ഒടുവില്‍ പ്രവാസികള്‍ക്കായി തിരുത്തി: വീണിടത്തു കിടന്നുരുളണോ ഇനി..?

parayathe-vayya
SHARE

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ നിലപാട് ഒടുവില്‍ സംസ്ഥാനസര്‍ക്കാര്‍ തിരുത്തി. പ്രായോഗികസമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നു പറയുന്നതാണ് ശരി. പക്ഷേ അപ്പോഴും വീണിടത്തു കിടന്നുരുളാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം ഒരല്‍പം കടന്നു പോയി. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഒരു സാദാ കത്തിടപാടിനെ സംസ്ഥാനത്തിനുള്ള അഭിനന്ദനമായി അവതരിപ്പിച്ചത്  ശരിയായില്ല. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളില്‍ സംസ്ഥാനസര്‍ക്കാരിന്റെ ആത്മവിശ്വാസത്തിന് ഇടിവ് പറ്റുന്നുണ്ടോ? ‌ രാഷ്ട്രീയാരോപണങ്ങളില്‍ സര്‍ക്കാര്‍ സ്വാധീനിക്കപ്പെടേണ്ടതുണ്ടോ ? ഈ മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ രാഷ്ട്രീയം കളിക്കാനിറങ്ങുന്നതാരായാലും അവരെക്കൂടി കേരളത്തിന് തോല്‍പിച്ചേ പറ്റൂ. അത് പ്രതിപക്ഷമായാലും സര്‍ക്കാരായാലും ഇപ്പോള്‍ വേണ്ട എന്നുറപ്പിച്ചു പറയാന്‍ കേരളത്തിന് കഴിയണം. 

കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് കേരളത്തിന്റേത്. സംശയമില്ലാത്ത കാര്യം. രാജ്യാന്തര തലത്തില്‍ പോലും ആ മാതൃകയെക്കുറിച്ച് അന്വേഷണങ്ങളും അവതരണങ്ങളുമുണ്ടായി. ഇന്നു നമ്മള്‍ നില്‍ക്കുന്നത് പക്ഷേ അതി നിര്‍ണായകമായ അടുത്ത ഘട്ടത്തിലാണ്. 

ഈ സാഹചര്യത്തില്‍ സാധ്യമായ ഏതു മുന്‍കരുതലും ഒരു സംസ്ഥാനം സ്വീകരിക്കുന്നതില്‍ തെറ്റു പറയാനാകില്ല. പക്ഷേ മടങ്ങിയെത്തുന്ന എല്ലാ പ്രവാസികള്‍ക്കും നോ കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണം എന്ന കര്‍ശനനിലപാട് സ്വീകരിച്ചതില്‍ സംസ്ഥാനസര്‍ക്കാരിന് പാളിച്ച പറ്റി. ടെസ്റ്റ് നടന്നാല്‍ നല്ലതായിരുന്നു. പക്ഷേ പ്രായോഗികമായി എളുപ്പമല്ലാത്ത ഒരു കാര്യത്തില്‍ അനാവശ്യമായ പിടിവാശിയും ധൃതിയും സംസ്ഥാനസര്‍ക്കാര്‍ കാണിച്ചു. 

പ്രവാസിസംഘടനകളില്‍ നിന്ന് ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നപ്പോഴും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നു. തീരുമാനം പ്രഖ്യാപിച്ചതും നടപ്പാക്കുന്ന ദിവസം പ്രഖ്യാപിച്ചതുമെല്ലാം ശരവേഗത്തില്‍. പിന്നീട് അഞ്ചു ദിവസം കൂടി നീട്ടിയെങ്കിലും അതും മതിയായ കൂടിയാലോചനയോ വിലയിരുത്തലോ ഇല്ലാതെയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍, ഈ പരിശോധന നടക്കില്ലെന്ന് വ്യക്തമാക്കയതോടെയാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്. എന്നാല്‍ പ്രായോഗികമായി സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ ചെയ്യാവുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവെന്നത് നല്ല കാര്യമാണ്. കോവിഡ് പരിശോധനയില്ലാതെ വരുന്നവര്‍ക്ക് കേരളത്തില്‍ വന്നിറങ്ങുന്ന വിമാനത്താവളങ്ങളില്‍ വച്ച് ആന്റിബോഡി പരിശോധന നടത്തിത്തുടങ്ങിയിരിക്കുന്നു. പി.പി.ഇ കിറ്റും ഫേസ് ഷീല്‍ഡും അടക്കമുള്ള പ്രതിരോധ ഉപാധികള്‍ കര്‍ശനമാക്കിയാണ് പ്രായോഗികബുദ്ധിമുട്ടിന് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഈ ആന്റിബോഡി പരിശോധന തന്നെ ഉദ്ദേശിച്ച ഫലം ചെയ്യുമോയെന്ന് വിദഗ്ധര്‍ക്ക് സംശയമാണ്. 

വൈറസ് ബാധയുണ്ടായി പത്തു ദിവസമെങ്കിലും കഴിഞ്ഞേ ആന്റിബോഡി ടെസ്റ്റില്‍ പോസിറ്റീവായി കിട്ടൂ. അപ്പോഴേക്കും രോഗവാഹകരാകാനുള്ള സാധ്യതയും കുറയും. ‌ ആന്റിജന്‍ പരിശോധനയാണെങ്കില്‍ വൈറസ് ബാധയുണ്ടായി അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണെങ്കിലും കണ്ടുപിടിക്കാം. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ അഞ്ചു ദിവസം മുതല്‍ പത്തു ദിവസം വരെയുള്ള കാലയളവിലാണെങ്കിലേ ടെസ്റ്റ് പോസിറ്റീവാകൂ. അപ്പോള്‍ വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ കാത്തിരുന്ന് നടത്തുന്ന പരിശോധന ആനുപാതികമായ ഗുണം ചെയ്യുമോയെന്ന ചോദ്യമാണ് ആരോഗ്യവിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. പ്രതിരോധത്തിന് എല്ലാ സാധ്യതയും എന്ന സമീപനമാണെങ്കില്‍ വിമര്‍ിക്കാനാകില്ലെന്നു മാത്രം. 

എന്തായാലും ഇത്  ആദ്യമേ ആകാമായിരുന്നുവെന്നാണ് നോ കോവിഡ് സര്‍ട്ടിഫിക്കറ്റിനോട്, മറ്റ് അജന്‍ഡകളില്ലാതെ വിയോജിച്ചവര്‍, തുടക്കം മുതല്‍ക്കേ ചൂണ്ടിക്കാട്ടിയത്. വിദേശരാജ്യങ്ങളില്‍ പരിശോധന നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിനേക്കാള്‍ ഉചിതം വന്നിറങ്ങുന്നവര്‍ക്ക് പരിശോധന നടത്തുന്നതാണെന്നത് സംസ്ഥാനം പക്ഷേ ചെവിക്കൊണ്ടില്ല. പകരം പ്രതിപക്ഷത്തിനും ബി.ജെ.പിക്കും സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടി അങ്ങോട്ടു കൊണ്ടു പോയി കൊടുത്തു. കേന്ദ്രസെക്രട്ടറിയുടെ കത്ത് അഭിനന്ദനമായി അവതരിപ്പിച്ചതും അപഹാസ്യമായിപ്പോയി.

പ്രവാസികള്‍ക്ക് നോ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിനെച്ചൊല്ലി കേന്ദ്രവുമായി നടന്ന ആശയവിനിമയത്തില്‍ നിന്നുള്ള ഒരു കത്താണ് സംസ്ഥാനത്തിനുള്ള അഭിനന്ദനമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാധ്യമങ്ങളെ അറിയിച്ചത്.

കത്ത് ഒറ്റ നോട്ടത്തില്‍ വിലയിരുത്തുമ്പോള്‍ തന്നെ കാര്യം വ്യക്തവുമാണ്. നടന്നുകൊണ്ടിരിക്കുന്ന ആശയവിനിമയത്തില്‍ പ്രായോഗികസമീപനം സ്വീകരിച്ചുകൊണ്ട് കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ അനുമോദിച്ചേ മതിയാകൂ എന്നാണ് കേന്ദ്രവിദേശകാര്യമന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ കേരളത്തിന്റെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്. വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ കാര്യത്തില്‍ ദോഷൈകദൃക്കാണെന്ന് പല കുറി തെളിയിച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത് വസ്തുതയാണ്.

അങ്ങനെ ഒരു തുടര്‍വിനിമയത്തില്‍ നിന്നൊരു വരി അടര്‍ത്തി മാറ്റി അഭിനന്ദനമായി ചിത്രീകരിക്കേണ്ട കാര്യം സത്യത്തില്‍ കേരളത്തിനുണ്ടോ? കേന്ദ്രആരോഗ്യമന്ത്രി തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പരാമര്‍ശിച്ചെഴുതിയ നല്ല വാക്കുകള്‍ അദ്ദേഹത്തിന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ ഇപ്പോഴുമുണ്ട്. ICMR–ന്റെ വിവിധ വിഭാഗങ്ങളുടെ മേധാവിമാര്‍ നടത്തിയ പരാമര്‍ശങ്ങളുണ്ട്. ബി.ജെ.പിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ മുതല്‍ വിവിധ രാഷ്ട്രീയനേതാക്കളുടെ പരാമര്‍ശങ്ങളുണ്ട്. യു.എന്‍. വെബിനാറില്‍ ലോകം കേള്‍ക്കാന്‍ കാതോര്‍ത്തതും കേരളത്തിന്റെ പ്രതിരോധത്തിലെ പ്രത്യേകതകളെക്കുറിച്ചാണ്. ഏറ്റവുമൊടുവില്‍ സംസ്ഥാനം  സംഘടിപ്പിച്ച കേരള ഡയലോഗില്‍ ലോകപ്രശസ്ത തത്വചിന്തകന്‍ നോം ചോസ്കിയും നൊബേല്‍ ജേതാവ് അമര്‍ത്യസെനും വരെ കേരളത്തിന്റെ കോവിഡ‍് പ്രതിരോധത്തെ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രകീര്‍ത്തിച്ചതും നമ്മള്‍ കേട്ടതാണ്. 

അങ്ങനെ നല്ല വാക്കുകള്‍ നേരിട്ടു  കേട്ട ഒട്ടേറെ അനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ കേന്ദ്രത്തിന്റെ ഒരു കത്തിനെ അവസരത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അഭിനന്ദനമായി ചിത്രീകരിക്കുന്നത് അപഹാസ്യമാണ്. കേരളത്തെ  സ്വയം ചെറുതാക്കിക്കളയലാണ് അത്തരം ആഘോഷങ്ങള്‍. അല്ലെങ്കിലും ഇത് അഭിനന്ദനത്തിന്റെ നേരമാണോ? ആഘോഷിക്കാനോ അഭിനന്ദിക്കാനോ ഉള്ള നേരമായോ? മുഖ്യമന്ത്രി തന്നെ മുന്നോട്ടു വച്ച മുന്നറിയിപ്പുകളില്‍ കേരളത്തെ കാത്തിരിക്കുന്നതെന്താണ്? കേരളം നേരിടേണ്ട യഥാര്‍ഥ വെല്ലുവിളികള്‍ വരാനിരിക്കുന്നതേയുള്ളൂ. മലയാളിയായ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമാണ് അതു മനസിലാക്കി ആദ്യം രാഷ്ട്രീയസംയമനം കാണിക്കേണ്ടത്. മന്ത്രി വി.മുരളീധരന്‍ തന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. കേന്ദ്രവിദേശകാര്യസഹമന്ത്രി എന്ന നിലയില്‍ തന്നെയാണ് താന്‍ സംസാരിക്കുന്നത്. എങ്കില്‍ അദ്ദേഹത്തോടു തിരിച്ചും ഒരു ചോദ്യമുണ്ട്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് കേന്ദ്രമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണോ, കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായമാണോ? 

അപ്പോള്‍ കേന്ദ്രമന്ത്രിയെന്ന പദവിയിലാണ്  സംസാരിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം. എങ്കില്‍ കേന്ദ്രത്തിന്റെ അഭിപ്രായമാണോ അദ്ദേഹം കേരളത്തെക്കുറിച്ചു പറയുന്നത്? കേരളത്തിന്റെ കോവിഡ് പ്രതിരോധം മോശമാണെന്ന് കേന്ദ്രസര്‍ക്കാരിന് വിലയിരുത്തലുണ്ടോ? ഉണ്ടെങ്കില്‍ അതു തുറന്നു പറയണം. കേരളവും ലോകവും അറിയട്ടെ. കേന്ദ്രമന്ത്രിയെന്ന പദവിയുപയോഗിച്ച് വ്യക്തിപരമായ അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തുന്നതെങ്കില്‍ അത് ശരിയല്ല. കേന്ദ്രമന്ത്രി  കേന്ദ്രത്തിന്റെ നിലപാടാണ് പറയേണ്ടത്. കേന്ദ്രസര്‍ക്കാരിന്റേയും കേന്ദ്ര ഏജന്‍സിയായ ഐ.സി.എം.ആറിന്റെയും ഭാഗത്തു നിന്ന് ഇതുവരെ കേരളാമാതൃകയെക്കുറിച്ച് നല്ല വാക്കുകളാണ് ലോകം കേട്ടിട്ടുള്ളത്. എന്നാല്‍ കേരളത്തിന്റെ കേന്ദ്രമന്ത്രി ഇതുവരെ കേരളത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു നല്ല വാക്കു പറഞ്ഞതായി അറിയില്ല. ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം പോലും തകര്‍ക്കുന്ന വിധം  ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. 

കേന്ദ്രമന്ത്രി വിമര്‍ശനമുന്നയിക്കുന്നു, സ്വന്തം നിലപാടുകളില്‍ തന്നെ മലക്കം മറിയുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി അതിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നു.അധിക്ഷേപമായി മാറുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നു.  കേരളത്തില്‍ രണ്ടു മാസമായി നടക്കുന്ന ഒരു പ്രധാന രാഷ്ട്രീയപ്രവര്‍ത്തനമാണിത്. അപഹാസ്യമാണിതെന്ന് പറയാതിരിക്കാനാകില്ല. കോവിഡ് ഭീഷണിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ 

ഏറ്റവും പ്രധാന ഉത്തരവാദിത്തമുള്ള രണ്ടു പദവികളെ പ്രതിനിധീകരിച്ചുകൊണ്ട് ഈ നടത്തുന്ന രാഷ്ട്രീയഅങ്കം അവസാനിപ്പിക്കണം. കേന്ദ്രമന്ത്രി മാത്രമല്ല, കഴിഞ്ഞ ദിവസം പതിവ് കോവിഡ് വാര്‍ത്താസമ്മേളനം മുഴുവന്‍ പ്രതിപക്ഷത്തിനുള്ള രാഷ്ട്രീയവിമര്‍ശനത്തിനായി മുഖ്യമന്ത്രി നീക്കിവച്ചു. 

കോവിഡ് കാലത്ത് രാഷ്ട്രീയം പറയരുതെന്ന് മുഖ്യമന്ത്രി പല തവണ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയപ്രബുദ്ധതയേറിയ ഒരു സമൂഹത്തില്‍ സംവാദങ്ങള്‍ പാടില്ലെന്നു പറയാനാകില്ല. പക്ഷേ മുഖ്യമന്ത്രി നേരിട്ട് രാഷ്ട്രീയഅങ്കത്തിനിറങ്ങിയാല്‍ പിന്നെ മഹാമാരിക്കാലത്തെ മര്യാദകള്‍ പ്രതീക്ഷിക്കരുത്, ആവശ്യപ്പെടരുത്. രാഷ്ട്രീയയുക്തികള്‍ നോക്കിയല്ല  കേരളത്തിലെ ജനങ്ങള്‍ ഇതുവരെ കോവിഡ് പ്രതിരോധത്തിനു പിന്നില്‍ അണി നിരന്നത്. പ്രതിപക്ഷം അനാവശ്യ ഇടപെടലുകള്‍ നടത്തിയപ്പോഴെല്ലാം ശക്തമായ വിമര്‍ശനം പൊതുസമൂഹത്തില്‍ നിന്നു നേരിടേണ്ടി വന്നിട്ടുമുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപരിപാടികളില്‍ ശക്തമായ വിമര്‍ശനമുന്നയിക്കുന്ന  പ്രതിപക്ഷത്തോടും ഈ ഘട്ടത്തില്‍ ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേരളസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപരിപാടികളില്‍ വിയോജിപ്പുണ്ടോ? അദ്ദേഹം കേരളത്തിലെ 20 എം.പിമാരില്‍ ഒരാള്‍ കൂടിയാണ്.ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഒരു മേഖലയുടെ ജനപ്രതിനിധിയുമാണ്. പ്രവാസി വിഷയത്തിലോ  കോവിഡ് പ്രതിരോധനടപടികളിലോ കേരളത്തില്‍ നിന്നുള്ള എം.പിയായ രാഹുല്‍ഗാന്ധി ഒരു വാര്‍ത്താക്കുറിപ്പിലൂടെ പോലും നിലപാടെടുക്കാത്തത് എന്തുകൊണ്ടായിരിക്കും? ഏറ്റവുമൊടുവില്‍ ഈ റിപ്പോര്‍ട്ട് തയാറാക്കുന്ന നേരത്തും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ലേഖനത്തോടൊപ്പം ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി മൗനത്തിലാണ്. 

കേന്ദ്രസര്‍ക്കാരിനും ഐ.സി.എം.ആറിനും കോവിഡ് വ്യാപനത്തെ നേരിടാന്‍ ഫലപ്രദമായ ഒരു പദ്ധതിയുമില്ല. അദ്ദേഹം പങ്കുവച്ച ലേഖനത്തില്‍  പറയുന്ന വസ്തുതകള്‍ ഇങ്ങനെയാണ്. കോവിഡ് പ്രതിരോധത്തിനായുള്ള കേന്ദ്രമന്ത്രിതലസമിതി യോഗം ചേര്‍ന്നിട്ട് ഒരു മാസമാകാറായി. ജൂണ്‍ 11നാണ് കേന്ദ്രആരോഗ്യമന്ത്രാലയം ഏറ്റവുമൊടുവില്‍ വസ്തുതകള്‍ ഔദ്യോഗികമായി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.  രാജ്യത്തെ കോവിഡ് സാഹചര്യം വസ്തുതാപരമായി വിശദീകരിക്കാന്‍ കേന്ദ്രആരോഗ്യമന്ത്രിയില്ല,  ആരുമില്ല. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നണിയിലേക്കു നിശബ്ദമായി പിന്‍വാങ്ങിയെന്നാണ് രാഹുല്‍ഗാന്ധിയും ആരോപിക്കുന്നത്. അദ്ദേഹം എം.പിയായ കേരളത്തിലെ സര്‍ക്കാര്‍ സമീപനത്തെക്കുറിച്ചെന്താണ് അഭിപ്രായം? ദിവസവും അവലോകനയോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും അടുത്ത രണ്ടു മാസങ്ങളിലേക്കുള്ള സാഹചര്യം വിലയിരുത്തലുമൊക്കെ നടത്തുന്ന കേരളത്തിന്റെ രീതിയെക്കുറിച്ച് മീഡിയ മാനിയ എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വിശേഷിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നിലപാടെന്തായിരിക്കും?

ചുരുക്കിപ്പറഞ്ഞാല്‍ ആഴത്തില്‍ നോക്കിയാല്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രം തെളിഞ്ഞുകാണുന്ന വിമര്‍ശനങ്ങള്‍ ഈ ഘട്ടത്തില്‍ വേണോയെന്നതു മാത്രമാണ് ചോദ്യം. മറിച്ച് പ്രതിപക്ഷത്തിന് ക്രിയാത്മകമായി ഇടപെടാവുന്ന ഒട്ടേറെ വെല്ലുവിളികള്‍ കേരളം നേരിടുന്നില്ലേ? പ്രവാസികളുടെ മടക്കയാത്രയില്‍ മാത്രമാണ് പ്രതിപക്ഷവും സര്‍ക്കാരും കേന്ദ്രീകരിക്കുന്നത്. തിരിച്ചു കേരളത്തിലെത്തിക്കഴിഞ്ഞ് ഇപ്പോള്‍ അവര്‍ നേരിടുന്ന അവസ്ഥയെന്താണെന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ഇടപെടുന്നുണ്ടോ? ജന്‍മനാട്ടില്‍ അവര്‍ ഒറ്റപ്പെടുന്നതും ആക്രമണഭീഷണി നേരിടുന്നതും പ്രതിപക്ഷമോ ഭരണപക്ഷമോ അറിയുന്നുണ്ടോ? ഇടപെടാനാകുമോ, തെറ്റിദ്ധരിക്കുന്ന നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ രംഗത്തിറങ്ങാമോ?

ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തദ്ദേശവാസികള്‍ പ്രവാസികളെ സ്വന്തം വീടുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുന്നു. രോഗവ്യാപനമുണ്ടാകുമെന്ന പ്രചാരണത്തില്‍ കേരളത്തിനു പുറത്തു നിന്നുവന്നവര്‍ ഒറ്റപ്പെടുന്നു. ക്രമസമാധാനപ്രശ്നങ്ങള്‍ പോലുമുണ്ടാകുന്നു. പ്രതിപക്ഷവും ഭരണപക്ഷവും സജീവമായി രംഗത്തിറങ്ങണം. ഇതാണ് ശരിയായ അനീതിയെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തണം. രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള കരുതലുകള്‍ക്കപ്പുറമുള്ള ഗുണ്ടായിസം കുറ്റകരമാണെന്ന് അറിയിക്കണം. ജന്‍മനാട്ടില്‍ അന്യഗ്രഹജീവികളെപ്പോലെ വിവേചനം നേരിടേണ്ടി വരുന്ന അവസ്ഥ പ്രവാസികള്‍ക്കുണ്ടാകരുത്. ഈ പോക്കു പോയാല്‍ കോവിഡ് പോസിറ്റീവാകുന്നവരെപ്പോലും വീട്ടില്‍ ചികില്‍സിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്ന സാഹചര്യമാണ്. ഓരോ ദിവസവും കുറഞ്ഞത് 15000 പേര്‍ വിദേശത്തു നിന്നു മാത്രം എത്തും. സെപ്തംബര്‍ മാസത്തില്‍ പന്ത്രണ്ടായിരം രോഗികള്‍ കേരളത്തിലുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. അതിലേറെയുമുണ്ടായേക്കാം. ഓരോ ഘട്ടത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയും സംശയവും ജനിപ്പിക്കുന്ന സമീപനത്തില്‍ നിന്നു മാറി പ്രതിപക്ഷം കേരളത്തിനൊപ്പം നില്‍ക്കണം. അവഗണിക്കേണ്ട രാഷ്ട്രീയപരാമര്‍ശങ്ങള്‍ പോലും ഏറ്റുപിടിച്ച് രാഷ്ട്രീയപ്രചാരണം നടത്തുന്നത് മുഖ്യമന്ത്രിയും ഒഴിവാക്കണം. കോവിഡ് പ്രതിരോധം പ്രതിപക്ഷത്തിന്റെ കൂടി ഉത്തരവാദിത്തമാക്കി മാറ്റണം. സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ കേരളത്തിലെ പ്രതിപക്ഷത്തിനു മാറിനില്‍ക്കാനാകുമോ?

ഏതു തട്ടില്‍ വച്ചു എങ്ങനെ തൂക്കിനോക്കിയാലും കേരളത്തിന്റെ കോവിഡ് പ്രതിരോധം മുന്‍നിരയില്‍ തന്നെയാണ്. പക്ഷേ ലക്ഷ്യത്തിലേക്ക് ഇനിയും ദൂരമേറെയുണ്ട് മുന്നില്‍. നാലു മാസമായി ഊണും ഉറക്കവുമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ബലത്തിലാണ് നമ്മളീ രാഷ്ട്രീയസംവാദങ്ങള്‍ക്കു പോലും ധൈര്യം കാണിക്കുന്നതെന്നോര്‍ക്കണം. ശാസ്ത്രീയതയില്‍ ഊന്നിയ ക്രിയാത്മകവിമര്‍ശനങ്ങള്‍ ഉയരണം. പകരം, കേരളത്തിലാകെ പ്രശ്നമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നാല്‍ ഇനിയൊരിക്കല്‍ പ്രശ്നമാകുമ്പോള്‍ പോലും കേരളം  വിശ്വസിച്ചില്ലെന്നു വരും. അതുകൊണ്ട് രാഷ്ട്രീയവിമര്‍ശകരോടാണ്. ജനാധിപത്യത്തെയോര്‍ത്ത് സ്വന്തം വിശ്വാസ്യത തകര്‍ത്തു കളയരുത്. അങ്ങനെ സംഭവിച്ചാല്‍ അതിനു കേരളം കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.  

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...