നിവൃത്തികേടിന്റെ അങ്ങേയറ്റത്തായ പ്രവാസിയോട് മര്‍ക്കടമുഷ്ടി വേണ്ട

prayathe-1
SHARE

നിവൃത്തികേടിന്റെ അങ്ങേയറ്റത്തായ പ്രവാസിയോട് മര്‍ക്കടമുഷ്ടി വേണ്ട

കേരളത്തിലേക്കു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനെച്ചൊല്ലി വന്‍വിവാദം കത്തിക്കയറുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്നു പ്രതിപക്ഷവും പ്രവാസിസംഘടനകളും പറയുന്നു. സംസ്ഥാനം വാശി പിടിച്ചാല്‍ വിമാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു തിരിച്ചുവിടേണ്ടി വരുമെന്നു ബി.ജെ.പിയും.  സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്  മനുഷ്യത്വമില്ലായ്മയാണോ അപ്രായോഗികമാണോ? പ്രതിപക്ഷത്തിന്റെ രാഷ്ട്രീയലക്ഷ്യമില്ലാതെ നോക്കിയാലും കോവിഡ് ടെസ്റ്റ് അനിവാര്യമാണോ?  പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന്റെ യഥാര്‍ഥ  ലക്ഷ്യവും ഉദ്ദേശവുമെന്താണ്?  

ചില ചോദ്യങ്ങള്‍ നമുക്ക് നേരെ ചൊവ്വേ ചോദിക്കാന്‍ പ്രയാസമുണ്ട്. ആ ചോദ്യങ്ങള്‍ ചോദിക്കാനാകാത്തതുകൊണ്ടു മാത്രം  ചുറ്റിത്തിരിയുന്നത് ഇതാദ്യവുമല്ല. കേരളത്തിലും കോവിഡ് വ്യാപനം ഏറ്റവും നിര്‍ണായകഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആ ചോദ്യം ചോദിക്കാനാകാത്ത അവസ്ഥ ഒരു പാടു പ്രശ്നമുണ്ടാക്കുന്നുണ്ട്. പ്രവാസികള്‍ക്ക് മടക്കയാത്രയ്ക്കു മുന്‍പ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനെക്കുറിച്ചുള്ള വിവാദത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. കോവിഡ് രോഗബാധയുള്ളവര്‍ ഇല്ലാത്തവര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്നത് ശരിയാണോ? 

രോഗവ്യാപനം തടയുകയെന്നത് ദുരുദ്ദേശമല്ല. പക്ഷേ രോഗവ്യാപനം തടയാനുള്ള നിബന്ധനകളുടെ പേരില്‍  അടിയന്തരസാഹചര്യത്തിലുള്ള പ്രവാസികളുടെ യാത്ര ഇനിയും തടസപ്പെട്ടാല്‍ അത് മര്‍ക്കടമുഷ്ടി മാത്രമായിപ്പോകും. കോവിഡ് പോസിറ്റീവാകുന്നവരെ പ്രത്യേകം വിമാനങ്ങളില്‍ തിരിച്ചുകൊണ്ടുവരാം എന്ന നിലപാടിലെ പൊരുത്തക്കേടുകള്‍ മുഖ്യമന്ത്രിക്കു തന്നെയറിയാം. 

വിദേശത്തു നിന്നു മടങ്ങിയെത്താന്‍ കാത്തിരിക്കുന്നവരില്‍ പലരുടെയും ജീവിതാവസ്ഥ നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. താമസസ്ഥലം പോലും നഷ്ടപ്പെട്ട്, മറ്റുള്ളവരുടെ കനിവിലും കാരുണ്യത്തിലും ജീവിക്കുന്ന ഒരുപാട് മനുഷ്യര്‍ ഒരു മണിക്കൂര്‍ നേരത്തെയെങ്കില്‍ അങ്ങനെ എന്ന് നാട്ടില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുന്നുണ്ട്. ഇരുപതാം തീയതി മുതല്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ അവരുടെ ആശങ്ക സര്‍ക്കാര്‍ കണ്ടില്ല. സൗകര്യങ്ങളൊരുക്കാന്‍ ഇപ്പോള്‍ 25 വരെ സമയം നീട്ടിയിരിക്കുന്നു. സൗകര്യങ്ങളില്ലാത്തിടത്ത് ടെസ്റ്റ് കിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടാമെന്നാണ് ഒടുവില്‍ കിട്ടിയ അറിയിപ്പ്. ഒന്നരലക്ഷം പേരെങ്കിലും അടുത്ത ഘട്ടത്തില്‍ കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 14 ശതമാനം വയോധികരാണ് എന്നതുകൂടി കണക്കിലെടുത്താല്‍ രോഗവ്യാപനം ഇനിയും തീവ്രമായാല്‍ സാഹചര്യം ഗുരുതരമാകും.  

വിമാനങ്ങളില്‍ നിന്നു രോഗപ്പകര്‍ച്ചയുണ്ടാകുമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആധിക്ക് വസ്തുതാപരമായ പിന്‍ബലമുണ്ടോ? കണക്കുകള്‍ വച്ചു തന്നെ പരിശോധിക്കാം. കോവിഡ്  ടെസ്റ്റ് പ്രായോഗികമായാല്‍ നല്ലതാണ്. പക്ഷേ കൂടിയേ തീരൂവെന്നു പറയാന്‍ മാത്രം ആധികാരികമായ സുരക്ഷിതത്വം ഈ പരിശോധനകള്‍ ഇതുവരെ തന്നിട്ടുണ്ടോ? കണക്കുകള്‍ നല്‍കുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്.   

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ ലോകാരോഗ്യസംഘടനയടക്കം വിമാനയാത്രയിലുള്ള രോഗവ്യാപനസാധ്യതയെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍ വിമാനത്തിനുള്ളില്‍ കോവിഡ് വ്യാപനം കൂടുതലാണെന്നതിന് ശാസ്ത്രീയമായ സ്ഥിരീകരണമുണ്ടോ? കോവിഡ് പശ്ചാത്തലത്തില്‍  പ്രത്യേക പഠനങ്ങളോ ഗവേഷണങ്ങളോ ഇക്കാര്യത്തില്‍ നടന്നിട്ടില്ല. പക്ഷേ രണ്ടു വര്‍ഷം മുന്‍പും ഈ വര്‍ഷം തുടക്കത്തിലും വൈറല്‍ രോഗങ്ങള്‍ വിമാനയാത്രയ്ക്കിടെ പകരാനുള്ള സാധ്യതകളെക്കുറിച്ച് വിശദമായ പഠനങ്ങളുണ്ട്.  ഏത് എയര്‍കണ്ടീഷന്‍ സാഹചര്യത്തിലുമുള്ള വായുജന്യരോഗങ്ങളുടെ വ്യാപനസാധ്യത വിമാനങ്ങളിലുമുണ്ട്. എന്നാല്‍ ഒരു വിമാനത്തിനകത്തെ വായു, ഓരോ മണിക്കൂറിലും 30 തവണ വരെ ഫില്‍റ്റര്‍ ചെയ്യപ്പെടുന്നുവെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍നിരവിമാനക്കമ്പനികളെല്ലാം വെന്‍റിേലഷന്‍ കൂടുതല്‍ ജാഗ്രതയോടെ ഉറപ്പു വരുത്തുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എങ്കിലും പഠനങ്ങളനുസരിച്ച് രോഗബാധിതനായ വ്യക്തി വിമാനത്തിലെ ഇക്കോണമി സീറ്റില്‍ ഇരിക്കുകയാണെങ്കില്‍ ചുറ്റിനുമുള്ള 11 പേര്‍ ഹൈറിസ്കിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. രക്ഷാമാര്‍ഗങ്ങളും മുന്‍കരുതലുമില്ലെങ്കില്‍ ഈ 11 പേര്‍ക്ക് 80 ശതമാനം മുതല്‍ 100 ശതമാനം വരെ രോഗവ്യാപനസാധ്യതയുണ്ട്. എന്നാല്‍ മറ്റുള്ള യാത്രക്കാര്‍ക്ക് വെറും 3 മൂന്നു ശതമാനം മാത്രമാണ് രോഗസാധ്യതയെന്നാണ് പഠനം. മാസ്ക്, രക്ഷാകവചം, സാനിറ്റൈസര്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍ രോഗവ്യാപന സാധ്യത വളരെയധികം കുറയ്ക്കാനാകുമെന്നാണ് കോവിഡ് പശ്ചാത്തലത്തിലെ അനുഭവം. 

അപ്പോള്‍ വിമാനത്തില്‍ രോഗവ്യാപനസാധ്യതയുണ്ടെന്നത് വാസ്തവം. പക്ഷേ കണക്കിലും അനുഭവത്തിലും അത് തുലോം കുറവാണെന്ന് കേരളത്തിലെത്തിയ പ്രവാസികളുടെ കാര്യത്തില്‍ തന്നെ തെളിവുകളുണ്ട്. ഇനി കേരളം നിര്‍ബന്ധമാക്കണമെന്നു ശഠിക്കുന്ന ആന്റിബോഡി ടെസ്റ്റ് നടത്തിയാലോ? രോഗനിര്‍ണയം ഉറപ്പാണോ, രോഗവ്യാപനസാധ്യത ഒഴിവാകുന്നുണ്ടോ?  

വിദേശത്തു നിന്ന് വ്യാഴാഴ്ച വരെ കേരളത്തിലെത്തിയത് 84,195 പേരാണ്. ഇതില്‍ രോഗബാധിതര്‍ എന്നു ഇതുവരെ സ്ഥിരീകരിച്ചത് 831 പേരെയാണ്. കുവൈത്തില്‍ നിന്നെത്തിയവരിലാണ് കൂടുതല്‍ രോഗബാധ കണ്ടെത്തിയത്. ആകെ 6316 പേര്‍ കുവൈത്തില്‍ നിന്നു വന്നപ്പോള്‍ 259 പേര്‍ രോഗബാധിതരാണെന്നു കണ്ടെത്തി. അതായത് നാലു ശതമാനം. പക്ഷേ പരാമര്‍ശിക്കേണ്ട വസ്തുത യു.എ.ഇയില്‍ നിന്നെത്തിയവരുടെ കാര്യമാണ്. യു.എ.ഇയില്‍ നിന്ന് മടങ്ങിയെത്തിയ 18,721 പേരില്‍ 426 പേര്‍ രോഗബാധിതരായിരുന്നു. രണ്ടര ശതമാനത്തോളം പേര്‍. ഇവരെല്ലാം യു.എ.ഇ സര‍്ക്കാരിന്റെ നിര്‍ബന്ധിത ആന്റിബോഡി പരിശോധന കഴിഞ്ഞാണ് വിമാനത്തില്‍ കയറിയത് എന്നതാണ് വസ്തുത. ഈ ആന്റിബോഡി പരിശോധനയെങ്കിലും നിര്‍ബന്ധമായും നടത്തണമെന്നാണ് കേരളസര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ആന്റിബോഡി പരിശോധന കഴിഞ്ഞല്ലാതെ ആര്‍ക്കും യാത്ര നടത്താനാവില്ല. അത്ര കര്‍ക്കശമായി പരിശോധന നടത്തിയിട്ടു പോലും കേരളത്തില്‍ മാത്രം യു.എ.ഇയില്‍ നിന്നെത്തിയ അഞ്ഞൂറോളം പേര്‍ക്ക് രോഗബാധയുണ്ടായി. രോഗബാധയുടെ ആദ്യദിനങ്ങളില്‍ ആന്റിബോഡി ടെസ്റ്റിന് കണ്ടു പിടിക്കാനാകില്ല. പി.സി.ആര്‍. ടെസ്റ്റു പോലും ആദ്യദിവസങ്ങളില്‍ നൂറു ശതമാനം കൃത്യത ഉറപ്പു പറയുന്നില്ല. ട്രൂ നാറ്റ് ടെസ്റ്റ് അനായാസമാണെങ്കിലും ഇതേ ആശയക്കുഴപ്പങ്ങള്‍ അന്തിമഫലത്തിലുണ്ടാകാം.  

അതായത് ഇത്രയും പാടുപെട്ട് നിര്‍ബന്ധമാക്കാന്‍ പോകുന്ന ആന്റിബോഡി പരിശോധനയും പ്രയത്നത്തിനൊത്ത പരിപൂര്‍ണത ഉറപ്പു നല്‍കുന്നില്ലെന്നു വ്യക്തം. അപ്പോള്‍ അതിന്റെ പേരില്‍ വാശി പിടിച്ച് പ്രവാസികളുടെ മടക്കയാത്ര വൈകിക്കുന്നത് നീതിയാണോ? കേരളത്തില്‍ മടങ്ങിയെത്തിയ പ്രവാസികളില്‍ ഒന്നേകാല്‍ ശതമാനത്തിലും താഴെ പേര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഔദ്യോഗികമായി സമര്‍പ്പിച്ച കണക്കു പറയുന്നു. രോഗവ്യാപനത്തിനോ പ്രായോഗികതയ്ക്കോ അനുപാതമല്ല സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് എന്നു പറയാതെ വയ്യ. അതേസമയം ഇവര്‍ കേരളത്തിലെത്തിയാല്‍ എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ കേരളം തയാറാണോ എന്നു ചോദിച്ചാലോ? ഉത്തരം വിചിത്രമാണ്.  

ടെസ്റ്റ് നടത്താനാവുന്ന ഏതു സാഹചര്യത്തിലും കോവിഡ് പരിശോധന നടത്തണം. കോവി‍ഡിന്  ഏറ്റവും സ്വാഗതാര്‍ഹമായ പ്രതിരോധം ടെസ്റ്റിങ് തന്നെയാണ്. അതുകൊണ്ട് ടെസ്റ്റ് നടത്താന്‍ സാഹചര്യമുള്ള വിദേശരാജ്യങ്ങളിലെല്ലാം മലയാളികള്‍ മടങ്ങും മുന്‍പ് പരിശോധന നടക്കട്ടെ. പക്ഷേ ടെസ്റ്റ്   നടക്കില്ലെങ്കില്‍ യാത്ര മുടങ്ങും എന്ന അവസ്ഥ വരുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകാത്ത കാര്യമാണ്. ഇനി പുറപ്പെടുന്ന രാജ്യത്ത് പരിശോധന നടത്താനാകുന്നില്ലെന്നു കരുതുക. വിമാനത്തില്‍ യാത്ര ചെയ്ത് കേരളത്തിലെത്തിയാല്‍ ഉടനേ എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കേരളസര്‍ക്കാരിനു കഴിയുമോ? റാപ്പിഡ് ടെസ്റ്റോ ട്രൂ നാറ്റ് ടെസ്റ്റോ  നടത്തിയാലും പല പ്രയോജനങ്ങളുണ്ടല്ലോ. കോവിഡ് ബാധിതര്‍ക്ക് ഉടന്‍ മികച്ച ചികില്‍സ നല്‍കാം. സഹയാത്രികര്‍ക്കാര്‍ക്കെങ്കിലും രോഗം കണ്ടെത്തിയാല്‍  വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കെല്ലാം വിമാനത്താവളത്തില്‍ വച്ചു തന്നെ മുന്നറിയിപ്പു നല്‍കാം.  കര്‍ക്കശമായ നിരീക്ഷണം ഉറപ്പാക്കാം. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും നേരത്തേ തന്നെ മികച്ച പരിചരണം നല്‍കാം. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനമുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാം. കേരളത്തിനും കേന്ദ്രത്തിനും ഇടപെടാന്‍ പരിമിതികളുള്ള വിദേശരാജ്യങ്ങളുടെ കാര്യത്തിലെങ്കിലും കോവിഡ് ടെസ്റ്റ് ഓണ്‍ അറൈവല്‍ നടത്താന്‍ കേരളത്തിന് ആരുടെയെങ്കിലും അനുമതി വേണോ? പക്ഷേ കേരളത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം മതി ടെസ്റ്റ് എന്നു തന്നെയാണ് ഇപ്പോഴും മാനദണ്ഡം. അങ്ങനെ എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ തുനിഞ്ഞാല്‍ ടെസ്റ്റ് കിറ്റുകളുടെ ക്ഷാമമുണ്ടായേക്കാം. കരുതലോടെ പെരുമാറിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും എന്നും ആരോഗ്യമന്ത്രി തന്നെ പലവട്ടം വിശദീകരിച്ചതാണ്. 

പക്ഷേ കേരളം നിഷ്കര്‍ഷിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും പരിശോധന േകരളത്തില്‍ നടത്താമല്ലോ എന്നു ചോദ്യം വന്നാല്‍ പിന്നെ നമ്മള്‍ കേള്‍ക്കുന്നത് ഓരോ ടെസ്റ്റും സൂക്ഷിച്ചുപയോഗിക്കേണ്ടതിന്റെ അനിവാര്യതയാണ്. നമുക്കു ചെയ്യാന്‍ കഴിയാത്തതാണ് നമ്മള്‍ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്  എന്ന വൈരുധ്യം കാണാതിരിക്കാനാകില്ല. ഇനി േകരളത്തില്‍ നിന്നു യാത്ര ചെയ്തെത്തിയവര്‍ക്ക് മറ്റിടങ്ങളില്‍ രോഗം സ്ഥിരീകരിച്ച കാര്യം ചോദിച്ചാലോ, അതിനും വ്യക്തമായൊരു മറുപടി നമുക്ക് കിട്ടിയിട്ടില്ല.നമ്മള്‍ പ്രവാസികളോട് ആവശ്യപ്പെടുന്ന നോ കോവിഡ് സര്‍ട്ടിഫിക്കറ്റ്, ഇവിടെ നിന്ന് മറ്റിടങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക്  കേരളം കൊടുക്കുമോ? 

അങ്ങനെ ഒരു പരിശോധനയും ഇവിടെ നിന്നു പുറപ്പെടുന്നവര്‍ക്ക് കേരളം നടത്തിക്കൊടുത്തിട്ടില്ല.   എന്നു മാത്രമല്ല. കേരളത്തില്‍ നിന്നു പോയ ആരോഗ്യപ്രവര്‍ത്തകരില്‍ പോലും കുവൈത്തില്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി. മറ്റു സംസ്ഥാനങ്ങളിലേക്കു പോയ നാല്‍പതിലധികം  പേര്‍ക്ക് തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി കോവിഡ് സ്ഥിരീകരിച്ചു. പക്ഷേ അതെക്കുറിച്ചു ചോദിച്ചപ്പോള്‍ സര്‍ക്കാരിന് അങ്ങനെ വിവരങ്ങളില്ലെന്നു പറഞ്ഞൊഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. 

വിദേശത്തു നിന്നു വരുന്നവരില്‍ മാത്രമല്ല കേരളത്തില്‍ കോവിഡ് കണ്ടെത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരിലും രോഗബാധ ഏതാണ്ട് ഇതേ തോതില്‍ കണ്ടെത്തുന്നുണ്ട്. ആകെ ശതമാനമെടുക്കുമ്പോള്‍ ഒരു ശതമാനത്തിലും താഴെയാണെങ്കിലും ഓരോ ദിവസവും രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരും പ്രവാസികളും ഏറെക്കുറെ തുല്യമാണ്. ആഭ്യന്തരവിമാനസര്‍വീസുകള്‍ വീണ്ടും ഊര്‍ജിതമായി പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു മാസത്തോളമാകുന്നു. എന്നാല്‍ വിമാനയാത്രികര്‍ക്ക് നോ കോവിഡ് സര്‍ട്ടിഫിക്കറ്റ്  എന്ന  നിര്‍ബന്ധം വിദേശത്തു നിന്നു വരുന്ന പ്രവാസികളുടെ കാര്യത്തിലേയുള്ളൂ എന്നതും പ്രധാനമാണ്. വിദേശരാജ്യങ്ങളിലേക്കാള്‍ വൈറസ് സാന്ദ്രതയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന യാത്രക്കാരുടെ കാര്യത്തില്‍ സര്‍ക്കാരിന് ഈ ഉല്‍ക്കണ്ഠയില്ല . ഡല്‍ഹിയില്‍ നിന്നും യു.എ.ഇയില്‍ നിന്നും ഏകദേശം ഒരേ യാത്രാസമയമാണ് കേരളത്തിലേക്ക്. ഡല്‍ഹിയില്‍ രോഗവ്യാപനം അനിയന്ത്രിതമായി പെരുകുമ്പോഴും സാധാരണ തെര്‍മല്‍ സ്ക്രീനിങ് മാത്രം നടത്തി യാത്രക്കാര്‍ക്ക് കേരളത്തിലേക്കു വരാം. പ്രവാസികളോടു മാത്രം കടുംപിടിത്തമാകാമോ?  

ഏറ്റവും മികച്ച കോവിഡ് പ്രതിരോധ മാതൃകകളില്‍ ഒന്നായി തന്നെ തുടരുകയാണ് കേരളം. അതുകൊണ്ട് കേരളത്തിനു മാത്രമായി കോവിഡ് പ്രതിരോധത്തില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാനും അവകാശമുണ്ട്. കോവിഡ് ടെസ്റ്റ് സംസ്ഥാന സര്‍ക്കാരിന് ഇടപെട്ട് നടത്താന്‍ കഴിയുമെങ്കില്‍ നടക്കട്ടെ. പക്ഷേ പ്രായോഗികമല്ലെങ്കില്‍ കടുംപിടിത്തം താങ്ങാനാകുന്ന അവസ്ഥയിലല്ല നമ്മുടെ പ്രവാസികള്‍ എന്നത് സര്‍ക്കാര്‍ ഇനിയും ശരിയായി മനസിലാക്കേണ്ടതുണ്ട്. കോവിഡ് പോസിറ്റീവായാല്‍ തിരിച്ചുപോകാന്‍ താമസസ്ഥലം പോലുമില്ലാതെ നിവൃത്തികേടിന്റെ അങ്ങേയറ്റത്തു നില്‍ക്കുന്ന മനുഷ്യരോട് മുഖം തിരിച്ചുനില്‍ക്കാതെ തന്നെ ഈ വെല്ലുവിളി പരിഹരിക്കാനും സാധ്യതകള്‍ മുന്നിലുണ്ട്. ജീവിതം നഷ്ടപ്പെട്ടു നില്‍ക്കുന്ന മനുഷ്യരോട് സാങ്കേതികന്യായങ്ങള്‍ പറയരുത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...