കോവിഡ് ക‌ാലത്തും പത്തി വിടർത്തിയ വർഗ്ഗീയ വൈറസ്; ആശങ്കാജനകം

Parayathe-Vayya_13-06_NEW
SHARE

കേരളം കോവിഡ് വ്യാപനത്തിന്റെ ഏറ്റവും ഗുരുതരമായ ഒരു ഘട്ടത്തെ നേരിടുമ്പോള്‍ വര്‍ഗീയ വിഭജനത്തിനും രാഷ്ട്രീയമുതലെടുപ്പിനും ശ്രമം നടക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? കേരളം  അതും കണ്ടു. കോവിഡല്ല ഏതു മാരകവൈറസ് പടര്‍ന്നു പിടിച്ചാലും അതിനിടയിലും മുതലെടുപ്പിനുള്ള ഇടം നോക്കി തക്കം പാര്‍ത്തിരിക്കുന്നവര്‍ നമുക്കിടയിലുണ്ടെന്നത് ഒരു വലിയ തിരിച്ചറിവാണ്. ജീവിച്ചിരിക്കുമോ മരിച്ചു പോകുമോ എന്ന ആധിയില്‍ ലോകത്തെല്ലാവരും ജാഗരൂകമാകുമ്പോഴാണ്  കേരളത്തില്‍ ആരാധനാലയങ്ങളെച്ചൊല്ലി രാഷ്ട്രീയമുതലെടുപ്പിനു ശ്രമം നടന്നത്. കോവിഡിനെ ശക്തമായി നേരിട്ട സംസ്ഥാന സര്‍ക്കാര്‍ വിഭാഗീയവൈറസിനു മുന്നില്‍ പതറുന്നതും ആശങ്കാജനകമാണ്.

ലോകമാകെ ജീവിതം കോവിഡിന് മുന്‍പും പിന്‍പും എന്നു മാറിയിരിക്കുന്നു.  ജീവിതം ഇനിയൊരിക്കലും മുന്‍പത്തേതു പോലെയായിരിക്കില്ല എന്ന തിരിച്ചറിവോടെ  മനുഷ്യര്‍ സ്വയം ക്രമീകരിക്കുകയും നവീകരിക്കുകയുമാണ്. കോവിഡിന്റെ ഭീഷണി വര്‍ധിക്കുന്നതിനിടെ തന്നെ  സാധ്യമായ ഇളവുകളോടെ പൊതുജീവിതത്തിലേക്ക് കേരളവും മടങ്ങിവരുന്നതേയുള്ളൂ. അടിസ്ഥാനമനുഷ്യാവകാശങ്ങളെക്കുറിച്ചു പോലും ചിന്തിക്കാതെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഭരണകൂടങ്ങള്‍ക്ക് നല്‍കി ജനത കാത്തിരുന്നത് മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിനു വേണ്ടിമാത്രമാണ്. കടുത്ത രാഷ്ട്രീയഭിന്നതയുള്ള കേന്ദ്ര–സംസ്ഥാനസര്‍ക്കാരുകള്‍ പോലും ഈ ഘട്ടത്തില്‍ പരസ്പര സഹകരണത്തോടെ കോവിഡ് പ്രതിരോധത്തില്‍ ഒന്നിച്ചു നിന്നു. ഈ കഴിഞ്ഞു പോയ 75 ദിവസങ്ങളില്‍ ഇതിനു മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതു പോലെ ഓരോ ഭാരതീയനും എങ്ങനെ ജീവിക്കണം, എന്തു ചെയ്തുകൂടാ എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ കേരളീയന്റെയും ജീവിതം കേരളസര്‍ക്കാരും തീരുമാനിച്ചു. പരിചയമില്ലാത്ത ഒരു വൈറസിനു കീഴ്പ്പെട്ടുപോകാതിരിക്കാന്‍ ലോകമെമ്പാടും ഇതു തന്നെയാണ്സംഭവിച്ചത്. 

ആ പോരാട്ടം പാതിവഴിയിലെങ്കിലുമെത്തിയോ എന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. അഥവാ കോവിഡിന്റെ വഴി എവിടെ തുടങ്ങി എവിടെ അവസാനിക്കും എന്ന് ലോകത്തിന് ഇപ്പോഴും നിശ്ചയമില്ല. ഇനിയും അടച്ചുപൂട്ടി ജീവിക്കാനാവില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ഇളവുകള്‍  അനുവദിക്കപ്പെട്ടത്. രാജ്യമൊട്ടാകെ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നോയെന്നു ആശങ്കപ്പെട്ടിരിക്കുമ്പോള‍് കേരളത്തില്‍ മാത്രം ആരാധനാലയങ്ങളെച്ചൊല്ലി ഒരു വിവാദം രൂപപ്പെട്ടു. ഉറവിടവും ഉദ്ദേശവും വിചിത്രം. വലിയ പരുക്കില്ലാതെ സര്‍ക്കാര്‍ തലയൂരിയെങ്കിലും വര്‍ഗീയതയെന്ന സാധ്യത എത്ര കൃത്യമായി പ്രയോഗിക്കപ്പെടും എന്ന ഞെട്ടല്‍ കേരളത്തിനുണ്ടാകണം. 

ഇളവുകള്‍ വന്നു തുടങ്ങും എന്നു പ്രതീക്ഷിച്ച ഘട്ടത്തിലേ ആരാധനാലയങ്ങളുടെ പേരില്‍ ഒരു മുഴം മുന്നേ എറിഞ്ഞത് കോണ്‍ഗ്രസാണ്.  പ്രതിപക്ഷം ഔദ്യോഗികമായിത്തന്നെ വിശ്വാസികളുടെ അവകാശം ഏറ്റെടുക്കുകയും ചെയ്തു 

വിശ്വാസത്തില്‍ വളരെ നല്ല അനുഭവപരിചയമുള്ളതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഒരു റിസ്കിനും തുനിഞ്ഞില്ല. ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാം എന്നു കേന്ദ്രനിര്‍ദേശം വന്നയുടന്‍ വിവിധ മതസാമുദായിക നേതാക്കളുടെ യോഗം വിളിച്ചു, കേന്ദ്രം പറഞ്ഞ തീയതിക്കു തന്നെ ആരാധനാലയങ്ങള്‍ തുറക്കാം എന്നു തീരുമാനമെടുക്കുകയും ചെയ്തു. 

പക്ഷേ പിന്നീട് കേരളം കണ്ടത് അവിശ്വസനീയമായ മലക്കം മറിച്ചിലുകളാണ്. മുതലെടുപ്പാണ്. പ്രതിപക്ഷത്തെ ദയനീയമായി തോല്‍പിച്ചു കൊണ്ട് കേരളത്തിലെ മിക്കവാറും മതവിഭാഗങ്ങളെല്ലാം ആരാധനാലയങ്ങള്‍ തുറക്കാന്‍ നേരമായിട്ടില്ല എന്നു നിലപാടെടുത്തു. സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോയ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പി. പരസ്യമായി രംഗത്തു വന്നു. ആരാധനാലയങ്ങള്‍ തുറക്കാം എന്ന്  പ്രഖ്യാപിച്ച ബി.െജ.പി. സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കുന്നത് ഹൈന്ദവവിശ്വാസികളോടുള്ള അനീതിയാണെന്ന് കേരളത്തിലെ ബി.ജെ.പി. നിലപാടെടുത്തു. ഒടുവില്‍ ശബരിമലയിലെങ്കിലും ആ അജന്‍ഡ നടപ്പാക്കാനും ബി.െജ.പിക്കായി. 

ആരാധനാലയങ്ങള്‍ തുറക്കാം എന്നു മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ തീരുമാനത്തിലെത്തിയ മതസാമുദായികനേതാക്കള്‍ തന്നെ പിന്നീട് അതു വേണ്ട എന്ന പക്വമായ തീരുമാനത്തിലെത്തി. രോഗവ്യാപനം ഉയര്‍ന്നു തന്നെ നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങള്‍ തുറക്കരുത് എന്ന് ഐ.എം.എയും ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.  കേരളത്തിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യന്‍–മുസ്‌ലിം ആരാധനാലയങ്ങളും ഇപ്പോഴും വിശ്വാസികള്‍ക്കായി തുറന്നിട്ടില്ല. ചുരുക്കം ചിലതു മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാക്കോബായ സഭയുടെയും മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെയും പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നു. മണക്കാട് വലിയപള്ളിയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിസ്കാരച്ചടങ്ങുകള്‍ നടക്കുന്നു.  ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു തുറന്നു. ആളകലം കൃത്യമായി പാലിച്ചായിരുന്നു ദര്‍ശനം. ഇതോടെ പുതിയ രാഷ്ട്രീയസാധ്യതകള്‍ കണ്ടെത്തി ബി.ജെ.പി രംഗത്തെത്തി. ആരാവശ്യപ്പെട്ടിട്ടാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ തുറന്നത് എന്ന ചോദ്യവുമായി ആദ്യമെത്തിയത് കേന്ദ്രമന്ത്രി വി.മുരളീധരന്‍ തന്നെ.

മദ്യഷാപ്പുകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ അടച്ചിടുന്നതെന്തിന് എന്നു ചോദിച്ചവര്‍ തന്നെ നിന്നനില്‍പില്‍ മലക്കം മറിയുന്നത് കേരളത്തെ അമ്പരപ്പിക്കാതിരുന്നത് ശബരിമലയിലെ അനുഭവം കൊണ്ടു മാത്രമാണ്. പക്ഷേ ഒരു രാഷ്ട്രീയവിശ്വാസ്യതയും പ്രശ്നമല്ലെന്ന് കേരളത്തിലെ ബി.ജെ.പി. ഒരിക്കല്‍കൂടി തെളിയിച്ചു. തൊട്ടു തലേദിവസം എല്ലാ ക്ഷേത്രജീവനക്കാരെയും സഹായിക്കണം എന്നു മാത്രം ആവശ്യപ്പെട്ട ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പൊടുന്നനെ നിലപാടു മാറ്റി. 

ദേവസ്വം ബോര്‍ഡ് തുറന്ന ക്ഷേത്രങ്ങള്‍ അടച്ചിടണോ എന്നു നേരിട്ടുള്ള ചോദ്യത്തിന് ബി.ജെ.പി. മറുപടി പറ‍ഞ്ഞതേയില്ല. പകരം അതു തീരുമാനിക്കാനുള്ള അവകാശം മറ്റു വിഭാഗങ്ങളെപ്പോലെ ഹൈന്ദവ വിശ്വാസികള്‍ക്കില്ലാത്തതെന്ത് എന്ന വിഭാഗീയതയ്ക്ക് തീ കൊളുത്താനാണ് ബി.ജെ.പി. ശ്രമിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ കത്തിയാളിച്ച വിഭാഗീയതയ്ക്ക് പുതിയൊരു സാധ്യത ബി.ജെ.പി. മുന്നില്‍ കണ്ടു. കോവിഡ് കാലമെന്ന രാഷ്ട്രീയമര്യാദകള്‍ പറപറന്നു. 

പക്ഷേ കേരളത്തിലെ വിശ്വാസിസമൂഹം ഈ രാഷ്ട്രീയാരോപണത്തിനു ചെവി കൊടുത്തില്ല. അമ്പലത്തില്‍ പോകേണ്ടവര്‍ പോകുന്നു. ആശങ്കയും കരുതലുമുള്ളവര്‍ കോവിഡ് കാലം കഴിയട്ടെയെന്നു കാത്തിരിക്കുന്നു. എന്നിട്ടും ശബരിമലയുടെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ഇടപെടാനും ബി.ജെ.പി രാഷ്ട്രീയത്തിനായി എന്നത് അവഗണിക്കാവുന്നതല്ല.,

ദേവസ്വം ബോര്‍ഡിലൂടെ വരുമാനം കണ്ടെത്താനാണ് ക്ഷേത്രങ്ങള്‍ തുറന്നതെന്ന ആരോപണവുമായാണ് ബി.ജെ.പി സംസ്ഥാനസര്‍ക്കാരിനെതിരെയെത്തിയത്. ആരാധനാലയങ്ങള്‍ തുറക്കാമെന്നു നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാരാണെന്നത് ചൂണ്ടിക്കാണിച്ചപ്പോള‍് കേന്ദ്രം പറയുന്നതെല്ലാം കേരളം പാലിക്കുന്നതെന്തിന് എന്നായി. പക്ഷേ അതിനിടയിലൂടെ ഉന്നം വച്ച  വിഭാഗീയധ്രുവീകരണം ബി.ജെ.പി. കൃത്യമായി പ്രക്ഷേപണം ചെയ്തു. 

കേരളത്തില്‍ ദേവസ്വം ബോര്‍ഡ് ഉണ്ടായതെങ്ങനെ? മുപ്പതിനായിരത്തോളം ക്ഷേത്രങ്ങളില്‍ മൂവായിരത്തില്‍ താഴെ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലായതെങ്ങനെ തുടങ്ങിയ ചരിത്ര വസ്തുതകളൊന്നും അറിയാതെയല്ല. ഈ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വലിയ വിഭാഗമുണ്ടെന്ന് ബി.ജെ.പി. ശബരിമലയിലെ അനുഭവത്തില്‍ വിശ്വസിക്കുന്നു. ഇതിനിടെ ആരാധനാലയങ്ങള്‍ രാഷ്ട്രീയവിവാദമാക്കാന്‍  വഴിമരുന്നിട്ട പ്രതിപക്ഷവും സമര്‍ഥമായി ചുവടുമാറ്റി. 

മദ്യഷാപ്പുകളും മാളുകളും തുറന്നിട്ടും കേന്ദ്രം അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാതിരുന്നാലുള്ള പുകിലോര്‍ത്താണ് സര്‍ക്കാര്‍ മുന്‍കൈെയടുത്തത് എന്നു വിശദീകരിക്കപ്പെട്ടു. ഭൂരിപക്ഷം മതവിഭാഗങ്ങള്‍ തുറക്കുന്നില്ലെന്നു നിലപാടെടുത്തിട്ടും രാഷ്ട്രീയമുതലെടുപ്പ് നീക്കങ്ങള്‍ കണക്കിലെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോയി. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിച്ചു. പക്ഷേ ശബരിമലയില്‍ സര്‍ക്കാരിന് കാലിടറി. ഉല്‍സവത്തിനു ദിവസം കുറിച്ചുനല്‍കിയ തന്ത്രി തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ കടകം മറിഞ്ഞതോടെ കടകംപള്ളിയും കുരുക്കിലായി.

തന്ത്രി തീരുമാനിച്ചതനുസരിച്ചാണ് ശബരിമല ഉല്‍സവത്തിനായി തീയതിയും ഒരുക്കങ്ങളും കുറിച്ചത്. പക്ഷേ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആറാട്ടുല്‍സവം ഒഴിവാക്കണമെന്നും മിഥുനമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നും തന്ത്രി ദേവസ്വം കമ്മിഷണര്‍ക്ക് ഇ–മെയില്‍ അയയ്ക്കുകയായിരുന്നു. വളരെ യാദൃശ്ചികമായിരിക്കാം, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തന്ത്രിയുടെ അഭിപ്രായം മാനിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ അപകടം മണത്തു. ഉടന്‍ ചര്‍ച്ച നടത്തി അടുത്ത ദിവസം തന്നെ ദര്‍ശനവും ഉല്‍സവവുമെല്ലാം മാറ്റിവച്ചു. അതിനിടെ തൃശൂരില്‍ രോഗവ്യാപനം കൂടിയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നിര്‍ത്തി വച്ചു. 

യഥാര്‍ഥത്തില്‍ ശബരിമല മാത്രമല്ല, ഒരു ആരാധനാലയവും ഇപ്പോള്‍ തുറക്കേണ്ടതില്ല. എല്ലാ മതവിഭാഗങ്ങളിലെയും വിശ്വാസികള്‍ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കുന്നവരാണ്. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം വിശ്വാസികളില്‍ നിന്നല്ല ഉയര്‍ന്നു വന്നതും. പക്ഷേ ഈ വിവാദത്തിലൂടെ രണ്ടു കാര്യങ്ങള്‍ കേരളം തിരിച്ചറിയണം. ഒന്ന്. ‌ കോവിഡ് കാലത്തും വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയചൂഷണത്തിനുള്ള ഇടം കേരള രാഷ്ട്രീയത്തിലുണ്ട്. രണ്ട്. കോവിഡിനെ പേടിക്കാത്ത ഇടതുസര്‍ക്കാരിനെയും വിശ്വാസം എന്ന മൂന്നക്ഷരം പേടിപ്പിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. 

ഉത്തര്‍പ്രദേശിലാണ്. ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയ ആദ്യദിനം ക്ഷേത്രദര്‍ശനം നടത്തിയത് മുഖ്യമന്ത്രി. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ഡല്‍ഹിയില്‍ ബി.െജ.പി. നേതാക്കളടക്കം ആദ്യദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്ന തിരുപ്പതി ക്ഷേത്രവും കഴിഞ്ഞ ദിവസം കര്‍ശനനിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര‍്ശനം പുനരാരംഭിച്ചു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങള്‍ ഈ മാസം തുറക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.രോഗവ്യാപനം രൂക്ഷമായ തമിഴ്നാട്ടില്‍ ആരാധാനാലയങ്ങളൊന്നും തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അയല്‍സംസ്ഥാനങ്ങളായ കേരളവും കര്‍ണാടകയും ആന്ധ്രാപ്രദേശും തുറക്കാനും തീരുമാനിച്ചു. 

 ബി.ജെ.പി. തന്നെ ഭരിക്കുന്ന മേഘാലയയില്‍ ഈ മാസം അവസാനം വരെ ആരാധനാലയങ്ങള്‍ തുറക്കേണ്ടെന്നും തീരുമാനിച്ചു. പക്ഷേ തീരുമാനമെടുത്തത് മതമേലധ്യക്ഷന്‍മാരുമായുള്ള യോഗത്തിലല്ല. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം മാനിച്ചാണ്. 

സംസ്ഥാന സര്‍ക്കാര്‍ തുറന്നു സമ്മതിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണെങ്കിലും വിശ്വാസത്തില്‍ തൊട്ടാലും തൊട്ടില്ലെങ്കിലും പ്രശ്നം എന്നതാണ് കേരളത്തിലെ അവസ്ഥ. ഇടതുപക്ഷത്തിന് ഇനി ഒരു തിരഞ്ഞെടുപ്പില്‍ കൂടി വിശ്വാസത്തിന്റെ പേരില്‍ തിരിച്ചടി നേരിടാന്‍ താല്‍പര്യമില്ലെന്ന് വ്യക്തം. പക്ഷേ ലോക്സഭാതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ യഥാര്‍ഥ കാരണം ശബരിമല പ്രശ്നമായിരുന്നോ, വിശ്വാസികളുടെ യഥാര്‍ഥ നിലപാട് എന്താണ്. കോവിഡ് കാലത്തെ രാഷ്ട്രീയമുതലെടുപ്പുകളില്‍ വിശ്വാസികള്‍ക്ക് ഒരു നിലപാടില്ലെന്നാണോ ഇടതുപക്ഷം കരുതുന്നത് എന്നു തുടങ്ങി പ്രസക്തമായ ചോദ്യങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ തല്‍ക്കാലം ഒരു റിസ്കിനും ഇടതുപക്ഷമില്ലെന്നു വ്യക്തം. ഇപ്പോള്‍ തന്നെ രാഷ്ട്രീയ മുതലെടുപ്പ് ഭയന്നാണ് 

സമയമായെന്നു ബോധ്യമാകും മുന്‍പു തന്നെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ തുറന്നു സമ്മതിക്കുന്നുണ്ട്. അവിടെ സര്‍ക്കാരിനെ രക്ഷിച്ചത് പക്വമായ നിലപാട് സ്വീകരിച്ച മതസാമുദായിക സംഘടനകളാണ്. 99 ശതമാനം സംഘടനകളും ആത്മീയാചാര്യന്‍മാരും സ്തുത്യര്‍ഹമായ നിലപാട് സ്വീകരിച്ച്, തല്‍ക്കാലം മതകേന്ദ്രങ്ങള്‍ തുറക്കേണ്ടതില്ലെന്നു തീരുമാനിച്ചു.  വൈറസ് ബാധയൊഴിവാക്കാന്‍ പാടു പെടുന്നതിനിടെ വിശ്വാസത്തിന്റെ പേരിലുള്ള ആശയസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ 

തല്‍ക്കാലം സര്‍ക്കാരിനു കഴിഞ്ഞുവെന്നത് ആശ്വസമാണ്. പക്ഷേ ആ ഭീഷണി തലയ്ക്കു മുകളിങ്ങനെ തൂങ്ങിനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം കേരളം തിരിച്ചറിയുകയാണ്. 

കോവിഡിനെ ഏറ്റവും ശാസ്ത്രീയമായി നേരിട്ട ഒരു ജനതയുടെ മുന്നിലാണ് വിശ്വാസത്തിന്റെ പേരിലുള്ള കോവിഡ് കോലാഹലം എന്നതാണ് വൈരുധ്യം. ശാസ്ത്രീയബോധ്യത്തിന്റെയും അനുഭവത്തിന്റെയും കരുത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെപോലും പല തവണ തിരുത്തിയിട്ടുണ്ട് കേരളം. പക്ഷേ വിശ്വാസം മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ പ്രശ്നത്തിലാണ് കേരളസര്‍ക്കാര്‍. ഉറപ്പായും ഇത് കേരളരാഷ്ട്രീയത്തിനും ഭാവി തലമുറകള്‍ക്കും നല്ല സൂചനയല്ല. വിഭാഗീയ വൈറസുകള്‍ക്ക് കേരളരാഷ്ട്രീയത്തിലുള്ള ഇടം കൂടി ഈ കാലം നിര്‍ണയിക്കേണ്ടതുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...