിരുന്നില്ലേ? ഈ കുറ്റകൃത്യങ്ങള്‍ ശിക്ഷ അര്‍ഹിക്കുന്നില്ലേ? ഈ ക്രമക്കേടുകള്‍ക്ക് ഉത്തരം കിട്ടാന്‍ കേരളത്തിന് അവകാശമില്ലേ? പക്ഷേ മുന്‍പ് ചൂണ്ടിക്കാട്ടിയതു പോലെ പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകതയുണ്ട്. ഒരു വീഴ്ചയ്ക്കും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. രാഷ്ട്രീയ ഉത്തരവാദിത്തം എന്നൊരു വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലേ ഇല്ല. ലാവലിന്‍ മുതല്‍ സ്പ്രിന്‍ക്ളര്‍ വരെ തെളിവാണ്. ലാവലിന്‍ കേസില്‍ പിണറായിയെ വേട്ടയാടി എന്നു വിമര്‍ശിക്കുന്ന സി.പി.എം നേതാക്കള്‍ മനഃപൂര്‍വം വിട്ടുകളയുന്ന ഒരു ഭാഗമുണ്ട്. വിചാരണ തുടങ്ങും മുന്‍പ് പിണറായിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി നടപടി മാത്രമേ ഹൈക്കോടതി ശരിവച്ചിട്ടുള്ളു. ലാവലിന്‍ അഴിമതിക്കേസിലെ കുറ്റപത്രം റദ്ദാക്കി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. പിണറായിയെ കുറ്റവിമുക്തനാക്കിയെങ്കിലും മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയിലേക്ക് തിരിച്ചുവിടുകയാണ് ഹൈക്കോടതി ചെയ്തത്. അതായത് ലാവലിന്‍ കേസില്‍ വിചാരണ തുടരും. പക്ഷേ ഇനിയും ആരെങ്കിലും ആ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാലും അന്ന് കരാറിന് നേതൃത്വം നല്‍കിയ മന്ത്രി പിണറായി വിജയന് ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല. മുഖ്യമന്ത്രിയായ ശേഷവും വിമര്‍ശനങ്ങള്‍ക്കുത്തരവാദി ഉദ്യോഗസ്ഥരെന്ന ശൈലി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കേസിലേ കണ്ടതാണ്. ഏറ്റുമുട്ടലിനെ ന്യായീകരിച്ച് നയം വിശദീകരിച്ച് പത്രത്തില്‍ ലേഖനമെഴുതിയത് ചീഫ് സെക്രട്ടറി. 

 ഇനി സ്പ്രിന്‍ക്ളര്‍ കരാര്‍ വിവാദം നോക്കുക.  

ആദ്യമായായിരിക്കണം ഇത്തരം ഒരു പ്രഖ്യാപനം കേരളം നേരിട്ടു കേള്‍ക്കുന്നത്. എന്റെ വകുപ്പില്‍ നടന്നതെന്താണെന്ന് എന്റെ സെക്രട്ടറിയോടു ചോദിക്കണം. ആ സെക്രട്ടറിയാണ് പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്പ്രിന്‍ക്ളര്‍ കരാര്‍ ന്യായീകരിക്കാന്‍ ഓടി നടക്കേണ്ടി വന്നത്. സി.പി.ഐ ഓഫിസില്‍ ഹാജരായി, ഘടകകക്ഷിക്ക് രാഷ്ട്രീയവിശദീകരണം നല്‍കാന്‍ പോലും മുഖ്യമന്ത്രി ഏല്‍പിച്ചത് ഐ.ടി.സെക്രട്ടറിയെയാണ്. അന്നും സ്വന്തം ഡേറ്റ പോളിസി പോലും അട്ടിമറിച്ച് മുഖ്യമന്ത്രിക്ക് രാഷ്ട്രീയപ്രതിരോധം തീര്‍ക്കുകയായിരുന്നു സി.പി.എമ്മിന്റെ ജോലി. ശരിക്കും സര്‍ക്കാരിന്റെ പി.ആര്‍.ഏജന്‍സി മാത്രമാണ് ഇന്ന് സി.പി.എം.  ഭരണപരമായ  നയനിലപാടുകളോ തീരുമാനങ്ങളോ ഒക്കെ മുഖ്യമന്ത്രിയുടെ ഓഫിസും ഉദ്യോഗസ്ഥരും കണ്‍സള്‍ട്ടന്‍സികളും തീരുമാനിക്കും. ഏതെങ്കിലും തീരുമാനങ്ങള്‍ പാളിയാല്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പ്രചാരണപരിപാടികളുമായി പാര്‍ട്ടി നേതാക്കളെയും അണികളെയും രംഗത്തിറക്കിയാല്‍ മതി. 

അങ്ങനെ മുഖ്യമന്ത്രിക്കു വേണ്ടി അന്ന് സി.പി.എം പാടുപെട്ട്  പ്രതിരോധിച്ച് രക്ഷിച്ചെടുത്ത ഉദ്യോഗസ്ഥനാണ് ഇന്ന് സ്വര്‍ണക്കടത്തില്‍ കുരുങ്ങി വീണത്. കേരളത്തിന്റെ സെക്രട്ടേറിയറ്റില്‍ എന്‍.ഐ.എയെ എത്തിച്ചത്. ഇനി മുഖ്യമന്ത്രിയുടെ ഓഫിസിലും കയറിക്കോട്ടെ  അതിനു നിങ്ങള്‍ക്കെന്താ എന്ന ചോദ്യവുമായി കേരളത്തിന്റെ മുഖ്യമന്ത്രി നില്‍ക്കുന്ന ദയനീയ അവസ്ഥയിലേക്ക് നമ്മളെ എത്തിച്ചത്. ഈ സ്വര്‍ണക്കടത്തിലോ അഴിമതിയിലോ ക്രമക്കേടിലോ മുഖ്യമന്ത്രിക്ക് പങ്കാളിത്തമുണ്ടെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയവ്യക്തിത്വം അറിയാവുന്നവര്‍ ആരോപിക്കില്ല. പക്ഷേ രാഷ്ട്രീയഉത്തരവാദിത്തം എന്ന ഒന്നുണ്ട്.  അതുകൂടിയുണ്ടെങ്കിലേ േനതാവ് എന്ന വിശേഷണം അവകാശപ്പെടാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ആരെങ്കിലും ഒന്ന് ഓര്‍മപ്പെടുത്തേണ്ടതുണ്ട്. 

എം.ശിവശങ്കര്‍ എന്ന വിശ്വസ്തന്റെ പതനത്തിന്റെ ആഴം ബോധ്യമാകും വരെ ഇത്തവണയും അദ്ദേഹത്തെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പക്ഷേ കുരുക്ക് മുറുകിയതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും ശിവശങ്കറില്‍ നിന്ന് സുരക്ഷിത അകലം പാലിച്ചു സൂക്ഷ്മതയോടെയാണ് മുന്നോട്ടു നീങ്ങുന്നത്. നാളെ എന്‍.ഐ.എ ശിവശങ്കറിനെ ആരോപണവിമുക്തനാക്കിയാലോ അറസ്റ്റു ചെയ്താലോ ഈ അകലം സഹായിക്കും എന്ന രാഷ്ട്രീയബുദ്ധിയെ തെറ്റു പറയാനാകില്ല. പക്ഷേ അത് സ്വര്‍ണക്കടത്തുകേസില്‍ നിന്നേ സര്‍ക്കാരിനെ രക്ഷിക്കൂ. ഈ സംഭവിച്ച കാര്യങ്ങളുടെ രാഷ്ട്രീയഉത്തരവാദിത്തം എന്നൊരു സംഗതിയേ ഇല്ല എന്ന് വരുത്തിത്തീര്‍ക്കുന്നത്  സി.പി.എമ്മിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവിനെ  ചെറുതാക്കുകയാണ്. 

മറിച്ച് ഈ കുറ്റകൃത്യത്തില്‍ സര്‍ക്കാരിന് അറിവോ പങ്കാളിത്തമോ ഇല്ലെങ്കിലും തന്റെ വകുപ്പില്‍ നടന്ന ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനജാഗ്രത പുലര്‍ത്തും എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലോ? പ്രതിപക്ഷം എങ്ങനെ ആ‍ഞ്ഞടിച്ചാലും കേരളം രാഷ്ട്രീയസത്യസന്ധതയ്ക്കൊപ്പം നില്‍ക്കുമെന്നുറപ്പാണ്. എന്നാല്‍ 

 മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വീകരിച്ച ശൈലി ഇനി എന്നേക്കും രാഷ്ട്രീയ ഉത്തരവാദിത്തം എന്ന ചോദ്യമുന്നയിക്കാനുള്ള  ധാര്‍മിക അവകാശം കൂടിയാണ് നഷ്ടപ്പെടുത്തുന്നത്. ഇനി ഈ രാജ്യത്ത് എന്തു നടന്നാലും രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് കൈ കഴുകാം. അപകടകരമായ കീഴ്‍വഴക്കമാണ് സി.പി.എം കേരളത്തിലൂടെ സൃഷ്ടിച്ചുവയ്ക്കുന്നത്. സ്വന്തം ഓഫിസിലെ ഉപജാപകസംഘത്തെ അറിയുന്നില്ലെങ്കില്‍, അതില്‍ ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുകയാണെങ്കില്‍ പിന്നെ ആര്‍ക്കാണ് ഉത്തരവാദിത്തം? ഇക്കാര്യങ്ങള്‍ കേരളത്തിനു മുന്നില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ജനാധിപത്യബാധ്യതയില്ലേ? 

2016 മെയ് 25ന് കേരളം ഭരണമേല്‍പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയെയാണ്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥവൃന്ദത്തെയല്ല. ശക്തനായ ഭരണാധികാരിക്ക് തെറ്റു പറ്റില്ലെന്ന് തെളിയിക്കുകയായിരുന്നില്ല മുഖ്യമന്ത്രിയുടെ രാഷ്ട്രീയദൗത്യം. ഞങ്ങളുടെ മുഖ്യമന്ത്രിക്ക് തെറ്റു പറ്റില്ലെന്ന് ആര്‍ത്തുവിളിക്കുന്നവരായി പാര്‍ട്ടിയെയും അണികളെയും മാറ്റിയെടുക്കുകയുമായിരുന്നില്ല. തുടര്‍ഭരണത്തിന് അവകാശവാദമുന്നയിക്കാനാകും വിധം ഭരണമികവും നേതൃപാടവവും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി കാഴ്ച വച്ചിട്ടുണ്ട്. പക്ഷേ വലിയ പതനങ്ങള്‍ക്കു മുന്നില്‍ ഉദ്യോഗസ്ഥരെ ചൂണ്ടി ഒഴി‍ഞ്ഞു മാറുന്ന കളങ്കം കൂടി അദ്ദേഹം സ്വയം എടുത്തണിഞ്ഞിരിക്കുന്നു. രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത നേതാവ് ജനതയെ അരക്ഷിതാവസ്ഥയില്‍ തള്ളി സ്വയം സുരക്ഷിതനാവുകയാണ്. അതിനു രാഷ്ട്രീയത്തില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന വേവലാതി കേരളത്തിനുണ്ടായേ പറ്റൂ. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...