ധാര്‍മികത ഒരു ബാധ്യതയല്ല; സിപിഎമ്മിന്‍റെ മാനസാന്തരം ഉയര്‍ത്തുന്നത്

parayathe-jose
SHARE

യു.ഡി.എഫില്‍ നിന്നുണ്ടാകുമെന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കാത്ത ഒരു കടുത്ത നടപടി ജോസ്.കെ.മാണിയും കൂട്ടരും നേരിട്ടു. ഇത്ര ആര്‍ജവത്തോടെ, ശക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ യു.ഡി.എഫിനു കഴിയുമെന്നു അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. യു.ഡി.എഫിന്റെ നടപടിയില്‍ രാഷ്ട്രീയസത്യസന്ധതയുണ്ടായിരുന്നു. പക്ഷേ ശക്തമായ നിലപാടിന് ധൈര്യം മാത്രം പോരെന്നും രാഷ്ട്രീയാടിത്തറ പ്രധാനമാണെന്നും തൊട്ടടുത്ത ദിവസം തന്നെ യു.ഡി.എഫ് തിരിച്ചറിഞ്ഞു. പക്ഷേ വൈകിപ്പോയി, ജോസ് കെ.മാണി പുറത്തിറങ്ങിയെന്നറിഞ്ഞപാടേ സി.പി.എം പതിവുപോലെ സി.പി.ഐയെ ചരിത്രം പഠിപ്പിക്കാനിറങ്ങി. ബാര്‍കോഴക്കേസു മാത്രമല്ല, വേണ്ടിവന്നാല്‍ എന്തും മറക്കാന്‍ തയാറാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. യു.ഡി.എഫിന്റെ വേവലാതിയും സി.പി.എമ്മിന്റെ അത്യാവേശവും ഒരൊറ്റ കാര്യമേ ഓര്‍മിപ്പിക്കുന്നുള്ളൂ. അടുത്ത തിരഞ്ഞെടുപ്പ് ഇടതിനായാലും വലതിനായാലും ജീവന്‍മരണപോരാട്ടമാണ്.  

തൊട്ടുപിന്നാലെ കടുത്ത നടപടി അപ്രതീക്ഷിതമായിരുന്നുവെന്നു വ്യക്തമാക്കി കേരളാകോണ്‍ഗ്രസ് എം.എല്‍.എമാരുടെ വൈകാരികപ്രതികരണം.  മാണിസാറിനെത്തന്നെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്ന തുറുപ്പുചീട്ടുമായി ജോസ് കെ.മാണിയും പിന്നാലെയെത്തി.  ‌അടുത്ത ദിവസം തന്നെ ജോസ് കെ.മാണി വിഭാഗം യോഗം ചേര്‍ന്ന് സ്വതന്ത്രമായി നില്‍ക്കാനും ഉചിതമായ ഭാവിതീരുമാനം കൈക്കൊള്ളാന്‍ ജോസ്.കെ.മാണിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.  

അപ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ജോസ് കെ.മാണിയെ പുറത്താക്കിയത് യു.ഡി.എഫില്‍ നിന്നല്ലെന്നും യോഗത്തില്‍ നിന്നു മാത്രമാണെന്നും ചെയര്‍മാന്‍ രമേശ് ചെന്നിത്തല തിരുത്തി. അതല്ല, ഞങ്ങളെ പുറത്താക്കിയെന്ന് ജോസ് പക്ഷവും പുറത്തു പോയതാണെന്ന് ജോസഫ് പക്ഷവും.  സമര്‍ഥമായ ചൂണ്ടയുമായി സി.പി.എമ്മും  ആ കൊളുത്തില്‍ ജോസ് പക്ഷം  കൊത്താതിരിക്കാന്‍ സി.പി.ഐയും പ്രതിരോധം തീര്‍ത്തു കഴിഞ്ഞു.  

കര്‍ക്കശനിലപാട് പ്രഖ്യാപിച്ച് രണ്ടാം ദിവസം യു.ഡി.എഫിന് വീണ്ടുവിചാരമുണ്ടായതെന്തുകൊണ്ടാണ്? ഒരാവേശത്തിന് ആറ്റില്‍ ചാടിയാല്‍ മധ്യതിരുവിതാംകൂറില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് മുന്‍കൂട്ടി തിരിച്ചറിയുന്നത് പ്രായോഗികബുദ്ധിയാണ്. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലങ്ങളില്‍ ഇളക്കം തട്ടുകയെന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ ചിന്തിക്കാവുന്നതല്ല. അത്രയും റിസ്ക് എടുക്കാന്‍ മാത്രം രാഷ്ട്രീയ അടിത്തറ ഉറപ്പിച്ചിട്ടല്ല കെ.എം.മാണിയുടെ പാര്‍ട്ടിയെ കൈവിട്ടത് എന്ന് യു.ഡി.എഫ് തന്നെ തിരിച്ചറിയുന്നുവെന്നേ ആ മനംമാറ്റത്തിന് അര്‍ഥമുള്ളൂ. 

ഒപ്പം യു.ഡി.എഫ് കണ്‍വീനര്‍ ജോസ്.കെ.മാണിയെ മറന്നുപോയേക്കാനിടയുള്ള ഒരു ചരിത്രസത്യം കൂടി ഓര്‍മിപ്പിക്കുന്നുണ്ട്. പക്ഷേ ഇമോഷനല്‍ ബ്ലാക്ക് മെയിലിങിനേക്കാള്‍ വലിയൊരു സാധ്യത ഇടതുപക്ഷം അപ്പോഴേക്കും തുറന്നിട്ടു.  യു.ഡി.എഫ് ദുര്‍ബലമാകുന്നതിനെക്കുറിച്ച് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ലേഖനത്തിലെ ഒരു വാചകമാണ് ജോസ് കെ.മാണിയുടെ കച്ചിത്തുരുമ്പായത്. ലേഖനത്തിലൊതുക്കേണ്ടെന്ന് പിന്നീട് പാര്‍ട്ടി സെക്രട്ടറി തന്നെ വിശദീകരിക്കുകയും ചെയ്തു.  സി.പി.എം നിലപാടിലെ സന്തോഷം ജോസ് കെ.മാണി മറച്ചു വച്ചില്ല.  അങ്ങനെ സന്തോഷിക്കേണ്ടെന്നു സി.പി.ഐ കടുപ്പിച്ചു. ജന്‍മനാട്ടില്‍ തോറ്റവരുടെ ജനപിന്തുണ അറിയാമെന്ന പരിഹാസവും. 

പക്ഷേ കാനത്തിന് ജോസ് കെ.മാണി മറുപടി കൊടുക്കേണ്ടി വന്നില്ല. അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചുമതല സി.പിഎം. സംസ്ഥാനസെക്രട്ടറി തന്നെ ഏറ്റെടുത്തിട്ടുണ്ട്. സി.പി.ഐയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പാര്‍ട്ടി അണികളുടെ വൈക്ലബ്യത്തിനുള്ള പരിഹാരവുമെല്ലാം കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ നിരത്തിയിട്ടുണ്ട്.  സി.പി.ഐയെ കുത്തിനോവിക്കാന്‍ മാത്രം സ്നേഹം കെ.എം.മാണിയോടു മാത്രമല്ല ഉള്ളതെന്ന് സി.പി.എം തെളിയിച്ചു.പക്ഷേ സി.പി.എമ്മും സി.പി.ഐയും എന്തു തീരുമാനിച്ചാലും ഇടതുപാലം കയറുകയെന്നത് ജോസ് കെ.മാണിക്കും പാര്‍ട്ടിക്കും എളുപ്പമാവില്ല. കാരണം ഒപ്പമുള്ള എം.എല്‍.എമാര്‍ പോലും ഇടതേക്കു ചായുന്നത് ഗുണകരമല്ലെന്ന നിലപാടുള്ളവരുണ്ട്. പക്ഷം മാറിയാല്‍ അണികള്‍ ഒപ്പമുണ്ടാകുമെന്ന് നേതാക്കള്‍ക്കും സത്യത്തില്‍ ഉറപ്പില്ല. അതുകൊണ്ട് തല്‍ക്കാലം യു.ഡി.എഫിനെ വിറപ്പിച്ചാലും അന്തിമതീരുമാനമെടുക്കും മുന്‍പ് അടിസ്ഥാനയാഥാര്‍ഥ്യങ്ങള്‍ അവഗണിച്ചുകൊണ്ടൊരു തീരുമാനം എളുപ്പമാകില്ല.  

കേരളാകോണ്‍ഗ്രസിന്റെ പേരില്‍ വീണ്ടുമൊരു രാഷ്ട്രീയവടംവലിക്ക് കളമൊരുങ്ങുമ്പോള്‍ ആരുടെ ഭാഗത്താണ് ശരി? ആരുടെ ഭാഗത്താണ് തെറ്റ്?അങ്ങനെയൊരു വിലയിരുത്തലൊന്നും കേരളാകോണ്‍ഗ്രസിന്റെ രാഷ്ട്രീയതീരുമാനങ്ങളില്‍ പ്രസക്തമല്ല. അഥവാ ശരിതെറ്റുകള്‍ എന്ന മാനദണ്ഡത്തില്‍ കേരളാകോണ്‍ഗ്രസിനെ കുരുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.  

ജോസ് കെ.മാണിയുടെ മുന്നിലുള്ള പ്രധാന സാധ്യത ഒരു വര്‍ഷത്തിനുള്ളില്‍ നടക്കേണ്ട നിയമസഭാതിരഞ്ഞെടുപ്പാണ്. ഇടതുമുന്നണിക്കും ഐക്യജനാധിപത്യമുന്നണിക്കും ആ തിരഞ്ഞെടുപ്പ് ജീവന്‍മരണപോരാട്ടമാണ്. ഒരു ചെറിയ സാധ്യത പോലും തള്ളിക്കളയാവുന്ന അവസ്ഥയിലല്ല ഇരുമുന്നണികളും. അയ്യഞ്ചു വര്‍ഷം എന്ന കേരളത്തിന്റെ രാഷ്ട്രീയസ്വഭാവം മാത്രമാണ് സത്യത്തില്‍ ഇപ്പോള്‍ യു.ഡി.എഫിന് പ്രതീക്ഷിക്കാവുന്ന മുഖ്യഘടകം. ഭരണത്തുടര്‍ച്ചയെന്നവകാശപ്പെടുന്ന  ഇടതുമുന്നണിയും മുന്നില്‍ വരുന്ന ഒരു സാധ്യതയും തള്ളിക്കളയില്ല. പക്ഷേ തല്‍ക്കാലം സൂക്ഷ്മതയോടെ കാത്തിരിക്കുകയെന്നതാകും ജോസ്.കെ.മാണിയുടെ കാര്യത്തില്‍ ഇടതുനയം. സഹകരണം പിന്നീട് തീരുമാനിക്കുമെന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു പിന്നില്‍ പല ലക്ഷ്യങ്ങളുണ്ട്. ആദ്യത്തേത് തല്‍ക്കാലം യു.ഡി.എഫിലെ അസ്ഥിരത മുതലെടുക്കുക എന്നതു മാത്രമാണ്. അഭ്യൂഹങ്ങള്‍ പലതും പ്രചരിക്കുന്നുണ്ടെങ്കിലും സീറ്റുവിഭജനം അടക്കം അത്ര എളുപ്പമാകില്ലെന്ന് സി.പി.എമ്മിനും നന്നായറിയാം. തദ്ദേശതിരഞ്ഞെടുപ്പില്‍ ഗുണമുണ്ടാകുമെന്ന് ഇടതുമുന്നണി ഉറപ്പിക്കുന്നു. പക്ഷേ നിയമസഭയിലേക്കു നോക്കിയാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. . കെ.എം.മാണിയില്ലാത്ത മാണി കോണ്‍ഗ്രസ് ബാധ്യതയാണോ സാധ്യതയാണോ എന്ന് സി.പി.എമ്മിന് ഇനിയും പരിശോധിക്കേണ്ടിവരും. പക്ഷേ വരവേല്‍പിനു മടിക്കില്ലെന്ന് വ്യക്തമായ പ്രഖ്യാപനം നടന്നു കഴിഞ്ഞു. 

ജോസ് കെ.മാണിയില്ലാതെ തന്നെ ഭരണത്തുടര്‍ച്ച ഉറപ്പല്ലേയെന്നൊക്കെ സി.പി.ഐ പരിഭവിച്ചാലും സി.പി.എമ്മിന് അത്ര ഉറപ്പു പോരാ.  

തിരിച്ചു യു.ഡി.എഫിലേക്കില്ലെന്നാണ് ജോസ് കെ.മാണിയുടെ പ്രഖ്യാപനത്തിന്റെ സൂചനയെങ്കില്‍ വരുംനാളുകളില്‍ സി.പി.എമ്മിനു തിരക്കേറും. ജോസ് കെ.മാണിയുടെ ജനകീയ അടിത്തറ സ്വന്തം അണികളെയും മുന്നണിയെയും ബോധ്യപ്പെടുത്തണം. കെ.എം.മാണിക്കെതിരെ സമരം നടത്തി അടി കൊണ്ട സഖാക്കളെ മാനസാന്തരപ്പെടുത്തിയെടുക്കണം. ധാര്‍മികത ഒരു പ്രശ്നമേയല്ലെന്നും  ബാര്‍കോഴ ഒരു അഴിമതിയേ ആയിരുന്നില്ലെന്നും

സ്ഥാപിക്കണം. നോട്ടെണ്ണല്‍ യന്ത്രമല്ല വോട്ടെണ്ണല്‍ യന്ത്രമാണ് പ്രധാനമെന്നുറപ്പിക്കണം. ഇതൊക്കെ ചെയ്യുന്ന നേരം കൊണ്ട് ജോസ്.കെ.മാണിയും കൂട്ടരും വീണ്ടും മറുകണ്ടം ചാടാതെ വലയുറപ്പിക്കണം. കോവിഡ് കാലത്തും കേരളരാഷ്ട്രീയം സജീവമായിരിക്കുമെന്നുറപ്പ്.

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...